Thursday, May 17, 2012

അടുപ്പില്ലാത്ത വീട്
രാത്രിയിലെപ്പൊഴോ അവള്‍ പറഞ്ഞ കാര്യം കാത് തുളഞ്ഞപ്പോള്‍ തമാശയായിരിക്കുമെന്ന് വിചാരി ച്ചെങ്കിലും ആ ഭാവത്തില്‍ നിന്നും കാര്യത്തിന്റെ പന്തികേട് മനസ്സിലായപ്പോള്‍ നമ്പീശന്‍ അല്‍പ്പം ക്രുദ്ധ നായി.
കയറിക്കിടക്കുന്ന സ്വന്തം കൂരയും പതിനാറ് സെന്റ് പുരയിടവും വിറ്റ് ആ കാശുമായി നഗരസമീപമെ വിടെയെങ്കിലും ഒരു വീട് വാങ്ങി താമസമാരംഭിക്കാമെന്ന ബുദ്ധി അവളിലുദിക്കാന്‍ കാരണമെന്തന്ന ന്വേഷിക്കുകയാണിപ്പോള്‍ നമ്പീശന്‍.
നമ്പീശന്റെ ചിന്ത കാടു കയറുന്ന നേരത്ത് ആക്രിക്കച്ചവടക്കാരന്‍ മുത്തു മുറ്റത്ത് വന്ന് അകത്തേക്ക് ഏമ്പക്കമിട്ടു.
'..ചേച്ച്യേ.. പഴയ സാധനങ്ങള്‍ വല്ലതും തൂക്കിക്കൊടുക്കാനുണ്ടാ..'
അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന അവള്‍ നമ്പീശന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി.
'..ഇപ്പോഴൊന്നും ഇരിപ്പില്ല മുത്തൂ.. പക്ഷേങ്കീ അടുത്ത് തന്നെ നല്ലൊരു കോളുണ്ടാവും.. ഒന്നുരണ്ടാഴ്ച കഴിഞ്ഞ് വന്ന് നോക്ക്യാല് മുത്തൂന് തന്ന്യാ മെച്ചം..'
ഒന്നും മനസ്സിലാവാതെ പാവം മുത്തു നമ്പീശന്റെ കണ്ണിലേക്ക് നോക്കി. നമ്പീശന്‍ ചുമരില്‍ പറ്റി നില്‍ ക്കുന്ന പല്ലിയുടെ കണ്ണിലേക്ക് മിഴിയുറപ്പിച്ച് അനങ്ങാതിരുന്നു. അവള്‍ നമ്പീശന്റെ മുഖത്തേക്ക് നോക്കി അമര്‍ത്തിയൊന്ന് മൂളിയ ശേഷം അകത്തേക്ക് കയറിപ്പോയി.
'ചേച്ച്യേ.. ഇത്തിരി കഞ്ഞിവെള്ളം കിട്ടിയെങ്കീ..'
മുത്തു വീണ്ടും വാ തുറന്നപ്പോള്‍ നമ്പീശന്‍ അസ്വസ്ഥനായി.
കയ്യില്‍ ചെറിയൊരു പാത്രം നിറയെ കഞ്ഞിവെള്ളവുമായി അവള്‍ വീണ്ടും ഉമ്മറത്തെത്തി.
'ഇപ്പോ.. കഞ്ഞിവെള്ളമൊക്കെ കുടിച്ചേച്ച് പോ.. ഇനി വരുമ്പോ നല്ല സോഫ്റ്റ് ഡ്രിങ്കായിരിക്കും മുത്തൂ ന് കിട്ട്വാന്‍ പോണെ..'
മുത്തുവിനൊന്നും മനസ്സിലായില്ലെന്ന് തോന്നുന്നു. അവന്‍ കഞ്ഞിവെള്ളമിറക്കാതെ കവിള് വീര്‍പ്പിച്ച് തലയാട്ടി.

* * * * * * * * * * * * *
കുട്ടികള്‍ രണ്ടുപേരും പഠനമുറിയില്‍ ഹോംവര്‍ക്കുകളില്‍ തല പുകയ്ക്കുന്നു.
പുറത്ത് ഇരുട്ടിനോടൊപ്പം തണുപ്പും കനത്തു.
