Tuesday, November 1, 2016

മഴ നനഞ്ഞ വീട്




ഗൃഹനാഥനും ഭാര്യയും പതിനാറും പതിനേഴും വയസ്സ് തോന്നിക്കുന്ന രണ്ടു പെൺമക്കളും മുകുന്ദന്റെ  വീട്ടിൽ  വന്നു. 
ഒരു ജന്മത്തിന്റെ ആഴമുള്ള സൗഹൃദച്ചിരി അവരുടെ മുഖത്ത് മിന്നി.

അയൽപക്കത്തെ പുതിയ താമസക്കാരായിരുന്നു അവർ.
ഗൃഹപ്രവേശവിരുന്നിലേക്ക് ക്ഷണിക്കാനാണ് അവർ വന്നത്. വീടും പരിസര വും വൃത്തിയാക്കുവാനും ചില ഒരുക്കങ്ങൾ നടത്താനായി കഴിഞ്ഞ ദിവസം തന്നെ താമസമാരംഭിച്ചുവത്രേ.
'കൂട്ടും കുടുമ്പോമൊക്കെ കുറവാ. എല്ലാറ്റിനും ഞങ്ങൾക്കൊപ്പം ഉണ്ടാവണം..'
പടിയിറങ്ങാൻ നേരം ഭാര്യയുടെ കൈകൾ ചേർത്ത് പിടിച്ചു ആ സ്ത്രീ മൃദുവാ യി മൊഴിഞ്ഞു. ഞങ്ങൾ ഒപ്പമുണ്ടെന്ന അർത്ഥത്തിൽ ഭാര്യയുടെ മിഴിത്തുമ്പ് ഈറനായി.
മുറ്റവും കടന്ന്‌ അവരുടെ വീട്ടിനുള്ളിലേക്ക് കയറുന്നതു വരെ ഭാര്യ അവരെ നോക്കി നിന്നു. മുറ്റത്തെ ചെടിപ്പടർപ്പുകളുടെ മറവിനപ്പുറമായിരുന്നു അവരു ടെ കൊച്ചുവീട്.
കൂട്ടും കുടുമ്പോമൊക്കെ കുറവാണെന്ന് പറഞ്ഞത് ശരിയായിരുന്നു. 
ഗൃഹപ്രവേശ ദിവസം പരിസരത്തെ ചിലരും അയാളുടെ കൂടെ ജോലി ചെയ്യു ന്ന കുറച്ചാളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പരിപാടി ഉച്ചയ്ക്കായിരുന്നു.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
പിന്നീട്, ചിരിയിൽ പൊതിഞ്ഞ സന്തോഷവർത്തമാനങ്ങൾ പൊടുന്നനെ തീർന്ന പോലെ, മഴ പെയ്തേക്കുമെന്ന കാരണവും പറഞ്ഞ് വന്നവരെല്ലാം വളരെ ധൃതിയിൽ ഇറങ്ങിപ്പോയി.
മുകുന്ദനും ഭാര്യയും കുട്ടികളും പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അവിടു ന്നിറങ്ങിയത്.
ഭാര്യയുടെയും നിങ്ങളുടെയും സ്വന്തക്കാരാരും പരിപാടിക്ക് കണ്ടില്ലല്ലോയെ ന്ന് പടിയിറങ്ങുമ്പോഴുള്ള മുകുന്ദന്റെ ചോദ്യം അയാളുടെ മുഖത്ത് നിസ്സംഗത പരത്തി.
വർഷങ്ങളായി  എനിക്കും അവൾക്കും സ്വന്തക്കാരുടെ സ്നേഹം നഷ്ടപ്പെട്ടിട്ട് 
രണ്ടു ജാതിയിൽ പെട്ടവർ പ്രണയിച്ചതാണ് ഞങ്ങൾ ചെയ്ത കുറ്റം. വല്യ ആളുകളാ അവര്.
മാനത്തെ മഴക്കാറ് അയാളുടെ കണ്ണിലും മുകുന്ദൻ കണ്ടു.

രാത്രി ചാറ്റൽ മഴയുണ്ടായിരുന്നു.

