Thursday, January 1, 2015

ആഹ്ളാദത്തിന്റെ മധുരമാമ്പഴം



എന്നാലും എനിക്ക് ആഹ്ളാദമാണ്. 
ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍..
ഈ മണ്ണിന്  മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴിഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും.
മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച്
മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കണമെന്ന്
ആരുമോര്‍ക്കാത്ത, ദുര മൂത്ത ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും




മണ്ണിനെ  സ്നേഹിക്കണമെന്നും മരങ്ങള്‍ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെ ന്നുമൊക്കെയുള്ള അറിവ് ലഭിക്കുന്നതിന് മുമ്പ്, മഴക്കാലം വന്നുചേരുമ്പോള്‍ വീട്ടിന് മുമ്പില്‍ കുറെ ചെടി വേണമെന്നും പൂമരങ്ങള്‍ നടണമെന്നുമൊക്കെ യുള്ള ചില കുട്ടിത്തീരുമാനങ്ങള്‍ മനസ്സില്‍ കുമിയാറുണ്ട്.
മുറ്റം മഴ നനഞ്ഞ് കുതിരുമ്പോള്‍ ഒരുപാട് ചെടികളുള്ള വീടുകള്‍ തേടി നടക്കും. അത്തരം വീട്ടുമുറ്റത്ത് ചെന്ന് മഴഭാരത്താല്‍ ഒടിഞ്ഞ ചെടിക്കമ്പുകള്‍ ചോദി ക്കും.
ഒരിക്കല്‍ ചെന്നു കയറിയത് വീട്ടില്‍ നിന്നും അധികം ദൂരെയല്ലാത്ത തടിച്ച് ഉയരം കുറഞ്ഞ ടീച്ചറുടെ വീട്ടു മുറ്റത്ത്.
ടീച്ചറുടെ ദാവണി ചുറ്റിയ മകള്‍ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.
ഞങ്ങളുടെ പരിസരത്ത് പടിപ്പുരയുള്ള ഒരേയൊരു വീടാണ് ടീച്ചറുടേത്. ദാവണിക്കാരിയെ പേടിച്ച് ഞാന്‍ പടിപ്പുര വാതിലിന്റെ മറവില്‍ ഒളിച്ചു നില്‍ക്കും. വാത്സല്യച്ചിരിയോടെ ടീച്ചര്‍ മകളെ വഴക്കു പറയും. എന്തിനാ  ആ കൊച്ചിനെ  പേടിപ്പിക്കുന്നതെന്ന് ചോദിക്കും.
ചില രാത്രികളില്‍ ചെകുത്താനെക്കുറിച്ചുള്ള കഥകള്‍ വല്യുമ്മ പറഞ്ഞു തരു മ്പോള്‍ കണ്ണുരുട്ടി, നാവ് നീട്ടി  ഓടിയടുക്കുന്ന ചെകുത്താന്‍രൂപമായി ടീച്ചറുടെ മകളുടെ മുഖമാണ് മനസ്സില്‍ ഓടിയെത്തുക. 
മുറ്റത്തേക്ക് തെറിച്ചു നില്‍ക്കുന്ന ചെടിക്കമ്പുകളോരോന്നും ഒടിച്ചെടുത്ത് പച്ചയോലച്ചീന്തു കൊണ്ട് ഒതുക്കിക്കെട്ടിത്തരും ടീച്ചര്‍. പിന്നെ യുദ്ധം ജയിച്ച പടയാളിയെപ്പോലെ ഞാനെന്റെ വീട്ടുമുറ്റത്തെത്തും. 