നമ്പീശന്‍ മുറിയിലെ തണുപ്പിലേക്ക് ബീഡിപ്പുക ഊതിവിട്ടുകൊണ്ടേയിരുന്നു. നമ്പീശന്റെ ഇരുപ്പും ഭാവ വും കണ്ട് അവളുടെ തല പെരുക്കാന്‍ തുടങ്ങി.
'..ശ്ശൊ.. മനുഷ്യാ.. വെറുതെ ഇങ്ങനെ ഇരുന്ന് സമയം കളയാതെ പിള്ളേര്‍ക്ക് വല്ലതും പറഞ്ഞു കൊടു ക്കാന്‍ നോക്ക്.. അടുത്തയാഴ്ച്ച അവര്‍ക്ക് പരീക്ഷയാണെന്നുള്ള വല്ല വിചാരോം നിങ്ങക്കുണ്ടോ..'
പഠിപ്പിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ലാത്ത എന്റെ കുഞ്ഞുങ്ങള്‍ക്ക് ഞാനെന്തിനാ ഭാര്യേ എന്റെ വിവര ക്കേട് വെച്ചു വെളമ്പിക്കൊട്ക്കണേ.. എന്ന് ചോദിക്കാന്‍ നാവ് വളച്ചെങ്കിലും വായില്‍ ശേഷിച്ച ബീഡി പ്പുകയ്ക്കിടയിലെവിടെയോ വാക്കുകള്‍ തട്ടിത്തടഞ്ഞ് ഉരുണ്ടു.
കുട്ടികള്‍ പഠിപ്പു നിര്‍ത്തി. അവളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അവരെ ഉറക്കുന്നതുമെല്ലാം വിചാരി ക്കാതെ കണ്ണില്‍ തടഞ്ഞ തെരുവ് നാടകം കാണുന്ന പോലെ നമ്പീശന്‍ നോക്കി നിന്നു.
'.. ദേ.. അവിടെ തന്നെയിരുന്ന് വേരിറങ്ങേണ്ട.. വന്ന് അത്താഴം കഴിക്ക്..'
പാത്രങ്ങളുടെ ശബ്ദം. ഒപ്പം അവള്‍ മൂക്ക് പിഴിയുന്നതും വാതില്‍പ്പടിയിലിരിക്കുന്ന പൂച്ചയെ ചീത്ത വിളിക്കുന്ന ശബ്ദവുമെല്ലാം വീട്ടിനുള്ളില്‍ പ്രകമ്പനം കൊണ്ടു.

അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി അവള്‍ കുളിമുറിയിലേക്ക് കയറി.

രാത്രി പിന്നേയും വളര്‍ന്നു.
മുറിയിലെ മൂലയില്‍ ഇരുട്ടില്‍ പൊതിഞ്ഞ ടി.വി ഓണ്‍ ചെയ്തു.
അവള്‍ വരുന്നതു വരെ ടി.വി. പ്രോഗ്രാം കണ്ടിരിക്കാം.
രാത്രിസമയത്തെ വാര്‍ത്തയാണിപ്പോള്‍..
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലൂടെ.., നഗരത്തിലെ മാലിന്യം നീക്ക ചെയ്യുന്ന പ്രശ്ന ങ്ങളിലൂടെ വന്ന് സ്വര്‍ണ്ണവില കുതിച്ചു കയറുന്നതും അമേരിക്കയുടെ വല്ല്യേട്ടന്‍ നയവുമെല്ലാം കടന്ന് ഉത്തരേന്ത്യന്‍ പട്ടണത്തിലെവിടെയോ നടക്കുന്ന സൌന്ദര്യ മത്സരത്തിന്റെ തത്സസമയ സംപ്രേഷണത്തി ലാണ് വാര്‍ത്ത വന്നു നിന്നത്.
'..എവിടേലും പെമ്പിള്ളേര് കോലം കെട്ടുന്നതും നോക്കി വെള്ളമെറക്കിയിരുന്നോ..' മക്കള് തലക്കു മേലെ വളര്‍ന്നു നിപ്പൊണ്ടെന്ന കാര്യം മറക്കണ്ട.. നാണമില്ലാത്ത മനുഷ്യന്‍..'
