Saturday, June 23, 2012

അതിഥി ദേവോ ഭവ'സ്വര്‍ണ്ണത്തിന് പിന്നേയും വില കൂടിയിരിക്കുന്നു..'
അയാള്‍ നിര്‍ത്താതെ സംസാരിക്കുകയാണ്.
ഞാന്‍ മറുപടിയൊന്നും പറയാതെ അസ്വസ്ഥത പ്രകടിപ്പിച്ച് വാച്ചിലേക്ക് നോക്കി.
ഉച്ചക്ക് മുമ്പത്തെ സൂപ്പര്‍സ്റ്റാര്‍ ചിത്രം.. പിന്നെ,
ഭാര്യയുടെ ബന്ധത്തിലൊരു വിവാഹനിശ്ചയം..
വൈകുന്നേരം തിരിച്ചു വന്ന ശേഷം രണ്ടുമൂന്ന് സീരിയലും
ഒരു കോമഡി സിനിമയും...
ഇന്നെല്ലാം കൊളമാവും.. തീര്‍ച്ച!
അയാള്‍ സോഫയില്‍ അമര്‍ന്നിരുന്ന് ആദ്യമായി ഭൂമിയില്‍ വരുന്ന അന്യഗ്രഹവാസിയെ പോലെ ചുറ്റും എന്തെല്ലാമോ തിരയുന്നു.
അയാളുടെ കണ്ണില്‍ പെടാതെ അകത്തുനിന്നും ഭാര്യ നേരം പോകുന്നതിന്‍റെ സൂചനകളായി ചില മുദ്രകള്‍..
ആരെങ്കിലും ഫോണ്‍ ചെയ്താല്‍ ഇന്ന് വീട്ടിലുണ്ടാവില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ശീലം..
ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരവതാരം..
മരിച്ചു പോയ അമ്മയുടെ..ഏതോ..
വീട്ടിലൊരാള്‍ കയറി വരിക എന്നത്  വഴിയരികില്‍ ഏതെങ്കിലും
ജീവിയുടെ ചീഞ്ഞു നാറുന്നു ജഡം കാണുന്ന പോലെ..
'..ടീവി ഓണ്‍ ചെയ്യ്..വാര്‍ത്ത..'
മുഖത്ത് ചിരി നിറച്ച് പ്രതീക്ഷയോടെ അയാള്‍.
ഫ്രിഡ്ജ് തുറന്ന് ജ്യൂസ് ഗ്ളാസ്സിലൊഴിച്ച് അയാളുടെ മുമ്പില്‍ വെച്ചു.
'..ഭാര്യയെ കണ്ടില്ലല്ലോ..'
അയാളുടെ നെറ്റിയില്‍ ഏതാനും വരകള്‍..!
ഭാര്യ...!!!
അന്നേരം ഉള്ളിലൊരു മിന്നായം.
'..അവള്‍ അകത്തുണ്ട്.. രണ്ടു ദെവസ്വായി കെടപ്പിലാ..
ഇപ്പോഴത്തെ ഓരോരോ പനികളല്ലേ..  ആശുപത്രീന്ന് എറങ്ങാന്‍ നേരംല്ല്യാണ്ടായി..'
അയാള്‍ ജ്യൂസ് മുഴുവന്‍ കുടിച്ചു തീര്‍ത്തോ എന്നു ഞാന്‍ ശ്രദ്ധിച്ചില്ല.. ഉമ്മറപ്പടിയില്‍ അഴിച്ചു വെച്ച ചെരിപ്പിടുന്നതും കണ്ടില്ല.
ഗേറ്റിന്‍റെ  ഇരുമ്പൊച്ച കാതില്‍ ഉരഞ്ഞപ്പോള്‍ മനസ്സിലായി
അയാള്‍ നടവഴിക്കപ്പുറം മാഞ്ഞു പോയെന്ന്..!
അകത്തു നിന്ന് വെളിച്ചത്തിലേക്ക് വന്ന ഭാര്യയെന്നെ ചുറ്റിപ്പിടിച്ചു.
'..ഇനി റിസ്ക്കെടുക്കേണ്ട.. ഗേറ്റടച്ചേക്കാം...'