വിവിധ തരം ചെടികളുമായി ചിരിച്ചുകൊണ്ട് വരുന്ന എന്നെ കളിക്കൂട്ടുകാര്‍ അസൂയയോടെ നോക്കും. ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന മട്ടില്‍ മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം പെയ്യുന്നതിന്  മുമ്പ് ചെടിക്കമ്പുകള്‍ എന്റെ മുറ്റത്തെ മണ്ണില്‍ ചേര്‍ത്തുവെയ്ക്കാനുള്ള ശ്രമങ്ങളിലേക്ക് ധൃതിപ്പെടും.
തോരാതെ പെയ്യുന്ന മഴനനവുള്ള മാമ്പഴക്കാലത്ത്  വിവിധ തരം മാമ്പഴങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നും സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കടിച്ചു നുകര്‍ന്ന് വലിച്ചെറിയുന്ന മാങ്ങായണ്ടികള്‍ കിളിര്‍ത്ത് ഇടവഴിയുടെ ഓരങ്ങളില്‍ മാവിന്‍തൈയായി അതിന്റെ തളിരില കാറ്റിലാട്ടി നില്‍ക്കും.
അതെല്ലാം വേരോടെ പറിച്ചെടുത്ത് കയ്യില്‍ ഒതുങ്ങുന്നേടത്തോളം തൈകളുമാ യി വീടണയുമ്പോള്‍ കിതച്ചു വിമ്മിട്ടപ്പെടും.
മുറ്റത്തെ അതിരിലും പറമ്പിലുമൊക്കെയായി മാവിന്‍തൈകള്‍ കുഴിയെടുത്ത് നട്ടുകഴിഞ്ഞാലെ സമാധാമാവൂ. ഇറയത്തു നിന്നും മുറ്റത്തേക്കിറ്റിറ്റു വീഴുന്ന മഴവെള്ളത്തില്‍ കൈകള്‍ കൂട്ടിത്തിരുമ്മി കഴുകും. 
അന്നേരം മൂത്ത സഹോദരിയുടെ കളിയാക്കലില്‍ എന്നെ ഭ്രാന്തനാക്കും. ഞാന തൊന്നും ശ്രദ്ധിക്കാതെ എന്റെ മാവിന്‍തൈകള്‍ വളര്‍ന്നു മാനം  മുട്ടുന്നതും പൂക്കുന്നതും കായ്ക്കുന്നതും സങ്കല്‍പ്പിച്ചെടുക്കും.
ആ മഴക്കാലത്ത് ഇരുപതോളം മാവിന്‍തൈകള്‍ നട്ടെങ്കിലും മൂന്നെണ്ണമാണ് വേരുറച്ച്, പുതിയ ഇലകള്‍  നിറച്ച് തലയാട്ടി നിന്നത്. ഒന്ന് മുറ്റത്തെ അതിരില്‍. രണ്ടാമത്തെത് അടുക്കളഭാഗത്ത്. മറ്റൊന്ന് പറമ്പിന്റെ ഒരു മൂലയില്‍.
വീടിന്റെ മുന്‍ഭാഗത്ത് മുറ്റത്തെ അതിരിലെ മാവിന്‍തൈ വലുതായാല്‍ പൊതുവഴിയില്‍ നിന്നും വീട്ടിലേക്ക് ലൈന്‍ വലിച്ച കറന്റ്കമ്പിയിന്‍മേല്‍ തട്ടാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് ഉപ്പ വേരോടെ പിഴുതെടുത്ത് പറമ്പിന്റെ മറ്റൊരു കോണില്‍ മാറ്റി കുഴിച്ചിട്ടു.
രണ്ടോ മൂന്നോ ദിവസം.. പിന്നെ മാവിന്‍തൈ ചില്ലകള്‍ വളഞ്ഞു.. ഇലകള്‍ ചുരുണ്ടു.. ചങ്കുപൊട്ടുന്ന കാഴ്ചയായിരുന്നു അത്.
ഇനിയുള്ള രണ്ട് മാവിന്‍തൈകള്‍ക്ക് ആപത്തൊന്നും വരാതെ ശ്രദ്ധിക്കണം. എന്റെയുള്ളിലെ തീരുമാനമായിരുന്നു അത്.
അടുക്കളമുറ്റത്തെയും പറമ്പിന്റെ മൂലയിലെയും തൈകള്‍ക്ക് ഞാന്‍ കുഞ്ഞു കല്ലുകള്‍ ചുറ്റിലും വെച്ച്, മണ്ണ് നന്നായി പാകി രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചു.
ഉറക്കമുണര്‍ന്നാല്‍ ആദ്യം ഓടിയെത്തുക മാവിന്‍തൈകള്‍ക്കരികെ. 
തൈകള്‍ക്ക് ആപത്തൊന്നും സംഭവിച്ചില്ല എന്നോര്‍ത്ത്  പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ, അല്ലെങ്കില്‍ ആശ്വാസത്തോടെ മറ്റു കാര്യങ്ങളിലേ ക്ക് തിരിയും.
പുതിയ ഇലകള്‍ തളിരിടുമ്പോള്‍ വല്ലാത്ത അഭിമാനത്തോടെ ഞാന്‍ ആകാശ ത്തേക്ക് നോക്കും. അധികം വൈകാതെ എന്റെ മാവിന്‍കൊമ്പിലെ ഇലകള്‍ ആകാശം മറയ്ക്കുന്നതായി ഭാവനയില്‍ വരയ്ക്കും.
കുറേ ദിവസത്തെ വരണ്ട വെയിലിന്  ശേഷം മഴ തിമിര്‍ത്തു പെയ്ത ഒരു പ്രഭാതം.
സ്ക്കൂളവധിയായതിനാലും നല്ല തണുപ്പുള്ളതിനാലുമാവണം അന്ന് വൈകിയാ ണുണര്‍ന്നത്.
അടുക്കളമുറ്റത്തേക്ക് മിഴിതിരുമ്മിയിറങ്ങിയപ്പോള്‍ തെളിഞ്ഞ കാഴ്ച കരയി പ്പിക്കുന്നതായിരുന്നു. അവിടെയുണ്ടായിരുന്ന മാവിന്‍തൈ ആരോ വേരോടെ പിഴുതെടുത്ത് കൊണ്ടുപോയിരുന്നു.
ഉമ്മയും സഹോദരിയും സമാധാനിപ്പിച്ചു.
ഇനിയും ഇഷ്ടംപോലെ മാവിന്‍തൈകള്‍ കിട്ടുമെന്നും നല്ല മഴ പെയ്യുമ്പോള്‍ എടുത്തു വന്നാല്‍ മതിയെന്നും പറഞ്ഞ്......
ഇനി  ബാക്കിയുള്ള ഒരേയൊരു മാവിന്‍തൈ. പറമ്പിന്റെ മൂലയില്‍ കാറ്റിനൊ ത്ത് ഇലകളിളക്കുന്നത് മിഴിനനവോടെ ഞാന്‍ അന്നേരം കണ്ടു. 

