Tuesday, August 26, 2014

കണ്ണാടിപ്പേടി


പുരാതനമായ
തറവാടായിരുന്നു എന്റേത്.
അവിടെ എനിക്കു മാത്രമായി ഒരു മുറി.

എഴുതാനും  വായിക്കാനും  ചിന്തിക്കാനും 
കനം നിറഞ്ഞ ശാന്തത.

ഈയിടെ മുറിച്ചുമരില്‍
ഞാനൊരു കണ്ണാടി  തൂക്കി.

പിന്നീട് ഞാനാ  മുറിയിലേക്ക്
കയറിയിട്ടേയില്ല.

*****************************************************************************

Saturday, August 16, 2014

ഒരു ഇന്ത്യന്‍ കല്ല്യാണക്കഥ


കോട്ടക്കലിലെ ലോഡ്ജിലായിരുന്നു
താമസ സൗകര്യമേര്‍പ്പെടുത്തിയിരുന്നത്. 
അവിടെ നിന്നും രാവിലെ തന്നെ കുളിച്ചൊരുങ്ങി
വസ്ത്രത്തിനു  മുകളില്‍ കറുത്ത ബിശ്ത് ധരിച്ച്,
ഊദിന്റെ അത്തറൊക്കെ പുരട്ടി കല്ല്യാണപ്പന്തലിലെത്തിയപ്പോള്‍  മണവാളനേക്കാൾ  ശ്രദ്ധാകേന്ദ്രമായി താന്‍ മാറുന്നതില്‍
തെല്ല് ജാള്യത തോന്നിയെങ്കിലും ചിരി ഉള്ളിലൊതുക്കി
ഇത്തിരി  ഗൗരവം ഭാവിച്ച് 
ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബി അങ്ങനെയിരുന്നു.



ഒരു ഹിന്ദിയുടെ കല്ല്യാണച്ചടങ്ങില്‍ പങ്കാളിയാവണം..
കല്ല്യാണവീടിന്റെ ബഹളപ്പെരുക്കങ്ങളില്‍ ചേര്‍ന്നു നില്‍ക്കണം..
ഭാരതമണ്ണിന്റെ പച്ചപ്പും ആതിഥ്യനിറവുകളും ആവോളം നുകരണം..
ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബിയുടെ ഏറെ നാളത്തെ ആഗ്രഹം. 

നൂറോളം വരുന്ന ജോലിക്കാരില്‍ ഏതെങ്കിലുമൊരാളുടെ വിവാഹാവധിക്കു ള്ള അപേക്ഷ കൈപ്പറ്റുമ്പോള്‍ മനസ്സിലോര്‍ക്കും ഈ കല്ല്യാണത്തിന് എങ്ങനെ യെങ്കിലും ഇന്ത്യയില്‍ പോകണമെന്ന്. കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച് യാത്രയൊരുക്കങ്ങള്‍ നടത്തുമ്പോള്‍ തട്ടിമാറ്റാന്‍ കഴിയാത്ത എന്തെങ്കിലും തടസ്സ ങ്ങള്‍ വന്നുചേരും.
കാലങ്ങളോളം ഉള്ളിന്റെയുള്ളില്‍ ചേക്കേറിയ സ്വപ്നത്തിന്  പിന്നീട് നിറക്കൂട്ട് നല്‍കി സാക്ഷാത്ക്കരിക്കാന്‍ നിമിത്തമായത് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി സ്വദേശി നൗഫലിന്റെ വിവാഹം.

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്യ്രദിനാഘോഷത്തിന്  ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് എവിടെയോ വായി ച്ചറിഞ്ഞപ്പോഴാണ്  റിയാദിൽ സൈനികനും  ദവാദ്മിയിലെ അഫ്ഖര സ്വദേശി യുമായ ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബി ഏതാനും  വര്‍ഷങ്ങള്‍ക്ക പ്പുറത്തെ ഒരിന്ത്യന്‍ കല്ല്യാണക്കഥയും അന്നത്തെ യാത്രയിലെ ആനന്ദങ്ങളും ഓര്‍ത്തെടുത്തത്. 

