Tuesday, January 24, 2012

ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു



ഏറെ അടുപ്പമൊന്നുമുണ്ടായിരുന്നില്ല അഴീക്കോടുമാഷുമായിട്ട്. എന്നാലും ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു. കോഴിക്കോട്ടെ പ്രസാധകനായ സുഹൃത്ത് വഴിയാണ് കുറച്ചുകാലം മുമ്പ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പ്രസംഗവേദിയിലെ സാഗര ഗര്‍ജ്ജനമായി സമകാലീന രാഷ്ട്രീയ സാംസ്ക്കാരിക വിഷയങ്ങളില്‍ കത്തിപ്പടരുമ്പോഴും നന്‍മ നിറഞ്ഞ ചിന്തകളും  ജീവിതചര്യകളും പാലിച്ചുപോരുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് പിന്നീടുള്ള ഹ്രസ്വമായ ചില കൂടിക്കാഴ്ചകളില്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.
അവസാനമായി നേരില്‍ കാണുന്നത് കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം മാവൂര്‍റോഡിലെ ഇന്ത്യാ ബുക്സ് എന്ന സ്ഥാപനം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടറിയാന്‍ സമീപിച്ച സ്വകാര്യചാനലിനോട് രോഗപീഢയാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നിട്ടു കൂടി അദ്ദേഹം ഏറെ നേരം റിപ്പോര്‍ട്ടറുമായി തന്റെ ആശയം പങ്കുവെച്ചത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ചെറുചലനങ്ങള്‍ പോലും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നതായും ജനങ്ങള്‍ക്കിടയില്‍ തനിക്ക് പരിചയമുള്ളവരോടൊക്കെ ആ വിഷയത്തെക്കുറിച്ച് അഭിപ്രായമാരായുന്നതും അദ്ദേഹത്തിന്റെ പതിവു ശീലങ്ങളായിരുന്നു. സാമൂഹ്യപരമായ സകല തിന്‍മകള്‍ക്കുമെതിരെ പ്രസംഗിച്ചും തൂലിക ചലിപ്പിച്ചും മലയാളിയുടെ ചിന്തകളില്‍ അഗ്നി പടര്‍ത്തിയ പ്രതിഭാധനന്‍ നമ്മുടെ സാംസ്ക്കാരികരംഗത്തെ നിര്‍ജ്ജീവവും ശൂന്യവുമാക്കി കടന്നു പോയിരിക്കുന്നു. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാജ്ഞലികള്‍.

2 comments: