Tuesday, July 5, 2016

പെരുന്നാളോർമ്മയിലെ നാണയക്കിലുക്കം
നാലു വയസ്സോളം പ്രായവ്യത്യാസമുണ്ട് ഞാനും സൈബുവും തമ്മിൽ.

സൈബു, അഞ്ചു പെങ്ങന്മാരിൽ എനിക്കു നേരെ താഴെയുള്ളവൾ.
അവൾ തന്നെയാണ് പ്രിയപ്പെട്ട പെങ്ങളും കളിക്കൂട്ടുകാരിയും.
ജീവിതത്തിൽ കളിക്കിടയിൽ പോലും അവളോട് പിണങ്ങിയിട്ടുണ്ടോ എന്നെനിക്കോർമയില്ല.

അക്കാലത്തെ പെരുന്നാൾ ദിവസം മുതിർന്നവരിൽ നിന്നും ലഭിക്കുന്ന പെരുന്നാൾ പൈസയുടെ തോത് അവൾക്കായിരുന്നു കൂടുതൽ. കാരണം ഞാൻ അവളെക്കാൾ വലിയവനും അവളോട് എന്നെക്കാൾ കൂടുതൽ  എല്ലാവർക്കുമുള്ള വാത്സല്യവും കാരണമാണ് അവളുടെ കൈയിലുള്ള നാണയക്കിലുക്കത്തിന് കനം കൂടാൻ കാരണം.

ഒന്നര രൂപക്ക് ഒരു കാർ വാങ്ങണം. എട്ടു രൂപ അമ്പത് പൈസക്ക് ഒരു കുപ്പി ഹോർലിക്സ് വാങ്ങണം. പിന്നെ പന്നിയങ്കരയിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തുള്ള (നടത്തത്തിന് പിന്നിലുള്ള ലക്ഷ്യം മുപ്പത് പൈസ ബസ്ചാർജ് ലാഭിക്കുക എന്നതാണ്) കോഴിക്കോട് പുഷ്പാ തിയേറ്ററിൽ നിന്നും പ്രേംനസീറിന്റെ ഒരു സിനിമ കാണണം. (ടിക്കറ്റ് ചെലവ് 75 പൈസ, ഏറ്റവും മുന്നിലെ ബെഞ്ച്) ഇതിനൊക്കെ വരുന്ന ചെലവ് കൂട്ടിയും കിഴിച്ചും  കൈയിൽ വന്നു ചേരുന്ന പെരുന്നാൾ പൈസ ഇനത്തിൽ കിട്ടിയ വരുമാനം തികയാതെ വരുമെന്ന ബോധ്യമാണ് സൈബുവിന്റെ വരുമാനം കൂടി കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

ഞാൻ നട്ടു വളർത്തിയ മാവിൻചുവട്ടിൽ (അന്ന് ഒരാൾപൊക്കമേ ഉള്ളൂ ആ മാവിന്) ചെറിയൊരു കുഴിയുണ്ടാക്കി പണം കുഴിച്ചിട്ടാൽ ഇരട്ടി ലഭിക്കുമെന്ന ഓഫർ അതിനാടകീയമായി അവളെ അറിയിക്കുന്നു.
പക്ഷെ ആരോടും പറയാൻ പാടില്ല. അവൾ സമ്മതിച്ചു.

പക്ഷെ അവളാരാ മോൾ.
ഒറ്റയടിക്ക് പരീക്ഷണത്തിന് തയ്യാറല്ല അവൾ.

ആയതിനാൽ തന്നെ പത്തു പൈസ കുഴിച്ചിടാൻ എന്നെ ഏൽപ്പിച്ചു.
ഒരു വൈകുന്നേരമായിരുന്നു അത്. പിറ്റേന്നു രാവിലെ മാവിൻചുവട്ടിലെത്തി അവളുടെ സാന്നിധ്യത്തിൽ ഞാനാ കുഴി മാന്തി നോക്കി. അവൾ അതിശയ പ്പെട്ടു. പത്തു പൈസക്ക് പകരം കുഴിയിൽ 20 പൈസ വെട്ടിത്തിളങ്ങുന്നു.

