Saturday, July 30, 2011

ദേവഭൂമി


പച്ച നിറഞ്ഞ മാവേലിമുക്കിലും
ഉയര്‍ന്നു വരുന്നുണ്ട്
നമുക്കന്യമായിരുന്നൊരു
ദൈവത്തിന്‍ നാട്.

വീടില്ലാത്തവരും
തെരുവിലലയുന്നവരും
രാത്രിമണവാട്ടിമാരും
കള്ളന്‍മാരും
ഭാഷയും ദേശവും നോക്കാതെ
മേല്‍ക്കൂര കെട്ടി,
തല ചായ്ക്കാന്‍ ഒരു
പേടകമുണ്ടാക്കും..

വിസര്‍ജ്ജ്യനേരുകളും
മാലിന്യ നാറ്റവും കൊണ്ട്
പുഴുവരിക്കുന്ന
തെരുവിലേക്ക് നോക്കി
സൂര്യന്‍ വീഴുന്ന ഒറ്റമുറിയിലിരുന്ന്
മുളക് കടിച്ച്,
പച്ചവറ്റ് വാരിത്തിന്നുന്ന കുട്ടികള്‍
പിന്നെയും കളിക്കാനോടും
ഇടുങ്ങിയ വഴികളിലെ
കാക്കച്ചേറിലേക്ക്..

ആരുടെയൊക്കെയൊ
മോഹപ്പെട്ടിയില്‍ കയ്യിട്ടുവാരിയ
ഗാന്ധിത്തലയന്‍ നോട്ടുകെട്ടുകള്‍
അടുക്കി വെച്ചുയര്‍ത്തിയ
ആഢംഭരങ്ങള്‍ക്കുള്ളിലിരുന്ന്
ഞാനും നിങ്ങളും
നമ്മുടെ കുട്ടികളോട് പറയും,
ആ വൃത്തികെട്ട ചേരിയിലേക്ക്
പോകരുതേ.. മക്കളെ..??

**************

Saturday, July 16, 2011

ഓര്‍മ്മപ്പെടുത്തല്‍


ആല്‍മരം
തണലന്വേഷിച്ചു
കിതക്കുന്നു.
വിളക്ക്
വെളിച്ചം തേടി
കൂരിരുളില്‍ തപ്പുന്നു.
തണുപ്പ്
കമ്പിളിക്കുള്ളില്‍ കിടന്നു
വിയര്‍ക്കുന്നു.
പുഴ, തൊണ്ട വരണ്ടു
തെളിനീരിനായി
കൈ കൂപ്പി പിടയുന്നു.
എന്റെ നിഴല്‍
എന്നെക്കാള്‍ മുമ്പില്‍ നടന്ന്
ഞാനാരുമല്ലെന്ന്
ഇടയ്ക്കോര്‍മപ്പെടുത്തുന്നു.

2011 ജൂലൈ 10 ഞായര്‍, വാരാദ്യ മാധ്യമം