Tuesday, December 21, 2010

കോഴിക്കോട്



സാമൂതിരിയുടെ പ്രൌഢ ഭൂമിക..
ചരിത്രത്തിലെവിടെയൊക്കെയോ
ഇവിടുത്തെ ഇടുങ്ങിയ തെരുവീഥികളുണ്ട്.

പ്രണയവിഷാദങ്ങള്‍ സ്വരരാഗ ധാരയായ്
നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങള്‍,
മൈലാഞ്ചിക്കരങ്ങളുടെ
ഒപ്പനത്താളങ്ങളുയര്‍ന്ന കോയത്തറവാടുകള്‍..

പാളയം റോഡിലെ
സ്വര്‍ണ്ണത്തിളക്കമുള്ള വെയിലിനു
വല്ലാത്തൊരു ഗന്ധമാണ്.
താഴെ പാളയം
ചീഞ്ഞ മാങ്ങയും തക്കാളിയുമായ് നാറുമ്പോള് ‍
വലിയങ്ങാടി ചായപ്പൊടിയുടേയും
ബസുമതി അരിയുടേയും ഗന്ധമാണ്.

മിഠായ് തെരുവ്..
അലങ്കാരദീപങ്ങളില്‍ മുങ്ങിത്താണ്..,
ഉറക്കമിളച്ചിരുന്ന്.. അതിഥികളെ സ്വീകരിച്ച്..
പ്രതാപം മായാതെ കോഴിക്കോടിന്റെ പ്രൌഢിയെ പേറുന്നു.

ഹല്‍വ ബസാര്‍..
ഭൂമിയില്‍ മറ്റെവിടെയെങ്കിലും
ഹല്‍വയ്ക്ക് മാത്രമായൊരു ബസാറുണ്ടെന്ന്പറയുന്നവന്‍ മുഴുഭ്രാന്തന്‍.
ഗണ്ണി സ്ട്രീറ്റ്..
കീറച്ചാക്കു പോലെ ഇഴ പൊട്ടിയ ജന്‍മങ്ങളുടേതെന്നാരോ പാടുന്നു.
കൊപ്ര ബസാര്‍..
പേര് പോലെ തന്നെഉണങ്ങി ഈച്ചയാര്‍ത്ത്..

കല്ലായിപ്പുഴ..
അവളിന്ന് മണവാട്ടിയല്ല..
കൂനിക്കൂടിയൊഴുകുന്ന പടുവൃദ്ധ.
തളിക്കുളം..
വിനായക ക്ഷേത്രത്തിന്റെ നിഴല്‍ വീഴുന്ന
സുഖക്കാഴ്ച.
നഗരത്തിന്റെ മണവാട്ടികള്‍
‍കുളിച്ചീറന്‍ മാറുന്നത്
ഓളങ്ങളുടെ ദുര്യോഗമെന്നാരുമറിയുന്നില്ല.
ചതുരമെന്ന പച്ചത്തുരുത്തിനരികെ
തെളിനീരിളകുന്ന മാനാഞ്ചിറ..
വേനല്‍ കത്തുമ്പോള്‍ നഗരത്തിന്റെ കുടിനീരാണിത്.
മാവൂര്‍ റോഡ്..
ചെളിക്കുണ്ടായിരുന്നെന്ന് പഴമക്കാര്‍..
ആരവങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന നഗരഹൃദയം.അഭിനവ സംസ്ക്കാരം..
നെടുവീര്‍പ്പുകലുതിര്‍ത്ത് സത്യത്തിന്റെ തുറമുഖം കടലെടുക്കുന്നതായ് വാര്‍ത്തയോതുമ്പോള്‍..

നന്‍മയുടെ നങ്കൂരത്തിന് തുരുമ്പെടുത്തതായ് പരിതപിക്കുമ്പോഴും

നന്മയുടെ നിഴലിനിയും ബാക്കിയിവിടെയുണ്ടെന്നറിയുക..!