----------------------------------------------------------------------------------------
വാരാദ്യ മാധ്യമം 2010

Thursday, June 14, 2012

രക്ത സാമ്രാജ്യം


ദൈവത്തിന്‍റെ നാട്ടില്‍ ചെകുത്താന്‍ കുടിയേറ്റം നടത്തുന്നു.
പൂവിളിയുടെ നാട്ടില്‍ കൊലവിളിയുടെ ചെമ്പൂക്കള്‍ മാത്രം.
പരസ്പ്പരം സ്നേഹിച്ചിരുന്നവര്‍
ദുര മൂത്ത് ആയുധപ്പനിയില്‍ പൊള്ളി വിറയ്ക്കുന്നു..ഒരു കാലത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുനീളനേരവും സജീവമായി രുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയാണ് ഇന്ന് നാടിനെ ബാധിച്ച മഹാരോഗം.
സ്വന്തം പൈതലിന് പിതാവും അമ്മയ്ക്ക് മകനും ഭാര്യക്ക് ജീവിത പങ്കാളി യെയും ഇല്ലാതാക്കി പടുത്തുയര്‍ത്തുന്ന രാഷ്ട്രീയ സാമ്രാജ്യം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. 

ഏതു പ്രസ്ഥാനവും വിഭാവനം ചെയ്യുന്നത് പ്രഥമമായി സാധാരണക്കാരന്‍റെ സമാധാനവും ജീവിക്കാനുള്ള അവന്‍റെ സ്വാതന്ത്യ്രവും തന്നെയാണ്. അതുകൊണ്ടു തന്നെ എന്തെന്തു പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും ഒരാള്‍ നടുറോഡില്‍ രക്തം തെറിപ്പിച്ച് പിടഞ്ഞു വീഴുമ്പോള്‍ അനാഥമാക്കപ്പെടു ന്നത് ഒരു കുടുംബമാണെന്ന സത്യം ആരും മറന്നുകൂടാ..
കൊലവാള്‍മിനുപ്പിലെ രക്തക്കറകള്‍ കണ്ട് പുതിയ തലമുറ അരാജകവാദി കളായി വളര്‍ന്നു വരണമോ എന്ന് നാം ഉറക്കെ ചിന്തിക്കേണ്ട സമയമാണ് നമുക്ക് മുമ്പിലുള്ളത്. 
നമ്മുടെ പ്രദേശങ്ങളില്‍ നിന്നും കുറ്റിയറ്റുപോയ നന്‍മയിലധിഷ്ഠിതമായ യുവകൂട്ടായ്മകള്‍ വീണ്ടും സക്രിയമാക്കേണ്ടതിന്‍റെ പ്രാധാന്യം ഗൌരവ പൂര്‍വ്വം പരിഗണിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമെത്തി നില്‍ക്കുന്നത്. സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു ചെറുത്തു നില്‍പ്പിന്‍റെ ആവശ്യകത ഏവരും ബോധ്യപ്പെടേണ്ടതുണ്ട്. 
പരസ്പ്പരം തിരിച്ചറിയാത്തവരായി അയല്‍പ്പക്കബന്ധങ്ങള്‍ പോലും മാറു മ്പോള്‍ ദുരുദ്യേശത്തോടെ നമുക്കിടയിലേക്ക് നുഴഞ്ഞു കയറുന്ന അപരിചിത ന്‍റെ, അത് വാടകക്കൊലയാളിയാവാം.. സ്ത്രീപീഢകനാവാം, അങ്ങനെ ആരുമാ വാം. ആ കൌടില്യം മനസ്സിലാക്കാനും അയാളെ ചോദ്യം ചെയ്യാനും അത്തരം നീചശക്തികളെ നിസ്സങ്കോചം പ്രതിരോധിക്കാനും ചങ്കൂറ്റമുള്ള കാലാള്‍പ്പടയി ല്ലാത്ത നാടും നാട്ടിന്‍പുറവുമാണ് കേരളത്തിന്‍റെ ഇന്നത്തെ ശാപം.  
ഈയൊരു നഷ്ടപ്പെടലിനെ സ്വന്തം നേട്ടങ്ങള്‍ക്കായി ബുദ്ധിപൂര്‍വ്വം ഉപയോഗ പ്പെടുത്തുന്ന രാഷ്ട്രീയ കാപാലികരുടെ വക്രബുദ്ധി തിരിച്ചറിയാത്തിടത്തോളം കാലം കേരളത്തിന്‍റെ മണ്ണ് മനുഷ്യരുടെ ചുടുചോരയും കണ്ണീരും വീണ് നനഞ്ഞു കൊണ്ടേയിരിക്കും.