എന്റെ കിനാവ് പോലെ ആ മാവിന്‍തൈ വളരാന്‍ തുടങ്ങി. 
കൊമ്പൊടിക്കുവാനോ വേരോടെ പിഴുതെടുത്ത് കൊണ്ടുപോവാനോ ആ വഴിക്കാരും വന്നില്ല.
കാലം വെയിലും മഴയും മഞ്ഞും പൂക്കാലവും താണ്ടി പാഞ്ഞുപാഞ്ഞ്...
മാവിന്‍തൈ എന്നെക്കാളും എന്റെ വീടിനെക്കാളും പൊക്കത്തില്‍ വളര്‍ന്നു പൊങ്ങി.
ഒരു നാള്‍, അതിന്റെ ചില്ല പുഷ്പിച്ചു.
അനുജത്തിയാണത് പറഞ്ഞത്. ഞാന്‍ ഓടിച്ചെന്ന് ആ കാഴ്ച കണ്ണുനിറയെ കണ്ടു. ദിവസങ്ങള്‍ പിന്നെയും കായ്ച്ചും കൊഴിഞ്ഞുമങ്ങനെ ..
മാവിന്‍ചില്ലയില്‍ മാങ്ങകള്‍ തൂങ്ങി നില്‍ക്കുന്ന ദിവസമെത്തും മുമ്പേ ഞാന്‍ പ്രവാസത്തിന്റെ മണല്‍ചൂടിലേക്ക് കടല്‍ കടന്നു.
ജോലി, ജീവിതം, ഗള്‍ഫിന്റെ കാഴ്ചകള്‍ അങ്ങനെയെല്ലാം പകര്‍ത്തിയ ആദ്യ കാല കത്തുകളില്‍ ഞാനെന്റെ മാവിന്‍ വിശേഷങ്ങള്‍ തിരക്കാന്‍ മറന്നില്ല.
മാമ്പൂ കൊഴിഞ്ഞെന്നും അക്കൊല്ലം ഒരു മാങ്ങപോലും ഉണ്ടായില്ലെന്നുമുള്ള അനുജത്തിയുടെ മറുപടിയില്‍ എന്റെ കണ്ണു നിറഞ്ഞു.
ഇലകള്‍ കൊഴിഞ്ഞ മാവിനു  ചുറ്റും ഞാന്‍ കരഞ്ഞു കൊണ്ടോടുന്നതായിരുന്നു അന്നു രാത്രിയിലെ സ്വപ്നം . ഉണങ്ങിയ ചില്ലകള്‍ മാത്രമായി നില്‍ക്കുന്ന ആ മരമായിരുന്നു കുറേ ദിവസം എന്റെ സ്വപ്നത്തില്‍.
ഇന്ന്, കാലത്തിന്റെ അനിവാര്യതയെന്നോണം വീടും മുറ്റവും മാവുമെല്ലാം വേറെയാരുടെയോ കൈകളിലാണ്.
ജീവിതം മറ്റൊരു പ്രദേശത്തേക്ക് പറിച്ചു നടുകയും ചെയ്തു. 
അവധിക്കാലത്ത് എപ്പോഴെങ്കിലും ആ വഴി നടന്നു പോകുമ്പോള്‍ മാവിന്‍ കൊമ്പുകളില്‍ കാറ്റു വന്ന് താലോലം പാടുമ്പോള്‍, അത് എന്നെ കണ്ട സന്തോഷം അറിയിക്കുന്നതാണെന്നു സ്വയമെന്നെ വിശ്വസിപ്പിക്കും. അതൊരു ആശ്വാസപ്പെ ടലാണ്.  
ആ ചില്ലകളിലെ മാമ്പൂ കാണാനെനിക്ക് കഴിഞ്ഞിട്ടില്ല.
അതില്‍ തൂങ്ങിയാടുന്ന മധുരമാമ്പഴം രുചിക്കാനെനിക്കു വിധിയുണ്ടായിട്ടില്ല.

എന്നാലും എനിക്ക് ആഹ്ളാദമാണ്. 

ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍..
ഈ മണ്ണിനു  മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴി ഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും.
മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച് മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്ക ണമെന്ന് ആരുമോര്‍ക്കാത്ത, ദുര മൂത്ത ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും..!


******************************************************************