ആകാശയാത്രയുടെ അവസാന  നിമിഷങ്ങളൊന്നില്‍ പച്ച നിറഞ്ഞ കുന്നിന്‍ മുകളില്‍ വിമാനം താഴ്ന്നു പറക്കുമ്പോള്‍ മനസ്സില്‍ സന്തോഷപ്പെരുമഴയാ യിരുന്നു. മരുഭൂ നഗരത്തില്‍ നിന്നും പച്ചപ്പിന്റെ നിറഭൂമിയിലേക്ക് ഞാനിതാ എത്തിക്കഴിഞ്ഞു എന്നുറക്കെ വിളിച്ചു പറയാന്‍ തോന്നിയ നിമിഷം. 

അല്‍ഹംദുലില്ലാഹ്... സര്‍വ്വശക്ത സ്തുതിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക്. 

ഒരു വിദേശിക്ക്, പ്രത്യേകിച്ച് അറബിക്ക് വേണ്ടതില്‍ കൂടുതല്‍ പരിഗണനയും ശ്രദ്ധയും വിമാനത്താവളത്തിലെ ജോലിക്കാരില്‍ നിന്നും ലഭിച്ചു എന്നുതന്നെ യാണെന്റെ വിശ്വാസം. 

നൗഫലും സുഹൃത്തും പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ കൊണ്ടുവന്ന വാഹനത്തില്‍ കയറി യാത്ര തുടങ്ങി. തലങ്ങും വിലങ്ങും കുതിച്ചു പായുന്ന വാഹനനിര. നഗരത്തിരക്കില്‍ നിന്നോടിയൊഴിഞ്ഞ് ഒടുവി ല്‍ ഒരു ഗ്രാമപാതയിലേക്ക് വാഹനം  മുന്നേറി. പാതയുടെ ഇത്തിരിഞെരു ക്കത്തിലേക്ക് വാഹനം  പ്രവേശിച്ച ഉടനെ റോഡില്‍ ഒരാള്‍ക്കൂട്ടം.
 ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ഒരു ചെറുഘോഷയാത്ര.

നൗഫലിനോട്  വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
ഞാന്‍ പുറത്തേക്കിറങ്ങി.
മുമ്പില്‍ വന്നു നില്‍ക്കുന്ന അറബിയെ കണ്ടതുകൊണ്ടാവണം മേളവാദ്യക്കാര്‍ കോലും കയ്യില്‍ പിടിച്ച് നിശ്ചലരായത്.
‘നിര്‍ത്തരുത്.. തുടരട്ടെ..’ എന്ന ആംഗ്യഭാഷ കാണിച്ചയുടനെ സ്ഥലകാലബോധം വീണ്ടെടുത്ത് അവര്‍ മേളം കൊഴുപ്പിച്ചു.
അവരുടെ കൈകളിലുള്ളത് ചെണ്ടയെന്ന തുകല്‍വാദ്യമാണെന്ന് നൗഫല്‍ പറഞ്ഞു തന്നു. എന്റെ നാട്ടിലുമുണ്ട് ഏതാണ്ടിതുപോലുള്ള തുകല്‍ വാദ്യ ഉപകരണങ്ങള്‍.
തബല്‍, താര്‍, ശീര്‍ തുടങ്ങിയ പേരിലറിയപ്പെടുന്നവ.




