Tuesday, June 28, 2016

അറബിഭാഷയും പ്രവാസിയുംആദ്യമായി ഗൾഫിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ചിലരെങ്കിലും മുമ്പൊക്കെ കൈയിൽ കരുതിയിരുന്ന കൈപുസ്തകമായിരുന്നു അറബി മലയാളം ഭാഷാസഹായി.

ഈ പുസ്തകം നോക്കി എത്ര പേർ അറബി പഠിച്ചിട്ടുണ്ട് എന്ന വസ്തുത നമ്മളന്വേഷിക്കണ്ട. അങ്ങനെയൊരു മുന്നൊരുക്കം ഒത്തിരി പേർ നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.

ഏതു രംഗത്തേക്കാണോ ഒരാൾ എത്തിപ്പെട്ടത് അതാത് മേഖലയിലെ
ക്രയവിക്രയങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ മാത്രമേ ഭൂരിപക്ഷം പ്രവാസികളും അവരവരുടെ അറബി ഭാഷാ നൈപുണ്യം പ്രകടിപ്പിച്ചിട്ടുള്ളൂ.

ഉദാഹരണത്തിന് പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾ പിന്നീട് തുണിക്കടയിലോ മറ്റോ ജോലിക്കായി എത്തിപ്പെട്ടെന്നിരിക്കട്ടെ. താൻ പഠിച്ച അറബി വാക്കുകൾ മതിയാവാതെ വരുന്നത് അപ്പോഴാണ് അയാൾക്ക് ബോധ്യപ്പെടുക.
പച്ചക്കറിക്കടയും തുണിക്കടയും ഉദാഹരണങ്ങളാണ്.
ജീവിക്കാൻ എത്തിപ്പെട്ട നാടിന്റെ ഭാഷയും ജീവിതവും സംസ്കാരവും തിരിച്ചറിയാനും ഉൾക്കൊള്ളാനും എത്ര മാത്രം പരിശ്രമങ്ങൾ നമ്മിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.

ഓട്ടത്തിനിടയിൽ ആർക്കാണ് വന്നു പെട്ട നാടിന്റെ ചരിത്രവും സംസ്കാരവും മറ്റു കാര്യങ്ങളും ചികയാൻ നേരമെന്ന മറുചോദ്യം ഉയരാം. അതിനുള്ള ഉത്തരമാണ് കോഴിക്കോട്ടു നിന്നുള്ള പുതിയ വാർത്ത.

ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഭാഷാ സമന്വയ വേദിയും സംയുക്തമായി 'മലയാളം സീഖ്‌നെ കേലിയെ' (മലയാളം പഠിക്കാൻ) എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നുവത്രെ.

കോഴിക്കോട് സ്റ്റേഡിയം ബിൽഡിംഗിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിത്യേന അമ്പത് പേരെങ്കിലും മലയാളം ഭാഷാസഹായി അന്വേഷി ച്ചു എത്താറുണ്ടെന്ന് പറയുന്ന കടക്കാരൻ ഉത്തരേന്ത്യൻ തൊഴിലാളികൾ നല്ല വായനശീലമുള്ളവരാണെന്നു കൂടി ചേർത്തു പറയുന്നുണ്ട്.

ഈ പുസ്തകം ഹിന്ദി അറിയാത്ത കരാറുകാർ, കച്ചവടക്കാർ, നിത്യേന പല കാര്യങ്ങളുമായി അന്യ സംസ്ഥാന തൊഴിലാളികളുമായി ഇടപഴകുന്ന സാധാരണക്കാർ അങ്ങനെ സകലർക്കും ഉപയോഗപ്പെടുമെന്നതിൽ തർക്കമില്ല.
ഒപ്പം തന്നെ അവർക്ക് മലയാളത്തിലേക്ക് പിടിച്ചു കയറാനുള്ള വഴികാട്ടിയുമാ വും.

ഇനി, പറഞ്ഞു തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചെത്താം.
ഭാഷാപഠനം എന്നത് വെറും അക്ഷരം ചേർത്തു വെച്ചു വായിക്കാനുള്ള ഒരുപാധി മാത്രമല്ല. അത് ഒരു നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേ ക്കും കയറി ച്ചെല്ലാനുള്ള കവാടമാണ്.
വർഷങ്ങളോളം ഗൾഫിൽ ജീവിച്ചു തീർത്തിട്ടും ഈ നാടിന്റെ ജീവിതത്തെ കുറി ച്ച്, അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ഒന്നും ഹൃദയത്തിൽ ചേർത്തു വെക്കാതെയാണ് നാം മടങ്ങുന്നത്.

അറബി ഭാഷ പഠി ച്ച്  ഈ ഭാഷയിലെ ക്ലാസ്സിക് കൃതികളൊക്കെ വായി ച്ച് ഉൾപുളകിതരാവണമെന്ന അർത്ഥമില്ല ഈ കുറിപ്പിന്.
ഒരു നാടിനെ തിരിച്ചറിയാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയാതെ നമുക്ക് ഇവിടുത്തെ ഭാഷ നന്നായി 'കൈകാര്യം' ചെയ്യാമെന്നുള്ള വിചാരമു ണ്ടെങ്കിൽ അത് പൊള്ളയാണെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിലൂടെ ഒഴിവു സമയങ്ങൾ അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് സക്രിയമായി വിനിയോഗിക്കാനുമുള്ള പരിശ്രമങ്ങളിലേക്കും ശ്രദ്ധ തിരിയണമെന്ന എളിയ അഭ്യർത്ഥന മാത്രമാണിത്.


**************** ഗൾഫ് മാധ്യമം (സൗദി അറേബ്യ എഡിഷൻ), 26.06.2016

**************************************************************************