Saturday, December 11, 2010

ഒറ്റപ്പെടുന്നവന്റെ ആത്മഗതങ്ങള്‍


പ്രവാസജീവിതം നമുക്ക് ഒത്തിരി യാതനകള്‍ തരുന്നു എന്നതിനേക്കാള്‍ ഏറെ സൌഭാഗ്യങ്ങളും വെച്ചു നീട്ടുന്നുണ്ട്. നാടിന്റെ പച്ചപ്പും സന്തോഷങ്ങളും നഷ്ടപ്പെടുന്നതിന്റെ ആകുലത ഒരു വശത്ത് നീറുമ്പോള്‍ നേട്ടങ്ങളുടെ കൈയൊപ്പുകളും ഈ വാഴ്വില്‍ പതിയുന്നുണ്ട്. ജീവിത നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും ഗള്‍ഫ് ജീവിതം വിരസവും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമാണെന്ന് കുറിക്കപ്പെടുമ്പോള്‍ സാമാന്യ ഭൂരിപക്ഷത്തിന് മറിച്ചൊര ഭിപ്രായം ഉണ്ടാവാനിടയില്ല.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, നാട്ടിലെ സ്വന്തം കുടുംബപ്രശ്നങ്ങള്‍, വര്‍ഷങ്ങളായിട്ടും ജീവി ക്കുന്ന ദേശത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുക, ഒപ്പം മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെയ്ക്കപ്പെടാന്‍ വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്ന സുഹൃത്തിനെ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെ വല്ലാത്തൊരു അലട്ടലായി നമ്മോടൊപ്പ മുണ്ടാകും.
സ്വന്തം പ്രയാസങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരത്താണിയില്ലാത്ത അവസ്ഥ തീര്‍ത്തും ഭീകരമാണ്. അതിനു തക്ക മനസ്സടുപ്പങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മില്‍ പലരും പരാജിതരുമാണ്.
ഞാനെന്തിനാണ് എന്റെ പ്രയാസങ്ങളും വിഷമങ്ങളും അപരനെ അറിയിക്കുന്നത് എന്ന ചിന്ത യാണ് ആദ്യം സ്വയം വന്നു പൊതിയുക. ഇനി, ജീവിതത്തിലെ ഇഴയടുപ്പങ്ങളായി തോന്നുന്ന വരോട് മനസ്സു തുറന്ന് അല്‍പ്പം ആശ്വാസം കണ്ടെത്താമെന്ന് കരുതുന്ന നേരത്ത് ഉരല് ചെന്ന് ചെണ്ടയോട് സങ്കടമോതുന്ന അവസ്ഥാവിശേഷങ്ങളാവും മനസ്സിലോടിയെത്തുക.
സഹപ്രവര്‍ത്തകന്റെയോ, സഹമുറിയന്റെയോ വിഷമങ്ങളും ജീവിത പായ്യാരങ്ങളും തൊട്ടു മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ അതിന് കാതു കൊടുക്കാന്‍ നേരമില്ലാതെ നമുക്ക് ചുറ്റുമുള്ളവരി ല്‍ പലരും പരക്കം പായുകയാണ്. സ്വന്തം വേദനകള്‍ കേള്‍ക്കാന്‍, ആശ്വസിപ്പിക്കലിന്റെ തേന്‍ പുരട്ടാന്‍ ഒരു മനസ്സ് തന്നോടൊപ്പമില്ലാതെ പലരും വിഷാദരോഗികളും ഏകാകികളുമായി മാറു മ്പോള്‍ ദൈവഭൂമിയിലെ പ്രജളെന്ന് സ്വയമവരോതിതരായി, സ്നേഹത്തിന്റേയും അനുകമ്പയു ടെയും വക്താക്കളാണെന്ന് മുക്രയിട്ട് നമ്മളൊക്കെ മേനി നടിച്ചു നടക്കും.
ഈ മേനി നടിക്കലിനപ്പുറം നമുക്കിടയിലെ എത്ര പേരുണ്ട് അന്യന്റെ മാനസിക നൊമ്പരങ്ങള്‍ ക്ക് കണ്ണും കാതും കൊടുക്കുന്നവര്‍.
ഇതെഴുതുമ്പോള്‍ സുഹൃത്തു കൂടിയായ ഡോക്ടര്‍ പറഞ്ഞ കാര്യമാണ് മനസ്സിലേക്കോടിയെ ത്തുന്നത്.
