Thursday, August 19, 2010

മിഠായിത്തെരുവ് മഹോത്സവം തുടങ്ങി



കോഴിക്കോട് : 'മിഠായിത്തെരുവ് മഹോത്സവം' 2010, 2011 ന് തുടക്കം. മിഠായിത്തെരുവിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് തെരുവിലെ കച്ചവടക്കാര്‍ ചേര്‍ന്നാണ് ജനുവരി 31 വരെ മഹോത്സവം സംഘടിപ്പിക്കുന്നത്. മേയര്‍ എം. ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. മിഠായിത്തെരുവിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മഹോത്സവം കഴിയുന്നതോടെ തുടക്കം കുറിക്കണമെന്ന് മേയര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ ലോഗോ പ്രകാശനം ചെയ്തു.

ഗള്‍ഫ് മാധ്യമം ദിനപത്രം ആഗസ്റ് 18

Monday, August 16, 2010

ചതുരക്കാഴ്ച

വീട്ടിനടുത്തുള്ള മുതിര്‍ന്ന നാലഞ്ച് സ്ത്രീകള്‍ പുകയുന്ന കുന്തിരിക്കത്തിന്റെ മുമ്പിലിരുന്ന് ഖുര്‍ഃആന്‍ ഓതുകയാണ്.

വിളറിയ മൌനം പെരുംസങ്കടങ്ങളായി ഉരുള്‍പൊട്ടി പരക്കുമ്പോള്‍ മുറിയുടെ മൂലയില്‍ ഈ ദിവസം ഇങ്ങനെയൊക്കെയായി തീര്‍ന്നതില്‍ വേപഥുവോടെ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഗാനതാരകം പ്രോഗ്രാം എലിമിനേഷന്‍ റൌണ്ടിലെ പ്രിയംവദ രമേശന്റെ വേവലാതിയിലേക്ക് മനസ്സെറിഞ്ഞ് സെറീന.

എലിമിനേഷന്‍ റൌണ്ട് ഇന്നലെ കഴിയേണ്ടതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നേക്കത് മാറ്റി വെച്ചതാണ്. പ്രിയംവദയ്ക്ക് ഇതുവരെയുള്ള അവസ്ഥ നോക്കുകയാണെങ്കില്‍ എസ്.എം.എസ്. കുറവാണ്. നന്നായി പാടാന്‍ കഴിവുള്ള സുന്ദരിക്കുട്ടി. ഇന്നലെ അവളണിഞ്ഞ ഇളംചുവപ്പ് നിറമുള്ള ചുരീദാറിന്റെ അഴക് കണ്ണില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല.
ടിവിയുടെ കുഞ്ഞു സ്ക്രീനിന്റെ മുമ്പില്‍ സ്വന്തം പേരിന്റെ സ്പെല്ലിംഗ് പറഞ്ഞ് പിച്ചക്കാരെ പോലെ കെഞ്ചുന്നതിനു പകരം പ്രപഞ്ചത്തിലുള്ള സകലര്‍ക്കും പ്രിയംവദയ്ക്ക് വേണ്ടി എസ്.എം.എസ്. അയച്ചൂടെയെന്ന സെറീനയുടെ സംശയം ഉപ്പയെ പുതപ്പിച്ച വെള്ളത്തുണിക്കു മുകളിലൂടെ പലരുടേയും മുഖത്തേക്ക് നീണ്ടു.
ഇന്നിപ്പോ പ്രിയംവദയ്ക്ക് എസ്.എം.എസ്. നില എങ്ങനെയാവുമെന്നും അവള്‍ എലിമിനേഷന്‍ റൌണ്ടെന്ന കടമ്പ കടക്കു മോയെന്നും ആരോടെങ്കിലും എങ്ങന്യാ ഒന്ന് ചോദിക്ക്യാ..
അല്ലെങ്കീ വേണ്ട.. സ്വന്തം തന്തയെ ഖബറുങ്കാട്ടിലേക്കെടുക്കാന്‍ നേരത്താണോ നിന്റെയൊരു പ്രിയംവദ എന്നാരെങ്കിലും മുഖത്ത് കാര്‍ക്കിച്ച് തുപ്പിയാലോ..?

ഉറങ്ങിക്കെടക്കുമ്പോലെ.. സെറീനാന്റെ ഉപ്പ മരിച്ചൂന്ന് വിശ്വസിക്കാന്‍ തോന്ന്ണില്ല്യ..
അയല്‍ക്കാരി സുശീലാമ്മ താടിക്ക് കൈവെച്ചു.
മിനുസമാര്‍ന്ന തറയില്‍ നനഞ്ഞ കിളിയെപ്പോലെ സെറീന.
അവളെ സുശീലാമ്മ നിര്‍ബന്ധിച്ചെഴുന്നേല്‍പ്പിച്ചു. വെല്ല്യുമ്മയുടെ കട്ടിലിലിരുത്തി.
വല്ലാത്ത ദാഹം... ഉമിനീരില്ലാതെ നാവില്‍ വേനല്‍ വരളുന്നു.
ഇത്തിരി വെള്ളം ആരോടാ ചോദിക്ക്യാ..
മരണവീട്ടില്‍ ജലപാനം പാടില്ലെന്നാ.. എന്നാലും....
ഏതൊക്കൊയോ ചിന്തയില്‍ അവള്‍ ചുമരില്‍ തല ചായ്ച്ച് കണ്ണ് ചിമ്മി.

ഇപ്പോള്‍ പാതിമയക്കത്തിന്റെ ഓരത്തേക്കവള്‍ പതിയെ..

