Friday, August 14, 2015

വെയിലത്തിരുന്ന് കളിയെഴുതാം, കഥയും!

സിതാര, എസ്.  രചിച്ച 
‘വെയിലില്‍ ഒരു കളിയെഴുത്തുകാരി’ 
എന്ന പുസ്തകത്തെക്കുറിച്ച്...


സാഹിത്യശാഖയിലെ മറ്റേത് വിഭാഗങ്ങളിലുള്ള രചനകളേക്കാളും കഥകള്‍ക്ക് വേറിട്ടൊരു സ്ഥാനം  ലഭിക്കുന്നത് വൈവിധ്യപൂര്‍ണ്ണമായ ബിംബങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ സര്‍വ്വ പ്രധാനമായ ഇടങ്ങളെയൊക്കെയും ചര്‍ച്ച ചെയ്യാന്‍ ഉതകുംവിധം പാകപ്പെടുത്തി വെക്കുന്നു എന്നുള്ളത് കൊണ്ടാണ്.

മലയാളത്തിലെ കഥയെഴുത്തുകാര്‍ യഥാതഥമായ സംഭവ വികാസങ്ങളോട് ഐക്യപ്പെടുകയും എന്നാല്‍ കഥയെഴുത്തെന്ന വൈയക്തികവും ഒപ്പംതന്നെ സാമൂഹികവുമായ ചിന്താധാരയെ ചേര്‍ത്തു പിടിക്കുകയും ചെയ്തുകൊണ്ടാണ് രചനാ സാമര്‍ഥ്യം പ്രകടമാക്കുന്നത്.

അനുഭവങ്ങള്‍ക്കപ്പുറത്തെ ജീവിത നിരീക്ഷണ പാടവം കൊണ്ട് മനോഹരമായ കൈയൊപ്പ് ചാര്‍ത്തിയ കഥാപുസ്തകമാണ് സിതാര എസ്സിന്റെ വെയിലില്‍ ഒരു കളിയെഴുത്തുകാരി.

പെണ്‍ജീവിതങ്ങളുടെ നിസ്സഹയാവസ്ഥയും ദുരിതങ്ങളും രതിവേഗത്തിന്റെ ആലസ്യവുമൊക്കെ വരച്ചു കാട്ടുന്ന ചടുലവും എന്നാല്‍ ഏറെ ലളിതവുമായ ആഖ്യാന ശൈലിയാണ് സിതാരയുടെ എഴുത്തിന്റെ സവിശേഷത എന്ന പുതിയ പ്രഖ്യാപനം  തീര്‍ത്തും അനാവശ്യമാണ്.  കാരണം ഉത്തരാധുനി ക കഥാസാഹിത്യത്തില്‍ വേറിട്ട ഇടം കണ്ടെത്തിയ ചുരുക്കം ചില എഴുത്തുകാരു ടെ കൂട്ടത്തില്‍ ഒരാളാണ് സിതാര.

ഒ. ചന്തുമോന്‍ നേരമ്പോക്കിന്  സ്വന്തം ഭാര്യക്ക് വായിച്ചു കൊടുക്കാന്‍ എഴുതിയ ഇന്ദുലേഖ മലയാളത്തിലെ ലക്ഷണമൊത്ത സാഹിത്യകൃതികളില്‍ ആദ്യത്തേതെന്ന് അനുമാനിക്കുന്നു.
പക്ഷെ, പുതിയ കാലത്തെ എഴുത്തിനെ  വെറുതെ വായിച്ചു രസിക്കാനോ  ശേഷം വലിച്ചെറിയാനോ നമുക്കാവില്ല. കാരണം ആനന്ദിപ്പിക്കുക എന്ന പരമ്പതാഗത രീതിയില്‍ നിന്നും വിഭിന്നമായി മനുഷ്യജീവിതാവസ്ഥയുടെ നീറുന്ന പ്രശ്നങ്ങളും വരാന്‍ പോകുന്ന ദുരന്തങ്ങളുമൊക്കെ സര്‍ഗദൃഷ്ടിയിലൂടെ നിരീക്ഷിക്കാന്‍, അനുവാചകനു  മുമ്പില്‍ പൊള്ളുന്ന സത്യങ്ങളായി വരച്ചിടാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ നമുക്കുണ്ടാവുമ്പോള്‍ അവരുടെ ഓരോ രചനയും ഓരോ പ്രവചനവും വിളംബരവുമൊക്കെയായി മാറുന്നത് എങ്ങനെയൊക്കെയാണെന്ന് തീര്‍ച്ചയായും ബോധ്യപ്പെടും.

