Monday, December 10, 2012

ദ്വീപ്


അന്ന്,
അറിയാമായിരുന്നവര്‍ക്ക്..
എന്‍റെ അടുക്കളയില്‍
വിറകില്ലാതാവുന്നത്..
ഉപ്പില്ലാത്തത്.., മുളകില്ലാത്തത്..
വേലിത്തലപ്പിനു മുകളിലൂടെ
അമ്മയുടെ കൈകള്‍
അപ്പുറത്തെ അടുക്കളയിലേക്ക്
നീളുമ്പോള്‍
വിരിഞ്ഞ ചിരിയോടെ
കൈക്കുമ്പിളില്‍ സ്നേഹം
നിറക്കുമായിരുന്ന നാള്‍..

അന്നാളുകളില്‍
അവിടുത്തെ കണ്ണുകള്‍
നിറയുമ്പോള്‍
അമ്മയുടെ നെഞ്ചിടിപ്പ്
താളം തെറ്റുന്നതറിഞ്ഞാണ്
പ്ളാവിലക്കുമ്പിളില്‍ നിന്നും
കവിള്‍ നിറയെ കഞ്ഞി തിളച്ചത്.

ഇന്ന്,
വേലി പിഴുതെറിഞ്ഞ്
കരിങ്കല്‍മതിലിനപ്പുറത്തെ
ഇത്തിരിത്തണുപ്പില്‍
മുഖം പൂഴ്ത്തി,
രാവിരുളുന്നതും
പകല്‍ പൂക്കുന്നതുമറിയാതെ...,

ഇങ്ങനെയൊക്കെയാണ്
മണ്ണില്‍ ദ്വീപുകളുണ്ടാകുന്നത്..?****************

Tuesday, October 30, 2012

പുഴക്കര വിശേഷം


പുല്‍നാമ്പുകളില്‍ വെള്ളിവെട്ടം പരത്തിക്കൊണ്ട് കിഴക്കേ മലകള്‍ക്കപ്പുറത്തു നിന്ന് സൂര്യന്‍ കണ്ണു തുറന്നു. മരക്കൊമ്പില്‍ കിളികളുടെ കലപില.
ഏനങ്കാവ് ഗ്രാമം ഉണരുകയാണ്.
ഏനങ്കാവ്..!
നിഷ്ക്കളങ്കരായ കുറേ മനുഷ്യരുടെ ആവാസകേന്ദ്രം.
ഏനങ്കാവിന്‍റെ  മുഖമുദ്ര സ്നേഹമാണ്.
കവലയിലെ തൊഴിലാളികളുടെ പ്രധാന സംഗമകേന്ദ്രമായ അന്ത്രുക്കായുടെ ചായക്കടയില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവരുടെ തിരക്ക്. ചെറുപയറുകറിയും ആവി പറക്കുന്ന പുട്ടും ചിലര്‍ വെട്ടി വിഴുങ്ങുന്നു. ദോശയും ചട്ണിയും കഴിക്കുന്നവരും ഒരു ഗ്ളാസ് ചായയും മുന്നില്‍ വെച്ച് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരും ആടുന്ന ബെഞ്ചില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുന്നു.

ചിലര്‍ വയറു നിറഞ്ഞ സന്തോഷത്തോടെ ഏമ്പക്കവും വിട്ട് ഒരു തെറുപ്പുബീഡിയും ചുണ്ടില്‍ തിരുകി അന്ത്രുക്കയുടെ കണക്കുപുസ്തകത്തില്‍ പറ്റുമെഴുതിച്ച് കവലയിലേക്കിറങ്ങുന്നു.
വെയിലിന് ചൂടേറി വരുന്നു.
അന്ത്രുക്ക പണപ്പെട്ടിയ്ക്കടുത്ത് ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ കളങ്ങളിലൂടെ കണ്ണോടിച്ചും കൈവിരല്‍ മടക്കിയെണ്ണിയും എന്തോ കണക്കു കൂട്ടുകയാണ്.

'..എന്താണിക്കാ.. നിങ്ങളീ കണക്ക് കൂട്ടണേ..'
മേസ്തിരി അപ്പുക്കുട്ടന്‍ കയ്യിലെ ചായക്കപ്പ് ചുണ്ടോടടുപ്പിക്കുന്നതിനിടയില്‍ ചോദിച്ചു.
അന്ത്രുക്കയുടെ മുഖത്ത് സങ്കടഭാവം.
'..ഒന്നൂല്യ.. അപ്പൂട്ടന്‍ മേസ്തിര്യേ.. നമ്മടെ മോന്‍.. ബാപ്പുട്ടീടെ കത്തും പൈസേം.. ഒന്നും കാ ണ് ണില്ല്യ.. ഓന്‍റെ കൂട്ടുകാരനാ.. കഞ്ഞിക്കുഴീലെ തയ്യല്‍ക്കാരന്‍ ഗംഗാധരന്‍.. അയാള് കത്തും മാസത്തില് പൈസേം അയക്ക് ണ്ണ്ട്..  ന്‍റെ.. ബാപ്പുട്ടിക്ക് യെന്ത് പറ്റ്യോ ആവോ..'

'..നിങ്ങള്.. വെഷമിക്കണ്ട.. അന്ത്രുക്കാ.. ബാപ്പുട്ടീടെ കത്തും പൈസേം എല്ലാം അധികം വൈകാതെ തന്നെ എത്തും...'
അപ്പുക്കുട്ടന്‍ മേസ്തിരി അന്ത്രുക്കയെ സമാധാനിപ്പിച്ചു.
അന്ത്രുക്ക കാലിളകിയാടുന്ന കസേരയില്‍ വിഷണ്ണനായി ഇരുന്നു. പിന്നെ അതുവരെയുള്ള വിറ്റുവരവ് എണ്ണിത്തിട്ടപ്പെടുത്തുവാന്‍ തുടങ്ങി. അതിനിടയില്‍ മേശപ്പുറത്ത് ഉറക്കം തൂങ്ങി നിന്നിരുന്ന പഴയ റേഡിയോ പെട്ടിയുടെ ചെവി ഒന്നു പിടിച്ചു തിരിച്ചു.
മനോഹരമായ ഒരു ഗാനം അതിലൂടെ ഒഴുകാന്‍ തുടങ്ങി.
'...പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ...'
അന്ത്രുക്കയുടെ ചായക്കടയും പരിസരവും ആ ഗാനമാധുരിയില്‍ ലയിച്ചിരിക്കവേ അതാ ഓടിക്കിതച്ചു വരുന്നു നമ്മുടെ കൊച്ചു തോമസ്.
ഏത് ചെറിയ വാര്‍ത്തകളൂം നിമിഷമാത്രയില്‍ ഏനങ്കാവ് ഗ്രാമവാസികളില്‍ മുഴുവന്‍ എത്തിക്കാന്‍ കഴി വുള്ള കൊച്ചുതോമസ്.. എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍..!

'..എന്താ.. എന്തുണ്ടായി.. എന്തുണ്ടായീന്ന്...'
കൊച്ചുതോമസിന്‍റെ ഓടിവരവും വെപ്രാളവും കണ്ട് ചായക്കടയിലുണ്ടായിരുന്ന സകലരും ഒരേ സ്വരത്തില്‍ ചോദിച്ചു.
കിതപ്പടക്കാന്‍ കൊച്ചുതോമസ് ഒരു നിമിഷം വാ പൊളിച്ചു നിന്നു.
പിന്നെ, ഉയര്‍ന്നു താഴുന്ന നെഞ്ച് തട വിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.
'..എന്താണെന്നറിയില്യ.. നമ്പ്യാര് ചന്തേന്ന് വടക്കോട്ടേക്കോടീക്ക്ണു...'
കൊച്ചുതോമസ് വീണ്ടും കിതച്ചു. തോളത്ത് നിന്ന് തോര്‍ത്തെടുത്ത് നെഞ്ചത്തും നെറ്റിയിലും പറ്റിപ്പിടിച്ച വിയര്‍പ്പുമണികള്‍ ഒപ്പിയെടുത്തു.
'..നമ്പ്യാരെന്തിനാപ്പാ.. വടക്കോട്ടേക്കോടണേ...'
ഇറച്ചിവെട്ടുകാരന്‍ ഹസന്‍ഭായി തന്‍റെ വസൂരിക്കലയുള്ള മുഖം തടവിക്കൊണ്ട് ആശ്ചര്യത്തോടെ ചോ ദിച്ചു.
'..കൊറച്ച് ദെവസ്വായി നമ്പ്യാര്ടെ മൈന്റ് അത്രക്കങ്ങട്ട് ശരിയല്ല...'
പുട്ടും ഏത്തപ്പഴവും കുഴച്ച് ഉരുളയാക്കി വിഴുങ്ങുന്നതിനിടയില്‍ ചാത്തുവാശാരി
തന്‍റെ അഭിപ്രായം തട്ടിവിട്ടു.
'..പടച്ച തമ്പുരാനേ.. വടക്കാണല്ലോ.. ഏനമ്പാട്ട് പുഴ..
നമ്പ്യാര് വല്ല ബുദ്ധിമോശോം കാണിച്ചാല് ഇവിടു ത്തെ പറ്റ്പൈസ വെള്ളത്തിലാവ്വല്ലോ...'
വരവ് ചെലവ് കണക്കുകളെഴുതുന്ന ബുക്കെടുത്ത് നെഞ്ചോട് ചേര്‍ത്ത് അന്ത്രുക്ക അത്രയും പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ചാത്തുവാശാരിയുടെ നാവ് വീണ്ടും ചലിച്ചു.
'..യ്യാള് വേണ്ടാത്ത കാര്യങ്ങള് പറയല്ലാന്ന്..'
അന്ത്രുക്ക പിന്നീടൊന്നും മിണ്ടിയില്ല.
'..എന്നാലും നമ്പ്യാര്ക്ക് എന്താണ് പറ്റ്യേത്..'
മീന്‍കച്ചവടക്കാരന്‍ ഉസ്മാന് സംശയം കൂടി വന്നു.
'..അത് തന്ന്യാണ് ഞാനും ആലോചിക്കണേ.. ഇവിടുന്ന് കാലത്ത് ദോശേം കാപ്പീം കഴിച്ച് പോയതല്ലേ..'
അന്ത്രുക്കയുടെ ശബ്ദത്തില്‍ ഗദ്ഗദം നിറഞ്ഞു നിന്നു.
'..നമുക്കൊന്ന് പോയി നോക്ക്യാലോ.. നമ്പ്യാരെ കണ്ടാല് കയ്യോടെ ങ്ങട്ട് വിളിച്ചോണ്ട് വര്വോം ചെയ്യാം.. ന്താ.. '

പുറത്ത് വെച്ച വലിയ പാത്രത്തില്‍ നിന്നും വെള്ളമെടുത്ത് കയ്യും മുഖവും കഴുകുന്നതിനിടയില്‍ ചാത്തുവാശാരി പറഞ്ഞത് എല്ലാവര്‍ക്കും സ്വീകാര്യമായി. തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്തുമുണ്ടെടുത്ത് ചാത്തുവാശാരി കയ്യും മുഖവും തുടച്ച് വഴിയിലേക്കിറങ്ങി.
പിന്നാലെ മീന്‍കാരന്‍ ഉസ്മാന്‍.. മേസ്തിരി അപ്പുക്കുന്‍.. ഇറച്ചിവെട്ടുകാരന്‍ ഹസന്‍ഭായി.. കല്‍പ്പണിക്കാരന്‍ റഹീം.. കൊച്ചുതോമസ്.. ജീപ്പ് ഡ്രൈവര്‍ മൊയ്തു.. വേറേയും ഒന്നുരണ്ടാളുകള്‍.. എല്ലാവരും കൂടി വടക്കോട്ട് ഏനമ്പാട്ടു പുഴ ലക്ഷ്യമാക്കി നടന്നു.
'..എനിക്കും വരണോന്ന് ആഗ്രഹംണ്ട്.. പക്ഷേ കട അടക്കണല്ലോന്ന് ആലോചിക്കുമ്പോ..'
അന്ത്രുക്ക വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
'..വേണ്ട.. വേണ്ട.. അന്ത്രുക്ക ഞങ്ങളുടെ കൂടെ ഏതായാലും വരേണ്ട.. കടയടച്ച് നാട്ടുകാരെ പട്ടിണിക്കിടാന്‍ ഏതായാലും അന്ത്രുക്ക മെനക്കെടേണ്ട...'
സംഘത്തിന്‍റെ പിന്‍നിരയില്‍ നിന്നും കൊച്ചുതോമസ് അന്ത്രുക്കയോട് പറഞ്ഞു. അതാണ് ശരിയെന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ മൊയ്തുവും കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.

.കവലയുടെ ഇരുവശത്തുമുള്ള സകല കടക്കാരേയും വീടുകളിലുള്ളവരേയും അമ്പരപ്പിച്ചു കൊണ്ട് ചാത്തുവാശാരിയും കൂട്ടരും പുഴക്കരയിലേക്ക് നീങ്ങുകയാണ്.
വായനശാലയുടെ മൂലയില്‍ വിഡ്ഡിപ്പെട്ടിയിലെ ഏകദിന ക്രിക്കറ്റ് മാച്ചിന്‍റെ ലഹരി നുണയുന്ന യുവ നയനങ്ങള്‍ വായനശാലയുടെ ജനലഴികള്‍ക്കിടയിലൂടെ ചാത്തുവാശാരിയും കൂട്ടരും നീങ്ങുന്നത് സാകൂതം വീക്ഷിച്ചു. ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ചാമപ്പറമ്പിലെ ലത്തീഫ് തന്‍റെ വീട്ടുമുറ്റത്ത് നിന്ന് വഴിയിലേക്ക് തല നീട്ടി.
'..എങ്ങോട്ടാ.. ചാത്തുവണ്ണാ.. എല്ലാരും കൂടി..'
അറിയണോങ്കീ വാ.. എന്ന അര്‍ത്ഥത്തില്‍ ചാത്തുവാശാരി ലത്തീഫിനെ മാടി വിളിച്ചു.
മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരുന്ന ഷര്‍ട്ടുമെടുത്തണിഞ്ഞ് ലത്തീഫും അവരോടൊപ്പം ചേര്‍ന്നു. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന് ഗ്രാമത്തില്‍ മിസൈല്‍ അലി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന അലിയാരുകുഞ്ഞിയും മറ്റു പലരും കൂട്ടത്തില്‍ ചേര്‍ന്ന് സംഘത്തിന്‍റെ തലയെണ്ണം വര്‍ദ്ധിപ്പിച്ചു. ഗ്രാമത്തിലെ ശാപ്പാട്ടുരാമന്‍ വയറന്‍ കണ്ണന്‍ നല്ലൊരു സദ്യയും മനസ്സില്‍ കണ്ടുകൊണ്ടാണ് ഇവരോടൊപ്പം ചേര്‍ന്നത്.
ചെമ്മണ്‍പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു മിനി പ്രകടനമായി ചാത്തുവാശാരിയും കൂട്ടരും നീങ്ങുകയാണ്.
നാട്ടുകാരുടെ സര്‍വ്വ കാര്യങ്ങളും ഞാനറിയാതെ നടക്കില്ലെന്ന് സ്വയം വീരവാദം മുഴക്കുന്ന ബാര്‍ബര്‍ സലാമും ചിട്ടി നടത്തുന്ന അന്തോണിയും മുഖത്തോടു മുഖം നോക്കി നിന്നു.

പുഴക്കരയിലെത്തിയ സംഘം അവിടം മുഴുവന്‍ കണ്ണുകളാല്‍ പ്രദക്ഷിണം നടത്തി.
എനമ്പാട്ടു പുഴ ഇളകി മറിഞ്ഞൊഴുകുകയാണ്.
എവിടെ നമ്പ്യാര്‍..?
അന്ത്രുക്ക പറഞ്ഞ പോലെ നമ്പ്യാര് വല്ല അവിവേകോം..
ചാത്തുവാശാരി ആരോടെന്നില്ലാതെ പറഞ്ഞു.

നമ്പ്യാരിപ്പോള്‍ ഒറ്റയാന്‍. മക്കളെല്ലാം വിദേശത്താണ്.
ഭാര്യ കാര്‍ത്ത്യായനി വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. നമ്പ്യാര്‍ക്ക് മക്കള്‍ വല്ലപ്പോഴും എന്തെങ്കിലും അയച്ചു കൊടുക്കും. മക്കളും നമ്പ്യാരും സ്വത്തിന്‍റെ കാര്യത്തില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കത്തിലും..
'..വീട്.. എന്റെ മക്കള്‍ക്ക് തന്ന്യാ.. പക്ഷെ.. അതെന്റെ കാലശേഷം മതി.. വീട് മക്കള്‍ക്ക് കൊടുത്തിട്ട് ഞാന്‍ തെരുവില്‍ അലയണോ..'
ചില നേരങ്ങളില്‍ നമ്പ്യാര്‍ ഒറ്റക്കിരുന്ന് സംസാരിക്കും. മറ്റു ചിലപ്പോള്‍ ചന്തമുക്കിലെ സര്‍വ്വേക്കല്ലിന് മുകളിലിരുന്ന് ചിരിക്കും. ആരും കാണാതെ വിതുമ്പി കരയും.
നമ്പ്യാര്‍ക്ക് ഭ്രാന്താണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം പോര. എന്നാലും എല്ലാവരുടേയും ഉള്ളിലൊരു സംശയമില്ലാതില്ല. ഇപ്പോഴിതാ ഇങ്ങനെയുമൊരു കാര്യം.
നമ്പ്യാരെന്തിനായിരിക്കും ഇങ്ങോട്ടോടി വന്നത്.. പക്ഷേ.., ആളെ കാണുന്നുമില്ല.
ചിലര്‍ പുഴയുടെ ഓളങ്ങളിലേക്ക് മിഴികള്‍ പായിച്ചു. ചാത്തുവാശാരിയുടേയും കൂട്ടരുടേയും മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അവര്‍ പരസ്പ്പരം നോക്കി.

പുഴക്കര ശാന്തം..
എല്ലാവരും മ്ളാനവദനരായി എന്തു ചെയ്യണമെന്നറിയാതെ നിശ്ചലം നില്‍ക്കവേ..
'..ങാ.. എന്താ.. എല്ലാരും കൂടി...'
പുഴക്കരയിലെ കുറ്റിക്കാട്ടില്‍ നിന്നും എഴുന്നേറ്റു വരുന്ന നമ്പ്യാര്‍..!
'..എന്താ.. എല്ലാരുമിങ്ങനെ മിഴിച്ചു നിക്കണേ.. എന്താ കാര്യം..'
നമ്പ്യാര്‍ ആകാംക്ഷാഭരിതനായി.
'..നമ്പ്യാരെ.. നിങ്ങള്‍ പുഴക്കരയിലേക്കോടി വരുന്നത് കൊച്ചുതോമസ് കണ്ടു.. എന്താണ് കാര്യമെന്നറിയാതെ ഞങ്ങള്‍..'
ചാത്തുവാശാരി മുഴുമിച്ചില്ല.
സ്വതഃസിദ്ധമായ പുഞ്ചിരിയോടെ നമ്പ്യാര്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി.

'..ചന്തയില്‍ നിന്നപ്പോ.. വയറ്റീന്ന് ആകെയൊരു ഉരുണ്ടു കയറ്റം.. രാവിലെ അന്ത്രുക്കായുടെ കടേന്ന് ദോശ കഴിച്ചതാ.. ശരിയായില്ലാന്ന് തോന്ന്ണു.. ശങ്ക കൂട്യേപ്പഴ് പുഴക്കരേല് തന്ന്യാവട്ടേന്ന് കരുതി ഓടി.. അതിന് നിങ്ങളെല്ലാവരും കൂടി.. ഇങ്ങനെ... ങേ...'
നമ്പ്യാര്‍ എല്ലാവരുടേയും മുഖത്തേക്ക് മാറിമാറി നോക്കി.
ചാത്തുവാശാരി ജാള്യതയോടെ മുഖം കുനിച്ചു. ആരും തമ്മില്‍ തമ്മില്‍ നോക്കിയില്ല.
'..കാള പെറ്റൂന്ന് കേട്ടപ്പോ കയറെടുത്തോടിയ ഞങ്ങളെ വേണം പറയാന്‍..'
ചാത്തുവാശാരി സ്വയം പഴിച്ചു. കൊച്ചുതോമസിനെ പിടിച്ചു തിന്നാനുള്ള ദേഷ്യത്തോടെ പല്ലിറുമ്മി ക്കൊണ്ട് അവനെ കൂട്ടത്തില്‍ തിരഞ്ഞു.
അതിനു മുമ്പേ തന്നെ നമ്പ്യാരെ കണ്ടുവെന്ന വാര്‍ത്ത എല്ലാവരേയും അറിയിക്കാന്‍ കൊച്ചുതോമസ് കവലയിലേക്ക് ഓട്ടമാരംഭിച്ചു കഴിഞ്ഞിരുന്നു.
എനമ്പാട്ടു പുഴ ഒരു കള്ളച്ചിരിയോടെ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ...!


**********************************


Monday, September 24, 2012

ഉമ്മുസ്സാഹിഖില്‍ നിന്ന് ഉമ്മയ്ക്കൊരു ഫോണ്‍വിളി


ദിവസങ്ങള്‍ക്കു ശേഷം മുഹമ്മദ് അല്‍ ദോസ്സരി വീണ്ടും വന്നു. 
വാതിലിനു മുമ്പില്‍ കാര്‍ നിര്‍ത്തി എന്നെ പുറത്തേക്ക് വിളിച്ചു.
വളരെ ബഹുമാനത്തോടെ അടുത്തെത്തിയപ്പോള്‍ 
മുഹമ്മദ് അല്‍ ദോസ്സരി പറഞ്ഞു.
എന്‍റെ ടെലഫോണ്‍ ബില്ല് വന്നിട്ടുണ്ട്. 
നീ അന്ന് സംസാരിച്ചതിന്‍റെ  ചാര്‍ജ്ജ് 
ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. നിന്‍റെ കയ്യിലിപ്പോള്‍ പണമുണ്ടോ..?