Tuesday, June 5, 2012

കൃതജ്ഞത തന്നെ, ശ്രേഷ്ഠപ്രതിഫലം


ഏറെ ആഹ്ളാദിക്കുന്ന ഒരു കാര്യം
ലോകത്തിന്റെ ഏതുകോണിലുമുള്ള ചിലരെയെങ്കിലും
ചികിത്സിക്കാനായി എന്നതാണ്.
അവനവന്റെ ജീവിതത്തിലെ വെളിച്ചമായ
കണ്ണിന്റെ സംരക്ഷണത്തിനായി നല്‍കുന്ന
ഉപദേശങ്ങള്‍ ശിരസ്സാവഹിച്ച് പടിയിറങ്ങുന്ന മനുഷ്യന്റെ
അത് അഫ്ഗാനിയാവട്ടെ, സൊമാലിയക്കാരനാവട്ടെ
അവരുടെ മുഖത്ത് വിരിയുന്ന കൃതജ്ഞത
പ്രവാസ ജീവിതകാലത്തെ ആരോഗ്യപ്രവര്‍ത്തനത്തിനുള്ള
ശ്രേഷ്ഠമായ പ്രതിഫലമായാണ് കരുതുന്നത്.


ഡോ. എ.വി. ഭരതന്‍

നാട്ടില്‍ നിന്നും സൌദിഅറേബ്യയിലെത്തുന്ന ഏതൊരു ഇന്ത്യന്‍ ഡോക്ടറെ യും പോലെ ആദ്യകാല ദിനങ്ങള്‍ കുറെയൊക്കെ ആശങ്ക നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും ഇവിടുത്തെ നിയമങ്ങളുടെ കാഠിന്യത്തെക്കുറിച്ചുള്ള പുറം ലോക പ്രചാരണങ്ങള്‍. പുതിയ പോളിക്ളിനിക്കായതിനാല്‍ അവിടുത്തെ അപര്യാപ്തതകളും ക്ളിനിക്കിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ നിറഞ്ഞ അന്തരീക്ഷവും പ്രവാസജീവിതത്തിന്റെ തുടക്കം അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ, അധികം വൈകാതെ ആ അസ്വസ്ഥതകള്‍ ശുഭ ചിന്തകള്‍ക്ക് വഴിമാറി. പ്രവാസിസമൂഹത്തില്‍ നിന്ന് സ്ഥാപനത്തിന് ലഭിച്ച പിന്തുണയും സ്ഥാപന നടത്തിപ്പില്‍ മാനേജ്മെന്റിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണവും എടുത്ത് പറയേണ്ടതായിട്ടുണ്ട്. പ്രവാസി സംഘടനകളും സ്ഥാപനത്തിന് മികച്ച സഹക രണം നല്‍കി. സാമൂഹ്യജീവിതത്തിനുള്ള പരിമിതികള്‍ സ്ഥാപനത്തിലെ ഡോക്ടറുടെയും ജീവനക്കാരുടെയും കൂട്ടായ്മയില്‍ കുറെയൊക്കെ പരിഹരി ക്കപ്പെട്ടു. ഇപ്പോഴും ഈ ഘടകങ്ങളെല്ലാം തന്നെയാണ് സൌദിയിലുള്ള പ്രവാസി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ തന്നെ തുടരാന്‍ പ്രചോദന മാകുന്നത്.

ഇത് പറയുന്നത് റിയാദിലെ പ്രവാസി സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ട നേത്ര രോഗ വിദഗ്ദന്‍ എ.വി. ഭരതന്‍. ക്ളിനിക്കില്‍ തന്നെത്തേടിയെത്തുന്ന രോഗി കള്‍ക്കായി ദിവസത്തിന്റെ ഏറിയ പങ്കും മാറ്റിവെക്കുന്ന ഇദ്ദേഹം കൃത്യ നിഷ്ഠ എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ ചുറ്റുമുള്ളവര്‍ക്ക് വരച്ചു കാട്ടു ന്നു.

