Wednesday, December 17, 2014

ഹ്രസ്വദൂരയാത്രയ്ക്ക് സൈക്കിള്‍ സവാരിനമ്മുടെ റോഡുകള്‍ താങ്ങാവുന്നതിലപ്പുറം വാഹനങ്ങളെ വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ദിനംപ്രതി വാഹനാപകടങ്ങള്‍ പെരുകുന്നത്.

ഒപ്പം തന്നെ റോഡുകളുടെ നി ലവാരമില്ലായ്മയും വാഹനമോടിക്കുന്നവരുടെ മത്സരവും  അശ്രദ്ധയും മദ്യപാനശീലവുമൊക്കെ അപകടങ്ങളുടെ തോതും വ്യാപ്തിയും കൂട്ടുന്നു.

ഭക്ഷണരീതിയും ജീവിതചര്യയുമൊക്കെ മാറിയ കൂട്ടത്തില്‍ നമ്മുടെതായ യാത്രാശീലങ്ങളിലും കാതലായ മാറ്റം വന്നു.
യുവത്വം ഇന്നു ജീവിതം തിമിര്‍ക്കുന്നതും പറന്നു തീര്‍ക്കുന്നതും മോട്ടോര്‍ബൈക്കുകളിലാണ്. ഭൂരിപക്ഷം റോഡപകടങ്ങളിലും ജീവന്‍ വെടിയുന്നതും അംഗവൈകല്യമുണ്ടാവുന്നതും ഇരുചക്രവാഹനങ്ങളിലെ യുവാക്കളാണെന്നത് യാഥാര്‍ത്ഥ്യം.
ഇതിന്റെ പ്രധാന കാരണം അമിതവേഗതയും.

ദിനം പ്രതിയെന്നോണം കുതിച്ചുയരുന്ന പെട്രോള്‍ വിലയും മനുഷ്യരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ആയതിനാല്‍ ഹ്രസ്വദൂരയാത്രയ്ക്ക് എന്തുകൊണ്ട് ഇന്ധനരഹിത വാഹനത്തെക്കുറിച്ച് ചിന്തിച്ചുകൂടാ.

പണ്ടൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും പിന്നീടെപ്പോഴോ സ്റാറ്റസ് സിമ്പലിന്റെ പേരില്‍ ഒഴിച്ചു നിര്‍ത്തുകയും ചെയ്ത സൈക്കിള്‍
നമ്മുടെ പാതകളിലേക്ക് തിരിച്ച് കൊണ്ടു വരണം.

ഇന്ധന ലാഭത്തിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നതും സൈക്കിള്‍ സവാരിയിലൂടെ ലഭിക്കുന്ന ശാരീരിക വ്യായാമവും ഇതിന്റെ ഗുണവശമാണ്.

മലയാളിയുടെ ഹ്രസ്വദൂരയാത്രകളിലേക്ക് സൈക്കിളിനെ  ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അമിതവേഗത കാരണം നമ്മുടെ റോഡുകളില്‍ ചോര ചിതറുന്നതും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് തീര്‍ച്ച!

********************************************************************************

Tuesday, December 2, 2014

അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നില്ല..


റിയാദിൽ നിന്നും പുറത്തിറങ്ങിയ
സൗദി മലയാളി മാന്വലിൽ 
ശ്രീ. ഉബൈദ് എടവണ്ണ നടത്തിയ അഭിമുഖം
അദ്ധേഹത്തിന്റെ അനുവാദത്തോടെ... 
   


റഫീഖ് പന്നിയങ്കര പതിനെട്ടു വര്‍ഷമായി സൗദി  അറെബ്യയിലെത്തിയിട്ട്. 
ആദ്യത്തെ ആറു വര്‍ഷം ദമ്മാമിലെ സഫ് വയ്ക്കടുത്ത് ഉമ്മുസ്സാഹിഖ് എന്ന ഗ്രാമത്തില്‍ സൗദിയിലെ പ്രശസ്തമായ ഡ്രൈക്ളീനിംഗ് കമ്പനിയുടെ ബ്രാഞ്ചില്‍ ഷോപ്പ് കീപ്പറായി ജോലി ചെയ്തു. 
2001ല്‍ റിയാദിലെത്തി. മൂന്നുവര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ തന്നെ
ഒരു ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് കമ്പനിയുടെ  ഓഫീസ് ഇന്‍ചാര്‍ജ്ജ് ആയിരുന്നു. 2004 ഡിസംബര്‍ മുതല്‍ ബത്ഹയിലെ
ന്യൂ  സഫാമക്ക പോളിക്ളിനിക്കില്‍  ജോലി ചെയ്യുന്നു. 
കഥയ്ക്കും കവിതയ്ക്കുമൊക്കെ
ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള റഫീഖ് സൗദി മലയാളി മാന്വലിന്റെ വായനക്കാരുമായി ചിന്തകള്‍ പങ്കു വെയ്ക്കുന്നു. 
*  എഴുത്തുമായി ബന്ധപ്പെട്ട പ്രവാസ അനുഭവങ്ങള്‍?
അനുഭവങ്ങള്‍ ഓരോന്നും ജീവിതത്തിന്റെതാണ്.
എഴുത്തുമായി, ജോലിയുമായി എന്നിങ്ങനെ  തരം തിരിക്കേണ്ട കാര്യമുണ്ടോ എന്നറിയില്ല. പ്രവാസജീവിതത്തിലെ അനുഭവങ്ങളെല്ലാം മനസ്സിനെ  അലോസരപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെല്ലാമാ വുന്നത് ആള്‍ക്കൂട്ടത്തിന്നിടയിലാണെങ്കിലും ഒറ്റപ്പെട്ട ജീവിതമായതു കൊണ്ടാണ്. തുറന്നു പറച്ചിലുകള്‍ക്ക് ഇടവും അവസരവുമില്ല എന്നുള്ളതാണ് പ്രധാന വിഷയം. അതിനാരെയും കുറ്റപ്പെടുത്തുന്നില്ല.
ഓരോരുത്തരും സ്വന്തം വേദനയും വിഷമങ്ങളും ഉള്ളിലൊതുക്കി നടക്കുന്നു. എന്നാലും പരസ്പ്പര സഹായത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാസമേഖലയില്‍ തന്നെയാണ് സജീവമായി നടക്കുന്നത്.
എഴുത്തിലൂടെയും സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെയും ഒട്ടേറെ സൌഹൃദങ്ങള്‍ ലഭിച്ചു എന്നതാണ് പ്രവാസ ജീവിതത്തിലെ എഴുത്തനുഭവം. സ്വന്തം എഴുത്തിനെക്കു റിച്ച് സംസാരിക്കുവാന്‍ വായനക്കാരിലൊരാള്‍ മുമ്പില്‍ നില്‍ക്കുക എന്നത് ഏറെ ആഹ്ളാദകരമായ അവസ്ഥയാണ്.
ഏറ്റവും വലിയ അംഗീകാരം കിട്ടിയതിനെക്കാള്‍ സന്തോഷം തോന്നും അന്നേരം.

*  ജീവിതം എന്തു പഠിപ്പിച്ചു?

വലിയ ചോദ്യമാണിത്. ജീവിതം പഠിച്ചു തീര്‍ക്കാന്‍ കഴിയില്ല എന്നതല്ലെ വാസ്തവം. ഓരോ അനുഭവങ്ങളും പുതിയ ചിന്തകള്‍ നമ്മിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ ഉപകരിക്കും. എന്നിട്ടും മനുഷ്യന്‍ പഠിച്ചതും അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതുമെല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നി ല്ല എന്നതിന്റെ തെളിവാണ് നിത്യേന  അരങ്ങേറുന്ന തട്ടിപ്പു സംഭവങ്ങള്‍. മെയ്യനങ്ങാതെ എങ്ങനെ  പണക്കാരാനാ വാം എന്നതില്‍ പഠനം നടത്തുന്ന സമൂഹമാണ് മലയാളി എന്നുപറഞ്ഞാല്‍ തെറ്റില്ല.
എല്ലാറ്റിനും  മാതൃകയായിരുന്ന മലയാളിജീവിതം ഇന്ന് അധാര്‍മികതയുടെ ഭൂരിപക്ഷമാവുന്നു. ആ സമൂഹത്തില്‍ പെട്ടവനാണല്ലൊ ഞാനും  എന്നത് വേദന  തോന്നുന്നു.
ഇനിയും ഒരുപാട് പഠിക്കാനുള്ളതെല്ലാം അന്വേഷിക്കുന്ന കൂട്ടത്തില്‍ സ്നേഹവും കരുണയും ഉള്ളില്‍ നിന്ന് ചോര്‍ന്നു പോവരുതെ എന്ന പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു.*  എഴുത്തുകാരനു  സമൂഹത്തോടുള്ള പ്രതിബദ്ധത?

എഴുത്തുകാരനു  മാത്രമല്ല സമൂഹത്തോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും വേണ്ടത്. വ്യക്തികളോരോരുത്തരും സ്വന്തം ചുറ്റുപാടുകളോടുള്ള കടമകളില്‍ ബോധമുള്ളവരാകണം. സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മികതകള്‍ക്കെതിരെ നിരന്തരം പോരാടിയിരുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ സാധാരണക്കാരുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കാണാതെ പോവരുത്.
അരുതായ്മകള്‍ അരങ്ങേറുമ്പോഴേക്കും എഴുത്തുകാരന്‍ ഉടന്‍ തന്നെ പേനയും കടലാസുമെടുത്ത് യുദ്ധത്തിനു  തയ്യാറെടുക്കണമെന്ന വാദത്തോട് യോജിപ്പില്ല. പക്ഷെ, കെട്ട കാലത്തിന്റെ അടയാളങ്ങള്‍ മുന്‍കൂട്ടി അറിയാനും  അത് എഴുത്തിലൂടെ ജനതയെ ബോധ്യപ്പെടുത്താനും  കഴിവുള്ളവരാകണം എഴുത്തുകാര്‍. അത്തരത്തിലുള്ള ഒരുപാട് പ്രതിഭകളുള്ള മണ്ണാണ് നമ്മുടേത് എന്നതില്‍ അഭിമാനിക്കുന്നു.*  സാഹിത്യരംഗത്തെ പുതിയ പ്രവണതകളെ എങ്ങനെ നോക്കിക്കാണുന്നു?

എല്ലാറ്റിലും ശുഭാപ്തി വിശ്വാസമുണ്ടാവുക. അങ്ങനെയാവുമ്പോള്‍ ചില പ്രതികൂല പ്രശനങ്ങളെല്ലാം അുകൂലമായിത്തീരും. അങ്ങനെ  അനുകൂലമാക്കി ത്തീര്‍ക്കാനുള്ള  മാനസികമായ കരുത്ത് നമ്മിലുണ്ടാവണം.
പുതിയ സമ്പ്രദായമെല്ലാം കാലക്രമേണ പഴയതായിത്തീരുമെന്ന പ്രമാണം തന്നെയാണ് ഇവിടെയും അനുയോജ്യം. അങ്ങനെ എല്ലാം വീക്ഷിക്കുമ്പോള്‍ പുതിയ പ്രവണതകളില്‍ അപാകതകളൊന്നും കാണാന്‍ കഴിയില്ല. മാത്രമല്ല, സര്‍ഗസാഹിത്യത്തിന്റെ വര്‍ത്തമാനകാലം ശോഭനമാണ്. സജീവമാണ്. കൂടുതല്‍ ഇടങ്ങള്‍ സ്വയം പ്രകാശനത്തിന്  സാധ്യമാവുന്ന കാലഘട്ടത്തില്‍ മുമ്പോട്ടുള്ള പ്രയാണത്തെക്കുറിച്ച് പ്രതീക്ഷകള്‍ മാത്രമേയുള്ളൂ.


*  റോള്‍മോഡല്‍ ആരാണ്.., എന്തുകൊണ്ട്?

നമ്മോട് ഇടപഴകുന്നവര്‍ക്ക് സ്നേഹവും ബഹുമാനവും നല്‍കണമെന്നും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ കുടുംബത്തിന്റെ ബാധ്യതകളില്‍ സക്രിയമാക ണമെന്നുമൊക്കെ നിരന്തരം മറ്റുള്ളവരെ ഓര്‍മപ്പെടുത്താറുള്ള എന്റെ ഉപ്പയാണ് ജീവിതത്തില്‍ റോള്‍ മോഡല്‍.
പ്രാര്‍ത്ഥനക്കൊപ്പം ചുറ്റുമുള്ളവരോട് കാരുണ്യമുണ്ടാവണമെന്നും ധാര്‍മ്മികത കൈവെടിയരുതെന്നും പറഞ്ഞു തന്നത് അദ്ദേഹമാണ്. എന്തൊക്കെ വിസ്മരിച്ചാലും ഞാനാരെന്ന ബോധം ഉള്ളിലുണ്ടാവണമെന്ന ഉപ്പയുടെ വാക്കുകൾ  മറക്കാതെ സൂക്ഷിക്കുന്നു.

*  പ്രവാസലോകത്തെ മാധ്യമങ്ങളെക്കുറിച്ച് അഭിപ്രായം? 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും  സഹജീവികളുടെ വീഴ്ചകളില്‍ മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കുവാനും  നിതാന്തജാഗ്രത പുലര്‍ത്തുന്നവരാണ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു സംശയലേശമ ന്യേ പറയാനാവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളതു പോലെ ഒരു പക്ഷെ ഇവിടെയും കള്ളനാണയങ്ങള്‍ കണ്ടേക്കാം.
എന്നാലും പ്രശംസനീയമാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍.

*  ഭാവി പ്രവര്‍ത്തനങ്ങള്‍?

ഇത്രയും കാലം ജീവിച്ചതും, ഒരുപാട് ഇല്ലെങ്കിലും കുറച്ചൊക്കെ എഴുതിയതും മുന്‍കൂട്ടി ക്രമപ്പെടുത്തിയ പ്രകാരമല്ല.
അതുകൊണ്ടുതന്നെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് പറയാനാവില്ല. ഒരു നോവല്‍ എഴുതിത്തീര്‍ക്കണമെന്ന ആഗ്രഹം എപ്പോള്‍ പൂവണിയുമെന്നറി യില്ല. നേരിന്റെ വഴിയില്‍ നടക്കാന്‍ കഴിയണം..
നല്ല സൗഹൃദങ്ങള്‍ നില നിര്‍ത്താന്‍ കഴിയണം.*  അനീതിക്കെതിരെ മൗനം തുടരുന്ന എഴുത്തുകാരന്റെ നിഷ്ക്രിയത്വത്തെ എങ്ങനെ നോക്കിക്കാണുന്നു?