മുകുന്ദൻ ഉമ്മറത്തിരുന്ന് അവരുടെ വീട് മഴയിൽ നനയുന്നത് നോക്കി നിന്നു. പുതുമഴയിൽ എവിടുന്നോ വന്നു ചേർന്ന കുഞ്ഞുതവളകൾ വീട്ടുമുറ്റത്ത് തലങ്ങും വിലങ്ങും ചാടി.
എന്തിനാ ഈ തണുപ്പത്തിരിക്കുന്നതെന്നും ചോദിച്ച് ഭാര്യ മുകുന്ദനോട് പരിഭവിച്ചു. അയാൾ അകത്തു കയറി വാതിലടച്ചു.
അവൾ ഭക്ഷണം വിളമ്പി.
മക്കൾ മുകുന്ദനഭിമുഖമായും ഭാര്യ അയാളുടെ കസേരയോട് ചേർന്നിരുന്നും ഭക്ഷണം കഴിച്ചു തുടങ്ങിയ നേരം പുതിയ വീട്ടിൽ നിന്നും കൂട്ടക്കരച്ചിലിന്റെ നേർത്ത ശബ്ദം വീടിന്റെ അടഞ്ഞ വാതിലിനുള്ളിലൂടെ അകത്തേക്കൊലിച്ചു.

മക്കൾ അനക്കമറ്റ്‌ നിന്നു.  ഭാര്യ കൂടുതൽ മുകുന്ദനിലേക്കൊട്ടി.

കൈയിൽ പറ്റിനിന്ന കറിയിൽ കുഴഞ്ഞ വറ്റുകൾ പ്ലെയിറ്റിലേക്ക് കുടഞ്ഞ് മുകുന്ദൻ ധൃതിയിൽ എഴുന്നേറ്റു.
അയാളൊരു പക്ഷെ വെള്ളമടിച്ചോണ്ടു വന്ന് ബഹളമുണ്ടാക്കുകയാവും. പുതിയ ആൾക്കാരാ.. എന്താ ഏതാ എന്നറിയാതെ ഓരോന്നിൽ ചെന്ന് പെടേണ്ട. നിങ്ങളിത് കഴിച്ചു മുഴുവനാക്കിക്കെ..
ഭാര്യയുടെ ശബ്ദത്തിൽ മഴക്കോളുണ്ടായിരുന്നു.
മക്കളുടെ കണ്ണിൽ കാർമേഘം പോലെ അന്ധാളിപ്പ്.

പൊടുന്നനെ വാതിൽ ആരോ ഊക്കോടെ തട്ടി.
വാതിലിനപ്പുറത്തെ ഇരുട്ടിൽ  നിന്നും വാക്കുകൾ വ്യക്തമാകാത്ത കരച്ചിൽ.

വാതിൽപ്പാളികളിൽ നിന്നും വീട്ടിനുള്ളിലേക്കെത്തുന്ന ഒച്ച മുകുന്ദന്റെ നെഞ്ചിനുള്ളിൽ പ്രതിദ്ധ്വനിച്ചു. അയാളുടെ തോളിൽ മുറുകെ പിടിച്ചിരുന്ന ഭാര്യയുടെ കൈ ഒന്നയഞ്ഞു.

ഉമ്മറത്ത് വെളിച്ചം പരന്നു.
വാതിൽ തുറന്നപ്പോൾ മുകുന്ദന്റെ മുഖത്തേക്കും നഗ്നമായ നെഞ്ചിലേക്കും മഴക്കാറ്റ് പറ്റിപ്പിടിച്ചു. അയൽവീട്ടിലെ രണ്ടു പെൺകുട്ടികൾ കണ്ണീരിലും മഴയി ലും നനഞ്ഞു നിൽക്കുന്നു.
എന്താ മക്കളെ.. മുകുന്ദനും ഭാര്യയും ചകിതരായി.

പെൺകുട്ടികൾ വീട്ടിനുള്ളിലേക്ക് വിരൽ ചൂണ്ടി.

അച്ഛൻ മിണ്ടിണില്യ.. അനങ്ങുന്നൂം ല്യ.. അത്താഴം കഴിച്ചു  കിടന്നതാ..
പെൺകുട്ടികളുടെ വാക്കുകളിൽ കണ്ണീർച്ചടവ്.

