Monday, November 16, 2015

ഇക്കരെപ്പച്ച



'കുറേകാലം കടലിന്നക്കരെ പോയിക്കെടന്ന് ജീവിതം ഇല്ലാതാക്കീന്നല്ലാതെ വേറെന്ത് കാര്യാ അതോണ്ട്...'

ഹാജറയുടെ ആയിരത്തൊന്നാവര്‍ത്തിച്ച മന്ത്രം ഷംസുദ്ധീന്‍ പതിവുപോലെ കണ്ണടച്ച് കേട്ടില്ലെന്ന് ഭാവിച്ചു.

'പ്രവാസം മടക്കിവെച്ച് നാടിന്റെ അനക്കങ്ങളിലേക്ക് ഇറങ്ങി വന്നാല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവധിക്കെ ത്തുന്ന അവസ്ഥയല്ല. ഇനി പോവുന്നില്ല അല്ലെ? എന്ന നാട്ടുകാരുടെ മടുപ്പിക്കുന്ന ചോദ്യം.., മഹാപാതകം ചെയ്ത പോലെയുള്ള ചിലരുടെ നോട്ടം.. ഭീകരമാണത്. മരുക്കാട്ടിലെ വേനലിനെക്കാളും കഠിനം..'

പ്രവാസം മതിയാക്കി നാട്ടിലെത്തിയ സുഹൃത്ത് കാവ്യാത്മകമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍ വെറുതെയോര്‍ത്ത് ആഴമില്ലാത്തൊരു ചിരി ഷംസുദ്ധീന്റെ ചുണ്ടില്‍ മിന്നി.
ഹാജറ അവളുടെ അനുജത്തിയുടെ പുതിയ വീടിന്റെ പണി എത്രത്തോളമായി എന്നറിയാന്‍ അവിടം വരെ പോയി വന്നതേയുള്ളൂ. 

ടൈല്‍സിന്റെ പണിക്കാരെ കണി കാണാനില്ലത്രേ.. കിട്ട്യാല് തന്നെ കണ്ണ് കലങ്ങ്ണ കൂല്യാ ചോദിക്കണത്.. ഇപ്പം ഇതുപോലുള്ള പണിക്ക് പോണതാ ഗള്‍ഫില്‍ കഴിയുന്നതിനേക്കാള്‍ മെച്ചം. 
ഹാജറ പറയുന്നതെല്ലാം ഷംസുദ്ധീന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ അവളൊന്ന് തല ചെരിച്ചു. അയാള്‍ ഭാവമാറ്റമൊന്നുമില്ലാതെ അങ്ങനെയിരിക്കുകയാണ്.

ഹാജറയെ കെട്ടിക്കൊണ്ടു വന്ന്, അടുത്ത വര്‍ഷം ഒരു പെണ്‍കുഞ്ഞിന്റെ ഉപ്പയായ ആഹ്ലാദത്തോടെ മോള്‍ക്ക് നിന്റെ കണ്ണും മൂക്കും വാര്‍ത്തു വെച്ചതാണെന്ന് ഹാജറയുടെ ചെവിയില്‍ പറഞ്ഞാണ് ഷംസുദ്ധീന്‍ പ്രവാസ ത്തിലേക്ക് കടല്‍ താണ്ടിയത്. കടലറ്റം വരെ മോളുടെ കരച്ചില്‍ തിരമാല പോലെ ചെവിയിലേക്കലച്ചത് ഇന്നും ഓര്‍ക്കുന്നുണ്ട് ഷംസുദ്ധീന്‍. 

മോള്‍ക്കിപ്പോള്‍ കെട്ടുപ്രായം. 

താഴെയുള്ളവര്‍ സ്‌കൂള്‍പഠനം തുടരുന്നു. അവരുടെ വളര്‍ച്ചക്കിടയില്‍ എണ്ണിത്തിട്ടപ്പെടുത്തിയ അവധിദിനങ്ങളി ല്‍ നാട്ടിലേക്കും തിരിച്ചും പറന്നിറങ്ങിയത് ഒരുപാട് തവണ. വര്‍ഷങ്ങളുടെ ഇലപൊഴിക്കലുകള്‍ക്കിടയില്‍ തറവാട്ടില്‍ നിന്നും ജീവിതം ചെറുതും മനോഹരവുമായ, സ്വന്തമായി പണിത വീട്ടിനുള്ളിലേക്ക് പറിച്ചു നടപ്പെട്ടു. പുതിയ അയല്‍വാസികള്‍.. പുതിയ കാറ്റ്.. മുറ്റത്തുനിന്ന് പുതിയ ആകാശം നോക്കി കുട്ടികള്‍ സന്തോഷിച്ചു. ഇതിനിടെ ചടുപിടീയെന്ന അവസ്ഥയില്‍ മോളുടെ വിവാഹവും നടന്നിരുന്നു.