തന്നെ തേടിയെത്തുന്ന രോഗികളുടെ (തൊണ്ണൂറു ശതമാനവും ഔഷധചികിത്സ ആവശ്യമില്ലാ ത്തവരാണെന്ന് ഡോക്ടറുടെ സാക്ഷ്യമൊഴി) യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് ചെവി കൊടുക്കാന്‍ ഗള്‍ഫ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന എത്ര ശതമാനം ഡോക്ടര്‍മാര്‍ തയ്യാറാണെന്നുള്ളത് ഒരന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്‍പ്പം മാനസിക വിഷമമുണ്ടാകുമെന്നത് അനിഷേധ്യമായ സത്യം.
രോഗവിവരണങ്ങളോടൊപ്പം അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും ജീവിതപ്രാരാബ്ധങ്ങളെ പ്പറ്റിയും മനസ്സടുപ്പത്തോടെ ആരായുമ്പോള്‍ വ്യക്തമാകും വരുന്നയാളുടെ ദേഹാസ്വസ്ഥ്യത്തി ന്റേയും മാനസികവ്യഥകളെയും പറ്റി. അതറിയാനും കേള്‍ക്കാനുമുള്ള പലരുടെയും സമയ ക്കുറവും വൈമനസ്യവും കാണിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്നമറിയാതെ ചികിത്സ നിര്‍ണ്ണയ വും മറ്റും നടക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ഏറി വരുന്ന വിഷാദരോഗവും കൂടാതെ ആത്മഹത്യാ പ്രവണതയും ഒക്കെ ഉള്ളവരായ ഒരു മഹാഭൂരിപക്ഷമായി പ്രവാസി മലയാളിസമൂഹം മാറുന്നതിന്റെ പൊരുളിലേക്ക് മുഖ്യധാരാ സമൂഹം കണ്ണയക്കാത്തതെന്താണെന്ന് ഏറെ ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊ ന്നുമില്ലെന്നാണ് പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി കച്ച കെട്ടിയിറങ്ങിയവര്‍ പോലും ഇതിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേ ണ്ടത്.
സമകാലീന സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സാഹിത്യ ചലനങ്ങളെക്കുറിച്ചും മറ്റു സമസ്ത മേഖലകളിലെയും അതാതു കാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച യും സംവാദങ്ങളും സംഘടിപ്പിക്കുന്ന നമ്മളൊക്കെ സാധാരണക്കാരായ പ്രവാസികളുടെ ഇത്ത രം ദുരിതങ്ങളെക്കുറിച്ച് മനഃസംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ എത്രമാത്രം ബോധവാന്‍മാരാണ്?
കടങ്ങളും കടമകളും തീര്‍ക്കാന്‍ കടല്‍ കടന്നെത്തിയവന്‍ താങ്ങാവുന്നതിലപ്പുറം ബാധ്യതക ളും മാറാരോഗങ്ങളുമായി മരുഭൂമിയുടെ വിജനതയില്‍, ലേബര്‍ക്യാമ്പിന്റെ ഇരുള്‍കോണുക ളില്‍ ഭീമാകാരമായി വളരുന്ന ഗള്‍ഫ് നഗരത്തിലെ ആള്‍ക്കൂട്ടത്തിന്‍ അര്‍ത്ഥമില്ലായ്മകളില്‍ സ്വത്വം നഷ്ടപ്പെടുന്നതിലെ ആധികളുമായി ലക്ഷ്യം നഷ്ടപ്പെട്ട് ഒഴുകുമ്പോള്‍ സാന്ത്വനത്തിന്റെ കുഞ്ഞു ചങ്ങാടമായി ഒപ്പമൊഴുകാന്‍ നമ്മളൊക്കെ ഒരിത്തിരി സമയം കണ്ടെത്തിയാല്‍ ഈ ഭൂമികയിലെ ചിലര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുമെന്നതില്‍ ആശങ്ക വേണ്ട.


