Saturday, July 28, 2018

ഭാരതിയമ്മയുടെ രാജ്യം



പന്നിയങ്കര ശങ്കരവിലാസം സ്‌കൂളിലെ ക്ലാസ്സുമുറിയിൽ പിൻബെഞ്ചിനും പിറകിലെ ഇത്തിരിമൂലയിൽ കാൽമുട്ട് നിലത്തമർത്തി, വാനരഭാവഹാദികൾ മുഖത്ത് വരുത്തി സഹപാഠികളെ ചിരിപ്പിക്കുമ്പോൾ ഒരിക്കലും ദേഷ്യപ്പെടാത്ത സഗുണടീച്ചറുടെ ചുളിഞ്ഞ പുരികമുഖം എന്റെ മുൻപിൽ വന്നു നിൽക്കുന്നത് ഓർമയിൽ മങ്ങാതെ നിൽക്കുന്നു.

മുഖത്ത് ഭാവം വരുത്തേണ്ട കാര്യമില്ലെന്നും നീയൊരു 'കുരങ്ങൻ' തന്നെയാണെന്ന് പറഞ്ഞ് ചൂരലോങ്ങുകയും ചെയ്യുമ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയാണ്.

ഞങ്ങളുടെ ക്ലാസ്സിന്റെ പിറകുവശത്തായിരുന്നു ഉപ്പുമാവ്പുര സ്‌ഥിതി ചെയ്തിരുന്നത്. ഉപ്പുമാവുണ്ടാക്കിയിരുന്നത് ഭാരതിയമ്മയും.
മെലിഞ്ഞു നീണ്ട്, നരച്ച സാരിയും ധരിച്ച് സ്‌കൂൾമുറ്റത്ത് ആദ്യമെത്തിയിരുന്നത് അവരായിരുന്നു.
ജീവിതത്തിന്റെ സർവ്വ വേവലാതികളും ആ മുഖത്തുനിന്നും വായിച്ചെടുക്കാം. അത്രയ്ക്ക് ദയനീയമായൊരു രൂപമായിരുന്നു അവരുടേത്.

ഉപ്പുമാവ് വാങ്ങാൻ എല്ലാ കുട്ടികളും വീട്ടിൽ നിന്നും പാത്രമെടുത്തു വരുമായിരുന്നു. എന്റെ വീട്ടിൽനിന്നും പാത്രം തരില്ല, എന്നുമാത്രമല്ല സ്‌കൂളിൽ നിന്ന് ഉപ്പുമാവ് വാങ്ങിക്കഴിക്കരുതെന്ന് താക്കീതുമുണ്ടായിരുന്നു.

കുട്ടികൾക്കെല്ലാവർക്കും ഉപ്പുമാവ് വിതരണത്തിന് നേതൃത്വം നൽകിയിരുന്നത് ഞങ്ങളുടെ അറബിമാഷായിരുന്നു. ഉപ്പുമാവ് വാങ്ങിക്കഴിച്ച് എല്ലാവരും അവിടം വിട്ടുപോയാലും ഭാരതിയമ്മയുടെ ജോലി തീർന്നിട്ടുണ്ടാവില്ല. പാത്രങ്ങളെല്ലാം കഴുകിവെച്ച് പരിസരമാകെ വൃത്തിയാക്കി പിന്നെയും ഏറെനേരം കഴിഞ്ഞേ ഭാരതിയമ്മ വീട്ടിലേക്ക് പോവുകയുള്ളൂ.

ചില ദിവസങ്ങളിൽ ഭാരതിയമ്മ അവധിയായിരിക്കും. അതിനു കാരണം എന്താണെന്ന് ഞങ്ങൾ കുട്ടികൾക്കറിയില്ല. മൂന്നുദിവസം തുടർച്ചയായി ഉപ്പുമാവില്ലാത്ത മധ്യാഹ്നങ്ങൾ ഞങ്ങളിലൂടെ കടന്നു പോയി. നാലാംദിവസം പതിവിലും നേരത്തെ എത്തിയ ഭാരതിയമ്മയെ കണ്ട് ഞങ്ങൾ സന്തോഷിച്ചു.

