Thursday, September 30, 2010

അസുരകാലത്തിന്റെ നിരാര്‍ദ്രതകള്‍റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.
സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.
-------------------------------------------
നഗരക്കൊയ്ത്ത് എന്ന കഥാപുസ്തകത്തെ കുറിച്ച് റഹ് മാന്‍ കിടങ്ങയം എഴുതിയ വായനാനുഭവം
-------------------------------------------


നമ്മുടെ സാഹിത്യ മാധ്യമങ്ങള്‍ക്ക് കാലം വരുത്തിയ ക്ഷതങ്ങളില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ട സാഹിത്യരൂപമാണ് ചെറുകഥ.അതാതുകാലത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ ജീര്‍ണ്ണതള്‍ക്കെതിരെ പൊരുതി നിന്നു എന്നിടത്താണ് അതിന്റെ പ്രസക്തി.തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും ഒരു അക്ഷരയുദ്ധമായി നില്‍ക്കുമ്പോള്‍ തന്നെ പരീക്ഷണാത്മകമായ വഴക്കങ്ങള്‍ക്കു വിധേയമായി നിത്യയവ്വനം സൂക്ഷക്കാനും ഈ സാഹിത്യ ശാഖക്ക് കഴിഞ്ഞു.പുതിയ തലമുറയില്‍പ്പെട്ട റഫീഖ് പന്നിയങ്കര എന്ന കഥാകാരന്റെ നഗരക്കൊയ്ത്ത് എന്ന കഥാസമാഹാരം വായിക്കുമ്പോഴും ചെറുകഥയുടെ മേല്‍പ്പറഞ്ഞ ആര്‍ജ്ജവവും താന്‍ പോരിമയും ലക്ഷ്യബോധവും നഷ്ടപ്പെട്ടിട്ടില്ല.എന്നു ബോധ്യപ്പെടുത്തുകയാണ്.പുതിയ കാലഘട്ടത്തിന്റെ അതിവേഗങ്ങള്‍ക്കിടക്ക് പരിക്ക് പറ്റിയും ചൂഷണങ്ങളുടെ ഞെരുക്കങ്ങളില്‍ ചതയപ്പെട്ടും പോകുന്ന മാനവികതയ്ക്ക് ഇനിയും കൂടുതല്‍ ക്ഷതം പറ്റാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് റഫീഖിന്റെ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.മനുഷ്യബന്ധങ്ങള്‍ യാന്ത്രികമായി പോകുമ്പോള്‍ നശിപ്പിക്കപ്പെടുന്ന നൈതികതയുടെ നേര്‍ക്ക് കണ്ണടച്ചു പിടിക്കാതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.എന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ശരാശരി കുടുംബത്തിന്റെ സാധാരണ ക്രയ വിക്രയങ്ങളില്‍ പോലും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളോടെ കടന്നു കയറി അധിനിവേശം നടത്തുന്ന പുതിയ കാലത്തിന്റെ വിപണി സംസ്കാരത്തെക്കുറിച്ചാണ് ആദ്യ കഥയായ അടുപ്പില്ലാത്ത വീട്.വീട്ടമ്മമാരെ സഹായിക്കുക,അവരുടെ ജോലിഭാരം ലഘൂകരിക്കുക,എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാണ് ലോണ്‍ ഫോര്‍ കേരള എന്ന സ്ഥാപനത്തിന്റെ പ്രതിനിധി നമ്പീശന്റെ ഭാര്യയെ സമീപിക്കുന്നത്.അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിപ്പോവുന്നതോടെ ഇതുവരെ താമസിച്ച വീടും അനുഭവിച്ച ജീവിതവും പഴഞ്ചനായിരുന്നുവെന്നും നഗര ജീവിതത്തിന്റെ വര്‍ഷണങ്ങളിലാണ് ജീവിതസുഖത്തിന്റെ യഥാര്‍ത്ഥ ഭാവങ്ങളുള്ളതെന്നും ചിന്തിക്കുന്ന തരത്തിലേക്ക് അവര്‍ പരുവപ്പെടുകയാണ്.
ദാഹനീരില്‍ പോലും അമേദ്യം കലക്കി ദുഷിപ്പിക്കുന്ന കെട്ടകാലത്തിന്റെ ജാതീയ കലാപങ്ങളെ ചര്‍ച്ച ചെയ്യുന്ന ബല്‍ക്കീസിന്റെ ഒരു ദിവസം എന്ന കഥ ജലദൌര്‍ബല്യം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിനു മേല്‍ എങ്ങനെയാണ് പരോക്ഷമായ അരക്ഷിതത്വം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു തരുന്നുണ്ട്.വിചിത്രമായ സ്വപ്നങ്ങള്‍ കണ്ട് വിഭ്രമപ്പെട്ടു പോകുന്ന ബല്‍ക്കീസിനു വെള്ളം വണ്ടിയുടെ മുന്നില്‍ നിന്നു തുടങ്ങുന്ന പ്രഭാതങ്ങളും പണിയെടുത്തു തകരുന്ന പകലുകളും ചുഴലിക്കാറ്റു കണക്കെ വീട്ടിനുള്ളില്‍ ചുറ്റിതിരിയുന്ന പേടി സ്വപ്നങ്ങളുടെ രാത്രികളും സമ്മാനിക്കുന്നത് ആ അരക്ഷിതത്വമാണ്.