എഴുത്തുകാരികളുടെ തുറന്നെഴുത്ത് പണ്ടുമുതല്‍ക്കേ സംശയദൃഷ്ടിയോടെ മാത്രമേ സമൂഹം അനുവദിച്ചു കൊടുത്തിട്ടുള്ളൂ.
പെണ്‍മനസിന്റെ നിഷ്ക്കളങ്കമായ താന്തോന്നിത്തം യാഥാര്‍ഥ്യമായി വിശ്വസിക്കിക്കാനാണ് വായനാസമൂഹത്തിനിഷ്ടം. മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ച് അതിലെ സംഭവങ്ങള്‍ നേരോ  പൊള്ളോ എന്നറിയാതെ നെറ്റി ചുളിച്ച സമൂഹം ഇനിയും നാമാവശേഷമായിട്ടില്ല എന്നത് ഒരു  യാഥാര്‍ഥ്യം!

വ്യത്യസ്തമായ ഉള്‍ക്കാഴ്ചയോടെ, സ്ത്രീയുടെ വികാരവിചാരങ്ങളില്‍ ആണ്ടിറങ്ങുകയും ചാരുതയേറിയ ഭാഷയുടെ താങ്ങുപറ്റിക്കൊണ്ട് നിലവിലെ ലോകവ്യവസ്ഥകളോട് സമരസപ്പെട്ടു കൊണ്ട് ജീവിക്കുന്ന പെണ്‍വിചാരങ്ങളെ, അവളുടെ ചുറ്റുപാടുകളെ ഏറ്റവും തീക്ഷ്ണമായ വാക്കുകളാല്‍ കോര്‍ത്ത്, നിറം ചേര്‍ത്ത് വരച്ചു വെയ്ക്കുകയാണ് സിതാര ഓരോ കഥകളിലൂടെയും ചെയ്യുന്നത്.

എഴുത്തിന്റെ കേവലമായ അര്‍ത്ഥങ്ങള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറത്തേക്ക് മനസ്സിനെ  കൊളുത്തി വലിക്കാന്‍ പാകത്തിലുള്ള രംഗച്ചേര്‍ക്കലുകളോടു കൂടിയാണ് സിതാര ഓരോ കഥയും പറഞ്ഞു തുടങ്ങുന്നതും വായനയെ ഉത്സാഹപ്പെടുത്തിക്കൊണ്ട് തുടര്‍ന്നു പോവുന്നതും അവസാനിപ്പിക്കുന്നതും.

വെയിലില്‍ ഒരു കളിയെഴുത്തുകാരി എന്ന കഥ തുടങ്ങുന്നതിങ്ങനെ ..

‘ഇരുട്ടിന്റെ കൊഴുത്ത കാട്ടുതേന്‍തുള്ളി ഞങ്ങള്‍ക്കിടയില്‍ പരലായുറഞ്ഞ ഒരു നി മിഷത്തിലാണ് അവള്‍ എന്റെ അമ്മയായി ജനിച്ചത്. അവള്‍ക്ക് അപ്പോള്‍ കുട്ടിമൂത്രത്തിന്റെ ഗന്ധമായിരുന്നു..'

കളിയെഴുത്തുകാരിയും പത്രാധിപനും  തമ്മിലുള്ള സൗഹൃദ ബന്ധം ഏതെല്ലാം തലങ്ങളിലേക്ക്  വഴുതിത്തെറിച്ച് നീങ്ങുമെന്നും അതിന്റെ ദുരന്തക്കറുപ്പ് ഏതു രീതിയില്‍ അവളിലേക്ക് പാമ്പുകളെപ്പോലെ ഇഴഞ്ഞെത്തുമെന്നും പുതിയ ചില രാഷ്ട്രീയക്കളിക്കാഴ്ചയിലേക്ക് കൂടി നമ്മെ കൊണ്ടെത്തിച്ചു കൊണ്ട് വായന തീരുമ്പോള്‍ ശേഷമെന്തെന്ന ഒരു ഉത്കണ്ഠ അറിയാതെ നമ്മില്‍ ചുര മാന്തിയെത്തുമെന്നത് സത്യം.