മുകളില്‍ സൂചിപ്പിച്ച പോലെ അനീതിയ്ക്കെതിരെ പോരാടുക എന്നത് എഴുത്തുകാരന്റെ മാത്രം ബാധ്യതയല്ലെന്ന് ആവര്‍ത്തിക്കുന്നു. മാത്രവുമല്ല, സംഭവങ്ങള്‍ ഓരോന്നിനോടായി കള്ളിതിരിച്ച് കലാകാരന്‍മാര്‍ വിരല്‍ ചൂണ്ടണമെന്നത് എന്തുകൊണ്ടോ അംഗീകരിക്കാന്‍ കഴിയുന്നില്ല.
ഇന്നലെ നടന്ന സംഭവത്തിനു  ഇന്നൊരു കഥയൊ കവിതയൊ എഴുതി നാളെ തന്നെ പ്രസിദ്ധീകരിക്കണമെന്ന വാശി പ്രാവര്‍ത്തികമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്.


*  ലഭിച്ച അംഗീകാരങ്ങള്‍?

രചനകള്‍ വായിച്ച് വിമര്‍ശനമായാലും പ്രശംസയായാലും ഒരാളില്‍ നിന്നും നേരിട്ട് കേള്‍ക്കുന്ന വാക്കുകളാണ് ഒരുപാട് സന്തോഷം നല്‍കുന്നത്.
ആ രീതിയിലൂടെ ലഭിച്ച ചില സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നു. എന്നാലും, ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരം നമ്മുടെ എഴുത്തിനും  ചിന്തകള്‍ക്കുമൊക്കെ ഏറെ ഉത്തരവാദിത്വബോധം നല്‍കും.
തിരുവന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാ സമ്മാനം , ഷാര്‍ജ തനിമ കലാവേദിയുടെ സമ്മാനം , ദുബായ് കൈരളി കലാകേന്ദ്രത്തിന്റെ ചെറുകഥാസമ്മാനം , പി.ടി.അബ്ദുറഹ്മാന്‍ സ്മാരക കവിതാസമ്മാനം , കേളി കടമ്മിട്ട രാമകൃഷ്ണന്‍ സ്മാരക കവിതാ സമ്മാനം , ഫെയ്സ്ബുക്ക് വാസ്തവം ഗ്രൂപ്പിന്റെ കവിതാ സമ്മാനം  എന്നിവയൊക്കെ ലഭിച്ച അംഗീകാരങ്ങളില്‍ പെടുന്നു. 
നമ്മുടെ എഴുത്ത് വായനക്കാര്‍ ഇഷ്ടപ്പെടുന്നു, നമ്മുടെ ഉള്ളില്‍ നിന്നു വന്ന ഒരു വാചകം ഒരാളെയെങ്കിലും ആനന്ദിപ്പിക്കുന്നു എന്നതൊതൊക്കെ അഭിമാനകരം തന്നെ.

*  കുടുംബം?

സ്വദേശം കോഴിക്കോട്. 
പിതാവ് പള്ളിയാളി കുഞ്ഞലവി. മാതാവ് പാറക്കണ്ടി നബീസ.
ഫറോക്ക് കല്ലമ്പാറയിലെ നാലകത്ത് സുലൈഖയാണ് (സുലു) ഭാര്യ. 
റഫ്സില,  മുഹ്സിന, ഫര്‍ഹാന്‍ എന്നിവർ  മക്കള്‍.
                                                                                                                    ഉബൈദ് എടവണ്ണ


***************************************************************************

Monday, November 10, 2014

ലേബര്‍ക്യാമ്പില്‍ നിന്ന്...

ഇരുട്ട് കത്തുന്ന അതിരുകളാണ്
ഓരോ ഇടനാഴിയുടെ അറ്റത്തും..

വിയര്‍പ്പും കണ്ണീരും
വിരഹവും പ്രതീക്ഷയുമൊക്കെ
പാടുവീഴ്ത്തിയ
നരച്ച ഭിത്തികളില്‍
മുമ്പേ നടന്നു മറഞ്ഞവര്‍
പ്രവാസത്തിന്റെ 
ഓര്‍മപ്പുസ്തകമായി
ഉള്ള് മുറിഞ്ഞു കോറിയിട്ട
വിറച്ച വാക്കുകളുമുണ്ട്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും 
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
വിവിധ ദേശങ്ങളുടെ
അടയാളങ്ങളാണ്
ഓരോ പാത്രങ്ങളിലും 
രുചിക്കൂട്ടുകളായി തിളയ്ക്കുന്നത്.

അന്നൊരിക്കല്‍,
ഉദയശങ്കര്‍ 
മുഖം മിനുക്കിയപ്പോഴാണ്
വിക്രംസിംഗ് സ്വന്തം കണ്ണാടി
ഷാരൂഖ്ഖാന്റെ ചിത്രമൊട്ടിച്ചു 
മറച്ചുവെച്ചത്.

വൈകിയെഴുന്നേറ്റ ജഹാംഗീര്‍
കുളിമുറിയുടെ വരിയറ്റത്ത് നിന്നും
കിതച്ചെത്തി, 
ധൃതിയില്‍ നേരമറിയാന്‍
ശ്യാമപ്രസാദിന്റെ ക്ളോക്കിലേക്ക്
രണ്ടുതവണ നോക്കിയപ്പോഴാണ്
അയാളത് തകരപ്പെട്ടിയുടെ
മറവിലേക്ക് നീക്കി വെച്ചത്.

ജോര്‍ജ്ജിന്റെ ക്ളീനിംഗ് ദിവസമാണ്
ആറുകിലോ തൂക്കമുള്ള കല്ലൊന്ന് 
വേസ്റ്റ്ബക്കറ്റില്‍ അമര്‍ത്തി
സലീം മറഞ്ഞുനിന്ന് ചിരിച്ചത്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും  
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
ഓരോരുത്തരും
ഓരോ ദ്വീപുകള്‍ പണിഞ്ഞ്
വാക്കുകള്‍ ഇരുട്ടിലൊളിപ്പിച്ച്
പ്രവാസമെന്നാല്‍ 
ഇങ്ങനെയൊക്കെയാണെന്ന്
സ്വയം നിരൂപിച്ച്,
ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങനെ..?

                                                                        (മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്‌ 09/11/2014)
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

Monday, November 3, 2014

അനുഭവംഫെയ്സ്ബുക്കില്‍ പേര് കണ്ടപ്പോഴാണ്
പത്തുവര്‍ഷത്തിനു  ശേഷം അവളെ ഓര്‍മ വന്നത്.

തന്നോടൊപ്പം പത്താംക്ളാസ് വരെ ഒന്നിച്ചിരുന്നവള്‍.

റിക്വിസ്റ്റ് അയച്ചു.
സ്വീകരിച്ചു.

ചാറ്റിംഗിലൂടെ മൊബൈല്‍ നമ്പര്‍ കൈപ്പറ്റി.

പിന്നെ,
വിളി തന്നെയായിരുന്നു വിളി.

സൗദിഅറേബ്യയിലെ കൊടുംചൂടില്‍ ദൂരെ നിന്നെത്തുന്ന
അവളുടെ വാക്കുകള്‍ കുളിരുപാകി.

ജോലിസമയത്തും വിശ്രമസമയത്തും ഉറങ്ങുമ്പോഴും
അവളുടെ മിസ്സഡ്കോളുകള്‍ പറന്നിറങ്ങി.

വീട്ടില്‍ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലായിരുന്നു.

അവളുടെ വീട്ടുകാരറിഞ്ഞാല്‍..?

ഉടനെ തന്നെ അറിയിക്കാമെന്നായി അവള്‍.

അങ്ങനെയിരിക്കെ അവളതു പറഞ്ഞു.

‘..വീട്ടില്‍ സമ്മതമല്ല..
അതുകൊണ്ട് നമുക്കിവിടെ നിര്‍ത്താം..’

അവളും  പറഞ്ഞു. ഓകെ.

വിഷമിച്ചിരിക്കുന്ന അവനെ  സമാധാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകന്‍.

‘ അവള് പോട്ടെടേയ്.. വിഷമിക്കാതെ..
എന്നുവെച്ച് നീ  ബുദ്ധിമോശമൊന്നും കാണിക്കല്ലേ..’

ഓ.. എന്ത് ബുദ്ധിമോശം കാണിക്കാനാ ...
എനിക്കിത് ആദ്യത്തെ അനുഭവമൊന്നുമല്ല.
ഇതുപോലെ എത്രയെവളുമാരുടെ കളിപ്പീരാ ഈ ജീവിതത്തിൽ...

അവന്റെ
കൂശലില്ലാത്ത വാക്കുകളില്‍
സഹപ്രവര്‍ത്തകന്‍ കണ്ണുമിഴിച്ചിരുന്നു.


***********************************************************************

Thursday, October 16, 2014

സഹയാത്രികരുടെ ശ്രദ്ധയ്ക്ക്..റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നല്ല തിരക്കായിരുന്നു. 
കേരളത്തിലേക്കും മറ്റും കയറ്റി അയക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ജമന്തി പ്പൂക്കളുടെ മണം മറ്റേതൊക്കെയോ മനം മടുപ്പിക്കുന്ന ഗന്ധങ്ങള്‍ക്കൊപ്പം ഇഴുകിയമര്‍ന്നിരിക്കുന്നു.

ട്രെയിന്‍ വൈകുമെന്ന അറിയിപ്പ് പിന്നേയും ഉച്ചഭാഷിണിയില്‍ മുഴങ്ങിയപ്പോ ള്‍ സുബൈര്‍   ഫ്ലാറ്റ്ഫോമിലൂടെ ലക്ഷ്യം നഷ്ടപ്പെട്ടവപ്പാെേലെ അങ്ങോട്ടു മിങ്ങോട്ടും നടന്നു. 
കാപ്പിക്കച്ചവടക്കാരും പോര്‍ട്ടര്‍മാരും മരണവീട്ടിലെത്തിയവരെപ്പോലെ പരസ്പ്പരം മിണ്ടാതെ റെയില്‍പ്പാളത്തിന്റെ അങ്ങേത്തലയ്ക്കലേക്ക് നോക്കി നില്‍ക്കുന്നു.
രാവിലെ നേരത്തെ തന്നെ സാധങ്ങളൊക്കെ കെട്ടിയൊതുക്കി. മുറിയുടെ മൂലയി ലേക്ക് മാറ്റി. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ ഒരു പ്ലാസ്റ്റിക്  കവറിലൊതു ക്കി മുറി പൂട്ടിയിറങ്ങി. 
അയല്‍പ്പക്കക്കാരോടും  മറ്റും യാത്രയൊന്നും ചോദിക്കാന്‍ നി ന്നില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് ദൂരെയൊരു നഗരത്തില്‍ ഇതിനേക്കാൾ  ഭയാനകമായ അവസ്ഥയുണ്ടായത്  കേട്ടറിവുണ്ട്. 
രണ്ടുമൂന്ന് ദിവസങ്ങള്‍ താമസസ്ഥലത്തു നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ.. 
പുറത്ത് എന്താണ് നടക്കുന്നതെന്നിയാന്‍ സാധിക്കാത്ത അവസ്ഥയില്‍..
കൂടെയുണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ...
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആ നാളുകളിലെ പത്രവാര്‍ത്തയിലൂടെ അറി ഞ്ഞതാണ്.
തന്നെ സംബന്ധിച്ചേടത്തോളം അത്തരമൊരു ദുരിതം അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തില്‍ മുകളിലേക്ക് കണ്ണുയര്‍ത്തി സുബൈര്‍ ദീര്‍ഘ നിശ്വാസമുതിര്‍ത്തു.

എന്തൊക്കെ സംഭവിക്കുമെന്നതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയതു പോലെ എല്ലാ തിരക്കുകള്‍ക്കുമപ്പുറത്തെ താമസസ്ഥലത്ത് സകല കാറ്റുവഴികളും കൊട്ടിയടച്ച് കഴിഞ്ഞ കുറേ ദിവസങ്ങള്‍..
സംഭവങ്ങളുടെ കാഠിന്യം കുറഞ്ഞ് ജനമനസ്സ് സാധാരണ രീതിയിലേക്ക് മാറി വരുന്നു. നാട്ടില്‍ പോയി കുടുംബത്തേയും മറ്റും കണ്ടു കഴിഞ്ഞാല്‍ ഉള്ളിലെ വിങ്ങല്‍ മാറിയേക്കും..

ജനാരവത്തിനു  നടുവിലൂടെ തിക്കിത്തിരക്കി ഒത്തിരി മെന ക്കെടലുകള്‍ക്കൊടു വില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് തരപ്പെടുത്തി. ഒരു പാന്റും ഷര്‍ട്ടും പാതി ഉപയോഗിച്ച സോപ്പും ടൂത്ത്പേസ്റ്റും  പിന്നെ ഒന്നു രണ്ട് വാരികകളും ചുരുട്ടി ക്കൂട്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കയ്യില്‍ പിടിച്ചിട്ടുണ്ട്.
ട്രെയിനെത്തി. കംപാര്‍ട്ട്മെന്റില്‍ തിരക്കൊട്ടും കുറവുണ്ടായിരുന്നില്ല. 

തിരക്കിനിടയിലൂടെ ട്രെയിനിനകത്ത് കയറിപ്പറ്റി. ഫ്ലാറ്റ് ഫോമിലെ ബഹളം കംപാര്‍ട്ടുമെന്റിലേക്ക് തിര പോലെ ആര്‍ത്തലച്ചു.
ബര്‍ത്തിനു  മുകളില്‍ കൂനിക്കൂടിയിരിക്കുന്ന ചിലര്‍ യാത്രയുടെ മടുപ്പില്‍ നി ന്നും മുക്തി നേടാ ന്‍ ചുറ്റും എന്തോ തിരയുന്ന ഭാവത്തോടെ കണ്ണുയര്‍ത്തി. 
സുബൈര്‍ ചിലരുടെ മുഖത്ത് നോക്കി മുന്‍പരിചയമുള്ള പോലെ ചുണ്ടിലൊരു ചിരി പരത്തിവെച്ചു.
എല്ലാ യാത്രകളും എവിടെയാണ് അവസാനിക്കുന്നതെന്ന ചിന്ത സുബൈറിന്റെ യുള്ളില്‍ കയറി പെരുകാന്‍ തുടങ്ങിയ നേരം ഏതോ ഒരറ്റത്തു നിന്നും ട്രെയിനി ന്റെ ചൂളംവിളി കംപാര്‍ട്ടുമെന്റികത്തേക്ക് പ്രതിദ്ധ്വനി ച്ചു.  

