Sunday, March 31, 2013

പൊള്ളുന്ന വാക്കുകളില്‍ കവിതയുടെ പടയണി


മാര്‍ച്ച് 31, 
മലയാളത്തിന്റെ പ്രിയകവി 
കടമ്മനിട്ട രാമകൃഷ്ണന്റെ വേര്‍പാടിന് അഞ്ചുവര്‍ഷം

മലയാള കവിതയില്‍ തീക്കാറ്റു വിതച്ച്, കനലെരിയുന്ന യുവമനസ്സുകളില്‍ ആത്മരോഷങ്ങളെ പൊള്ളുന്ന വാക്കുകളാക്കിയ കവി കടമ്മനിട്ട രാമകൃഷ്ണന്‍. കൈരളി കണ്ട മികച്ച കവികളിലൊരാള്‍ മാത്രമായിരുന്നില്ല. ഭാരതീയകവിതയ്ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ നമുക്കേവര്‍ക്കും പ്രിയപ്പെട്ട മനുഷ്യന്‍ കൂടിയായിരുന്നു കടമ്മനിട്ട.
 കേരളത്തിന്റെ നാടോടിസംസ്ക്കാരത്തെയും പടയണി പോലുള്ള നാടന്‍ കലാരൂപങ്ങളെയും കോര്‍ത്തിണക്കിയ രചനാശൈലി സ്വീകരിച്ചാണ് കടമ്മ നിട്ട കവിതാസ്വാദകരുടെ ഉള്ളം കവര്‍ന്നത്. മനുഷ്യകേന്ദ്രീകൃതമായ ആശയ ങ്ങളില്‍ ഊന്നല്‍ നല്‍കിയ രചനകളായിരുന്നു അദ്ദേഹത്തിന്റെത്. കടമ്മനിട്ടക്കവിതകളിലെ ഭാവമേതായാലും അതിന് അസാധാരണമായ ദീപ്തി യും ഊഷ്മളതയുമുണ്ടെന്നും നിരൂപകര്‍. മലയാള കവിതാസ്വാദകരെ നടുക്കിയുണര്‍ത്തിയ കവിതകളായിരുന്നു കടമ്മനിട്ടയുടെത്.
ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോള്‍ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. വൈദേശികമായ ഇറക്കുമതിച്ചരക്കാ ണ് ആധുനിക കവിത എന്നു വിശ്വസിച്ച പാരമ്പര്യവാദികള്‍ക്കു പോലും കട മ്മനിട്ടക്കവിത നിര്‍വ്വഹിച്ച കേരളീയ ഗ്രാമീണതയുടെ അലൌകികമായ പ്രഭാവത്തിനു മുമ്പില്‍ നിശബ്ദരാകേണ്ടി വന്നു എന്നതാണ് വസ്തുത. 

മനുഷ്യജീവിതത്തിന്റെ പച്ചയായ കഥയും കഥയില്ലായ്മയും തുറന്നു കാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടെത്. ‘കുറത്തി’യും ‘ശാന്ത’യും ‘മകനോടും’ മലയാളി നെഞ്ചേറ്റി. മേളക്കൊഴുപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹ ത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് ഒരായിരം ചോദ്യങ്ങളെറിഞ്ഞു. ചടുലത നിറഞ്ഞ ആലാപനശൈലിയും കവിതകള്‍ സൃഷ്ടിച്ച പിരിമുറുക്കവും കൃത്രിമത്വം കലരാത്ത രചനാവൈഭവവും കടമ്മനിട്ടയെ അനുവാചകരുടെ പ്രിയങ്കരനാക്കി. എഴുപതുകളില്‍ അദ്ദേഹം തുടങ്ങി വെച്ച ചൊല്‍ക്കാഴ്ചകളി ലൂടെ കേരളീയ സമൂഹവും കാമ്പസുകളും കടമ്മനിട്ടക്കവിതകള്‍ ഹൃദയത്തി ലേറ്റു വാങ്ങി.
1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്ക്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള  നിയമ സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുറത്തി, മകനോട്, ശാന്ത, കണ്ണൂര്‍ കോട്ട, കോഴി, കാട്ടാളന്‍, ഇരുട്ട്, ജയില്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കുഞ്ഞെ മുലപ്പാല്‍ കുടിക്കരുത്, ചിത, ശരശയ്യ, കിരാതവൃത്തം, ഉണരാന്‍ ഭയമാണ്, അവസാനചിത്രം, ഞാനിവിടെയാണ്, പുരുഷസൂക്തം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, നദിയൊഴുകുന്നു, അവലക്ഷണം തുടങ്ങി ഒട്ടേറെ രചനകള്‍. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെ കാത്ത്, ഒക്ടോവിയാ പാസിന്റെ സൂര്യശില എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
‘കടമ്മനിട്ട കവിതകള്‍ക്ക്’ ആശാന്‍പ്രൈസും(1982), കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1982), ലഭിച്ചു. അബൂദാബി മലയാളി സമാജം (1982), ന്യൂയോര്‍ക്കി ലെ മലയാളം ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ (1984), മസ്ക്കത്ത് കേരള കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകളുടെ പ്രഥമ പുരസ്ക്കാരങ്ങളും കടമ്മനിട്ടയുടെ കവിതകള്‍ക്കായിരുന്നു.

‘മൂടു പൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു..
വെന്ത മണ്ണിന്‍ വീറു പോലെ
കുറത്തിയെത്തുന്നു..
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍ നിന്നും
കുറത്തിയെത്തുന്നു..
കുറത്തിയെത്തുന്നു..

കലാപം കവിതയാകാമെന്നും കവിത കലാപവുമാകാമെന്നും മലയാളിയെ തെര്യപ്പെടുത്തിയ പ്രിയകവി ക്ക് പ്രണാമം.

*******************

മലയാളം ന്യൂസ്, മാർച്ച്‌ 31

2 comments:

  1. കലാപം കവിതയാകാമെന്നും കവിത കലാപവുമാകാമെന്നും മലയാളിയെ തെര്യപ്പെടുത്തിയ പ്രിയകവി ക്ക്.....................

    ReplyDelete
  2. കവിത കലാപമാണെന്നു തിരിച്ചറിയുകയും അതങ്ങിനെത്തന്നെയാണെന്നു വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്ത കവി !

    ReplyDelete