1994ല്‍ ഡിസംബറിലെ കൊടുംതണുപ്പിലേക്ക് വിമാനമിറങ്ങുമ്പോള്‍ ഭാവനയിലെ ഗള്‍ഫ് അതിമനോഹരമായിരുന്നു. ദമ്മാം, ജുബൈല്‍റോഡിലെ സഫ് വ എന്ന കൊച്ചു പട്ടണത്തിനടുത്തുള്ള വിശാലമായ ഹസം ഉമ്മുസ്സാഹിഖ് ഗ്രാമത്തിലെ ഖഹ്ത്താനി ഗോത്രത്തില്‍ പെട്ട ഫൈസല്‍ മുഹമ്മദ് ഹസ്സാ അല്‍ ഖഹ്താനി എന്നയാളുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു  ഒത്തിരി സ്വപ്നങ്ങളുമായി വന്നിറങ്ങുന്നത്.
സൌദിഅറേബ്യയിലെ പ്രശസ്ത ഡ്രൈക്ളീനിംഗ് കമ്പനിയുടെ ഈ പ്രദേശത്തെ ബ്രാഞ്ചില്‍ ഷോപ്പ്കീപ്പറായാണ് എന്‍റെ ജോലി. നേരിട്ടല്ലാതെ ബ്രാഞ്ചുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നടത്താന്‍ നല്‍കുന്ന പ്രസ്തുത കമ്പനിയുടെ രീതിയാണ് എന്‍റെ സ്പോണ്‍സര്‍ ഒരു ബ്രാഞ്ച് ഏറ്റെടുക്കാന്‍ ഇടയായതും അവിടുത്തെ കാര്യക്കാരനായി ഞാനെത്തുന്നതും.
നഗരത്തിന്‍റെ ബഹളപ്പെരുമഴയില്‍ ജീവിതം ശീലിച്ച എനിക്ക് മരുദേശത്തെ ഗ്രാമീണത ഏറെ ഇഷ്ടമായി. എന്നാലും അന്നൊക്കെ എന്‍റെ നഗരം സ്വപ്നത്തില്‍ വന്നെന്നെ ഏറെ മോഹിപ്പി ക്കുമായിരുന്നു. ദിവാസ്വപ്നങ്ങളില്‍ നാട്ടിലെ ആഘോഷനിമിഷങ്ങളിലൂടെ എന്നും സവാരി ചെയ്തിരുന്നു.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുമ്പോള്‍ റോഡിന്‍റെ മൌനം വല്ലാതെ വീര്‍പ്പുമുട്ടിച്ചു. അന്നൊക്കെ എന്‍റെ  ചിന്ത ഇനിയെത്ര കാലം ഞാന്‍ ഈ ബഹളമില്ലാത്ത ഗ്രാമത്തില്‍ ജീവിതം നടന്നു തീര്‍ക്കണം എന്നുള്ളതായിരുന്നു.
രാപകലുകള്‍ ഓരോന്നും അടര്‍ന്നു വീഴവെ എല്ലാറ്റിനോടും പൊരുത്തപ്പെടാനുള്ള ഒരു മാനസികാവസ്ഥ കൈവന്നു. പിന്നീട് ഞാനും ഈ ഗ്രാമത്തിന്‍റെ ഭാഗമാണ് എന്ന തോന്നലില്‍ സന്തോഷം കണ്ടെത്തി. ഇവിടുത്തെ ജീവിതം തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. അറബികളാണ് കടയില്‍ കൂടുതലും കസ്റ്റമേഴ്സ്. അറബി ഭാഷയൊക്കെ തട്ടിമുട്ടി സംസാരിക്കാന്‍ പഠിച്ചു വരുന്നു.
ഹസം ഉമ്മുസ്സാഹിഖില്‍ അക്കാലത്ത് വീടുകളിലൊ കടകളിലൊ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലായിരുന്നു. വിരലിലെണ്ണാവുന്ന സ്വദേശികളുടെ കയ്യില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ.
റോഡരികില്‍ സ്ഥാപിച്ച നാണയമിട്ട് സംസാരിക്കാന്‍ സൌകര്യമുള്ള ടെലിഫോണ്‍ കേബിന്‍ മിക്ക ദിവസങ്ങളിലും പ്രവര്‍ത്തനം നിലച്ച്, അനക്കമറ്റ അവസ്ഥയിലായിരിക്കും. അന്ന് നാട്ടിലേ ക്ക് ഒരു നിമിഷനേരം സംസാരിക്കാന്‍ എട്ടു റിയാലാണ്. ഒറ്ററിയാല്‍ നാണയം കിട്ടാനില്ലാത്ത അവസ്ഥ. പത്തുറിയാലിന് ഒമ്പത് നാണയമാണ് കടകളില്‍ നിന്നും ലഭിച്ചിരുന്നത്. കൊയിന്‍ കേബിന്‍ കേടാണെങ്കില്‍ പിന്നെ നാട്ടിലേക്ക് വിളിക്കാന്‍ സഫ് വയിലെത്തണം. ഉമ്മുസ്സാഹിഖില്‍ നിന്നും ഏഴുകിലോമീറ്റര്‍ ദൂരമേയുള്ളൂ സഫ് വയിലേക്ക്. എന്നാലും വാഹനലഭ്യത  കുറവായതി നാല്‍ സമയം ഒട്ടേറെ കവരും സഫ് വ യാത്ര.
ഒരു ദിവസം അത്യാവശ്യമായി ഒന്നു വീട്ടിലേക്ക് ഫോണ്‍ വിളിക്കണം. ജോലിസമയമാണ്.
റോഡരികിലുള്ള ടെലഫോണ്‍കേബിന്‍ കേടായിട്ട് ദിവസങ്ങളായി. ജോലി കഴിയാതെ പുറത്തു പോവാനും പറ്റില്ല. ഒരാളെ ഏല്‍പ്പിച്ചു പോവാന്‍ അങ്ങനെയൊരാളില്ല. കൌണ്ടറില്‍ ഞാന്‍ മാത്രമേ ഉള്ളു..
അന്നേരം ദൈവദൂതനെപ്പോലെ പ്രിയപ്പെട്ട കസ്റ്റമറുകളിലൊരാള്‍ കാറില്‍ വന്നിറങ്ങി. മുഹമ്മദ് അല്‍ ദോസ്സരി.
കയ്യില്‍ കറുത്ത വലിയ മൊബൈല്‍ ഫോണ്‍..
രണ്ടും കല്‍പ്പിച്ച് ഞാനദ്ദേഹത്തോട് മൊബൈല്‍ഫോണ്‍ ചോദിച്ചു. വീട്ടിലേക്ക് അത്യാവശ്യ മായി വിളിക്കാനാണെന്നും എത്രയാണ് പണമാവുകയെന്നു വെച്ചാല്‍ അത് ഞാന്‍ തരാമെന്നും പറഞ്ഞപ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഫോണ്‍ എന്‍റെ കയ്യില്‍ തന്നു.
ഞാന്‍ വീട്ടിലേക്ക് വിളിച്ചു. കുറഞ്ഞ വാക്കുകളില്‍ സംസാരിച്ച് കാര്യം ഭംഗിയാക്കി.
ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ എത്ര കാശാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ബില്ല് വരട്ടെ എന്നിട്ട് മതിയെന്നും പറഞ്ഞ് അയാള്‍ പടിയിറങ്ങി കാറില്‍ കയറി.
ദിവസങ്ങള്‍ക്കു ശേഷം മുഹമ്മദ് അല്‍ ദോസ്സരി വീണ്ടും വന്നു. വാതിലിനു മുമ്പില്‍ കാര്‍ നിര്‍ത്തി എന്നെ പുറത്തേക്ക് വിളിച്ചു.
വളരെ ബഹുമാനത്തോടെ അടുത്തെത്തിയപ്പോള്‍ മുഹമ്മദ് അല്‍ ദോസ്സരി പറഞ്ഞു.
എന്‍റെ ടെലഫോണ്‍ ബില്ല് വന്നിട്ടുണ്ട്. നീ അന്ന് സംസാരിച്ചതിന്‍റെ  ചാര്‍ജ്ജ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. നിന്‍റെ കയ്യിലിപ്പോള്‍ പണമുണ്ടോ..?
പ്രശ്നമില്ല.. എത്ര റിയാലായാലും  ഞാനിപ്പോള്‍ തന്നെ തരാം.. മിനിട്ടൊന്നിന് ഇന്ത്യയിലേക്ക് എട്ടു റിയാലാണ് ചാര്‍ജ്ജ്.. എന്‍റെ വാക്കുകള്‍.
ആകട്ടെ.. നീ ആരുമായാണ് അന്ന് ഫോണില്‍ സംസാരിച്ചത്..
അടുത്ത ചോദ്യം.
എന്‍റെ  ഉമ്മയുമായി..
ഞാന്‍ കാറിനടുത്തേക്ക് ചേര്‍ന്നുനിന്നു.
ഓഹോ.. ഉമ്മയോടാണോ സംസാരിച്ചത്..
അങ്ങനെ ചോദിച്ചുകൊണ്ട് മുഹമ്മദ് അല്‍ ദോസ്സരി അല്‍പ്പനേരം എന്തോ ചിന്തിച്ചു.
എങ്കില്‍ ആ കാശ് നീ തന്നെ വെച്ചോളൂ.. ഞാനെന്‍റെ ഉമ്മയുമായി സംസാരിച്ചതാണെന്ന് കരുതിക്കോളാം..
എത്ര നിര്‍ബന്ധിച്ചിട്ടും എന്‍റെ കയ്യില്‍ നിന്നും അദ്ദേഹം പണം വാങ്ങിയില്ല.
ഹൃദ്യമായ ഒരു ചിരി ആ മുഖത്ത് നിറച്ച് മുഹമ്മദ് അല്‍ ദോസ്സരി                 കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എന്‍റെ നേര്‍ക്ക് കയ്യുയര്‍ത്തി.
'..അസ്സലാമു അലൈക്കും.. '
നീങ്ങിത്തുടങ്ങിയ കാറിനു സമീപം നിശ്ചലനായി നിന്ന ഞാനും അറിയാതെ കൈ ഉയര്‍ത്തി പതുക്കെ ഉരുവിട്ടു..
'വ അലൈക്കും മുസ്സലാം .....................'

*************************************

Tuesday, August 28, 2012

കുട്ടിക്കൂട്ടായ്മക്കാലത്തെ തിരുവോണംകര്‍ഷകന്‍റെ വിളവെടുപ്പുത്സവമാണ് ഓണം.
ഒരുകാലത്ത് മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന നാളുകളായിരുന്നിത്.
തമിഴന്‍റെ ലോറിശബ്ദം കാതോര്‍ക്കേണ്ട ഗതികേട് അന്ന് മലയാളിക്കില്ലായിരുന്നു. കുടിയാന്‍മാരായ കൃഷിക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുമായി ജന്‍മിമാരുടെ മുമ്പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കുന്ന കാലം. ജന്‍മിമാര്‍ അവര്‍ക്ക് ഓണക്കോടി നല്‍കും. ഇത് പഴങ്കഥ.

വികസനദാഹികള്‍ കുന്നും മലയും ഇടിച്ചു നിരത്തുകയും വയലും മേടുകളും മണ്ണിട്ടു നികത്തുകയും ചെയ്തപ്പോള്‍ പ്രകൃതി അവനോട് പിണങ്ങി.. കൃഷിയുമായും മണ്ണുമായും ഉണ്ടായിരുന്ന ആത്മബന്ധം മലയാളിക്ക് നഷ്ടപ്പെട്ടു. തനത് ഉത്സവങ്ങളെല്ലാം മലയാളി നഷ്ടപ്പെടുത്തി പണം കൊടുത്തുവാങ്ങുന്ന സന്തോഷങ്ങളിലവന്‍ അഭിരമിക്കാന്‍ തുടങ്ങി. അങ്ങനെ ഓണവും ഫാഷന്‍യുഗത്തിലെ വെറും ഒരടയാളമായി മാറി.
ഓണം ഓണമായിതന്നെ നിലകൊള്ളുകയും അതങ്ങനെ തന്നെ ജീവിതത്തിലേക്ക് കടന്നു വരാന്‍ വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന പഴംമനസ്സുകള്‍ക്കു മുമ്പില്‍ ഒരുപാട് വര്‍ണ്ണങ്ങള്‍ വിതറി വിരുന്നെത്തുന്നു വീണ്ടുമൊരു തിരുവോണം.

തിരുവോണം എന്ന വാക്കുച്ചരിക്കുമ്പോള്‍ തന്നെ ഉള്ളിലോടിയെത്തുന്നത് ഓണപ്പൂക്കളമിടുന്നതിന് കളം വരച്ചു കൊടുക്കാന്‍ എന്നെയും കാത്ത് നില്‍ക്കുന്ന ചങ്ങാതിവീട്ടിലെ സഹോദരിമാരാണ്.. ഓണദിവസം രാവിലെതന്നെ അവിടെ ഞാനെത്തിയില്ലെങ്കില്‍ മുഖം കറുപ്പിക്കുന്ന ശെല്‍വിയും, വിജയമണിയേച്ചി, വസുന്ധരേട്ത്തിയും ഷൈമയും.. പിന്നെ ഷൈനി, ബിനി.. നീയെന്‍റെ കുഞ്ഞാങ്ങളയാടാ എന്നും പറഞ്ഞ് ഏത് ആള്‍ക്കൂട്ട ത്തിന്നിടയില്‍ നിന്നും പേര് നീട്ടി വിളിച്ചിരുന്ന അനിതേട്ത്തിയുമൊക്കെ ഓരോ ഓണനാളുകളിലും ചിന്തകളില്‍ സ്നേഹത്തിന്‍റെ പൂക്കാലം അടയാളപ്പെടുത്തുമ്പോള്‍ ആഘോഷത്തിന്‍റെ പച്ചപ്പാടങ്ങളില്‍ നിന്നും ഏകാന്തതയുടെ ഈ മരുനിലങ്ങളിലൂടെ സഞ്ചരിച്ച് മനസ്സ് പതറുന്നു.

ആഘോഷമെന്നത് മദിച്ചു തിമിര്‍ക്കലാണ് എന്ന പുതിയ രീതിയെല്ലാം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പ് പരസ്പ്പരം അറിയലാണ്, സ്നേഹത്തിന്‍റെ ഉള്‍ക്കാമ്പ് പങ്കുവെക്കലാണ് ആഘോഷം എന്നത് സാര്‍വ്വത്രികമായി ഏവരുടെയും മനസ്സുകളില്‍ കല്ലടുപ്പമുള്ള ആശയമായിരുന്നു. അതു കൊണ്ടു തന്നെ പൂക്കളമിടുന്നതില്‍ തുടങ്ങി സദ്യ വിളമ്പുന്നിടത്തു വരെ ആ കൂട്ടായ്മ പ്രകടമായിരുന്നു.
കുട്ടിക്കൂട്ടായ്മക്കാലത്ത് പ്ളാവിലപ്പാത്രങ്ങളുണ്ടാക്കി പൂപറിക്കാന്‍ പോയിരുന്നത് മത്സരബുദ്ധിയോടെ യായിരുന്നു. ഏറ്റവും കൂടുതല്‍ പൂക്കളുമായി ആദ്യം തിരിച്ചെത്തുന്നവര്‍ക്ക് ഉണ്ണിയപ്പം തന്നിരുന്ന സരോജിനിയേട്ത്തി മക്കളായ ബിന്ദുവിനും ബൈജുവിനും പാതയിറമ്പുകളില്‍ നിന്നും പൂ പറിക്കുന്നേരം കാവലായി നില്‍ക്കുന്നതിന് രണ്ട് ഉണ്ണിയപ്പം അധികം തന്നിരുന്നു എനിക്ക്. അത് കൂടെയുണ്ടായിരുന്ന രാജലക്ഷ്മിയും ഫിറോസും എന്‍റെ കുഞ്ഞനുജത്തിയുമൊക്കെ അറിയാതെയായിരുന്നു.
ഇന്ന് സരോജിനിയേട്ത്തിയും ബിന്ദുവും ബൈജുവുമൊക്കെ ഏതോ വിദൂരദിക്കിലാണ്. ഒരുപക്ഷെ, കണ്ടാല്‍ പരസ്പ്പരം തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ കാലം നമ്മെയൊക്കെ മാറ്റിപ്പണിഞ്ഞിട്ടുമുണ്ടാകും.

ഓണങ്ങളോരോന്നും പിന്നെയും മനസ്സിന്‍റെ തിരുമുറ്റത്ത് വര്‍ണ്ണപ്പൂക്കളം തീര്‍ക്കുമ്പോള്‍ അറിയാതെ മോഹിച്ചു പോകുന്നു. ഇനിയൊരിക്കല്‍ കൂടി ഓണക്കാല കൌതുകങ്ങളിലേക്ക് പൂവാലന്‍ തുമ്പിയെപ്പോ ലെ പറന്നുയരാന്‍.. പൂ പറിക്കാന്‍ പറമ്പിലും കുറ്റിക്കാടുകളിലുമൊക്കെ ചുറ്റി നടക്കാന്‍.. എല്ലാ ചെടികളിലും വസന്തം വിരുന്നുവരുന്ന ചിങ്ങമാസത്തിന്‍റെ പൊന്‍വെയിലില്‍ വെറുതെ ആകാശം നോക്കി നടക്കാന്‍..
പൂവേ പൊലി പൂവേ.. പൂവേ പൊലി പൂവേ..
പൂവേ പൊലി പൂവേ.. പൂവേ പൊലി പൂവേ..
ചെറുകാറ്റില്‍ ഒഴുകിയെത്തുന്ന പൂവിളികള്‍ക്ക് കാതോര്‍ക്കാന്‍..

അത്തം പിറന്നാല്‍ എല്ലാ വീട്ടുമുറ്റങ്ങളിലും പൂമ്പാറ്റകള്‍ നൃത്തം ചെയ്യുന്നേരം തെങ്ങോലകള്‍ക്കും മുകളില്‍ കാര്‍മേഘങ്ങള്‍ കറുത്ത് കനക്കുമ്പോള്‍ പഴമക്കാര്‍ പറയുന്ന വാചകമുണ്ട്. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന്. ഇന്ന് അത്തരം പ്രവചനങ്ങള്‍ക്ക് പോലും ഇടമില്ലാത്ത രീതിയില്‍ മഴ എപ്പോ ള്‍ വരുമെന്നോ ഇല്ലാതാകുമെന്നോ ആര്‍ക്കുമറിയില്ല. മണ്ണിനോടും പ്രകൃതിയോടും മനസ്സടുപ്പമില്ലാത്ത ഇന്നത്തെ ജീവിതരീതിയില്‍ ചാനല്‍ വിരുന്നുകള്‍ക്കും കച്ചവടകേന്ദ്രങ്ങളിലെ ഓഫറുകളിലേക്കും തിക്കും തിരക്കുമായി ഓണവും വരുന്നു, പോവുന്നു.. അത്ര തന്നെ.
എന്നാലും നാടിന്‍റെ പച്ചപ്പില്‍ നിന്നുമകന്ന് വിളറിയ വെയില്‍ദേശത്ത് യന്ത്രതുല്യമായി ചലിക്കുമ്പോഴും ഭൂതകാലസ്മരണകളിലെ ഓണക്കാലസുദിനങ്ങള്‍ വാഴയിലയില്‍ വിളമ്പുന്ന അടപ്രഥമന്‍ പോലെ
മധുരം കിനിഞ്ഞു കിനിഞ്ഞങ്ങനെ..


--------------------------------------------------------------------------------------

Sunday, July 29, 2012

ഓലമണമുള്ള ഒരു നോമ്പോര്‍മനാളെ നോമ്പാ.. കാപ്പാട് കണ്ടൂന്നാ ഖത്തീബ് പറഞ്ഞത്..
ഇശാനമസ്ക്കാരവും കഴിഞ്ഞ് അത്യാവശ്യ സാധനങ്ങളും വാങ്ങി വന്നുകയ റുന്ന ഉപ്പയുടെ കനത്ത ഒച്ച വീട്ടിനുള്ളില്‍ മുഴങ്ങുന്നു .
അധികം വൈകാതെ ആകാശവാണിയിലൂടെ ആ വാര്‍ത്ത നാടുനിറയും.
മുസ്ലിം സമൂഹം നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും രാപ്പകലുകളിലേക്ക്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴി ക്കോട് വലിയഖാസി......
അതു കേള്‍ക്കുമ്പോള്‍ ഞാനും നോമ്പെടുക്കും എന്ന തീരുമാനം അവരെ അറിയിക്കലാണ് കുട്ടികളായ ഓരോരുത്തുടെയും പ്രഥമദൌത്യം.
പെട്ടെന്ന് റേഡിയോ ഓഫ് ചെയ്ത് ഉപ്പ വാങ്ങിക്കൊണ്ടു വന്ന സാധനങ്ങളുടെ പൊതിയഴിച്ച് ഓരോന്നും എന്തൊക്കെയാണെന്ന് ചികയുന്നതിന്‍റെ തിരക്കി ലേക്കമരുമ്പോള്‍ ഉമ്മയുടെ താക്കീത്. ‘..ഇങ്ങനെയാണേല്‍ നീ.. നാളെ നോമ്പെ ടുക്കണ്ട..’ അതു കേട്ടതായി ഭാവിക്കാതെ വേഗം മുറിയിലെവിടെയെങ്കിലും ചെന്നിരുന്ന് നോമ്പനുഷ്ഠിക്കുന്ന അടുത്ത പകലിനെക്കുറിച്ചോര്‍ക്കും.
രണ്ടാംക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പനുഷ്ഠിക്കുന്നത്.
പാതിരാത്രിയിലെഴുന്നേറ്റ് ഭക്ഷണം കഴിച്ച് നാളത്തെ നോമ്പിനെ അല്ലാഹുത്ത ഹാലാക്ക് വേണ്ടി നോറ്റു വീട്ടുവാന്‍ നിയ്യത്ത് ചെയ്ത ശേഷം കിടന്നുറങ്ങി. സ്ക്കൂളില്ലാത്ത ദിവസമായതു കൊണ്ടാണ് നോമ്പനുഷ്ഠിക്കാന്‍ വീട്ടിലുള്ളവര്‍ സമ്മതം മൂളിയത്.
രാവിലെ മുറ്റത്തുനിന്ന് ഉപ്പയുടെയും വേറെ ഒരാളുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടുകൊണ്ടാണ് ഉറക്കമെഴുന്നേറ്റത്. ഞാന്‍ കണ്ണും തിരുമ്മി മുറ്റത്തേക്കിറ ങ്ങി. അപ്പോള്‍ പിന്നെയും ഉപ്പയുടെ ശബ്ദം. കേറിപ്പോടാ അകത്ത്.. അത് എന്നോടുള്ള ആജ്ഞയായിരുന്നു. അതിനു തൊട്ടുമുമ്പ് അനുജത്തി മുറ്റത്തേക്കി റങ്ങിയപ്പോള്‍ ഉപ്പയുടെ വിലക്കായിരുന്നു ഞാന്‍ കേട്ടതെന്ന് മനസ്സി ലായി.
ഉപ്പ മുറ്റത്ത് മുകളിലേക്ക് നോക്കി നില്‍ക്കുന്നു. തെങ്ങില്‍ നിന്നും തേങ്ങയും മടലും ഉണങ്ങിയ ഓലയുമൊക്കെ മുറ്റത്തേക്ക് പല ശബ്ദത്തില്‍ വന്നുവീഴുന്നു. ഓരോ തേങ്ങാക്കുലയും വെട്ടിവീഴ്ത്തുമ്പോള്‍ തെങ്ങുകയറ്റക്കാരന്‍ ചാത്ത പ്പന്‍ ആകാശത്തില്‍ നിന്നാണ് മുക്രയിടുന്നതെന്ന് എനിക്കു തോന്നി. അന്നേരം നോമ്പിന്‍റെ ക്ഷീണമൊന്നും അലട്ടാന്‍ തുടങ്ങിയിരുന്നില്ല.
ഉപ്പക്കും മൂത്ത സഹോദരിക്കുമൊപ്പം മുറ്റത്തിനപ്പുറം ചിതറിക്കിടന്നിരുന്ന തേങ്ങയും ഓലയും മടലും കൊതുമ്പുമെല്ലാം പെറുക്കിക്കൂട്ടി മുറ്റത്ത് കൂട്ടി യിട്ടു. ചാത്തപ്പന്‍ നാലഞ്ചു തേങ്ങയെടുത്ത് ചേര്‍ത്തുകെട്ടി മുളയേണിയില്‍ കൊളുത്തി അയാളുടെ കൂലിയും വാങ്ങി പടിയിറങ്ങിപ്പോയി. നേരം ഉച്ചയോട ടുത്തു. അപ്പോഴേക്കും വിശപ്പും ക്ഷീണവും ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.
സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി.
മുറ്റത്ത് കൂട്ടിയിട്ട ഓലകള്‍ക്ക് മുകളില്‍ ആകാശവും നോക്കിക്കിടന്നു. 
അന്ന്, ആകാശം എത്ര ചെറുതായിരുന്നു. 
ഉമ്മയും സഹോദരിയുമെല്ലാം അടുക്കളയില്‍ നോമ്പുതുറക്കാന്‍ നേരത്തേക്കു ള്ള വിഭവങ്ങളുണ്ടാക്കുന്ന തിരക്കിലാണ്. അവര്‍ തയ്യാറാക്കുന്ന വിഭവങ്ങളു ടെ രുചിയാഹ്ളാദത്തിലേക്ക് ഞാന്‍ വെറുതെ മനസ്സ് പായിച്ചു.

