Tuesday, October 30, 2012

പുഴക്കര വിശേഷം






പുല്‍നാമ്പുകളില്‍ വെള്ളിവെട്ടം പരത്തിക്കൊണ്ട് കിഴക്കേ മലകള്‍ക്കപ്പുറത്തു നിന്ന് സൂര്യന്‍ കണ്ണു തുറന്നു. മരക്കൊമ്പില്‍ കിളികളുടെ കലപില.
ഏനങ്കാവ് ഗ്രാമം ഉണരുകയാണ്.
ഏനങ്കാവ്..!
നിഷ്ക്കളങ്കരായ കുറേ മനുഷ്യരുടെ ആവാസകേന്ദ്രം.
ഏനങ്കാവിന്‍റെ  മുഖമുദ്ര സ്നേഹമാണ്.
കവലയിലെ തൊഴിലാളികളുടെ പ്രധാന സംഗമകേന്ദ്രമായ അന്ത്രുക്കായുടെ ചായക്കടയില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവരുടെ തിരക്ക്. ചെറുപയറുകറിയും ആവി പറക്കുന്ന പുട്ടും ചിലര്‍ വെട്ടി വിഴുങ്ങുന്നു. ദോശയും ചട്ണിയും കഴിക്കുന്നവരും ഒരു ഗ്ളാസ് ചായയും മുന്നില്‍ വെച്ച് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരും ആടുന്ന ബെഞ്ചില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുന്നു.

ചിലര്‍ വയറു നിറഞ്ഞ സന്തോഷത്തോടെ ഏമ്പക്കവും വിട്ട് ഒരു തെറുപ്പുബീഡിയും ചുണ്ടില്‍ തിരുകി അന്ത്രുക്കയുടെ കണക്കുപുസ്തകത്തില്‍ പറ്റുമെഴുതിച്ച് കവലയിലേക്കിറങ്ങുന്നു.
വെയിലിന് ചൂടേറി വരുന്നു.
അന്ത്രുക്ക പണപ്പെട്ടിയ്ക്കടുത്ത് ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ കളങ്ങളിലൂടെ കണ്ണോടിച്ചും കൈവിരല്‍ മടക്കിയെണ്ണിയും എന്തോ കണക്കു കൂട്ടുകയാണ്.

'..എന്താണിക്കാ.. നിങ്ങളീ കണക്ക് കൂട്ടണേ..'
മേസ്തിരി അപ്പുക്കുട്ടന്‍ കയ്യിലെ ചായക്കപ്പ് ചുണ്ടോടടുപ്പിക്കുന്നതിനിടയില്‍ ചോദിച്ചു.
അന്ത്രുക്കയുടെ മുഖത്ത് സങ്കടഭാവം.
'..ഒന്നൂല്യ.. അപ്പൂട്ടന്‍ മേസ്തിര്യേ.. നമ്മടെ മോന്‍.. ബാപ്പുട്ടീടെ കത്തും പൈസേം.. ഒന്നും കാ ണ് ണില്ല്യ.. ഓന്‍റെ കൂട്ടുകാരനാ.. കഞ്ഞിക്കുഴീലെ തയ്യല്‍ക്കാരന്‍ ഗംഗാധരന്‍.. അയാള് കത്തും മാസത്തില് പൈസേം അയക്ക് ണ്ണ്ട്..  ന്‍റെ.. ബാപ്പുട്ടിക്ക് യെന്ത് പറ്റ്യോ ആവോ..'