ഇതിലെ ഗോസ്റ്റ് റൈറ്റര്‍ എന്ന കഥയാണ് ഏറെ ആകര്‍ഷകമാണ്.
എഴുതാനുള്ള ഉള്‍പ്രേരണയുണ്ടാവുകയും കുടുംബിനി  എന്നതിന്റെ ഭാരപ്പെരുക്കങ്ങളില്‍ ഉഴറി സര്‍ഗഭാവനയെ ഉള്ളിലമര്‍ത്തി ഏതൊക്കെയോ ഇരുള്‍മൂലകളിലേക്കൊതുക്കുകയും ചെയ്യുന്ന ഒരു ശരാശരി കുടുംബിനിക്ക് ഭര്‍ത്താവിന്റെ സുഹൃത്ത് അയാളുടെ പേരില്‍ നോവലെഴുതിക്കൊടുക്കാന്‍ പറയുമ്പോള്‍ കുടുംബഭാണ്ഡത്തിന്റെ മുഷിവില്‍ നിന്നും ഇറങ്ങി നടന്ന് കഥയെഴുത്തിന്റെ പുതിയ ആകാശം തൊട്ടു നോക്കുന്നുണ്ടവള്‍.

പിന്നീട്, വീണ്ടും നിരന്തരം എഴുത്തിനായി നിര്‍ബന്ധിക്കപ്പെടുമ്പോള്‍, എത്രയെഴുതിയാലും സ്വന്തം പേര് വെച്ചെഴുതാത്തിടത്തോളം കാലം സമൂഹം തന്നെ ഒരെഴുത്തുകാരിയായി അംഗീകരിക്കില്ല എന്ന നേരിലേക്ക് അവളെത്തിപ്പെടുന്നു.
അവളുടെ ഉള്ളിലെ എഴുത്തുകാരി ഉണരുന്നു.
ആ ഉണര്‍വ്വില്‍ അവള്‍ നടത്തുന്ന പ്രഖ്യാപനം  ‘ക്ഷമിക്കണം സാര്‍.. ഞാന്‍ എഴുത്ത് നിര്‍ത്തി’ എന്നാണ്.
ആരാലും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത ഒരാള്‍ എഴുത്തു നിര്‍ത്തിയെന്ന ധീരമായ വാക്കുകള്‍ അടയാളപ്പെടുത്തുന്നത് ഉള്ളിന്റെയുള്ളിലെ ആത്മവിശ്വാസം തന്നെയാണ്.

‘സത്യം പറഞ്ഞാല്‍ ജീവിതത്തില്‍ ഇതുവരെ ഒരു കഥയോ കവിതയോ ഞാന്‍ എഴുതിയിട്ടില്ല. എന്നുവെച്ച് ഞാന്‍ എഴുത്തുകാരി അല്ലാതാവുന്നില്ല. ഒരെഴുത്തുകാരി കടലാസിലോ കമ്പ്യൂട്ടറിലോ മാത്രമേ എഴുതാവൂ എന്നൊന്നുമില്ലല്ലോ. കുനുകുനാ നുരയ്ക്കുന്ന അക്ഷരങ്ങള്‍ തലച്ചോറിലാകെ പരന്നൊഴുകുമ്പോള്‍, ഞരമ്പില്‍ വാക്കുകള്‍ തീയായി ഇറ്റുമ്പോള്‍, ലോകത്താര്‍ക്കാണ് എന്നെ എഴുത്തുകാരിയെന്നു വിളിക്കാതിരിക്കാനാവുക?'

കന്യക, ചാന്തുപൊട്ട്, പലതരം കവിതകള്‍, പുതിയ നാവികയുടെ പാട്ട്, ചില പേരില്ലായ്മകള്‍, ഉറങ്ങിക്കിടന്ന ഒരു കാറ്റ് എന്നിങ്ങനെ ഒമ്പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
വായന എത്ര ആസ്വാദ്യകരമായ പ്രവൃത്തിയാണെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ ഒരു ചെറുചിന്ത നമ്മുടെ ഉള്ളില്‍ ചുറ്റിവരിയുമെന്നത് തീര്‍ച്ച!
                                                                സിതാര, എസ്. 