ഒരു മാത്ര അവള്‍ കണ്ണു തുറന്നത് പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ക്ക് താഴെ മനോഹരമായ താഴ്വരയില്‍..
തെളിനീരുമായി വലിയൊരു തടാകം...
അതിലെ സ്ഫടികതുല്യമായ ജലം കൈക്കുമ്പിളില്‍ കോരിയെടുത്ത് ദാഹം തീരുവോളം...
പച്ചപ്പ് നിറഞ്ഞ തടാകക്കരയിലെ മരത്തണലില്‍ ഓണ്‍ ചെയ്തു വെച്ച ടീവിയ്ക്കു മുമ്പിലിരുന്ന് മനസ്സെത്ര നേരം..
സ്ക്രീനില്‍ പ്രിയംവദ രമേശന്റെ പെര്‍ഫോര്‍മെന്‍സ് പൊടിപൊടിക്കുന്നു.
അലങ്കരിച്ച വേദിയ്ക്കു ചുറ്റു നിന്നും മല കുലുങ്ങും രീതിയില്‍ കാണികളുടെ കയ്യടി.
താടി തടവിക്കൊണ്ട് സഗൌരവം വിധികര്‍ത്താക്കള്‍.
അവതാരക കീറിച്ചിരിച്ചു കൊണ്ട് ഫന്റാസ്റ്റിക് പറയുന്നു.
വര്‍ണ്ണശബളമായ വേദിയും പ്രിയംവദ രമേശന്റെ മികച്ച ചടുലതാള ആലാപനത്തിലും മിഴികള്‍..

അങ്ങനെ.. എത്ര നേരം..
സ്വയം മറന്നുള്ള ഒരിരുപ്പില്‍ കൂട്ടക്കരച്ചിലിന്റെ മണ്‍പുറ്റിടിഞ്ഞ് നെഞ്ചത്ത് പതിച്ചപ്പോള്‍ സെറീന എവിടുന്നോ ഞെട്ടിപ്പിട ഞ്ഞ് വല്ല്യുമ്മയുടെ കട്ടിലിലേക്ക് വീണു.
വടകരയിലെ ആയിഷമ്മായിയും ഹസീനയുമാണ്.
അവര്‍ മാറത്തലച്ച് കരഞ്ഞ് പതം പറഞ്ഞു കൊണ്ടേയിരുന്നു.
വന്നു കയറിയ ഉടനെ എങ്ങന്യാ ഇത്ര പെട്ടെന്ന് കരഞ്ഞ് തകരാന്‍ കഴിയുന്നതെന്നോര്‍ത്ത് സെറീന ആശ്ചര്യത്തിന്റെ ആഴ ങ്ങളിലേക്ക് മുങ്ങി. പിന്നെ ഉപ്പയെക്കുറിച്ചുള്ള വിചാരങ്ങളിലേക്ക് നിവര്‍ന്നു.

ഫാത്തിമ വരണം.. അവളും കൂടിയിനി എത്താനുള്ളൂ..
സുല്‍ഫീക്കര്‍ കൊച്ചാപ്പയുടെ ഘനഗംഭീര ശബ്ദം.

ഫാത്തിമ..!
നിസാര്‍മാമയുടെ മകള്‍.
നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പുതുമണവാളനോടൊപ്പം അറബിപ്പൊന്നിന്റെ നാട്ടിലേക്ക് ചിറകടിച്ച് പറന്നവള്‍. അവിടുന്നവള്‍ വിവരമറിഞ്ഞ ഉടനെ പുറപ്പെട്ടിട്ടുണ്ടെന്നാണ് നിസാര്‍മാമ പറയുന്നത് കേട്ടത്. അവള് കൂടി എത്തി ക്കഴിഞ്ഞാല്‍ പിന്നെ... ഉപ്പയെ..?
സെറീനയുടെ ചുണ്ടുകള്‍ വിറച്ചു.

എന്നോട് ഉപ്പക്കെന്ത് സ്നേഹമായിരുന്നു.
ചെറുപ്പത്തില്‍ വയല്‍ക്കിളികളെ..
ചക്കുംകടവ് നേര്‍ച്ചസ്ഥലത്തെ ദഫ്മുട്ട്..
മായമ്പള്ളി ക്ഷേത്രത്തിലെ താലപ്പൊലി.., തിടമ്പേറ്റിയ ആന..
അങ്ങനെ.. എല്ലാ കൌതുകങ്ങള്‍ക്ക് മുമ്പിലും ആ വിരല്‍ത്തുമ്പ് പിടിച്ചല്ലേ ഞാന്‍ വിസ്മയിച്ച് നിന്നിരുന്നത്. എന്നിട്ടും ഉപ്പയു ടെ ചേതനയറ്റ രൂപവും നോക്കിയിരുന്ന് കൊണ്ട് മനസ്സിനെ വേറെയേതൊക്കെയോ ദിക്കുകളിലൂടെ സഞ്ചരിക്കാന്‍ വിടുന്ന തെന്താണ്.
ഉപ്പയുടെ മുഖം അവസാനമായി കണ്ടു മടങ്ങുന്നവര്‍ ഒരു പക്ഷേ പരസ്പ്പരം ഇങ്ങനെ പറയുന്നുണ്ടാവണം.
'ങും.. ആ സെറീനയുടെ ഒരിരുപ്പ് കണ്ടീലേ.. സ്വന്തം ബാപ്പ മരിച്ചിട്ട് ഒന്ന് കരയാന്‍ പോലും...'
അവള്‍ വിയര്‍ത്ത നെറ്റിത്തടം തലയണയിലമര്‍ത്തി കമഴ്ന്നു കിടന്നു.
വെല്ല്യുമ്മ വിതുമ്പലോടെ വിറയ്ക്കുന്ന കൈ അവളുടെ മുടിയിഴകളിലമര്‍ത്തി. ഇപ്പോള്‍ വെല്ല്യുമ്മയുടെ നെറ്റിയിലെ തടിച്ച ഞരമ്പ് കൂടുതല്‍ തെളിഞ്ഞിട്ടുണ്ടാവുമെന്ന് സെറീനയോര്‍ത്തു.
വീടിന്റെ പിന്‍ഭാഗത്ത് മയ്യത്ത് കുളിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാവുന്നു. ആരുടെയൊക്കെയോ നിര്‍ദ്ദേശങ്ങളും മറ്റും പിറുപിറുക്കല്‍ പോലെ ചെവിയില്‍ കുത്തുന്നു.
മൂടിയ തുണി ചുളിയാതെ അല്‍പ്പം ഉയര്‍ത്തി ഉപ്പയുടെ ചോര വറ്റിയ മുഖം വരുന്നവര്‍ക്ക് കാഴ്ചയാവുന്നു.