കുളിമുറിയില്‍ നിന്നുമിറങ്ങി വന്ന ഭാര്യ നനഞ്ഞ തോര്‍ത്തുമുണ്ട് ശബ്ദത്തോടെ കുടഞ്ഞ് അയാളുടെ നേരെയെറിഞ്ഞു. കോളേജില്‍ പഠിക്കുന്ന കാലത്തെ വിദഗ്ദ്ധനായ ഗോള്‍കീപ്പര്‍ അയാളില്‍ പിടഞ്ഞു. തോര്‍ത്ത്മുണ്ട് കൈപ്പിടിയിലൊതുക്കി അയാള്‍ പുഞ്ചിരിച്ചു. എന്നിട്ടും ദേഷ്യം തീരാതെയവള്‍ ടിവിയു ടെ സ്വിച്ച് ഓഫ് ചെയ്ത് മുറിയിലേക്ക് കയറി വാതില്‍ വലിച്ചടച്ചു.
കുട്ടികള്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ടാവണം.. അയാളോര്‍ത്തു.
നമ്പീശന്‍ എഴുന്നേറ്റ് മുറിയുടെ കതക് മെല്ലെ തള്ളി.
അകത്ത് നിന്നും അടച്ചിരുന്നില്ല. വാതില്‍ മലര്‍ക്കെ തുറന്നു. കുട്ടികള്‍ സുഖമായുറക്കം തന്നെ. അവള്‍ ഈറന്‍ മാറുകയാണ്.

* * * * * * * * * * * * *
പിറ്റേന്ന് പുലര്‍ന്നു.
കുട്ടികള്‍ സ്കൂളിലേക്കും നമ്പീശന്‍ ജോലിസ്ഥലത്തേക്കുമൊക്കെയായി ചിതറി.
നമ്പീശന്റെ ഭാര്യ വീട്ടുജോലികളിള്‍ മുഴുകിയിരിക്കുമ്പോള്‍ ഉമ്മറത്ത് ആരോ ഒരാള്‍..
കോളിംഗ്ബെല്ലിന്റെ ഒച്ച അകമാകെ നിറഞ്ഞു.
'..ആരാ.. എന്തു വേണം..' മുറ്റത്തു കണ്ട അപരിചിതന്റെ മുമ്പില്‍ അവളൊന്നു പതറി.
അയാള്‍ ചമ്മലില്ലാതെ പരത്തിച്ചിരിച്ചു.
'..ഞാന്‍ പട്ടണത്തീന്ന് വരുന്നു.. നിങ്ങളെപ്പോലെയുള്ള വീട്ടമ്മമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോ ടെ പടുത്തുയര്‍ത്തിയ ഒരു സംരംഭമാണ് ലോണ്‍ ഫോര്‍ കേരള.. ഞാനാ സ്ഥാപനത്തിന്റെ ഈ മേഖല യിലെ പ്രതിനിധി..'
നമ്പീശന്റെ ഭാര്യ അന്തം വിട്ടു നിന്നു. പ്രതിനിധി പിന്നേയും ചിരിച്ചു.
'അലക്കുക.., വെക്കുക.., തൂത്തു വാരുക.. ഈയൊരു കാര്യമേയൊള്ളോ സ്ത്രീകളായാല്‍.. അവള്‍ക്ക് വീട്ടുജോലികള്‍ കുറഞ്ഞാല്‍ വേറെയെന്തെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.. പക്ഷേ, നമ്മുടെ സമൂ ഹം അങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും മുന്‍തൂക്കം കല്‍പ്പിക്കുന്നില്ല.. ലക്ഷ്യബോധമില്ലാത്ത ലോക ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വന്നവരാണ് ഞങ്ങള്‍.. ലോണ്‍ ഫോര്‍ കേരള.. അടുക്കള ജോലിയും മറ്റു മായി ഇനി നിങ്ങള്‍ പ്രയാസപ്പെടേണ്ടതില്ല.. എന്തിന്, പുതുപുത്തന്‍ വീടുകള്‍ക്കൊന്നുമിപ്പോള്‍ അടു പ്പോ അടുക്കളയോ ഇല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എത്ര മാത്രം വിശ്വസിക്കും... പക്ഷേ വിശ്വസിക്കണം.. കണ്ണഞ്ചിപ്പിക്കുന്ന ചാനല്‍ പ്രോഗ്രാമുകളോ കണ്ണിനെ ഈറനണിയിക്കുന്ന പരമ്പരകളോ നിങ്ങള്‍ക്കു കാ ണാന്‍ കഴിയുന്നില്ല.. നിങ്ങളെപ്പോഴും അടുക്കളയിലെ പുകമറയ്ക്കുള്ളിലാണ്.. നിങ്ങളുടെ ജീവിത സൌകര്യങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍..
