Saturday, August 25, 2018

കാഴ്ചണ്ണുകൾ പാതി മാത്രമാണ് അടഞ്ഞിരുന്നത്.
ആരൊക്കെയോ കാണാൻ ബാക്കിയുണ്ട്. അതാണ് കണ്ണുകൾ പൂർണ്ണമായും അടയാതിരിക്കാൻ കാരണമെന്ന് മുതിർന്നവരിൽ ചിലരുടെ കണ്ടെത്തൽ വെള്ളത്തുണിക്കുള്ളിൽ കിടന്ന് ആസ്വദിച്ചു. 
അടക്കിപ്പിടിച്ച വർത്തമാനങ്ങൾ. വേർപാടിന്റെ വിതുമ്പിപ്പൊട്ടലുകൾ.

ഭൂമിയിൽ അയാളുടെ വീട്ടുമുറ്റത്തും അകത്തെ ഇരുട്ടിലും കണ്ണീരു പെയ്തു നിറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള പരിചയക്കാരിൽ പലരും മരണവാർത്ത അറിഞ്ഞില്ലല്ലോ  എന്ന് സങ്കടപ്പെടുന്നത് നിശ്ചലമായി കിടക്കുമ്പോഴും ചെവിയിൽ കിരുകിരുപ്പായി തട്ടുന്നുണ്ട്.

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...
എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നൂ...

മരണനേരത്തും കുഴിയിലേക്കെടുക്കുമ്പോഴും സംഗീതസാന്ദ്രമാകണം അന്തരീക്ഷം. അയാൾ പലപ്പോഴായി പലരോടും പറഞ്ഞതാണ്. 
പിറവിദിനം തൊട്ട് ഇങ്ങ് അവസാനനാൾ വരെ നടന്നതും നടക്കാതിരുന്നതും എണ്ണിപ്പറഞ്ഞ് അലമുറയിടലിൽ വലിയ കഥയൊന്നുമില്ല.  വഴിയാത്രക്കാരും വഴിവക്കിൽ വെറുതെ നിൽക്കുന്നവരും അറിയാതെ ലയിച്ചു നിൽക്കണം. സംഗീതത്തിന്റെ താളക്കൊഴുപ്പിൽ ഉരുളുന്നത് ശവമഞ്ചമാണെന്ന തോന്നൽ പോലും കാഴ്‌ചക്കാരിലുണ്ടാവരുത്.

സെമിത്തേരിയുടെ കവാടം വരെ സംഗീതം നീണ്ടു.
മതിക്കെട്ടിനകത്തെ കല്ലുപേടകങ്ങളിൽ ഉള്ളിൽ എന്നോ ദ്രവിച്ചു പോയ ദേഹത്തെ ഓർമ്മിപ്പിക്കാൻ പേരും മരണനാളും കൊത്തിവെച്ചിരിക്കുന്നു. മരണക്കുടിൽ പോലെ അവിടെയും നിശ്ശബ്ദത മുനിഞ്ഞു. കല്ലറകൾക്കു മുകളിലൂടെ ജീവനുള്ള ഒരു കാറ്റ് ഇഴഞ്ഞുരുണ്ടു.

ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞു. അവിടമാകെ പരന്നിരുന്ന വെയിലും മങ്ങി. 

ഇപ്പോൾ മണ്ണും മരങ്ങളുമില്ലാത്തൊരു മുനമ്പിലെത്തിയിരിക്കുന്നു അയാൾ.

കണ്ണെത്താദൂരം നീണ്ടു പുളഞ്ഞ്.. തിങ്ങിപ്പരന്ന മേഘങ്ങൾക്കിടയിൽലൂടെ  ഒറ്റയടിപ്പാത തെളിഞ്ഞു. ആ വിജനതയിലൂടെ ഏറെദൂരം യാത്ര ചെയ്തു. മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് യാത്ര യവസാനിച്ചത്.

അവിടെ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ വെയിലത്ത് വെട്ടിത്തിള ങ്ങുന്നു. മറുഭാഗത്ത് കുറെ മനുഷ്യരുടെ നിഴലുകൾ.

പൊടുന്നനെ തെളിഞ്ഞ വെളിച്ചപ്പൊട്ടിൽ നിന്ന് അന്നേരം ഒരശരീരി ഉണ്ടായി.
'നീ കാണുന്ന വസ്ത്രങ്ങൾ നിനക്ക് മുമ്പേ മരിച്ചവരുടേത്. 
നിഴലുകൾ ഇനി   ജനിക്കാനിരിക്കുന്നവരുടേതും'

മരിച്ചവർക്കിനി ഉടയാടകൾ ആവശ്യമില്ലേ ?
ജനിക്കാനിരിക്കുന്നവർക്ക് നിഴലുകളുണ്ടാവ്വോ ?

ആരോടെന്നില്ലാതെ സംശയം അയാളുടെ ഉള്ളിൽ നിന്നും കുതറി.

'ഇത് മാത്രമാണോ നിനക്കിനി ബോധ്യപ്പെടാനുള്ളത്. പ്രപഞ്ചത്തിന്റെ സർവ്വ സത്യങ്ങളും അറിയാമെന്ന അഹങ്കാരമുണ്ടല്ലോ ആ വാക്കുകളിൽ..

