Monday, May 28, 2012

മലയാളത്തിന്‍റെ നീര്‍മാതളം


കമലാ സുരയ്യയുടെ വേര്‍പാടിന് മെയ് 31ന് മൂന്നുവര്‍ഷം


മലയാള കഥാസാഹിത്യത്തില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന മാമൂലുകളെ ധീരമായി പൊളിച്ചെഴുതുകയും മലയാളിയുടെ കപട സദാചാരങ്ങള്‍ക്ക് നേരെ ധിക്കാരപൂര്‍വ്വം എന്നാല്‍ കാവ്യാത്മകമായും പ്രതികരിക്കുകയും ചെയ്ത മനുഷ്യസ്നേഹി,
മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും പ്രണയത്തിനായ് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മലയാളത്തിന്റെ നീര്‍മാതളം, കമലാസുരയ്യ.

സ്വന്തം ഭാവനയിലെ ജീവിതാവിഷ്ക്കാരത്തിന് വാക്കുകളുടെ മൂര്‍ച്ച കൂടിപ്പോയതിന്റെ പേരില്‍ സാംസ്ക്കാരിക കേരളം ഞെട്ടലോടെ നെറ്റി ചുളിക്കുകയും എന്നാല്‍ ആ സര്‍ഗ ചേതനയുടെ അനുകിരണങ്ങളില്‍ അനുവാചകന്‍ മോഹപ്പെട്ടു പോവുകയും ചെയ്തു എന്നതാണ് നേര്.
ലൈംഗികത ഒരു വിഷയമായിട്ടു കൂടി അതിനുള്ളിലെ ആത്മീയതയുടെ താളമാണ് അവരുടെ എഴുത്തിനെ ശക്തവും മനോഹാരിതയുളവാക്കുകയും ചെയ്തതെന്ന് അതിശയോക്തിയ്ക്കിടം നല്‍കാതെ തന്നെ പറയാനാവും.

ധിക്കാരത്തിന്റെ കാതലുമായി കഥാരചനയില്‍ മുഴുകുമ്പോഴും ഒരു നിഷേധിയുടെ ചുട്ടിവേഷം എടുത്തണിയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. സമൂഹത്തോടുള്ള പ്രതിബദ്ധതകളില്‍ നിന്നും
വ്യതിചലിക്കാതെയുള്ള ഇടപെടലുകളാണ് കഥാകാരിയെന്ന റോളില്‍ അവരില്‍ നിന്നുണ്ടായത്.
സദാചാര ബോധത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ പറ്റി എഴുത്തിലും ജീവിതത്തിലും അവര്‍ പുലര്‍ത്തിയ നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളും മാനസികമായ ഒറ്റപ്പെടുത്തലുകളടക്ക മുള്ള ചെയ്തികളിലേക്ക് ചുറ്റുമുള്ളവര്‍ അരങ്ങൊരുക്കിയപ്പോഴും തന്നെ സ്നേഹിക്കുന്ന, പ്രണ യിക്കുന്ന ഒരദൃശ്യ ശക്തി തന്നോടൊപ്പം ഉണ്ടെന്ന വിശ്വാസം അവര്‍ക്ക് ധൈര്യം പകര്‍ന്നു. ആ ചൈതന്യത്തിന് എന്തു പേരിട്ടു വിളിച്ചാലും എതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ ഇടു ങ്ങിയ ഒറ്റഫ്രൈയിമിലേക്ക് ഒതുങ്ങി നില്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

തന്റേടിയായ ഒരു പെണ്ണിന്റെ ഒച്ചയുടെ കനല്‍ കരളിലേറ്റാന്‍ നമ്മുടെ കലാകേരളം ഇനിയും വളര്‍ച്ചയെത്തിയിട്ടുണ്ടോ എന്ന ചോദ്യം നാം പരസ്പ്പരം ചോദിക്കേണ്ട മുഹൂര്‍ത്തമാണിത്.
ജീവിതത്തില്‍ ഒരുപാട് ഭൂകമ്പങ്ങള്‍ ഏറ്റുവാങ്ങി, സ്വന്തം ഭൂമികയില്‍ നിന്നും മനഃശാന്തി തേടി കാതങ്ങള്‍ താണ്ടുകയും കോലം കെട്ടു പോയ കാലത്തിന്റെ വിചാരത്തിന്നടരുകളിലേക്ക് നോക്കി ഭൂമിയില്‍ കരുണ വറ്റിയിരിക്കുന്നു എന്ന് ഉറക്കെ വിലപിച്ച മലയാള കഥാ പ്രപഞ്ചത്തി ലെ മഹാറാണി, മലയാളത്ത സാഹിതീ നഭസ്സിലെ പുലര്‍ക്കാല നക്ഷത്രം കമലാ സുരയ്യ നമ്മില്‍ നിന്നും മാഞ്ഞു മറഞ്ഞിട്ട് വേദനയുടെ മൂന്നാണ്ട്.