Tuesday, August 30, 2016

കാട്




മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.
മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.

മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.
മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.

കാടിന്റെയുള്ളില് കരള് കുളിർപ്പിക്കും
തെളിനീരൊഴുകുന്ന തോടുണ്ട്
തോട്ടുവക്കത്തൊരാൽ മരമുണ്ട്
തോട്ടിൽ പുളയ്ക്കുന്ന മീനുണ്ട്.

കാട് ചിരിക്കണ നേരത്ത് മലയണ്ണാൻ
സ്വപ്നം കണ്ട് ഉറങ്ങുന്നേ..
കാട് കരയുന്ന നേരത്ത് മൂങ്ങകൾ
തണുപ്പിൽ മുഖം പൊത്തിക്കരയുന്നു

ചീവീടും ചെമ്പോത്തും മാനും കുറുക്കനും
പാമ്പും പഴുതാര പുൽച്ചാടി..
കരിയിലച്ചോട്ടിൽ അന്നം തെരയുന്ന
പേരറിയാ പ്രാണി മുക്കോടി

കാട്ടിൽ മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
കാടുണ്ടേൽ നാടുണ്ട് ജീവനുണ്ട്
കാടുണ്ടേൽ നാടുണ്ട് ഞാനുണ്ട് നീയുണ്ട്
പൂവും പ്രകാശവും കാറ്റുമുണ്ട്

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.


***********************************************************


Tuesday, July 5, 2016

പെരുന്നാളോർമ്മയിലെ നാണയക്കിലുക്കം




നാലു വയസ്സോളം പ്രായവ്യത്യാസമുണ്ട് ഞാനും സൈബുവും തമ്മിൽ.

സൈബു, അഞ്ചു പെങ്ങന്മാരിൽ എനിക്കു നേരെ താഴെയുള്ളവൾ.
അവൾ തന്നെയാണ് പ്രിയപ്പെട്ട പെങ്ങളും കളിക്കൂട്ടുകാരിയും.
ജീവിതത്തിൽ കളിക്കിടയിൽ പോലും അവളോട് പിണങ്ങിയിട്ടുണ്ടോ എന്നെനിക്കോർമയില്ല.

അക്കാലത്തെ പെരുന്നാൾ ദിവസം മുതിർന്നവരിൽ നിന്നും ലഭിക്കുന്ന പെരുന്നാൾ പൈസയുടെ തോത് അവൾക്കായിരുന്നു കൂടുതൽ. കാരണം ഞാൻ അവളെക്കാൾ വലിയവനും അവളോട് എന്നെക്കാൾ കൂടുതൽ  എല്ലാവർക്കുമുള്ള വാത്സല്യവും കാരണമാണ് അവളുടെ കൈയിലുള്ള നാണയക്കിലുക്കത്തിന് കനം കൂടാൻ കാരണം.

ഒന്നര രൂപക്ക് ഒരു കാർ വാങ്ങണം. എട്ടു രൂപ അമ്പത് പൈസക്ക് ഒരു കുപ്പി ഹോർലിക്സ് വാങ്ങണം. പിന്നെ പന്നിയങ്കരയിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തുള്ള (നടത്തത്തിന് പിന്നിലുള്ള ലക്ഷ്യം മുപ്പത് പൈസ ബസ്ചാർജ് ലാഭിക്കുക എന്നതാണ്) കോഴിക്കോട് പുഷ്പാ തിയേറ്ററിൽ നിന്നും പ്രേംനസീറിന്റെ ഒരു സിനിമ കാണണം. (ടിക്കറ്റ് ചെലവ് 75 പൈസ, ഏറ്റവും മുന്നിലെ ബെഞ്ച്) ഇതിനൊക്കെ വരുന്ന ചെലവ് കൂട്ടിയും കിഴിച്ചും  കൈയിൽ വന്നു ചേരുന്ന പെരുന്നാൾ പൈസ ഇനത്തിൽ കിട്ടിയ വരുമാനം തികയാതെ വരുമെന്ന ബോധ്യമാണ് സൈബുവിന്റെ വരുമാനം കൂടി കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

ഞാൻ നട്ടു വളർത്തിയ മാവിൻചുവട്ടിൽ (അന്ന് ഒരാൾപൊക്കമേ ഉള്ളൂ ആ മാവിന്) ചെറിയൊരു കുഴിയുണ്ടാക്കി പണം കുഴിച്ചിട്ടാൽ ഇരട്ടി ലഭിക്കുമെന്ന ഓഫർ അതിനാടകീയമായി അവളെ അറിയിക്കുന്നു.
പക്ഷെ ആരോടും പറയാൻ പാടില്ല. അവൾ സമ്മതിച്ചു.