വാല്‍ക്കഷ്ണം:

'ഏതു യാതനയും നമുക്ക് സഹിക്കാം.
പങ്കു വെയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍.
ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്ക്കരമാണെന്നോ.
വാക്കുകള്‍ നമ്മുടെയുള്ളില്‍ കിടന്നു പരല്‍മീനുകളെപ്പോലെ പിടയ്ക്കും.
പങ്കു വെയ്ക്കപ്പെടാനാവാത്ത വികാരങ്ങള്‍ വിങ്ങുകയും പതയുകയും വായില്‍ നിന്നു നുരയുക യും ചെയ്യും.
സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം.
നമുക്കു നേരെ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം.
നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാകണം.
ഇല്ലെങ്കില്‍ പിന്നതു ഭ്രാന്തില്‍ ചെന്നാവും അവസാനിക്കുക. അല്ലെങ്കില്‍ ആത്മഹത്യയില്‍.
ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവര്‍ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം.'

('ആടുജീവിതം' എന്ന നോവലില്‍ നിന്ന്)

Monday, October 11, 2010

എം.എസ്. ബാബുരാജ്


കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും
മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന
സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്. ബാബുരാജ്
വിഷാദഗാനങ്ങളുടെ ഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു

ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരന്‍.മലയാള സിനിമാ ഗാനങ്ങള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്താല്‍ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവര്‍ത്തി എം.എസ്. ബാബുരാജ്.ഭാവസാന്ദ്രമായ കവിതാസകലങ്ങള്‍ ശ്രവണമധുരാക്കി, കേട്ടാലും കേട്ടാലുംമതി വരാത്ത ഗാനത്തിന്‍ മണിമുത്തുകളാക്കി കൈരളിയുടെ കാതിന് വിരുന്നൂട്ടിയ ആ വിഷാദഗായകന്‍എവിടെയോ മറഞ്ഞിരുന്ന് ആസ്വാദകര്‍ക്കിഷ്ടമുള്ള മധുരലളിതഗാനങ്ങള്‍ നീട്ടിമൂളുന്നുണ്ടാവണം.പ്രണയാര്‍ച്ചനപ്പൂക്കളിറുത്ത് വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത വിരുന്നുകാരനു വേണ്ടിപൌര്‍ണ്ണമി സന്ധ്യയില്‍ പാലാഴി നീന്തിവരുന്ന, മുരളികയൂതുന്ന ആട്ടിടയന്‍.അന്യഭാഷാ ഗാനങ്ങളുടെ ഈണമനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തി യാന്ത്രികമായആലാപനത്തിന്റെ വിരസതയനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തിന്വ്യതിരിക്തമായ ഭാവതലങ്ങള്‍ സമ്മാനിച്ച ആ വലിയ കലാകാരന്‍.. കോഴിക്കോട്ടുകാരുടെ ബാബുക്കയെന്ന ബാബുരാജ്.മലയാള സിനിമാ രംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേന്‍തുള്ളിയിറ്റിച്ച് ചാലിച്ചെടുത്ത മധുരഗാനങ്ങള്‍ കാലത്തെഅതിജീവിച്ച് നിലനില്‍ക്കുന്നതിന്റെ രഹസ്യം ലാളിത്യത്തിന്റെ പട്ടുറുമാലില്‍ പൊതിഞ്ഞ രാഗധാരയില്‍സമ്പുഷ്ടമാണ് എന്നതു തന്നെ.ശാസ്ത്രീയമായി സംഗീതപഠനം നടത്തുകയോ അക്കാദമിക് തലത്തില്‍ ബിരുദമെടുക്കുകയോ ചെയ്യാത്തഅദ്ദേഹത്തിന്റെ കഴിവുകള്‍ ജന്‍മസിദ്ധമാണ് എന്നതാണ് ഇതിനു നിദാനം.വയലാര്‍ ബാബുരാജ് കൂട്ടുകെട്ടില്‍ നിന്നും ജന്‍മം കൊണ്ട നദികളില്‍ സുന്ദരി യമുന.., ഗംഗയാറൊഴുകുന്ന നാട്ടില്‍..,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്..., ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന..., സൂര്യകാന്തീ..സൂര്യകാന്തീ.. സ്വപ്നം കാണുവതാരെ... ആ നിര നീളുകയാണ്.അഞ്ജനക്കണ്ണെഴുതി.. ആലിലത്താലി ചാര്‍ത്തി.., വാസന്തപഞ്ചമി നാളില്‍..വരുമെന്നൊരു കാനാവ് കണ്ടു..., താമരക്കുമ്പിളല്ലോ മമഹൃദയം.., പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം..പാട്ടുകാരന്‍..,അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല.., ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍..., കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍...,തളിരിട്ട കിനാക്കള്‍..., താമസമെന്തേ വരുവാന്‍.. പ്രാണസഖി..., പാതിരാവില്ല പൌര്‍ണ്ണമി കന്യയ്ക്ക്..., ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ... തുടങ്ങിയ ഗാനങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളായി ഇന്നും നിലനില്‍ക്കുന്നു.ഇന്നും നമ്മളൊക്കെ കേള്‍ക്കാനിഷ്ടപ്പെടുന്ന അകലെയകലെ നീലാകാശം.., കടലേ.. നീലക്കടലേ..., തുടങ്ങി എത്ര ഗാനങ്ങളാണ് മലയാള സംഗീതലോകത്തിന് അദ്ദേഹം സമ്മാനിച്ചത്.പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും വിനയം കൈവെടിയാതെ ഒരു സാധാരണക്കാരനായിതന്നെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു. സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും സ്നേഹം നടിച്ചവര്‍ക്കുവേണ്ടിയും കയ്യയച്ച് സഹായങ്ങള്‍ നല്‍കി.
കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വംഅവസരങ്ങള്‍ ഉത്സവമായി ആഘോഷിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടി പല കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെശോഭനമായ ഭാവിക്കു അദ്ദേഹം ഊന്നല്‍ നല്‍കിയില്ല. അതുകൊണ്ടു തന്നെ പ്രശസ്തനായ ആ സംഗീതകാരന്റെകുടുംബം കോഴിക്കോട് നഗരസമീപം പന്നിയങ്കരയിലെ കൊച്ചുഭവനത്തില്‍ സാധാരണക്കാരായി ജീവിക്കുന്നു.കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക്ഈണം പകര്‍ന്ന സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്.ബാബുരാജ് വിഷാദഗാനങ്ങളുടെഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു.