ക്ലാസ്സിൽ കയറി ആദ്യബെൽ മുഴങ്ങിയ ഉടനെത്തന്നെ സഗുണടീച്ചർ ഞങ്ങളെയെല്ലാം വരിയായി നിർത്തി സ്‌കൂളിന് പിറകിലെ വിശാലതയിലേക്ക് നടത്തിച്ചു.  ഇന്ന് അസംബ്ളിയുണ്ടെന്ന് ക്ളാസ്സ്‌ലീഡർ  പറഞ്ഞത് പല ചെവികൾ മറിഞ്ഞ് എന്റെയടുത്തുമെത്തി.
എല്ലാ ക്ലാസിലെയും കുട്ടികൾ മുറ്റത്ത് നിരയായി നിറഞ്ഞപ്പോൾ നാലാംക്ലാസ്സിലെ സുനിൽ ഞങ്ങൾക്കഭിമുഖമായി വന്നു.

'ഭാരതം നമ്മുടെ രാജ്യമാണ്..
ഭാരതീയരെല്ലാം നമ്മുടെ സഹോദരീ സഹോദരന്മാരാണ്..'

സുനിൽ ഉറക്കെ പറയുകയാണ്.
എല്ലാവർക്കുമൊപ്പം എന്റെ ശബ്ദവും.

'ഭാരതിയമ്മയുടെ രാജ്യമാണ്..'

അങ്ങനെ പറയുകയും ഭാരതിയമ്മയുടെ രാജ്യമേതായിരിക്കുമെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തു.

അസംബ്ലി കഴിഞ്ഞു.
ക്ലാസ്മുറിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞ ഭാരതിയമ്മയുടെ രാജ്യത്തെക്കുറിച്ച് സഗുണടീച്ചറോട് മജീദാണ് സൂചിപ്പിച്ചത്.
ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു.
സഗുണടീച്ചർ മാത്രം ചിരിച്ചില്ല. അവരെന്റെ അടുത്തേക്ക് വന്നു.

'നീ പഠിക്കാനാണോ അതോ, കുരങ്ങു കളിക്കാനാണോ സ്‌കൂളിൽ വരുന്നത്?'

അധികമാരോടും ദേഷ്യപ്പെടാത്ത, കുട്ടികളെ തല്ലാത്ത സഗുണടീച്ചറുടെ കൈയിലെ ചൂരൽ എന്റെ കൈവെള്ളയിൽ മൂന്നുതവണ വന്നുവീ ണു.

അന്ന് ക്ലാസിൽ മുഖം കുനിച്ച് ഞാനിരുന്നു. ആരുടെ മുഖത്തേക്കും ഞാൻ നോക്കിയില്ല. ടീച്ചറുടെ മുഖഭാവവും എന്നെ അലട്ടിയില്ല.

ഏറെ വർഷങ്ങൾക്ക് ശേഷം പല വീടുകളിൽ താമസിച്ചൊടുവിൽ സഗുണടീച്ചർ എന്റെ വീടിനടുത്തേക്ക് താമസം മാറിവന്നു.
ഒരിക്കൽ  വീട്ടിനുമുന്പിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ടീച്ചർ പറഞ്ഞതിങ്ങനെ :

"ഞാൻ പഠിപ്പിച്ച എല്ലാ കുട്ടികളും മുൻപിൽ വന്നു നിന്ന് ടീച്ചറേ എന്നു വിളിക്കുമ്പോൾ എനിക്കവരെ പെട്ടെന്നോർക്കാൻ കഴിയാറില്ല.
പക്ഷെ, നിന്നെ എനിക്കോർമ്മയുണ്ട്."


മാതൃഭൂമി ആഴ്ചപ്പതിപ്പ്
2018 ജൂലൈ 29 - ഓഗസ്ററ് 4, പുസ്തകം 96, ലക്കം 20 

*******************************************************************************

     

No comments:

Post a Comment