പക്ഷെ അവളാരാ മോൾ.
ഒറ്റയടിക്ക് പരീക്ഷണത്തിന് തയ്യാറല്ല അവൾ.

ആയതിനാൽ തന്നെ പത്തു പൈസ കുഴിച്ചിടാൻ എന്നെ ഏൽപ്പിച്ചു.
ഒരു വൈകുന്നേരമായിരുന്നു അത്. പിറ്റേന്നു രാവിലെ മാവിൻചുവട്ടിലെത്തി അവളുടെ സാന്നിധ്യത്തിൽ ഞാനാ കുഴി മാന്തി നോക്കി. അവൾ അതിശയ പ്പെട്ടു. പത്തു പൈസക്ക് പകരം കുഴിയിൽ 20 പൈസ വെട്ടിത്തിളങ്ങുന്നു.

പിന്നെയധികമൊന്നും ആലോചിക്കാതെ കയ്യിൽ വന്ന 20 പൈസയും കുഴിയിലേക്കിട്ട് എന്റെ മുഖത്തേക്ക് നോക്കി.
ഒരു സന്തോഷച്ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ അവൾ എന്നെയും കൂട്ടി പറമ്പിന്റെ മൂലയിലെ മാവിൻ ചുവട്ടിലേക്ക്.
അവളുടെ വിശ്വാസം പിടിച്ചു പറ്റാൻ വെറുതെ കണ്ണടച്ചു ഏതാനും സെക്കൻഡുകൾ.
ശേഷം, ചെറിയൊരു കമ്പെടുത്തു തലേദിവസം 20 പൈസ കുഴിച്ചിട്ടയിടത്തു മണ്ണ് മാറ്റാൻ തുടങ്ങി.
അവളുടെ കുഞ്ഞു കണ്ണുകളിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. കാരണം കുഴിയിലെ 20 പൈസ 40 പൈസയായി  വർദ്ധിച്ചിരിക്കുന്നു.

പൊടുന്നനെ അവൾ വീട്ടിനകത്തേക്കോടുന്ന കാഴ്ചയാണ് ഞാൻ കാണുന്നത്. വൈകിയില്ല, പെരുന്നാൾപൈസ ഇനത്തിൽ കിട്ടിയ മുഴുവൻ പണവും കൈക്കുമ്പിളിൽ നിറച്ചു എന്റെ നേരെ നീട്ടി ചിരിക്കുകയാണ് അവൾ.

ഇതാ.. ഇതു മുഴുവൻ കുഴിച്ചിട്. നാളെ ഒരുപാട് പൈസ കിട്ടുമല്ലോ.

അവളുടെ ആവേശം എന്റെയുള്ളിൽ ചിരിയായി പൊടിഞ്ഞു. എന്റെ സന്തോഷം പുറത്തു കാണിക്കാതെ കിട്ടുന്നതിൽ എനിക്കും എന്തെങ്കിലും തരണമെന്ന് ഒരു 'കരാർ' പറഞ്ഞുറപ്പിച്ചു.

അന്ന് രാത്രി, രാവിലെ നേരത്തെ ഉണരണമെന്ന് ഓർമപ്പെടുത്തിയാണ് അവളുറങ്ങാൻ പോയത്.