പ്രതിനിധി പറഞ്ഞു നിര്‍ത്തി.
അവള്‍ വാ പൊളിച്ചു കൊണ്ട് അയാളുടെ കണ്ണിലേക്ക് നോക്കി നിന്നു.


* * * * * * * * * * * * *

വൈകീട്ട് കുട്ടികള്‍ സ്ക്കൂള്‍ വിട്ടു വന്നപ്പോള്‍ ഉമ്മറത്തോ വീട്ടിന്റെ പിന്‍ഭാഗത്തോ അമ്മയെ കണ്ടില്ല. ചൂടുകാപ്പിയും പലഹാരവുമായി അടുക്കളയിലും അമ്മയെ കാണാതായപ്പോള്‍ കുട്ടികളുടെ കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി.
മൂത്ത കുട്ടി കരച്ചിലോടെ കിടപ്പുമുറിയിലേക്ക് കടന്നപ്പോഴാണ് അമ്മ കട്ടിലില്‍ താടിയ്ക്കു  കയ്യും കു ത്തി വല്ലാത്ത ഭാവത്തില്‍ ഇരിക്കുന്നു. കരച്ചലടക്കി പിടിച്ചു കൊണ്ട് കുട്ടി ചിണുങ്ങി.. അവള്‍ ഉറക്ക ത്തില്‍ നിന്നെന്ന പോലെ ഞെട്ടി. ഞാനെവിടെയാണെന്നും  എന്തൊക്കെയാണ് സംഭവിച്ചതെന്നുമൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.
കുട്ടികള്‍ക്ക് ചായയും പലഹാരവും കൊടുക്കുന്ന കാര്യം  അപ്പോഴാണ് അവള്‍ക്കോര്‍മ വന്നത്. മക്കളെ കുളിമുറിയിലേക്കയച്ച് പെട്ടെന്ന് എന്തെങ്കിലും പലഹാരങ്ങളുണ്ടാക്കാന്‍ ധൃതി വെയ്ക്കുമ്പോള്‍ നമ്പീശ നും കയറി വന്നു.
കുഞ്ഞുങ്ങളോടൊപ്പമിരുന്ന് കാപ്പി കഴിക്കുമ്പോഴും ടെലിവിഷനിലെ വാര്‍ത്ത കേട്ടിരിക്കുമ്പോഴും ഭാര്യ യുടെ മിണ്ടാട്ടമില്ലായ്മ നമ്പീശനെ വല്ലാതെ അലട്ടി.
സദാ നേരവും വെറുതെ ഒച്ചപ്പാടുണ്ടാക്കുന്ന അവളുടെ ഭാവമാറ്റം അയാളില്‍ അസ്വസ്ഥത മുള പൊട്ടി.
ഭാര്യയും ഭര്‍ത്താവും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം സാമ്പത്തിക പരാധീനത മൂലം ആഃ്മഹ ത്യ ചെയ്ത കാര്യം വാര്‍ത്താവായനക്കാരി പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിട്ടും ഭാര്യയുടെ മുഖത്ത് നിര്‍വ്വികാരത.
ചില ദുരന്തവാര്‍ത്തകള്‍ അവളെ പലപ്പോഴും പിടിച്ചുലയ്ക്കാറുണ്ട്.
കടലുണ്ടിയിലെ തീവണ്ടിയപകടം..
സുനാമിയില്‍ തീരം നഷ്ടപ്പെട്ട മനുഷ്യക്കൂട്ടങ്ങള്‍..  മറ്റു ചില റോഡപകടങ്ങള്‍..
