Friday, September 17, 2010

ഈ വേനല്‍ചൂടിലും പെരുന്നാളോര്‍മ്മയുടെ കുളിര്...


വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ താണ്ടി, സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാന്‍ ഒരിക്കല്‍ കൂടി വന്നു ഒരു ഈദുല്‍ഫിത്വര്‍..
'പിന്നേയും ചന്ദ്രക്കല ആകാശച്ചെരുവില്‍..
വീണ്ടുമുയരുന്നു തഖ്ബീര്‍ധ്വനികള്‍
മാനവഹൃദയങ്ങളില്‍..'

'..അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍..
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...'

ആഘോഷങ്ങള്‍ മനുഷ്യന്റെ സകല വ്യഥകളെയും താല്‍ക്കാലികമായെങ്കിലും ഇല്ലാതാക്കുന്നു. അവന് സന്തോഷ നിമിഷങ്ങളുടെ വര്‍ണ്ണപ്പകിട്ടിനോടൊപ്പം മാഞ്ഞു പോയ കാലത്തെ സ്മരിക്കാന്‍ കൂടി ഒരവസരം കൈവരികയാണ്. പിറന്ന നാടും ചുറ്റുപാടുകളെയും വിദൂരതയിലേക്ക് പായിച്ച് ജീവിതത്തിന്റെ നിറമില്ലാത്ത അറ്റങ്ങള്‍ നിറം പിടിപ്പിച്ച് കോര്‍ത്തിണക്കാന്‍ കാതങ്ങള്‍ താണ്ടിയവനാണ് പ്രവാസി.
മണല്‍നഗരത്തിലെ പൊള്ളുന്ന ചൂടും കണ്‍മുമ്പിലെ പൊള്ളയായ ബഹളപ്പെരുമഴയും മനസ്സില്‍ ഉത്സവ ച്ഛായ പകരാതെ പോകുന്നു എന്ന വേവലാതി കേവലം നൈമിഷികമായി മറയുന്നത് നഗരച്ചൂടിന് സ്വന്തം നാടിന്റെ കുളിര്‍മയുള്ളതായി മനസ്സു കൊണ്ട് സങ്കല്‍പ്പിക്കുന്നതു കൊണ്ടാണ്. ഓരോ ആണ്ടറുതികളും അവന് കൈക്കുടന്നയിലേക്ക് മധുരസ്മരണകളുടെ തേന്‍കണമിറ്റിക്കാന്‍ സഹായിക്കുന്നതു കൊണ്ടാണ്.
സന്തോഷത്തിന്റെ കുട്ടിക്കാലം തന്നെയാണ് ഏതൊരു മനുഷ്യന്റെയും ഉള്ളില്‍ ആഘോഷവേളകളില്‍ തെളിഞ്ഞു തുളുമ്പുന്നത്. അത്തരം ഓര്‍മക്കൂമ്പാരങ്ങളില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ഒരുപാട് നുറുങ്ങുകള്‍ നമ്മുടെയോരോരുത്തരുടെയും ഉള്ളില്‍ നരവധി ചിത്രങ്ങളായി മങ്ങാതെ നില്‍പ്പുണ്ടണ്ടാവും.
അക്കാലങ്ങളിലെ നിറവും മണവും ഓര്‍ത്തെടുക്കുമ്പോള്‍ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാന്‍ മനസ്സു വെമ്പാത്തവര്‍ ആരാണ്.
പെരുന്നാളിന്റെ തലേദിവസത്തെ പകലിന് വല്ലാത്തൊരു പ്രൌഢിയായിരുന്നുവെന്ന് പറയാം. വീട്ടിലുള്ള മുതിര്‍ന്നവര്‍ പെരുന്നാളൊരുക്കളില്‍ മുഖം പൂഴ്ത്തുമ്പോള്‍ കുട്ടികളായ ഞങ്ങളൊക്കെ മുറ്റത്തും പറമ്പിലും നാളത്തെ പകലിനേയും ഉമ്മയുണ്ടാക്കി വിളമ്പുന്ന രുചികരമായ ഭക്ഷണങ്ങളുടെയും കാര്യമോര്‍ത്ത് കളിക്കു കയാവും. പിന്നെ നേരിമിരുട്ടുന്നതും കാത്ത് അക്ഷമ ഹൃദയരായി ഉമ്മറത്തിണ്ണയിലിരിക്കും.