ട്രെയിന്‍ നീങ്ങിത്തുടങ്ങി.

..കാത്തിറുന്ത്.. കാത്തിറുന്ത്.. കാലങ്കള്‍ പോഹ്തെടീ..
..പൂത്തിറുന്ത്.. പൂത്തിറുന്ത്..പൂവിഴി നോവ്തെടീ..
..നേത്ത് വരൈ ഏത്ത് വെച്ച ആശൈകള്‍ വേവ്തെടീ..

മുഷിഞ്ഞൊരു പിച്ചക്കാരന്റെ തൊണ്ട പൊട്ടുന്ന പാട്ട് കംപാര്‍ട്ടുമെന്റില്‍ എല്ലാവരുടേയും കാതുകളിലേ ക്ക് തെറിച്ചു...

നല്ല ക്ഷീണമുണ്ട്.. എവിടെയെങ്കിലും ചെറിയൊരു ഇടം കിട്ടിയിരുന്നെങ്കില്‍ അല്‍പ്പനേരം  കണ്ണടച്ചിരിക്കാമായിരുന്നു.
സുബൈര്‍ വല്ലാത്തൊരു ശബ്ദത്തോടെ കോട്ടുവാ ഉതിര്‍ത്തു.

അന്നേരം മീശ മുളക്കാത്ത പ്രായത്തേക്കാള്‍ കൂടിയ ശരീരമുള്ള ഒരു പയ്യന്‍ സുബൈറിന്  തന്റെ സീറ്റിലിരിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു.
അവനെ  നോക്കി ഒരു ചിരി സുബൈറിന്റെ മുഖത്ത് തെളിഞ്ഞു. അവനതൊ ന്നും കാര്യമാക്കാതെ സീറ്റിന്റെ പിന്‍ഭാഗത്ത് ചാരി  മൊബൈല്‍ ഫോണില്‍ ഏതൊക്കെയോ ബട്ടണുകളില്‍ വിരലമര്‍ത്തി കളിക്കാന്‍ തുടങ്ങി.

ചെറിയൊരു സ്റ്റേഷനിൽ ട്രെയിന്‍ നിന്നു. അവിടെ സ്റ്റോപ്പില്ലാത്തതിനാലും സ്റ്റേ ഷന്‍ പരിസരത്ത് കൂടുതല്‍ ആളനക്കമില്ലാത്തതിനാലും എല്ലാവരും പുറത്തെ തണുത്ത കാറ്റിലേക്ക് തലനീട്ടി അത്ഭുതം കൂറി.
..മറ്റൊരു ട്രെയിന്‍ പാസ്സിംഗുണ്ട്. പത്തുമിനിട്ടാവും..
പറഞ്ഞ ആളിനെ  കണ്ടില്ല. സ്ഥിരം യാത്രക്കാരായിരിക്കും.
പാട്ടു പാടി പിച്ചയെടുത്ത വൃദ്ധന്‍ അടുത്ത കംപാര്‍ട്ടുമെന്റിലേക്കായിരിക്കാം ഇറങ്ങിപ്പോയി.
കണ്ണില്‍ ഉറക്കം വന്ന് തടഞ്ഞിരുന്നു.
ചുറ്റും ബഹളം പെരുകിയപ്പോള്‍ ഉറക്കം പാടെ വിട്ടകന്നു.
സുബൈര്‍ തൊട്ടരികിലും മുമ്പിലും ഇരിക്കുന്നവരെ അന്നേരമാണ് ശ്രദ്ധിക്കു ന്നത്. തൊട്ടുമുമ്പിലെ സീറ്റില്‍ ഒരു യുവതിയും അവളുടെ അച്ഛനും അമ്മയു മെന്ന് തോന്നിക്കുന്ന പ്രായമുള്ള രണ്ടാളുമുണ്ട്. അവര്‍ രണ്ടുപേരും മയക്കത്തി ലാണ്. യുവതി ഏതോ മാഗസിന്‍ വായനയിലാണ്.
ഇടയ്ക്ക് വായന  നിര്‍ത്തി പുറത്തേക്ക് നോക്കുകയും പിന്നേയും വായന തുടരുകയും ചെയ്യുന്നു.
എങ്ങോട്ടാ.. കോഴിക്കോട്ടേക്കാണോ..
ഇടയ്ക്ക്, അവള്‍ വായന  മുറിച്ച നേരത്ത് സുബൈര്‍ ചിരിച്ചു. അപരിചിതത്വ ത്തിന്റെ പാട് വീഴാത്ത ഭാവത്തില്‍ ചുണ്ടിലൊരു ചെറുചിരി നനച്ചു കൊണ്ട് അവള്‍ തിരുത്തി.
കണ്ണൂരിലേക്കാ..
അപ്പുറത്തെ ട്രാക്കിലൂടെ ഏതോ ഒരു ട്രെയിന്‍ ചൂളം വിളിച്ച് ഉരുക്കുപാള ങ്ങളെ കുലുക്കിക്കൊണ്ട് പിന്നോട്ട് പാഞ്ഞുപോയി.
ഇപ്പോള്‍ ട്രെയിന്‍ പതുക്കെ നീ ങ്ങിത്തുടങ്ങി.

ഞാന്‍ സുബൈര്‍.. എന്താ പേര്..

നനവുള്ള അവളുടെ ചുണ്ടിലേക്കും ചെമ്പന്‍മുടി പാറിവീഴുന്ന വീതിയേറിയ നെറ്റിയിലേക്കും നോക്കി സുബൈര്‍ കാതു കൂര്‍പ്പിച്ചു.
സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തോടെ മാഗസിന്‍ മടക്കി ബാഗില്‍ തിരുകി അവള്‍ ഒന്നിളകിയിരുന്നു.

നയന.. നായനാ  സെബാസ്റ്യന്‍..

കൂടെയുള്ളത്..
സുബൈര്‍ അര്‍ദ്ധോക്തിയില്‍ നി ര്‍ത്തി.

പപ്പയും അമ്മച്ചിയും..
കണ്ണൂരിലാ പപ്പയുടെ തറവാട്. ഒരു കല്ല്യാണം കൂടാന്‍ പോവുന്നു..

അവളുടെ പപ്പയുടേയും അമ്മച്ചിയുടേയും കൂര്‍ക്കംവലി ഒരേ താളത്തില്‍ നിവര്‍ന്നു.. ചുരുണ്ടു.
സുബൈറും നയന സെബാസ്റ്റ്യനും   ട്രെയിനിന്  പുറത്തുള്ള പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.
സാഹിത്യവും സിനി മയും ജീവിതവും അങ്ങനെ  സകലതും..

ട്രെയിന്‍ തെങ്ങിന്‍തോപ്പുകള്‍ക്കും ഉണങ്ങി വരണ്ട വയലേലകള്‍ക്കും അരികി ലൂടെ.. ചെറുതും ഇടത്തരവുമായ ചില സ്റ്റേഷനുകളില്‍ നിറുത്തിയും നി ര്‍ത്താതെയും പാഞ്ഞു കൊണ്ടേയിരുന്നു.
അവളുടെ പപ്പയും അമ്മച്ചിയും ഉറക്കത്തില്‍ നിന്നുണര്‍ന്നും വീണ്ടുമുറങ്ങി കൂര്‍ക്കം വലിച്ചും ഞങ്ങളിവിടെയുണ്ടെന്ന് ഓര്‍മപ്പെടുത്തി.

ഏതോ  സ്റ്റേഷന്‍ എത്താറായിരിക്കുന്നു. ട്രെയിനിന്റെ വേഗത കുറഞ്ഞു. 

സ്റ്റേഷന്‍ അടുത്തെത്തിയ അടയാളം..
പാളങ്ങളുടെ പാര്‍ശ്വഭിത്തിയില്‍ മഞ്ഞവര പ്രത്യക്ഷപ്പെട്ടു. 

..ഷൊര്‍ണ്ണൂറെത്തി..

ട്രെയിന്‍ ചലനമറ്റ് റെയില്‍പ്പാളത്തിലേക്ക് പുകവെള്ളം ഛര്‍ദ്ദിച്ചു.
പ്ളാറ്റ്ഫോമിലെ ബഹളം പിന്നേയും..
കഴിക്കാന്‍ എന്തെങ്കിലും.. വാങ്ങി വരട്ടെ..
സുബൈര്‍ അവളുടെ നെറ്റിയിലേക്ക് നോക്കി.
..സോറി.. സുബൈര്‍..
ഇനി  വീട്ടിലെത്തി കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കൂ.. പപ്പയുടെ ചില ചിട്ടകള്‍..
അവള്‍ മുടി മാടിയൊതുക്കി.
ഇവിടെ പതിഞ്ച് മിനിട്ട് സ്റ്റോപ്പുണ്ട്.. വൈകൂല.. അഞ്ചുമിനിട്ട് .. ഞാന്‍ വരാം..
സുബൈര്‍ പുറത്തേക്ക്  നടന്നു.

സ്റ്റേഷില്‍ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ നടന്നു നീങ്ങുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ച പോലെ.. 
സുബൈര്‍ നോക്കുമ്പോള്‍ പിറകില്‍ വലിയ ചിരിയുമായി നില്‍ക്കുന്നു. താന്‍ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റില്‍ പതിവായി വരാറുള്ള ഡോ. അരുണ്‍ സദാശിവം..
സാറെന്താ ഇവിടെ.. സുബൈര്‍ ആശ്ചര്യം പൂണ്ടു.
ഞാനിപ്പോ ഇവിടെയടുത്താ പ്രാക്ടീസ് ചെയ്യുന്നത്.. ഒന്ന് തൃശ്ശൂര് വരെ പോണം..  ഒരത്യാവശ്യം.. പത്തിരുപത് മിനിട്ടിനകം ട്രെയിനെത്തും ..
കണ്ണടയ്ക്കുള്ളിലെ ശാന്തമായ നോട്ടം സുബൈറിന്റെ മുഖത്തു നിന്നും മാറാതെ നിന്നു.
ഞാന്‍..നാട്ടിലേക്കാ.. അറിയാമല്ലോ സാര്‍.. ഞങ്ങള്‍ നിന്നിടത്തെ പ്രശ്നങ്ങള്‍..

..ദൂരെയിരുന്നാണെങ്കിലും എല്ലാമറിഞ്ഞ് സങ്കടപ്പെടാറുണ്ട്.. 
ഡോക്ടര്‍ സമാന്തരരേഖകളായി നീ ളുന്ന റെയില്‍പ്പാളങ്ങളിലേക്ക് നോക്കി . 

..കൂടിയല്ലാ പിറക്കുന്ന നേരത്തും..
കൂടിയല്ലാ മരിക്കുന്ന നേരത്തും.. 
മദ്ധ്യേയിങ്ങനെ  കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിനു നാം വൃഥാ...

പൂന്താത്തിന്റെ വരികളാ.. താന്‍ കേട്ടിട്ടില്ലേ.. 

സര്‍.. ഒരു കാപ്പിയാവാം.. അല്ലേ..

ആവാം.. എന്റെ വധം തുടരേണ്ടെന്നാവും അര്‍ത്ഥം..

ഡോക്ടര്‍ ചിരിച്ചു. ഒപ്പം സുബൈറും.

ഡോക്ടറോടൊപ്പം ടീസ്റ്റാളിന്റെ ഇരുമ്പുതൂണില്‍ ചാരിനിന്ന് കാപ്പി ചുണ്ടോട ടുപ്പിക്കുമ്പോള്‍ ട്രെയിന്‍ നീങ്ങുന്നതായുള്ള മുന്നറിയിപ്പ് കേട്ട പോലെ...
ധൃതിയില്‍ കാപ്പിയുടെ കാശും കൊടുത്ത് ഡോക്ടറോട് യാത്ര ചോദിച്ച് സുബൈര്‍ ട്രെയിനിനടുത്തേക്കോടി. 

സുബൈര്‍ ഓടിക്കിതച്ചു കയറിയത്. സഹയാത്രികരുടെ ചുഴിഞ്ഞു നോട്ടത്തി ലേക്കാണ്.
കംപാര്‍ട്ടുമെന്റിനകത്ത് യുവതിയുടേയും ഉറക്കമുണര്‍ന്നിരിക്കുന്ന മാതാപിതാക്കളുടേയും സമീപമായി രണ്ടു പോലീസുകാര്‍..
സുബൈറിനെ കണ്ടയുടനെ  യുവതി വല്ലാത്തൊരു ശബ്ദത്തില്‍ പോലീസുകാ രന്റെ നേരെ നോ ക്കി.
..സര്‍.. ഇയാളാ.. പുറത്തേക്ക് പോയ ആള്‍ ഇയാളാ..
പോലീസുകാരന്‍ സുബൈറിന്റെ മുഖത്തേക്ക് നോക്കി മീശ പിരിച്ചു. പിന്നെ.. മുമ്പില്‍ ഇര തടഞ്ഞ കാട്ടുമൃഗത്തിന്റെ മുരളലോടെ മുമ്പോട്ടാഞ്ഞു.

എന്താടാ.. തന്റെ പേര്..
ഞാന്‍.. ഞാന്‍.. സുബൈര്‍.. ഒന്നും മന സ്സിലാവാതെ സുബൈര്‍ പരുങ്ങി.

എന്താടാ.. ഈ പെട്ടിയ്ക്കകത്ത്.. പോലീസുകാരന്‍ പിന്നേയും മീശ പിരിച്ചു.
ഏത്..പെട്ടി സാര്‍.. സുബൈര്‍ നിന്ന നില്‍പ്പില്‍ ഉരുകി.
സുബൈര്‍ ഇരുന്ന സീറ്റിനടിയിലേക്ക് ചൂണ്ടി പോലീസുകാരന്‍ പിന്നേയും കാറി.
..പ്ഫ.. കഴുവേറി മോനെ.. യേത്..പെട്ടീന്നോ.. നോക്കെടാ.. പട്ടീ.. ഇതിനുള്ളിലെ ന്താ..
സീറ്റിനടിയില്‍ ഒരു കടലാസുപെട്ടി സുബൈര്‍ കണ്ടു. 