1975ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് സഹകരണ ആശുപത്രിയിലായിരുന്നു ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തിന്റെ തുടക്കം. ആറുമാസം കഴിഞ്ഞപ്പോള്‍ സ്വന്തം പ്രദേശത്തിനടു ത്തുള്ള കാലിക്കടവില്‍ ഒരു ക്ളിനിക്ക് തുടങ്ങി. ‘ദയാ’ ക്ളിനിക്ക് എന്നായിരുന്നു പേര്.
അവശരായ രോഗികളെ വീട്ടില്‍ വെച്ച് തന്നെ പരിശോധിക്കാന്‍ ഡോക്ടറെ വിളിച്ചുകൊണ്ടു പോകുന്ന രീതി അന്ന് സര്‍വ്വസാധാരണമായിരുന്നു. യാത്രാസൌകര്യങ്ങള്‍ തീരെ കുറവായതിനാല്‍ മിക്കവാറും കാല്‍നടയായി തന്നെയായിരുന്നു രോഗികളുടെ വീട്ടിലേക്കുള്ള യാത്ര. രാത്രികാലങ്ങളില്‍ പല തവണ വിവിധ ദിക്കുകളിലേക്ക് നാഴികകളോളം നടന്നു പോകേണ്ടിയിരുന്നു. അല്ലെങ്കില്‍ വിവരമറിയിച്ചു വരു ന്ന രോഗിയുടെ ബന്ധുവിന്റെയൊ സുഹൃത്തിന്റെയൊ കൂടെ സൈക്കിളില്‍. മുന്‍വശത്തെ തണ്ടില്‍ ഡോക്ടറും പിറകിലെ സീറ്റില്‍ മരുന്നുപെട്ടിയും വഹിച്ചുള്ള ആ ‘സൈക്കിള്‍ ആംബുല ന്‍സ്’ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞിരിക്കുന്നു. അക്കാലത്തെ ഡോക്ടര്‍മാരുടെ ജനകീയതയ്ക്ക് ഏറ്റവുമധികം കാരണമായിരുന്നത് ‘ഹൌസ് കാള്‍’ എന്ന ഓമനപ്പേരുള്ള ഇത്തരം ദുരിതയാത്രകളായിരുന്നു.

1977ല്‍ കേരള ആരോഗ്യവകുപ്പില്‍ അസി. സര്‍ജനായി ചേര്‍ന്നു. ആദ്യത്തെ നിയമനം കര്‍ണാടക  സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന മലയോര കുടിയേറ്റ കേന്ദ്രമായ പാണത്തൂര്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തില്‍. അക്കാലത്തെ എല്ലാ കുടിയേറ്റ മേഖലയെയും പോലെ തീര്‍ത്തും അടിസ്ഥാനപരമായ യാതൊരു സൌകര്യങ്ങളുമില്ലാത്ത കുഗ്രാമം. ഒരു മെഡിക്കല്‍ഷോപ്പ് കാണണമെങ്കില്‍ 28 കിലോമീറ്റര്‍ അകലെ. എക്സ്റേ, രക്തപരിശോധന തുടങ്ങിയവയ്ക്ക് അമ്പത് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട്ടെത്തണം. ഏകദേശം മുപ്പത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തിന് ആധുനിക ചികിത്സയ്ക്ക് ആശ്രയിക്കാവു ന്ന ഒരേയൊരു കേന്ദ്രം ആയിരുന്നു അത്. ഡിസ്പന്‍സറി സ്ഥാപിച്ച് എട്ടു മാസത്തിനുള്ളില്‍ ആറു ഡോക്ടര്‍മാര്‍ ചാര്‍ജ്ജ് എടുത്തയുടനെ സ്ഥലം വിട്ടി രുന്നു. ഏഴാമനായി എത്തിപ്പെട്ട ഡോക്ടര്‍ അവിടെതന്നെ തുടരുമെന്ന് ജനങ്ങ ള്‍ക്ക് ബോധ്യമായപ്പോള്‍ അവരുടെ നിസ്സംഗത മാറി.

