Wednesday, August 15, 2018

സ്വാതന്ത്ര്യ ദിനം



അന്നൊരു പാതിരാ നേരത്തുദിച്ചു സ്വാതന്ത്ര്യത്തിൻ നവസൂര്യൻ 
വെള്ളിവെളിച്ച പ്പാരിന്നഴകായി പാറിവിളങ്ങി പുതുശോഭ 
ആളൊഴിഞ്ഞൊരു വീഥി പ്രകാശത്തിൽ നിവരുന്നു 
ആയിരങ്ങളന്നേരം പ്രാർത്ഥനയിൽ കൺചിമ്മുന്നു 

ദേശത്തിന്നഭിമാനം കാക്കാൻ വീരമൃത്യു പൂകിയ യോദ്ധാക്കൾ 
ആകാശദേശത്തിരുന്നവർ ചിരി തൂകി മൂവർണ്ണ പതാകയിൽ കൈതൊട്ടു 
എൻ രാജ്യമെൻ സോദരർ ... എന്റെ നിലാവും സ്വർഗ്ഗതുല്യമായൊരു മണ്ണും 
ഇതെന്റെ ദേശമിതെന്റെ ഭാഷയും, ഇതെന്റെ ജീവനിൻ സംഗീതസൗഭഗം 

ഇനി, നിങ്ങൾ നിർമ്മിക്കും ദേശത്തി ൻ ഭൂപടം
ഇനി മാറ്റിയെഴുതിക്കും നന്മ തന്നക്ഷരപ്പെരുമകളോരോന്നും 
മനുഷ്യരെ പലചതുരപ്പൊത്തിൽ ഒളിപ്പിക്കും 
ഒടുക്കം നിങ്ങളവർക്കായ് മുതലക്കണ്ണീരൊലിപ്പിക്കും 

ഇല്ല, ഞങ്ങൾ തോറ്റൂ തരില്ല, ജീവൻ വെടിഞ്ഞും ജയിക്കാൻ പ്രയത്നിക്കും ആശയായ് കൺമുമ്പിൽ തെളിയുമാം ജീവതേജസ്സ്‌ പിന്നെയും 
സ്വാതന്ത്ര്യമാണമൃതമെന്നോതിക്കൊണ്ടങ്ങനെ...
വട്ടക്കണ്ണട, പല്ലില്ലാത്തൊരു ചിരി, 
നിറമില്ലാകാഴ്ചയായ് വടികുത്തി നീങ്ങുന്നു 

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം..
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം...!

********************************************************* 

No comments:

Post a Comment