വര്‍ഷങ്ങളായി പരിചയമുള്ള ഒരദ്ധ്യാപകന്റെ ഏകമകനാണ് മകളുടെ ജീവിതത്തിലേക്ക് വന്നത്. സര്‍ക്കാര്‍ ഉദ്യോ ഗവുമുണ്ട്. കുടുംബവും ചുറ്റുപാടും ഏറെ ഇഷ്ടപ്പെട്ടു. മകള്‍ പുതിയ ഇടത്തിലേക്ക് പട്ടുസാരിയുമണിഞ്ഞ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മനസ്സ് വിമ്മിട്ടത്തോടെ ആഹ്ലാദിച്ചു. ദീര്‍ഘസുമംഗലീസൗഭാഗ്യം മനസ്സാ നേര്‍ന്നു.

വര്‍ഷങ്ങളൊരുപാടായില്ലെ.. ഇനി നാട്ടില്‍ തന്നെ ചെറിയ എന്തെങ്കിലും ഏര്‍പ്പാടുമായി ജീവിച്ചൂടെ എന്ന പലരു ടെയും ചോദ്യമാണ് പ്രവാസത്തിന് അടിവരയിടാന്‍ പ്രേരിപ്പിച്ചത്. 
ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കനമില്ലാത്ത ഒരാള്‍ മണല്‍നഗരത്തില്‍ ലഭ്യമായ കയ്പ്പുനീരെല്ലാം നൊട്ടിനൊണഞ്ഞ് ജീവിതത്തോണി അല്ലലില്ലാതെ കരയ്ക്കടുപ്പിച്ചിരിക്കുന്നു. 

എന്നാലും എവിടെയോ കണക്കുകള്‍ പിഴച്ചിരിക്കുന്നു എന്നൊരു തോന്നല്‍.. 

സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇടയ്ക്കിടെ മനസ്സിലേക്കിഴഞ്ഞെത്തുന്നു. ഹാജറയുടെ ചിലനേരത്തെ പെരുമാറ്റമാണ് ആ വാക്കുകള്‍ ഇടയ്ക്ക് അറിയാതെ മനസ്സില്‍  നുരയാന്‍ ഹേതുവാകുന്നത് 

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ ചെന്നു കയറിയ നേരം. 

വീടിന്റെ നിറം മങ്ങിത്തുടങ്ങിയ വാതിലും ജനലും ചുമരുമൊക്കെ പെയിന്റടിച്ചു മിനുക്കുന്ന രണ്ടു ചെറുപ്പക്കാ രോട് സുഹൃത്ത് തട്ടിക്കയറുന്ന നേരത്താണ് അവിടെയെത്തിയത്. നാലുദിവസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഏഴു ദിവസമായിട്ടും തീരാത്തതിന്റെ നിരാശയില്‍ സമനില തെറ്റി എന്തൊക്കെയോ പുലഭ്യം പറയുന്നുണ്ടവന്‍. ഷംസുദ്ധീന് മികച്ച മോഡറേറ്ററാകേണ്ടതായി വന്നു പ്രശ്‌നം പരിഹരിക്കാന്‍. 
ജോലിക്കാരുടെ ലഭ്യതക്കുറവ് ശരിക്കറിയാവുന്നത് കൊണ്ട് ഇലയ്ക്കും മുള്ളിനും തകരാറ് വരാത്ത രീതിയില്‍ പ്രശ്‌നം രമ്യമായി പരിഹരിച്ച് അധികനേരം നില്‍ക്കാതെ സുഹൃത്തിനോട് യാത്രയും പറഞ്ഞ് റോഡിലെത്തിയപ്പോള്‍ ഹാജറയുടെ ആത്മഗതം.

പെയിന്റടിക്കാന്‍ ആളെക്കിട്ടാനില്ലാത്ത കാലമാ.. എണ്ണൂറും ആയിരവുമാ ദിവസക്കൂലി.. 

ഹാജറ എന്താണുദ്ധേശിച്ചതെന്ന് ഷംസുദ്ധീന് മനസ്സിലായി. ഒന്നും മിണ്ടാതെ റോഡില്‍ നിന്നും ബസ്‌സ്റ്റോപ്പിന്റെ തണലിലേക്ക് നടന്നു. വീട്ടിലെത്തുമ്പോള്‍ വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. 

മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അയല്‍വാസി ശാലിനിയേട്ത്തി ഹാജറയെ വിളിച്ചു. അവരങ്ങനെയാണ് എന്തത്യാവശ്യം വന്നാലും അടുക്കളഭാഗത്തേക്ക് നോക്കി നീട്ടിയൊരു വിളിയാണ്. ഹാജറ പ്രത്യേകമായ ഒരീണത്തില്‍ വിളി കേട്ട് ശാലിനിയേട്ത്തിക്കു മുമ്പിലെത്തും. 

അന്നേരം ശാലിനിയേട്ത്തിയുടെ പ്രശ്‌നം ടീവി പ്രവര്‍ത്തിക്കുന്നില്ല എന്നതായിരുന്നു. 
സീരിയലും പാട്ടുറിയാലിറ്റിയുമൊക്കെ മുടങ്ങിപ്പോവുമല്ലോ എന്ന ടെന്‍ഷന്‍ അവരുടെ മുഖത്ത് കറുത്തിരുണ്ടു. അവിടുന്നിറങ്ങി വന്ന് ഷംസുദ്ധീന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി ഏതോ നമ്പരിലേക്ക് വിരല മര്‍ത്തി ഹാജറ ഫോണ്‍ ചെവിയോട് ചേര്‍ത്തു. 
ആരോടെന്നറിയില്ല, ഇത്തിരിമാത്രമേ സംസാരിച്ചുള്ളൂ. ഹാജറയുടെ കയ്യിലെ ഫോണ്‍വെളിച്ചം അണയുന്നതിന് മുമ്പേ തന്നെ ഇലക്ട്രീഷ്യന്‍ സുകുമാരന്‍ ശാലിനിയേട്ത്തിയുടെ വീട്ടിനു മുമ്പില്‍ ടൂവീലറില്‍ വന്നിറങ്ങി. കൂടുതല്‍ സമയമെടുക്കാതെ പരിശോധനയും ചികിത്സയും കഴിഞ്ഞ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് സുകുമാരന്‍ അടുത്ത കേന്ദ്രത്തിലേക്ക് പറന്നു. 

എന്തോ ചെറിയ റിപ്പയറേ ഉണ്ടാര്ന്നുള്ളൂ.. തൊള്ളായിരം ഉറുപ്പ്യാ ശാലിനിയേട്ത്തിയോട് അയാള് വാങ്ങിയത്.. 

വീട്ടിനുള്ളിലേക്ക് കയറുന്നേരം ഹാജറയുടെ വാക്കുകള്‍. ഇപ്പം എലക്ട്രീസ്യനാവാ നല്ലത്.. കുറഞ്ഞ പണിയും കൂടുതല്‍ കാശും കിട്ടും.. ഒര് സ്‌കൂട്ടറ് വാങ്ങ്യാ ഏത് നേരത്തും എവിടേം പറന്നെത്താം..

വാക്കുകളെല്ലാം തന്റെ ചെവിയിലേക്കാണ് തിരുകി വെക്കുന്നതെന്ന് ഷംസുദ്ധീന് ബോധ്യമായി. ഒന്നും മിണ്ടാതെ കാറ്റിന്റെ മൂളലും കേട്ട് അകത്തേക്ക് കടക്കാതെ ഉമ്മറത്തിണ്ണയിലിരുന്നു. 

അടുത്ത നിമിഷം, ഇളയ മകന്‍ ട്യൂഷന്‍ഫീസ് കൊടുക്കാനുള്ള ഒടുക്കത്തെ തിയ്യതി നാളെയാണെന്ന് ഓര്‍മപ്പെടു ത്തിയിട്ട് ഏതോ ടെക്സ്റ്റ് ബുക്കും തുറന്നു പിടിച്ച് പഠിക്കുകയാണെന്ന ഭാവേന ടീവിയിലേക്കും ഇടയ്ക്ക് ഷംസുദ്ധീനെയും മാറിമാറി നോക്കി.

ആവി പറക്കുന്ന ചായ ഉമ്മറത്തിണ്ണയില്‍ വെച്ച് അപ്പുറത്ത് ഹാജറയിരുന്നു. 