ഉച്ചവെയില്‍ പടിഞ്ഞാറുഭാഗത്തേക്ക് ചാഞ്ഞുതുടങ്ങുന്നു. വിശപ്പും ക്ഷീണ വും കാരണം ഞാന്‍ വാടിയ ചേമ്പില കണക്കെ ഓലകള്‍ക്കു മുകളില്‍ കിടപ്പാ ണ്. കണ്ണില്‍ ഇരുട്ട് കയറുന്നു. വായ്ക്കകത്ത് ഉപ്പുരസം നിറയുന്നു. ശര്‍ദ്ദിക്കണ മെന്ന തോന്നല്‍ കഠിനമാവുന്നു. മുറ്റത്തുനിന്നും എങ്ങനെയെങ്കിലും അടുക്കള യിലെത്താന്‍ വേണ്ടി പതുക്കെ എഴുന്നേറ്റിരുന്നു. ശരീരത്തിന് ശക്തിയില്ലെന്നു തോന്നി. വീടും മുറ്റവുമൊന്നാകെ വട്ടം കറങ്ങുന്നു. പിന്നീടെന്താണ് സംഭവി ച്ചത്..?
ഒന്നും ഓര്‍മ്മയില്ല. 
ചുവപ്പ് നിറഞ്ഞ ആകാശത്തിലേക്ക് കണ്ണുതുറക്കുമ്പോള്‍ ശരീരത്തിനേക്കാള്‍ ഭാരം തലയ്ക്കകത്താണെന്ന് തോന്നി. ആകെയൊരു മരവിപ്പ്. പതുക്കെ എഴു ന്നേറ്റ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ സഹോദരിയുടെ വക ഭീഷണി. നോമ്പെ ടുത്ത് നാടുമുഴുവന്‍ തെണ്ടിനടന്ന് വന്നിരിക്ക്യാ.. ഉപ്പയിങ്ങട്ട് വരട്ടെ.. പറയു ന്നുണ്ട് ഞാന്‍..
ഞാന്‍ ഘടികാരത്തിലേക്ക് നോക്കി. ഇനിയും ഒരുമണിക്കൂറിലധികം ബാക്കി യുണ്ട് പന്നിയങ്കര പള്ളിയില്‍ നിന്നും ബാങ്ക് വിളിയുയരാന്‍.. അടുക്കളയില്‍ ഉമ്മക്കരികിലെത്തി തളര്‍ച്ചയോടെ ഇത്രമാത്രം പറഞ്ഞു.
‘എനിക്ക് വയ്യ.. കുറച്ചു ചായ വേണം..’
സഹോദരി കളിയാക്കി. ഇത്ര നേരമിരുന്നിട്ട് ഇപ്പോ ചായ കുടിച്ച് നോമ്പ് ഇല്ലാ താക്കണോ..
എന്‍റെ മുഖഭാവം പന്തിയല്ലെന്ന് മനസ്സിലായതു കൊണ്ടാവാം ഉമ്മ വേഗം ചായ യൊഴിച്ച് തന്നു. സാരമില്ല പകുതി നോമ്പിന്‍റെ പ്രതിഫലം കിട്ടുമെന്ന് എന്നെ സമാധാനിപ്പിക്കുകയും ചെയ്തു. ഉമ്മയൊഴിച്ചു തന്ന ചായ പെട്ടെന്ന് കുടിച്ച് ഗ്ളാസ് അടുക്കളത്തിണ്ണയില്‍ വെച്ച് ഞാന്‍ കുളിമുറിയില്‍ കയറി ബക്കറ്റിലു ണ്ടായിരുന്ന വെള്ളമെടുത്ത് മുഖവും കൈകാലുകളും കഴുകി.  ദേഹമൊട്ടാകെ ഓലയും കൊതുമ്പും പറമ്പിലെ പച്ചിലകളുമൊക്കെ മണക്കുന്നതായി അന്നേരം ഞാനറിഞ്ഞു.
കാലങ്ങളേറെ കഴിഞ്ഞു. 
ഇന്ന് ചാനലുകളില്‍ വാര്‍ത്തയായി, മൊബൈല്‍ ഫോണിലേക്ക് ഒരു മെസ്സേജ് ആയി റമദാന്‍ മാസപ്പിറവി  അറിയിപ്പെത്തുമ്പോള്‍ ഓലയും കൊതുമ്പും പറ മ്പിലെ പച്ചിലകളുമൊക്കെ മണപ്പിച്ച് കുഞ്ഞുന്നാളിലെ ആദ്യ വ്രതാനുഷ്ഠാന ത്തിന്‍റെ പകല്‍ ഉള്ളിലങ്ങനെ തെളിഞ്ഞു തെളിഞ്ഞ്...

*************************************************************

Tuesday, July 3, 2012

ബല്‍ക്കീസിന്‍റെ ഒരു ദിവസം


അനേകം കഥകളൊന്നും ഞാനെഴുതിയിട്ടില്ല.
എഴുതിയവയില്‍ എനിക്കേറെ പ്രിയപ്പെട്ടതും
വായിച്ചവര്‍ നേരിട്ടും അല്ലാതെയും ഇഷ്ടമറിയിച്ചതും
രണ്ടു കഥാസമ്മാനങ്ങള്‍ തരപ്പെട്ടതുമായ
ഈ രചന മുമ്പ് വായിക്കാത്തവര്‍ക്കായി
ഇവിടെ തുറന്നു വെയ്ക്കുന്നു

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഹൈദ്രോസ്മാമന്‍ കൊടുത്തയച്ച ചെന്തെങ്ങിന്‍ തൈ പറമ്പിന്‍റെ മൂലയില്‍ നടാന്‍ വേണ്ടി കുഴിയെടുക്കുമ്പോള്‍ ഒരു കറുത്ത കുതിരയുടെ അഴുകിയ ജഢം മണ്ണിനു മുകളിലേക്ക് ഉയര്‍ന്നു വരു ന്നത് സ്വപ്നം കണ്ടാണ് സുബ്ഹിക്കു തൊട്ടുമുമ്പ് ബല്‍ക്കീസ് ഞെട്ടിയെഴുന്നേ റ്റത്.
തറയില്‍ വീണു കിടന്ന തട്ടം എടുത്ത് കുടഞ്ഞ് തലയിലിട്ട് പുറത്തിറങ്ങാന്‍ ഭാവിക്കുമ്പോള്‍ മുഹ്സിന ഉണര്‍ന്നു കരഞ്ഞു.
ജമാല്‍ഖാന്‍റെ കൂര്‍ക്കം വലി മുറിഞ്ഞു. അയാളെന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് മലര്‍ന്നു.
മുഹ്സിനയെ തൊട്ടിലില്‍ നിന്നെടുത്ത് മടിയിലിരുത്തി മൂത്രത്തില്‍ കുതിര്‍ന്ന അവളുടെ ഉടുപ്പഴിച്ച് മാറ്റുമ്പോഴാണ് കോട്ടുമ്മലെ ജുമാഅത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളിയുയര്‍ന്നത്. തോളിലേക്ക് വീണ തട്ടം തലയില്‍ നേരെയാക്കി യിട്ടു കൊണ്ട് മേല്‍ക്കൂരയിലേക്ക് നോക്കി ബല്‍ക്കീസ് നെടുവീര്‍പ്പിട്ടു.
കുഞ്ഞിനെ തൊട്ടിലിലിട്ടു നിവര്‍ന്നപ്പോള്‍ നേര്‍ത്ത വെളിച്ചത്തില്‍ ജമാല്‍ ഖാ ന്‍റെ ഉണങ്ങിയ ചുണ്ടിനിടയിലെ ആഭാസച്ചിരി അവളില്‍ വല്ലാതെ വിമ്മിട്ടമു ണ്ടാക്കി.
'..ങ്ങക്ക് ഏത് നേരത്തും ഈയൊരൊറ്റ വിചാര്വല്ലേ ഒള്ളൂ.. ഇപ്പോ പോയില്ലേല് ഇന്ന് വെള്ളം കിട്ടൂല...മോളാണെങ്കീ നല്ല ഒറക്കോം... ങ്ങളെണീറ്റ് മൊഖം കഴ്കീം... ഞാന്‍ ചായക്ക് വെള്ളം.. '
ജമാല്‍ഖാന്‍ മടുപ്പോടെ എഴുന്നേറ്റിരുന്ന് മൂരി നിവര്‍ന്നു. പിന്നെയൊരു സിഗരറ്റെടുത്ത് അറ്റം കത്തിച്ച് പുക വിഴുങ്ങാന്‍ തുടങ്ങി.

റുക്കിയത്താത്തയും സരോജിനിയും വെള്ളപ്പാത്രവും പിടിച്ച് വഴിയോരത്ത് അനങ്ങാതിരിക്കുന്നത് ദൂരെ നിന്നും കണ്ടപ്പോള്‍ ഖബറുങ്കാട്ടിലെ മീശാന്‍കല്ലാ ണ് ബല്‍ക്കീസിനോര്‍മ വന്നത്.
'.. ഇന്നലെ ഈ നേരായപ്പോഴേക്കും വെള്ളം വണ്ടി തിരിച്ച് പോയിരുന്നു.. ഇന്ന് വൈഗോ.. ആവോ...'
അവര്‍ രണ്ടു പേരും അതിനു മറുപടിയൊന്നും പറയാതെ അക്ഷമരാവുന്നത് കണ്ടപ്പോള്‍ ബല്‍ക്കീസ് മൂന്നാമത്തെ മീശാന്‍കല്ലായി മാറി.
'..റുക്കിയത്താത്തക്കോര്‍മയുണ്ടോ.. പണ്ടൊക്കെ കുഞ്ഞമ്മദ് സാഹിബിന്‍റെ വീട്ടുവളപ്പിലെ കെണറ്റീന്ന് എല്ലാവരും കൂടി വെള്ളം കോരുന്നതും ആ ഒച്ചേം.. ബഹളോമൊക്കെ.. ഏത് വേനലിലും വറ്റാത്ത കെണറായിര്ന്ന്..പളുങ്ക് പോലത്തെ വെള്ളോം.. '
അവര്‍ക്കിടയില്‍ മൌനം പെയ്തിറങ്ങുന്നതില്ലാതാക്കാന്‍ വേണ്ടിയാണ് ബല്‍ക്കീസത്രയും പറഞ്ഞത്. അപ്പോഴേക്കും വെള്ളംവണ്ടി ഒരിരമ്പലോടെ അവര്‍ക്കു മുമ്പില്‍ വന്നു നിന്നു.
റുക്കിയത്താത്തയും സരോജിനിയും പെരുംനിശ്വാസത്തോടെ എഴുന്നേറ്റു.

ഇപ്പോള്‍ നേര്‍ത്ത വെയിലിന് വിങ്ങല്‍. കാറ്റില്ലാത്തിനാല്‍ ഇലകള്‍ പിടയാതെ മരങ്ങളെല്ലാം ചലനമറ്റു നില്‍ക്കുന്നു.
ബല്‍ക്കീസിന്‍റെ കഴുത്തും മാറുമൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു.
അവളുടെ വിയര്‍പ്പിന് വെളുത്തുള്ളിയുടെ മണമാണെന്ന് ജമാല്‍ഖാന്‍ ഇടക്ക് പറയാറുള്ളത് ബല്‍ക്കീസ് ഓര്‍ത്തു. അങ്ങനെ തന്നെയാണോ എന്നറിയാന്‍ വെറുതെ കക്ഷത്തിന് നേരെ മൂക്കടുപ്പിച്ചു. അസഹ്യമായ നാറ്റത്താല്‍ അവളു ടെ മുഖം ചുളിഞ്ഞു.
വെള്ളം നിറച്ച പാത്രവുമായി ഇടര്‍ച്ചയോടെ അടുക്കളയിലേക്ക് കയറി, പാത്രം താഴെ വെച്ച് ചുമരില്‍ ചാരി നിന്നു. ബല്‍ക്കീസ് എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ തട്ടമെടുത്ത് മുഖം തുടച്ച് മുഹ്സിനയുടെ തൊട്ടിലിനരികിലെത്തിയപ്പോള്‍ ഒരു തുണ്ട് മലം കൈവെള്ളയില്‍ മുറുകെ പിടിച്ച് മറുകൈ വിരലു കൊണ്ട് അത് തോണ്ടിക്കളിക്കുന്ന മുഹ്സിന. അവള്‍ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്.
'വൃത്തിയില്ലാത്ത കുഞ്ഞിക്കുട്ട്യേ.. യ്യെ ന്തൊക്കെയാണീ കാണിച്ചു വെച്ചേക്കണേ.. '
അതിന് മറുപടിയായി മുഹ്സിന കൈകാലിട്ടടിച്ചു.

കഴിഞ്ഞ രാത്രിയില്‍ ബാക്കി വന്ന മീന്‍കറി പുട്ടിലൊഴിച്ച് കുഴച്ചുരുളയാക്കി ജമാല്‍ഖാന്‍ വിഴുങ്ങുമ്പോള്‍ ബല്‍ക്കീസ് വിറകെടുത്ത് അടുപ്പിനു മുകളില്‍ പാകി അടുക്കളയുടെ കതകടച്ചു.
'..രാത്രി വല്ലാണ്ട് വൈകര്ത്.. പണി കഴിഞ്ഞാ പിന്നെ പൊരേലേക്ക് വന്നു കേറാന്‍ നോക്കണം.. '
ബല്‍ക്കീസിന്റെ വരണ്ട കണ്ണിലേക്ക് നോക്കി ജമാല്‍ഖാന്‍ പുഞ്ചിരിച്ചു.

ഉച്ചക്ക് തിളക്കുന്ന വെള്ളത്തിലേക്ക് അരി കഴുകിയിടുന്ന നേരത്ത് മുംതാസ് കയറി വന്നതറിഞ്ഞില്ല.
'..ഇത്തയീ ദുനിയാവിലൊന്നുമല്ലേ..' എന്ന ചോദ്യം പിന്നില്‍ നിന്നുയര്‍ന്ന പ്പോഴാണ് തന്‍റെയടുത്തൊരാള്‍ വന്നു നില്‍പ്പുണ്ടെന്ന് ബല്‍ക്കീസറിഞ്ഞത്.
മുംതാസിന് പൂച്ചക്കാല്‍ വെപ്പാണെന്ന് ഇടയ്ക്ക് പറയാറുള്ളത് ഉള്ളിലോര്‍ത്ത് ബല്‍ക്കീസ് ചിരിച്ചു. അല്ലെങ്കിലെങ്ങനെയാണ് ഒച്ചയില്ലാതെ ഇത്രേം അടുത്ത് വന്നു നില്‍ക്കാന്‍ കഴിയുക.
'..നാലഞ്ച് ദെവസ്വായല്ലോ നിന്നെയീ വഴിക്ക് കണ്ടിട്ട്.. എവ്ട്യാര്ന്നു.. '
ചോറിന്‍കലം മൂടിവെച്ച് മുംതാസിനെ സ്റ്റൂളില്‍ പിടിച്ചിരുത്തി ബല്‍ക്കീസ് തറയിലിരുന്നു.
'..ഉപ്പയുടെ ലീവ് തീരാറായില്ലേ.. തിരിച്ചു പോണേയ്ന്‍റെ മുമ്പായിട്ട് പറമ്പില് ഒര് കെണറ് കുഴിക്കണംന്നാ ഉപ്പ പറയണത്.. ഇന്നലേം മിഞ്ഞാന്നുമൊക്കെ യായിട്ട് പൊരേല് പണിക്കാര്ടെ ബഹളായിര്ന്ന്.. ഈ പ്രദേശത്ത് കെണറ് കുഴിച്ചിട്ടും വല്ല്യ കാര്യല്ലാന്നാ.. കുടിക്കാംമ്പറ്റൂലെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് വെള്ള ത്തിന് ബുദ്ധിമുട്ടണ്ടല്ലോ എന്നോര്‍ക്കുമ്പോ.. '
മുംതാസിന്റെ മുഖത്ത് ഗൌരവം മിന്നി.
'..എന്‍റെ ഹൈദ്രോസ്മാമന്‍ താമസിക്കുന്നേടത്ത് വെള്ളം തന്നെ കിട്ടാനില്ല്യാന്നാ അമ്മായി കയിഞ്ഞായ്ച്ച വന്നപ്പോ പറഞ്ഞത്.. '
പുറത്തേക്ക് തെറിച്ചു നിന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളി ബല്‍ക്കീസ് കണ്ണടച്ച് തീയൂതി.
'..ദുനിയാവ് മുയ് വന്‍ വെള്ളംല്ല്യാതെ നരകിക്കുമ്പോ കുടിക്കണ വെള്ളത്തില് തീട്ടം കലക്ക്ണ ആളുക ളും ഒണ്ടെന്ന് കേള്‍ക്കുമ്പഴാ.. '
ആരോടെന്നില്ലാത്ത ഈര്‍ഷ്യയില്‍ മുംതാസിന്‍റെ മുഖം ചുവന്നു.
ബല്‍ക്കീസിനൊന്നും മനസ്സിലായില്ല. അവള്‍ സംശയത്തോടെ തറയില്‍ നിന്നെഴുന്നേറ്റു.
'..ഇത്തയറിഞ്ഞിട്ടുണ്ടാവില്ല്യ.. വടക്കെങ്ങാണ്ട് ഒര് ഗ്രാമത്തിലെ ജനങ്ങള് രണ്ട് ചേര്യായി തമ്മില് തല്ലീന്ന്.. പരസ്പ്പരം സ്നേഹിച്ച് കയിഞ്ഞിര്ന്ന ആള്കള്‍ ക്കിപ്പോ തമ്മില് കാണണതു തന്നെ പേട്യാത്രേ.. ഇതെല്ലാം ഉപ്പ പത്രം വായിച്ച് പറഞ്ഞ് തന്നതാ.. അതിലൊര് ജാതിക്കാരന്‍റെ കെണറ്റില് മറ്റേ കൂട്ടര്..'
മുംതാസ് മുഴുമിക്കാനാവാതെ വായ പൊത്തി ഓക്കാനിച്ചു.
'..ഉപ്പ പോണേയ്ന്‍റെ  മുമ്പായ്ട്ട് നിന്‍റെ നിക്കാഹ്ണ്ടാവുംന്ന് പറഞ്ഞിര്ന്നല്ലോ.. '
ബല്‍ക്കീസ് വിഷയം മാറ്റാന്‍ ശ്രമിച്ചു.
'..ഈ ഇത്താക്ക് ആനക്കാര്യത്തിനെടക്കാ ചേനക്കാര്യം.. ഞാം പോവ്വാ..'
മുംതാസ് ഇറങ്ങി നടക്കുന്നതും നോക്കി നിസ്സംഗതയോടെ ബല്‍ക്കീസ് ചിരിച്ചു.

പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച വെയില്‍ ചായുന്നു.
മുഹ്സിന എന്തിനോ ശാഠ്യം പിടിച്ച് കരയുകയാണ്.
അവളുടെ കരച്ചിലടക്കാന്‍ ബല്‍ക്കീസ് ആവും വിധം ശ്രമിച്ചിട്ടും..
ചില നേരത്ത് അവളങ്ങനെയാണ്.
വെറുതെ കരഞ്ഞ് പൊളിക്കും. അമ്മിഞ്ഞ കൊടുത്താലും തൊട്ടിലിട്ട് വാവാവോ പാടിയാലും അവളടങ്ങില്ല. കട്ടിലില്‍ ചെരിഞ്ഞു കിടന്ന് മുഹ്സി നയുടെ നെറ്റിയിലും കവിളിലുമൊക്കെയായി വിരലോടിച്ച് ഇക്കിളിപ്പെടു ത്തിക്കൊണ്ട് കിടന്നതോര്‍മയുണ്ട്.

പിന്നീട്..
ബല്‍ക്കീസിപ്പോള്‍ നില്‍ക്കുന്നത് വിജനമായ മരുഭൂമിയിലാണ്. 
ആ സ്ഥലമൊരു മരുഭൂമിയല്ലെന്നും അതിലൂടെ മുമ്പൊരു നദിയൊഴുകിയിരു ന്നെന്നും തിരിച്ചറിയാന്‍ ഏറെ നേരം വേണ്ടി വന്നില്ല.
അന്യം നിന്നു പോയ മത്സ്യങ്ങളുടെ മുള്ളിന്‍കൂട് മണ്ണിലമര്‍ന്നു കിടക്കുന്നു.
ജലനിരപ്പിന് മുകളിലേക്ക് അഹങ്കാരത്തോടെ പൊങ്ങി വരികയും ചെറുജീവി കളെ വായിലാക്കി അടിത്തട്ടിലെ ചേറിലേക്ക് പുളച്ചു കൊണ്ടൂളിയിടുകയും ചെയ്തിരുന്ന മത്സ്യങ്ങളായിരിക്കാമിത്..
ബല്‍ക്കീസ് മുമ്പോട്ട് നടക്കാനാവാതെ വിയര്‍ത്തു.
എത്രനേരം കഴിഞ്ഞിരിക്കുമെന്നറിയില്ല. 
മത്സ്യങ്ങളുടെ അസ്ഥിപഞ്ജരക്കൂനക്കപ്പുറത്തെ പൊള്ളുന്ന വെയിലിനു ചോട്ടിലിരുന്ന് തങ്ങളുപ്പാപ്പ ഖുഃര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്നു.
വല്ലാത്തൊരു മുഴക്കമായിരുന്നു ആ ശബ്ദത്തിന്.
ബല്‍ക്കീസ് തങ്ങളുപ്പാപ്പാക്ക് അഭിമുഖമായി ഇത്തിരി ദൂരത്തിരുന്നു.
'..അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്.. '
സലാം ചൊല്ലാന്‍ മനസ്സിലുറച്ചെങ്കിലും നാവിന്‍തുമ്പത്തു നിന്നും ശബ്ദം പുറ ത്തേക്ക് വരുന്നില്ല. ബല്‍ക്കീസ് ആ വാക്കുകള്‍ വീണ്ടും ഉള്ളിലുരുവിട്ടു.
പക്ഷേ.. അവളെന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ തങ്ങളുപ്പാപ്പ ദൂരേക്ക് നടന്ന് മറഞ്ഞിരുന്നു.
'..റബ്ബുല്‍ ആലമീനായ തമ്പുരാനേ.. അവിടുന്നീയുള്ളവളോട് പൊറുക്കണേ.. '
പ്രാര്‍ത്ഥനയോടെ ബല്‍ക്കീസ് നെറ്റി മണ്ണിലമര്‍ത്തി.
കത്തുന്ന സൂര്യന്‍റെ ചൂട് നെറ്റി പെള്ളിച്ചപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ബല്‍ക്കീസ് കണ്ണു തുറന്നു.
നേരം ഇരുട്ടിത്തുടങ്ങുന്നു.  കുറേയേറെ ഉറങ്ങിപ്പോയോ..?
മുറ്റത്ത് ജമാല്‍ഖാന്‍റെ  മുരടനക്കം. ഇന്ന് നേരത്തെ എത്തിയിരിക്കുന്നു.
കാപ്പിയുമായി ഉമ്മറത്തേക്ക് ചെന്നപ്പോള്‍ വിയര്‍പ്പു മണത്തു, കുതിരച്ചാണകം പോലെ.
വിചിത്രമായ സ്വപ്നങ്ങളാണ് ഈയിടെയായി കാണുന്നതെന്നും അതിന്‍റെ അര്‍ത്ഥമെന്താണെന്നും അന്ന് രാത്രി ജമാല്‍ഖാനോട് ചോദിച്ചപ്പോള്‍ അയാളുറക്കെ ചിരിച്ചു.
ഏറെ പരിചിതമായിരുന്നിട്ട് കൂടി അരോചകമായി തോന്നി ആ ചിരി.
സിഗരറ്റിന്‍റെ ചൂരുള്ള ചുണ്ട് മുഖത്ത് നിന്നുയര്‍ത്തി, കിതപ്പോടെ അയാള്‍ തന്‍റെ നെഞ്ചില്‍ നിന്നുമടര്‍ന്ന് തലയണക്കീഴിലും മേശപ്പുറത്തും തീപ്പെട്ടി പരതുമ്പോള്‍ സ്വന്തം കഴുത്തും മാറുമൊക്കെ കുതിരച്ചാണകം മണക്കുന്നി ല്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ബല്‍ക്കീസ്.
കണ്ണില്‍ ഉറക്കം വന്നു മൂടിയിട്ടും അനന്തരം തെളിയുന്ന വിഹ്വല സ്വപ്നങ്ങളെ ക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ ഉള്ള് വെന്തു. ഉറങ്ങാതിരിക്കാനുള്ള സൂത്രമൊന്നും മനുഷ്യനിതു വരെ കണ്ടുപിടിച്ചിട്ടില്ലേ..
നാളെ മുംതാസ് വരുമ്പോള്‍ ചോദിക്കണം. അവള്‍ക്കറിയാതിരിക്കില്ല.
അങ്ങനെ ചിന്തിച്ചു തീരുന്നതിന് മുമ്പ് തന്നെ ജമാല്‍ഖാന്‍ ഒരു മലപോലെ സ്വന്തം നെഞ്ചിലമര്‍ന്ന് കത്താന്‍ തുടങ്ങിയവത് അവളറിഞ്ഞു.
അയാളില്‍ കാട്ടുവള്ളി പോലെ പടരുമ്പോള്‍ ഈ മനുഷ്യന് ക്ഷീണോം തളര്‍ച്ചയുമൊന്നുമില്ലേ എന്ന് പല പ്രാവശ്യം ചിന്തിച്ചു കൊണ്ടേയിരുന്നു.
'..വെളുത്തുള്ളിയുടെ മണമാണ് നിന്‍റെ.. നിന്‍റെ... '
മാറത്ത് മുഖമമര്‍ന്നതിനാല്‍ ജമാല്‍ഖാന്‍ പിന്നീടെന്താണ് പറഞ്ഞതെന്ന് ബല്‍ക്കീസ് കേട്ടില്ല.
പക്ഷേ, ഇത് സ്ഥിരം കേള്‍ക്കുന്ന പല്ലവിയായത് കൊണ്ട്..

പിന്നീടെപ്പോഴോ തലയണയ്ക്കു മേല്‍ മുഖം പൂഴ്ത്തി കുതിരച്ചാണകം മണക്കുന്ന ദേഹത്തോടെ ബല്‍ക്കീസ് തളര്‍ന്നുറങ്ങി.
മുന്തിരിച്ചാറ് നിറച്ച സ്ഫടികപ്പാത്രങ്ങളുമായി ആകാശത്തു കൂടി പറക്കുന്ന സ്വര്‍ണ്ണരഥമാണ് അന്നവള്‍ സ്വപ്നം കണ്ടത്.
അപ്പോള്‍ ഭൂമിയിലെ സസ്യങ്ങളെല്ലാം പൂത്തു തളിര്‍ക്കുന്നതും സ്വര്‍ഗ്ഗത്തിലെ ഹൂറിമാര്‍ മണ്ണിലേക്ക് വന്നിറങ്ങുന്നതാവുമോ ഇതെന്ന് സ്വപ്നത്തില്‍ ഞെട്ടുകയും ഭൂമിയിലുള്ളവര്‍ക്ക് ദാഹം തീര്‍ക്കാന്‍ മണ്ണില്‍ തെളിനീരുറവയു ണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ശരീരം മുഴുവന്‍ മത്സ്യത്തിന്‍റെ ചെതുമ്പലുകളുള്ള ഒരു സുന്ദരിയാണ് സ്വര്‍ണ്ണരഥത്തില്‍ സഞ്ചരിച്ചിരു ന്നതെന്ന് മുംതാസ്.
അവളുടെ അന്നേരത്തെ അവസ്ഥ കണ്ട് ബല്‍ക്കീസിന്‍റെ ഹൃദയമിടിപ്പേറി.
സാധാരണ മുംതാസ് ധരിക്കാറുള്ള ഇളംമഞ്ഞ ചൂരിദാറോ തലയിലെ തട്ടമോ ഇല്ലാതെ തന്‍റെയും ജമാല്‍ഖാന്‍റെയും മുമ്പിലിങ്ങനെ വന്നു നില്‍ക്കാന്‍ നാണമില്ലേയെന്ന് ശങ്കിക്കാതിരുന്നില്ല.
മുംതാസ് ചുണ്ടുകള്‍ നനച്ച് കുണുങ്ങിച്ചിരിക്കുന്നു.
ജമാല്‍ഖാന്റെ കണ്ണുകള്‍ തിളങ്ങുന്നതും അയാളുണര്‍ന്നൊരു നീരാളിയായി മുംതാസിനെ ചുറ്റിവരിയുന്നതും തന്നിലമര്‍ഷമുണ്ടാക്കുമെന്നത് അവള്‍ മനസ്സി ലാക്കാത്തതെന്തേ..
മുംതാസിപ്പോള്‍ കുതിരപ്പുറത്ത് കയറുന്ന ലാഘവത്തോടെ ജമാല്‍ഖാന് മുകളിലമര്‍ന്നു.
അവളെ ചവിട്ടിത്തെറിപ്പിക്കാനുള്ള ആവേശം ഉള്ളില്‍ നുരഞ്ഞെങ്കിലും കാലുകള്‍ അനക്കാന്‍ കഴിയാത്ത രീതിയില്‍ മരവിച്ചിരുന്നു.
വിളിച്ചു കൂവി അയല്‍വാസികളെയെല്ലാം ഉണര്‍ത്തിയാലോ എന്നോര്‍ത്തു.
ശബ്ദമുയരുന്നില്ല. ബല്‍ക്കീസ് വല്ലാതെ പരവേശപ്പെട്ടു.
അയാളുടെ ഓരോ ചലനങ്ങളും മുംതാസിനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെന്ന് അവളുടെ ചുണ്ടിലൂറുന്ന ചിരിയില്‍ ബല്‍ക്കീസ് വായിച്ചു.
എത്ര നേരമിങ്ങനെ സഹിക്കും..
കഴിയില്ല..! തനിക്കു ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതു മാത്രമല്ല. വിവാഹപ്രായ മായ പെണ്‍കുട്ടിയാണ് മുംതാസ്. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...?
സകല ശക്തിയും സംഭരിച്ച് വിളിച്ചു കൂവിയാലോ.. 
നാട്ടുകാര് മുഴുവന്‍ ഓടിക്കൂടട്ടെ..!
'..ഹാാആയ്......, കൂഊൌൌൌയ്........, ഓാാായ്...... '

മുഹ്സിന തൊട്ടിലില്‍ നിന്നും ഞെട്ടി.
അവള്‍ കൈകാലിട്ടടിച്ച് കരയാന്‍ തുടങ്ങി.
ജമാല്‍ഖാന്‍ ചന്തിക്കിട്ട് ഒന്ന് പൊട്ടിച്ചപ്പോഴാണ് ബല്‍ക്കീസ് കണ്ണു തുറന്ന് പിടഞ്ഞത്.
പകല്‍വെളിച്ചത്തിലേക്കാണ് കണ്ണു മിഴിച്ചതെങ്കിലും ഇരുട്ടിലെന്ന പോലെ അല്‍പ്പ നേരമിടറി. പിന്നെ, എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവള്‍ നെഞ്ചത്ത് കൈയമര്‍ത്തി.
'..ന്‍റെ.. റബ്ബേ.. നേരം വെള്ത്തല്ലോ.. ഇന്നിനി വെള്ളത്തിനെന്ത് ചെയ്യും.. '
ജമാല്‍ഖാന്‍ അരിശം പൂണ്ടു.
'..ശെയ്ത്താന്‍.. ഒറങ്ങാന്‍ നേരത്ത് ഓരോന്നോര്‍ത്ത് കിടക്കും.. മന്ശനെ സൊയ് ര്യം കെട്ത്താനായിട്ട്.. പോയെന്‍റെ കണ്ണുമുമ്പീന്ന്.. '
ജമാല്‍ഖാന്റെ പുലമ്പല്‍ ശ്രദ്ധിക്കാതെ മുഹ്സിനയെ തൊട്ടിലില്‍ നിന്നെടുത്ത് തോളില്‍ കിടത്തി ബല്‍ക്കീസ് മുറിയില്‍ നിന്നും പുറത്തിറങ്ങി.
പിന്നീട് അടുക്കളയിലേക്ക് കടന്ന് മണ്‍കലത്തില്‍ നിന്നും ഇത്തിരി വെള്ള മെടുത്ത് കുടിക്കുകയും കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച് അവളുടെ ചുണ്ടുകള്‍ ക്കിടയില്‍ മുലഞെട്ട് തിരുകി കരച്ചിലടക്കാനും വീണ്ടും ഉറക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.
ഉഷ്ണം പെയ്തിറങ്ങാന്‍ തുടങ്ങുന്ന ആകാശത്തിനു താഴെ ഒരു കൊച്ചു പേടകമായി സ്വന്തം വീട് ചുരുങ്ങുകയാണെന്നും മകളിങ്ങനെ നിര്‍ത്താതെ കരയുന്നത് അശുഭ ലക്ഷണമാണെന്നും ചങ്കിടിപ്പോടെ ഓര്‍ത്തു കൊണ്ട് ബല്‍ ക്കീസ് കണ്ണടച്ച് ദീര്‍ഘ നിശ്വാസമുതിര്‍ത്തു.
അതൊരു ചുഴലിക്കാറ്റു കണക്കെ ആ കൂരയ്ക്കുള്ളില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.

--------------------------------------------------------------------------
സംഭാഷണം വാര്‍ഷികപ്പതിപ്പ് 2005
Saturday, June 23, 2012

അതിഥി ദേവോ ഭവ'സ്വര്‍ണ്ണത്തിന് പിന്നേയും വില കൂടിയിരിക്കുന്നു..'
അയാള്‍ നിര്‍ത്താതെ സംസാരിക്കുകയാണ്.
ഞാന്‍ മറുപടിയൊന്നും പറയാതെ അസ്വസ്ഥത പ്രകടിപ്പിച്ച് വാച്ചിലേക്ക് നോക്കി.
ഉച്ചക്ക് മുമ്പത്തെ സൂപ്പര്‍സ്റ്റാര്‍ ചിത്രം.. പിന്നെ,
ഭാര്യയുടെ ബന്ധത്തിലൊരു വിവാഹനിശ്ചയം..
വൈകുന്നേരം തിരിച്ചു വന്ന ശേഷം രണ്ടുമൂന്ന് സീരിയലും
ഒരു കോമഡി സിനിമയും...
ഇന്നെല്ലാം കൊളമാവും.. തീര്‍ച്ച!
അയാള്‍ സോഫയില്‍ അമര്‍ന്നിരുന്ന് ആദ്യമായി ഭൂമിയില്‍ വരുന്ന അന്യഗ്രഹവാസിയെ പോലെ ചുറ്റും എന്തെല്ലാമോ തിരയുന്നു.
അയാളുടെ കണ്ണില്‍ പെടാതെ അകത്തുനിന്നും ഭാര്യ നേരം പോകുന്നതിന്‍റെ സൂചനകളായി ചില മുദ്രകള്‍..
ആരെങ്കിലും ഫോണ്‍ ചെയ്താല്‍ ഇന്ന് വീട്ടിലുണ്ടാവില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ശീലം..
ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരവതാരം..
മരിച്ചു പോയ അമ്മയുടെ..ഏതോ..
വീട്ടിലൊരാള്‍ കയറി വരിക എന്നത്  വഴിയരികില്‍ ഏതെങ്കിലും
ജീവിയുടെ ചീഞ്ഞു നാറുന്നു ജഡം കാണുന്ന പോലെ..
'..ടീവി ഓണ്‍ ചെയ്യ്..വാര്‍ത്ത..'
മുഖത്ത് ചിരി നിറച്ച് പ്രതീക്ഷയോടെ അയാള്‍.
ഫ്രിഡ്ജ് തുറന്ന് ജ്യൂസ് ഗ്ളാസ്സിലൊഴിച്ച് അയാളുടെ മുമ്പില്‍ വെച്ചു.
'..ഭാര്യയെ കണ്ടില്ലല്ലോ..'
അയാളുടെ നെറ്റിയില്‍ ഏതാനും വരകള്‍..!
ഭാര്യ...!!!
അന്നേരം ഉള്ളിലൊരു മിന്നായം.
'..അവള്‍ അകത്തുണ്ട്.. രണ്ടു ദെവസ്വായി കെടപ്പിലാ..
ഇപ്പോഴത്തെ ഓരോരോ പനികളല്ലേ..  ആശുപത്രീന്ന് എറങ്ങാന്‍ നേരംല്ല്യാണ്ടായി..'
അയാള്‍ ജ്യൂസ് മുഴുവന്‍ കുടിച്ചു തീര്‍ത്തോ എന്നു ഞാന്‍ ശ്രദ്ധിച്ചില്ല.. ഉമ്മറപ്പടിയില്‍ അഴിച്ചു വെച്ച ചെരിപ്പിടുന്നതും കണ്ടില്ല.
ഗേറ്റിന്‍റെ  ഇരുമ്പൊച്ച കാതില്‍ ഉരഞ്ഞപ്പോള്‍ മനസ്സിലായി
അയാള്‍ നടവഴിക്കപ്പുറം മാഞ്ഞു പോയെന്ന്..!
അകത്തു നിന്ന് വെളിച്ചത്തിലേക്ക് വന്ന ഭാര്യയെന്നെ ചുറ്റിപ്പിടിച്ചു.
'..ഇനി റിസ്ക്കെടുക്കേണ്ട.. ഗേറ്റടച്ചേക്കാം...'

----------------------------------------------------------------------------------------
വാരാദ്യ മാധ്യമം 2010

Thursday, June 14, 2012

രക്ത സാമ്രാജ്യം


ദൈവത്തിന്‍റെ നാട്ടില്‍ ചെകുത്താന്‍ കുടിയേറ്റം നടത്തുന്നു.
പൂവിളിയുടെ നാട്ടില്‍ കൊലവിളിയുടെ ചെമ്പൂക്കള്‍ മാത്രം.
പരസ്പ്പരം സ്നേഹിച്ചിരുന്നവര്‍
ദുര മൂത്ത് ആയുധപ്പനിയില്‍ പൊള്ളി വിറയ്ക്കുന്നു..ഒരു കാലത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുനീളനേരവും സജീവമായി രുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയാണ് ഇന്ന് നാടിനെ ബാധിച്ച മഹാരോഗം.
സ്വന്തം പൈതലിന് പിതാവും അമ്മയ്ക്ക് മകനും ഭാര്യക്ക് ജീവിത പങ്കാളി യെയും ഇല്ലാതാക്കി പടുത്തുയര്‍ത്തുന്ന രാഷ്ട്രീയ സാമ്രാജ്യം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. 

ഏതു പ്രസ്ഥാനവും വിഭാവനം ചെയ്യുന്നത് പ്രഥമമായി സാധാരണക്കാരന്‍റെ സമാധാനവും ജീവിക്കാനുള്ള അവന്‍റെ സ്വാതന്ത്യ്രവും തന്നെയാണ്. അതുകൊണ്ടു തന്നെ എന്തെന്തു പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും ഒരാള്‍ നടുറോഡില്‍ രക്തം തെറിപ്പിച്ച് പിടഞ്ഞു വീഴുമ്പോള്‍ അനാഥമാക്കപ്പെടു ന്നത് ഒരു കുടുംബമാണെന്ന സത്യം ആരും മറന്നുകൂടാ..
കൊലവാള്‍മിനുപ്പിലെ രക്തക്കറകള്‍ കണ്ട് പുതിയ തലമുറ അരാജകവാദി കളായി വളര്‍ന്നു വരണമോ എന്ന് നാം ഉറക്കെ ചിന്തിക്കേണ്ട സമയമാണ് നമുക്ക് മുമ്പിലുള്ളത്. 
നമ്മുടെ പ്രദേശങ്ങളില്‍ നിന്നും കുറ്റിയറ്റുപോയ നന്‍മയിലധിഷ്ഠിതമായ യുവകൂട്ടായ്മകള്‍ വീണ്ടും സക്രിയമാക്കേണ്ടതിന്‍റെ പ്രാധാന്യം ഗൌരവ പൂര്‍വ്വം പരിഗണിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമെത്തി നില്‍ക്കുന്നത്. സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു ചെറുത്തു നില്‍പ്പിന്‍റെ ആവശ്യകത ഏവരും ബോധ്യപ്പെടേണ്ടതുണ്ട്. 
പരസ്പ്പരം തിരിച്ചറിയാത്തവരായി അയല്‍പ്പക്കബന്ധങ്ങള്‍ പോലും മാറു മ്പോള്‍ ദുരുദ്യേശത്തോടെ നമുക്കിടയിലേക്ക് നുഴഞ്ഞു കയറുന്ന അപരിചിത ന്‍റെ, അത് വാടകക്കൊലയാളിയാവാം.. സ്ത്രീപീഢകനാവാം, അങ്ങനെ ആരുമാ വാം. ആ കൌടില്യം മനസ്സിലാക്കാനും അയാളെ ചോദ്യം ചെയ്യാനും അത്തരം നീചശക്തികളെ നിസ്സങ്കോചം പ്രതിരോധിക്കാനും ചങ്കൂറ്റമുള്ള കാലാള്‍പ്പടയി ല്ലാത്ത നാടും നാട്ടിന്‍പുറവുമാണ് കേരളത്തിന്‍റെ ഇന്നത്തെ ശാപം.  
ഈയൊരു നഷ്ടപ്പെടലിനെ സ്വന്തം നേട്ടങ്ങള്‍ക്കായി ബുദ്ധിപൂര്‍വ്വം ഉപയോഗ പ്പെടുത്തുന്ന രാഷ്ട്രീയ കാപാലികരുടെ വക്രബുദ്ധി തിരിച്ചറിയാത്തിടത്തോളം കാലം കേരളത്തിന്‍റെ മണ്ണ് മനുഷ്യരുടെ ചുടുചോരയും കണ്ണീരും വീണ് നനഞ്ഞു കൊണ്ടേയിരിക്കും.

