Tuesday, January 7, 2014

ഊന്നുവടികള്‍




കല്ല്യാണം കഴിഞ്ഞിട്ട് ഇരുപത്തിയെട്ട് ദിവസത്തെ മധുവിധുവിനു  ശേഷം വീണ്ടും പ്രവാസം..
രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ വീണുകിട്ടുന്ന ഇത്തിരിപ്പോന്ന അവധിദിങ്ങള്‍.
ഓരോ അവധിക്കാലവും അവസാനി ക്കുമ്പോള്‍ അവള്‍ ചോദിക്കും.
‘ജീവിതത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും നമ്മളെപ്പോഴാണ് അനുഭവിക്കുക..’
അവളെ കണ്ണീരോടെ മാറോടൊട്ടിക്കും. അവളുടെ കണ്ണീരില്‍ സ്വന്തം നെറ്റിയും കവിളും നനയും.
‘നമുക്കൊരു കാലം വരും.. അന്ന് നമുക്കിവിടെ സ്വര്‍ഗ്ഗം പണിയണം..’
കണ്ണീര്‍പ്പാടയില്‍ മുങ്ങിയ ആ നോട്ടത്തിനു  മുകളില്‍ ചുണ്ടമര്‍ത്തി അവളെ സമാധാനി പ്പിക്കും.

മരുക്കാട്ടിലെത്തിയാല്‍ ജീവിതം വീണ്ടും യാന്ത്രികമാവും.
സമയം പാഴാക്കാതെ നല്ല രീതിയില്‍ കൈ നിറയെ പണമുണ്ടാക്കണം..
സ്വപ്നങ്ങളൊരുപാട് നെയ്തുകൂട്ടി.
കൃത്യമായ കണക്കുകൂട്ടലുകളോടെ ജീവിതത്തിന്റെ ഓരോ പടവുകളും..

വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
നാട്ടിലെ അത്യാവശ്യകാര്യങ്ങള്‍.. പുരപ്പണി..
ശേഷം അതില്‍ വന്ന കടം വീട്ടലുകള്‍.. കുട്ടികളുടെ പഠിപ്പ്, മറ്റു കാര്യങ്ങള്‍.. മകളുടെ വിവാഹം..
കാര്യങ്ങള്‍ അനന്തമായി നീണ്ടുപോവുംതോറും മനസ്സില്‍ തീരുമാനിച്ചു വെച്ചിരുന്ന മടക്കയാത്ര നീണ്ടുപോവുന്നത് അറിഞ്ഞില്ലെന്നു നടിച്ചു.

പ്രവാസം തുടങ്ങുമ്പോള്‍ മനസ്സിലുണ്ടായിരുന്ന സ്വപ്ന ങ്ങള്‍ ഒരളവുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ രോഗാതുരമായ ശരീരവുമായി മടക്കയാത്രയ്ക്കുള്ള ഭാണ്ഡമൊരുക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തനി ക്കും പ്രിയതമക്കും മികവുറ്റ ഓരോ ഊന്നുവടികള്‍!



***************************************************

1 comment:

  1. എന്നിട്ട് ഊന്നുവടികള്‍ വാങ്ങിച്ചോ....
    വന്നത്പോലെ തന്നെ ഇന്നും അല്ലെ?
    ഇപ്പോഴാണോ റഫീക്ക് ബ്ലോഗ്‌ തുടങ്ങിയത്.
    ആശംസകള്‍.

    ReplyDelete