ഉറക്കെയുറക്കെ കരയണമെന്നവള്‍ ആശിച്ചു.
എങ്ങനെ കരയണമെന്നറിയാതെ ഉഴറിയ നിമിഷത്തിന്റെ അവസാനം..
ആകാശത്തിലെ നക്ഷത്രം കണക്കെ വെളിച്ചത്തിന്റെ ഒരു പൊട്ട് പൊടുന്നനെ മുറിയിലെ ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷ പ്പെട്ടു. അവിടമാകെയപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വെള്ളിവെട്ടം പരന്നു..
അന്നേരം സ്ക്രീനില്‍ തെളിഞ്ഞത് ഗാനതാരകം പ്രോഗ്രാമില്‍ ഫന്റാസ്റ്റിക് പറയുകയും പരിപാടിയില്‍ നിന്ന് ഔട്ടാവുന്ന വര്‍ക്കൊപ്പം വിതുമ്പുകയും ചെയ്യുന്ന അവതാരക. തോളറ്റം വരെ മുറിച്ച അവളുടെ ചെമ്പിച്ച മുടി മനോഹരമായി തോന്നി.
മുറിയിലെ പ്രകാശത്തിലേക്കിറങ്ങി വന്ന് അവള്‍ സെറീനയുടെ കരം കവര്‍ന്നു. അവളൊരു ദേവതയാണെന്നും അവളുടെ തോളോട് ചേര്‍ന്ന് ചിറകുകളുണ്ടോയെന്നും സംശയത്തോടെ സെറീന പുരികം ചുളിച്ചു.
'..സെറീന കരയേണ്ട.. '
വീണാലാപം പോലെ അവതാരകയുടെ ശബ്ദം.
'..ഞാനതിന് കരഞ്ഞില്ലല്ലോ..' സെറീന പറയാന്‍ ചുണ്ടു വളച്ചു.
സെറീനയുടെ കൈ പിടിച്ചു കൊണ്ട് അവള്‍ മുമ്പേ നടന്നു. അനുസരണയോടെ സെറീന അവളുടെ നിഴല്‍ പോലെ ഒഴുകി. മുറിയിലെ വെട്ടത്തില്‍ വെല്ല്യുമ്മയോ മറ്റു ബന്ധുക്കളോ വെള്ളത്തുണിയില്‍ മൂടിയ ഉപ്പയുടെ നിശ്ചലശരീരമോ സെറീന യുടെ കണ്ണില്‍ തടഞ്ഞില്ല.
ടെലിവിഷന്റെ ചില്ലുപാളി ഒരു യവനിക വകഞ്ഞു മാറ്റുന്ന ലാഘവത്തോടെ അവള്‍ കൈ കൊണ്ടൊതുക്കി. അവളുടെ കുപ്പി വളകള്‍ തുടരെ കിലുങ്ങി.
മുറിയിലെ നിശ്ശബ്ദതയ്ക്കു മേല്‍ ഖുര്‍ഃആന്‍ പാരായണത്തിന്റെ ഈണം മഞ്ഞു പോലെ പെയ്തു. ജനലഴികള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന മങ്ങിയ വെളിച്ചം മാത്രം.
ഉപ്പയുടെ നിശ്ചലദേഹവും ദുഃഖാര്‍ത്തരായ ബന്ധുജനങ്ങളും സെറീനയ്ക്ക് ഒരു ജാലകക്കാഴ്ചയായി.

'ഇവിടെ ഇരിയ്ക്കൂ.. ട്ടോ..' എന്നും പറഞ്ഞ് തന്നെ ഒറ്റക്കിവിടെയിരുത്തി ഗാനതാരകം അവതാരകയെ ഒരു പാട് നേരം കാണാതായിട്ടും അവള്‍ എവിടേക്ക് മറഞ്ഞു എന്നൊന്നും ചിന്തിക്കാന്‍ സെറീന മെനക്കെട്ടില്ല.
ഉപ്പയുടെ വെള്ളത്തുണിയില്‍ മൂടിയ നിശ്ചലദേഹം..
ഉമ്മച്ചിയുടെ...
വെല്ല്യുമ്മയുടെ...
ബന്ധുജനങ്ങളുടെയെല്ലാം വിഷാദഭാവം.. !
എല്ലാമവള്‍ പേടകത്തിനുള്ളിലിരുന്ന് നിര്‍വികാരതയോടെ കാണുകയാണ്.
അന്നേരം എന്താണിനിയും ഫാത്തിമ എത്താത്തതെന്ന ചിന്ത കരിവണ്ട് പോലെ അവള്‍ക്കു ചുറ്റും പറന്നു.
ചിന്തയമരുന്നതിനു മുമ്പേ തന്നെ മുറ്റത്ത് നിന്ന് ഏതോ വാഹനത്തിന്റെ ബ്രേക്കുകളമരുന്ന ശബ്ദം.
ഫാത്തിമ വന്നൂ.. നിസാറിക്കാ..
പുറത്തു നിന്നും ആരുടേയോ ശബ്ദം.
പടച്ച തമ്പുരാനേ... യെന്റെ മോളെത്ത്യോ..
വെല്ല്യുമ്മയുടെ ചങ്കിലെ കഫത്തില്‍ തട്ടി വലിഞ്ഞ വാക്കുകള്‍ കുന്തിരിക്കത്തിന്റെ മണത്തിലമര്‍ന്നു.