മുറുകുന്ന താളക്കൊഴുപ്പില്‍ സ്വയം മറന്ന് ഞാനും  അവര്‍ക്കൊപ്പം ചുവട് വെച്ചു. ഞാന്‍ പോക്കറ്റില്‍ നിന്നും കുറെ ഇന്ത്യന്‍രൂപയെടുത്ത് അവര്‍ക്ക് കൊടുത്തു. മിഴിച്ച് നോക്കിനിന്നുപോയ അവര്‍ മടിച്ച് മടിച്ച് വാങ്ങി. മേളത്തേക്കാള്‍ താളമുള്ള ചിരി അവരുടെ മുഖത്ത് അന്നേരം വിടര്‍ന്നു.
ഏതോ പ്രദേശിക ഉത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയായിരുന്നു അതെന്ന് പിന്നീട് നൗഫല്‍ പറഞ്ഞുതന്നു.

കല്ല്യാണവീട്ടില്‍

കോട്ടക്കലിലെ ഒരു ലോഡ്ജിലായിരുന്നു താമസ സൗകര്യമേര്‍പ്പെടുത്തിയിരു ന്നത്. അവിടെ നിന്നും രാവിലെ തന്നെ കുളിച്ചൊരുങ്ങി വസ്ത്രത്തിന്  മുകളില്‍ കറുത്ത ബിശ്ത് ധരിച്ച്, ഊദിന്റെ അത്തറൊക്കെ പുരട്ടി ഒരു സുജായിയായി കല്ല്യാണപ്പന്തലിലെത്തിയപ്പോള്‍ മണവാളനേക്കാൾ  ശ്രദ്ധാകേന്ദ്രമായി താന്‍ മാറുന്നതില്‍ തെല്ല് ജാള്യത തോന്നിയെങ്കിലും ചിരി ഉള്ളിലൊതുക്കി ഇത്തിരി ഗൗരവം ഭാവിച്ച് ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബി അങ്ങനെയിരുന്നു. 

പട്ടിണിനാടായിരുന്ന കേരളത്തെ സുഭിക്ഷതയിലേക്ക് നയിച്ച അറബ് നാട്ടിലെ  ഒരു തൊഴില്‍ ദാതാവിനെ   നേരില്‍ കാണാന്‍ കിട്ടിയ അവസരം പാഴാക്കാതെ ആളുകള്‍ വിസ്മയത്തോടെ ഉറ്റുനോക്കി നിന്നപ്പോള്‍ കല്ല്യാണ ചെറുക്കന്‍ ആളുകളുടെ ശ്രദ്ധയില്‍ നിന്ന് പുറത്തായി.

കോഴിബിരിയാണിയും ഇറച്ചി വരട്ടിയതും എരിവേറിയ നാരങ്ങ അച്ചാറു മൊക്കെ കൂട്ടി ജുഗല്‍ബന്ദി പരുവത്തിലൊരു ഉച്ചയൂണ് ശരിക്കുമാസ്വദിച്ചു തന്നെ കഴിച്ചു.

നൗഫലിന്റെ ബന്ധത്തില്‍ പെട്ടവരും അടുത്ത സുഹൃത്തുക്കളും കാരണവന്‍മാ രും വധൂഗൃഹത്തിലേക്ക് നിക്കാഹിനായി പുറപ്പെട്ടപ്പോള്‍ അവരോടൊപ്പം കൂടി.
അതും ആളുകള്‍ക്ക്  കൗതുകമായി.

എല്ലാവരും കൂടിച്ചേര്‍ന്ന് ഒരുത്സവമാക്കി മാറ്റുന്ന നാട്ടിലെ കല്ല്യാണച്ചടങ്ങില്‍ പങ്കെടുക്കാനായതും ആ യാത്രയും ഓര്‍മ്മയില്‍ നിന്നും മായില്ലെന്ന് ഫൈസല്‍ അല്‍ ഉതൈബി ചെറുചിരിയോടെ പറഞ്ഞു.
ഒരുപാട് കാലം ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹം സാഫല്യമടഞ്ഞതിന്റെ പ്രതിഫലനം  ആ മുഖത്തുണ്ടായിരുന്നു.

*************************************

ഗൾഫ് മാധ്യമം സ്വാതന്ത്ര്യദിന സപ്ലിമെന്റ്, 2014, സൗദി അറേബ്യ