Tuesday, June 5, 2012

കൃതജ്ഞത തന്നെ, ശ്രേഷ്ഠപ്രതിഫലം


ഏറെ ആഹ്ളാദിക്കുന്ന ഒരു കാര്യം
ലോകത്തിന്റെ ഏതുകോണിലുമുള്ള ചിലരെയെങ്കിലും
ചികിത്സിക്കാനായി എന്നതാണ്.
അവനവന്റെ ജീവിതത്തിലെ വെളിച്ചമായ
കണ്ണിന്റെ സംരക്ഷണത്തിനായി നല്‍കുന്ന
ഉപദേശങ്ങള്‍ ശിരസ്സാവഹിച്ച് പടിയിറങ്ങുന്ന മനുഷ്യന്റെ
അത് അഫ്ഗാനിയാവട്ടെ, സൊമാലിയക്കാരനാവട്ടെ
അവരുടെ മുഖത്ത് വിരിയുന്ന കൃതജ്ഞത
പ്രവാസ ജീവിതകാലത്തെ ആരോഗ്യപ്രവര്‍ത്തനത്തിനുള്ള
ശ്രേഷ്ഠമായ പ്രതിഫലമായാണ് കരുതുന്നത്.


ഡോ. എ.വി. ഭരതന്‍

നാട്ടില്‍ നിന്നും സൌദിഅറേബ്യയിലെത്തുന്ന ഏതൊരു ഇന്ത്യന്‍ ഡോക്ടറെ യും പോലെ ആദ്യകാല ദിനങ്ങള്‍ കുറെയൊക്കെ ആശങ്ക നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും ഇവിടുത്തെ നിയമങ്ങളുടെ കാഠിന്യത്തെക്കുറിച്ചുള്ള പുറം ലോക പ്രചാരണങ്ങള്‍. പുതിയ പോളിക്ളിനിക്കായതിനാല്‍ അവിടുത്തെ അപര്യാപ്തതകളും ക്ളിനിക്കിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ നിറഞ്ഞ അന്തരീക്ഷവും പ്രവാസജീവിതത്തിന്റെ തുടക്കം അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ, അധികം വൈകാതെ ആ അസ്വസ്ഥതകള്‍ ശുഭ ചിന്തകള്‍ക്ക് വഴിമാറി. പ്രവാസിസമൂഹത്തില്‍ നിന്ന് സ്ഥാപനത്തിന് ലഭിച്ച പിന്തുണയും സ്ഥാപന നടത്തിപ്പില്‍ മാനേജ്മെന്റിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണവും എടുത്ത് പറയേണ്ടതായിട്ടുണ്ട്. പ്രവാസി സംഘടനകളും സ്ഥാപനത്തിന് മികച്ച സഹക രണം നല്‍കി. സാമൂഹ്യജീവിതത്തിനുള്ള പരിമിതികള്‍ സ്ഥാപനത്തിലെ ഡോക്ടറുടെയും ജീവനക്കാരുടെയും കൂട്ടായ്മയില്‍ കുറെയൊക്കെ പരിഹരി ക്കപ്പെട്ടു. ഇപ്പോഴും ഈ ഘടകങ്ങളെല്ലാം തന്നെയാണ് സൌദിയിലുള്ള പ്രവാസി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ തന്നെ തുടരാന്‍ പ്രചോദന മാകുന്നത്.

ഇത് പറയുന്നത് റിയാദിലെ പ്രവാസി സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ട നേത്ര രോഗ വിദഗ്ദന്‍ എ.വി. ഭരതന്‍. ക്ളിനിക്കില്‍ തന്നെത്തേടിയെത്തുന്ന രോഗി കള്‍ക്കായി ദിവസത്തിന്റെ ഏറിയ പങ്കും മാറ്റിവെക്കുന്ന ഇദ്ദേഹം കൃത്യ നിഷ്ഠ എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ ചുറ്റുമുള്ളവര്‍ക്ക് വരച്ചു കാട്ടു ന്നു.

1975ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് സഹകരണ ആശുപത്രിയിലായിരുന്നു ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തിന്റെ തുടക്കം. ആറുമാസം കഴിഞ്ഞപ്പോള്‍ സ്വന്തം പ്രദേശത്തിനടു ത്തുള്ള കാലിക്കടവില്‍ ഒരു ക്ളിനിക്ക് തുടങ്ങി. ‘ദയാ’ ക്ളിനിക്ക് എന്നായിരുന്നു പേര്.
അവശരായ രോഗികളെ വീട്ടില്‍ വെച്ച് തന്നെ പരിശോധിക്കാന്‍ ഡോക്ടറെ വിളിച്ചുകൊണ്ടു പോകുന്ന രീതി അന്ന് സര്‍വ്വസാധാരണമായിരുന്നു. യാത്രാസൌകര്യങ്ങള്‍ തീരെ കുറവായതിനാല്‍ മിക്കവാറും കാല്‍നടയായി തന്നെയായിരുന്നു രോഗികളുടെ വീട്ടിലേക്കുള്ള യാത്ര. രാത്രികാലങ്ങളില്‍ പല തവണ വിവിധ ദിക്കുകളിലേക്ക് നാഴികകളോളം നടന്നു പോകേണ്ടിയിരുന്നു. അല്ലെങ്കില്‍ വിവരമറിയിച്ചു വരു ന്ന രോഗിയുടെ ബന്ധുവിന്റെയൊ സുഹൃത്തിന്റെയൊ കൂടെ സൈക്കിളില്‍. മുന്‍വശത്തെ തണ്ടില്‍ ഡോക്ടറും പിറകിലെ സീറ്റില്‍ മരുന്നുപെട്ടിയും വഹിച്ചുള്ള ആ ‘സൈക്കിള്‍ ആംബുല ന്‍സ്’ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞിരിക്കുന്നു. അക്കാലത്തെ ഡോക്ടര്‍മാരുടെ ജനകീയതയ്ക്ക് ഏറ്റവുമധികം കാരണമായിരുന്നത് ‘ഹൌസ് കാള്‍’ എന്ന ഓമനപ്പേരുള്ള ഇത്തരം ദുരിതയാത്രകളായിരുന്നു.

1977ല്‍ കേരള ആരോഗ്യവകുപ്പില്‍ അസി. സര്‍ജനായി ചേര്‍ന്നു. ആദ്യത്തെ നിയമനം കര്‍ണാടക  സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന മലയോര കുടിയേറ്റ കേന്ദ്രമായ പാണത്തൂര്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തില്‍. അക്കാലത്തെ എല്ലാ കുടിയേറ്റ മേഖലയെയും പോലെ തീര്‍ത്തും അടിസ്ഥാനപരമായ യാതൊരു സൌകര്യങ്ങളുമില്ലാത്ത കുഗ്രാമം. ഒരു മെഡിക്കല്‍ഷോപ്പ് കാണണമെങ്കില്‍ 28 കിലോമീറ്റര്‍ അകലെ. എക്സ്റേ, രക്തപരിശോധന തുടങ്ങിയവയ്ക്ക് അമ്പത് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട്ടെത്തണം. ഏകദേശം മുപ്പത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തിന് ആധുനിക ചികിത്സയ്ക്ക് ആശ്രയിക്കാവു ന്ന ഒരേയൊരു കേന്ദ്രം ആയിരുന്നു അത്. ഡിസ്പന്‍സറി സ്ഥാപിച്ച് എട്ടു മാസത്തിനുള്ളില്‍ ആറു ഡോക്ടര്‍മാര്‍ ചാര്‍ജ്ജ് എടുത്തയുടനെ സ്ഥലം വിട്ടി രുന്നു. ഏഴാമനായി എത്തിപ്പെട്ട ഡോക്ടര്‍ അവിടെതന്നെ തുടരുമെന്ന് ജനങ്ങ ള്‍ക്ക് ബോധ്യമായപ്പോള്‍ അവരുടെ നിസ്സംഗത മാറി.

‘നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം’ എന്ന കവിവചനം ബോധ്യമായ ദിനരാത്രങ്ങളായിരുന്നു അത്. അവിടുത്തെ പള്ളിവികാരി ഫാ. ജോസഫ് മേലേ ടത്തിന്റെയും എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സഹകരണ ത്തോടെ സ്വന്തമായ ആശുപത്രികെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗ മായി ആ പഞ്ചായത്തിലെ വീടുകളിലെല്ലാം പണപ്പിരിവിനായി കയറിയിറ ങ്ങിയത് ജനങ്ങളുമായി ആത്മ ബന്ധം അരക്കിട്ടുറപ്പിക്കുവാന്‍ സഹായിച്ചു. മൂന്നര വര്‍ഷത്തിനു ശേഷം സ്ഥലംമാറ്റം ലഭിച്ച് അവിടുന്ന് പോരുമ്പോള്‍ ആ ഗ്രാമം മുഴുവന്‍ ചേര്‍ന്നു നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പ് ഇന്നും ജീവിത ത്തില്‍ മറക്കാനാവാത്ത അനുഭവമായി നിറഞ്ഞു നില്‍ക്കുന്നു.
പിന്നീട് ദീര്‍ഘകാലം ജോലി ചെയ്ത ഉദുമ, കൊയിലാണ്ടി, കാസര്‍കോഡ് എന്നിവിടങ്ങളിലെ ഗവ: ആശുപത്രികളിലെല്ലാം പാണത്തൂരിലെ ആദ്യകാല അനുഭവങ്ങള്‍ ഒരു ജനറല്‍ പ്രാക്ടീഷറെന്ന നിലയ്ക്കും പിന്നീട് നേത്രരോഗ വിദഗ്ദന്‍ എന്ന നിലയ്ക്കും വലിയ പ്രചോദനമായിരുന്നു. രണ്ടു പതിറ്റാണ്ടി ലധിക കാലത്തെ ഗവ: സര്‍വ്വീസിനു ശേഷം മൂന്നുമാസം കണ്ണൂര്‍ ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ ചാര്‍ജ്ജ് കൂടി വഹിച്ച ശേഷമാണ് സ്വയം വിരമിച്ചത്.

മുപ്പത്തിയാറു വര്‍ഷത്തെ ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും വ്യക്തികളും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയില്‍ മങ്ങാത്ത ഓര്‍മയായി ഇന്നും തെളിയുന്നത് ഉദുമ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ഒരു സംഭവമാണ്. പ്രണയ വിവാഹത്തിനു ശേഷം ഉദുമയിലെത്തിയ ബോംബെക്കാരി യുവതി പ്രസവാ നന്തരമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി. ഏതാണ്ട് നാഡിമിടിപ്പു പോലും നിലച്ച നിലയില്‍ ആ യുവതിയെ 20 കിലോമീറ്ററില ധികം ദൂരമുള്ള (ചന്ദ്രഗിരിപ്പാലം പണിയുന്നതിനു മുമ്പ്) കാസര്‍കോഡ് നഴ്സിംഗ് ഹോമിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയ നടത്തി, എട്ടു കുപ്പി രക്തം നല്‍കി രക്ഷപ്പെടുത്തുകയും ചെയ്ത അനുഭവം മറക്കാനാവാത്ത ത്. അവര്‍ക്കു നല്‍കിയ എട്ടു കുപ്പിയിലൊന്ന് സ്വന്തം രക്തമാണെന്നത് ഇന്നും ചാരിതാര്‍ത്ഥ്യം തോന്നുന്നു. പിന്നീട് ആ കുടുംബം കുഞ്ഞിന് പേരിടാനായി ഡോക്ടറുടെ വീട്ടിലെത്തുകയും പ്രിയ എന്നു പേരിട്ടതുമെല്ലാം അദ്ദേഹം ഒരു ചെറുപുഞ്ചിരി യോടെ ഓര്‍മിച്ചെടുക്കുന്നു.

പരിശോധന സമയം

സൌദിഅറേബ്യയിലെ പ്രവാസികളെ സംബന്ധിച്ചേടത്തോളം ഇവിടുത്തെ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന ‘മനുഷ്യപ്പറ്റ്’ നല്‍കുന്ന സാന്ത്വനം ചെറുതല്ല. റിയാദിലെ, വിശിഷ്യാ ബത്ഹയിലെ  പോളിക്ളിനിക്കുകളിലേക്കുള്ള പ്രവാസികളുടെ പ്രവാഹം (പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളില്‍) ഈ രംഗത്ത് വറ്റാതിരിക്കുന്ന ജീവകാരുണ്യ സ്പര്‍ശത്തിന്റെ തെളിവാണ്. സൌദിയിലെ ആരോഗ്യസേവന രംഗത്തുള്ള കര്‍ശനമായ നിയമനിയന്ത്രണ സംവിധാനങ്ങള്‍, ആതുരാലയങ്ങള്‍ നടത്തുന്നവരുടെ സാമൂഹ്യ പ്രതിബദ്ധത, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ അനേകം സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടലുകള്‍, സംഘടനകളുമായി ഡോക്ടര്‍മാരുടെ സഹവര്‍ത്തിത്വം നിറഞ്ഞ പ്രവര്‍ത്തന രീതി തുടങ്ങിയവയെല്ലാം ഗള്‍ഫ് മേഖലയിലെ ചികിത്സാരംഗത്തെ കൂടുതല്‍ ജനകീയവും നന്‍മ നിറഞ്ഞതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതായി അദ്ദേഹം പറയു മ്പോള്‍ അത് ഒരു യാഥാര്‍ത്ഥ്യമെന്ന് നമുക്കും ബോധ്യപ്പെടും.

പ്രവൃത്തിയാണ് ആരാധന എന്ന ഗാന്ധിവചനം ജീവിതത്തില്‍ പകര്‍ത്തിയവ രാണ് പ്രവാസികള്‍ എന്നാണ് ഡോക്ടറുടെ അഭിപ്രായം. നാടിനും കുടുംബ ത്തിനുമായി സര്‍വ്വതും ത്യജിച്ചുള്ള ജീവിതം. സാധാരണക്കാരുടെ ജീവിതക്ളേ ശങ്ങളെ നാട്ടിലേതിനെക്കാള്‍ നേരിട്ട് അറിയാനാവുന്നു എന്നതാണ് ഗള്‍ഫ് ജീവിതത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ നിതാന്ത ശത്രുക്കളായ രാജ്യ ങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും യാതൊരു കുഴപ്പവുമില്ലാതെ സഹോദര തുല്യമായ സ്നേഹത്തോടെ കഴിയുന്ന അത്ഭുതക്കാഴ്ചയും പ്രവാസജീവിത ത്തില്‍ മാത്രം കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമെന്ന് ഡോക്ടര്‍ അടിവരയിടു ന്നു. ഒപ്പം തന്നെ പ്രവാസജീവിതത്തിന്റെ മറ്റൊരു നേട്ടം സ്ഥിരോത്സാഹത്തി ലൂടെയും കഠിനപ്രയത്നത്തിലൂടെയും ഏതു ദുര്‍ഘട ജീവിത സാഹചര്യങ്ങളെ യും അതിജീവിക്കാനാവും എന്ന പാഠം ഓരോരുത്തരും മനസ്സിലാക്കുമെന്ന താണ്.

അതുപോലെ ഏറെ ആഹ്ളാദിക്കുന്ന ഒരു കാര്യം ലോകത്തിന്റെ ഏതു കോണിലുമുള്ള ചിലരെയെങ്കിലും സ്വന്തം കൈകൊണ്ട് ചികിത്സിക്കാനായി എന്നതാണ്. അവനവന്റെ ജീവിതത്തിലെ വെളിച്ചമായ സ്വന്തം കണ്ണിന്റെ സംരക്ഷണത്തിനായി നല്‍കുന്ന ഉപദേശങ്ങള്‍ ശിരസ്സാവഹിച്ച് പടിയിറങ്ങുന്ന മനുഷ്യന്റെ അത് അഫ്ഗാനിയാവട്ടെ, സൊമാലിയക്കാരനാവട്ടെ അവരുടെ മുഖത്ത് വിരിയുന്ന കൃതജ്ഞത പ്രവാസ ജീവിതകാലത്തെ ആരോഗ്യപ്രവര്‍ ത്തനത്തിനുള്ള ശ്രേഷ്ഠമായ പ്രതിഫലമായാണ് കരുതുന്നത്. കൂടുതല്‍ അനുഭാവം തോന്നിയ സമൂഹം ഇവിടുത്തെ ബംഗ്ളാദേശി പൌരന്‍മാരാണ്. സാംസ്ക്കാരികമായും സാമൂഹികപരമായും ഇനിയുമൊരുപാട് മുന്നേറാനു ണ്ട് ഇവര്‍.

റിയാദില്‍ സഫാമക്ക ഗ്രൂപ്പില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി സേവനം നട ത്തുന്ന ഇദ്ദേഹം ഇപ്പോള്‍ ന്യൂ സഫാമക്ക പോളിക്ളിനിക്കിലെ നേത്രരോഗ വിദഗ്ദ നും മെഡിക്കല്‍ ഡയറക്ടറുമാണ്.
നാട്ടിലും ഇവിടെയുമായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോക്ടര്‍. റെഡ്ക്രോസ് സൊ സൈറ്റി, അന്ധതാ നിവാരണ സമിതി, കാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയ സേവന സംഘടനക ളുമായി മുമ്പ് സജീവമായി സഹകരിച്ചിരുന്നു. റിയാദില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പയ്യ ന്നൂര്‍ സൌഹൃദവേദി തുടങ്ങിയവയിലൂടെ ജനസേവന വഴിയില്‍ ഒഴിവു സമയം സക്രിയമാക്കുന്നു. കൂടാതെ സാംസ്ക്കാരിക സംഘടനകളും വിദ്യാ ഭ്യാസ സ്ഥാപനങ്ങളും വഴി സൌജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘ ടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാരഥികളുടെയും സഹപ്രവര്‍ത്തകരുടെയും നിസ്സീമമായ സഹകരണം തനിക്ക് ഉള്‍ക്കരുത്തേകുന്നുവെന്ന് ഡോക്ടറുടെ കൃതജ്ഞത നിറഞ്ഞ വാക്കു കള്‍.
പ്രൊഫ: എം.പി. മന്‍മഥന്‍ സ്ഥാപിച്ച അക്ഷയ പുസ്തകനിധിയുടെ 2010ലെ ആരോഗ്യ സേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ‘അക്ഷയ ഗ്ളോബല്‍ അവാര്‍ഡ്’ ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ഡോക്ടറെത്തേടിയെത്തിയി ട്ടുണ്ട്.
ജനനം കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരില്‍. പിതാവ് രാമന്‍, മാതാവ് പാട്ടി യമ്മ. ഭാര്യ പ്രമീള. മക്കള്‍ നിമിത (സിവില്‍ എഞ്ചിനീയര്‍), സുമിത (വെല്ലൂര്‍ മെഡിക്കല്‍ കോളേജ്), പ്രമിത (ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ബാംഗ്ളൂര്‍). എറണാകുളം ആംഗിള്‍പ്ളസ് കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡി. സുജേഷ് മരുമകനാണ്.
കക്ഷിരാഷ്ട്രീയവുമായി സജീവമായ ബന്ധമൊന്നുമില്ലെങ്കിലും ഗാന്ധിയന്‍ ആശയങ്ങളോടാണ് പ്രതിപത്തി. ഇന്ത്യ മറക്കുന്നതും ലോകം കൊതിക്കുന്നതും ഗാന്ധിയന്‍ മാര്‍ഗ്ഗമാണെന്നാണ് ഡോക്ടറുടെ അഭി പ്രായം.


ന്യൂ സഫാമക്ക കുടുംബ സംഗമത്തില്‍ ക്ളിനിക്ക് ഡയറക്ടര്‍ 
സാലെഹ് അല്‍ ഖര്‍ണി ഡോ. ഭരതന് മെമെന്റോ സമ്മാനിക്കുന്നു 

---------------------------------------------------------------------------
2012 ജൂണ്‍ 3,  മലയാളം ന്യൂസ്, സണ്‍ഡേ പ്ലസ്  
--------------------------------------------------------------------------------------------

Monday, May 28, 2012

മലയാളത്തിന്‍റെ നീര്‍മാതളം


കമലാ സുരയ്യയുടെ വേര്‍പാടിന് മെയ് 31ന് മൂന്നുവര്‍ഷം


മലയാള കഥാസാഹിത്യത്തില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന മാമൂലുകളെ ധീരമായി പൊളിച്ചെഴുതുകയും മലയാളിയുടെ കപട സദാചാരങ്ങള്‍ക്ക് നേരെ ധിക്കാരപൂര്‍വ്വം എന്നാല്‍ കാവ്യാത്മകമായും പ്രതികരിക്കുകയും ചെയ്ത മനുഷ്യസ്നേഹി,
മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും പ്രണയത്തിനായ് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മലയാളത്തിന്റെ നീര്‍മാതളം, കമലാസുരയ്യ.

സ്വന്തം ഭാവനയിലെ ജീവിതാവിഷ്ക്കാരത്തിന് വാക്കുകളുടെ മൂര്‍ച്ച കൂടിപ്പോയതിന്റെ പേരില്‍ സാംസ്ക്കാരിക കേരളം ഞെട്ടലോടെ നെറ്റി ചുളിക്കുകയും എന്നാല്‍ ആ സര്‍ഗ ചേതനയുടെ അനുകിരണങ്ങളില്‍ അനുവാചകന്‍ മോഹപ്പെട്ടു പോവുകയും ചെയ്തു എന്നതാണ് നേര്.
ലൈംഗികത ഒരു വിഷയമായിട്ടു കൂടി അതിനുള്ളിലെ ആത്മീയതയുടെ താളമാണ് അവരുടെ എഴുത്തിനെ ശക്തവും മനോഹാരിതയുളവാക്കുകയും ചെയ്തതെന്ന് അതിശയോക്തിയ്ക്കിടം നല്‍കാതെ തന്നെ പറയാനാവും.