പിന്നെയധികമൊന്നും ആലോചിക്കാതെ കയ്യിൽ വന്ന 20 പൈസയും കുഴിയിലേക്കിട്ട് എന്റെ മുഖത്തേക്ക് നോക്കി.
ഒരു സന്തോഷച്ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ അവൾ എന്നെയും കൂട്ടി പറമ്പിന്റെ മൂലയിലെ മാവിൻ ചുവട്ടിലേക്ക്.
അവളുടെ വിശ്വാസം പിടിച്ചു പറ്റാൻ വെറുതെ കണ്ണടച്ചു ഏതാനും സെക്കൻഡുകൾ.
ശേഷം, ചെറിയൊരു കമ്പെടുത്തു തലേദിവസം 20 പൈസ കുഴിച്ചിട്ടയിടത്തു മണ്ണ് മാറ്റാൻ തുടങ്ങി.
അവളുടെ കുഞ്ഞു കണ്ണുകളിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. കാരണം കുഴിയിലെ 20 പൈസ 40 പൈസയായി  വർദ്ധിച്ചിരിക്കുന്നു.

പൊടുന്നനെ അവൾ വീട്ടിനകത്തേക്കോടുന്ന കാഴ്ചയാണ് ഞാൻ കാണുന്നത്. വൈകിയില്ല, പെരുന്നാൾപൈസ ഇനത്തിൽ കിട്ടിയ മുഴുവൻ പണവും കൈക്കുമ്പിളിൽ നിറച്ചു എന്റെ നേരെ നീട്ടി ചിരിക്കുകയാണ് അവൾ.

ഇതാ.. ഇതു മുഴുവൻ കുഴിച്ചിട്. നാളെ ഒരുപാട് പൈസ കിട്ടുമല്ലോ.

അവളുടെ ആവേശം എന്റെയുള്ളിൽ ചിരിയായി പൊടിഞ്ഞു. എന്റെ സന്തോഷം പുറത്തു കാണിക്കാതെ കിട്ടുന്നതിൽ എനിക്കും എന്തെങ്കിലും തരണമെന്ന് ഒരു 'കരാർ' പറഞ്ഞുറപ്പിച്ചു.

അന്ന് രാത്രി, രാവിലെ നേരത്തെ ഉണരണമെന്ന് ഓർമപ്പെടുത്തിയാണ് അവളുറങ്ങാൻ പോയത്.

പണം ഇരട്ടിക്കുന്ന കാര്യം ഓർത്തു കിടന്ന അവൾ എപ്പോഴാണാവോ ഉറങ്ങിയിട്ടുണ്ടാവുക. ഞാൻ പെട്ടെന്നുറങ്ങി. കാരണം ഇരുട്ടുന്നതിനു മുമ്പ് തന്നെ അവളുടെ കണ്ണുവെട്ടിച്ചു പണമെല്ലാം എന്റേതാക്കി മാറ്റിയിട്ടുണ്ടാ യിരുന്നല്ലോ.

നേരം വെളുത്തത് അറിഞ്ഞതേയില്ല.
അവൾ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

കണ്ണും തിരുമ്മി അടുക്കളത്തിണ്ണമേൽ ഇരുന്നപ്പോൾ അവൾ ചിണുങ്ങി.
ഉടനെ പറമ്പിൽ പോയി പണമെടുക്കാൻ അവൾ ധൃതിപ്പെട്ടു.

അങ്ങനെയൊരു കാര്യമുണ്ടല്ലോ എന്നത് പെട്ടെന്ന് ഓർമയിൽ വന്നതു പോലെ ഭാവിച്ചു അവളെയും കൂട്ടി നടന്നു.

കമ്പെടുത്തു മണ്ണ് നീക്കാൻ തുടങ്ങി.

അൽപ്പനേരം. കുഴിക്കു മുകളിലെ മണ്ണ് മുഴുവൻ മാറ്റപ്പെട്ടു.
അവിടെ പൈസക്ക് പകരം ഏതാനും ഇത്തിളുകൾ (കക്കയുടെ പുറംതോട്) മാത്രം കണ്ടു അവളുടെ തൊണ്ടയിൽ കരച്ചിൽ കുരുങ്ങി.

പൈസ കുഴിച്ചിട്ട സമയം നന്നാവാഞ്ഞിട്ടാവുമെന്ന കാരണം അവളെ വിശ്വസിപ്പിച്ചു കൊണ്ട്, സംഭവം ആരോടും പറയേണ്ടെന്നും ചട്ടം കെട്ടി ഒന്നും സംഭവിക്കാത്തത് പോലെ ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി.

