Saturday, December 11, 2010

ഒറ്റപ്പെടുന്നവന്റെ ആത്മഗതങ്ങള്‍


പ്രവാസജീവിതം നമുക്ക് ഒത്തിരി യാതനകള്‍ തരുന്നു എന്നതിനേക്കാള്‍ ഏറെ സൌഭാഗ്യങ്ങളും വെച്ചു നീട്ടുന്നുണ്ട്. നാടിന്റെ പച്ചപ്പും സന്തോഷങ്ങളും നഷ്ടപ്പെടുന്നതിന്റെ ആകുലത ഒരു വശത്ത് നീറുമ്പോള്‍ നേട്ടങ്ങളുടെ കൈയൊപ്പുകളും ഈ വാഴ്വില്‍ പതിയുന്നുണ്ട്. ജീവിത നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും ഗള്‍ഫ് ജീവിതം വിരസവും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമാണെന്ന് കുറിക്കപ്പെടുമ്പോള്‍ സാമാന്യ ഭൂരിപക്ഷത്തിന് മറിച്ചൊര ഭിപ്രായം ഉണ്ടാവാനിടയില്ല.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, നാട്ടിലെ സ്വന്തം കുടുംബപ്രശ്നങ്ങള്‍, വര്‍ഷങ്ങളായിട്ടും ജീവി ക്കുന്ന ദേശത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുക, ഒപ്പം മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെയ്ക്കപ്പെടാന്‍ വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്ന സുഹൃത്തിനെ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെ വല്ലാത്തൊരു അലട്ടലായി നമ്മോടൊപ്പ മുണ്ടാകും.
സ്വന്തം പ്രയാസങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരത്താണിയില്ലാത്ത അവസ്ഥ തീര്‍ത്തും ഭീകരമാണ്. അതിനു തക്ക മനസ്സടുപ്പങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മില്‍ പലരും പരാജിതരുമാണ്.
ഞാനെന്തിനാണ് എന്റെ പ്രയാസങ്ങളും വിഷമങ്ങളും അപരനെ അറിയിക്കുന്നത് എന്ന ചിന്ത യാണ് ആദ്യം സ്വയം വന്നു പൊതിയുക. ഇനി, ജീവിതത്തിലെ ഇഴയടുപ്പങ്ങളായി തോന്നുന്ന വരോട് മനസ്സു തുറന്ന് അല്‍പ്പം ആശ്വാസം കണ്ടെത്താമെന്ന് കരുതുന്ന നേരത്ത് ഉരല് ചെന്ന് ചെണ്ടയോട് സങ്കടമോതുന്ന അവസ്ഥാവിശേഷങ്ങളാവും മനസ്സിലോടിയെത്തുക.
സഹപ്രവര്‍ത്തകന്റെയോ, സഹമുറിയന്റെയോ വിഷമങ്ങളും ജീവിത പായ്യാരങ്ങളും തൊട്ടു മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ അതിന് കാതു കൊടുക്കാന്‍ നേരമില്ലാതെ നമുക്ക് ചുറ്റുമുള്ളവരി ല്‍ പലരും പരക്കം പായുകയാണ്. സ്വന്തം വേദനകള്‍ കേള്‍ക്കാന്‍, ആശ്വസിപ്പിക്കലിന്റെ തേന്‍ പുരട്ടാന്‍ ഒരു മനസ്സ് തന്നോടൊപ്പമില്ലാതെ പലരും വിഷാദരോഗികളും ഏകാകികളുമായി മാറു മ്പോള്‍ ദൈവഭൂമിയിലെ പ്രജളെന്ന് സ്വയമവരോതിതരായി, സ്നേഹത്തിന്റേയും അനുകമ്പയു ടെയും വക്താക്കളാണെന്ന് മുക്രയിട്ട് നമ്മളൊക്കെ മേനി നടിച്ചു നടക്കും.
ഈ മേനി നടിക്കലിനപ്പുറം നമുക്കിടയിലെ എത്ര പേരുണ്ട് അന്യന്റെ മാനസിക നൊമ്പരങ്ങള്‍ ക്ക് കണ്ണും കാതും കൊടുക്കുന്നവര്‍.
ഇതെഴുതുമ്പോള്‍ സുഹൃത്തു കൂടിയായ ഡോക്ടര്‍ പറഞ്ഞ കാര്യമാണ് മനസ്സിലേക്കോടിയെ ത്തുന്നത്.