ധിക്കാരത്തിന്റെ കാതലുമായി കഥാരചനയില്‍ മുഴുകുമ്പോഴും ഒരു നിഷേധിയുടെ ചുട്ടിവേഷം എടുത്തണിയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സമൂഹത്തോടുള്ള പ്രതിബദ്ധതകളില്‍ നിന്നും
വ്യതിചലിക്കാതെയുള്ള ഇടപെടലുകളാണ് കഥാകാരിയെന്ന റോളില്‍ അവരില്‍ നിന്നുണ്ടായത്.
സദാചാര ബോധത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ പറ്റി എഴുത്തിലും ജീവിതത്തിലും അവര്‍ പുലര്‍ത്തിയ നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളും മാനസികമായ ഒറ്റപ്പെടുത്തലുകളടക്ക മുള്ള ചെയ്തികളിലേക്ക് ചുറ്റുമുള്ളവര്‍ അരങ്ങൊരുക്കിയപ്പോഴും തന്നെ സ്നേഹിക്കുന്ന, പ്രണ യിക്കുന്ന ഒരദൃശ്യ ശക്തി തന്നോടൊപ്പം ഉണ്ടെന്ന വിശ്വാസം അവര്‍ക്ക് ധൈര്യം പകര്‍ന്നു. ആ ചൈതന്യത്തിന് എന്തു പേരിട്ടു വിളിച്ചാലും എതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ ഇടു ങ്ങിയ ഒറ്റഫ്രൈയിമിലേക്ക് ഒതുങ്ങി നില്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

തന്റേടിയായ ഒരു പെണ്ണിന്റെ ഒച്ചയുടെ കനല്‍ കരളിലേറ്റാന്‍ നമ്മുടെ കലാകേരളം ഇനിയും വളര്‍ച്ചയെത്തിയിട്ടുണ്ടോ എന്ന ചോദ്യം നാം പരസ്പ്പരം ചോദിക്കേണ്ട മുഹൂര്‍ത്തമാണിത്.
ജീവിതത്തില്‍ ഒരുപാട് ഭൂകമ്പങ്ങള്‍ ഏറ്റുവാങ്ങി, സ്വന്തം ഭൂമികയില്‍ നിന്നും മനഃശാന്തി തേടി കാതങ്ങള്‍ താണ്ടുകയും കോലം കെട്ടു പോയ കാലത്തിന്റെ വിചാരത്തിന്നടരുകളിലേക്ക് നോക്കി ഭൂമിയില്‍ കരുണ വറ്റിയിരിക്കുന്നു എന്ന് ഉറക്കെ വിലപിച്ച മലയാള കഥാ പ്രപഞ്ചത്തി ലെ മഹാറാണി, മലയാളത്ത സാഹിതീ നഭസ്സിലെ പുലര്‍ക്കാല നക്ഷത്രം കമലാ സുരയ്യ നമ്മില്‍ നിന്നും മാഞ്ഞു മറഞ്ഞിട്ട് വേദനയുടെ മൂന്നാണ്ട്.

Thursday, May 17, 2012

അടുപ്പില്ലാത്ത വീട്
രാത്രിയിലെപ്പൊഴോ അവള്‍ പറഞ്ഞ കാര്യം കാത് തുളഞ്ഞപ്പോള്‍ തമാശയായിരിക്കുമെന്ന് വിചാരി ച്ചെങ്കിലും ആ ഭാവത്തില്‍ നിന്നും കാര്യത്തിന്റെ പന്തികേട് മനസ്സിലായപ്പോള്‍ നമ്പീശന്‍ അല്‍പ്പം ക്രുദ്ധ നായി.
കയറിക്കിടക്കുന്ന സ്വന്തം കൂരയും പതിനാറ് സെന്റ് പുരയിടവും വിറ്റ് ആ കാശുമായി നഗരസമീപമെ വിടെയെങ്കിലും ഒരു വീട് വാങ്ങി താമസമാരംഭിക്കാമെന്ന ബുദ്ധി അവളിലുദിക്കാന്‍ കാരണമെന്തന്ന ന്വേഷിക്കുകയാണിപ്പോള്‍ നമ്പീശന്‍.
നമ്പീശന്റെ ചിന്ത കാടു കയറുന്ന നേരത്ത് ആക്രിക്കച്ചവടക്കാരന്‍ മുത്തു മുറ്റത്ത് വന്ന് അകത്തേക്ക് ഏമ്പക്കമിട്ടു.
'..ചേച്ച്യേ.. പഴയ സാധനങ്ങള്‍ വല്ലതും തൂക്കിക്കൊടുക്കാനുണ്ടാ..'
അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന അവള്‍ നമ്പീശന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി.
'..ഇപ്പോഴൊന്നും ഇരിപ്പില്ല മുത്തൂ.. പക്ഷേങ്കീ അടുത്ത് തന്നെ നല്ലൊരു കോളുണ്ടാവും.. ഒന്നുരണ്ടാഴ്ച കഴിഞ്ഞ് വന്ന് നോക്ക്യാല് മുത്തൂന് തന്ന്യാ മെച്ചം..'
ഒന്നും മനസ്സിലാവാതെ പാവം മുത്തു നമ്പീശന്റെ കണ്ണിലേക്ക് നോക്കി. നമ്പീശന്‍ ചുമരില്‍ പറ്റി നില്‍ ക്കുന്ന പല്ലിയുടെ കണ്ണിലേക്ക് മിഴിയുറപ്പിച്ച് അനങ്ങാതിരുന്നു. അവള്‍ നമ്പീശന്റെ മുഖത്തേക്ക് നോക്കി അമര്‍ത്തിയൊന്ന് മൂളിയ ശേഷം അകത്തേക്ക് കയറിപ്പോയി.
'ചേച്ച്യേ.. ഇത്തിരി കഞ്ഞിവെള്ളം കിട്ടിയെങ്കീ..'
മുത്തു വീണ്ടും വാ തുറന്നപ്പോള്‍ നമ്പീശന്‍ അസ്വസ്ഥനായി.
കയ്യില്‍ ചെറിയൊരു പാത്രം നിറയെ കഞ്ഞിവെള്ളവുമായി അവള്‍ വീണ്ടും ഉമ്മറത്തെത്തി.
'ഇപ്പോ.. കഞ്ഞിവെള്ളമൊക്കെ കുടിച്ചേച്ച് പോ.. ഇനി വരുമ്പോ നല്ല സോഫ്റ്റ് ഡ്രിങ്കായിരിക്കും മുത്തൂ ന് കിട്ട്വാന്‍ പോണെ..'
മുത്തുവിനൊന്നും മനസ്സിലായില്ലെന്ന് തോന്നുന്നു. അവന്‍ കഞ്ഞിവെള്ളമിറക്കാതെ കവിള് വീര്‍പ്പിച്ച് തലയാട്ടി.

* * * * * * * * * * * * *
കുട്ടികള്‍ രണ്ടുപേരും പഠനമുറിയില്‍ ഹോംവര്‍ക്കുകളില്‍ തല പുകയ്ക്കുന്നു.
പുറത്ത് ഇരുട്ടിനോടൊപ്പം തണുപ്പും കനത്തു.
നമ്പീശന്‍ മുറിയിലെ തണുപ്പിലേക്ക് ബീഡിപ്പുക ഊതിവിട്ടുകൊണ്ടേയിരുന്നു. നമ്പീശന്റെ ഇരുപ്പും ഭാവ വും കണ്ട് അവളുടെ തല പെരുക്കാന്‍ തുടങ്ങി.
'..ശ്ശൊ.. മനുഷ്യാ.. വെറുതെ ഇങ്ങനെ ഇരുന്ന് സമയം കളയാതെ പിള്ളേര്‍ക്ക് വല്ലതും പറഞ്ഞു കൊടു ക്കാന്‍ നോക്ക്.. അടുത്തയാഴ്ച്ച അവര്‍ക്ക് പരീക്ഷയാണെന്നുള്ള വല്ല വിചാരോം നിങ്ങക്കുണ്ടോ..'
പഠിപ്പിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ലാത്ത എന്റെ കുഞ്ഞുങ്ങള്‍ക്ക് ഞാനെന്തിനാ ഭാര്യേ എന്റെ വിവര ക്കേട് വെച്ചു വെളമ്പിക്കൊട്ക്കണേ.. എന്ന് ചോദിക്കാന്‍ നാവ് വളച്ചെങ്കിലും വായില്‍ ശേഷിച്ച ബീഡി പ്പുകയ്ക്കിടയിലെവിടെയോ വാക്കുകള്‍ തട്ടിത്തടഞ്ഞ് ഉരുണ്ടു.
കുട്ടികള്‍ പഠിപ്പു നിര്‍ത്തി. അവളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അവരെ ഉറക്കുന്നതുമെല്ലാം വിചാരി ക്കാതെ കണ്ണില്‍ തടഞ്ഞ തെരുവ് നാടകം കാണുന്ന പോലെ നമ്പീശന്‍ നോക്കി നിന്നു.
'.. ദേ.. അവിടെ തന്നെയിരുന്ന് വേരിറങ്ങേണ്ട.. വന്ന് അത്താഴം കഴിക്ക്..'
പാത്രങ്ങളുടെ ശബ്ദം. ഒപ്പം അവള്‍ മൂക്ക് പിഴിയുന്നതും വാതില്‍പ്പടിയിലിരിക്കുന്ന പൂച്ചയെ ചീത്ത വിളിക്കുന്ന ശബ്ദവുമെല്ലാം വീട്ടിനുള്ളില്‍ പ്രകമ്പനം കൊണ്ടു.

അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി അവള്‍ കുളിമുറിയിലേക്ക് കയറി.

രാത്രി പിന്നേയും വളര്‍ന്നു.
മുറിയിലെ മൂലയില്‍ ഇരുട്ടില്‍ പൊതിഞ്ഞ ടി.വി ഓണ്‍ ചെയ്തു.
അവള്‍ വരുന്നതു വരെ ടി.വി. പ്രോഗ്രാം കണ്ടിരിക്കാം.
രാത്രിസമയത്തെ വാര്‍ത്തയാണിപ്പോള്‍..
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലൂടെ.., നഗരത്തിലെ മാലിന്യം നീക്ക ചെയ്യുന്ന പ്രശ്ന ങ്ങളിലൂടെ വന്ന് സ്വര്‍ണ്ണവില കുതിച്ചു കയറുന്നതും അമേരിക്കയുടെ വല്ല്യേട്ടന്‍ നയവുമെല്ലാം കടന്ന് ഉത്തരേന്ത്യന്‍ പട്ടണത്തിലെവിടെയോ നടക്കുന്ന സൌന്ദര്യ മത്സരത്തിന്റെ തത്സസമയ സംപ്രേഷണത്തി ലാണ് വാര്‍ത്ത വന്നു നിന്നത്.
'..എവിടേലും പെമ്പിള്ളേര് കോലം കെട്ടുന്നതും നോക്കി വെള്ളമെറക്കിയിരുന്നോ..' മക്കള് തലക്കു മേലെ വളര്‍ന്നു നിപ്പൊണ്ടെന്ന കാര്യം മറക്കണ്ട.. നാണമില്ലാത്ത മനുഷ്യന്‍..'
കുളിമുറിയില്‍ നിന്നുമിറങ്ങി വന്ന ഭാര്യ നനഞ്ഞ തോര്‍ത്തുമുണ്ട് ശബ്ദത്തോടെ കുടഞ്ഞ് അയാളുടെ നേരെയെറിഞ്ഞു. കോളേജില്‍ പഠിക്കുന്ന കാലത്തെ വിദഗ്ദ്ധനായ ഗോള്‍കീപ്പര്‍ അയാളില്‍ പിടഞ്ഞു. തോര്‍ത്ത്മുണ്ട് കൈപ്പിടിയിലൊതുക്കി അയാള്‍ പുഞ്ചിരിച്ചു. എന്നിട്ടും ദേഷ്യം തീരാതെയവള്‍ ടിവിയു ടെ സ്വിച്ച് ഓഫ് ചെയ്ത് മുറിയിലേക്ക് കയറി വാതില്‍ വലിച്ചടച്ചു.
കുട്ടികള്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ടാവണം.. അയാളോര്‍ത്തു.
നമ്പീശന്‍ എഴുന്നേറ്റ് മുറിയുടെ കതക് മെല്ലെ തള്ളി.
അകത്ത് നിന്നും അടച്ചിരുന്നില്ല. വാതില്‍ മലര്‍ക്കെ തുറന്നു. കുട്ടികള്‍ സുഖമായുറക്കം തന്നെ. അവള്‍ ഈറന്‍ മാറുകയാണ്.

* * * * * * * * * * * * *
പിറ്റേന്ന് പുലര്‍ന്നു.
കുട്ടികള്‍ സ്കൂളിലേക്കും നമ്പീശന്‍ ജോലിസ്ഥലത്തേക്കുമൊക്കെയായി ചിതറി.
നമ്പീശന്റെ ഭാര്യ വീട്ടുജോലികളിള്‍ മുഴുകിയിരിക്കുമ്പോള്‍ ഉമ്മറത്ത് ആരോ ഒരാള്‍..
കോളിംഗ്ബെല്ലിന്റെ ഒച്ച അകമാകെ നിറഞ്ഞു.
'..ആരാ.. എന്തു വേണം..' മുറ്റത്തു കണ്ട അപരിചിതന്റെ മുമ്പില്‍ അവളൊന്നു പതറി.
അയാള്‍ ചമ്മലില്ലാതെ പരത്തിച്ചിരിച്ചു.
'..ഞാന്‍ പട്ടണത്തീന്ന് വരുന്നു.. നിങ്ങളെപ്പോലെയുള്ള വീട്ടമ്മമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോ ടെ പടുത്തുയര്‍ത്തിയ ഒരു സംരംഭമാണ് ലോണ്‍ ഫോര്‍ കേരള.. ഞാനാ സ്ഥാപനത്തിന്റെ ഈ മേഖല യിലെ പ്രതിനിധി..'
നമ്പീശന്റെ ഭാര്യ അന്തം വിട്ടു നിന്നു. പ്രതിനിധി പിന്നേയും ചിരിച്ചു.
'അലക്കുക.., വെക്കുക.., തൂത്തു വാരുക.. ഈയൊരു കാര്യമേയൊള്ളോ സ്ത്രീകളായാല്‍.. അവള്‍ക്ക് വീട്ടുജോലികള്‍ കുറഞ്ഞാല്‍ വേറെയെന്തെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.. പക്ഷേ, നമ്മുടെ സമൂ ഹം അങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും മുന്‍തൂക്കം കല്‍പ്പിക്കുന്നില്ല.. ലക്ഷ്യബോധമില്ലാത്ത ലോക ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വന്നവരാണ് ഞങ്ങള്‍.. ലോണ്‍ ഫോര്‍ കേരള.. അടുക്കള ജോലിയും മറ്റു മായി ഇനി നിങ്ങള്‍ പ്രയാസപ്പെടേണ്ടതില്ല.. എന്തിന്, പുതുപുത്തന്‍ വീടുകള്‍ക്കൊന്നുമിപ്പോള്‍ അടു പ്പോ അടുക്കളയോ ഇല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എത്ര മാത്രം വിശ്വസിക്കും... പക്ഷേ വിശ്വസിക്കണം.. കണ്ണഞ്ചിപ്പിക്കുന്ന ചാനല്‍ പ്രോഗ്രാമുകളോ കണ്ണിനെ ഈറനണിയിക്കുന്ന പരമ്പരകളോ നിങ്ങള്‍ക്കു കാ ണാന്‍ കഴിയുന്നില്ല.. നിങ്ങളെപ്പോഴും അടുക്കളയിലെ പുകമറയ്ക്കുള്ളിലാണ്.. നിങ്ങളുടെ ജീവിത സൌകര്യങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍..
പ്രതിനിധി പറഞ്ഞു നിര്‍ത്തി.
അവള്‍ വാ പൊളിച്ചു കൊണ്ട് അയാളുടെ കണ്ണിലേക്ക് നോക്കി നിന്നു.


* * * * * * * * * * * * *

വൈകീട്ട് കുട്ടികള്‍ സ്ക്കൂള്‍ വിട്ടു വന്നപ്പോള്‍ ഉമ്മറത്തോ വീട്ടിന്റെ പിന്‍ഭാഗത്തോ അമ്മയെ കണ്ടില്ല. ചൂടുകാപ്പിയും പലഹാരവുമായി അടുക്കളയിലും അമ്മയെ കാണാതായപ്പോള്‍ കുട്ടികളുടെ കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി.
മൂത്ത കുട്ടി കരച്ചിലോടെ കിടപ്പുമുറിയിലേക്ക് കടന്നപ്പോഴാണ് അമ്മ കട്ടിലില്‍ താടിയ്ക്കു  കയ്യും കു ത്തി വല്ലാത്ത ഭാവത്തില്‍ ഇരിക്കുന്നു. കരച്ചലടക്കി പിടിച്ചു കൊണ്ട് കുട്ടി ചിണുങ്ങി.. അവള്‍ ഉറക്ക ത്തില്‍ നിന്നെന്ന പോലെ ഞെട്ടി. ഞാനെവിടെയാണെന്നും  എന്തൊക്കെയാണ് സംഭവിച്ചതെന്നുമൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.
കുട്ടികള്‍ക്ക് ചായയും പലഹാരവും കൊടുക്കുന്ന കാര്യം  അപ്പോഴാണ് അവള്‍ക്കോര്‍മ വന്നത്. മക്കളെ കുളിമുറിയിലേക്കയച്ച് പെട്ടെന്ന് എന്തെങ്കിലും പലഹാരങ്ങളുണ്ടാക്കാന്‍ ധൃതി വെയ്ക്കുമ്പോള്‍ നമ്പീശ നും കയറി വന്നു.
കുഞ്ഞുങ്ങളോടൊപ്പമിരുന്ന് കാപ്പി കഴിക്കുമ്പോഴും ടെലിവിഷനിലെ വാര്‍ത്ത കേട്ടിരിക്കുമ്പോഴും ഭാര്യ യുടെ മിണ്ടാട്ടമില്ലായ്മ നമ്പീശനെ വല്ലാതെ അലട്ടി.
സദാ നേരവും വെറുതെ ഒച്ചപ്പാടുണ്ടാക്കുന്ന അവളുടെ ഭാവമാറ്റം അയാളില്‍ അസ്വസ്ഥത മുള പൊട്ടി.
ഭാര്യയും ഭര്‍ത്താവും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം സാമ്പത്തിക പരാധീനത മൂലം ആഃ്മഹ ത്യ ചെയ്ത കാര്യം വാര്‍ത്താവായനക്കാരി പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിട്ടും ഭാര്യയുടെ മുഖത്ത് നിര്‍വ്വികാരത.
ചില ദുരന്തവാര്‍ത്തകള്‍ അവളെ പലപ്പോഴും പിടിച്ചുലയ്ക്കാറുണ്ട്.
കടലുണ്ടിയിലെ തീവണ്ടിയപകടം..
സുനാമിയില്‍ തീരം നഷ്ടപ്പെട്ട മനുഷ്യക്കൂട്ടങ്ങള്‍..  മറ്റു ചില റോഡപകടങ്ങള്‍..
അത്തരം വാര്‍ത്തകള്‍ ടിവിയിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന നേരത്ത് സംഭവ സ്ഥല ത്തെത്തിയ പോലെ അവള്‍ കണ്ണീരും കയ്യുമായി...
പക്ഷേ.., ഇന്നിവള്‍ക്കെന്തു പറ്റി..?
ഇപ്പോള്‍ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ചില സുഹൃത്തുക്കളും പരിസര വാസികളും ക്യാമറ യ്ക്കു മുമ്പിലുണ്ട്. സ്ക്രീനില്‍ നിന്ന് സുന്ദരി മാഞ്ഞു. കട്ടിമീശയുള്ള യുവാവാണിപ്പോള്‍ ക്യാമറയ്ക്കു മുമ്പിലുള്ളവരിലേക്ക് ചോദ്യങ്ങള്‍ എറിയുന്നത്. യുവാവിന്റെ ആവേശം നമ്പീശനില്‍ ചിരി വിടര്‍ത്തി.
യുവാവിപ്പോള്‍ ചാനലിന്റെ കൊച്ചി സ്റുഡിയോയില്‍ ഒരു മനഃശാസ്ത്ര വിദഗ്ദ്ധനേയും ഒരിക്കല്‍ ആത്മഹത്യാ ശ്രമം പരാജയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്റുഡിയോയിലും കണ്‍മുമ്പി ല്‍ ഒട്ടേറെ ആത്മഹത്യകള്‍ തൂങ്ങിയാടി കരളുറപ്പ് കൈവന്ന കര്‍ഷക യുവാവിനെ വയനാട്ടില്‍ നിന്ന് ടെലിഫോണ്‍ വഴിയും ചര്‍ച്ചയ്ക്കായി ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്..
വാക്  കസര്‍ത്തുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കൊലുന്നനെയുള്ള പയ്യന്‍ ആഃ്മഹത്യയ്ക്ക് എന്തെ ങ്കിലും കാരണം കണ്ടെത്തി ഞെളിയുന്നതിന് മുമ്പ് നമ്പീശന്‍ ചാനല്‍ മാറ്റി.
അടുത്തതില്‍ തെളിഞ്ഞത് പുതിയ ഹിറ്റ് സിനിമയുടെ ഇത്തിരിപ്പോന്ന ഭാഗങ്ങള്‍..
മുഖ്യമന്ത്രിയുടെ നെറ്റിയില്‍ റിവോള്‍വര്‍ അമര്‍ത്തി നായകന്റെ ഭരണിപ്പാട്ട്.. ശേഷം നായികയുടെ മൂക്കി ന്‍മുകളില്‍ നിന്ന് തുടങ്ങുന്ന നായകന്റെ ചുംബന സഞ്ചാരം.. അത് താഴോട്ട് താഴോട്ട് ഊര്‍ന്നിറങ്ങുന്നു.
കുട്ടികളുടെ ശ്രദ്ധ അവരിലേക്ക് തെന്നുന്നുവെന്നറിഞ്ഞ നമ്പീശന്‍ ടി.വി. ഓഫ് ചെയ്ത് അവരേയും കൂട്ടി പഠനമുറിയിലേക്ക് നടന്നു.
കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ ചില സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുമ്പോഴാണ് നമ്പീശനോട് ചേര്‍ ന്ന് അവള്‍ വന്നിരുന്നത്.
ഉച്ചയ്ക്ക് മുമ്പ് ലോണ്‍ ഫോര്‍ കേരളയുടെ പ്രതിനിധി വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി വി ടാതെ അവള്‍ നമ്പീശനോടോതി.
'..ഞാന്‍ പറഞ്ഞില്ലേ.. നമ്മുടെ വീടും പറമ്പും വിറ്റ് നഗരത്തിലെവിടെയെങ്കിലുമൊരു വീട് വാങ്ങുന്ന കാര്യം.. വീട്ടുസാധനങ്ങളും മറ്റുമെല്ലാം നമുക്ക് ലോണ്‍ ഫോര്‍ കേരളയില്‍ നിന്നും വാങ്ങിക്കൂടേ.. എന്തെല്ലാം കാര്യങ്ങളാണ് അയാള്‍ ഇന്നിവിടെ വന്നു പറഞ്ഞിട്ട് പോയത്.. അടുക്കളയില്‍ അധികം പാടുപെടേണ്ട.. പെട്ടെന്ന് ആരെങ്കിലും വിരുന്നുകാര് വന്നു കയറിയാല് ലോണ്‍ ഫോര്‍ കേരളയിലേ ക്കൊന്ന് ഡയല്‍ ചെയ്യേണ്ട കാര്യമേയുള്ളൂ.. വിരുന്നുകാരെ സല്‍ക്കരിക്കാനുള്ള വിഭവങ്ങള്‍ വരെ അവര്..'
പ്രതീക്ഷിക്കാത്ത നേരത്ത് വിരുന്നുകാര് വരാതിരിക്കാനുള്ള എന്തെങ്കിലും വിരുത് അയാള്‍ പറഞ്ഞു തന്നില്ലേടീ എന്ന് നമ്പീശന്‍ ചോദിച്ചില്ല.
അവള്‍ വീണ്ടും കാര്യങ്ങള്‍ വര്‍ണ്ണിക്കുകയാണ്.
നമ്പീശന്‍ പതിഞ്ഞ സ്വരത്തില്‍ ഭാര്യയോട് ചോദിച്ചു.
ഈ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം കാശെവിടെടോ ഭാര്യേ..
അവള്‍ നമ്പീശന്റെ മൂക്ക് വിരലുകള്‍ കൊണ്ട് പിടിച്ചു ഞെരിച്ചു.
ദേ.. മനുഷ്യാ.. രാമായണം മുഴുവന്‍ വായിച്ചിട്ട്..
എടീ.. ഭാര്യേ.. കടമായാലും എല്ലാം കൊടുത്ത് തീര്‍ക്കേണ്ടായോ..
അതൊക്കെ ഈശ്വരന്‍ അന്നേരം എന്തെങ്കിലും മാര്‍ഗ്ഗം കാണിച്ചു തരും..
അവളുടെ മുഖത്തിപ്പോള്‍ സന്തോഷത്തിന്റെ മിന്നല്‍.
നിങ്ങള് വന്നേ.. രാത്രി ഏതെങ്കിലും നല്ല സിനിമയോ മറ്റോ കാണും.. ടിവിയൊന്ന് തുറന്നു നോക്കാം.. കുട്ടികള് പഠിക്കട്ടെ..
അച്ഛന്റേയും അമ്മയുടേയും മുഖത്തെ വികാരങ്ങളുടെ അര്‍ത്ഥം മനസ്സിലാവാതെ കുട്ടികള്‍ പഠനം നിര്‍ത്തി. പുസ്തകം മടക്കിവെച്ച് അവര്‍ ഇരുവരുടേയും മുന്നില്‍ വന്നു നിന്നു.
കുഞ്ഞുങ്ങളുടെ കണ്ണിലെ നനവിന്റെ തിളക്കം നമ്പീശനില്‍ അമ്പരപ്പുണ്ടാക്കി. അയാള്‍ അവര്‍ക്കു മുമ്പി ല്‍ മുട്ടുകുത്തി ഇരുന്നു.
'..അച്ഛാ.. അച്ഛാ.. നേരത്തെ ടീവിയില് കണ്ട മരിച്ചു കിടക്കുന്ന അങ്കിളും കുട്ടികളും.. അവരെ ഇനീം ടീവീല് കാണിക്കും.. അല്ലെങ്കീ.. അതുപോലെ വേറെയേതെങ്കിലും.. അങ്കിളുമാരേം ആന്റിമാരേം.. അതോണ്ട് ഇനി.. ടീവി തൊറക്കണ്ടച്ഛാ..പേടിയാവ്ണ്.. '
നമ്പീശന്‍ ഞെട്ടി.
ഭാര്യ കരുവാളിപ്പ് പടര്‍ന്ന മുഖത്തേക്ക് കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു.
അവളുടെ അന്നേരത്തെ ഭാവം കാണാതിരിക്കാന്‍ മേശപ്പുറത്തിരുന്ന പാഠപുസ്തകത്തിലൊന്നെടുത്ത് നമ്പീശന്‍ പേജുകള്‍ മിറച്ചു നോക്കാന്‍ തുടങ്ങി.