Thursday, September 30, 2010

അസുരകാലത്തിന്റെ നിരാര്‍ദ്രതകള്‍



റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.
സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.
-------------------------------------------
നഗരക്കൊയ്ത്ത് എന്ന കഥാപുസ്തകത്തെ കുറിച്ച് റഹ് മാന്‍ കിടങ്ങയം എഴുതിയ വായനാനുഭവം
-------------------------------------------


നമ്മുടെ സാഹിത്യ മാധ്യമങ്ങള്‍ക്ക് കാലം വരുത്തിയ ക്ഷതങ്ങളില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ട സാഹിത്യരൂപമാണ് ചെറുകഥ.അതാതുകാലത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ ജീര്‍ണ്ണതള്‍ക്കെതിരെ പൊരുതി നിന്നു എന്നിടത്താണ് അതിന്റെ പ്രസക്തി.തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും ഒരു അക്ഷരയുദ്ധമായി നില്‍ക്കുമ്പോള്‍ തന്നെ പരീക്ഷണാത്മകമായ വഴക്കങ്ങള്‍ക്കു വിധേയമായി നിത്യയവ്വനം സൂക്ഷക്കാനും ഈ സാഹിത്യ ശാഖക്ക് കഴിഞ്ഞു.പുതിയ തലമുറയില്‍പ്പെട്ട റഫീഖ് പന്നിയങ്കര എന്ന കഥാകാരന്റെ നഗരക്കൊയ്ത്ത് എന്ന കഥാസമാഹാരം വായിക്കുമ്പോഴും ചെറുകഥയുടെ മേല്‍പ്പറഞ്ഞ ആര്‍ജ്ജവവും താന്‍ പോരിമയും ലക്ഷ്യബോധവും നഷ്ടപ്പെട്ടിട്ടില്ല.എന്നു ബോധ്യപ്പെടുത്തുകയാണ്.പുതിയ കാലഘട്ടത്തിന്റെ അതിവേഗങ്ങള്‍ക്കിടക്ക് പരിക്ക് പറ്റിയും ചൂഷണങ്ങളുടെ ഞെരുക്കങ്ങളില്‍ ചതയപ്പെട്ടും പോകുന്ന മാനവികതയ്ക്ക് ഇനിയും കൂടുതല്‍ ക്ഷതം പറ്റാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് റഫീഖിന്റെ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.മനുഷ്യബന്ധങ്ങള്‍ യാന്ത്രികമായി പോകുമ്പോള്‍ നശിപ്പിക്കപ്പെടുന്ന നൈതികതയുടെ നേര്‍ക്ക് കണ്ണടച്ചു പിടിക്കാതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.എന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ശരാശരി കുടുംബത്തിന്റെ സാധാരണ ക്രയ വിക്രയങ്ങളില്‍ പോലും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളോടെ കടന്നു കയറി അധിനിവേശം നടത്തുന്ന പുതിയ കാലത്തിന്റെ വിപണി സംസ്കാരത്തെക്കുറിച്ചാണ് ആദ്യ കഥയായ അടുപ്പില്ലാത്ത വീട്.