സെറീനയുടെ ചതുരനോട്ടത്തിലേക്ക് ഇനിയും ഫാത്തിമ എത്തിയിട്ടില്ല. ഫാത്തിമ അകത്തേക്ക് കടന്നാല്‍ ആകെ ബഹള മാകും.. കൊച്ചാപ്പയുടെ മോളാണെങ്കിലും ഞാനും ഫാത്തിമയും ഉപ്പക്കൊരു പോലെ.
'..എനിക്ക് രണ്ട് പെങ്കുട്ട്യേളാ..'
പരത്തിച്ചിരിച്ചു കൊണ്ട് ഇടയ്ക്കൊക്ക ഉപ്പ.
എന്താവശ്യവും ഉപ്പയോടേ അവള്‍ പറയുമായിരുന്നുള്ളൂ. കുട്ടിക്കാലത്ത് തറവാട്ടുമുറ്റത്തും മറ്റും ഒന്നിച്ച് കളിക്കുന്നതും.. സ്ക്കൂളില്‍ പോകുന്നതുമെല്ലാം സെറീന കണ്ണടച്ച് ഓര്‍ത്തെടുക്കുമ്പോള്‍ മുറിയില്‍ മുന്തിയ അത്തറിന്റെ മണം.
ഫാത്തിമ ഉപ്പയുടെ മയ്യത്തിനരികില്‍...
മണവാളനോടൊപ്പം ബഹ്റൈനിലേക്ക് പറന്നതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് നാട്ടില്‍ വന്നത്. കഴിഞ്ഞ ചെറിയ പെരുന്നാളിന്. ഫാത്തിമ അന്ന് വന്നതിനേക്കാളും ഇത്തിരി തടിച്ചിട്ടുണ്ട്. ഉപ്പയുടെ തണുത്ത നെഞ്ചില്‍ വീണ് അലമുറയി ടുന്ന ഫാത്തിമയെ സെറീന അടുത്ത നിമിഷം പ്രതീക്ഷിച്ചു.
പക്ഷേ, അവള്‍ നഖം കടിച്ചു കൊണ്ട് മുറിയുടെ മൂലയിലേക്കൊതുങ്ങി.
അവളും എന്നെ പോലെ കരയാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായിരിക്കുമോ..!
ശേഷം.. സെറീനയുടെ ചതുരവെട്ടത്തില്‍ ഉമ്മ നിറയുന്നു. തുറന്നിട്ട ജാലകപ്പാളികള്‍ വലിച്ചടച്ച് പെട്ടെന്നൊരു കാറ്റ് വന്ന് കുന്തിരിക്കത്തിന്റെ ധൂമപാളികളെ ഇടറിയുലച്ചു.
ഉമ്മ ചുമരിലേക്ക് മുഖം ചായ്ച്ച് വിതുമ്പിക്കരയുകയാണ്.
ചാറിപ്പെയ്ത ശേഷം ഒന്നടങ്ങുകയും വീണ്ടും ആര്‍ത്തലച്ചു വീഴുകയും ചെയ്യുന്ന പെരുമഴ പോലെ ഉമ്മയുടെ സങ്കടങ്ങള്‍ കരച്ചിലിനിടയില്‍ വാക്കുകളായി പൊടിയുന്നു.
വെല്ല്യുമ്മയുടെ ചുളിഞ്ഞ കവിളില്‍ വേദനയുടെ നീരുറവ.

തൊട്ടടുത്തു നിന്നും ആരോ നെടുവീര്‍പ്പുതിര്‍ക്കുന്നു.
സെറീന നേര്‍ത്ത പുഞ്ചിരിയോടെ തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പിറകില്‍ പ്രിയംവദ രമേശന്‍.
ആ മുഖം ഏറെ വിളറിയും കണ്ണുകള്‍ കലങ്ങിയതായും സെറീന അറിഞ്ഞു.
എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ പ്രിയംവദ രമേശന്‍ സെറീനയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് വിതുമ്പി.
'..എന്താ.. എന്തു പറ്റി..'
സെറീനയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവള്‍ ഏറെ നേരം കണ്ണീര്‍ വാര്‍ത്തു.
'..ഈ ചതുരത്തിനുള്ളില്‍ നിന്നും നീ പുറത്തിറങ്ങിക്കൊള്ളുക.. ഞാന്‍ എലിമിനേഷന്‍ റൌണ്ടില്‍..... ഞാന്‍..
എന്റെ അവസ്ഥ കുഴപ്പമില്ല.. പക്ഷേ എന്നോടൊപ്പം പാടിയ മറ്റൊരു കുട്ടി എസ്.എം.എസ്. കുറവായതു കാരണം ജഡ്ജസി ന്റെ മയമില്ലാത്ത പെരുമാറ്റത്തില്‍ ഭൂതവും വര്‍ത്തമാനവുമില്ലാതെ പെരുമാറാന്‍ തുടങ്ങിയിരിക്കുന്നു..'
പ്രിയംവദയുടെ മനോഹരമായ ശബ്ദം ചിതറി അരോചകമായി മാറിയിരുന്നു.
പറയൂ.. ആരൊക്കെയാണ് പിടിച്ചു നിന്നവര്‍.. സെറീന കിതച്ചു.
'ക്ഷമിക്കുക സെറീനാ.. അതെല്ലാം പറയുകയാണെങ്കില്‍.... അത്.. അതിനെ പറ്റി പറയാന്‍.. ഞാന്‍.... '
പ്രിയംവദ വാക്കുകള്‍ മുഴുമിച്ചില്ല.
സംഭവിച്ചതെന്തെന്നറിയണമെന്ന മോഹം സെറീനയില്‍ വല്ലാതെ ഉല്‍ക്കടമായി.
പ്രിയംവദ നിശ്ശബ്ദയായി. പിന്നീടവള്‍ ചതുരത്തിനുള്ളിലെ നിബിഢമായ ഇരുട്ടില്‍ മറഞ്ഞു.