Tuesday, April 3, 2012

വെളിച്ചം

ഓരോ
പവര്‍കട്ടു കാലത്തും
ഞാനോര്‍ക്കും
മാലോകരെന്തിനാ
കൂരിരുട്ടിനെ
പ്രാകുന്നതെന്ന്..

ആജീവനാന്തം
ഉള്ളിലിരുട്ടു നിറച്ച്
നടക്കുന്നവര്‍ക്കെന്തിനാ
പുറംവെളിച്ചമെന്ന്..?

Saturday, March 24, 2012

മുദ്രണം

ഹാ.. നമ്മളെത്ര
മാന്യന്‍മാര്‍!
അറവുശാലയിലെ,
ഭോജനശാലയിലെ
അവശിഷ്ടവും ഉച്ഛിഷ്ടവും
റോഡരികില്‍ തള്ളുന്നോര്‍?

ഓര്‍മകള്‍ മാഞ്ഞ
വൃദ്ധശരീരവും
പാതയോരത്തേക്കെറിയാം.
തിരിച്ച് വീട്ടിലെത്തിക്കില്ലയാരും
ചുളിഞ്ഞ ദേഹത്ത്
തിരിച്ചറിയാനൊരു മുദ്രണം
ഇല്ലെന്നൊരോര്‍മ
ഉള്ളില്‍ നിറയ്ക്കുകില്‍?

* * * * * * * * *

മാര്‍ച്ച്‌ 11 വാരാദ്യ മാധ്യമം
മാര്‍ച്ച്‌ 23  ഗള്‍ഫ് മാധ്യമം ചെപ്പ്


Monday, February 13, 2012

സൌദി പൊലീസ് സ്റ്റേഷനിലിരുന്നു മാര്‍ക്കോസ് പാടിയ ആ പാട്ട്

സ്ലേറ്റ്‌ എന്ന ബ്ലോഗില്‍ വന്ന പോസ്റ്റ്‌ എന്റെ വായനക്കാര്‍ക്ക് വേണ്ടി പുന പ്രസിദ്ധീകരിക്കുന്നു.
നജിം കൊച്ചുകലുങ്കിന്റെ അനുവാദത്തോടെ..!

അതൊരു വേദനാജനകമായ വാര്‍ത്തയായിരുന്നു. മലയാളിയുടെ പ്രിയ ഗായകരിലൊരാളായ കെ.ജി. മാര്‍ക്കോസ് സൌദി പൊലീസിന്റെ പിടിയിലായിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ നിജസ്ഥിതി അന്വേഷിക്കാന്‍ പത്രമാപ്പീസിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ദമ്മാം ബ്യൂറോയില്‍ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി. കലയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടായിട്ടല്ലെങ്കിലും നാലു പുത്തനുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ കലാമാമാങ്കങ്ങള്‍ നടത്തുന്ന മലയാളി സംഘങ്ങളിലാരോ സംഘടിപ്പിച്ച ഒരു ഗാനമേള സ്ഥലത്തുനിന്നാണ് അദ്ദേഹം സൌദി പൊലീസിന്റെയും സദുപദേശ സംഘത്തിന്റേയും പിടിയില്‍ പെട്ടിരിക്കുന്നത്. സൌദി അധികൃതരില്‍നിന്ന് നിയമപരമായ അനുമതിയൊന്നും വാങ്ങാതെ തികച്ചും നിരുത്തരവാദപരമായി സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടിയെ കുറിച്ച് മലയാളികളാരോ ഒറ്റിയാണ് പൊലീസ് നടപടിയുണ്ടായത്. സൌദിയിലെ അല്‍പം പ്രശ്നബാധിത പ്രദേശമാണ് ഖത്തീഫ്. ഇവിടെ അടുത്ത ദിവസങ്ങളില്‍ പോലും വെടിവെപ്പും മറ്റും സംഭവങ്ങളുണ്ടായിരുന്നു. അത്തരം ഒരു സ്ഥലത്ത് മുന്‍കൂട്ടി ടിക്കറ്റും നോട്ടീസും അടിച്ച് പെരുമ്പറ കൊട്ടി വിളംബരം ചെയ്ത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ വിളിച്ചുകൂട്ടി പരിപാടി നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ പേരിന് ഒരു പൊലീസുകാരന്റെ വാക്കാല്‍ അനുമതി പോലും വാങ്ങിയിരുന്നില്ലത്രെ. നാലാളു കൂടുന്ന ചടങ്ങ് നടത്തണമെങ്കില്‍ പോലും സ്വന്തം പൌരന്മാര്‍ പ്രദേശിക പൊലീസധികൃതരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന കര്‍ശന നിബന്ധനയുള്ള ഒരു ജനാധിപത്യ രാജ്യത്തുനിന്ന് വന്നവരാണ് ഈ തോന്ന്യാസം പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമാനുസാരിയായിരുന്നില്ലെന്നതോ പോട്ടെ, തദ്ദേശ നിയമങ്ങളെയും ആചാര വിശ്വാസങ്ങളേയും വെല്ലുവിളിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ആള്‍ക്കൂട്ട പരിപാടിയിലേക്കാണ്, ഇത്ര ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ചൊന്നും അറിവില്ലാതിരുന്ന ആ നിഷ്കളങ്ക കലാകാരനെ ക്ഷണിച്ചുവരുത്തി കുരുതികൊടുത്തത്. പൊലീസ് നടപടിയുണ്ടായപ്പോള്‍ പരിപാടി നടന്ന ഫാം ഹൌസ് ഓഡിറ്റോറിയത്തില്‍നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍ സംഘാടകരായിരുന്നത്രെ. സംഘാടകരുടെ മാന്യ സുഹൃത്തുക്കളായ 'പാര'കള്‍ മതകാര്യ വകുപ്പിന് കീഴിലുള്ള സദുപദേശ സംഘത്തിനും പൊലീസിനും നല്‍കിയ വിവരം അത്രമാത്രം ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മദ്യ വിതരണവും ആഭാസ നൃത്തവും നടക്കുന്നു എന്നായിരുന്നത്രെ 'പാര'. സംഘാടകര്‍ സ്ഥലം വിട്ടതിനാല്‍ പരിപാടിയുടെ ഉത്തരവാദികളെ കണ്ടെയ്യാന്‍ പൊലീസിന് സ്ഥലത്തുനിന്ന് കണ്ടെടുത്ത കൂപ്പണിലും നോട്ടീസിലും വേദിയില്‍ പ്രദര്‍ശിപ്പിച്ച ബാനറിലും കണ്ട 'മുഖ'മാരെന്ന് തിരയലേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലായതിനാല്‍ വേദിക്ക് പിറകിലെ മുറിയില്‍ തന്റെ സുഹൃത്തും മലയാള സിനിമാ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ. വിജയിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാര്‍ക്കോസിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയുടെ ഭാഗം. സൌദി പൊലീസിന് അറിയില്ലല്ലോ മലയാളികളുടെ ഈ പ്രിയ ശബ്ദത്തെ.
വിവരം കേട്ടറിഞ്ഞപ്പോള്‍ വല്ലാത്തൊരു നൊമ്പരം ഇടനെഞ്ചില്‍ തടഞ്ഞു വീര്‍പ്പുമുട്ടി. കാരണം തലേദിവസം ഉച്ചക്കാണ് തമ്മില്‍ കണ്ടുപിരിഞ്ഞത്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസ് റൂമില്‍ വിനയം സ്ഫുരിക്കുന്ന മുഖവുമായി ആ കൃശഗാത്രനായ മനുഷ്യന്‍ നിന്നിരുന്നു. മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ ത്രാണി തന്നത് 10000ത്തോളം കൃസ്തീയ ഭക്തി ഗാനങ്ങളും 5000ത്തോളം മാപ്പിളപ്പാട്ടുകളുമാണെന്ന് അദ്ദേഹം ആ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ചെന്നെത്തുന്ന ദുരന്ത മുഖത്ത് സിനിമക്ക് പുറത്തുപാടിയ ഈ പാട്ടുകളിലൊന്നു രക്ഷയാകുമെന്ന് അപ്പോള്‍ അദ്ദേഹം കരുതിയിരിക്കില്ലല്ലോ. സംഭവിച്ചത് അതാണ്. മാര്‍ക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിജയിയേയും കൂട്ടുപ്രതിയാക്കിയിരുന്നു. വര്‍ഷങ്ങളായി സൌദിയിലുള്ള അദ്ദേഹത്തിന്റെ അറബി ഭാഷാ പരിജ്ഞാനമാണ് വഴിത്തിരിവിനിടയാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇരുവരേയും ചോദ്യം ചെയ്യുമ്പോള്‍ ഒപ്പമുള്ളയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് വിജയ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രശസ്ത ഗായകനാണെന്ന് അറിഞ്ഞപ്പോള്‍ സ്റ്റേഷനിലെ പൊലീസ് മേധാവിയുടെ കണ്ണുകള്‍ വിടര്‍ന്നു. പൊലീസുകാരന്റെ കാര്‍ക്കശ സ്വഭാവം അയഞ്ഞു. തങ്ങളുടെ മുഹമ്മദ് അബ്ദുവിനെ പോലെ പ്രശസ്തനാണോ ഇദ്ദേഹം നിങ്ങളുടെ നാട്ടിലെന്ന് പൊലീസ് ക്യാപ്റ്റന്‍ വിജയിനോട് ചോദിച്ചു. സൌദിയിലെ പ്രശസ്ത പാട്ടുകാരനായ മുഹമ്മദ് അബ്ദു ഒത്മാന്‍ അല്‍ അസീരിയുടെ മധുര സംഗീതത്തിന്റെ അലകള്‍ അപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഓളംവെട്ടിയിട്ടുണ്ടാകണം. അതേയെന്ന് പറഞ്ഞപ്പോള്‍ യൂടൂബില്‍ കാണാനാകുമോ എന്നായി. യൂടൂബില്‍ ഇഷ്ടംപോലെയുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ കമ്പ്യൂട്ടറിന് മുന്നിലേക്കോടുകയായിരുന്നു ആ സ്റ്റേഷന്‍ മേധാവി. യൂടൂബില്‍ മാര്‍ക്കോസിന്റെ നൂറുകണക്കിന് പാട്ടുകള്‍. ഈരടികളുടെ ശ്രുതി മധുരത്തേക്കാള്‍ അതിന്റെ ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന അറബി പാരമ്പര്യം കൊണ്ടാവണം, മനസിലാകാത്ത മലയാളത്തിലല്ല, അറബിയിലുള്ള പാട്ടുകള്‍ പാടാനറിയുമോ എന്ന് അദ്ദേഹം മാര്‍ക്കോസിനോട് ചോദിച്ചത്. അറസ്റ്റും ബഹളവുമൊക്കെയായി വലിഞ്ഞുമുറുകിയിരുന്ന ഗായകന്റെ മനസും പൊലീസ് മേധാവിയുടെ ഭാവമാറ്റം കണ്ട് അപ്പോഴേക്കും അയഞ്ഞുതുടങ്ങിയിരുന്നു. അറബി പാട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം യേശുദാസിന്റെ പ്രസിദ്ധമായ 'മൌത്തും ഹയാത്തിനുമുടമസ്ഥനേ' എന്ന മുസ്ലിം ഭക്തി ഗാനത്തിന്റെ തുടക്കത്തിലുള്ള 'ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍തു മിന ളാലിമീന്‍' എന്ന ഖുര്‍ആന്‍ സൂക്തം തന്റെ ഇമ്പമാര്‍ന്ന സ്വരത്തില്‍ പാടി. പൊലീസ് ക്യാപ്റ്റന്‍ ആ സ്വര രാഗ പ്രവാഹത്തില്‍ സ്വയം മറന്നിരുന്നുപോയി. പിന്നീട് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും വിളിച്ചിരുത്തി അവരുടെ മുന്നിലും മാര്‍ക്കോസിനെ കൊണ്ടുപാടിച്ചു. ആ സ്വരമാധുരിയില്‍ പൊലീസ് സ്റ്റേഷന്‍ അതിന്റെ സഹജമായ കാര്‍ക്കശ്യത കയ്യൊഴിഞ്ഞ് തരളിത ഭാവം കൈക്കൊണ്ടു. എംബസിയുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സമയോചിത ഇടപെടലിലൂടെ നിയമലംഘനത്തിന്റേയും ദേശവിരുദ്ധതയുടേയും ഗൌരവ കുറ്റങ്ങളില്‍നിന്ന് ജാമ്യമെടുത്ത് അദേഹം പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ ആദരവോടെ നോക്കിനിന്നു. ദേശാതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന കലാകാരനോടുള്ള സ്നേഹവായ്പ്.


സ്വാതന്ത്യ്രത്തിന്റെ അപ്പോസ്തലന്മാരുടേതെന്ന് തരം കിട്ടുമ്പോഴൊക്കെ കൊളോണിയല്‍ വിധേയത്വത്തിന്റെ ഹാങ്ങോവറില്‍ നാം വാഴ്ത്തിപ്പാടാറുള്ള പാശ്ചാത്യരാജ്യങ്ങളില്‍ അന്യരാജ്യക്കാരെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചേ അകത്തേക്ക് കടത്തിവിടൂ എന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ സാധാരണ വാര്‍ത്തകളായി മാറിയ കാലത്തും, സൌദിയില്‍ നിയമ ലംഘനത്തിന് ഒരു കലാകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് അടഞ്ഞ സമൂഹത്തിന്റെ 'കൊടിയ അപരാധ'വും 'ആവിഷ്കാര സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവു'മായി ചിത്രീകരിച്ചുകൊണ്ട് ചേന്ദമംഗലൂര്‍ വഴിയും കാരശേരി വഴിയും വന്നെത്താന്‍ സാധ്യതയുള്ള ശകാര ഏറുകളും അത് കൊണ്ടാടാന്‍ ചില മാധ്യമങ്ങളുമുണ്ടായേക്കാം എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഈ കുറിപ്പിന് തുനിഞ്ഞതെന്ന് വൈകിയെങ്കിലും പറയട്ടെ. ലോകം അറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാണെന്ന് ബോധ്യപ്പെട്ടിട്ടും എ.പി.ജെ അബ്ദുല്‍ കലാമിനോട് ആദരവോടെ പെരുമാറാന്‍ അമേരിക്കന്‍ പൊലീസിന് ഭീകരതാ വിരുദ്ധ പരിശോധനയുടെ പേരില്‍ കഴിഞ്ഞിരുന്നില്ലല്ലോ. ഊരാന്‍ തുടങ്ങിയ നിക്കര്‍ ഊരിച്ച് പരിശോധിച്ച് ഭീകരനല്ലെന്ന് ഉറപ്പാക്കിയിട്ടേ പൊലീസ് മാന്യതയുടെ മുഖം മൂടി തിരികെ എടുത്ത് അണിഞ്ഞുള്ളൂ. സമാനമായ രീതിയില്‍ തന്നെയാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും എന്തിന് സംയുക്ത വര്‍മ്മ പോലും അപമാനിക്കപ്പെട്ടത്. അവിടെയാണ്, കലാകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിയമ ലംഘന കുറ്റവാളിയായിട്ടെത്തിയിരിക്കുന്നയാളായിട്ടുകൂടി ഉന്നതമായ മാന്യതയോടെയും ആദരവോടെയും പെരുമാറാന്‍ തയ്യാറായി സൌദി പൊലീസ് വ്യത്യസ്തത പുലര്‍ത്തിയത്.

സ്വയം കുഴി തോണ്ടുന്ന മലയാളി സമൂഹം
മദ്യം നിഷിധമായ, ആണും പെണ്ണും കൂടിച്ചേരുന്നതിനും അതിരുവിട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരു രാജ്യത്ത് തോന്ന്യാസം പ്രവര്‍ത്തിക്കാനുള്ള മലയാളിയുടെ വിപദി ധൈര്യമാണ് ഇവിടെ പ്രതി. രാജ്യത്തുള്ള വിദേശ തൊഴിലാളികള്‍ ആഴ്ചവട്ടത്തില്‍ ഒന്ന് കൂടിയിരിക്കുന്നതും നിരുപദ്രവകരമായ ആഘോഷങ്ങളിലും കലാകായിക പ്രകടനങ്ങളിലും മുഴുകുന്നതും കര്‍ശന നിയന്ത്രണങ്ങളുടെ ചാരക്കണ്ണുകള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് മാനുഷിക പരിഗണന കൊണ്ടാണ്. അങ്ങിനെ കിട്ടുന്ന ആ പരിമിത സ്വാതന്ത്യ്രം പോലും മലയാളിയുടെ സഹജമായ അച്ചടക്കമില്ലായ്മ മൂലം തകര്‍ത്തുകളയുന്ന സംഭവങ്ങളാണ് അടുത്തിടെയായി സൌദിയിലെ മലയാളി സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിയാദില്‍ ഒരു രാഷ്ട്രീയാനുകൂല സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ മദ്യപിച്ച് കൂത്താടിയ മലയാളി യുവാക്കള്‍ കൂട്ടത്തല്ലിന്റെ ഉജ്ജ്വല പ്രകടന പരമ്പരയാണ് കാഴ്ചവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരിക്കുന്ന ഒരു കോമ്പൌണ്ടിനുള്ളില്‍ നിന്നുകൊണ്ടാണ് നാട്ടുശീലങ്ങളുടെ ഇത്തരം മെയ് വഴക്കങ്ങള്‍ . വാഹനത്തിലും ഓഡിറ്റോറിയങ്ങളിലുമിരുന്നു മദ്യപിക്കുക, ഗാനമേളകളില്‍ കൂത്താടുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങി എന്തു വൃത്തികേടും നടത്താന്‍ മടിയില്ലാത്തവര്‍ തന്നെ പലപ്പോഴും ഇത്തരം കലാമാമാങ്കങ്ങളുടെ സംഘാടകരുമാകാറുണ്ട്.

നജിം കൊച്ചുകലുങ്ക്

Friday, February 3, 2012

നരജന്‍മം
പൂച്ച സാധുമൃഗമെന്ന് എലി.
പാമ്പ് പച്ചപ്പാവമെന്ന് തവള.
സിംഹം പേടിത്തൊണ്ടണ്‍നെന്ന് മാന്‍.
അപ്പോള്‍ മനുഷ്യന്‍..?
മണ്ണിലെ ക്രൂരജന്‍മത്തെപ്പറ്റി
ചോദ്യം വേണ്ടെണ്‍ന്ന്
മിണ്‍ണ്ടാപ്രാണികളുടെ താക്കീത്.

