Tuesday, December 21, 2010

കോഴിക്കോട്



സാമൂതിരിയുടെ പ്രൌഢ ഭൂമിക..
ചരിത്രത്തിലെവിടെയൊക്കെയോ
ഇവിടുത്തെ ഇടുങ്ങിയ തെരുവീഥികളുണ്ട്.

പ്രണയവിഷാദങ്ങള്‍ സ്വരരാഗ ധാരയായ്
നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങള്‍,
മൈലാഞ്ചിക്കരങ്ങളുടെ
ഒപ്പനത്താളങ്ങളുയര്‍ന്ന കോയത്തറവാടുകള്‍..

പാളയം റോഡിലെ
സ്വര്‍ണ്ണത്തിളക്കമുള്ള വെയിലിനു
വല്ലാത്തൊരു ഗന്ധമാണ്.
താഴെ പാളയം
ചീഞ്ഞ മാങ്ങയും തക്കാളിയുമായ് നാറുമ്പോള് ‍
വലിയങ്ങാടി ചായപ്പൊടിയുടേയും
ബസുമതി അരിയുടേയും ഗന്ധമാണ്.

മിഠായ് തെരുവ്..
അലങ്കാരദീപങ്ങളില്‍ മുങ്ങിത്താണ്..,
ഉറക്കമിളച്ചിരുന്ന്.. അതിഥികളെ സ്വീകരിച്ച്..
പ്രതാപം മായാതെ കോഴിക്കോടിന്റെ പ്രൌഢിയെ പേറുന്നു.

ഹല്‍വ ബസാര്‍..
ഭൂമിയില്‍ മറ്റെവിടെയെങ്കിലും
ഹല്‍വയ്ക്ക് മാത്രമായൊരു ബസാറുണ്ടെന്ന്പറയുന്നവന്‍ മുഴുഭ്രാന്തന്‍.
ഗണ്ണി സ്ട്രീറ്റ്..
കീറച്ചാക്കു പോലെ ഇഴ പൊട്ടിയ ജന്‍മങ്ങളുടേതെന്നാരോ പാടുന്നു.
കൊപ്ര ബസാര്‍..
പേര് പോലെ തന്നെഉണങ്ങി ഈച്ചയാര്‍ത്ത്..

കല്ലായിപ്പുഴ..
അവളിന്ന് മണവാട്ടിയല്ല..
കൂനിക്കൂടിയൊഴുകുന്ന പടുവൃദ്ധ.
തളിക്കുളം..
വിനായക ക്ഷേത്രത്തിന്റെ നിഴല്‍ വീഴുന്ന
സുഖക്കാഴ്ച.
നഗരത്തിന്റെ മണവാട്ടികള്‍
‍കുളിച്ചീറന്‍ മാറുന്നത്
ഓളങ്ങളുടെ ദുര്യോഗമെന്നാരുമറിയുന്നില്ല.
ചതുരമെന്ന പച്ചത്തുരുത്തിനരികെ
തെളിനീരിളകുന്ന മാനാഞ്ചിറ..
വേനല്‍ കത്തുമ്പോള്‍ നഗരത്തിന്റെ കുടിനീരാണിത്.
മാവൂര്‍ റോഡ്..
ചെളിക്കുണ്ടായിരുന്നെന്ന് പഴമക്കാര്‍..
ആരവങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന നഗരഹൃദയം.അഭിനവ സംസ്ക്കാരം..
നെടുവീര്‍പ്പുകലുതിര്‍ത്ത് സത്യത്തിന്റെ തുറമുഖം കടലെടുക്കുന്നതായ് വാര്‍ത്തയോതുമ്പോള്‍..

നന്‍മയുടെ നങ്കൂരത്തിന് തുരുമ്പെടുത്തതായ് പരിതപിക്കുമ്പോഴും

നന്മയുടെ നിഴലിനിയും ബാക്കിയിവിടെയുണ്ടെന്നറിയുക..!

2 comments:

  1. നഗരത്തിലെ എല്ലാ അഴുക്കകളും വൃത്തിയാക്കുന്ന കുറ്റിച്ചിറ മറന്നത് ശരിയായില്ല ------------സുബ്രഹ്മണ്യന്‍ ടി ആര്‍

    ReplyDelete
  2. നന്നായിരിക്കുന്നു .
    എഴുപതുകളില്‍ താങ്കള്‍ സൂചിപ്പിച്ച പ്രദേശങ്ങളിലൂടെ, കോഴിക്കോട് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന കാലത്ത് സായാഹ്ന സവാരി നടത്തിയതും മറ്റും ഓര്‍മയിലേക്ക് വീണ്ടും ഒളി വീശുന്നു .തളി, ചാലപ്പുറം എന്നിവിടങ്ങിലായിരുന്നു എന്റെ താമസം. അന്നത്തെ സര്‍വകലാശാല യുനിയന്‍ ഭാരവാഹികള്‍,അവരില്‍ ചിലര്‍ പിന്നീട് മന്ത്രിമാരും എം പി മാരും എം.എല്‍ .എ. മാരുമായി. ശ്രീ വി. രാജഗോപാല്‍ ആയിരുന്നു അന്ന് ചെയര്‍മാന്‍ .അദ്ദേഹം ഇപ്പോള്‍ മാതൃഭൂമി പത്രാടിപ സമിതിയില്‍ ഉണ്ടെന്നാണ് തോന്നുന്നത്.

    ReplyDelete