Friday, January 7, 2011

പച്ചിലച്ചിരികളോട് പറയാനുള്ളത്

‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.- ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുല കുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ് - എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ..' ഇത് ഖുര്‍ആനിലെ ഒരു വാക്യമാണ്. ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാ ക്കളില്‍) ഒരാളോ അവരില്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ' എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ..ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്നു നീ പറയുകയും ചെയ്യുക. (വി. ഖുര്‍ആന്‍: അദ്ധ്യായം 17. 24,25) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വാര്‍ദ്ധ്യക്യത്തില്‍ സ്വന്തം മാതാവിന് ഭക്ഷണവും ചികിത്സയും, എന്തിന് കാറ്റും വെളിച്ചവും പോലും നിഷേധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തിന്റെ പുഴുവരിക്കുന്ന കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടാനാണ് മുകളില്‍ ദൈവീകമായ വചനങ്ങളില്‍ ചിലത് കോറിയിട്ടത്. മനുഷ്യര്‍ സ്വയം ദ്വീപുകളായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് നമുക്കു ചുറ്റും തെളിയുന്ന ഇത്തരം മനുഷ്യത്വമില്ലായ്മയുടെ ചുവര്‍ചിത്രങ്ങള്‍.

പുതിയ ലോകത്തിന്റെ സ്നേഹരിഹിത്യത്തെ, പുഴുവരിക്കുന്ന ജീവനുള്ള ശവമായി സ്വന്തം മാതാവിനെ മുറിക്കുള്ളില്‍ അടച്ചിടുവാന്‍ മാത്രം മനസ്സിന്റെ നനവ് നഷ്ടപ്പെടലിനെ എന്തു പേരിട്ടാണ് നാം വിളിക്കേണ്ടത്. സൌഹൃദവും, കൂട്ടായ്മയും മാനുഷികമായ മറ്റെല്ലാ വിചാരങ്ങളെയും കച്ചവടക്കണ്ണുകളോടെ മാത്രം നോക്കിക്കാണുകയും തനിക്ക് ലാഭമില്ലാത്ത ഇടങ്ങളിലേക്ക് മനുഷ്യന്‍ നോട്ടമെത്തിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളീയാവസ്ഥ മലയാളി എങ്ങനെയാണ് പാകപ്പെടുത്തി യത്..?

കേരളം മറ്റെല്ലാ ഇടങ്ങളേക്കാളും വിദ്യാഭ്യാസപരമായും ചിന്താപരമായും സാംസ്ക്കാരികമായും മുന്നിട്ടു നില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി അഹങ്കരിച്ചിരുന്ന മലയാള മനസ്സുകള്‍ തനിക്കു ജന്‍മം നല്‍കിയ ഗര്‍ഭപാത്രത്തെ തെരുവിലേക്ക് വലിച്ചെറിയാന്‍ മാത്രം ചെറുതായിപ്പോയത് എങ്ങനെയാണ്..?

കണ്ണീര്‍ പരമ്പരയും റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടില്‍ മത്സരാര്‍ത്ഥികളുടെ വിട വാങ്ങല്‍ കാഴ്ചകളിലും ഹൃദയം നൊന്ത് കണ്ണീര്‍ വാര്‍ക്കുന്ന സാദാ മലയാളി സ്വന്തം കണ്‍മുമ്പിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്ള് കലങ്ങാത്തെന്തു കൊണ്ടാണ്..?

‘ഞാനും എന്റെ കെട്ട്യോനും പിന്നെയൊരു മൊബൈല്‍ ഫോണും’ മതിയെന്ന പുതിയ ജീവിതമുദ്രാവാക്യത്തിലെത്തി നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും പുതുപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ നമുക്കിടയില്‍ നിന്നും തിരിച്ചറിവിന്റെ അടയാളമായി നില്‍ക്കാന്‍ കെല്‍പ്പുള്ള മനസ്സുകള്‍ എവിടെയാണുള്ളത്..?