ഭര്‍ത്താവ് ജമാല്‍ഖാനും പ്രിയകൂട്ടുകാരി മുംതാസുപോലും സ്വപ്നങ്ങളില്‍ അവള്‍ക്ക് വിഭ്രമിപ്പിക്കുന്ന പേടികളായി മാറുകയാണ്.
ദൃശ്യമാധ്യമങ്ങളുടെ ചതുരവടിവുള്ള ചമഞ്ഞൊരുക്കങ്ങളിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്ന യുവത്വത്തിന്റ കഥയാണ് ചതുരക്കാഴ്ച.റിയാലിറ്റി ഷോയിലെ ഇഷ്ടതാരത്തിന്റെ വിജയത്തില്‍ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സെറീന എന്ന കഥാപാത്രത്തിന് സ്വന്തം ഉപ്പയുടെ മരണം പോലും അതിനേക്കാള്‍ പ്രധാനമല്ല എന്ന സത്യം നടുക്കത്തോടെ വായിച്ചെടുക്കുമ്പോഴാണ് ഈ കഥ നമ്മെ ഭയപ്പെടുത്തുക.പുതിയ യവ്വനങ്ങളുടെ ശിഥിലമായ ജീവിതക്കാഴ്ചകള്‍ എത്രത്തോളം ബാലിശമാണ് എന്നൊരു കറുത്ത പരിഹാസവും ഈ കഥ ഉള്‍ക്കൊള്ളുന്നുണ്ട്.
രൂപവും ഭാവവും ബ്രാന്റുകളായി മാറുമ്പോള്‍ ചില സാഹചര്യങ്ങളില്‍ അതെങ്ങനെ ജീവിതത്തിനു മേല്‍ അപകടകരമായ ആധിപത്യമുറപ്പിക്കുന്നു എന്ന് സഹയാത്രികരുടെ ശ്രദ്ധക്ക് എന്ന കഥയിലുണ്ട്.ഒരു ചെറിയ ന്യൂനപക്ഷം തീവ്രവാതത്തിന്റെ പേരില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരു സമുദായത്തിന്റെ മുഴുവന്‍ തലക്കു മുകളില്‍ തൂങ്ങുന്ന വാളായ് മാറും എന്ന് കഥാകാരന്‍ തിരിച്ചറിവ് നല്‍കുകയാണ്.നിരാലംബരും ദരിദ്രരുമായ പെണ്‍ബാല്യങ്ങളുടെ മാനത്തിനുമേല്‍ പണക്കൊഴുപ്പിന്റെ ദുര്‍മേദസ്സുകള്‍ കൌശലപൂര്‍വ്വം അതിക്രമിച്ചു കയറുന്നതിനെപ്പറ്റിയാണ് മൌനമുദ്ര എന്ന കഥ.ഇനിയും വറ്റിപ്പോയിട്ടില്ലാത്ത ഗ്രാമ്യനിഷ്കളങ്കതയുടെ രസികത്വമുള്ള ഒരു പകലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു പുഴക്കര വിശേഷം ഈ കഥാസമാഹാരത്തിലെ കഥകളുടെ പൊതുസ്വഭാവത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഒന്നാണ്.
സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ചതിക്കുഴികള്‍ തീര്‍ക്കുന്ന അഭിനവകാലത്തിന്റെ അവതാരങ്ങളെ പരിചയപ്പെടുത്തുന്നു നഗരക്കൊയ്ത്ത്,അജ്ഞാതവാസം എന്നീ കഥകള്‍.സാഹചര്യങ്ങളാല്‍ അടിമയാക്കപ്പെട്ട്, സാമൂഹ്യനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുടെ പിണിയാളുകളായി തരം താഴേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതമാണ് ഈ കഥകളിലുള്ള ത്.നഗരത്തിന്റെ സ്വച്ഛതയിലേക്ക് കറുത്ത പാടുകള്‍ വീഴ്ത്തി കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കുന്ന അധോലോകനായകന്റെ ആജ്ഞകള്‍ അനുസരിക്കുമ്പോള്‍ സ്വന്തം മനസാക്ഷി പണയം വെക്കേണ്ടി വരുന്ന ചെറുപ്പക്കാരനായ അയാളുടെ ഡ്രൈവര്‍ക്ക് കൂട്ടായി നിസ്സഹായത മാത്രമേയുള്ളു.
റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.പൊലുപ്പിച്ചെടുത്ത വര്‍ണ്ണനകളുടെ അകമ്പടിയില്ലാതെ,യഥാര്‍ഥമായ ജീവിതാവിഷ്കാരങ്ങളുടെ ലാളിത്യമാര്‍ന്ന അവതരണരീതിയാണ് കഥാകാരന്‍ പിന്തുടരുന്നത്.അതുകൊണ്ട് തന്നെ കഥ ലക്ഷ്യം വെക്കുന്ന ഇടങ്ങള്‍ ചിത്രഭാഷയിലേക്ക് മാറ്റാന്‍ വായനക്കാരന് ഏറെയൊന്നും ഏറെയൊന്നും പണിപ്പെടേണ്ടി വരില്ല.


കഥാസമാഹാരം. നഗരക്കൊയ്ത്ത്
പ്രസാധനം. ലിപി പബ്ളിക്കേഷന്‍ കോഴിക്കോട്,
വില 50, പേജ് 80


വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പ് 2010 ഫെബ്രുവരി 14