'..നിങ്ങള്.. വെഷമിക്കണ്ട.. അന്ത്രുക്കാ.. ബാപ്പുട്ടീടെ കത്തും പൈസേം എല്ലാം അധികം വൈകാതെ തന്നെ എത്തും...'
അപ്പുക്കുട്ടന്‍ മേസ്തിരി അന്ത്രുക്കയെ സമാധാനിപ്പിച്ചു.
അന്ത്രുക്ക കാലിളകിയാടുന്ന കസേരയില്‍ വിഷണ്ണനായി ഇരുന്നു. പിന്നെ അതുവരെയുള്ള വിറ്റുവരവ് എണ്ണിത്തിട്ടപ്പെടുത്തുവാന്‍ തുടങ്ങി. അതിനിടയില്‍ മേശപ്പുറത്ത് ഉറക്കം തൂങ്ങി നിന്നിരുന്ന പഴയ റേഡിയോ പെട്ടിയുടെ ചെവി ഒന്നു പിടിച്ചു തിരിച്ചു.
മനോഹരമായ ഒരു ഗാനം അതിലൂടെ ഒഴുകാന്‍ തുടങ്ങി.
'...പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ...'
അന്ത്രുക്കയുടെ ചായക്കടയും പരിസരവും ആ ഗാനമാധുരിയില്‍ ലയിച്ചിരിക്കവേ അതാ ഓടിക്കിതച്ചു വരുന്നു നമ്മുടെ കൊച്ചു തോമസ്.
ഏത് ചെറിയ വാര്‍ത്തകളൂം നിമിഷമാത്രയില്‍ ഏനങ്കാവ് ഗ്രാമവാസികളില്‍ മുഴുവന്‍ എത്തിക്കാന്‍ കഴി വുള്ള കൊച്ചുതോമസ്.. എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍..!

'..എന്താ.. എന്തുണ്ടായി.. എന്തുണ്ടായീന്ന്...'
കൊച്ചുതോമസിന്‍റെ ഓടിവരവും വെപ്രാളവും കണ്ട് ചായക്കടയിലുണ്ടായിരുന്ന സകലരും ഒരേ സ്വരത്തില്‍ ചോദിച്ചു.
കിതപ്പടക്കാന്‍ കൊച്ചുതോമസ് ഒരു നിമിഷം വാ പൊളിച്ചു നിന്നു.
പിന്നെ, ഉയര്‍ന്നു താഴുന്ന നെഞ്ച് തട വിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.
'..എന്താണെന്നറിയില്യ.. നമ്പ്യാര് ചന്തേന്ന് വടക്കോട്ടേക്കോടീക്ക്ണു...'
കൊച്ചുതോമസ് വീണ്ടും കിതച്ചു. തോളത്ത് നിന്ന് തോര്‍ത്തെടുത്ത് നെഞ്ചത്തും നെറ്റിയിലും പറ്റിപ്പിടിച്ച വിയര്‍പ്പുമണികള്‍ ഒപ്പിയെടുത്തു.
'..നമ്പ്യാരെന്തിനാപ്പാ.. വടക്കോട്ടേക്കോടണേ...'
ഇറച്ചിവെട്ടുകാരന്‍ ഹസന്‍ഭായി തന്‍റെ വസൂരിക്കലയുള്ള മുഖം തടവിക്കൊണ്ട് ആശ്ചര്യത്തോടെ ചോ ദിച്ചു.
'..കൊറച്ച് ദെവസ്വായി നമ്പ്യാര്ടെ മൈന്റ് അത്രക്കങ്ങട്ട് ശരിയല്ല...'
പുട്ടും ഏത്തപ്പഴവും കുഴച്ച് ഉരുളയാക്കി വിഴുങ്ങുന്നതിനിടയില്‍ ചാത്തുവാശാരി
തന്‍റെ അഭിപ്രായം തട്ടിവിട്ടു.
'..പടച്ച തമ്പുരാനേ.. വടക്കാണല്ലോ.. ഏനമ്പാട്ട് പുഴ..
നമ്പ്യാര് വല്ല ബുദ്ധിമോശോം കാണിച്ചാല് ഇവിടു ത്തെ പറ്റ്പൈസ വെള്ളത്തിലാവ്വല്ലോ...'
വരവ് ചെലവ് കണക്കുകളെഴുതുന്ന ബുക്കെടുത്ത് നെഞ്ചോട് ചേര്‍ത്ത് അന്ത്രുക്ക അത്രയും പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ചാത്തുവാശാരിയുടെ നാവ് വീണ്ടും ചലിച്ചു.
'..യ്യാള് വേണ്ടാത്ത കാര്യങ്ങള് പറയല്ലാന്ന്..'
അന്ത്രുക്ക പിന്നീടൊന്നും മിണ്ടിയില്ല.
'..എന്നാലും നമ്പ്യാര്ക്ക് എന്താണ് പറ്റ്യേത്..'
മീന്‍കച്ചവടക്കാരന്‍ ഉസ്മാന് സംശയം കൂടി വന്നു.
'..അത് തന്ന്യാണ് ഞാനും ആലോചിക്കണേ.. ഇവിടുന്ന് കാലത്ത് ദോശേം കാപ്പീം കഴിച്ച് പോയതല്ലേ..'
അന്ത്രുക്കയുടെ ശബ്ദത്തില്‍ ഗദ്ഗദം നിറഞ്ഞു നിന്നു.
'..നമുക്കൊന്ന് പോയി നോക്ക്യാലോ.. നമ്പ്യാരെ കണ്ടാല് കയ്യോടെ ങ്ങട്ട് വിളിച്ചോണ്ട് വര്വോം ചെയ്യാം.. ന്താ.. '