‘നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം’ എന്ന കവിവചനം ബോധ്യമായ ദിനരാത്രങ്ങളായിരുന്നു അത്. അവിടുത്തെ പള്ളിവികാരി ഫാ. ജോസഫ് മേലേ ടത്തിന്റെയും എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സഹകരണ ത്തോടെ സ്വന്തമായ ആശുപത്രികെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗ മായി ആ പഞ്ചായത്തിലെ വീടുകളിലെല്ലാം പണപ്പിരിവിനായി കയറിയിറ ങ്ങിയത് ജനങ്ങളുമായി ആത്മ ബന്ധം അരക്കിട്ടുറപ്പിക്കുവാന്‍ സഹായിച്ചു. മൂന്നര വര്‍ഷത്തിനു ശേഷം സ്ഥലംമാറ്റം ലഭിച്ച് അവിടുന്ന് പോരുമ്പോള്‍ ആ ഗ്രാമം മുഴുവന്‍ ചേര്‍ന്നു നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പ് ഇന്നും ജീവിത ത്തില്‍ മറക്കാനാവാത്ത അനുഭവമായി നിറഞ്ഞു നില്‍ക്കുന്നു.
പിന്നീട് ദീര്‍ഘകാലം ജോലി ചെയ്ത ഉദുമ, കൊയിലാണ്ടി, കാസര്‍കോഡ് എന്നിവിടങ്ങളിലെ ഗവ: ആശുപത്രികളിലെല്ലാം പാണത്തൂരിലെ ആദ്യകാല അനുഭവങ്ങള്‍ ഒരു ജനറല്‍ പ്രാക്ടീഷറെന്ന നിലയ്ക്കും പിന്നീട് നേത്രരോഗ വിദഗ്ദന്‍ എന്ന നിലയ്ക്കും വലിയ പ്രചോദനമായിരുന്നു. രണ്ടു പതിറ്റാണ്ടി ലധിക കാലത്തെ ഗവ: സര്‍വ്വീസിനു ശേഷം മൂന്നുമാസം കണ്ണൂര്‍ ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ ചാര്‍ജ്ജ് കൂടി വഹിച്ച ശേഷമാണ് സ്വയം വിരമിച്ചത്.

മുപ്പത്തിയാറു വര്‍ഷത്തെ ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും വ്യക്തികളും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയില്‍ മങ്ങാത്ത ഓര്‍മയായി ഇന്നും തെളിയുന്നത് ഉദുമ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ഒരു സംഭവമാണ്. പ്രണയ വിവാഹത്തിനു ശേഷം ഉദുമയിലെത്തിയ ബോംബെക്കാരി യുവതി പ്രസവാ നന്തരമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി. ഏതാണ്ട് നാഡിമിടിപ്പു പോലും നിലച്ച നിലയില്‍ ആ യുവതിയെ 20 കിലോമീറ്ററില ധികം ദൂരമുള്ള (ചന്ദ്രഗിരിപ്പാലം പണിയുന്നതിനു മുമ്പ്) കാസര്‍കോഡ് നഴ്സിംഗ് ഹോമിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയ നടത്തി, എട്ടു കുപ്പി രക്തം നല്‍കി രക്ഷപ്പെടുത്തുകയും ചെയ്ത അനുഭവം മറക്കാനാവാത്ത ത്. അവര്‍ക്കു നല്‍കിയ എട്ടു കുപ്പിയിലൊന്ന് സ്വന്തം രക്തമാണെന്നത് ഇന്നും ചാരിതാര്‍ത്ഥ്യം തോന്നുന്നു. പിന്നീട് ആ കുടുംബം കുഞ്ഞിന് പേരിടാനായി ഡോക്ടറുടെ വീട്ടിലെത്തുകയും പ്രിയ എന്നു പേരിട്ടതുമെല്ലാം അദ്ദേഹം ഒരു ചെറുപുഞ്ചിരി യോടെ ഓര്‍മിച്ചെടുക്കുന്നു.