പ്രകാശബിന്ദു തൊട്ടുമുമ്പിലെന്ന പോലെ കൂടുതൽ തിളങ്ങി. 
മേഘത്തൂവൽ അവിടമാകെ തെന്നിപ്പറന്നു. അയാൾ വെളിച്ചത്തിലേക്ക് കൂടുതൽ അടുത്തു നിന്നു.

മുമ്പേ മരിച്ചുപോയവർ നിന്നെ ഓർക്കുന്നില്ല. ജനിക്കാനുള്ളവർ നിന്നെ അറിയാനുമിടയില്ല. നിന്റെ നിസ്സാരത ഇപ്പോൾ തിരിച്ചറിയുന്നു, അല്ലെ?

അശരീരിയിൽ പരിഹാസധ്വനി. 
വെളിച്ചത്തിൽ നിന്നു മുഖം മറയ്ക്കാൻ  അയാൾ മേഘമറവിലേക്ക് ഒതുങ്ങി.

ഒളിച്ചു നിൽക്കാൻ ഇടം തേടുകയാണോ?

വെളിച്ചം പാലിനേക്കാൾ വെളുത്തു.

ഇവിടെയെത്തുന്നതിനു മുമ്പുള്ള ജീവിതം ഓർമ്മയുണ്ടോ?
ആരായിരുന്നു നീ..
എന്തായിരുന്നു നിന്റെ പത്രാസ്.
മനുഷ്യരെ അകറ്റാൻ ഓരോ കാരണങ്ങൾ പറഞ്ഞു, പല കളങ്ങൾ വരച്ച് എന്തൊക്കെയാണ് നീ ചെയ്തു കൂട്ടിയത്.
സ്വന്തം വീട്ടുമുറ്റത്തേക്ക് ഒന്ന് നോക്കൂ... സ്നേഹമെന്ന ഒറ്റവാക്കിനാൽ ചുറ്റിവരഞ്ഞിരുന്ന ഏതാനും ഹൃദയങ്ങൾ മാത്രം അവിടെ വിങ്ങിപ്പൊട്ടു ന്നുണ്ട്. 
നീ കെട്ടിപ്പൊക്കിയതൊക്കെ തോന്നലുകളായിരുന്നു.

അയാൾ കണ്ണുപൂട്ടി നിന്നു.
വെളിച്ചം മുഖത്തേക്ക് തെറിക്കുന്നത് അറിയുന്നില്ലെന്ന് ഭാവിച്ചു.

അന്നേരം തീച്ചൂട് തൊടുന്ന പോലൊരു കാറ്റ് മേഘപടലങ്ങൾക്ക് മുകളിലൂടെ വീശിയടിച്ചു.
വെളിച്ചം മങ്ങിത്തുടങ്ങി.

കണ്ണുതുറന്നു കൈകൾ കൂപ്പി, അയാളിൽ നിന്ന് പ്രാർത്ഥന പോലെ ചില വാക്കുകൾ ഇറ്റിവീണു.

മണ്ണിൽ ഇനിയൊരു ജന്മം സാധ്യമാണോ?

ഇനിയൊരു ജന്മമോ.. എന്തിന്?

മനസ്സിൽ നന്മ മാത്രം നിറച്ചു വെക്കാൻ.. മതിൽക്കെട്ടുകൾ നിർമ്മിക്കാതെ സകല മനുഷ്യരെയും സ്നേഹിക്കാൻ...

അയാൾ കൊതിയോടെ ഭൂമിയിലേക്ക് നോക്കി. മണ്ണിൽ വിവിധ പൂക്കൾ നിറഞ്ഞു നിൽക്കുന്നു. 
ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാതിരുന്ന കാഴ്ച.

'മണ്ണിൽ ഇനിയൊരു ജന്മം..'
അയാൾ ചോദ്യം ആവർത്തിച്ചു.

കടുകുമണിയോളം ചെറുതായ വെളിച്ചം പൊടുന്നനെ അണഞ്ഞു.
ഇരുട്ടുമൂലയിൽ അയാളുടെ ശബ്ദം ഒടുങ്ങി.
മുമ്പിലെ ഒറ്റയടിപ്പാത മേഘപ്പുറ്റുകൾ നിറഞ്ഞ്, കാഴ്ചയിൽ നിന്ന് മാഞ്ഞു. 

അനന്തരം, വസ്ത്രക്കൂനയുടെ മുകൾഭാഗത്ത് തന്റെ നിറമില്ലാത്ത കുപ്പായവും കാണുമെന്നയാൾ തീർച്ചപ്പെടുത്തി.* * * * *

NB : ഇന്ന് തിരുവോണം.

ഇന്ന് പത്രം അവധി. നാളെ പത്രം ഉണ്ടാവില്ല. 
ആയതിനാലാവാം ഇന്നത്തെ (ശനിയാഴ്ച) പത്രത്തിനൊപ്പം 
ഞായർപേജ് വന്നത്.No comments:

Post a Comment