തന്നെ തേടിയെത്തുന്ന രോഗികളുടെ (തൊണ്ണൂറു ശതമാനവും ഔഷധചികിത്സ ആവശ്യമില്ലാ ത്തവരാണെന്ന് ഡോക്ടറുടെ സാക്ഷ്യമൊഴി) യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് ചെവി കൊടുക്കാന്‍ ഗള്‍ഫ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന എത്ര ശതമാനം ഡോക്ടര്‍മാര്‍ തയ്യാറാണെന്നുള്ളത് ഒരന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്‍പ്പം മാനസിക വിഷമമുണ്ടാകുമെന്നത് അനിഷേധ്യമായ സത്യം.
രോഗവിവരണങ്ങളോടൊപ്പം അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും ജീവിതപ്രാരാബ്ധങ്ങളെ പ്പറ്റിയും മനസ്സടുപ്പത്തോടെ ആരായുമ്പോള്‍ വ്യക്തമാകും വരുന്നയാളുടെ ദേഹാസ്വസ്ഥ്യത്തി ന്റേയും മാനസികവ്യഥകളെയും പറ്റി. അതറിയാനും കേള്‍ക്കാനുമുള്ള പലരുടെയും സമയ ക്കുറവും വൈമനസ്യവും കാണിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്നമറിയാതെ ചികിത്സ നിര്‍ണ്ണയ വും മറ്റും നടക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ഏറി വരുന്ന വിഷാദരോഗവും കൂടാതെ ആത്മഹത്യാ പ്രവണതയും ഒക്കെ ഉള്ളവരായ ഒരു മഹാഭൂരിപക്ഷമായി പ്രവാസി മലയാളിസമൂഹം മാറുന്നതിന്റെ പൊരുളിലേക്ക് മുഖ്യധാരാ സമൂഹം കണ്ണയക്കാത്തതെന്താണെന്ന് ഏറെ ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊ ന്നുമില്ലെന്നാണ് പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി കച്ച കെട്ടിയിറങ്ങിയവര്‍ പോലും ഇതിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേ ണ്ടത്.
സമകാലീന സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സാഹിത്യ ചലനങ്ങളെക്കുറിച്ചും മറ്റു സമസ്ത മേഖലകളിലെയും അതാതു കാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച യും സംവാദങ്ങളും സംഘടിപ്പിക്കുന്ന നമ്മളൊക്കെ സാധാരണക്കാരായ പ്രവാസികളുടെ ഇത്ത രം ദുരിതങ്ങളെക്കുറിച്ച് മനഃസംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ എത്രമാത്രം ബോധവാന്‍മാരാണ്?
കടങ്ങളും കടമകളും തീര്‍ക്കാന്‍ കടല്‍ കടന്നെത്തിയവന്‍ താങ്ങാവുന്നതിലപ്പുറം ബാധ്യതക ളും മാറാരോഗങ്ങളുമായി മരുഭൂമിയുടെ വിജനതയില്‍, ലേബര്‍ക്യാമ്പിന്റെ ഇരുള്‍കോണുക ളില്‍ ഭീമാകാരമായി വളരുന്ന ഗള്‍ഫ് നഗരത്തിലെ ആള്‍ക്കൂട്ടത്തിന്‍ അര്‍ത്ഥമില്ലായ്മകളില്‍ സ്വത്വം നഷ്ടപ്പെടുന്നതിലെ ആധികളുമായി ലക്ഷ്യം നഷ്ടപ്പെട്ട് ഒഴുകുമ്പോള്‍ സാന്ത്വനത്തിന്റെ കുഞ്ഞു ചങ്ങാടമായി ഒപ്പമൊഴുകാന്‍ നമ്മളൊക്കെ ഒരിത്തിരി സമയം കണ്ടെത്തിയാല്‍ ഈ ഭൂമികയിലെ ചിലര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുമെന്നതില്‍ ആശങ്ക വേണ്ട.