പണം ഇരട്ടിക്കുന്ന കാര്യം ഓർത്തു കിടന്ന അവൾ എപ്പോഴാണാവോ ഉറങ്ങിയിട്ടുണ്ടാവുക. ഞാൻ പെട്ടെന്നുറങ്ങി. കാരണം ഇരുട്ടുന്നതിനു മുമ്പ് തന്നെ അവളുടെ കണ്ണുവെട്ടിച്ചു പണമെല്ലാം എന്റേതാക്കി മാറ്റിയിട്ടുണ്ടാ യിരുന്നല്ലോ.

നേരം വെളുത്തത് അറിഞ്ഞതേയില്ല.
അവൾ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

കണ്ണും തിരുമ്മി അടുക്കളത്തിണ്ണമേൽ ഇരുന്നപ്പോൾ അവൾ ചിണുങ്ങി.
ഉടനെ പറമ്പിൽ പോയി പണമെടുക്കാൻ അവൾ ധൃതിപ്പെട്ടു.

അങ്ങനെയൊരു കാര്യമുണ്ടല്ലോ എന്നത് പെട്ടെന്ന് ഓർമയിൽ വന്നതു പോലെ ഭാവിച്ചു അവളെയും കൂട്ടി നടന്നു.

കമ്പെടുത്തു മണ്ണ് നീക്കാൻ തുടങ്ങി.

അൽപ്പനേരം. കുഴിക്കു മുകളിലെ മണ്ണ് മുഴുവൻ മാറ്റപ്പെട്ടു.
അവിടെ പൈസക്ക് പകരം ഏതാനും ഇത്തിളുകൾ (കക്കയുടെ പുറംതോട്) മാത്രം കണ്ടു അവളുടെ തൊണ്ടയിൽ കരച്ചിൽ കുരുങ്ങി.

പൈസ കുഴിച്ചിട്ട സമയം നന്നാവാഞ്ഞിട്ടാവുമെന്ന കാരണം അവളെ വിശ്വസിപ്പിച്ചു കൊണ്ട്, സംഭവം ആരോടും പറയേണ്ടെന്നും ചട്ടം കെട്ടി ഒന്നും സംഭവിക്കാത്തത് പോലെ ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി.

ഒരു നിധി കൈയിൽ വന്നു ചേർന്ന അവസ്ഥയായിരുന്നു കുറെ ദിവസത്തേക്ക്. മനസ്സിലെ കുഞ്ഞു പ്ലാനുകളെല്ലാം പ്രാവർത്തികമാക്കിയിട്ടും ബാക്കി വന്ന പണം എന്തൊക്കെ ചെയ്തു എന്നെനിക്കോർമ്മയില്ല.

മൂന്നര പതിറ്റാണ്ടിനു മുമ്പാണത്.

അവളുടെ ഈ ഭാഗ്യപരീക്ഷണ കഥ പിന്നീട് പലപ്പോഴും കുടുംബത്തിൽ ചർച്ച യാവുകയും കൂട്ടച്ചിരിയായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും കുട്ടിക്കാലത്തെ പെരുന്നാളിലേക്കും  അന്നത്തെ ഓർമകളിലേക്കും തിരിച്ചു നടക്കുമ്പോൾ മുതിർന്നവർ കൈവെള്ളയിൽ വെച്ചു തരുന്ന നാണയ ക്കിലുക്കം ചെവിയിൽ മുഴങ്ങുന്നു.

അവൾക്ക് മഹാനുണകൾ കഥകളായി പറഞ്ഞു കൊടുത്ത പെരുന്നാൾ രാവ് എത്ര പെട്ടെന്നാണ് ഉള്ളിലെ ഓർമകളായി മാറിയത്.

'നേരം വെളുത്താല് പെരുന്നാളാണുമ്മാ..
വേഗം നേരം വെളുക്കുന്നില്ലന്റുമ്മാ..'

ആരോ പാടിയ, ഉള്ളിൽ പെരുന്നാൾ പാട്ടു പോലെ കയറിക്കൂടിയ വരികൾ അവളും ചേർന്നു പാടിയ ആ പെരുന്നാൾ രാവുകൾ...