വീട്ടമ്മമാരെ സഹായിക്കുക,അവരുടെ ജോലിഭാരം ലഘൂകരിക്കുക,എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാണ് ലോണ്‍ ഫോര്‍ കേരള എന്ന സ്ഥാപനത്തിന്റെ പ്രതിനിധി നമ്പീശന്റെ ഭാര്യയെ സമീപിക്കുന്നത്.അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിപ്പോവുന്നതോടെ ഇതുവരെ താമസിച്ച വീടും അനുഭവിച്ച ജീവിതവും പഴഞ്ചനായിരുന്നുവെന്നും നഗര ജീവിതത്തിന്റെ വര്‍ഷണങ്ങളിലാണ് ജീവിതസുഖത്തിന്റെ യഥാര്‍ത്ഥ ഭാവങ്ങളുള്ളതെന്നും ചിന്തിക്കുന്ന തരത്തിലേക്ക് അവര്‍ പരുവപ്പെടുകയാണ്.
ദാഹനീരില്‍ പോലും അമേദ്യം കലക്കി ദുഷിപ്പിക്കുന്ന കെട്ടകാലത്തിന്റെ ജാതീയ കലാപങ്ങളെ ചര്‍ച്ച ചെയ്യുന്ന ബല്‍ക്കീസിന്റെ ഒരു ദിവസം എന്ന കഥ ജലദൌര്‍ബല്യം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിനു മേല്‍ എങ്ങനെയാണ് പരോക്ഷമായ അരക്ഷിതത്വം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു തരുന്നുണ്ട്.വിചിത്രമായ സ്വപ്നങ്ങള്‍ കണ്ട് വിഭ്രമപ്പെട്ടു പോകുന്ന ബല്‍ക്കീസിനു വെള്ളം വണ്ടിയുടെ മുന്നില്‍ നിന്നു തുടങ്ങുന്ന പ്രഭാതങ്ങളും പണിയെടുത്തു തകരുന്ന പകലുകളും ചുഴലിക്കാറ്റു കണക്കെ വീട്ടിനുള്ളില്‍ ചുറ്റിതിരിയുന്ന പേടി സ്വപ്നങ്ങളുടെ രാത്രികളും സമ്മാനിക്കുന്നത് ആ അരക്ഷിതത്വമാണ്.
ഭര്‍ത്താവ് ജമാല്‍ഖാനും പ്രിയകൂട്ടുകാരി മുംതാസുപോലും സ്വപ്നങ്ങളില്‍ അവള്‍ക്ക് വിഭ്രമിപ്പിക്കുന്ന പേടികളായി മാറുകയാണ്.
ദൃശ്യമാധ്യമങ്ങളുടെ ചതുരവടിവുള്ള ചമഞ്ഞൊരുക്കങ്ങളിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്ന യുവത്വത്തിന്റ കഥയാണ് ചതുരക്കാഴ്ച.റിയാലിറ്റി ഷോയിലെ ഇഷ്ടതാരത്തിന്റെ വിജയത്തില്‍ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സെറീന എന്ന കഥാപാത്രത്തിന് സ്വന്തം ഉപ്പയുടെ മരണം പോലും അതിനേക്കാള്‍ പ്രധാനമല്ല എന്ന സത്യം നടുക്കത്തോടെ വായിച്ചെടുക്കുമ്പോഴാണ് ഈ കഥ നമ്മെ ഭയപ്പെടുത്തുക.പുതിയ യവ്വനങ്ങളുടെ ശിഥിലമായ ജീവിതക്കാഴ്ചകള്‍ എത്രത്തോളം ബാലിശമാണ് എന്നൊരു കറുത്ത പരിഹാസവും ഈ കഥ ഉള്‍ക്കൊള്ളുന്നുണ്ട്.