                          (2015 ആഗസ്റ്റ്‌ 14, ഗൾഫ് മാധ്യമം ചെപ്പ് വാരപ്പതിപ്പ്)

********************************************************************************


Friday, August 7, 2015

സങ്കടമുനമ്പിലെ സായാഹ്നം

ദൂരെദിക്കില്‍ നിന്നുള്ള
വഴിഞരമ്പുകള്‍ ഒന്നായിത്തീരുന്നത്
പണ്ട് ആരോ സങ്കടമുനമ്പെന്ന്
പേര് ചൊല്ലിയ ഈ സ്നേഹത്തെരുവില്‍.

തൊഴില്‍ ക്യാമ്പിന്റെ മുഷിവുടക്കാന്‍
മണല്‍വീഥിയും താണ്ടി
അവര്‍ കിതച്ചെത്തും
യൗമുല്‍ വെള്ളിയുടെ സായാഹ്നത്തില്‍.

തെരുവ് അന്നേരം അവരെ വരവേല്‍ക്കാന്‍
ചമഞ്ഞൊരുങ്ങിയിട്ടുണ്ടാകും.
അത്തറിന്റെ കുപ്പിയും
വില കുറഞ്ഞ കുപ്പായവും
ചാന്ത്, ചെരിപ്പ്, മൊബൈല്‍ ഫോണ്‍..
വാച്ച് എല്ലാമെല്ലാം പാതയ്ക്കിരുവശവും
നി രത്തിവെച്ച് കച്ചവടക്കണ്ണുകള്‍
അവരെ വെളുത്ത ചിരിയോടെ
വരവേല്‍ക്കും.
കട കാലിയാക്കുകയാണെന്ന്
വലിയ സത്യമെഴുതിയ
ഡിസ്കൌണ്ട് സെയില്‍ ബോര്‍ഡ് വെച്ച്
ആയിയേ ഭായീന്നും, സതീഖേ നോക്കെന്നും
ഫദ്ദല്‍ സദീഖ്.. ഫദ്ദല്‍ സദീഖെന്നും
മുറിയന്‍ഭാഷയില്‍ കെഞ്ചും.

നാടും വീടും വിട്ട
വിരഹക്കണ്ണുകളിലെ നിറം
കെട്ടുപോയില്ലെന്നറിയാന്‍
അവര്‍ പൂര്‍വ്വ  സൗഹൃദങ്ങളെ തിരയും.

ആഴ്ചച്ചന്തയില്‍ ഒറ്റപ്പെട്ടവന്റെ
അന്ധാളിപ്പോടെ ചിലര്‍
വലിയ ഒന്നുപോലെ നഗരക്കലമ്പല്‍
നോക്കി നില്‍ക്കും.
മറ്റുചിലര്‍ കൂട്ടംകൂടി നിന്ന്
പുക തിന്നുകയും ബാക്കിയുള്ളത്
മൂക്കിലൂടെ ആകാശത്തേക്ക്
ശര്‍ദ്ദിക്കുകയും ചെയ്യും.

വിഷാദങ്ങളും ദുഃഖവും പറഞ്ഞു തീര്‍ക്കുകയും
ബൂഫിയയ്ക്കുള്ളിലെ ചായക്കടല്‍
കുടിച്ചു വറ്റിക്കുകയും ചെയ്ത്
ആളൊഴിഞ്ഞ ഗല്ലിയില്‍ കുന്തിച്ചിരുന്ന്
പേമാരി പോലെ മൂത്രമൊഴിച്ച്
അടുത്ത ഒരാഴ്ചയിലേക്കുള്ള അരിയും തക്കാളിയും
പുകയിലയും ബീഡിയും വാങ്ങി
ഇറങ്ങിവന്ന മാളങ്ങളിലേക്ക്
തിരികെപ്പോകാന്‍ വിറളി പിടിക്കും.

അന്നേരം മാലിന്യക്കുന്നുകള്‍
ഇരുമ്പ്കൊട്ടയിലേക്ക് കോരി നിറച്ച്
നഗരം വെടിപ്പാക്കാന്‍
മഞ്ഞക്കുപ്പായക്കാര്‍ ഇറങ്ങിയിട്ടുണ്ടാകും.


* * *

                                                                              ഗൾഫ് രിസാല, 2015 ആഗസ്റ്റ്‌ ലക്കം


********************************************************************************