അത്തരം വാര്‍ത്തകള്‍ ടിവിയിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന നേരത്ത് സംഭവ സ്ഥല ത്തെത്തിയ പോലെ അവള്‍ കണ്ണീരും കയ്യുമായി...
പക്ഷേ.., ഇന്നിവള്‍ക്കെന്തു പറ്റി..?
ഇപ്പോള്‍ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ചില സുഹൃത്തുക്കളും പരിസര വാസികളും ക്യാമറ യ്ക്കു മുമ്പിലുണ്ട്. സ്ക്രീനില്‍ നിന്ന് സുന്ദരി മാഞ്ഞു. കട്ടിമീശയുള്ള യുവാവാണിപ്പോള്‍ ക്യാമറയ്ക്കു മുമ്പിലുള്ളവരിലേക്ക് ചോദ്യങ്ങള്‍ എറിയുന്നത്. യുവാവിന്റെ ആവേശം നമ്പീശനില്‍ ചിരി വിടര്‍ത്തി.
യുവാവിപ്പോള്‍ ചാനലിന്റെ കൊച്ചി സ്റുഡിയോയില്‍ ഒരു മനഃശാസ്ത്ര വിദഗ്ദ്ധനേയും ഒരിക്കല്‍ ആത്മഹത്യാ ശ്രമം പരാജയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്റുഡിയോയിലും കണ്‍മുമ്പി ല്‍ ഒട്ടേറെ ആത്മഹത്യകള്‍ തൂങ്ങിയാടി കരളുറപ്പ് കൈവന്ന കര്‍ഷക യുവാവിനെ വയനാട്ടില്‍ നിന്ന് ടെലിഫോണ്‍ വഴിയും ചര്‍ച്ചയ്ക്കായി ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്..
വാക്  കസര്‍ത്തുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കൊലുന്നനെയുള്ള പയ്യന്‍ ആഃ്മഹത്യയ്ക്ക് എന്തെ ങ്കിലും കാരണം കണ്ടെത്തി ഞെളിയുന്നതിന് മുമ്പ് നമ്പീശന്‍ ചാനല്‍ മാറ്റി.
അടുത്തതില്‍ തെളിഞ്ഞത് പുതിയ ഹിറ്റ് സിനിമയുടെ ഇത്തിരിപ്പോന്ന ഭാഗങ്ങള്‍..
മുഖ്യമന്ത്രിയുടെ നെറ്റിയില്‍ റിവോള്‍വര്‍ അമര്‍ത്തി നായകന്റെ ഭരണിപ്പാട്ട്.. ശേഷം നായികയുടെ മൂക്കി ന്‍മുകളില്‍ നിന്ന് തുടങ്ങുന്ന നായകന്റെ ചുംബന സഞ്ചാരം.. അത് താഴോട്ട് താഴോട്ട് ഊര്‍ന്നിറങ്ങുന്നു.
കുട്ടികളുടെ ശ്രദ്ധ അവരിലേക്ക് തെന്നുന്നുവെന്നറിഞ്ഞ നമ്പീശന്‍ ടി.വി. ഓഫ് ചെയ്ത് അവരേയും കൂട്ടി പഠനമുറിയിലേക്ക് നടന്നു.
കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ ചില സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുമ്പോഴാണ് നമ്പീശനോട് ചേര്‍ ന്ന് അവള്‍ വന്നിരുന്നത്.
ഉച്ചയ്ക്ക് മുമ്പ് ലോണ്‍ ഫോര്‍ കേരളയുടെ പ്രതിനിധി വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി വി ടാതെ അവള്‍ നമ്പീശനോടോതി.
'..ഞാന്‍ പറഞ്ഞില്ലേ.. നമ്മുടെ വീടും പറമ്പും വിറ്റ് നഗരത്തിലെവിടെയെങ്കിലുമൊരു വീട് വാങ്ങുന്ന കാര്യം.. വീട്ടുസാധനങ്ങളും മറ്റുമെല്ലാം നമുക്ക് ലോണ്‍ ഫോര്‍ കേരളയില്‍ നിന്നും വാങ്ങിക്കൂടേ.. എന്തെല്ലാം കാര്യങ്ങളാണ് അയാള്‍ ഇന്നിവിടെ വന്നു പറഞ്ഞിട്ട് പോയത്.. അടുക്കളയില്‍ അധികം പാടുപെടേണ്ട.. പെട്ടെന്ന് ആരെങ്കിലും വിരുന്നുകാര് വന്നു കയറിയാല് ലോണ്‍ ഫോര്‍ കേരളയിലേ ക്കൊന്ന് ഡയല്‍ ചെയ്യേണ്ട കാര്യമേയുള്ളൂ.. വിരുന്നുകാരെ സല്‍ക്കരിക്കാനുള്ള വിഭവങ്ങള്‍ വരെ അവര്..'