പരിശോധന സമയം

സൌദിഅറേബ്യയിലെ പ്രവാസികളെ സംബന്ധിച്ചേടത്തോളം ഇവിടുത്തെ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന ‘മനുഷ്യപ്പറ്റ്’ നല്‍കുന്ന സാന്ത്വനം ചെറുതല്ല. റിയാദിലെ, വിശിഷ്യാ ബത്ഹയിലെ  പോളിക്ളിനിക്കുകളിലേക്കുള്ള പ്രവാസികളുടെ പ്രവാഹം (പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളില്‍) ഈ രംഗത്ത് വറ്റാതിരിക്കുന്ന ജീവകാരുണ്യ സ്പര്‍ശത്തിന്റെ തെളിവാണ്. സൌദിയിലെ ആരോഗ്യസേവന രംഗത്തുള്ള കര്‍ശനമായ നിയമനിയന്ത്രണ സംവിധാനങ്ങള്‍, ആതുരാലയങ്ങള്‍ നടത്തുന്നവരുടെ സാമൂഹ്യ പ്രതിബദ്ധത, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ അനേകം സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടലുകള്‍, സംഘടനകളുമായി ഡോക്ടര്‍മാരുടെ സഹവര്‍ത്തിത്വം നിറഞ്ഞ പ്രവര്‍ത്തന രീതി തുടങ്ങിയവയെല്ലാം ഗള്‍ഫ് മേഖലയിലെ ചികിത്സാരംഗത്തെ കൂടുതല്‍ ജനകീയവും നന്‍മ നിറഞ്ഞതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതായി അദ്ദേഹം പറയു മ്പോള്‍ അത് ഒരു യാഥാര്‍ത്ഥ്യമെന്ന് നമുക്കും ബോധ്യപ്പെടും.

പ്രവൃത്തിയാണ് ആരാധന എന്ന ഗാന്ധിവചനം ജീവിതത്തില്‍ പകര്‍ത്തിയവ രാണ് പ്രവാസികള്‍ എന്നാണ് ഡോക്ടറുടെ അഭിപ്രായം. നാടിനും കുടുംബ ത്തിനുമായി സര്‍വ്വതും ത്യജിച്ചുള്ള ജീവിതം. സാധാരണക്കാരുടെ ജീവിതക്ളേ ശങ്ങളെ നാട്ടിലേതിനെക്കാള്‍ നേരിട്ട് അറിയാനാവുന്നു എന്നതാണ് ഗള്‍ഫ് ജീവിതത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ നിതാന്ത ശത്രുക്കളായ രാജ്യ ങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും യാതൊരു കുഴപ്പവുമില്ലാതെ സഹോദര തുല്യമായ സ്നേഹത്തോടെ കഴിയുന്ന അത്ഭുതക്കാഴ്ചയും പ്രവാസജീവിത ത്തില്‍ മാത്രം കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമെന്ന് ഡോക്ടര്‍ അടിവരയിടു ന്നു. ഒപ്പം തന്നെ പ്രവാസജീവിതത്തിന്റെ മറ്റൊരു നേട്ടം സ്ഥിരോത്സാഹത്തി ലൂടെയും കഠിനപ്രയത്നത്തിലൂടെയും ഏതു ദുര്‍ഘട ജീവിത സാഹചര്യങ്ങളെ യും അതിജീവിക്കാനാവും എന്ന പാഠം ഓരോരുത്തരും മനസ്സിലാക്കുമെന്ന താണ്.

അതുപോലെ ഏറെ ആഹ്ളാദിക്കുന്ന ഒരു കാര്യം ലോകത്തിന്റെ ഏതു കോണിലുമുള്ള ചിലരെയെങ്കിലും സ്വന്തം കൈകൊണ്ട് ചികിത്സിക്കാനായി എന്നതാണ്. അവനവന്റെ ജീവിതത്തിലെ വെളിച്ചമായ സ്വന്തം കണ്ണിന്റെ സംരക്ഷണത്തിനായി നല്‍കുന്ന ഉപദേശങ്ങള്‍ ശിരസ്സാവഹിച്ച് പടിയിറങ്ങുന്ന മനുഷ്യന്റെ അത് അഫ്ഗാനിയാവട്ടെ, സൊമാലിയക്കാരനാവട്ടെ അവരുടെ മുഖത്ത് വിരിയുന്ന കൃതജ്ഞത പ്രവാസ ജീവിതകാലത്തെ ആരോഗ്യപ്രവര്‍ ത്തനത്തിനുള്ള ശ്രേഷ്ഠമായ പ്രതിഫലമായാണ് കരുതുന്നത്. കൂടുതല്‍ അനുഭാവം തോന്നിയ സമൂഹം ഇവിടുത്തെ ബംഗ്ളാദേശി പൌരന്‍മാരാണ്. സാംസ്ക്കാരികമായും സാമൂഹികപരമായും ഇനിയുമൊരുപാട് മുന്നേറാനു ണ്ട് ഇവര്‍.