പുറത്ത് വെച്ച വലിയ പാത്രത്തില്‍ നിന്നും വെള്ളമെടുത്ത് കയ്യും മുഖവും കഴുകുന്നതിനിടയില്‍ ചാത്തുവാശാരി പറഞ്ഞത് എല്ലാവര്‍ക്കും സ്വീകാര്യമായി. തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്തുമുണ്ടെടുത്ത് ചാത്തുവാശാരി കയ്യും മുഖവും തുടച്ച് വഴിയിലേക്കിറങ്ങി.
പിന്നാലെ മീന്‍കാരന്‍ ഉസ്മാന്‍.. മേസ്തിരി അപ്പുക്കുന്‍.. ഇറച്ചിവെട്ടുകാരന്‍ ഹസന്‍ഭായി.. കല്‍പ്പണിക്കാരന്‍ റഹീം.. കൊച്ചുതോമസ്.. ജീപ്പ് ഡ്രൈവര്‍ മൊയ്തു.. വേറേയും ഒന്നുരണ്ടാളുകള്‍.. എല്ലാവരും കൂടി വടക്കോട്ട് ഏനമ്പാട്ടു പുഴ ലക്ഷ്യമാക്കി നടന്നു.
'..എനിക്കും വരണോന്ന് ആഗ്രഹംണ്ട്.. പക്ഷേ കട അടക്കണല്ലോന്ന് ആലോചിക്കുമ്പോ..'
അന്ത്രുക്ക വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
'..വേണ്ട.. വേണ്ട.. അന്ത്രുക്ക ഞങ്ങളുടെ കൂടെ ഏതായാലും വരേണ്ട.. കടയടച്ച് നാട്ടുകാരെ പട്ടിണിക്കിടാന്‍ ഏതായാലും അന്ത്രുക്ക മെനക്കെടേണ്ട...'
സംഘത്തിന്‍റെ പിന്‍നിരയില്‍ നിന്നും കൊച്ചുതോമസ് അന്ത്രുക്കയോട് പറഞ്ഞു. അതാണ് ശരിയെന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ മൊയ്തുവും കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.