രൂപവും ഭാവവും ബ്രാന്റുകളായി മാറുമ്പോള്‍ ചില സാഹചര്യങ്ങളില്‍ അതെങ്ങനെ ജീവിതത്തിനു മേല്‍ അപകടകരമായ ആധിപത്യമുറപ്പിക്കുന്നു എന്ന് സഹയാത്രികരുടെ ശ്രദ്ധക്ക് എന്ന കഥയിലുണ്ട്.ഒരു ചെറിയ ന്യൂനപക്ഷം തീവ്രവാതത്തിന്റെ പേരില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരു സമുദായത്തിന്റെ മുഴുവന്‍ തലക്കു മുകളില്‍ തൂങ്ങുന്ന വാളായ് മാറും എന്ന് കഥാകാരന്‍ തിരിച്ചറിവ് നല്‍കുകയാണ്.നിരാലംബരും ദരിദ്രരുമായ പെണ്‍ബാല്യങ്ങളുടെ മാനത്തിനുമേല്‍ പണക്കൊഴുപ്പിന്റെ ദുര്‍മേദസ്സുകള്‍ കൌശലപൂര്‍വ്വം അതിക്രമിച്ചു കയറുന്നതിനെപ്പറ്റിയാണ് മൌനമുദ്ര എന്ന കഥ.ഇനിയും വറ്റിപ്പോയിട്ടില്ലാത്ത ഗ്രാമ്യനിഷ്കളങ്കതയുടെ രസികത്വമുള്ള ഒരു പകലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു പുഴക്കര വിശേഷം ഈ കഥാസമാഹാരത്തിലെ കഥകളുടെ പൊതുസ്വഭാവത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഒന്നാണ്.
സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ചതിക്കുഴികള്‍ തീര്‍ക്കുന്ന അഭിനവകാലത്തിന്റെ അവതാരങ്ങളെ പരിചയപ്പെടുത്തുന്നു നഗരക്കൊയ്ത്ത്,അജ്ഞാതവാസം എന്നീ കഥകള്‍.സാഹചര്യങ്ങളാല്‍ അടിമയാക്കപ്പെട്ട്, സാമൂഹ്യനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുടെ പിണിയാളുകളായി തരം താഴേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതമാണ് ഈ കഥകളിലുള്ള ത്.നഗരത്തിന്റെ സ്വച്ഛതയിലേക്ക് കറുത്ത പാടുകള്‍ വീഴ്ത്തി കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കുന്ന അധോലോകനായകന്റെ ആജ്ഞകള്‍ അനുസരിക്കുമ്പോള്‍ സ്വന്തം മനസാക്ഷി പണയം വെക്കേണ്ടി വരുന്ന ചെറുപ്പക്കാരനായ അയാളുടെ ഡ്രൈവര്‍ക്ക് കൂട്ടായി നിസ്സഹായത മാത്രമേയുള്ളു.
റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.പൊലുപ്പിച്ചെടുത്ത വര്‍ണ്ണനകളുടെ അകമ്പടിയില്ലാതെ,യഥാര്‍ഥമായ ജീവിതാവിഷ്കാരങ്ങളുടെ ലാളിത്യമാര്‍ന്ന അവതരണരീതിയാണ് കഥാകാരന്‍ പിന്തുടരുന്നത്.അതുകൊണ്ട് തന്നെ കഥ ലക്ഷ്യം വെക്കുന്ന ഇടങ്ങള്‍ ചിത്രഭാഷയിലേക്ക് മാറ്റാന്‍ വായനക്കാരന് ഏറെയൊന്നും ഏറെയൊന്നും പണിപ്പെടേണ്ടി വരില്ല.


കഥാസമാഹാരം. നഗരക്കൊയ്ത്ത്
പ്രസാധനം. ലിപി പബ്ളിക്കേഷന്‍ കോഴിക്കോട്,
വില 50, പേജ് 80


വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പ് 2010 ഫെബ്രുവരി 14

Saturday, September 25, 2010

ഒ.എന്‍.വി ക്ക് ജ്ഞാനപീഠം




പത്തുവെളുപ്പിന്
കാവ്യമുറ്റത്ത്
ജ്ഞാനപീഠത്തിന്‍
കസ്തൂരിഗന്ധം.