Tuesday, January 24, 2012

ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുഏറെ അടുപ്പമൊന്നുമുണ്ടായിരുന്നില്ല അഴീക്കോടുമാഷുമായിട്ട്. എന്നാലും ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു. കോഴിക്കോട്ടെ പ്രസാധകനായ സുഹൃത്ത് വഴിയാണ് കുറച്ചുകാലം മുമ്പ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പ്രസംഗവേദിയിലെ സാഗര ഗര്‍ജ്ജനമായി സമകാലീന രാഷ്ട്രീയ സാംസ്ക്കാരിക വിഷയങ്ങളില്‍ കത്തിപ്പടരുമ്പോഴും നന്‍മ നിറഞ്ഞ ചിന്തകളും  ജീവിതചര്യകളും പാലിച്ചുപോരുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് പിന്നീടുള്ള ഹ്രസ്വമായ ചില കൂടിക്കാഴ്ചകളില്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.
അവസാനമായി നേരില്‍ കാണുന്നത് കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം മാവൂര്‍റോഡിലെ ഇന്ത്യാ ബുക്സ് എന്ന സ്ഥാപനം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടറിയാന്‍ സമീപിച്ച സ്വകാര്യചാനലിനോട് രോഗപീഢയാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നിട്ടു കൂടി അദ്ദേഹം ഏറെ നേരം റിപ്പോര്‍ട്ടറുമായി തന്റെ ആശയം പങ്കുവെച്ചത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ചെറുചലനങ്ങള്‍ പോലും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നതായും ജനങ്ങള്‍ക്കിടയില്‍ തനിക്ക് പരിചയമുള്ളവരോടൊക്കെ ആ വിഷയത്തെക്കുറിച്ച് അഭിപ്രായമാരായുന്നതും അദ്ദേഹത്തിന്റെ പതിവു ശീലങ്ങളായിരുന്നു. സാമൂഹ്യപരമായ സകല തിന്‍മകള്‍ക്കുമെതിരെ പ്രസംഗിച്ചും തൂലിക ചലിപ്പിച്ചും മലയാളിയുടെ ചിന്തകളില്‍ അഗ്നി പടര്‍ത്തിയ പ്രതിഭാധനന്‍ നമ്മുടെ സാംസ്ക്കാരികരംഗത്തെ നിര്‍ജ്ജീവവും ശൂന്യവുമാക്കി കടന്നു പോയിരിക്കുന്നു. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാജ്ഞലികള്‍.

Friday, January 20, 2012

നാം അവശേഷിപ്പിക്കുന്ന സുകൃതങ്ങള്‍


നാല് ദശകങ്ങള്‍ക്കുമുമ്പ്, കേരളത്തിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥയെ ഇല്ലായ്മ ചെയ്യാന്‍ മരുഭൂദേശത്തിലേക്ക് കടല്‍ കടന്നവനാണ് മലയാളി. മണല്‍ദേശത്തെത്തുന്നതിനു മുമ്പും മറുനാടന്‍ ജീവിതത്തിന്റെ എരിവും പുളിപ്പും വേദനയുമൊക്കെ അനുഭവിച്ച തലമുറ മാമലനാട്ടിലുണ്ടായിരുന്നതായി കേട്ടറിവ് നമുക്കുണ്ട്. ബര്‍മ്മയിലും സിലോണിലുമൊക്കെയായി പ്രവാസജീവിതം നയിച്ചവരാണ് ആ മുന്‍ഗാമികള്‍. അവരുടെ പാത പിന്തുടര്‍ന്നോ അല്ലാതെ യോ പിന്നീട് ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സാമ്പത്തിക അഭയാര്‍ത്ഥി യായി പ്രയാണം നടത്തി. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഗള്‍ഫ് മേഖല യിലാണ് ജീവിതം പച്ചപിടിപ്പിക്കാന്‍ എത്തിപ്പെട്ടതും വിയര്‍പ്പൊഴുക്കിയതും. അവര്‍ മരുഭൂമിയി ലൊഴുക്കിയ വിയര്‍പ്പിന്റെ മൂല്യമെന്തെന്ന് ഒരു വിപുലമായ കണക്കെടുപ്പിന്റെ ആവശ്യമില്ല. ഇന്ന് കേരളത്തിന്റെ മാറിയ മുഖഛായ തന്നെയാണ് അതിന്റെയുത്തരം.
നിത്യവൃത്തിയ്ക്ക് ഗതിയില്ലാത്തവന്, അരപ്പട്ടിണിയില്‍ ഉള്ളുരുകുന്നവന് നിറവയര്‍ സ്വപ്നം കാണാനുള്ള കരുത്ത് നല്‍കിയത് ഗള്‍ഫെന്ന മായികഭൂമി തന്നെയാണ്. തൊഴില്‍രഹിതരായ, ഭാവിജീവിതം ചോദ്യചിഹ്നമായി നട്ടംതിരിയുന്ന യുവതയ്ക്കു മുമ്പില്‍ പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം കൊളുത്തിവെച്ച പേര്‍ഷ്യന്‍ നിറപ്പകിട്ട് ഒരുപക്ഷെ ഇല്ലായിരുന്നുവെങ്കില്‍ മലയാളി യുടെ ജീവിതവും ചരിത്രവും മറ്റൊന്നാകുമായിരുന്നുവെന്നാണ് സാമൂഹ്യ സാമ്പത്തിക വിദഗ്ദ രുടെ വിലയിരുത്തല്‍. മലയാളി മണ്ണിനോടുള്ള സമ്പര്‍ക്കവും കൃഷിയുമൊക്കെ ഉപേക്ഷിച്ച് മധ്യവര്‍ഗ്ഗ ജീവിതശൈലി സ്വീകരിക്കാന്‍ കാരണം ഗള്‍ഫ് പണത്തിന്റെ സ്വാധീനമാണെന്ന ചില രുടെ കണ്ടെത്തലും ഒരളവോളം സത്യവും നമുക്കൊക്കെ അസ്വീകാര്യമായ വസ്തുതയുമാണ്. ഗള്‍ഫിന്റെ കവാടം മലയാളിക്കു മുമ്പില്‍ തുറന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ തന്നെ സക്രിയമായ ഒരു തൊഴില്‍ സംസ്കൃതിക്ക് അവന്‍ ആക്കം കൂട്ടുമായിരുന്നെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
മലയാളിയുടെ ജീവിതനിലവാരത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയ ഗള്‍ഫ്ഭൂമികയിലെ തൊഴില്‍മേഖല നേരിടുന്ന ഇന്നത്തെ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും ഗള്‍ഫിനെ ആശ്രയിക്കുന്ന ഭൂരിപക്ഷ മലയാളിയുടെയും ജീവിതത്തെ ബാധിക്കുമെന്ന കാര്യത്തില്‍ വിഭിന്നാഭിപ്രായം ആര്‍ ക്കുമുണ്ടാവുമെന്ന് തോന്നുന്നില്ല. മാസാമാസമെത്തുന്ന ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഒരു ദിവസം നിലയ്ക്കുകയും പണമയപ്പിന്റെ പ്രഭവകേന്ദ്രമായ ഒരാള്‍ അത് സഹോദരനാകാം, പിതാ വാകാം, ഭര്‍ത്താവാം, മകനാവാം അങ്ങനെ വ്യക്തി ആരായാലും അയാള്‍ ഗള്‍ഫ് പ്രൌഢിയുടെ ആഭിജാത്യക്കുപ്പായം ഊരിവെച്ച് തങ്ങളുടെയും ചുറ്റുവട്ടമുള്ളവരുടെയും മുമ്പില്‍ സാധാരണ ക്കാരനായി പ്രത്യക്ഷപ്പെടുന്നതും ഗള്‍ഫീയന്റെ ആശ്രിതര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത കാര്യമാണ്.
എന്നാല്‍, വര്‍ഷങ്ങളോളം മരുഭൂമിയില്‍ ചോര നീരാക്കിയവന്റെ ഇല്ലായ്മകള്‍, വയ്യായ്കകള്‍, മാനസികസംഘര്‍ഷങ്ങള്‍ അങ്ങനെ അവന്റെ സകലവിധ ദുരിതങ്ങളും അവനോടുള്ള സ്നേഹസാമീപ്യത്തിലൂടെയാണെന്ന അറിവ് അവനോട് ചേര്‍ന്നു നില്‍ക്കുന്നവനാണ്. അവന്റെ ഭൂതകാലപ്രൌഢിയുടെ ഗരിമ നിലനിര്‍ത്തണമെന്ന ചുറ്റമുള്ളവരുടെ ശാഠ്യം ഇല്ലാതാക്കേണ്ടതും അനിവാര്യമാണ്.
ഗള്‍ഫ്ജീവിതം നയിക്കുന്ന മഹാഭൂരിപക്ഷം സാധാരണക്കാരന്റെയും നാട്ടിലെ കുടുംബത്തിന്റെ വര്‍ണ്ണാഭമായ ജീവിതം ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമായിരുന്നുവെന്ന് ഇന്ന് സകലര്‍ക്കും ബോധ്യമുള്ള യാഥാര്‍ത്ഥ്യമാണ്. സിനിമയടക്കം മിക്ക വിനോദമാധ്യമങ്ങളും ഗള്‍ഫുകാരന്റെ യും അവനുമായി ബന്ധപ്പെട്ടവരുടെയും പൊങ്ങച്ചം ഹാസ്യാത്മകവും വിമര്‍ശനാത്മകവുമായി ചിത്രീകരിച്ച രീതിയില്‍ നിന്നും മാറി ചിന്തിക്കാനും നാടുവിട്ട് മരുഭൂമിയിലെത്തിപ്പെടുന്നവരുടെ ജീവിതം നിറം കെട്ടതാണെന്ന സത്യം അവതരിപ്പിക്കാനും തയ്യാറായതിന്റെ ഉദാഹരണങ്ങളായി ഗര്‍ഷോം, ഗദ്ദാമ, ആടുജീവിതം തുടങ്ങിയ കലാസൃഷ്ടികള്‍ മലയാളിക്ക് മുമ്പില്‍ ചരിത്രമായു ണ്ട്.
പണ്ട് ‘എന്റെ മകളെ ഞാന്‍ പേര്‍ഷ്യക്കാരനെ കൊടുക്കൂ..’ എന്നുപറഞ്ഞ രക്ഷിതാക്കളുണ്ടായി രുന്നു. ഇന്നത് തിരിച്ചാണ് പറയുന്നതെന്ന കാര്യം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ആളുകള്‍ തമാശയായി പറയുന്നുണ്ടെന്നാണ് രസികനായ ഒരു സുഹൃത്ത് സൌഹൃദസംഭാഷണത്തി നിടയില്‍ കാച്ചിയത്. അത് വെറും തമാശയല്ലെന്ന് നമുക്കൂഹിക്കാം.
ഇരുപത്തിനാലു വര്‍ഷത്തെ ഗള്‍ഫ്ജീവിതം മതിയാക്കി ശിഷ്ടജീവിതം സ്വന്തം മണ്ണില്‍ എന്തെ ങ്കിലും തൊഴില്‍ ചെയ്തുജീവിക്കാമെന്ന ചിന്തയില്‍ ഒരു വര്‍ഷം മുമ്പ് നാട്ടിലെത്തിയ പരിചയ ക്കാരന്റെ ആവലാതി നാട്ടില്‍ ഗള്‍ഫുകാരന് പലരും തൊഴില്‍ നല്‍കാന്‍ മടിക്കുന്നു എന്നാണ്. സകല ജോലികളും ചെയ്യാന്‍ കച്ചകെട്ടി കേരളത്തില്‍ വന്നിറങ്ങിയ ബംഗാളിയും ബീഹാറിയും നാട്ടില്‍ പുതിയൊരു തൊഴില്‍ സംസ്ക്കാരം രൂപപ്പെടുത്തിയിരിക്കുന്നതായാണ് പുതിയ വാര്‍ ത്ത. മാത്രമല്ല മുമ്പ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്ന് മുന്തിയ അത്തറും പുരട്ടി അങ്ങാ ടിയില്‍ ശ്വാസം പിടിച്ചു നിന്നിരുന്നവനെ പിന്നീടവന്‍ നാട്ടില്‍ സ്ഥിരമാവുമ്പോള്‍ കൂലിപ്പണിക്കു വിളിക്കാന്‍ നാട്ടിലുള്ളവര്‍ മടിക്കുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം?
ഇങ്ങനെയൊക്കെയാണെങ്കിലും ഗള്‍ഫില്‍ നിന്നും അവധിക്കു വന്നവരെപ്പോലും അതിശയിപ്പി ക്കുന്ന രീതിയിലാണ് കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം. ഗള്‍ഫുകാരന്റെ മനസ്സിലി പ്പോഴും താന്‍ എന്നു നാട്ടില്‍ നിന്നും വിമാനം കയറിയോ അന്നത്തെ ജീവിതാവസ്ഥ തന്നെയാ ണ് തങ്ങി നില്‍ക്കുന്നത്. അത് സാമൂഹ്യപരമായും സാമ്പത്തികപരമായും സാംസ്ക്കാരികപര മായുമൊക്കെ അവന്‍ അന്നത്തെ കാലത്തില്‍ നിന്നും ഒരടി മുമ്പോട്ടു പോയിട്ടുണ്ടാവില്ല. ഗള്‍ ഫ് മണ്ണിലെ പരിമിതമായ സൌകര്യങ്ങളുപയോഗിച്ച് നാട്ടിലെ സമകാലീന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ അവന്‍ മനസ്സുകൊണ്ട് ഒപ്പം ചലിക്കുമ്പോഴും അടിസ്ഥാനപരമായി പഴയ മണ്ണി ല്‍ തന്നെയാണ് അവന്റെ മനസ്സും ചിന്തയും.
അതുകൊണ്ടുതന്നെയായിരിക്കാം ഇനിയുള്ള കാലം പിറന്ന മണ്ണിലെന്ന് തീരുമാനിച്ചുറച്ച് തിരി ച്ചു വന്നവന്‍ കാലതാമസംകൂടാതെ സ്വന്തം ചുറ്റുപാടിനെ മടുത്ത് മരുഭൂനഗരത്തിലേക്ക് പിന്നെയും വിമാനം കയറുന്നത്. അതേസമയം നാട്ടിലുള്ളവര്‍ക്ക് ജീവിതത്തിന്റെ സര്‍വ്വകാര്യ ങ്ങളും മറന്നു കൊണ്ടുള്ള മരണപ്പാച്ചിലാണ്. അവര്‍ക്ക് രാജകീയമായ ജീവിതത്തിന്റെ വഴികളി ലേക്കെത്തിപ്പെടാന്‍ എങ്ങനെയെങ്കിലും നാലു പണമുണ്ടാക്കണം എന്ന ചിന്തമാത്രം. ഭൂരിപക്ഷ ത്തിന്റെ മധ്യവര്‍ഗ്ഗജീവിതം അതാണ് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
എഴുത്തുകാരന്‍ എം. മുകുന്ദന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ‘പണ്ടൊക്കെ ഏക്കറു കണക്കിന് പുരയിടമുള്ളവര്‍ പോലും ഒരു വാഹനത്തെപ്പറ്റി ചിന്തിക്കാന്‍ മെനക്കെട്ടിരുന്നില്ല. ഇന്ന് മൂന്നുസെന്റ് ഭൂമിയും കൊച്ചുവീടുമുള്ളവന്‍ കാറ് വാങ്ങുന്നതിനെക്കുറിച്ചാണ് ചിന്തിക്കു ന്നത്..’ ഇത് അതിശയോക്തിയല്ല. പരമയാഥാര്‍ത്ഥ്യം. വികസനത്തിന്റെയും പുരോഗതിയുടെയും അടയാളമായി നമുക്കിതിനെ കാണാം. എന്നാല്‍, കാടുവെട്ടിത്തെളിയിച്ച് കോണ്‍ക്രീറ്റു മാളിക കള്‍ പണിതുയര്‍ത്തിയാല്‍ വികസനമായി എന്നു കരുതുന്നതിനേക്കാള്‍ വലിയ മൂഢത മറ്റെന്തി നാണുള്ളത്.
നാടും നാട്ടിന്‍പുറങ്ങളും ‘സമൃദ്ധി’യുടെ വികസനവഴിയിലൂടെ കുതിച്ചു പായുമ്പോള്‍ ആ വികസനത്തിന്റെ പാതയോരത്തൊന്നും മുന്‍കാലങ്ങളില്‍ നാം കണ്ടുമറന്ന കലാസാംസ്ക്കാ രിക സമിതികളൊ ഗ്രന്ഥശാലകളൊ ഗ്രാമീണ കൂട്ടായ്മകളൊ കാണാന്‍ കഴിയില്ല. മേല്‍പ്പറഞ്ഞ രീതിയിലുള്ള വികസനം പ്രാവര്‍ത്തികമാവുന്നതിനൊപ്പം നമ്മുടെ സമൂഹം മാനസികമായ പുരോഗതിയും കൈവരിക്കേണ്ടതുണ്ട് എന്നു പറയുമ്പോള്‍ നമ്മുടെ നെറ്റി ചുളിയും. സ്വന്തം സംസ്കൃതിയുടെ മൂല്യവത്തായ വശങ്ങള്‍ നിരാകരിക്കുകയും ജീവിതനിലപാടുകളില്‍ വെച്ചു പുലര്‍ത്തുന്ന നിസ്സംഗതയും മലയാളിയുടെ പുതിയകാല ജീവിത രീതിയാണെന്ന അറിവ് തിക ച്ചും പ്രതീക്ഷാനിര്‍ഭരമല്ല തന്നെ. കേരളീയര്‍ തുടങ്ങിയയിടത്ത് തന്നെ നിലകൊള്ളണമെന്നതല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവിതശൈലികൊണ്ടും തനത് അഭിരുചികളും ചിന്താധാര യുമെല്ലാം ഉള്‍പ്പെട്ട വ്യത്യസ്ഥവും വിശാലവുമായ സംസ്ക്കാരം കാഴ്ച വെച്ചവര്‍ ഉള്ളുപൊള്ള യായ ജീവിതശൈലിയില്‍ നിന്നും അവനവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധരീതിയിലൂടെ സ്വന്തം ജീവിതത്തിലെങ്കിലും മാറ്റം വരുത്താന്‍ ഓരോരുത്തര്‍ക്കും കഴിയണം.
നാട് പുരോഗതിയിലേക്ക് പറക്കുമ്പോള്‍ സ്നേഹത്തിനും സഹനത്തിനും സഹവര്‍ത്തിത്വത്തി നും മാതൃകയായിരുന്ന നാം മനസ്സ് കൂടുതല്‍ ഇടുങ്ങിയവരും സ്വാര്‍ത്ഥരുമായി പരിണമിച്ചിരി ക്കുന്നു. ഇതിന്റെ അടയാളങ്ങളാണ് ദിനേന നമുക്കു മുമ്പിലെത്തുന്ന നിറംകെട്ട പത്രവാര്‍ത്ത കള്‍. കൊടിയ പാതകങ്ങളുടെ കത്തുന്ന ആ വര്‍ത്തമാനം പക്ഷെ, നമ്മെ ഒരിക്കലും പൊള്ളി ക്കാറില്ല. കാരണം മലയാളി മനസ്സുമരവിച്ച ഒരു ജനക്കൂട്ടമായി എന്നേ മാറിക്കഴിഞ്ഞു എന്നതു തന്നെ.
നമ്മുടെ കണ്ണുകള്‍ ഈറനണിയുന്ന സന്ദര്‍ഭങ്ങള്‍ പൊങ്ങച്ചപ്പെട്ടിക്കു മുമ്പിലിരിക്കുമ്പോള്‍ മാത്രമാണ് എന്നത് മറ്റൊരു തമാശ. പട്ടിണിയുടെയും ദുരിതങ്ങളുടെയും കണ്ണീര്‍ക്കാഴ്ചകളില്‍ നമ്മുടെ മനസ്സ് കലങ്ങുന്നില്ല. എന്നാല്‍, യഥാര്‍ത്ഥ ജീവിതപരിസരവുമായി ബന്ധമില്ലാത്ത, ആജീവാനാന്തം തുടരുന്ന മെഗാപരമ്പരകളിലെ ജീവനില്ലാത്ത കഥാപാത്രങ്ങള്‍ കരയുമ്പോള്‍ അവര്‍ക്കൊപ്പം കരയാനും റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥികളുടെ എലിമിനേഷന്‍ നാടകത്തില്‍ കരളുകത്തി കരയുരുകാനും നമുക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക?
എന്നാലോ, ഇന്നാട്ടില്‍ നിന്നുതന്നെ ജീവസന്ധാരണത്തിനായി കടല്‍ കടന്നവന്‍ സാധാ മലയാളിയായി മണല്‍നഗരത്തില്‍ സ്നേഹിച്ചും പരസ്പ്പരം സഹകരിച്ചും ജീവകാരുണ്യ പ്രവര്‍ ത്തനങ്ങളില്‍ തന്റേതായ രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചും ജീവിക്കുന്നു. (ഇതിന് അപവാദമായി ചിലര്‍ ഇല്ലെന്നു പറയുന്നില്ല).
മാധ്യമങ്ങളിലൂടെ നാട്ടില്‍ നിന്നുമെത്തുന്ന അരുതാത്ത സംഭവങ്ങള്‍ വായിക്കേണ്ടി വരുന്നതും, കാണേണ്ടി വരുന്നതുമെല്ലാം മനസ്സില്‍ പകപ്പുണ്ടാക്കുന്നു. നാടിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് നിരന്തരം വേവലാതിപ്പെടുന്നു. സാമൂഹ്യപരമായ ഇത്തരം വേവുകളും ഒപ്പം സ്വന്തം കുടുംബ ത്തിന്റെ സാമ്പത്തിക മാനസിക പ്രതിസന്ധികളും ജീവിക്കുന്ന ഇടത്തിലെ തൊഴില്‍, ജീവിത പ്രശ്നങ്ങളും തളരാതെ അവനെ പിടിച്ചു നിര്‍ത്തുകയും പതറാതെ ജീവിക്കുവാന്‍ പ്രേരിപ്പിക്കു കയും ചെയ്യുന്നത് എന്തെല്ലാം കാരണങ്ങളായിരിക്കാം. അതൊരു പക്ഷെ നമുക്കു മുമ്പേ ഈ മണ്ണിലൂടെ കടന്നുപോയ തലമുറ ചെയ്തുവെച്ച സുകൃതമായിരിക്കാം. അങ്ങനെയെങ്കില്‍ മറ്റൊരു കാര്യം കൂടി നമ്മളോര്‍ക്കേണ്ടതുണ്ട്. ഇനി, വരാനിരിക്കുന്ന തലമുറകള്‍ക്ക് നാം അവ ശേഷിപ്പിക്കുന്ന സുകൃതങ്ങളെന്തൊക്കെയാണ്..?