..യിത്.. എന്റേതല്ല സാര്‍.. ആരുടേതാണെന്ന് എനിക്കറിയില്ല.. എന്റെ കയ്യില്‍ ഈ കവറു മാത്രമേയുള്ളൂ..
സുബൈറിന്റെ ശബ്ദത്തില്‍ വിറയല്‍.

നിനക്കറിയില്ലേ..റാസ്ക്കള്‍.. 

പറയ്.. നി ങ്ങള്‍ എത്ര പേരുണ്ടെടാ ഈ വണ്ടിക്കകത്ത്..
പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു.

സ്റ്റേഷന്‍ വിടാനുള്ള സമയം കഴിഞ്ഞിട്ടും ട്രെയിന്‍ അനക്കമറ്റു നില്‍ക്കുകയാ ണ്.
മീശക്കാരന്‍ പോലീസിന്റെ വയര്‍ലസ്സു സന്ദേശത്തിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസും നാവിനു നീളമേറെയുള്ള പോലീസ്നായയും കംപാര്‍ട്ടുമെന്റിനകത്തേക്ക് കുതിച്ചെത്തി.
പോലീസ്നായ  കടലാസുപെട്ടിയില്‍ നിന്നും മണം പിടിച്ച് കംപാര്‍ട്ടുമെന്റിക ത്ത് തലങ്ങും വിലങ്ങും ഓടി. പിന്നെ നേരെ  ചെന്നു നിന്നത് ടോയ് ലെറ്റിന് മുമ്പിലാണ്.
അടഞ്ഞു കിടക്കുന്ന വാതിലിനു  മുകളിലേക്ക് കാലുകളുയര്‍ത്തി ഉച്ചത്തില്‍ കുരച്ചു..
യാത്രക്കാര്‍ പകപ്പോടെ നിന്നിടത്തു നിന്നനങ്ങാതെ...
..ജാക്കീ.. സൈലന്റ്..
നായയുടെ ചങ്ങല പിടിച്ചു വലിച്ച് പോലീസിന്റെ ആജ്ഞ.

ജാക്കി കിതപ്പോടെ നാലു കാലില്‍ നിന്നു.
പോലീസുകാരന്‍ അടഞ്ഞ ടോ യ് ലെറ്റി ന്റെ  കതകില്‍ ആഞ്ഞുതട്ടി. ടോയ് ലെറ്റിൽ നിന്നും   അവര്‍ക്കു മുമ്പിലേക്ക് മെലിഞ്ഞൊരു രൂപം ഇറങ്ങി വന്നു.

..ഇത്രേം നേരം  ഇതിനകത്ത് എന്തെടുക്കുവായിരുന്നെടോ.. താന്‍..

പോലീസുകാരന്‍ മെലിഞ്ഞ മനു ഷ്യന്റെ നേരെ  കണ്ണുരുട്ടി.

..രണ്ടിനു  പോയതായിരുന്നു സാറേ..  മെലിഞ്ഞ മനു ഷ്യന്‍ വളഞ്ഞു നിന്നു.

ആ സീറ്റിടിയിലുള്ള പെട്ടി തന്റേതാണോ.. പോലീസുകാരന്റെ ഗൌരവമാര്‍ന്ന ശബ്ദം.

അതെ..സാറന്‍മാരേ.. ആ പെട്ടി യെന്റേതാ.. ഞാന്‍ ഉത്സവക്കച്ചവടത്തിനു  പോകുവാ.. അതിനകത്ത് പിള്ളേര്‍ക്കുള്ള കളിപ്പാട്ടമാ..

സീറ്റിനടിയില്‍ നിന്നും പെട്ടി വലിച്ച് എല്ലാരുടേയും മുമ്പിലേക്ക് അയാള്‍ കളിപ്പാട്ടങ്ങള്‍ തുറന്നു വെച്ചു.
പോലീസുകാരന്റെ ചമ്മിയ മുഖത്തെ മീശ വിറച്ചു.

..യെന്താടാ.. യെല്ലാവരും പൂരം കാണുവാണോ.. ങൂം.. അവനവന്റെ സീറ്റില്‍ പോയി ഇരുന്നാട്ടെ..
പോലീസുകാരന്‍ തൊപ്പി തലയില്‍ അമര്‍ത്തി വെച്ച് സുബൈറിന്റെ നേരെ നോ ക്കി.
..തന്നോടും കൂടിയാ.. പറഞ്ഞത്..
..പെങ്ങളേ..
എന്തു കണ്ടാലും ബോംബാണെന്ന് കരുതി പോലീസിനേം  മറ്റും മെനക്കെട്ത്തു ന്നതിന്റെ മുമ്പ് കാര്യങ്ങള്‍ക്ക് ഒരുറപ്പ് ഒണ്ടാക്കുന്നത് നല്ലതാ.. യേത്..
യുവതിയെ ഉഴിഞ്ഞ് നോക്കി ഒരു വഷളന്‍ ചിരി ചുണ്ടിലേക്കൊലിപ്പിച്ച് കംപാര്‍ട്ടുമെന്റില്‍ നിന്നും മീശക്കാരന്‍ പോലീസ് പുറത്തേക്ക് ചാടി.
ഒപ്പം കൂടെയുണ്ടായിരുന്നവരും.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിന്റെ മൂലയില്‍ തലയും കുനിച്ച് ഇരുപ്പുറപ്പിച്ച സുബൈറിനോട് യുവതി വിക്കലോടെ പറഞ്ഞു.
ആ പെട്ടി കണ്ടപ്പോള്‍ ഞാനാ  മറ്റുള്ളവരോട് പോലീസില്‍ കംപ്ളയിന്റ് ചെയ്യാന്‍ പറഞ്ഞത്..
ആ പെട്ടി നിങ്ങളിവിടെ വെച്ച് കടന്നു കളഞ്ഞെന്നാ ഞങ്ങള് കരുതിയത്..
ചായ കുടിക്കാന്‍ പോയ നിങ്ങളെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍..
അവളുടെ കണ്ണില്‍ ക്ഷമാപണത്തിന്റെ നീ ര് പൊടിഞ്ഞു.
ഇത്രയും ആളുകളുണ്ടായിട്ടും എന്നെ മാത്രമേ.. സംശയിക്കാന്‍ കണ്ടുള്ളോ..
സുബൈറിന്റെ ശബ്ദത്തില്‍ ഈര്‍ഷ്യനിറഞ്ഞു.
വാസ്തവം..
പ്രത്യേകിച്ച് നി ങ്ങളുടെ പേരാ ആകെ കുഴക്കിയത്..
എന്റെ പേരോ.. ഒരു പേരിലെന്തിരിക്കുന്നു..

സുബൈര്‍ ശബ്ദം കടുപ്പിക്കാതിരിക്കാൻ  ശ്രമിച്ചു.

സ്ഫോടനവും മറ്റുമൊക്കെ.. എപ്പോഴാണ്.. എവിടെയാണ് നടക്ക്വാ എന്നൊന്നും പറയാന്‍ പറ്റ്വോ.. മിക്കവാറും ഇത്തരം വാര്‍ത്തകളില്‍ നിറയുന്നത്.. പ്രത്യേ കിച്ച്... ചില...
യുവതി മുഴുമിക്കാതെ പുറത്തെ കാഴ്ചയിലേക്ക് കണ്ണയച്ചു.

ജാലകത്തിലൂടെ ഒഴുകിയിറങ്ങുന്ന ശീതക്കാറ്റ് അവളുടെ മുടിയിഴകളെ നെറ്റി യിലും കഴുത്തിലുമൊക്കെ പടര്‍ത്തി.
സുബൈര്‍ അവളുടെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. 

അവര്‍ക്കിടയില്‍ നിശ്ശബ്ദത വീര്‍ത്തു വന്നു.

ട്രെയിനിന്  പുറത്ത് പാളത്തില്‍ ഇരുമ്പുചക്രമുരയുന്ന ഒച്ച മാത്രം കാറ്റിനു മുകളില്‍ മുഴങ്ങി..
അവളുടെ പപ്പയും അമ്മച്ചിയും പിന്നേയും സീറ്റിലിരുന്ന് കൂര്‍ക്കം വലിക്കാ നാരംഭിച്ചു.
ട്രെയിനിന്റെ വേഗത കൂടിക്കൂടി..,
അത് ഏതൊക്കൊയോ വളവുകളും കാടുകളും വറ്റിയ പുഴയ്ക്കു മുകളിലെ പാലങ്ങളും താണ്ടി മുമ്പോട്ട്... മുമ്പോട്ട്..!


*****************************************************************************

Thursday, September 25, 2014

വീട് കരയുന്നുമുറ്റം നിറയെ കരിയിലകൾ നിറയ്ക്കുന്ന
മരം ശല്യമാണെന്ന് പറഞ്ഞ്
മുറിച്ചു കളയാൻ ആരാണാദ്യം
കാതിലോതിയത്?

മുറിച്ച മരം
പണിത്തരമായും വിറകായും
ഇലകൾ
തെങ്ങിൻ ചുവട്ടിൽ വളമായും
നാടുനീളെ പരന്നു.

മരം മുറിഞ്ഞപ്പോൾ മുറ്റം നഗ്നമായി.

വെയിലിന്റെ നഖം മുറ്റത്തെല്ലാം
ക്ഷതങ്ങൾ വീഴ്ത്തി.

വിരുന്നുകാരെ വിളിക്കാനൊരു
കാക്കക്കിരിക്കാൻ ഇടമില്ല..
ഒരൂഞ്ഞാലിടാൻ മരക്കൊമ്പ് തേടി
പൈതങ്ങൾ പായുന്നു.
കുയിൽപ്പാട്ട് കേൾക്കാത്ത പ്രഭാതങ്ങൾ...

പച്ചപ്പില്ലാതെ
വീടിനു മുന്നിലെ മണ്‍തരികൾ  പൊള്ളുന്നു...
ഇപ്പോൾ ഇത്തിരി തണലിനു കൊതിയായി.


വെയിൽചൂടിൽ വെന്ത്
വീടെപ്പോഴും കുടിനീര് ചോദിച്ചു
വീർപ്പുമുട്ടി കരയുന്നു.!

*****************************************************************************

                                                                                                                ചിത്രം കടപ്പാട് : ഗൂഗിൾ 
________________________________________________________________________________________________

Monday, September 15, 2014

നടത്തംദേഹത്ത് കൊഴുപ്പധികം.. ഇത്തിരി നടക്കുന്നത് നന്ന്.

ഡോക്ടറുടെ വാക്കുകള്‍.

ഗുളികമണമുള്ള മുറിയില്‍ അസ്ഥിപഞ്ജര ചിത്രങ്ങള്‍.

‘നടക്കണമെന്നാഗ്രഹിക്കും.. പക്ഷെ, നാളെയാവട്ടെ എന്നു വിചാരിക്കും..'

നാളെകള്‍ കുറേ കഴിഞ്ഞു.

ഇനി  നടക്കണമെന്നില്ല.
ആരൊക്കെയോ താങ്ങിയെടുത്ത്സമയമാംരഥം പാടുമ്പോള്‍?**************************************************************************

Tuesday, August 26, 2014

കണ്ണാടിപ്പേടി


പുരാതനമായ
തറവാടായിരുന്നു എന്റേത്.
അവിടെ എനിക്കു മാത്രമായി ഒരു മുറി.

എഴുതാനും  വായിക്കാനും  ചിന്തിക്കാനും 
കനം നിറഞ്ഞ ശാന്തത.

ഈയിടെ മുറിച്ചുമരില്‍
ഞാനൊരു കണ്ണാടി  തൂക്കി.

പിന്നീട് ഞാനാ  മുറിയിലേക്ക്
കയറിയിട്ടേയില്ല.

*****************************************************************************

Saturday, August 16, 2014

ഒരു ഇന്ത്യന്‍ കല്ല്യാണക്കഥ


കോട്ടക്കലിലെ ലോഡ്ജിലായിരുന്നു
താമസ സൗകര്യമേര്‍പ്പെടുത്തിയിരുന്നത്. 
അവിടെ നിന്നും രാവിലെ തന്നെ കുളിച്ചൊരുങ്ങി
വസ്ത്രത്തിനു  മുകളില്‍ കറുത്ത ബിശ്ത് ധരിച്ച്,
ഊദിന്റെ അത്തറൊക്കെ പുരട്ടി കല്ല്യാണപ്പന്തലിലെത്തിയപ്പോള്‍  മണവാളനേക്കാൾ  ശ്രദ്ധാകേന്ദ്രമായി താന്‍ മാറുന്നതില്‍
തെല്ല് ജാള്യത തോന്നിയെങ്കിലും ചിരി ഉള്ളിലൊതുക്കി
ഇത്തിരി  ഗൗരവം ഭാവിച്ച് 
ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബി അങ്ങനെയിരുന്നു.ഒരു ഹിന്ദിയുടെ കല്ല്യാണച്ചടങ്ങില്‍ പങ്കാളിയാവണം..
കല്ല്യാണവീടിന്റെ ബഹളപ്പെരുക്കങ്ങളില്‍ ചേര്‍ന്നു നില്‍ക്കണം..
ഭാരതമണ്ണിന്റെ പച്ചപ്പും ആതിഥ്യനിറവുകളും ആവോളം നുകരണം..
ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബിയുടെ ഏറെ നാളത്തെ ആഗ്രഹം. 

നൂറോളം വരുന്ന ജോലിക്കാരില്‍ ഏതെങ്കിലുമൊരാളുടെ വിവാഹാവധിക്കു ള്ള അപേക്ഷ കൈപ്പറ്റുമ്പോള്‍ മനസ്സിലോര്‍ക്കും ഈ കല്ല്യാണത്തിന് എങ്ങനെ യെങ്കിലും ഇന്ത്യയില്‍ പോകണമെന്ന്. കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച് യാത്രയൊരുക്കങ്ങള്‍ നടത്തുമ്പോള്‍ തട്ടിമാറ്റാന്‍ കഴിയാത്ത എന്തെങ്കിലും തടസ്സ ങ്ങള്‍ വന്നുചേരും.
കാലങ്ങളോളം ഉള്ളിന്റെയുള്ളില്‍ ചേക്കേറിയ സ്വപ്നത്തിന്  പിന്നീട് നിറക്കൂട്ട് നല്‍കി സാക്ഷാത്ക്കരിക്കാന്‍ നിമിത്തമായത് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി സ്വദേശി നൗഫലിന്റെ വിവാഹം.

