Tuesday, March 4, 2014

തെരുവിലെ ചോര


കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി
മെഗാ ഇവെന്റ്റ് 2014ന്റെ ഭാഗമായി നടത്തിയ 
കവിതാ മത്സരത്തിൽ (വിഷയം : തെരുവിലെ ചോര)
മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കവിത






പുഴ വറ്റുന്ന കാലത്ത്
എന്റെ മുറ്റത്തും
തെരുവിലും, നടുറോഡിലും
ചോരയൊഴുകുന്നുണ്ട്.

കാറ്റില്‍
ചോര മണക്കുന്നുണ്ട്.
സ്ഹേത്തിന്റെ നനവിനു  പകരം
കണ്ണീരിന്റെ ആര്‍ദ്രതക്കപ്പുറം
ചോര കണ്ട നടുക്കം
ആരുടെ മുഖത്തും മിന്നുന്നില്ല.

ഇന്നലെ,
പൊരിവെയിലത്ത്
ഇരുചക്രത്തില്‍ നിന്നും
തെറിച്ച മിഥുനങ്ങള്‍
തല പൊളിഞ്ഞു ഉരുകിയപ്പോള്‍
മൊബൈല്‍ ക്യാമറയുടെ
ബട്ടണില്‍ വിരലമര്‍ത്താന്‍
ധൃതിപ്പെടുകയായിരുന്നു ഞാന്‍.

ഉള്ള് വിറയ്ക്കാതെ, കണ്ണ് ചിമ്മാതെ
കാഴ്ചയത്രയും
എന്റെ സംസാരയന്ത്രത്തിലേക്ക്
പകര്‍ത്തി
മത്സരയോട്ടത്തിന്റെ 
ഭവിഷ്യത്തിതിെരെ
നടുറോഡില്‍ കാര്‍ക്കിച്ചു തുപ്പി ഞാന്‍.

റെയില്‍പ്പാളത്തിലും
പൊതുനിരത്തിലും
ജനം  തിങ്ങുന്നിടത്തെല്ലാം
എത്ര പെണ്‍കരച്ചിലാണ്
ചോര തെറിപ്പിച്ചു ചിതറുന്നത്.

ചോരയെനിക്ക് അറുപ്പായിരുന്നു.
ചോരയെനിക്ക് ആധിയായിരുന്നു.

ഒടുവിലീ കറുത്ത കാലത്ത്
ചോരയില്‍ നനഞ്ഞ
ഒരു വേദനയെങ്കിലും
തെരുവില്‍ പിടഞ്ഞു കാണാതെ
ഉറക്കം വരാത്ത അവസ്ഥയാണെനിക്ക്.

തെരുവില്‍ ചോര
പറ്റിപ്പിടിച്ചിരിക്കുകയല്ല.

പുഴപോലെ ഒഴുകുകയാണ്!