.കവലയുടെ ഇരുവശത്തുമുള്ള സകല കടക്കാരേയും വീടുകളിലുള്ളവരേയും അമ്പരപ്പിച്ചു കൊണ്ട് ചാത്തുവാശാരിയും കൂട്ടരും പുഴക്കരയിലേക്ക് നീങ്ങുകയാണ്.
വായനശാലയുടെ മൂലയില്‍ വിഡ്ഡിപ്പെട്ടിയിലെ ഏകദിന ക്രിക്കറ്റ് മാച്ചിന്‍റെ ലഹരി നുണയുന്ന യുവ നയനങ്ങള്‍ വായനശാലയുടെ ജനലഴികള്‍ക്കിടയിലൂടെ ചാത്തുവാശാരിയും കൂട്ടരും നീങ്ങുന്നത് സാകൂതം വീക്ഷിച്ചു. ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ചാമപ്പറമ്പിലെ ലത്തീഫ് തന്‍റെ വീട്ടുമുറ്റത്ത് നിന്ന് വഴിയിലേക്ക് തല നീട്ടി.
'..എങ്ങോട്ടാ.. ചാത്തുവണ്ണാ.. എല്ലാരും കൂടി..'
അറിയണോങ്കീ വാ.. എന്ന അര്‍ത്ഥത്തില്‍ ചാത്തുവാശാരി ലത്തീഫിനെ മാടി വിളിച്ചു.
മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരുന്ന ഷര്‍ട്ടുമെടുത്തണിഞ്ഞ് ലത്തീഫും അവരോടൊപ്പം ചേര്‍ന്നു. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന് ഗ്രാമത്തില്‍ മിസൈല്‍ അലി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന അലിയാരുകുഞ്ഞിയും മറ്റു പലരും കൂട്ടത്തില്‍ ചേര്‍ന്ന് സംഘത്തിന്‍റെ തലയെണ്ണം വര്‍ദ്ധിപ്പിച്ചു. ഗ്രാമത്തിലെ ശാപ്പാട്ടുരാമന്‍ വയറന്‍ കണ്ണന്‍ നല്ലൊരു സദ്യയും മനസ്സില്‍ കണ്ടുകൊണ്ടാണ് ഇവരോടൊപ്പം ചേര്‍ന്നത്.
ചെമ്മണ്‍പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു മിനി പ്രകടനമായി ചാത്തുവാശാരിയും കൂട്ടരും നീങ്ങുകയാണ്.
നാട്ടുകാരുടെ സര്‍വ്വ കാര്യങ്ങളും ഞാനറിയാതെ നടക്കില്ലെന്ന് സ്വയം വീരവാദം മുഴക്കുന്ന ബാര്‍ബര്‍ സലാമും ചിട്ടി നടത്തുന്ന അന്തോണിയും മുഖത്തോടു മുഖം നോക്കി നിന്നു.

പുഴക്കരയിലെത്തിയ സംഘം അവിടം മുഴുവന്‍ കണ്ണുകളാല്‍ പ്രദക്ഷിണം നടത്തി.
എനമ്പാട്ടു പുഴ ഇളകി മറിഞ്ഞൊഴുകുകയാണ്.
എവിടെ നമ്പ്യാര്‍..?
അന്ത്രുക്ക പറഞ്ഞ പോലെ നമ്പ്യാര് വല്ല അവിവേകോം..
ചാത്തുവാശാരി ആരോടെന്നില്ലാതെ പറഞ്ഞു.

നമ്പ്യാരിപ്പോള്‍ ഒറ്റയാന്‍. മക്കളെല്ലാം വിദേശത്താണ്.
ഭാര്യ കാര്‍ത്ത്യായനി വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. നമ്പ്യാര്‍ക്ക് മക്കള്‍ വല്ലപ്പോഴും എന്തെങ്കിലും അയച്ചു കൊടുക്കും. മക്കളും നമ്പ്യാരും സ്വത്തിന്‍റെ കാര്യത്തില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കത്തിലും..
'..വീട്.. എന്റെ മക്കള്‍ക്ക് തന്ന്യാ.. പക്ഷെ.. അതെന്റെ കാലശേഷം മതി.. വീട് മക്കള്‍ക്ക് കൊടുത്തിട്ട് ഞാന്‍ തെരുവില്‍ അലയണോ..'
ചില നേരങ്ങളില്‍ നമ്പ്യാര്‍ ഒറ്റക്കിരുന്ന് സംസാരിക്കും. മറ്റു ചിലപ്പോള്‍ ചന്തമുക്കിലെ സര്‍വ്വേക്കല്ലിന് മുകളിലിരുന്ന് ചിരിക്കും. ആരും കാണാതെ വിതുമ്പി കരയും.
നമ്പ്യാര്‍ക്ക് ഭ്രാന്താണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം പോര. എന്നാലും എല്ലാവരുടേയും ഉള്ളിലൊരു സംശയമില്ലാതില്ല. ഇപ്പോഴിതാ ഇങ്ങനെയുമൊരു കാര്യം.
നമ്പ്യാരെന്തിനായിരിക്കും ഇങ്ങോട്ടോടി വന്നത്.. പക്ഷേ.., ആളെ കാണുന്നുമില്ല.
ചിലര്‍ പുഴയുടെ ഓളങ്ങളിലേക്ക് മിഴികള്‍ പായിച്ചു. ചാത്തുവാശാരിയുടേയും കൂട്ടരുടേയും മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അവര്‍ പരസ്പ്പരം നോക്കി.