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്യ്രദിനാഘോഷത്തിന്  ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് എവിടെയോ വായി ച്ചറിഞ്ഞപ്പോഴാണ്  റിയാദിൽ സൈനികനും  ദവാദ്മിയിലെ അഫ്ഖര സ്വദേശി യുമായ ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബി ഏതാനും  വര്‍ഷങ്ങള്‍ക്ക പ്പുറത്തെ ഒരിന്ത്യന്‍ കല്ല്യാണക്കഥയും അന്നത്തെ യാത്രയിലെ ആനന്ദങ്ങളും ഓര്‍ത്തെടുത്തത്. 

ആകാശയാത്രയുടെ അവസാന  നിമിഷങ്ങളൊന്നില്‍ പച്ച നിറഞ്ഞ കുന്നിന്‍ മുകളില്‍ വിമാനം താഴ്ന്നു പറക്കുമ്പോള്‍ മനസ്സില്‍ സന്തോഷപ്പെരുമഴയാ യിരുന്നു. മരുഭൂ നഗരത്തില്‍ നിന്നും പച്ചപ്പിന്റെ നിറഭൂമിയിലേക്ക് ഞാനിതാ എത്തിക്കഴിഞ്ഞു എന്നുറക്കെ വിളിച്ചു പറയാന്‍ തോന്നിയ നിമിഷം. 

അല്‍ഹംദുലില്ലാഹ്... സര്‍വ്വശക്ത സ്തുതിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക്. 

ഒരു വിദേശിക്ക്, പ്രത്യേകിച്ച് അറബിക്ക് വേണ്ടതില്‍ കൂടുതല്‍ പരിഗണനയും ശ്രദ്ധയും വിമാനത്താവളത്തിലെ ജോലിക്കാരില്‍ നിന്നും ലഭിച്ചു എന്നുതന്നെ യാണെന്റെ വിശ്വാസം. 

നൗഫലും സുഹൃത്തും പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ കൊണ്ടുവന്ന വാഹനത്തില്‍ കയറി യാത്ര തുടങ്ങി. തലങ്ങും വിലങ്ങും കുതിച്ചു പായുന്ന വാഹനനിര. നഗരത്തിരക്കില്‍ നിന്നോടിയൊഴിഞ്ഞ് ഒടുവി ല്‍ ഒരു ഗ്രാമപാതയിലേക്ക് വാഹനം  മുന്നേറി. പാതയുടെ ഇത്തിരിഞെരു ക്കത്തിലേക്ക് വാഹനം  പ്രവേശിച്ച ഉടനെ റോഡില്‍ ഒരാള്‍ക്കൂട്ടം.
 ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ഒരു ചെറുഘോഷയാത്ര.

നൗഫലിനോട്  വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
ഞാന്‍ പുറത്തേക്കിറങ്ങി.
മുമ്പില്‍ വന്നു നില്‍ക്കുന്ന അറബിയെ കണ്ടതുകൊണ്ടാവണം മേളവാദ്യക്കാര്‍ കോലും കയ്യില്‍ പിടിച്ച് നിശ്ചലരായത്.
‘നിര്‍ത്തരുത്.. തുടരട്ടെ..’ എന്ന ആംഗ്യഭാഷ കാണിച്ചയുടനെ സ്ഥലകാലബോധം വീണ്ടെടുത്ത് അവര്‍ മേളം കൊഴുപ്പിച്ചു.
അവരുടെ കൈകളിലുള്ളത് ചെണ്ടയെന്ന തുകല്‍വാദ്യമാണെന്ന് നൗഫല്‍ പറഞ്ഞു തന്നു. എന്റെ നാട്ടിലുമുണ്ട് ഏതാണ്ടിതുപോലുള്ള തുകല്‍ വാദ്യ ഉപകരണങ്ങള്‍.
തബല്‍, താര്‍, ശീര്‍ തുടങ്ങിയ പേരിലറിയപ്പെടുന്നവ.
മുറുകുന്ന താളക്കൊഴുപ്പില്‍ സ്വയം മറന്ന് ഞാനും  അവര്‍ക്കൊപ്പം ചുവട് വെച്ചു. ഞാന്‍ പോക്കറ്റില്‍ നിന്നും കുറെ ഇന്ത്യന്‍രൂപയെടുത്ത് അവര്‍ക്ക് കൊടുത്തു. മിഴിച്ച് നോക്കിനിന്നുപോയ അവര്‍ മടിച്ച് മടിച്ച് വാങ്ങി. മേളത്തേക്കാള്‍ താളമുള്ള ചിരി അവരുടെ മുഖത്ത് അന്നേരം വിടര്‍ന്നു.
ഏതോ പ്രദേശിക ഉത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയായിരുന്നു അതെന്ന് പിന്നീട് നൗഫല്‍ പറഞ്ഞുതന്നു.

കല്ല്യാണവീട്ടില്‍

കോട്ടക്കലിലെ ഒരു ലോഡ്ജിലായിരുന്നു താമസ സൗകര്യമേര്‍പ്പെടുത്തിയിരു ന്നത്. അവിടെ നിന്നും രാവിലെ തന്നെ കുളിച്ചൊരുങ്ങി വസ്ത്രത്തിന്  മുകളില്‍ കറുത്ത ബിശ്ത് ധരിച്ച്, ഊദിന്റെ അത്തറൊക്കെ പുരട്ടി ഒരു സുജായിയായി കല്ല്യാണപ്പന്തലിലെത്തിയപ്പോള്‍ മണവാളനേക്കാൾ  ശ്രദ്ധാകേന്ദ്രമായി താന്‍ മാറുന്നതില്‍ തെല്ല് ജാള്യത തോന്നിയെങ്കിലും ചിരി ഉള്ളിലൊതുക്കി ഇത്തിരി ഗൗരവം ഭാവിച്ച് ഫൈസല്‍ ബിന്‍ ഫായിസ് അല്‍ ഉതൈബി അങ്ങനെയിരുന്നു. 

പട്ടിണിനാടായിരുന്ന കേരളത്തെ സുഭിക്ഷതയിലേക്ക് നയിച്ച അറബ് നാട്ടിലെ  ഒരു തൊഴില്‍ ദാതാവിനെ   നേരില്‍ കാണാന്‍ കിട്ടിയ അവസരം പാഴാക്കാതെ ആളുകള്‍ വിസ്മയത്തോടെ ഉറ്റുനോക്കി നിന്നപ്പോള്‍ കല്ല്യാണ ചെറുക്കന്‍ ആളുകളുടെ ശ്രദ്ധയില്‍ നിന്ന് പുറത്തായി.

കോഴിബിരിയാണിയും ഇറച്ചി വരട്ടിയതും എരിവേറിയ നാരങ്ങ അച്ചാറു മൊക്കെ കൂട്ടി ജുഗല്‍ബന്ദി പരുവത്തിലൊരു ഉച്ചയൂണ് ശരിക്കുമാസ്വദിച്ചു തന്നെ കഴിച്ചു.

നൗഫലിന്റെ ബന്ധത്തില്‍ പെട്ടവരും അടുത്ത സുഹൃത്തുക്കളും കാരണവന്‍മാ രും വധൂഗൃഹത്തിലേക്ക് നിക്കാഹിനായി പുറപ്പെട്ടപ്പോള്‍ അവരോടൊപ്പം കൂടി.
അതും ആളുകള്‍ക്ക്  കൗതുകമായി.

എല്ലാവരും കൂടിച്ചേര്‍ന്ന് ഒരുത്സവമാക്കി മാറ്റുന്ന നാട്ടിലെ കല്ല്യാണച്ചടങ്ങില്‍ പങ്കെടുക്കാനായതും ആ യാത്രയും ഓര്‍മ്മയില്‍ നിന്നും മായില്ലെന്ന് ഫൈസല്‍ അല്‍ ഉതൈബി ചെറുചിരിയോടെ പറഞ്ഞു.
ഒരുപാട് കാലം ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹം സാഫല്യമടഞ്ഞതിന്റെ പ്രതിഫലനം  ആ മുഖത്തുണ്ടായിരുന്നു.

*************************************

ഗൾഫ് മാധ്യമം സ്വാതന്ത്ര്യദിന സപ്ലിമെന്റ്, 2014, സൗദി അറേബ്യ 

Friday, June 20, 2014

ബത്ഹയിലേക്കുള്ള വഴി ത്ഹയിലാണ് എല്ലാ ഭാഷക്കാരെയും പെട്ടെന്ന് കണ്ടെത്താന്‍ എളുപ്പം.
അവിടെ കേരളാമാര്‍ക്കറ്റിലെത്തിയാ ആദ്യം കാണുന്ന മലയാളിയോട് കാര്യങ്ങ ളൊക്കെ പറയാം..
നമ്മുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയോം താല്‍പ്പര്യോം കാണുമോ ആവോ..?

അവര്‍ മൂന്നുപേരായിരുന്നു. ഫിറോസ്, അക്ബര്‍, വിശ്വംഭരന്‍..
യാത്രയ്ക്കിടയില്‍ ഉള്ളിലെ സംശയങ്ങള്‍ അവര്‍ ആരോടെന്നില്ലാതെ ചോദി ച്ചു കൊണ്ടേയിരുന്നു.
സമയം പോകുന്തോറും മറുപടി കിട്ടാത്ത ചോദ്യങ്ങള്‍ അവര്‍ക്കിടയില്‍ കുമിഞ്ഞു.

ഇനി  എത്ര ദൂരമുണ്ടാവും ബത്ഹയിലേക്ക്..
വിശ്വംഭരന്റെതായിരുന്നു ചോദ്യം.

അല്ല, ബത്ഹയില്‍ ഓരോ ഭാഷക്കാര്‍ക്കും ഒന്നിച്ചുകൂടാന്‍ പ്രത്യേകം സ്ഥല ങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്.
റിയാദ് എയര്‍പോര്‍ട്ടില് വന്നെറങ്ങീത് ഓര്‍മേന്ന് പോയിട്ടില്ല.. പിന്നെ കാടുമൂടിയ *മസ്റയിലല്ലെ ചെന്ന് കണ്ണുതുറന്നത്..
റിയാദിന്റെ വലിപ്പോം ബത്ഹയുടെ മഹിമയുമൊക്കെ കേട്ടറിവേയുള്ളൂ..

മലമടക്കില്‍ നിന്നും പുറപ്പെട്ട ശേഷം മൂന്നാമത്തെ വാഹനമാണിത്.
കണ്ണെത്താദൂരത്തോളം വിസ്തൃതമായിക്കിടക്കുന്ന ഈന്തപ്പത്തോട്ടത്തിന്റെ അതിരു തിരിക്കുന്ന, കല്ലുകളോരോന്നും അടര്‍ന്ന് അടുത്ത നിമിഷം നിലം പതി ക്കുമെന്ന് തോന്നിപ്പിക്കുന്ന മലയുടെ താഴ്വാരത്തില്‍  നിന്നും ടാറുവഴി വരെ പച്ചപ്പുല്ലിന്റെ ചതുരക്കെട്ടുകള്‍ കുത്തി നിറച്ച് ഏതൊക്കെയോ കൃഷിഭൂമിക ളും ലക്ഷ്യം വെച്ച് നീങ്ങുന്ന പഴയൊരു വണ്ടിയിലായിരുന്നു യാത്രയുടെ തുട ക്കം. സുരക്ഷിതമായി റോഡിലെത്തിയപ്പോള്‍ വണ്ടിക്കാരന്‍ പാക്കിസ്ഥാനി  തന്റെ തവിട്ടു നിറമുള്ള പല്ല് കാണിച്ചു ചിരിച്ചുകൊണ്ട് ചില്ലറത്തുട്ടുകള്‍ക്കു വേണ്ടി കൈ  നീട്ടി.

യാത്ര തുടങ്ങിയ സമയത്തു തന്നെ ഫിറോസ് തനിക്കറിയാവുന്ന രീതിയില്‍ അറബിയും ഉറുദുവുമൊക്കെ കൂട്ടിക്കുഴച്ച് തങ്ങളുടെ അവസ്ഥ അയാളുടെ മുമ്പില്‍ അവതരിപ്പിച്ചതാണ്. എന്നിട്ടും ഇയാളെന്താണിങ്ങനെയെന്ന് അവര്‍ സങ്കടപ്പെട്ടു. ഫിറോസും അക്ബറും വിശ്വംഭരനും  റോഡരുകില്‍ നിന്ന് തങ്ങ ളുടെ കുപ്പായക്കീശയും മണ്ണിന്റെ നിറമുള്ള ബാഗിന്റെ സൈഡ്കവറുമൊക്കെ കയ്യിലൊന്നും തടയില്ലെന്നറിഞ്ഞിട്ടും പിന്നെയും ചികഞ്ഞു.

പാക്കിസ്ഥാനി  ഡ്രൈവര്‍ കൂശലന്യേ പഴയൊരു ഗസല്‍ പാടി.
അടുത്ത നിമിഷം പാട്ടു നിര്‍ത്തി പൊട്ടിച്ചിരിച്ചു കൊണ്ട് അവര്‍ക്കു നേരെ  കൈ വീശി.
ഖുദാഫീസ്.. 
സര്‍വ്വശക്തന്‍ കാത്തുരക്ഷിക്കട്ടെ..  ഫിറോസും ആ വാക്ക് ഉള്ളിലുരുവിട്ടു.

യാത്രയുടെ രണ്ടാംഘട്ടം ഒരു ചരക്കുലോറിയിലായിരുന്നു.
ശ്രീലങ്കക്കാരനായിരുന്നു ഡ്രൈവര്‍.
വലിയൊരു തുകയാണ് ശ്രീലങ്കക്കാരന്‍ ആദ്യം ചോദിച്ചത്. അയാള്‍ തമിഴ് വംശജനായിരുന്നു. അക്ബറിന്  അത്യാവശ്യം തമിഴ് അറിയാവുന്നതിനാല്‍ തങ്ങളുടെ  അവസ്ഥ അയാളോട് വിവരിച്ചപ്പോള്‍ പണത്തിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞില്ല.