വാല്‍ക്കഷ്ണം:

'ഏതു യാതനയും നമുക്ക് സഹിക്കാം.
പങ്കു വെയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍.
ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്ക്കരമാണെന്നോ.
വാക്കുകള്‍ നമ്മുടെയുള്ളില്‍ കിടന്നു പരല്‍മീനുകളെപ്പോലെ പിടയ്ക്കും.
പങ്കു വെയ്ക്കപ്പെടാനാവാത്ത വികാരങ്ങള്‍ വിങ്ങുകയും പതയുകയും വായില്‍ നിന്നു നുരയുക യും ചെയ്യും.
സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം.
നമുക്കു നേരെ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം.
നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാകണം.
ഇല്ലെങ്കില്‍ പിന്നതു ഭ്രാന്തില്‍ ചെന്നാവും അവസാനിക്കുക. അല്ലെങ്കില്‍ ആത്മഹത്യയില്‍.
ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവര്‍ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം.'

('ആടുജീവിതം' എന്ന നോവലില്‍ നിന്ന്)

4 comments:

  1. touched by the thoughts , thank you for sharing

    Maliakel Sunny
    214 755 2203 USA

    ReplyDelete
  2. സത്യത്തിന്റെ നേര്‍വരമ്പുകളില്‍ ഒറ്റയാന്‍ തവളകള്‍ പേക്രോം പേക്രോം എന്ന് കരയുന്നത് ഒരു നീര്‍ക്കോലിയും കേള്‍ക്കില്ല സുഹൃത്തേ....

    വേദനിക്കുന്നവന്‍ പ്രവാസി. വേദനിപ്പിക്കുന്നവനും.

    'ന്നാലും, ന്‍റെ ബദരീങ്ങളേ.... ഈ റഫീഖിന്റെ ഒരു കാര്യം.

    ReplyDelete
  3. ഇനിയെത്രകാലമീ ആടുജീവിതം

    ReplyDelete
  4. റഫീക്ക് മാഷിന്റെ ആത്മഭാഷണങ്ങളുടെ അവസാനത്തെ ഖണ്ഡിക വെറും അസംബന്ധമാണെന്ന് പറയാതെ വയ്യ. ഇത് സാമൂഹ്യ സാംസ്കാരിക രംഗത്തെ "സജീവ സാന്നിധ്യമായ" ഒരാളില്‍ നിന്നും ഉണ്ടായതാണോ എന്ന് സംശയം പോലുമുണ്ടാക്കുന്നു. "സമകാലീന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാഹിത്യ" ചലനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന് പറയുന്നത് ആകാശ കുസുമങ്ങളെക്കുറിച്ചാണോ മാഷേ? പ്രവാസിജീവിതത്തിന്റെ നേര്‍ക്കാഴ്ചകളല്ലേ "സമകാലീന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാഹിത്യ" രംഗങ്ങളില്‍ പ്രതിഫലിക്കുന്നത്? കണ്ണും കാതും തുറന്നിരുന്നു കൊണ്ട് തന്റെ ചുറ്റുപാടും നിരീക്ഷിക്കുന്ന ഒരു എഴുത്തുകാരന് ഇതൊന്നും തന്റെ എഴുത്തില്‍ കൂടിയും സാംസ്കാരിക സാഹിത്യ പ്രവര്‍ത്തനത്തില്‍ കൂടിയും പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ വേഷം കെട്ടിനടക്കുന്നതിനു എന്തെങ്കിലും അര്‍ത്ഥമുണ്ടോ?

    കൂട്ടത്തില്‍ ഒരു കാര്യംകൂടി. സഹപ്രവര്‍ത്തകന്റെ/സഹമുറിയന്റെ അല്ലെങ്കില്‍ അവിചാരിതമായി തെരുവില്‍ വച്ച് കണ്ടു മുട്ടുന്ന ഒരുത്തന്റെ ആത്മനൊമ്പരങ്ങളുടെ കെട്ടഴിക്കുമ്പോള്‍ നാം നിശബ്ദ കേള്‍വിക്കാരനായാല്‍ മാത്രം പോരെന്നും അങ്ങനെ ചെയ്യുമ്പോള്‍ അതൊരു താല്‍ക്കാലിക ലേപനചികിത്സമാത്രമായി അവസാനിക്കുമെന്നും അതുകൊണ്ട് പ്രശ്നങ്ങളുടെ മൂലകാരണങ്ങ ളിലേക്കൊരു എത്തിനോട്ടം നടത്താന്‍ ശ്രമിക്കണമെന്നും "അത്താണി" കളോടൊരഭ്യര്‍ഥനമാത്രം. ഒരു പക്ഷെ നിങ്ങള്‍ക്കൊരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായേക്കാം.

    ReplyDelete