ഞൊടിയിടയില്‍ ചതുരത്തിനുള്ളില്‍ നിന്നും മരണവീടിന്റെ മൌനത്തിലേക്ക് സെറീന നടന്നിറങ്ങി.
ചമ്രം പടിഞ്ഞിരുന്ന് ഖുര്‍ഃആന്‍ ഓതുന്ന സ്ത്രീകള്‍ കുന്തിരിക്കത്തിന്റെ പുകമണമേറ്റ ചടവോടെ കോട്ടുവായിടുന്നു.
ഉപ്പയുടെ മയ്യത്തിനരികിലും പുരയുടെ പല മുറികളിലുമായി മിണ്ടാവ്രതമെടുത്ത് ചടഞ്ഞിരിക്കുന്നവര്‍ തന്നേയും പ്രതീക്ഷി ച്ചിരിക്കുകയാവുമെന്ന് സെറീന വെറുതെ ഊഹിച്ചു.
ഉള്ളില്‍ നിന്നും ആര്‍ത്തിരമ്പാന്‍ തുടങ്ങുന്ന സങ്കടത്തിരമാലകളുടെ മുഴക്കം കാതോര്‍ത്ത്, ചുമരില്‍ മുഖം ചേര്‍ത്ത് കരയു ന്ന ഉമ്മയുടെ മാറില്‍ തല ചായ്ച്ച് കട്ടിലില്‍ അമര്‍ന്നിരുന്ന് സെറീന കണ്ണടച്ച് ജീവിതത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങി.

Thursday, August 12, 2010

പുസ്തകം പുറത്തിറക്കി


എന്‍റെ കഥാപുസ്തകം  
കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കി


നഗരക്കൊയ്ത്ത്

യു. എ. ഖാദറിന്‍റെതാണ് അവതാരിക.  
അടുപ്പില്ലാത്ത വീട്, ബല്‍ക്കീസിന്‍റെ  ഒരു ദിവസം, ചതുരക്കാഴ്ച,  ശിക്ഷ, ഒറ്റക്കാലന്‍ കാക്ക, സഹയാത്രികരുടെ ശ്രദ്ധയ്ക്ക്,  കടിഞ്ഞൂല്‍ സന്തതി, അജ്ഞാതവാസം, മെഹബൂബ്, മൗനമുദ്ര, പുഴക്കര വിശേഷം, നഗരക്കൊയ്ത്ത്.. എന്നിങ്ങനെ പന്ത്രണ്ടു കഥകളാണ് പുസ്തകത്തില്‍.  
2009 ഡിസംമ്പര്‍ 11നു  കോഴിക്കോട് പ്രസ്‌ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന  ലളിതമായ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു 


പി.കെ. ഗോപി  യു. എ. ഖാദറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നു
 -------------------------------------


സദസ്സ്
------------------------

അമ്മാര്‍ കീഴുപറമ്പിന്‍റെ    അധ്യക്ഷ പ്രസംഗം
 --------------------------------------

പി.കെ. പാറക്കടവ് പുസ്തക പരിചയം നടത്തുന്നു 
 ------------------------------------------------------

പുസ്തകത്തെക്കുറിച്ച്..   യു.എ. ഖാദര്‍
 ---------------------------------------------


പുസ്തകത്തെക്കുറിച്ച്..  പി.കെ. ഗോപി
 -----------------------------------------------

ആശംസ പ്രസംഗം  യു.കെ. കുമാരന്‍
 ------------------------------------------------

ആശംസ പ്രസംഗം കെ.പി. കുഞ്ഞിമൂസ
 -------------------------------------------------


ആശംസ പ്രസംഗം  നവാസ് പൂനൂര്‍
-------------------------------

ആശംസ പ്രസംഗം മുഹമ്മദാലി ഇരുമ്പുഴി 
 ----------------------------------------------

സന്തോഷത്തിന്‍റെ വാക്കുകള്‍...  നന്ദി പ്രസംഗം.

************************************************************

Wednesday, June 9, 2010

ബത്ഹ: മണല്‍നഗരത്തിലെ മുട്ടായിത്തെരുവ്



മോനെ.. ന്റെ മോള് മൈമൂനയും പുത്യാപ്ളയും റിയാദ്ല്ണ്ട്.. സമയം കിട്ടുമ്പം അവരുടെ വിശേഷങ്ങളറിയാന്‍ ഒന്ന് സമയം കണ്ടെത്തണം..

അറബി നാട്ടില്‍ ജോലിയുള്ള ചെറുക്കന്‍ നിക്കാഹ് കഴിച്ച് മാസങ്ങള്‍ക്കകം കെട്ടിയ പെണ്ണിനേ യും കൊണ്ട് ജോലിസ്ഥലത്തേക്ക് പറന്നു. പെണ്ണിന്റെ ഉമ്മയുടെ ആധി നാട്ടുകാരായ ഗള്‍ഫുകാ രോട്, പ്രത്യേകിച്ച് റിയാദിലാണ് ജോലി എന്നറിയുമ്പോള്‍ അവരിലേക്ക് പടര്‍ത്തും.

.. ഒരു തുമ്പും വാലും ല്യാത്ത പെണ്ണാ.. ന്റെ മോനെപ്പോലെ കര്തി പറയ്യാണ് ട്ടോ.. ഓളെ കാണ്വാണെങ്കീ വിശേഷങ്ങളൊക്കെ ചോദിച്ചറിയണം..

വിളറിയ പകലുകളില്‍ നിന്നും ആശയറ്റ രാവുകളിലേക്കും പിന്നേയും ദിനരാത്രങ്ങളുടെ ആവര്‍ ത്തനങ്ങളിലേക്കും ജീവിതം ഒതുങ്ങുമ്പോള്‍ മറ്റു കാര്യങ്ങളൊക്കെ വിസ്മൃതിയുടെ ആഴങ്ങളി ലേക്ക്..!

മൈമൂനയുടെ മുഖവും അവളുടെ ഉമ്മ പറഞ്ഞ കാര്യവും മറന്നുമാഞ്ഞ് ഇല്ലാതായ അവസര ത്തിലാണ് അവിചാരിതമായി അവളേയും ഭര്‍ത്താവിനേയും ബത്ഹയിലെ ഒരു തുണിക്കടയില്‍ വെച്ച് കണ്ടുമുട്ടുന്നത്.

സന്തോഷവതിയായിരുന്നു മൈമൂന. എന്തൊക്കെയോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനിറ ങ്ങിയതാണെന്ന് കയ്യിലുള്ള പ്ളാസ്റിക് കവറുകള്‍ വിളിച്ചു പറയുന്നുണ്ട്. ഉമ്മയുടെ വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ ഇന്നലേയും നാട്ടിലേക്ക് വിളിച്ചിരുന്നതായി അവള്‍ അറിയിച്ചു.