മാസപ്പിറവി കണ്ടുവെന്ന വാർത്ത കേൾക്കുന്നതോടെ എല്ലാ പെരുന്നാൾ തലേന്നും ഞാൻ കാണാദൂരത്തുള്ള അവളുടെ ഫോൺ ചതുരത്തിലേക്ക് ആ രണ്ടു വരിപ്പാട്ട് മൂളി കൺകോണുകളിൽ നനവ് പടർത്തുന്നതെന്തിനാണ്?

ചിരിച്ചു ചിരിച്ചു അവസാനം സംസാരം നിർത്തുന്നതിന് മുമ്പ് അവളുടെ ശബ്ദം ചിലമ്പി നേർത്തു പോവുന്നതെതെന്തു കൊണ്ടാണ്?

നമ്മുടെ ചുറ്റുമുള്ള പുതിയ കുട്ടികളെ കാണുമ്പോൾ, സൈബുവേ.. അവരുടെ കൈവെള്ളയിൽ പെരുന്നാൾ പൈസ വെച്ചു കൊടുക്കുമ്പോൾ  നമ്മുടെ ജീവിതത്തിലെ ഈ പണമിരട്ടിപ്പുകഥ അവരെ പറഞ്ഞു കേൾപ്പിക്കരുത്.

പുതിയ തന്ത്രങ്ങളുടെ പെരുന്തച്ചന്മാരായ അവർ
ഇത്രയും  മന്ദബുദ്ധികളായിരുന്നോ നിങ്ങൾ ആങ്ങളയും പെങ്ങളും
എന്നു മുഖത്തടിച്ച പോലെ ഒരു പക്ഷെ ചോദിച്ചേക്കും.

അതു കേട്ടാലും നീ കിലുങ്ങിച്ചിരിക്കുമെന്ന് എനിക്കറിയാം.
ആ ചിരിയിലും മുഴങ്ങുന്നുണ്ടല്ലോ  സന്തോഷത്തിന്റെ നാണയക്കിലുക്കം.

*****************************************************************
ചിത്രം : ഷബ്‌ന സുമയ്യ, ആലുവ


***********************************************************************



Tuesday, June 28, 2016

അറബിഭാഷയും പ്രവാസിയും



ആദ്യമായി ഗൾഫിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ചിലരെങ്കിലും മുമ്പൊക്കെ കൈയിൽ കരുതിയിരുന്ന കൈപുസ്തകമായിരുന്നു അറബി മലയാളം ഭാഷാസഹായി.

ഈ പുസ്തകം നോക്കി എത്ര പേർ അറബി പഠിച്ചിട്ടുണ്ട് എന്ന വസ്തുത നമ്മളന്വേഷിക്കണ്ട. അങ്ങനെയൊരു മുന്നൊരുക്കം ഒത്തിരി പേർ നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.

ഏതു രംഗത്തേക്കാണോ ഒരാൾ എത്തിപ്പെട്ടത് അതാത് മേഖലയിലെ
ക്രയവിക്രയങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ മാത്രമേ ഭൂരിപക്ഷം പ്രവാസികളും അവരവരുടെ അറബി ഭാഷാ നൈപുണ്യം പ്രകടിപ്പിച്ചിട്ടുള്ളൂ.

ഉദാഹരണത്തിന് പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾ പിന്നീട് തുണിക്കടയിലോ മറ്റോ ജോലിക്കായി എത്തിപ്പെട്ടെന്നിരിക്കട്ടെ. താൻ പഠിച്ച അറബി വാക്കുകൾ മതിയാവാതെ വരുന്നത് അപ്പോഴാണ് അയാൾക്ക് ബോധ്യപ്പെടുക.
പച്ചക്കറിക്കടയും തുണിക്കടയും ഉദാഹരണങ്ങളാണ്.
ജീവിക്കാൻ എത്തിപ്പെട്ട നാടിന്റെ ഭാഷയും ജീവിതവും സംസ്കാരവും തിരിച്ചറിയാനും ഉൾക്കൊള്ളാനും എത്ര മാത്രം പരിശ്രമങ്ങൾ നമ്മിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.

ഓട്ടത്തിനിടയിൽ ആർക്കാണ് വന്നു പെട്ട നാടിന്റെ ചരിത്രവും സംസ്കാരവും മറ്റു കാര്യങ്ങളും ചികയാൻ നേരമെന്ന മറുചോദ്യം ഉയരാം. അതിനുള്ള ഉത്തരമാണ് കോഴിക്കോട്ടു നിന്നുള്ള പുതിയ വാർത്ത.

ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഭാഷാ സമന്വയ വേദിയും സംയുക്തമായി 'മലയാളം സീഖ്‌നെ കേലിയെ' (മലയാളം പഠിക്കാൻ) എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നുവത്രെ.

കോഴിക്കോട് സ്റ്റേഡിയം ബിൽഡിംഗിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിത്യേന അമ്പത് പേരെങ്കിലും മലയാളം ഭാഷാസഹായി അന്വേഷി ച്ചു എത്താറുണ്ടെന്ന് പറയുന്ന കടക്കാരൻ ഉത്തരേന്ത്യൻ തൊഴിലാളികൾ നല്ല വായനശീലമുള്ളവരാണെന്നു കൂടി ചേർത്തു പറയുന്നുണ്ട്.

ഈ പുസ്തകം ഹിന്ദി അറിയാത്ത കരാറുകാർ, കച്ചവടക്കാർ, നിത്യേന പല കാര്യങ്ങളുമായി അന്യ സംസ്ഥാന തൊഴിലാളികളുമായി ഇടപഴകുന്ന സാധാരണക്കാർ അങ്ങനെ സകലർക്കും ഉപയോഗപ്പെടുമെന്നതിൽ തർക്കമില്ല.
ഒപ്പം തന്നെ അവർക്ക് മലയാളത്തിലേക്ക് പിടിച്ചു കയറാനുള്ള വഴികാട്ടിയുമാ വും.

ഇനി, പറഞ്ഞു തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചെത്താം.
ഭാഷാപഠനം എന്നത് വെറും അക്ഷരം ചേർത്തു വെച്ചു വായിക്കാനുള്ള ഒരുപാധി മാത്രമല്ല. അത് ഒരു നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേ ക്കും കയറി ച്ചെല്ലാനുള്ള കവാടമാണ്.
വർഷങ്ങളോളം ഗൾഫിൽ ജീവിച്ചു തീർത്തിട്ടും ഈ നാടിന്റെ ജീവിതത്തെ കുറി ച്ച്, അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ഒന്നും ഹൃദയത്തിൽ ചേർത്തു വെക്കാതെയാണ് നാം മടങ്ങുന്നത്.

അറബി ഭാഷ പഠി ച്ച്  ഈ ഭാഷയിലെ ക്ലാസ്സിക് കൃതികളൊക്കെ വായി ച്ച് ഉൾപുളകിതരാവണമെന്ന അർത്ഥമില്ല ഈ കുറിപ്പിന്.
ഒരു നാടിനെ തിരിച്ചറിയാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയാതെ നമുക്ക് ഇവിടുത്തെ ഭാഷ നന്നായി 'കൈകാര്യം' ചെയ്യാമെന്നുള്ള വിചാരമു ണ്ടെങ്കിൽ അത് പൊള്ളയാണെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിലൂടെ ഒഴിവു സമയങ്ങൾ അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് സക്രിയമായി വിനിയോഗിക്കാനുമുള്ള പരിശ്രമങ്ങളിലേക്കും ശ്രദ്ധ തിരിയണമെന്ന എളിയ അഭ്യർത്ഥന മാത്രമാണിത്.


**************** ഗൾഫ് മാധ്യമം (സൗദി അറേബ്യ എഡിഷൻ), 26.06.2016

**************************************************************************

Thursday, June 9, 2016

പുണ്യം



സർവ്വം രചിച്ച നാഥാ..
നിൻ കൃപാകടാക്ഷങ്ങൾക്കായി
ശിരസ്സു നമിക്കുന്നേൻ

സൂര്യൻ കത്തും പകലുകളിൽ
ദാഹാർത്തരായ്
നിൻ കനിവിനായി
മനസ്സ് കൊണ്ടൊരു നേർച്ച

പകൽ മായുന്നു
പടിഞ്ഞാറ് മാനം
രക്തപങ്കിലമാവുന്നു

നാഥാ.. നീയാണ് ശ്രേഷ്ടൻ..
 നീയാണ് ശ്രേഷ്ടൻ.

