Sunday, January 26, 2014

കസ്റ്റമർ




കൊച്ചുമോളുടെ കയ്യുംപിടിച്ച് ജംഗ്ഷനിലെ തിരക്കിലൂടെ നടന്നു ചെന്നത് മേശ പ്പുറത്ത് നിവര്‍ത്തിയ ലാപ്ടോപ്പിലൂടെ ഏതോ ഹോള്‍സെയില്‍ ഡീലറുമായി ചാറ്റിലേര്‍പ്പെട്ടിരിക്കുന്ന കടക്കാരന്റെ മുമ്പിലേക്ക്..

ഉണങ്ങിയ തൊണ്ട ഉമിനീരിറക്കി നനച്ചു.

‘..ഒര് ബോട്ട്ല്‍ വെള്ളം..’

വേറെയെന്തോന്ന് വേണം..

മോണിറ്ററില്‍ നിന്നും മിഴിയടര്‍ത്താതെ കടക്കാരന്റെ ചോദ്യം.

ഇപ്പോ.. ഇതുമാത്രം മതി.

‘..ഹംബര്‍ഗറും ഷവര്‍മയുമൊക്കെ വാങ്ങുന്നോര്‍ക്ക് മാത്രം വെള്ളം വിറ്റാ മതീന്നാ മൊതലാളീടെ തീരുമാനം ..
വെള്ളത്തിനു  മാത്രമായി മൊഖം ചുളിച്ച് വരുന്നോര്‍ക്ക് തരാനിവിടെ കെണറ് കുഴിച്ചിട്ടൊന്നൂല്യ..’
അയാളുടെ മുഖത്ത് അവജ്ഞ.

ഇവള്‍ക്ക് വല്ലാതെ ദാഹിക്കുന്നൂന്ന് പറഞ്ഞു. പിന്നെ, ഇത്തിരി എനിക്കും..

യാചനാ സ്വരത്തില്‍ കുഞ്ഞുമുഖത്തേക്ക് കടക്കാരന്റെ ശ്രദ്ധ ക്ഷണിച്ചു.

അതൊന്നും കാര്യമായെടുക്കാതെ, ഹോള്‍സെയില്‍ ഡീലറുമായി ചാറ്റിംഗ്
ക്ലോസ്  ചെയ്ത് പതിവുള്ള ഏതോ കിളിവാതില്‍ തുറന്ന് അയാള്‍ മധുരം പങ്കിടാന്‍ തുടങ്ങി.

******************************************

                                                              ഇ - മഷി ഓണ്‍ലൈൻ മാഗസിൻ, 2014 ജനുവരി

                                                                                                                                                        ചിത്രം കടപ്പാട്: ഗൂഗിൾ


1 comment:

  1. ചെറിയവരെ ആര്‍ക്കും വേണ്ടാതാകുന്ന വലിയകാലം

    ReplyDelete