സംസാരത്തിനിടക്ക്് അവള്‍ പറഞ്ഞ ഒരു കാര്യം വല്ലാതെ മനസ്സില്‍ അള്ളിപ്പിടിച്ചു.

..നാട്ടിലെ മുട്ടായ്ത്തെരുവ് പോലെയുള്ള ഈ സ്ഥലത്ത് വന്ന് ചില്ലറ സാധനങ്ങളും വാങ്ങി പോവുന്നത് തന്നെ ഭയങ്കര രസമുള്ള കാര്യാണ്ട്ടോ..

അവര്‍ യാത്ര പറഞ്ഞ് പോയതിനു ശേഷവും എന്റെ മനസ്സ് ആ വാക്കുകള്‍ ഏറ്റു പറഞ്ഞു.

അതെ.., ഇവിടം ചിലര്‍ക്ക് മിഠായ്തെരുവും, മറ്റു ചിലര്‍ക്ക് ചാലക്കമ്പോളവും.. അങ്ങനെ സ്വന്തം നാടിന്റെ, പട്ടണത്തിന്റെ മുഖചിത്രമായി ഓരോരുത്തരും സങ്കല്‍പ്പിക്കുന്നു. മലയാള മനസ്സ് ഇങ്ങനെ സങ്കല്‍പ്പിക്കുന്നതില്‍ തെറ്റ് പറയുന്നതെങ്ങനെ..!


മണല്‍ നഗരത്തിലെ ഒരിടം


പ്രവാസജീവിതത്തിന്റെ മടുപ്പില്‍ നിന്നും താല്‍ക്കാലികമായി മോചനം തരുകയും പുതിയ ചില സൌഹൃദങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന മണല്‍നഗരത്തിലെ ഒരിടം, അതാ കുന്നു റിയാദിലെ ബത്ഹ. ഇത്രത്തോളം വിദേശികള്‍ അവധി ദിനങ്ങളില്‍ ഒരുമിച്ചു കൂടുന്ന മറ്റൊരിടം ഗള്‍ഫ് മേഖലയാകെ നാം പരതിയാല്‍ ഒരു പക്ഷേ മറ്റെവിടെയും കണ്ടെത്താന്‍ കഴി ഞ്ഞെന്നു വരില്ല.

റിയാദിലെ മറുനാടന്‍ജീവിതങ്ങള്‍ക്ക് അവധി ദിനങ്ങളില്‍ കണ്ടുമുട്ടാനും അവരുടെ നൊമ്പര ങ്ങളും വിങ്ങലുകളും ആഹ്ളാദങ്ങളും ജീവിത വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഭാണ്ഡക്കെട്ടൊ ന്നഴിച്ചു വെക്കുവാനും സൌഹൃദവും സ്നേഹവുമെല്ലാം പങ്കുവെയ്ക്കുവാനും ബത്ഹയിലെ തെരുവുകള്‍ ഓരോരുത്തരേയും മാടി വിളിക്കുകയാണെന്ന തോന്നലാണ് നഗരത്തിരക്കിനപ്പുറ ത്ത് നിന്നു പോലും സാധാരണക്കാരന്‍ ഇങ്ങോട്ടൊഴുകിയെത്തുന്നത്.

സൌദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷി പ്പിക്കാവുന്ന ബത്ഹ എങ്ങനെയാണ് വിദേശികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ജീവിത സങ്ക ടങ്ങള്‍ ഇറക്കി വെയ്ക്കുവാനുള്ള ഇടമായതെന്ന മനസ്സില്‍ ഉയര്‍ന്നു വരുന്ന സാധാരണ ചോദ്യ ത്തിന് പെട്ടെന്നൊരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല.

ബത്ഹ പരിസരത്ത് കേരളാമാര്‍ക്കറ്റിനെ പോലെ തന്നെ അതിനു തൊട്ടു പിറകിലായി സ്ഥിതി ചെയ്യുന്ന യെമനി മാര്‍ക്കറ്റും അതിനപ്പുറത്തെ ബംഗാളി മാര്‍ക്കറ്റും തൊട്ടടുത്ത സുഡാനി മാര്‍ ക്കറ്റും ബത്ഹ മെയിന്‍ റോഡിനു സമീപമുള്ള ഫൈവ് ബില്‍ഡിംഗിനു പിറകു വശത്തെ ഫിലി പ്പിനോ മാര്‍ക്കറ്റും ഷംസിയ കോംപ്ളക്സിനോട് ചേര്‍ന്നു നില്‍ക്കുന്ന നേപ്പാളി മാര്‍ക്കറ്റും മല യാളിയെ കൂടാതെ തമിഴരും കര്‍ണ്ണാടകക്കാരും ആന്ധ്രക്കാരും ഉത്തരേന്ത്യക്കാരുമെല്ലാം ഒത്തു കൂടുന്ന ഓരോരോ താവളങ്ങള്‍ ബത്ഹയിലെ തെരുവോരങ്ങളെ ജനനിബിഡമാക്കുന്നു.

ബത്ഹയിലെ, പ്രത്യേകിച്ച് കേരളാമാര്‍ക്കറ്റിന്റെ അകത്തും പരിസരത്തുമുള്ള ഇടുങ്ങിയ ഓരോ തെരുവിനേയും നാട്ടിലെ ഓരോ ജില്ലയുടേയും പഞ്ചായത്തിന്റേയും അടിസ്ഥാനത്തില്‍ വേര്‍ തിരിക്കുകയും അതാതു പ്രദേശത്തുകാരുടെ കൂടിച്ചേരലിന് വേദിയാവുകയും ചെയ്തിരുന്നു.

പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാള്‍ക്ക് ബത്ഹയിലെ ഗല്ലികളുമായി മലയാളികള്‍ക്കു ണ്ടായിരുന്ന വികാരവായ്പ്പും ചരിത്രവുമറിയില്ല എന്നുതന്നെ പറയേണ്ടി വരും.

