Monday, November 10, 2014

ലേബര്‍ക്യാമ്പില്‍ നിന്ന്...

ഇരുട്ട് കത്തുന്ന അതിരുകളാണ്
ഓരോ ഇടനാഴിയുടെ അറ്റത്തും..

വിയര്‍പ്പും കണ്ണീരും
വിരഹവും പ്രതീക്ഷയുമൊക്കെ
പാടുവീഴ്ത്തിയ
നരച്ച ഭിത്തികളില്‍
മുമ്പേ നടന്നു മറഞ്ഞവര്‍
പ്രവാസത്തിന്റെ 
ഓര്‍മപ്പുസ്തകമായി
ഉള്ള് മുറിഞ്ഞു കോറിയിട്ട
വിറച്ച വാക്കുകളുമുണ്ട്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും 
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
വിവിധ ദേശങ്ങളുടെ
അടയാളങ്ങളാണ്
ഓരോ പാത്രങ്ങളിലും 
രുചിക്കൂട്ടുകളായി തിളയ്ക്കുന്നത്.

അന്നൊരിക്കല്‍,
ഉദയശങ്കര്‍ 
മുഖം മിനുക്കിയപ്പോഴാണ്
വിക്രംസിംഗ് സ്വന്തം കണ്ണാടി
ഷാരൂഖ്ഖാന്റെ ചിത്രമൊട്ടിച്ചു 
മറച്ചുവെച്ചത്.

വൈകിയെഴുന്നേറ്റ ജഹാംഗീര്‍
കുളിമുറിയുടെ വരിയറ്റത്ത് നിന്നും
കിതച്ചെത്തി, 
ധൃതിയില്‍ നേരമറിയാന്‍
ശ്യാമപ്രസാദിന്റെ ക്ളോക്കിലേക്ക്
രണ്ടുതവണ നോക്കിയപ്പോഴാണ്
അയാളത് തകരപ്പെട്ടിയുടെ
മറവിലേക്ക് നീക്കി വെച്ചത്.

ജോര്‍ജ്ജിന്റെ ക്ളീനിംഗ് ദിവസമാണ്
ആറുകിലോ തൂക്കമുള്ള കല്ലൊന്ന് 
വേസ്റ്റ്ബക്കറ്റില്‍ അമര്‍ത്തി
സലീം മറഞ്ഞുനിന്ന് ചിരിച്ചത്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും  
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
ഓരോരുത്തരും
ഓരോ ദ്വീപുകള്‍ പണിഞ്ഞ്
വാക്കുകള്‍ ഇരുട്ടിലൊളിപ്പിച്ച്
പ്രവാസമെന്നാല്‍ 
ഇങ്ങനെയൊക്കെയാണെന്ന്
സ്വയം നിരൂപിച്ച്,
ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങനെ..?

                                                                        (മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്‌ 09/11/2014)
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

Monday, November 3, 2014

അനുഭവംഫെയ്സ്ബുക്കില്‍ പേര് കണ്ടപ്പോഴാണ്
പത്തുവര്‍ഷത്തിനു  ശേഷം അവളെ ഓര്‍മ വന്നത്.

തന്നോടൊപ്പം പത്താംക്ളാസ് വരെ ഒന്നിച്ചിരുന്നവള്‍.

റിക്വിസ്റ്റ് അയച്ചു.
സ്വീകരിച്ചു.

ചാറ്റിംഗിലൂടെ മൊബൈല്‍ നമ്പര്‍ കൈപ്പറ്റി.

പിന്നെ,
വിളി തന്നെയായിരുന്നു വിളി.

സൗദിഅറേബ്യയിലെ കൊടുംചൂടില്‍ ദൂരെ നിന്നെത്തുന്ന
അവളുടെ വാക്കുകള്‍ കുളിരുപാകി.

ജോലിസമയത്തും വിശ്രമസമയത്തും ഉറങ്ങുമ്പോഴും
അവളുടെ മിസ്സഡ്കോളുകള്‍ പറന്നിറങ്ങി.

വീട്ടില്‍ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലായിരുന്നു.

അവളുടെ വീട്ടുകാരറിഞ്ഞാല്‍..?

ഉടനെ തന്നെ അറിയിക്കാമെന്നായി അവള്‍.

അങ്ങനെയിരിക്കെ അവളതു പറഞ്ഞു.

‘..വീട്ടില്‍ സമ്മതമല്ല..
അതുകൊണ്ട് നമുക്കിവിടെ നിര്‍ത്താം..’

അവളും  പറഞ്ഞു. ഓകെ.

വിഷമിച്ചിരിക്കുന്ന അവനെ  സമാധാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകന്‍.

‘ അവള് പോട്ടെടേയ്.. വിഷമിക്കാതെ..
എന്നുവെച്ച് നീ  ബുദ്ധിമോശമൊന്നും കാണിക്കല്ലേ..’

ഓ.. എന്ത് ബുദ്ധിമോശം കാണിക്കാനാ ...
എനിക്കിത് ആദ്യത്തെ അനുഭവമൊന്നുമല്ല.
ഇതുപോലെ എത്രയെവളുമാരുടെ കളിപ്പീരാ ഈ ജീവിതത്തിൽ...

അവന്റെ
കൂശലില്ലാത്ത വാക്കുകളില്‍
സഹപ്രവര്‍ത്തകന്‍ കണ്ണുമിഴിച്ചിരുന്നു.


***********************************************************************