ഒരു നിധി കൈയിൽ വന്നു ചേർന്ന അവസ്ഥയായിരുന്നു കുറെ ദിവസത്തേക്ക്. മനസ്സിലെ കുഞ്ഞു പ്ലാനുകളെല്ലാം പ്രാവർത്തികമാക്കിയിട്ടും ബാക്കി വന്ന പണം എന്തൊക്കെ ചെയ്തു എന്നെനിക്കോർമ്മയില്ല.

മൂന്നര പതിറ്റാണ്ടിനു മുമ്പാണത്.

അവളുടെ ഈ ഭാഗ്യപരീക്ഷണ കഥ പിന്നീട് പലപ്പോഴും കുടുംബത്തിൽ ചർച്ച യാവുകയും കൂട്ടച്ചിരിയായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും കുട്ടിക്കാലത്തെ പെരുന്നാളിലേക്കും  അന്നത്തെ ഓർമകളിലേക്കും തിരിച്ചു നടക്കുമ്പോൾ മുതിർന്നവർ കൈവെള്ളയിൽ വെച്ചു തരുന്ന നാണയ ക്കിലുക്കം ചെവിയിൽ മുഴങ്ങുന്നു.

അവൾക്ക് മഹാനുണകൾ കഥകളായി പറഞ്ഞു കൊടുത്ത പെരുന്നാൾ രാവ് എത്ര പെട്ടെന്നാണ് ഉള്ളിലെ ഓർമകളായി മാറിയത്.

'നേരം വെളുത്താല് പെരുന്നാളാണുമ്മാ..
വേഗം നേരം വെളുക്കുന്നില്ലന്റുമ്മാ..'

ആരോ പാടിയ, ഉള്ളിൽ പെരുന്നാൾ പാട്ടു പോലെ കയറിക്കൂടിയ വരികൾ അവളും ചേർന്നു പാടിയ ആ പെരുന്നാൾ രാവുകൾ...

മാസപ്പിറവി കണ്ടുവെന്ന വാർത്ത കേൾക്കുന്നതോടെ എല്ലാ പെരുന്നാൾ തലേന്നും ഞാൻ കാണാദൂരത്തുള്ള അവളുടെ ഫോൺ ചതുരത്തിലേക്ക് ആ രണ്ടു വരിപ്പാട്ട് മൂളി കൺകോണുകളിൽ നനവ് പടർത്തുന്നതെന്തിനാണ്?

ചിരിച്ചു ചിരിച്ചു അവസാനം സംസാരം നിർത്തുന്നതിന് മുമ്പ് അവളുടെ ശബ്ദം ചിലമ്പി നേർത്തു പോവുന്നതെതെന്തു കൊണ്ടാണ്?

നമ്മുടെ ചുറ്റുമുള്ള പുതിയ കുട്ടികളെ കാണുമ്പോൾ, സൈബുവേ.. അവരുടെ കൈവെള്ളയിൽ പെരുന്നാൾ പൈസ വെച്ചു കൊടുക്കുമ്പോൾ  നമ്മുടെ ജീവിതത്തിലെ ഈ പണമിരട്ടിപ്പുകഥ അവരെ പറഞ്ഞു കേൾപ്പിക്കരുത്.

പുതിയ തന്ത്രങ്ങളുടെ പെരുന്തച്ചന്മാരായ അവർ
ഇത്രയും  മന്ദബുദ്ധികളായിരുന്നോ നിങ്ങൾ ആങ്ങളയും പെങ്ങളും
എന്നു മുഖത്തടിച്ച പോലെ ഒരു പക്ഷെ ചോദിച്ചേക്കും.

അതു കേട്ടാലും നീ കിലുങ്ങിച്ചിരിക്കുമെന്ന് എനിക്കറിയാം.
ആ ചിരിയിലും മുഴങ്ങുന്നുണ്ടല്ലോ  സന്തോഷത്തിന്റെ നാണയക്കിലുക്കം.

*****************************************************************
ചിത്രം : ഷബ്‌ന സുമയ്യ, ആലുവ


***********************************************************************