റിയാദില്‍ സഫാമക്ക ഗ്രൂപ്പില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി സേവനം നട ത്തുന്ന ഇദ്ദേഹം ഇപ്പോള്‍ ന്യൂ സഫാമക്ക പോളിക്ളിനിക്കിലെ നേത്രരോഗ വിദഗ്ദ നും മെഡിക്കല്‍ ഡയറക്ടറുമാണ്.
നാട്ടിലും ഇവിടെയുമായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോക്ടര്‍. റെഡ്ക്രോസ് സൊ സൈറ്റി, അന്ധതാ നിവാരണ സമിതി, കാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയ സേവന സംഘടനക ളുമായി മുമ്പ് സജീവമായി സഹകരിച്ചിരുന്നു. റിയാദില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പയ്യ ന്നൂര്‍ സൌഹൃദവേദി തുടങ്ങിയവയിലൂടെ ജനസേവന വഴിയില്‍ ഒഴിവു സമയം സക്രിയമാക്കുന്നു. കൂടാതെ സാംസ്ക്കാരിക സംഘടനകളും വിദ്യാ ഭ്യാസ സ്ഥാപനങ്ങളും വഴി സൌജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘ ടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാരഥികളുടെയും സഹപ്രവര്‍ത്തകരുടെയും നിസ്സീമമായ സഹകരണം തനിക്ക് ഉള്‍ക്കരുത്തേകുന്നുവെന്ന് ഡോക്ടറുടെ കൃതജ്ഞത നിറഞ്ഞ വാക്കു കള്‍.
പ്രൊഫ: എം.പി. മന്‍മഥന്‍ സ്ഥാപിച്ച അക്ഷയ പുസ്തകനിധിയുടെ 2010ലെ ആരോഗ്യ സേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ‘അക്ഷയ ഗ്ളോബല്‍ അവാര്‍ഡ്’ ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ഡോക്ടറെത്തേടിയെത്തിയി ട്ടുണ്ട്.
ജനനം കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരില്‍. പിതാവ് രാമന്‍, മാതാവ് പാട്ടി യമ്മ. ഭാര്യ പ്രമീള. മക്കള്‍ നിമിത (സിവില്‍ എഞ്ചിനീയര്‍), സുമിത (വെല്ലൂര്‍ മെഡിക്കല്‍ കോളേജ്), പ്രമിത (ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ബാംഗ്ളൂര്‍). എറണാകുളം ആംഗിള്‍പ്ളസ് കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡി. സുജേഷ് മരുമകനാണ്.
കക്ഷിരാഷ്ട്രീയവുമായി സജീവമായ ബന്ധമൊന്നുമില്ലെങ്കിലും ഗാന്ധിയന്‍ ആശയങ്ങളോടാണ് പ്രതിപത്തി. ഇന്ത്യ മറക്കുന്നതും ലോകം കൊതിക്കുന്നതും ഗാന്ധിയന്‍ മാര്‍ഗ്ഗമാണെന്നാണ് ഡോക്ടറുടെ അഭി പ്രായം.


ന്യൂ സഫാമക്ക കുടുംബ സംഗമത്തില്‍ ക്ളിനിക്ക് ഡയറക്ടര്‍ 
സാലെഹ് അല്‍ ഖര്‍ണി ഡോ. ഭരതന് മെമെന്റോ സമ്മാനിക്കുന്നു 

---------------------------------------------------------------------------
2012 ജൂണ്‍ 3,  മലയാളം ന്യൂസ്, സണ്‍ഡേ പ്ലസ്  
--------------------------------------------------------------------------------------------