വൈകുന്നേരമായാല്‍ ഉപ്പ ജോലി കഴിഞ്ഞെത്തും. പിന്നെ ഉപ്പ തയ്യല്‍ക്കടയില്‍ നിന്നും കൊണ്ടുവന്ന പുതിയ തുണിയഴകിന്റെ ഗരിമയില്‍ സകലതും വിസ്മരിച്ചു കൊണ്ട് ഒരിരുപ്പാണ്. ഉടുപ്പുകള്‍ തയ്ക്കാനുള്ള തുണിയും മറ്റും നോമ്പുകാലം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ഉപ്പ എന്നേയും മൂത്ത സഹോദരിയേയും കൂട്ടി മിഠായിത്തെരുവിലെ വിസ്തൃതിയേറിയ തുണിക്കടയില്‍ കൊണ്ടു പോയി ഇഷ്ടപ്പെട്ട തുണിത്തരങ്ങള്‍ നോക്കി വാങ്ങി തയ്യല്‍ക്കടയില്‍ കൊടുത്തിട്ടുണ്ടാവും.
അന്ന്, ഉള്ളില്‍ വിസ്മയം ജനിപ്പിക്കുന്ന മിഠായിത്തെരുവിലെ കാഴ്ചകളില്‍ മുഴുകി നടക്കുമ്പോള്‍ താഴെ നോക്കി നടക്കെടാ എന്ന ഉപ്പയുടെ ആജ്ഞാസ്വരം കാതില്‍ വീഴും. അന്നേരം സഹോദരിയുടെ പരിഹാസം വേറെയും.
ഇന്ന്, റിയാദിലെ ബത്ഹയിലൂടെ പെരുണ്ടന്നാള്‍ത്തലേന്ന് രാത്രിയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോപുരങ്ങള്‍ ക്കു നടുവില്‍ വെറുമൊരു ബിന്ദുവായി പുളയുമ്പോള്‍ ഉള്ള് നാട്ടിലേക്ക് പ്രകാശവേഗത്തില്‍ പിന്നേയും സഞ്ചരിക്കുന്നു.
പെരുണ്ടന്നാള്‍ത്തലേന്ന് രാത്രിയില്‍ ഉപ്പയോടൊപ്പം അവശ്യസാധനങ്ങള്‍ വാങ്ങാനും ഉത്സാഹത്തോടെ സഞ്ചിയും തൂക്കി കിതയ്ക്കുക ഞാനും സഹോദരിയും തന്നെ. പച്ചക്കറികളും ഇറച്ചിയും മറ്റു പലവ്യഞ്ജന സാധനങ്ങളും വാങ്ങി ചായമക്കാനിയിലെ (സ്നേഹം വിളമ്പിയിരുന്ന അന്നത്തെ ചായമക്കാനികള്‍ നാട്ടില്‍ ഇന്ന് 'ഫാസ്റ് ഫുഡ് സെന്റര്‍' എന്നെഴുതി വെച്ച വെറും കച്ചവടകേന്ദ്രങ്ങളായി മാറി) ചായയും പഴംപൊരി യും കഴിച്ച് (ആ ചായയ്ക്കും പഴംപൊരിച്ചതിനും വല്ലാത്തൊരു രുചിയായിരുന്നെന്ന് കാലം അടിവരയിടുന്നു) പിന്നെ വീട്ടിലേക്ക് നടത്തമായി.