പത്ത് കുട്ട്യേള്‍ക്ക് ട്യൂസന്‍ എട്ത്താല് ജീവിക്കാനുള്ള വരുമാനമൊക്കെ ഒണ്ടാക്കാം.. അറബി നാട്ടീ കഷ്ടപ്പെട്ട കാലത്ത് ഒര് പീടികമുറിയെങ്കിലും പണി കയിപ്പിച്ചിരുന്നെങ്കില് മാസാമാസം ആ വാടക പോരായ്‌രുന്നോ ജീവി ക്കാന്‍.. മന്‍ശ്യനായാല്‍ അല്‍പ്പം സുസ്‌കാന്തിയൊക്കെ വേണം.. അതില്ലായാല്‍ പിന്നെ എന്താ ചെയ്യ്വാ.. 

ഹാജറ തലയില്‍നിന്നും തട്ടമെടുത്ത് മുഖം അമര്‍ത്തി തുടച്ചു.

ഹാജറാ.. ചുമരിന് പെയിന്റടിക്കാനും ടീവീം ഫ്രിഡ്ജും റിപ്പയര്‍ ചെയ്യാനും തറയില്‍ ടൈല്‍സ് പാകാനുമൊക്കെ എനിക്കറിയാം.. ഗള്‍ഫ്‌നാടിന്റെ ചൂടിലുരുകി എന്തെല്ലാം വേഷങ്ങള്‍ ഞാന്‍ കെട്ടീട്ടുണ്ടെന്ന് നിനക്കറിയോ.. ഇനിയും അവിടുത്തെ വെള്ളം കുടിച്ചുതീര്‍ക്കാന്‍ യോഗംണ്ടെങ്കീ.. അതിനായി പടച്ചവന്‍ ആയുസ്സ് ബാക്കി വെച്ചേക്കണങ്കീ പിന്നെ.. ഇനിയുള്ള കാലം നാട്ടിലെന്ന ആഗ്രഹം.. സ്വപ്നമായി തന്നെ അങ്ങനെ...

ഹാജറയോട് പറയാന്‍ കരുതിയ വാക്കുകള്‍ ഉള്ളിലേക്കുരുട്ടി അയാള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അകത്തെ ഇരുട്ടിലേക്ക് തപ്പിത്തടഞ്ഞു. 

വിമാനയാത്രയുടെ അടയാളങ്ങളൊരുപാട് ഒട്ടിപ്പിടിച്ച കറുത്ത പെട്ടി തുറന്ന് അല്‍പ്പനേരത്തെ തിരച്ചിലിനൊ ടുവില്‍ പാസ്‌പോര്‍ട്ട് കയ്യിലെടുത്ത് നിറം മങ്ങിയ പുറംചട്ടയില്‍ വിറയലോടെ ഷംസുദ്ധീന്‍ ഒന്നുതടവി.. അയാ ളുടെ കണ്ണുകളിലെ തിളക്കം മാഞ്ഞു. 

പൊടുന്നനെ വീട്ടിനു പുറത്ത് പൊടിക്കാറ്റുയരുന്നതും മുകളിലൊരു യന്ത്രപ്പക്ഷി ചറകിട്ടടിക്കുന്നതും അയാളറിഞ്ഞു. സിഗരറ്റിന്റെയും ഖുബ്ബൂസിന്റെയും വിയര്‍പ്പിന്റെയും ഗന്ധമിറ്റിയ, ചിലയിടങ്ങള്‍ പിന്നിയടര്‍ന്ന കാര്‍പ്പറ്റില്‍ ചവിട്ടി നില്‍ക്കുന്ന തണുപ്പ് അയാളുടെ ദേഹമാകെ അരിച്ചു. 

അന്നേരം.. കാറ്റും മഴയും ഇടിയും മിന്നലും പേടിപ്പിച്ച, കൂട്ടില്ലാതെ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു തീര്‍ത്ത അനേകം രാത്രികളുടെ കറുപ്പ് ഹാജറയുടെ മുഖത്ത് പടര്‍ന്നു.
കവിളില്‍ കണ്ണീര്‍നനവ് ചാലു കീറി.
വീട്ടിനുള്ളില്‍ സഹിക്കാന്‍ കഴിയാത്ത തരത്തില്‍ ചൂടുയരുന്നതായി ഹാജറയ്ക്ക് തോന്നി. അവള്‍ ഓടിച്ചെന്ന് ഷംസുദ്ധീനെ വാരിപ്പുണര്‍ന്ന് അയാളുടെ മാറില്‍ മുഖമൊട്ടിച്ചു വെച്ച് ശബ്ദമില്ലാതെ കരയാന്‍ തുടങ്ങി. 

*******

മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്, സൗദി അറേബ്യ, 2015 nov. 15