ഭൂമിയിലും ആകാശത്തിലും
നിൻ നാമം പ്രതിദ്ധ്വനിക്കുമ്പോൾ
ഒരു കവിൾ ദാഹജലം മതി
ഒരു നുള്ള് മധുരം മതി
വ്രത സാക്ഷാത്കാര നിറവിൽ
എന്റെ ഹൃദയം തണുക്കാൻ

എനിക്കും
മുമ്പേ വന്നു പോയവർക്കും
ഇനി വരാനിരിക്കുന്നവർക്കും
ഈ തപസ്യ ഒരനുഗ്രഹം
ഉള്ളും പുറവും
വിശുദ്ധിയുടെ മലരുകളാൽ
അലംകൃതമാവുന്നു

നാഥാ..
സർവ്വവും നിന്നിലർപ്പിച്ച്
ഓരോ വിശ്വാസിയും
ധന്യരാവുന്ന വേള
ഇത്, പുണ്യം പൂക്കും
റമദാൻ മാസം.

****************************** പ്രവാസി രിസാല, ജൂൺ ലക്കം - 2016

**************************************************************************

Tuesday, May 31, 2016

ജലോപയോഗത്തിലെ ഉദാസീനത



ലം പാഴാക്കുന്നതിൽ തെല്ലും കുറ്റബോധമില്ലാത്ത സമൂഹമാണ്‌ നാം. 

ജലവിനിയോഗത്തിൽ നമ്മൾ ഇനിയുമേറെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. സകല പ്രവർത്തനങ്ങളിലും ചിന്തയിലും ഔന്നത്യം പുലർത്തുന്ന മലയാളിയു ടെ ഇക്കാര്യത്തിലെ പൂജ്യത്തരം ഓരോരുത്തരും തിരിച്ചറിയണം.

ദിവസവും മൂന്നു നേരം കുളിക്കുന്നവരാണ് മലയാളികളിൽ ചിലർ.
അത് പരസ്യപ്രസ്താവനയിലൂടെ സകലരെയും അറിയിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട് കൂട്ടത്തിൽ. 
ഇത് വൃത്തിയുടെതല്ല. അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാ ണ്.
പല അവസരങ്ങളിലും നമ്മൾ ടാപ്പ് തുറന്നു വെച്ച് വെള്ളം പാഴാക്കുന്നുണ്ട്. പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും പാത്രം കഴുകുമ്പോഴും അങ്ങനെ ഒത്തിരി അവസരങ്ങളിൽ അനാവശ്യമായി വെള്ളം ഒഴുക്കിക്കളയുന്നു.
ഇതിൽ കുളിക്കാനും അലക്കാനും മറ്റാവശ്യങ്ങൾക്കും നാമുപയോഗിക്കുന്ന വെള്ളം അത്രയും അളവിൽ വേണ്ടതുണ്ടോ എന്ന് സ്വയമൊരു വിചാരണ നട ത്തണം.
മറ്റൊന്ന്, വീട്ടിനു മുകളിലുള്ള വാട്ടർടാങ്കിലേക്ക് കിണറിൽ നിന്നും വെള്ളം നിറയ്ക്കാൻ വൈദ്യുതി ഇല്ലാത്ത നേരത്ത് പോലും മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെക്കുകയും അക്കാര്യം ഓർക്കാതെ വീട് പൂട്ടി പുറത്തെവിടെയെ ങ്കിലും പോവുകയും പിന്നീട് വൈദ്യുതിയെത്തി ടാങ്കിൽ വെള്ളം നിറഞ്ഞു പുറത്തേക്കൊഴുകുകയും ചെയ്യുന്ന കാഴ്ച നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടു ണ്ടാകും.