വണ്ടിയില്‍ അയാളുടെ സഹായിയുമുണ്ടായിരുന്നു. സിംഹളഭാഷ മാത്രമറി യാവുന്ന കറുത്തു മെലിഞ്ഞ മനുഷ്യന്‍.

ഡ്രൈവര്‍ യാത്രയിലുടനീളം എന്തൊക്കെയോ കാര്യങ്ങള്‍ അറ്റമില്ലാതെ സംസാരിച്ചു. പിന്നീട് തമാശപ്പാട്ടുകള്‍ പാടി. പാട്ടുകേട്ട് അക്ബര്‍ ചിരിക്കു മ്പോള്‍ ഫിറോസും വിശ്വംഭരനും ചിരിച്ചു. അതുകണ്ട് ഡ്രൈവര്‍ക്കൊപ്പമുള്ള മനുഷ്യനും  ചിരിച്ചു.
ചിരിക്കും കണ്ണീരിനും ഭാഷയുടെ സൂചനാചിഹ്നങ്ങള്‍ വേണ്ടല്ലോയെന്ന് അന്നേ രം ഫിറോസ് ഓര്‍ത്തു.

ഒടുവില്‍ ശ്രീലങ്കക്കാരന്‍ ഹൈവേയില്‍ നിന്നും അധികം വീതിയില്ലാത്ത റോഡിലേക്ക് വാഹനം തിരിച്ചു കയറ്റി. അല്‍പ്പദൂരം ഓടിയ ശേഷം പതുക്കെ ബ്രേക്കില്‍ കാലമര്‍ത്തി.
നാങ്കെ.. ഇന്ത റോട്ടിലെ പോയി നമ്പ എടത്തിലെ പോയി ശേരവും..
അയാള്‍ എതിര്‍വശത്തെ റോഡ് ചൂണ്ടിക്കാട്ടി.
ഉങ്കളുക്ക് അന്തപക്കം കൊഞ്ച നേരത്തുക്കുള്ളെ വണ്ടി കെടയ്ക്കും...  അപ്പടിയേ ബത്താവുക്ക് പോയി ശേരലാം..

അയാളോടും സഹായിയായ കറുത്ത മനുഷ്യനോടും കണ്ണുകള്‍ കൊണ്ട് നന്ദി പറഞ്ഞു.
അവിടുന്ന് യാത്ര തുടരാന്‍ കുറേ നേരം  കാത്തു നില്‍ക്കേണ്ടി വന്നു.

ബത്ഹയിലെ ബംഗാളിമാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി പോകുന്ന വാഹന മാണ് മുമ്പില്‍ വന്നു നിന്നത്. പച്ചക്കറിക്കെട്ടുകള്‍ക്കിടയിലെ ഇത്തിരിപ്പോന്ന ഇടങ്ങളില്‍ അവര്‍ ചുരുണ്ടുകൂടി.

വിശ്വംഭരാ.. നിനക്ക് പേടി തോന്നുന്നുണ്ടോ..
അക്ബറാണത് ചോദിച്ചത്. ഫിറോസും വിശ്വംഭരന്റെ മുഖത്തേക്ക് നോക്കി.
പേടിയല്ല..  ഇനിയും ബത്ഹയിലെത്തിയില്ലല്ലൊ എന്ന ആധിയാണെനിക്ക്..

ചുവപ്പുവെട്ടത്തിന്റെ മൗനനിര്‍ദ്ദേശം അനുസരിച്ച് സിഗ്നല്‍ വരയില്‍ വാഹ നം  നിന്നു. വിശ്വംഭരന്‍ എന്തോ തിരയുന്ന പോലെ പുറത്തേക്ക് തല നീട്ടി.

സബൂര്‍ കരോ യാര്‍.. ഓര്‍, ദസ് കിലോമീറ്റര്‍ ബാക്കി ഹെ..

വിശ്വംഭരന്റെ ആകാംക്ഷ ബംഗാളിക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു.
ഇനിയൊരു പത്തുകിലോമീറ്റര്‍ ദൂരമുണ്ട് ബത്ഹയെത്താന്‍.. ഒന്നടങ്ങ് വിശ്വം ഭര്‍ജീ..
ഫിറോസ് ആശ്വാസത്തിന്റെ സ്വരത്തിലാണത് പറഞ്ഞത്.

‘അല്‍ഹംദുലില്ലാഹ്..’
അക്ബര്‍ കണ്ണുകളടച്ച് പിന്നെയുമെന്തൊക്കെയോ ശബ്ദമില്ലാതെ ഉരുവിട്ടു.

മരുഭൂമിയുടെ കാറ്റുശബ്ദമില്ലാതെ, തിരക്കേറിയ റോഡിലെ വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം. അക്ബറും വിശ്വംഭരനും ഫിറോസും ആഹ്ളാദത്തോടെ കണ്ണും ചെവിയും പുറത്തേക്ക് കൂര്‍പ്പിച്ചു. വാഹനത്തിനുള്ളില്‍ മൗനം നിറ ഞ്ഞു.
ഡ്രൈവര്‍ അസ്വസ്ഥതയോടെ പോക്കറ്റില്‍ നിന്നും ചെറിയൊരു പ്ളാസ്റ്റിക്‌ കവറില്‍ വിരലുകളിട്ട് എന്തോ നുള്ളിയെടുത്ത് പല്ലിനും  ചുണ്ടിനുമിടയില്‍ തിരുകി ഒന്നുമറിയാത്ത ഭാവത്തില്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി.

സിറ്റി സെന്റര്‍ എന്നെഴുതിയ അസ്ത്രചിഹ്നത്തിനു  താഴെയുള്ള റോഡിലേക്ക് തിരിഞ്ഞ ശേഷം ബംഗാളി അവരുടെ മൂവരുടെയും മുഖത്തേക്ക് നോക്കി.

നമ്മള്‍ ബത്ഹയിലെത്തിയിരിക്കുന്നു..
വിശ്വംഭരന്‍ പരിസരം മറന്ന് ഉറക്കെ ചിരിച്ചു.
ആ ചിരി വാഹനത്തിനുള്ളില്‍ പ്രതിദ്ധ്വനി ച്ചു.

‘ഹരേ.. തുംകോ പാഗല്‍ ഹോഗയാ ക്യാ..’

ബംഗാളി പല്ലിനും  ചുണ്ടിനുമിടയില്‍ നിന്നും എന്തോ ഒന്ന് നാവുകൊണ്ട് ചുഴറ്റിയെടുത്ത് വിന്‍ഡോഗ്ളാസ്സ് താഴ്ത്തി പുറത്തേക്ക് തുപ്പി. ബംഗാളിയുടെ ചോദ്യത്തിനു  മറുപടിയൊന്നും പറയാതെ വിശ്വംഭരനും അക്ബറും ഫിറോ സും പിന്നെയും ചിരിച്ചു.
നിറുത്താതെയുള്ള ചിരി കാരണം അവരുടെ കണ്ണുകള്‍ നിറഞ്ഞു.

ബംഗാളി വാഹനം നിര്‍ത്തി ഡോറു തുറന്നു.

വാഹനത്തിന്റെ ഇരുവശങ്ങളിലൂടെയും ജനമൊഴുകുന്നു. വിവിധ ഭാഷക്കാര്‍, വേഷങ്ങള്‍..
അക്ബറും വിശ്വംഭരനും ഫിറോസും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.

ബംഗാളി വണ്ടി മുമ്പോട്ടെടുത്ത് തിരക്കിലൂടെ ഇഴഞ്ഞു.

ഇരകളെയും കാത്തു നിന്ന ടാക്സിഡ്രൈവര്‍മാര്‍ അവര്‍ക്കു ചുറ്റും കൂടി.
വൃത്തിയില്ലാത്ത വേഷം ധരിച്ച അറബികളും ഹിന്ദിക്കാരും ബംഗാളികളു മൊക്കെ അവരെ വലംവെച്ച് കടന്നുപോയി.

നസീം.. ദര്‍ഇയ്യ.. മുസാമിയ.. അല്‍ഖര്‍ജ്... അഫ് ലാജ്..
എവിടേക്കും പോവാന്‍ തയ്യാറായി ചിലര്‍ അവര്‍ക്കു ചുറ്റും നില്‍ക്കുന്നു.

‘ഭായ്.. എവടെ പോണ്.. ബുറൈദ.. ദമ്മാം..’

മുമ്പില്‍ ഒരു മലയാളി വന്നു നിന്നു.

ഫിറോസും അക്ബറും വിശ്വംഭരനും മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ പിന്നെയും ചോദിച്ചു.
‘..എവ്ടെ പോവാനാ..’

‘ചങ്ങാതീ.. എങ്ങോട്ടും പോകാനല്ല.. ഞങ്ങള്‍ ബത്ഹയില്‍...’
വിശ്വംഭരന്റെ നനവില്ലാത്ത നാവിനും ചങ്കിനുമിടയില്‍ വാക്കുകള്‍ കുരു ങ്ങി.

* * * * * * * * *

‘..പണ്ട്.. മുത്തശ്ശി പറഞ്ഞ കഥയാ..
ഇഴജന്തുക്കള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനുഷ്യരുടെ കണ്ണില്‍ പെടരുതെയെന്ന് പ്രാര്‍ത്ഥിക്കുമത്രെ.. അതുപോലെയാ ഇപ്പോഴത്തെ എന്റെയ വസ്ഥ.. ആ മന്‍സൂര്‍സാലിം ഇടംവലം തിരിയാന്‍ സമ്മതിക്കുന്നില്ല..
അവന്റെ കണ്ണില്‍ പെട്ടാല്‍ എന്തുസംഭവിക്കുമെന്ന് പടച്ചവനു  മാത്രമേ അറി യൂ..'

ഷര്‍ട്ട് ഇസ്തിരിയിടുന്ന ദിവാകരന്റെ നേര്‍ക്കാണ് ആ വാക്കുകളെങ്കിലും മുറി യിലുള്ള മറ്റ് അന്തേവാസികളും കൂടി കേള്‍ക്കാനാണ് ബാബു അത്രയും പറ ഞ്ഞത്.

ചീട്ടുകളിയുടെ രസത്തിലാണെങ്കിലും സേവ്യര്‍ കാര്യത്തിന്റെ ഗൗരവമറിയാ നായി കളിമുഖത്തു നിന്നും ബാബുവിലേക്ക് നോട്ടമെറിഞ്ഞു.
‘..മന്‍സൂര്‍ സാലിമുമായി ചെറിയൊരു പണമിടപാടുണ്ട്..
സഹോദരിയുടെ കല്ല്യാണാവശ്യത്തിനും  പിന്നെ ഭാര്യയുടെ ഓപ്പറേഷനു  വേണ്ടീട്ടുമായി വാങ്ങിയതാണേയ്..'
ബാബു സേവ്യറുടെയും ദിവാകരന്റേയും കണ്ണുകളിലേക്ക് നോക്കി.
ചീട്ടുകളിയില്‍ മുഖം പൂഴ്ത്തിയ അന്‍വറും ബഷീറും ജോണിച്ചായനും  സുരേ ഷുമൊക്കെ കേള്‍ക്കാനായി പറഞ്ഞു.

‘..അയ്യാള് നി ന്റെ സ്പോണ്‍സര്‍ടെ അണ്ണനല്യോടാ ബാബുവേ…’
ജോണിച്ചായങ്ങനെ ചോദിച്ചപ്പോള്‍ ബാബുവിനു ആശ്വാസമായി. മറ്റുള്ളവരു ടെ ഒരു കാര്യത്തിലും ഇടപെടാത്ത മനുഷ്യനാണ്. ഈ കാര്യത്തില്‍ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാതിരിക്കില്ല.
‘..ടാ.. വാങ്ങിയ കാശങ്ങട് തിരിച്ചു കൊടുക്കണം.. അത്ര തന്നെ..’

ബാബു ജോണിച്ചായന്റെ അടുത്ത് വന്നിരുന്നു.
‘..അച്ചായാ.. പ്രശ്നം  പണത്തിന്റെതല്ല..
മന്‍സൂര്‍ സാലിമിന്റെ പച്ചക്കറി ത്തോട്ടത്തിലേക്ക് രണ്ടുമൂന്ന് പേരെ ജോലി ക്കു വേണം.. അയാള്‍ക്കാണെങ്കില്‍ ഗവണ്‍മെന്റില്‍ നിന്നും വിസ കിട്ടൂല.. മുമ്പ് ജോലിക്കുകൊണ്ടു വന്ന ചിലര്‍ക്ക് ശമ്പളോം മറ്റും നല്‍കാത്തതിന്റെ പേരില്‍.. എന്തോ പ്രശ്നമൊണ്ട്.. മാത്രമല്ല.. അയാളൊരു മുരടനാ.. കാട്ടുപന്നി..'

ജോണിച്ചായനെ  കൂടാതെ സേവ്യറും ദിവാകരും അന്‍വറും ബഷീറും സുരേഷു മെല്ലാം ചീട്ട് കമഴ്ത്തി വെച്ച് ബാബുവിന്റെ മുഖത്തേക്ക് നോക്കി.

‘..ചെല നേരത്ത്.. കൊടുക്കാനുള്ള കടം പോലും തിരിച്ചു തരേണ്ട എന്നു പറയാ റുണ്ട്.. പക്ഷെ, ജോലിക്ക് ഞാനിപ്പോ എവിടുന്നാ ആളെ സംഘടിപ്പിച്ച് കൊട് ക്ക്വാ.. പരിചയക്കാരെ പറഞ്ഞ് പറ്റിക്കാനും  വയ്യ..'
‘..എടാ.. ബാബുവേയ്.. പടച്ചതമ്പുരാന്‍ ഒരു വഴി കാണിച്ചു തര്വോടാ.. നീ  സമാ ധാനിക്ക്..'
ദിവാകരന്‍ അത്രയും പറഞ്ഞ് സോപ്പും മറ്റു സാധനങ്ങളുമെടുത്ത് കുളിമുറി യിലേക്ക് കയറി.
പിന്നെയും എന്തൊക്കെയോ ഓര്‍ത്ത് ബാബു ഒരുപാട് നേരം  അങ്ങനെയിരു ന്നു. എല്ലാവരും ചീട്ടുകളിയില്‍ മുഴുകിയതിനാല്‍ ബാബുവിന്റെ ചര്‍ച്ച എങ്ങുമെത്താതെ മുറിഞ്ഞു.