പ്രതീക്ഷിക്കാത്ത നേരത്ത് വിരുന്നുകാര് വരാതിരിക്കാനുള്ള എന്തെങ്കിലും വിരുത് അയാള്‍ പറഞ്ഞു തന്നില്ലേടീ എന്ന് നമ്പീശന്‍ ചോദിച്ചില്ല.
അവള്‍ വീണ്ടും കാര്യങ്ങള്‍ വര്‍ണ്ണിക്കുകയാണ്.
നമ്പീശന്‍ പതിഞ്ഞ സ്വരത്തില്‍ ഭാര്യയോട് ചോദിച്ചു.
ഈ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം കാശെവിടെടോ ഭാര്യേ..
അവള്‍ നമ്പീശന്റെ മൂക്ക് വിരലുകള്‍ കൊണ്ട് പിടിച്ചു ഞെരിച്ചു.
ദേ.. മനുഷ്യാ.. രാമായണം മുഴുവന്‍ വായിച്ചിട്ട്..
എടീ.. ഭാര്യേ.. കടമായാലും എല്ലാം കൊടുത്ത് തീര്‍ക്കേണ്ടായോ..
അതൊക്കെ ഈശ്വരന്‍ അന്നേരം എന്തെങ്കിലും മാര്‍ഗ്ഗം കാണിച്ചു തരും..
അവളുടെ മുഖത്തിപ്പോള്‍ സന്തോഷത്തിന്റെ മിന്നല്‍.
നിങ്ങള് വന്നേ.. രാത്രി ഏതെങ്കിലും നല്ല സിനിമയോ മറ്റോ കാണും.. ടിവിയൊന്ന് തുറന്നു നോക്കാം.. കുട്ടികള് പഠിക്കട്ടെ..
അച്ഛന്റേയും അമ്മയുടേയും മുഖത്തെ വികാരങ്ങളുടെ അര്‍ത്ഥം മനസ്സിലാവാതെ കുട്ടികള്‍ പഠനം നിര്‍ത്തി. പുസ്തകം മടക്കിവെച്ച് അവര്‍ ഇരുവരുടേയും മുന്നില്‍ വന്നു നിന്നു.
കുഞ്ഞുങ്ങളുടെ കണ്ണിലെ നനവിന്റെ തിളക്കം നമ്പീശനില്‍ അമ്പരപ്പുണ്ടാക്കി. അയാള്‍ അവര്‍ക്കു മുമ്പി ല്‍ മുട്ടുകുത്തി ഇരുന്നു.
'..അച്ഛാ.. അച്ഛാ.. നേരത്തെ ടീവിയില് കണ്ട മരിച്ചു കിടക്കുന്ന അങ്കിളും കുട്ടികളും.. അവരെ ഇനീം ടീവീല് കാണിക്കും.. അല്ലെങ്കീ.. അതുപോലെ വേറെയേതെങ്കിലും.. അങ്കിളുമാരേം ആന്റിമാരേം.. അതോണ്ട് ഇനി.. ടീവി തൊറക്കണ്ടച്ഛാ..പേടിയാവ്ണ്.. '
നമ്പീശന്‍ ഞെട്ടി.
ഭാര്യ കരുവാളിപ്പ് പടര്‍ന്ന മുഖത്തേക്ക് കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു.
അവളുടെ അന്നേരത്തെ ഭാവം കാണാതിരിക്കാന്‍ മേശപ്പുറത്തിരുന്ന പാഠപുസ്തകത്തിലൊന്നെടുത്ത് നമ്പീശന്‍ പേജുകള്‍ മിറച്ചു നോക്കാന്‍ തുടങ്ങി.