പുഴക്കര ശാന്തം..
എല്ലാവരും മ്ളാനവദനരായി എന്തു ചെയ്യണമെന്നറിയാതെ നിശ്ചലം നില്‍ക്കവേ..
'..ങാ.. എന്താ.. എല്ലാരും കൂടി...'
പുഴക്കരയിലെ കുറ്റിക്കാട്ടില്‍ നിന്നും എഴുന്നേറ്റു വരുന്ന നമ്പ്യാര്‍..!
'..എന്താ.. എല്ലാരുമിങ്ങനെ മിഴിച്ചു നിക്കണേ.. എന്താ കാര്യം..'
നമ്പ്യാര്‍ ആകാംക്ഷാഭരിതനായി.
'..നമ്പ്യാരെ.. നിങ്ങള്‍ പുഴക്കരയിലേക്കോടി വരുന്നത് കൊച്ചുതോമസ് കണ്ടു.. എന്താണ് കാര്യമെന്നറിയാതെ ഞങ്ങള്‍..'
ചാത്തുവാശാരി മുഴുമിച്ചില്ല.
സ്വതഃസിദ്ധമായ പുഞ്ചിരിയോടെ നമ്പ്യാര്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി.

'..ചന്തയില്‍ നിന്നപ്പോ.. വയറ്റീന്ന് ആകെയൊരു ഉരുണ്ടു കയറ്റം.. രാവിലെ അന്ത്രുക്കായുടെ കടേന്ന് ദോശ കഴിച്ചതാ.. ശരിയായില്ലാന്ന് തോന്ന്ണു.. ശങ്ക കൂട്യേപ്പഴ് പുഴക്കരേല് തന്ന്യാവട്ടേന്ന് കരുതി ഓടി.. അതിന് നിങ്ങളെല്ലാവരും കൂടി.. ഇങ്ങനെ... ങേ...'
നമ്പ്യാര്‍ എല്ലാവരുടേയും മുഖത്തേക്ക് മാറിമാറി നോക്കി.
ചാത്തുവാശാരി ജാള്യതയോടെ മുഖം കുനിച്ചു. ആരും തമ്മില്‍ തമ്മില്‍ നോക്കിയില്ല.
'..കാള പെറ്റൂന്ന് കേട്ടപ്പോ കയറെടുത്തോടിയ ഞങ്ങളെ വേണം പറയാന്‍..'
ചാത്തുവാശാരി സ്വയം പഴിച്ചു. കൊച്ചുതോമസിനെ പിടിച്ചു തിന്നാനുള്ള ദേഷ്യത്തോടെ പല്ലിറുമ്മി ക്കൊണ്ട് അവനെ കൂട്ടത്തില്‍ തിരഞ്ഞു.
അതിനു മുമ്പേ തന്നെ നമ്പ്യാരെ കണ്ടുവെന്ന വാര്‍ത്ത എല്ലാവരേയും അറിയിക്കാന്‍ കൊച്ചുതോമസ് കവലയിലേക്ക് ഓട്ടമാരംഭിച്ചു കഴിഞ്ഞിരുന്നു.
എനമ്പാട്ടു പുഴ ഒരു കള്ളച്ചിരിയോടെ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ...!


**********************************