* * * * * * * * * * * *

വിശ്വംഭരന്‍ പറഞ്ഞത് ആദ്യം അയാള്‍ക്ക് മനസ്സിലായില്ല.

ബത്ഹയില്‍ വന്നാല്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അറി യാം. ഇവിടെ മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലത്തെത്തി പ്രശ്നങ്ങള്‍ പറ ഞ്ഞാല്‍ സഹായത്തിനായി ആരുടെയെങ്കിലും കൈകളിലെത്തുമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്.. ഫിറോസ് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

അക്ബറിനെയും ഫിറോസിനെയും വിശ്വംഭരനെയും അയാള്‍ സമാധാനിപ്പി ച്ചു.

‘..എന്റെ പേര് ബാബു.. നിങ്ങളുടെ പ്രശ്നം എനിക്കു വിട്ടേക്കൂ..’
 
അവര്‍ക്ക് വിശ്വസിക്കാനാവാത്തതായിരുന്നു ആ വാക്കുകള്‍.
ബത്ഹയിലെത്തിയ ഉടനെ  ഇങ്ങനെയൊരാള്‍..

മുമ്പില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഞങ്ങളെ സഹായിക്കാമെന്നേറ്റിരിക്കുന്നു. അവ രുടെ കണ്ണുകളില്‍ പ്രകാശം നിറഞ്ഞു.

ആദ്യം എന്തെങ്കിലും കഴിക്കാമെന്ന ബാബുവിന്റെ നിര്‍ബന്ധം ദേഹവും വേഷ വുമെല്ലാം മുഷിഞ്ഞതാണെന്നോര്‍ത്തപ്പോള്‍ വിശ്വംഭരനും അക്ബറും ഫിറോ സും വേണ്ടെന്നു വെച്ചു. എങ്കില്‍ ഓരോ ചായയില്‍ തുടങ്ങാമെന്നും പറഞ്ഞ് അടുത്തുള്ള കഫ്റ്റീരിയയില്‍ നിന്നും ചായ വാങ്ങി അവരുടെ അടുത്തെത്തി.

ആവി പറക്കുന്ന ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ബാബു അവരുടെ ബാഗുകള്‍ കാറില്‍ കയറ്റിക്കഴിഞ്ഞിരുന്നു.

വിശ്വംഭരനും അക്ബറിനും  ഫിറോസിനും  പുതിയൊരു ഉന്‍മേഷം അനുഭവ പ്പെട്ടു. കുറെകാലം മണല്‍താഴ്വാരങ്ങളില്‍ കഷ്ടപ്പെട്ടതും ജീവിതം ഇങ്ങനെ യൊക്കെയായിത്തീര്‍ന്നതും ഇനി മുതല്‍ സ്വപ്നമാണെന്ന് വിശ്വസിക്കാം.

അവര്‍ മൂവരും കയറിയപ്പോള്‍ കാറ് പതുക്കെ നീങ്ങിത്തുടങ്ങി.
തിരക്കിനിടയിലൂടെ കാര്‍ മുമ്പോട്ട്.
ബത്ഹയുടെ മണവും ആരവവും പിന്നില്‍ മാഞ്ഞു.

ബാബു സംസാരിക്കാന്‍ തുടങ്ങി.

ബത്ഹയില്‍ ആയിരക്കണക്കിന്  മലയാളികളുണ്ട്. പക്ഷെ, സ്വന്തം കാര്യം മാത്രം നോക്കുന്നവര്.. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തി വലുതാക്കു ന്നവര്..
എന്നാല്.. നിങ്ങളെപ്പോലെ രണ്ടാള് വന്ന് ചെറിയൊരു സഹായം ആവശ്യപ്പെ ട്ടാല് അതിന് വേണ്ടി വെയിലും തണുപ്പുമൊന്നും വകവെയ്ക്കാതെ ഓടാന്‍ ഞങ്ങളെപ്പോലെ കുറച്ചു പേരെയുള്ളൂ.. വേറെ ചിലര് പണം കൊണ്ടും സഹായിക്കും..
നിങ്ങളെപ്പോലെയുള്ള കുറെ ആളുകളെ നമ്മള് നാട്ടിലെത്തിച്ചിട്ടൊണ്ട്..
ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്പോണ്‍സറ്ടെ കയ്യില്‍ നിന്നും രക്ഷപ്പെട്ത്തി പുതിയ ജീവിതമൊണ്ടാക്കി കൊട്ത്തിട്ടൊണ്ട്..
ഒന്നും പ്രതീക്ഷിച്ചിട്ടല്ല..
നിങ്ങളെപ്പോലെയുള്ളവരുടെ പ്രാര്‍ത്ഥന .., അതു മാത്രം മതി..

ബാബുവിന്റെ വാക്കുകളോരോന്നും അക്ബറിന്റെയും ഫിറോസിന്റെയും വിശ്വംഭരന്റെയും ഉള്ളില്‍ ആശ്വാസത്തിന്റെ മരുപ്പച്ച മുളപ്പിച്ചു.
വേനല്‍ച്ചൂടിനു  മുകളില്‍ മഴത്തുള്ളിക്കിലുക്കമായി അത് നിറഞ്ഞു.

ഏതായാലും നിങ്ങള്‍ക്ക് തല്‍ക്കാലം വിശ്രമിക്കാനും  മറ്റും ഞാനൊരു സ്ഥലം ഏര്‍പ്പാടാക്കാം..
ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ട ഒരറബിയുണ്ട്..
ഇത്തിരി ദൂരെയാ.. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ സഹായവും ചെയ്യുന്ന ഒരു മനുഷ്യസ്നേഹിയാ.. രണ്ടുദിവസം കഴിഞ്ഞ് നമുക്ക് വേണ്ടതെന്താണെന്നു വെച്ചാല്‍ ആലോചിച്ച് ചെയ്യാം..

ദൈവം നിങ്ങളെ കൈവിടില്ല.. നന്നായി പ്രാര്‍ത്ഥിച്ചോളൂ..
ബാബു മൂന്നുപേരുടെയും മുഖത്തേക്ക്  നോക്കി പുഞ്ചിരിച്ചു.

അക്ബറും ഫിറോസും വിശ്വംഭരനും ആശ്വാസത്തിന്റെ ദീര്‍ഘ നിശ്വാസമുതി ര്‍ത്തു.
‘..ആ അറബിയുടെ പേരെന്താ..?’
വിശ്വംഭരനാണ് ചോദിച്ചത്.

മന്‍സൂര്‍ സാലിം...

ബാബു വിശ്വംഭരനോട് അറബിയുടെ പേര് പറഞ്ഞു..
പിന്നെ, ഗൂഢമായൊരു ചിരിയോടെ മന്‍സൂര്‍ സാലിമിന്റെ നമ്പര്‍ ഡയല്‍ ചെയ്ത് മൊബൈല്‍ ഫോണ്‍ ചെവിയോടൊട്ടിച്ചു.
കാര്‍ അതിവേഗം മുമ്പോട്ട് കുതിച്ചുകൊണ്ടിരുന്നു.

* * * * * * * * * *

രാത്രി വൈകിയാണ് ബാബു മുറിയിലെത്തിയത്.
എല്ലാവരും അന്നേരവും തറയിലിരുന്ന്  ചീട്ടു കളിയില്‍ തന്നെയായിരുന്നു.

ഇന്നത്തെ ഭക്ഷണം എന്റെ ചെലവില്‍.. നല്ല ചുട്ട കോഴിയും കബ്സയും എന്താ..

കളിവട്ടത്തിലെ ജോക്കറിനും  ജാക്കിയുടെയും ചിത്രത്തിലേക്ക് സന്തോഷത്തോ ടെ നോക്കിക്കൊണ്ട് ബാബു പറഞ്ഞു.

അത്ഭുതത്തോടെ എല്ലാവരും ബാബുവിന്റെ മുഖത്തേക്ക് നോക്കി.

‘..എന്താ.. ഇന്ന് വല്ലോരേം മുക്കിയോ..’

സുരേഷാണ് ചോദിച്ചത്.

ബാബു അന്നുവരെ അവരാരും കാണാത്ത ഭാവത്തില്‍ ചിരിച്ചു.
മൂന്ന് മന്ദബുദ്ധികളെ വഴിയില്‍ കിടന്നു കിട്ടി. അന്നേരം ഇതുവരെ പരിചയമി ല്ലാത്ത ഒരു വേഷം ഞാനങ്ങണിഞ്ഞു.
 ‘..പുതിയ വേഷം എന്തെന്നറിയോ.. ജീവകാരുണ്യപ്രവര്‍ത്തകന്റേത്..’
‘അറബിയുടെ ദ്രോഹവും മരുഭൂമിയിലെ വരണ്ട ജീവിതവും മടുത്ത്, ഒടുവില്‍ ആരുടെയെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ ബത്ഹയിലെത്തിയതാ പാവങ്ങള്‍..

മുറിയില്‍ അല്‍പ്പനേരം  മൗനം  പെയ്തു.

അന്നേരം ബാബുവിന്റെ മൊബൈല്‍ ഒരു തമിഴ് പാട്ടു പാടി.
ബാബു വെളുത്ത ചിരിയോടെ മൊബൈലിന്റെ റിസീവ് ബട്ടണില്‍ വിരലമര്‍ ത്തി ചെവിയോട് ചേര്‍ത്തു.

‘..മര്‍ഹബ.. യാ.. മന്‍സൂര്‍ സാലിം..’

ബാബു ഫോണിലൂടെ ചിരിക്കുകയും എന്തൊക്കെയോ ചെവിയോര്‍ക്കുകയും ചെയ്തു. അലറിച്ചിരിച്ചു കൊണ്ടാണ് ബാബു ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റില്‍ തിരുകിയത്.
കളി തുടരാന്‍ ആംഗ്യം കാണിച്ച്, ചിരി നിര്‍ത്താതെ ബാബു അവിടെയുണ്ടാ യിരുന്ന കസേരയില്‍ അമര്‍ന്നിരുന്നു.

‘അവര്‍ മരുഭൂമിയുടെ അറ്റത്തെത്തിയെടാ..
ഇനി, കടം വാങ്ങിയതിന്റെ പേരില്‍ മന്‍സൂര്‍ സാലിമിന്റെ ഭീഷണി പേടി ക്കേണ്ട.. മാത്രമല്ല നല്ലൊരു സംഖ്യ പോക്കറ്റിലാവുകേം ചെയ്തു.
പാവങ്ങള്‍.. മൂന്നെണ്ണം.. അവര്‍ക്ക് വിധിയുണ്ടെങ്കില്‍...'

ബാബു ഒന്ന് നിര്‍ത്തി എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

അവര്‍ കളി നിര്‍ത്തി. ചീട്ട് കമഴ്ത്തി വെച്ചു.

‘അവര്‍ ഏതെങ്കിലും വിധത്തില്‍ ആ മന്‍സൂര്‍ സാലിമിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടും.. വീണ്ടും ബത്ഹയിലെത്തുകേം ചെയ്യും.. മന്‍സൂര്‍ സാലിം പിന്നെയും കഴുത്തിന് പിടിക്കാന്‍ നിന്നെ തെരയും..'
ബഷീര്‍ നാടകീയ ഭാവത്തോടെ പറഞ്ഞു.

‘മന്‍സൂര്‍ സാലിമിന്റെ കണ്ണുവെട്ടിക്കാം.. അയാളുടെ നാല് അള്‍സേഷ്യന്‍മാ രുടെ കണ്ണ് മൂടിക്കെട്ടാന്‍ ഇത്തിരി എടങ്ങേറാ മോനേ ..'
ബാബുവിന്റെ മറുപടി പെട്ടെന്നായിരുന്നു.

‘എന്നാലും ആ പാവങ്ങളെ കുരുതി കൊടുക്കേണ്ടിയിരുന്നില്ല ബാബൂ..’
അന്‍വറിന്റെ ശബ്ദമായിരുന്നു അത്.

ബാബു അവര്‍ക്കിടയില്‍ വന്നു നിന്ന് അന്‍വറിന്റെ മുഖത്തേക്ക് നോക്കി.

‘അയ്യോ.. ഇതാരാ ഈ വേദപ്രസംഗം നടത്തുന്നേ..
ബ്ളേഡ് പലിശയില്‍ പ്രവാസിയെ കുരുക്കി അവരുടെ കുടുംബം കുട്ടിച്ചോറാ ക്കുന്ന പുണ്യാളനോ.. നിന്നെപ്പോലെയുള്ളോര് കാരണം എത്രയെണ്ണം ഇവ്ടെ കെട്ടിത്തൂങ്ങിയിട്ടുണ്ടെടാ..’

ബാബുവിന്റെ പരിഹാസശബ്ദം ആസ്വദിച്ച് അന്‍വര്‍ പൊട്ടിച്ചിരിച്ചു.

അന്‍വര്‍ തന്നെ കളിയാക്കിയതാണെന്നറിഞ്ഞതോടെ ബാബുവിനും  ചിരിയട ക്കാനായില്ല.

അവര്‍ ഉറക്കെയുറക്കെ ചിരിച്ചു.

സേവ്യറും ദിവാകരനും ബഷീറും ജോണിച്ചായനും  സുരേഷുമെല്ലാം താഴെ വിരിച്ച പത്രത്തില്‍ ചീട്ടുകള്‍ വിതറി ബാബുവി ന്റെയും അന്‍വറിന്റെയും തമാശയില്‍ പങ്കുചേര്‍ന്ന്, ബാബു മരുഭൂമിയിലെത്തിച്ച മൂന്ന് മനുഷ്യരുടെ അവസ്ഥയോര്‍ത്ത് അടിവയറ്റില്‍ കയ്യമര്‍ത്തി ആര്‍ത്തു ചിരിച്ചു.


