Thursday, January 16, 2014

കറുത്ത പെട്ടിയും തൂക്കി അന്നൊരാൾ



ആകാശത്തിലുറങ്ങി
ഭൂമിയിലേക്ക് കണ്ണുതുറന്ന്
കറുത്ത പെട്ടിയും തൂക്കി
മുറ്റത്തേക്ക് കയറിയപ്പോള്‍
ഒട്ടേറെ കണ്ണുകളില്‍
സന്തോഷത്തിന്റെ തിളക്കം.

പെട്ടി തുറന്ന്
മകന് മൊബൈലും
മകള്‍ക്ക് സ്വര്‍ണ്ണമാലയും നല്‍കി
ഒന്നു ക്ഷീണമകറ്റാന്‍
തലയണയില്‍ മുഖമമര്‍ത്തിയ നേരം
പ്രണയമൂര്‍ത്തി വന്ന്
അധരങ്ങള്‍ നെറ്റിയില്‍ മുട്ടിച്ച്
എന്തേ എനിക്ക്
സമ്മാനപ്പൊതിയൊന്നുമില്ലേയെന്ന്
വെറുതെ പരിഭവം കാണിച്ചു.

നിനക്കു തരാള്ളനുള്ളതെല്ലാം
വെറുമൊരു പൊതിയ്ക്കുള്ളില്‍
ഒതുങ്ങില്ലെന്ന മന്ത്രം കാതിലിറ്റിച്ച്
ദേഹത്തലിയാന്‍ തുടങ്ങിയപ്പോള്‍
മക്കള്‍ വാതിലില്‍ താളംകൊട്ടുന്നു.

മടക്കയാത്രയുടെ ദിനം  വന്നു.
മക്കള്‍ നിറചിരിയോടെ
വീണ്ടും വരുമ്പോള്‍ എന്തെല്ലാം
വാങ്ങിവരാന്‍ പറയണമെന്ന
ആലോചനയില്‍ നിവരവെ
ഒരു കടലാസുപെട്ടിയില്‍, അവള്‍
കപ്പയും ചക്ക വറുത്തതും
അച്ചാറും പപ്പടവും
കുറേ മധുരവും പൊതിഞ്ഞു വെച്ചു.

പൊതിയാന്‍ കഴിയാത്ത
ഉള്ളിലെ തേങ്ങല്‍
എവിടെയോ ഒതുക്കിവെച്ച്
പുഞ്ചിരിമൊട്ടുകള്‍ പൊഴിച്ച്
അവളങ്ങനെ ..

കണ്ണീര് പെയ്തു വീഴും മുമ്പേ
മുറിയില്‍ നിന്നും
വിരഹത്തിലെ വെയില്‍ച്ചൂടിലേക്ക്
കാലിടറാന്‍ തുടങ്ങവേ
അവള്‍ സ്വന്തം ഹൃദയമെടുത്ത്
എന്റെ ചങ്കിനു  താഴെ ഒട്ടിച്ചുവെച്ചു.

പിന്നെ, ഇത്രമാത്രം..
ഇനി, നിങ്ങള്‍ തിരിച്ചെത്തും വരെ
ഞാനിവിടെ ഇരുട്ടത്താണ്.
ഇടയ്ക്ക് ഒരു നുറുങ്ങുവെട്ടമാവുന്നത്
നിങ്ങളുടെ സ്നേഹത്തിന്റെ
നക്ഷത്രത്തുണ്ടുകളാണ്.


••••••••••••••••••••••••••••••••••••••

11 comments:

  1. കണ്ണീര് പെയ്തു വീഴും മുമ്പേ
    മുറിയില്‍ നിന്നും
    വിരഹത്തിലെ വെയില്‍ച്ചൂടിലേക്ക്
    കാലിടറാന്‍ തുടങ്ങവേ
    അവള്‍ സ്വന്തം ഹൃദയമെടുത്ത്
    എന്റെ ചങ്കിനു താഴെ ഒട്ടിച്ചുവെച്ചു.
    --------------------------------------------
    അനിവാര്യമായ വേര്‍ പിരിയലാണ് ഒരു പ്രവാസിയുടെയും നിയോഗം : ഇഷ്ടപ്പെട്ടു ഈ കവിത,

    ReplyDelete
  2. പ്രവാസിയുടെ തിരിച്ചു വരവിലെ ജീവിതതൃഷ്ണയും, മടങ്ങിപ്പോവിന്റെ വ്യഥയും നോവോടെ വരികളില്‍ ചാലിച്ചു. അവള്‍ക്ക് വേണ്ടി സ്നേഹത്തിന്റെ നക്ഷത്രക്കണ്ണ് ചിമ്മിക്കൊണ്ടേയിരിക്കുക.

    ReplyDelete
  3. പ്രവാസിയുടെ ജീവിതത്തിലെ അനിവാര്യതയാണ് ഈ "വരവും പോക്കും".. അതിനുള്ളിലെ വിചാരവികാരങ്ങള്‍ നന്നായി എഴുതി..

    ReplyDelete
  4. പൊതിയാന്‍ കഴിയാത്ത
    ഉള്ളിലെ തേങ്ങല്‍
    എവിടെയോ ഒതുക്കിവെച്ച്
    പുഞ്ചിരിമൊട്ടുകള്‍ പൊഴിച്ച്
    അവളങ്ങനെ ..

    ഒതുക്കമുള്ള വരികള്‍.

    ReplyDelete
  5. സാരല്യാന്നേ.......
    ഇതൊക്കെ നമുക്ക് പഴക്കമായില്ലേ!!

    ReplyDelete
  6. ഇരുട്ടത്ത് സ്നേഹത്തിന്റെ നക്ഷത്രത്തുണ്ടുകള്‍ ...നന്നായി.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അനിവാര്യമായ വേര്‍ പിരിയലാണ് ഒരു പ്രവാസിയുടെയും നിയോഗം : ഇഷ്ടപ്പെട്ടു ഈ കവിത, sudhi puthenvelikara bahrain

    ReplyDelete
  9. അതല്ലേ പ്രവാസീ
    പ്രയാസങ്ങള്‍ കണ്ണുനീരില്‍ മുക്കി ചിരിച്ച പത്രാസുകാരന്‍
    വരികള്‍ മനോഹരം
    ഞാനൊരു പ്രവാസീ ആയതിനാലാവാം പല വരികളും ഒന്ന് രണ്ട് വട്ടം വായിച്ച് നെടുവീര്‍പ്പിട്ടത് ..
    ആശംസകള്‍

    ReplyDelete