മുറ്റത്തെ മഴയിലൂടെ നടന്ന് അവരുടെ വീട്ടിനുള്ളിലേക്ക് കയറുമ്പോൾ ബലമാ യി പിടിച്ചിരുന്നിട്ടും പെൺകുട്ടികൾ കട്ടിലിൽ നിശ്ചലമായി കിടക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് അലമുറയിട്ട് വീണു. 
കട്ടിലിന്റെ ഒരറ്റത്ത് ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിക്കുകയാണ് ഭാര്യ.

ഇനി നമ്മളെന്താണ് ചെയ്യേണ്ടത്?
മുകുന്ദൻ ഭാര്യയുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. 

അച്ഛന്റെ നെഞ്ചത്ത് മുഖം പൊത്തിക്കരയുന്ന പെൺകുട്ടികളെ അടർത്തിയെടു ക്കാൻ ഏറെ പാടുപെട്ടു.
മക്കളെ.. നിങ്ങളുടെ ആൾക്കാരെ വിവരമറിയിക്കണ്ടേ.. ഫോൺ നമ്പർ കിട്ടിയി രുന്നെങ്കിൽ..
എന്ത് ചെയ്യണമെന്ന് ഊഹമൊന്നുമില്ലെങ്കിലും അന്നേരമങ്ങനെ ചോദിക്കാനാ ണ് മുകുന്ദന് തോന്നിയത്.

അമ്മയുടെ അകന്ന ബന്ധത്തിലെ ഒരമ്മാവനെയും ചിറ്റപ്പനെയും പിന്നെ ആരുമ റിയാതെ അച്ഛനെ സഹായിച്ചിരുന്ന പ്രകാശ് മാമനെയും ഞങ്ങള് വിളിച്ചു. അവരാരും വരുമെന്ന് തോന്നുന്നില്ല. മറ്റുള്ളോര് വരാൻ സമ്മതിക്കൂല. അബോധാവസ്‌ഥയിൽ നിന്നും കണ്ണ് തുറന്ന അമ്മയുടെ ദേഹത്തേക്ക് പെൺ കുട്ടികൾ കുഴഞ്ഞു വീഴുന്നു. 
]ആ സ്ത്രീക്കൊപ്പം ഭാര്യയും വിതുമ്പുകയാണ്.

മുകുന്ദൻ മേശപ്പുറത്തു നിന്നും മൊബൈൽഫോൺ കൈയിലെടുത്ത്‌ ഒടുവിൽ ഡയൽ ചെയ്ത നമ്പറിൽ വിരലമർത്തി കാതോർത്തു.

'നിങ്ങളിങ്ങനെ വിളിച്ചിട്ട് കാര്യമില്ല മക്കളെ..' 
ഫോണിനപ്പുറത്ത് ഒരു സ്ത്രീയാണ്.

ഞങ്ങളൊരു യാത്രയിലാണ്. എല്ലാ ദേവാലയങ്ങളും കാണണം. മനസ്സ് തുറന്നു പ്രാർത്ഥിക്കണം.ഒരു തീർത്ഥയാത്ര. കുറെ ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ...

'സഹായത്തിന്‌ കൈ നീട്ടുന്ന മനുഷ്യനെ കാണാതെ ഏതു ദൈവസന്നിധിയിലേ ക്കാ നിങ്ങൾ..'
മുകുന്ദൻ ചോദിക്കുന്നതിനു മുമ്പേ സ്ത്രീശബ്ദം നിലച്ചു.

പുറത്ത് മഴ പെയ്യുന്നുണ്ട്. 
വീട്ടിനുള്ളിൽ ഹൃദയം പൊട്ടിയുള്ള കരച്ചിലിന്റെ ഒച്ച മഴയുടെ സീൽക്കാര ത്തിനും മുകളിലേക്ക് കനക്കുകയാണ്. 
വാതിലുകളില്ലാതെ ചുമരുകളാൽ ചുറ്റപ്പെട്ട ഒരിടത്ത്  അകപ്പെട്ട പോലെ സ്തബ്ധനായി നിൽക്കുന്ന മുകുന്ദൻ ആ മഴത്തണുപ്പിലും വിയർത്തൊലിച്ചു.


******************* 

വാരാദ്യ മാധ്യമം, 2016 ഒക്ടോബർ 16  ഞായറാഴ്ച 

***********************************************************************

No comments:

Post a Comment