സ്വന്തമായി മേല്‍വിലാസമില്ലാത്തവര്‍ക്ക് നാട്ടില്‍ നിന്നെത്തുന്ന കത്തുകള്‍ കൈമാറുവാനും നാ ട്ടില്‍ പോകുന്നവന്റെ കയ്യില്‍ വീട്ടിലേക്കൊരു കത്തോ കുഞ്ഞുങ്ങള്‍ക്കൊരു കളിപ്പാട്ടമോ വാ ങ്ങിക്കൊടുക്കുവാനോ സാധാരണക്കാരന്‍ മുമ്പ് ആശ്രയിച്ചിരുന്നത് ബത്ഹ തന്നെ. ഇന്നാ അവ സ്ഥ ആകെ മാറി. ഞൊടിയിടയില്‍ നാട്ടിലെ കുടുംബത്തിന്റേയും ഇവിടെയുള്ള സ്വന്തക്കാരു ടേയും വിശേഷങ്ങളറിയുവാനും മറ്റുമെല്ലാം സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത രീതി യില്‍ സാങ്കേതികത പുരോഗമിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലുണ്ടായിരു ന്ന സൌഹൃദങ്ങളുടെ കൂടിച്ചേരലിന് പോലും നേരിയ ഉലച്ചില്‍ സംഭവിച്ചിട്ടില്ലേ എന്നൊരു സം ശയം ഉയരുന്നതില്‍ ആരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല.


ഹലോ...!


ഒരു കാലഘട്ടത്തിന്റെ ചിത്രമായിരുന്നു കുഴല്‍ഫോണ്‍ നടത്തിപ്പുകാരുടെ '.. ലൈന്‍ ഛാഹി യേ.. ബായ്.. ലൈന്‍ ഛാഹീയേ ...' എന്ന മന്ത്രണം. കേരളാമാര്‍ക്കറ്റിന്റെ ഏത് മൂലയില്‍ ചെ ന്നാലും പാന്‍പരാഗിന്റെ മണമുള്ള ഈ ഭായ് വിളി അന്നുള്ളവര്‍ക്ക് സുപരിചിതമായിരുന്നു. നാട്ടിലേക്ക് കുടുംബവുമായി കുറേ നേരം സല്ലപിക്കാന്‍ ടെലിഫോണ്‍ ബൂത്തില്‍ കയറിയാല്‍ മുടിഞ്ഞതു തന്നെ. മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇത്രത്തോളം സാര്‍വ്വത്രികമാവാത്ത ആ കാലത്ത് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മത്സരിച്ചുള്ള ഓഫറുകളൊന്നുമുണ്ടായിരുന്നി ല്ല എന്നത് പ്രത്യേകം പറയേണ്ടല്ലോ. അന്ന് സാധാരണക്കാരന്‍ സ്വന്തം കീശയുടെ കനം കുറ യാതെ ഈ മാര്‍ഗ്ഗമാണ് നാടുമായി കണ്ണികോര്‍ക്കാന്‍ കണ്ടെത്തിയിരുന്നത്. അനധികൃതമായി രുന്നെങ്കിലും ഫോണ്‍ നടത്തിപ്പ് അനവധി പേരുടെ ജീവിതമാര്‍ഗ്ഗമായിരുന്നു എന്നതും എടു ത്തു പറയേണ്ടതാണ്. കേരളാമാര്‍ക്കറ്റിന്റെ പരിസരത്തായിരുന്നെങ്കിലും ഈ രംഗത്ത് മലയാളി കള്‍ കുറവായിരുന്നു. കൂടുതലും ഉത്തരേന്ത്യക്കാരായിരുന്നു.


ഓര്‍മകള്‍


മുമ്പൊക്കെ ബത്ഹയിലെ മലയാളി ജീവിതങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും അതിന്റേതായ ഇഴയ ടുപ്പമുണ്ടായിരുന്നു. ഇന്ന് ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുകയും എന്തിനൊക്കെ യോ വേണ്ടി മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ നന്‍മ കാംക്ഷിക്കുന്ന ഓരോരുത്തരിലും നീറ്റലായി പിടയുന്നുണ്ടെന്നാണ് ഇരുപത്തിയാറ് വര്‍ഷമായി റിയാദില്‍ പാചകജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹാഷിം പറയുന്നത്.


റിയാദിലെ പ്രവാസജീവിതത്തിന്റെ തുടക്കത്തില്‍ ഒരു മലയാളിയെ കണ്ടുമുട്ടണമെങ്കില്‍ വാരാ ന്ത്യത്തില്‍ ബത്ഹയിലെ കേരളാ മാര്‍ക്കറ്റിലെ ഗല്ലിയിലെത്തണം. അന്ന് കേരളാമാര്‍ക്കറ്റിലെ ഗല്ലിയിലെ താജ്മഹല്‍ ഹോട്ടലാണ് ഏക മലയാളി ഭക്ഷണശാല. അവിടുത്തെ രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്ച്ചകളിലെ തിക്കും തിരക്കും ഓര്‍മിച്ചെടുക്കുകയാണ് റിയാദിലെ പഴയകാല പ്രവാസിയും സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥനാശാന്‍.

മലയാളികളായിരുന്നില്ല അന്ന് കേരളാമാര്‍ക്കറ്റെന്ന് പിന്നീടറിയപ്പെട്ടു തുടങ്ങിയ ഈ ഗല്ലിയിലെ കച്ചവടക്കാര്‍. അന്ന് തൊണ്ണൂറ് ശതമാനവും യെമനികളായിരുന്നു ഇവിടെ ബിസിനസ്സ് ചെയ്തി രുന്നത്. പിന്നീട് ആയിരത്തിത്തൊള്ളായിരത്തി തെണ്ണൂറ്റിയൊന്നിലെ കുവൈത്ത് യുദ്ധകാലത്ത് ഇവിടെയുണ്ടായിരുന്ന യെമനികള്‍ ചില പ്രത്യേക കാരണങ്ങളാല്‍ പലായനം ചെയ്യപ്പെടുകയും പിന്നീട് ഇവിടേക്ക് മലയാളികളുടെ ഒരൊഴുക്കുണ്ടാവുകയും ചെയ്തു എന്നു തന്നെ പറയുന്ന താവും ശരി. സിദ്ധാര്‍ത്ഥനാശാന്‍ പഴയ ഓര്‍മകളില്‍ ചിലത് ചികഞ്ഞെടുക്കുന്നു.