അണുകുടുംബ വ്യവസ്ഥിതിയുടെ പുഴുവരിക്കുന്ന അവസ്ഥയിലൂടെ നന്‍മ എന്തെന്നും സത് പ്രവര്‍ത്തി ഏതെന്നും തിരിച്ചറിവില്ലാത്ത മുഖം നഷ്ടപ്പെട്ട സമൂഹം വിരാജിക്കുന്ന കെട്ട കാലത്തിലൂടെയുള്ള ഈ പ്രയാണത്തിന്റെ അനന്തരഫലങ്ങളറിയാന്‍ വല്ലാതെ കാലങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നു തന്നെയാണ് നാമോര്‍ക്കേണ്ടത്. പുതിയ തലമുറ നരച്ചവരും ചടച്ചവരുമായിത്തീരുന്ന നമ്മെ പുഴുവരിക്കാനുള്ള അവസ്ഥയിലേക്ക് തള്ളി വിടില്ല. ഒരു പക്ഷെ, അതിനു മുമ്പേ തന്നെ ജീവനോടെ കുഴിച്ചു മൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള മനക്കരുത്ത് അവര്‍ നേടിയിരിക്കും.ഇന്നത്തെ സമൂഹം പ്രായമായവരോട് കാണിക്കുന്ന നിന്ദയും കടപ്പാടില്ലായ്മയും കണ്ടു കൊണ്ടാണ് പുതുതലമുറ വളരുന്നത്. ഇന്ന് നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറുന്നതിനേക്കാള്‍ ദാരുണാനുഭവങ്ങള്‍ മാത്രമേ അവരില്‍ നിന്നും നാം പ്രതീക്ഷിക്കാവൂ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, സ്നേഹത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ഇന്ന് വൃദ്ധരോടും ശരണമറ്റവരോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണം. നമ്മേക്കാള്‍ മുമ്പേ ലോകം കണ്ട അവരെ വേണ്ട രീതിയില്‍ ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്‍മാറാതിരിക്കണം. വാര്‍ദ്ധക്യം എന്നത് നാളെ നമ്മുടെയും അവസ്ഥയാണ്. തെരുവിന്റെ കാരുണ്യമില്ലായ്മയിലേക്കോ വൃദ്ധസദനത്തിലെ ഒറ്റപ്പെടലിലേക്കോ കാലം നമ്മെ എടുത്തെറിയാതിരിക്കണമെങ്കില്‍ നമ്മള്‍ ചില തിരുത്തലുകള്‍ ജീവിതത്തില്‍ വരുത്തിയേ പറ്റൂ.

വൃദ്ധരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കണമെന്നുള്ള നിയമനിര്‍മ്മാണം വരെ നടത്തിയ നാടാണ് നമ്മുടേത്. ബാഹ്യമായ അത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്നല്ല സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ നാം ഏറ്റെടുക്കേണ്ടത്. പത്തുമാസം ചുമന്നു പ്രസവിക്കുകയും നമ്മു ടെ ഓരോ ചലനങ്ങളും തിരിച്ചറിഞ്ഞ് നമുക്ക് വേണ്ടതൊക്കെ നല്‍കി നമുക്കായി ജീവിച്ച ഒരു ജന്‍മത്തെ നമ്മുടെ കൈത്താങ്ങ് ആവശ്യമായി വരുന്ന ഘട്ടത്തില്‍ മലിന വസ്തു കുപ്പത്തൊട്ടിയിലേക്ക് എടുത്തെറിയുന്ന ലാഘവത്തോടെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത് സാംസ്ക്കാരികമായി ഉന്നമനം കാത്തു സൂക്ഷിക്കുന്ന കേരളസമൂഹം പിന്തുടര്‍ന്നു പോന്നി രുന്ന സാമാന്യരീതിക്ക് ചേര്‍ന്നതല്ല. അതിനുമപ്പുറം വിവേകശാലിയായ മനുഷ്യന്‍ ഭൂമിയിലെ ഇതര ജീവിയേക്കാളും തരം താഴുന്ന രീതിയില്‍ അധമരാകുന്ന പ്രവര്‍ത്തിയില്‍ നിന്നും മുക്ത രാകേണ്ടതു കൂടിയുണ്ട്.ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഭാണ്ഡം കണക്കെ അനാഥരാകുന്ന വൃദ്ധജനങ്ങളുടെ സംസ്ഥാനമായി കേരളം മാറാതിരിക്കണമെങ്കില്‍ ഇത്തിരിയെങ്കിലും മനസ്സിനുള്ളില്‍ അവരോടുള്ള അനുകമ്പയും അവരുടെ നിസ്സഹയാവസ്ഥയും മനസ്സിലാക്കി അവരുടെ ശേഷിക്കുന്ന സുദിനങ്ങള്‍ വര്‍ണ്ണപ്പകിട്ടും സന്തോഷപൂരിതവുമാക്കേണ്ടത് നമ്മുടെ ഓരോരുത്തരു ടെയും ബാധ്യതയാണെന്ന സത്യം എന്നും ഉള്ളിലുണ്ടാവുമെങ്കില്‍ ഇനിയൊരു വൃദ്ധമനസ്സി ന്റെയും കണ്ണുനീര്‍ വെളിച്ചം കേറാമുറിയുടെ മൂലയിലോ തെരുവിലോ വീണു ചിതറില്ല എന്നു നമുക്കുറപ്പിക്കാനാവും.

പഴുത്തില വീഴുമ്പോള്‍ പച്ചിലയുടെ ചിരിയായി നമ്മുടെ ചലനങ്ങള്‍ കാലം വരയ്ക്കാതിരിക്കണ മെങ്കില്‍ നാം ഇനിയെങ്കിലും മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥമറിഞ്ഞു ജീവിച്ചേ മതിയാകൂ. വൃദ്ധജനങ്ങള്‍ വീടിന്റെ ഐശ്വര്യവും വെളിച്ചവും കാവലുമാണെന്ന ശുഭചിന്ത നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ എന്നുമുണ്ടാകട്ടെ.