വീട്ടിലെത്തിയാല്‍ പിന്നെ സഹോദരിമാരുടെ മൈലാഞ്ചിയിടല്‍ പരിപാടിയായി. ആ കലമ്പലിലേക്ക് കുസൃതി ത്തരങ്ങള്‍ എന്തെങ്കിലും കാട്ടുമ്പോള്‍ സഹോദരിമാരുടെ ഭീഷണി.
'..ഉപ്പായെ വിളിക്കണോ..'
പിന്നെ സകല ബഹളങ്ങളും തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച് മൈലാഞ്ചി നിറച്ച ചിരട്ട (അന്ന് കമ്പോളങ്ങ ളില്‍ ഇന്നത്തെ പോലെ മൈലാഞ്ചി ട്യൂബുകള്‍ സുലഭമല്ല. മൈലാഞ്ചിച്ചെടിയില്‍ നിന്നും പറിച്ചെടുത്ത ഇലകള്‍ അരച്ച് ചിരട്ടയിലാക്കിയാണ് സ്ത്രീകള്‍ കൂട്ടം കൂടിയിരുന്ന് മൈലാഞ്ചിയിടുക) യുടെ മുമ്പിലിരുന്ന് അവരുടെ മൈലാഞ്ചിരചനകളില്‍ കണ്ണും നട്ടിരിക്കും. എല്ലാവരും മൈലാഞ്ചിയണിഞ്ഞ് കഴിഞ്ഞാല്‍ ബാക്കിയുണ്ടെങ്കില്‍ എന്റെ കൈവെള്ളയിലും ആരെങ്കിലും ഒരു മൈലാഞ്ചിവട്ടം പരത്തും.
പിന്നീട്, നേരം പ്രഭാതമാവാനുള്ള കാത്തിരിപ്പാണ്.
പുതിയ കുപ്പായമണിഞ്ഞ് കൂട്ടുകാരുടെ മുമ്പില്‍ ഞെളിയാന്‍..
കൈവെള്ളയിലെ മൈലാഞ്ചിച്ചോപ്പ് കൂട്ടുകാരെ കാണിക്കാന്‍...
ഉമ്മയുടെ കൈപ്പുണ്യം നെയ്ച്ചോറും രുചിയേറിയ വിഭവങ്ങളുമായി കണ്‍മുമ്പില്‍ നിരത്തുന്ന സമയത്തിനാ യി..
മുതിര്‍ന്നവരുടെ പെരുന്നാള്‍ സന്തോഷം പുതിയ കുപ്പായക്കീശയില്‍ നാണയക്കിലുക്കമായി നിറയാന്‍..
'..നേരം വെളുത്താല് പെരുന്നാളാണല്ലൊ..
എന്തേ വേഗം നേരം വെളുക്കാത്തതള്ളാ...'
പ്രായം കൂടിയ ഏതോ മൂപ്പിലാന്‍ സ്വയം കെട്ടിച്ചമച്ച വരികള്‍ കുട്ടികള്‍ക്കായി പാടിക്കൊണ്ട് പൊതുവഴി യിലൂടെ കടന്നു പോയത് അന്നാളിലെ നേരമ്പോക്ക്. പിന്നീടാ വരികള്‍ സ്വയം ഏറ്റെടുത്ത് സഹോദരങ്ങ ള്‍ക്കു മുമ്പില്‍ പാടിയത് വല്ലാത്തൊരു ഗൃഹാതുരതയോടെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു. ആ ഓര്‍മകളില്‍ നിന്നു തന്നെയാവാം ഓരോ പെരുന്നാളിനും ഇവിടെ നിന്നും പെരുന്നാള്‍ സന്തോഷമറിയിക്കാന്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ആ വരികള്‍ ഒന്നു കൂടി മൂളാന്‍ കൂടെപ്പിറപ്പുകള്‍ നിര്‍ബന്ധിക്കുന്നത്. വരികള്‍ ചെറു താണെങ്കിലും രണ്ടുമൂന്നാവര്‍ത്തിച്ച് അതിന് നീളം കൂട്ടി മുഴുമിക്കുന്നതിനു മുമ്പു തന്നെ ഫോണിന്നങ്ങേ ത്തലയ്ക്കലെ കുലുങ്ങിച്ചിരി തേങ്ങലിന്റെ ഇടര്‍ച്ചയിലവസാനിക്കും. കണ്ണീരു പടര്‍ന്ന ചിരിയോടെ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് (ഈ വരിയെഴുതുമ്പോഴും കണ്ണു നിറയുന്നു) സ്വന്തം താമസസ്ഥലത്തെ ശീതീകരണയന്ത്രത്തിന്റെ മുരള്‍ച്ചയിലേക്ക് മുഖം പൂഴ്ത്താന്‍ നടക്കുമ്പോള്‍ വേനല്‍ച്ചൂടില്‍ വെന്ത തെരുവി ല്‍ വാഹനങ്ങളുടെയും ജനസാഗരത്തിന്റെയും ഇരമ്പല്‍.