ഇതേ പോലെ തന്നെ ചില വീടുകളിൽ മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെച്ച് വാതിലുകളടച്ചു ടീവിയിൽ സീരിയൽ കാഴ്ചയിലേക്കും മറ്റും ആഴ്ന്നിറങ്ങും. വീട്ടിനു മുകളിലെ ടാങ്ക് നിറഞ്ഞു കവിയുന്നത് വീട്ടിനകത്തുള്ളവരുടെ ശ്രദ്ധ യിൽ പെടുകയുമില്ല.
ഇത്തരക്കാർ എത്ര മാത്രം കുടിവെള്ളമാണ് പാഴാക്കുന്നത്. അതുവഴി അവർ ചെയ്യുന്നത് സമൂഹത്തോടുള്ള ദ്രോഹമാണ്. പ്രകൃതിയോടുള്ള വെല്ലുവിളി കൂടിയാണത്.
ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ലക്ഷക്കണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന അവസ്ഥയുണ്ട്. കുടിവെള്ളത്തിനായി കാത ങ്ങൾ താണ്ടുന്ന എത്ര മനുഷ്യരുണ്ടെന്നോ ഭൂമുഖത്ത്‌.
കുടിവെള്ളം ലഭിക്കാതെ എത്രയെത്ര പൈതങ്ങളുടെ ജീവനൊടുങ്ങുന്നുണ്ടെ  ന്നറിയുമോ നിത്യവും.
നാൽപ്പത്തിനാല് നദികളും കുളങ്ങളും തോടുകളും വറ്റാത്ത കിണറുകളും കൃത്യമായെത്തുന്ന വർഷകാലവും കേരളത്തിൽ ജലസമൃദ്ധിയുടെ നാളുകളു ണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പറഞ്ഞ ചിത്രം പാടെ മാറുകയും വൃശ്ചിക മാസത്തിൽ പോലും അന്തരീക്ഷം പൊള്ളുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു.
വിയർത്തൊലിക്കുന്ന രാവും പകലും വറ്റിവരണ്ട ജലസ്രോതസ്സുകളും മലയാ ളിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ മരുഭൂമി യെ പോലും വെല്ലുന്ന അവസ്ഥയായിരിക്കും ഉഷ്ണത്തിന്റെ കാര്യത്തിൽ മലനാട് അനുഭവിക്കാൻ പോകുന്നത്.
കേരളത്തിൽ മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുന്ന സന്ദർഭമാണിത്. മണ്ണിലേക്ക് വർഷിക്കുന്ന ജലമത്രയും പാഴായിപ്പോവാതെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നങ്ങളാണ് ഇനി എല്ലായിടത്തും ഉണ്ടാവേണ്ടത്.
പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഉപയോഗപ്രദമായ രീതിയിലേക്ക് വഴി തിരിച്ചു വിടുക.
ജല അതോറിറ്റിയും പരിസ്ഥിതി പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പ് മേധാവി കളും ഭരണകർത്താക്കളും മണ്ണിനെ സ്നേഹിക്കുന്ന ഓരോരുത്തരും ബോധവ ൽ ക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണം.
ആസന്നഭാവിയിൽ കുടിവെള്ളത്തിനായി പരസ്പ്പരം പോരടിക്കുന്ന സമൂഹമാ യി മാറാതിരിക്കണമെങ്കിൽ വെള്ളം പാഴാക്കാതെ ശ്രദ്ധിക്കുക.
ജലം അമൂല്യമാണെന്ന ബോധത്തോടെ പക്വമായ ഇടപെടലിലൂടെ സക്രിയമാ വാം നമുക്ക്,  ഇനിയുള്ള കാലം.

*******************************************************************

മലയാള മനോരമ ദിനപത്രം, കാഴ്ചപ്പാട് പേജ് - (2016 മെയ്‌ 31 ചൊവ്വ)

NB:
കുറിപ്പിലെ ചില വരികൾ പത്രം മുറിച്ചു മാറ്റിയത് സ്ഥലപരിമിതി മൂലമാവാം.
എഴുതിയത് മുഴുവൻ അച്ചടിച്ച്‌ വരണമെന്നില്ലല്ലോ. കുറിപ്പ് പൂർണ്ണ രൂപത്തിലുള്ളതാണ് ബ്ലോഗ്‌.
*******************************************************************