                                                                                                               മസ്റ (കൃഷിയിടം)

* ******************************************************************************  *Monday, June 16, 2014

സ്വപ്നങ്ങൾക്ക് പ്രവേശനമില്ല

ലോക 
കാൽപന്തു മാമാങ്കത്തിൽ
ഭാരതം പന്തുരുട്ടുന്നത്,

ത്രിവർണ്ണ പതാക  
ചന്തം വിരിയിക്കുന്നത്,
എന്റെ ദേശം മുഴുവൻ
ആനന്ദനൃത്തം ചവിട്ടുന്നത്...
കണ്ടു മുഴുമിക്കും മുമ്പേ,
മുറിഞ്ഞ സ്വപ്നത്തിന്റെ 
ഉറക്കച്ചടവിൽ
ചാനൽ വെട്ടത്തിലേക്ക് 
കണ്ണ് തുറന്നു.
പ്രതീക്ഷയുടെ 
കളിമൈതാനങ്ങളിൽ 
അന്യദേശത്തിന്റെ നിറങ്ങൾ
ദേഹം നിറയെ വാരിയണിഞ്ഞു
യുവത ആർത്തലയ്ക്കുന്നത്‌
കണ്ടു കണ്ടങ്ങനെ...

പിന്നെ, നിറം കെട്ട
വാർത്തകളിൽ 
നാട് വെന്തുരുകുന്നത്.
മാനം കീറിയ പെണ്‍ജന്മം 
മരക്കൈകളിൽ തൂങ്ങിയാടുന്നത്..

സ്വപ്നങ്ങൾക്ക് 
പ്രവേശനമില്ലെന്ന 
ബോർഡെഴുതി വെച്ച്
പിന്നെയും കണ്ണ് മൂടുമ്പോൾ
വാർത്താ മുനമ്പിൽ 
ഫ്ളാഷ് ന്യൂസായി 
കറുത്ത ചിത്രങ്ങൾ 
തെളിഞ്ഞു തെളിഞ്ഞങ്ങനെ...???

***********************************************************************
                                                                                                              (ചിത്രം കടപ്പാട്: ഗൂഗിൾ)

Tuesday, June 3, 2014

നരജന്‍മം
പൂച്ച സാധുമൃഗമെന്ന് എലി.
പാമ്പ് പച്ചപ്പാവമെന്ന് തവള.
സിംഹം പേടിത്തൊണ്ടനെന്ന് മാന്‍.

അപ്പോള്‍ മനുഷ്യന്‍..?

മണ്ണിലെ ക്രൂരജന്‍മത്തെപ്പറ്റി
ചോദ്യം വേണ്ടെന്ന്
മിണ്ടാപ്രാണികളുടെ താക്കീത്.


***********

(വാരാദ്യ മാധ്യമം)
                                                                                                                                                       ചിത്രം കടപ്പാട് : ഗൂഗിൾ

Friday, April 4, 2014

ഹൃദയപൂര്‍വ്വം...ത്ഹയിലേക്കുള്ള വഴി എന്ന കഥ ഷാര്‍ജയില്‍ നിന്നുള്ള അക്ഷരം കഥാപുരസ്ക്കാരത്തിനും    
മരുഭൂമി പറഞ്ഞത്.. എന്ന കവിത അബൂദാബി മലയാളി സമാജത്തിന്റെ കവിതാപുരസ്ക്കാരത്തി നും അര്‍ഹമായത്  ആഹ്ളാദം നല്‍കിയ കാര്യം തന്നെയായിരുന്നു. 

അംഗീകാരത്തിന്റെയും  അഭിനന്ദനങ്ങളുടെയുമൊക്കെ സന്തോഷം വാക്കുകളിലൊതുക്കാന്‍ കഴിയു ന്നതിനപ്പുറമുള്ള  ആനന്ദം നല്കി. ന്യൂ സഫാമക്ക പോളിക്ളിനിക്കിലെ എന്റെ സഹപ്രവര്‍ത്തക രും മാനേജ്മെന്റും  ചേര്‍ന്ന് റിയാദില്‍ സംഘടിപ്പിച്ച അനുമോദന  പരിപാടി.

ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ലളിതമായ ചടങ്ങ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ.വി. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ബത്ഹയിലേക്കുള്ള വഴി എന്ന കഥയെക്കുറിച്ചും മരുഭൂമി പറഞ്ഞത്.. എന്ന കവിതയെക്കുറിച്ചും  ഭരതന്‍ സാര്‍ പറഞ്ഞ വാക്കുകള്‍... ഒപ്പം തന്നെ ചില ലേഖനങ്ങളെ ക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചത് എന്നെ വായിക്കാത്തവര്‍ക്ക് വേണ്ടിയുള്ള പരിചയപ്പെടുത്തലാ യിരുന്നു.
ക്ളിനിക്ക് എ.ഡി.എം. നാസര്‍ മാസ്റ്റർ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് മുമ്പില്‍ ശിരസ്സ് കുനിക്കുന്നു.

സ്വാഗത പ്രസംഗം - നാസര്‍ മാസ്റ്റർ

അദ്ധ്യക്ഷ പ്രസംഗം - ഡോ. എ.വി. ഭരതന്‍

ക്ളിനിക്കിന്റെ  ഉപഹാരവും ഫലകവും ക്ളിനിക്ക് എം.ഡി. അഷ്റഫ് ഭായിയില്‍ നിന്നും സ്വീകരി ക്കുമ്പോഴും അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മനസ്സ് കൊണ്ട് ഏറ്റുവാങ്ങുമ്പോഴും എന്നിലേക്ക് സര്‍ഗാത്മകതയുടെ നനവിറ്റിച്ചു തന്ന സർവശക്തനോട്   മൗനമായി നന്ദി....  

ക്ളിനിക്കിന്റെ ആദരം ...
ക്ളിനിക്ക് എം.ഡി. വി.എം. അശ്റഫില്‍ നിന്നും ഫലകം ഏറ്റുവാങ്ങുന്നു

ഡോ. ജോഷി ജോസഫ്, ഡോ. സജിത്, ഡോ. രാജ്മോഹന്‍, ഡോ. റെജി സെബാസ്റ്റ്യൻ എന്റെ മറ്റു സഹപ്രവര്‍ത്തകര്‍ അങ്ങനെ  എല്ലാവരും സാക്ഷിയായി ഈ മനോഹര മുഹൂര്‍ത്തത്തിന്. 

വി.എം. അശ്റഫില്‍ നിന്നും ഉപഹാരം ...

സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഡോ. അബ്ദുല്‍ അസീസ് ആശംസകള്‍ നേര്‍ന്നു.
അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ റിയാദില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റിസ എന്ന കൂട്ടായ്മയുടെ പേരില്‍ ഒരു ഫലകവും അദ്ദേഹമെനിക്ക് സമ്മാനിച്ചു.


റിസയുടെ  പേരില്‍ ഡോ. അബ്ദുല്‍ അസീസില്‍ നിന്നും ഫലകം ഏറ്റുവാങ്ങുന്നു

ആശംസാപ്രസംഗം - വി.എം.അശ്റഫ്, ഡോ. ജോഷിജോസഫ്, ഡോ. അബ്ദുല്‍ അസീസ്

ബൂദാബി മലയാളി സമാജത്തിന്റെ പുരസ്ക്കാരത്തിര്‍ഹമായ ‘മരുഭൂമി പറഞ്ഞത്..’ എന്ന കവിത സ്റ്റാഫ്  നഴ്സ് രജനി  രാജേന്ദ്രന്‍ സദസിന്  മുമ്പില്‍ അതിമനോഹരമായി ആലപിച്ചു. 

സ്റ്റാഫ്  നഴ്സ് രജനി  രാജേന്ദ്രന്‍ കവിത  ആലപിക്കുന്നു

സഹപ്രവര്‍ത്തകരായ അബ്ദുല്ല കണ്ണൂരും സാദിഖ് കൂട്ടിലങ്ങാടിയും ചേര്‍ന്ന് സമ്മാനിച്ച  ഉപഹാ രം സഹപ്രവര്‍ത്തകരുടെ കരഘോഷങ്ങള്‍ക്കിടയില്‍ ഇരുകൈയും നീട്ടി സ്വീകരിച്ച് ...

അബ്ദുല്ല, സാദിഖ് എന്നിവരുടെ ഉപഹാരം സന്തോഷപൂര്‍വ്വം..

അനുമോദനത്തിനും സ്നേഹത്തിനും സന്തോഷപൂര്‍വ്വം മറുപടിപ്രസംഗത്തിലേ ക്ക്... ഇങ്ങനെയൊരു ചടങ്ങ് ഒരുക്കിയതില്‍ കുറഞ്ഞ വാക്കുകളില്‍ സഹപ്രവര്‍ത്തകരോട് വാക്കുകള്‍ക്ക പ്പുറമുള്ള സ്നേഹം  പറയാതെ അറിയിച്ച്, പുരസ്ക്കാരം ലഭിച്ചതിനേക്കാൾ ഇരട്ടി എന്റെയുള്ളിലെ  ആഹ്ളാദത്തിന്റെ മധുരം ‘ഹൃദയപൂര്‍വ്വം’ എന്ന കവിത ആലപിച്ചു കൊണ്ട് ... 

 മറുപടി പ്രസംഗം..  ‘ഹൃദയപൂര്‍വ്വം’ കവിതാലാപനം 

കവിതയിങ്ങനെ ..

പ്രവാസജീവിതത്തില്‍
ഇരുട്ട് നിറഞ്ഞ 
വഴിദൂരങ്ങള്‍ താണ്ടിയാണ്
വെളിച്ചം നിറഞ്ഞ ഈ പൂമുഖത്തേക്ക്
ഞാന്‍ നടന്നു കയറിയത്.

സഹജീവികളുടെ വ്യാധികളില്‍
ഔഷധത്തേന്‍ പുരട്ടാന്‍..
അവരെ ചികിത്സാദിശയിലേക്ക്
കൈപിടിച്ചെത്തിക്കാന്‍
ഈ പരിചരണത്തണലില്‍
പുഞ്ചിരിയോടെ, 
കാവലാളുകളായ നിങ്ങള്‍ക്കൊപ്പം 
ഞാനും...

ഇവിടെയിപ്പോള്‍
ഈ സ് നേഹ നിലാവത്ത്
നിങ്ങളിപ്പോഴിങ്ങനെ 
സന്തോഷത്തിന്റെയും
അനുമോദനത്തിന്റെയും
ആദരവിന്റെയും
പൂക്കാലം തീര്‍ക്കുമ്പോള്‍
വിനയത്തോടെ കൈകള്‍ കൂപ്പി
തിരിച്ചു തരുവാനുള്ളത്
ഹൃദയപൂര്‍വ്വം കോറിയിടുന്ന
ഈ വരികള്‍ മാത്രം..

മറക്കില്ലൊരിക്കലുമീ സുദിനം..
മാഞ്ഞു പോകില്ലൊരിക്കലുമീ ആഹ്ളാദം.. 
മനസ്സിനുള്ളിലെന്നുമുണ്ടാകും
പുഞ്ചിരി നിറഞ്ഞ ഈ മുഖങ്ങളത്രയും..!

കവിത അവസാനിച്ചത് പുഞ്ചിരി നിറഞ്ഞ മുഖങ്ങളെ നോക്കിത്തന്നെ.. തൊഴുകൈ കൂപ്പി ഞാന്‍ മൈക്കിനു  മുമ്പില്‍ നിന്നും ഇരിപ്പിടത്തിലേക്ക്.. 

സ്റ്റാഫ്  നഴ്സ്  പ്രബിന  തലശ്ശേരിയുടെ നന്ദി പ്രസംഗത്തോടെ ലളിതവും എന്നാല്‍ പ്രൗഢവുമാ യ ചടങ്ങിനു  തിരശ്ശീല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

Tuesday, March 4, 2014

തെരുവിലെ ചോര


കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി
മെഗാ ഇവെന്റ്റ് 2014ന്റെ ഭാഗമായി നടത്തിയ 
കവിതാ മത്സരത്തിൽ (വിഷയം : തെരുവിലെ ചോര)
മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കവിത


പുഴ വറ്റുന്ന കാലത്ത്
എന്റെ മുറ്റത്തും
തെരുവിലും, നടുറോഡിലും
ചോരയൊഴുകുന്നുണ്ട്.

കാറ്റില്‍
ചോര മണക്കുന്നുണ്ട്.
സ്ഹേത്തിന്റെ നനവിനു  പകരം
കണ്ണീരിന്റെ ആര്‍ദ്രതക്കപ്പുറം
ചോര കണ്ട നടുക്കം
ആരുടെ മുഖത്തും മിന്നുന്നില്ല.

ഇന്നലെ,
പൊരിവെയിലത്ത്
ഇരുചക്രത്തില്‍ നിന്നും
തെറിച്ച മിഥുനങ്ങള്‍
തല പൊളിഞ്ഞു ഉരുകിയപ്പോള്‍
മൊബൈല്‍ ക്യാമറയുടെ
ബട്ടണില്‍ വിരലമര്‍ത്താന്‍
ധൃതിപ്പെടുകയായിരുന്നു ഞാന്‍.

ഉള്ള് വിറയ്ക്കാതെ, കണ്ണ് ചിമ്മാതെ
കാഴ്ചയത്രയും
എന്റെ സംസാരയന്ത്രത്തിലേക്ക്
പകര്‍ത്തി
മത്സരയോട്ടത്തിന്റെ 
ഭവിഷ്യത്തിതിെരെ
നടുറോഡില്‍ കാര്‍ക്കിച്ചു തുപ്പി ഞാന്‍.

റെയില്‍പ്പാളത്തിലും
പൊതുനിരത്തിലും
ജനം  തിങ്ങുന്നിടത്തെല്ലാം
എത്ര പെണ്‍കരച്ചിലാണ്
ചോര തെറിപ്പിച്ചു ചിതറുന്നത്.

ചോരയെനിക്ക് അറുപ്പായിരുന്നു.
ചോരയെനിക്ക് ആധിയായിരുന്നു.

ഒടുവിലീ കറുത്ത കാലത്ത്
ചോരയില്‍ നനഞ്ഞ
ഒരു വേദനയെങ്കിലും
തെരുവില്‍ പിടഞ്ഞു കാണാതെ
ഉറക്കം വരാത്ത അവസ്ഥയാണെനിക്ക്.

തെരുവില്‍ ചോര
പറ്റിപ്പിടിച്ചിരിക്കുകയല്ല.

പുഴപോലെ ഒഴുകുകയാണ്!