റിയാദ് നഗരത്തിന്റെ വിങ്ങലിനിടയിലും ഈ ആള്‍ക്കൂട്ടത്തിന്റെ മുഖമില്ലായ്മയ്ക്കിടയിലും പൊലിഞ്ഞു പോയ പഴയ പെരുന്നാള്‍ ഓര്‍മകള്‍ മനസ്സിന്റെ ആഴങ്ങളിലെ തെളിനീര്‍ തടാകം പോലെ വറ്റാതെ നില്‍ക്കട്ടെ.
നമ്മുടെ ആമോദങ്ങളും കൂടിച്ചേരലുകളും മണല്‍നഗരങ്ങളിലെ നരച്ച വിശ്രമകേന്ദ്രങ്ങളിലെ യാന്ത്രികമായ ഈദ്സംഗമങ്ങളില്‍ ഒതുങ്ങുമ്പോള്‍ നമ്മുടെ കൂടപ്പിറപ്പുകളും കുടുംബവും സന്തോഷത്തോടെ സുഭിക്ഷമായ പെരുന്നാള്‍ കൊണ്ടാടുന്നതില്‍ നമുക്ക് ആഹ്ളാദിക്കാം. കാരണം പല കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഉത്സവങ്ങള്‍ നഷ്ടപ്പെട്ട അനേകായിരങ്ങള്‍ ദുരിതപ്പെരുമഴയിലാണ്. ലോകം അവരുടേത് കൂടിയാണെന്ന ബോധം നമ്മിലുണ്ടാവുമ്പോള്‍ ആഘോഷങ്ങളില്‍ നമുക്കൊപ്പം നമ്മുടെ പ്രിയപ്പെട്ടവരില്ലല്ലൊ എന്ന ചെറിയ ദുഃഖം നമ്മെ നൊമ്പരപ്പെടുത്തില്ല.
മനസ്സില്‍ ഇരുട്ടു നിറഞ്ഞവര്‍ നമ്മു ടെ കണ്‍മുമ്പില്‍ വരച്ചു കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്ന സാമുദായിക ഐക്യം തകര്‍ക്കുന്ന ചിത്രങ്ങള്‍ മനുഷ്യനെയോ ചുറ്റുപാടുകളെയോ സ്നേഹിക്കുന്നവരുടേതല്ല എന്ന തിരിച്ചറിവ് ഇതര സമുദായ സൌഹൃദങ്ങളില്‍ പകര്‍ത്തുവാന്‍ കൂടിയുള്ളതാവണം പവിത്രമായ ഈ സുദിനത്തില്‍ നമ്മുടെ മഹനീയ കര്‍മ്മം. അതൊരു ബാധ്യതയായി ഏറ്റെടുക്കാന്‍ റമദാനില്‍ ഓരോരുത്തരും സ്വയവത്താക്കിയ ഹൃദയവിശുദ്ധി കരുത്ത് പകരട്ടെ..


ദേശാഭിമാനി പെരുന്നാള്‍ ഗള്‍ഫ് സപ്ളിമെന്റ് (10.09.2010)