മലയാളി സ്ഥാപനങ്ങള്‍


ബത്ഹയുടെ ഇന്നത്തെ മുഖത്തിന് സവിശേഷതകളേറെയുണ്ട്.

ആ മുഖംമാറ്റത്തിന് മലയാളിക്ക് ഏറെ പങ്കുണ്ടെന്ന് പറയുമ്പോള്‍ ഒരു സമൂഹത്തിന്റെ കഠിന പ്രയത്നത്തിന്റെ വിരലൊപ്പ് കൂടിയായി മാറുന്നു അത്. മലയാളി മാനേജ്മെന്റിന് കീഴിലുള്ള കുറഞ്ഞ ഫീസ് ഈടാക്കി സാധാരണക്കാരന് ചികിത്സ നല്‍കുന്ന പോളിക്ളിനിക്കുകള്‍, മലയാ ളിയുടെ രുചി വൈവിദ്ധ്യങ്ങള്‍ തീന്‍മേശയില്‍ നിരത്തുന്ന പ്രമുഖ റസ്റോറന്റുകള്‍, ഇന്ത്യയിലേ തടക്കമുള്ള പ്രമുഖ മില്ലുകളിലെ തുണിത്തരങ്ങള്‍ ലഭിക്കുന്ന വസ്ത്രാലയങ്ങള്‍, കുടുംബ ത്തോടൊപ്പം വിശാലമായി ഷോപ്പിംഗ് നടത്താനുള്ള സൌകര്യങ്ങളുമായി ഷോപ്പിംഗ് സെന്ററു കള്‍, എന്തെങ്കിലും സാധനങ്ങള്‍ നാട്ടിലേക്കയക്കണമെങ്കില്‍ അത് കേരളത്തിന്റെ ഏത് ഗ്രാമ പ്ര ദേശത്തേക്കായാലും കാര്‍ഗോ സര്‍വ്വീസിന്റെ ലഭ്യത.. അങ്ങനെ എന്തിനുമേതിനും മലയാളിയട ക്കമുള്ള വിദേശികള്‍ അന്നും ഇന്നും ബത്ഹയെ ആശ്രയിക്കുന്നതിന്റെ പൊരുള്‍ സ്വന്തം നാട്ടു മൊഴിയില്‍ കാര്യങ്ങള്‍ പറഞ്ഞ് അവശ്യവസ്തുക്കള്‍ കയ്യിലൊതുക്കാമെന്നുള്ള സൌകര്യമല്ലാ തെ മറ്റെന്താണ്.



2007 ലെ ബത്ഹ തീപ്പിടുത്തം


റിയാദിനെ മാത്രമല്ല, സൌദിഅറേബ്യയെ മുഴുവന്‍ നടുക്കിയ 2007 ലെ റമദാന്‍ കാലത്തുണ്ടായ ബത്ഹ തീപ്പിടുത്തം ഇന്നും പലര്‍ക്കും ഒരുള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴി യൂ. ഈ ദുരന്തം ഒട്ടേറെ മലയാളി ചെറുപ്പക്കാരെ വഴിയാധാരാമാക്കി.

നോമ്പുതുറക്കുന്നതിന് ഏതാനും സമയം മുമ്പ് യെമനിമാര്‍ക്കറ്റിന്റെ അകത്തെവിടെയോ നാ മ്പെടുത്ത അഗ്നി കേരളാമാര്‍ക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ വിഴുങ്ങുകയായിരുന്നുവെന്ന് വേണം പറയാന്‍. നിമിഷമാത്രയില്‍ കേരളമാര്‍ക്കറ്റിനു ചുറ്റും ജനസാഗരം രൂപം കൊണ്ടു. തങ്ങളുടെ പ്രിയപ്പെട്ട തെരുവ് തീയിലെരിയുന്നത് നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കാനേ പലര്‍ക്കും കഴി ഞ്ഞുള്ളൂ. തീയണക്കാനുള്ള കഠിനപ്രയത്നത്തിനിടയിലും എണ്ണിയാലൊടുങ്ങാത്ത കച്ചവട സ്ഥാപനങ്ങള്‍ വെന്തു കരിക്കട്ടയായി. പെരുന്നാള്‍ കച്ചവടത്തിനായി കരുതിയിരുന്ന തുണിത്തര ങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, മറ്റു പല അവശ്യസാധനങ്ങളും വെണ്ണീറായി മണ്ണിലമര്‍ ന്നു. കോടികളുടെ നഷ്ടം മലയാളികളടക്കമുള്ള കച്ചവടസമൂഹത്തിനുണ്ടായി. ദുരന്തത്തിനി പ്പുറം പുനര്‍നിര്‍മ്മാണ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും തെരുവ് അതിന്റെ പഴയകാല പ്രൌഢിയി ലേക്ക് ഇനിയുമെത്തിയിട്ടില്ലെന്നു വേണം പറയാന്‍. ഇവിടെ കച്ചവടം ചെയ്തിരുന്ന പലരും ബ ത്ഹയുടെ തന്നെ പല ഭാഗങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. മാത്രമല്ല, കേരളമാര്‍ക്കറ്റില്‍ പല പ്ര ദേശത്തുകാരും ഒരുമിച്ചു കൂടിയിരുന്ന ചില ഗല്ലികളും ഇല്ലാതായതില്‍ പലര്‍ക്കും ഉള്ളില്‍ ദുഃ ഖമുണ്ട്.


തസറാക്ക് പോലൊരു ബിംബം


പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാള്‍ക്ക് ബത്ഹയുടേയും ബത്ഹയിലെ ഗല്ലികളുടേയും ചരിത്രമറിയാതെ പോവുന്നത് കരണീയമല്ല. ബത്ഹയുടെ ഓരോ ഗല്ലികളിലെ മുക്കിനും മൂലക ള്‍ക്കും പ്രവാസിയുടെ, പ്രത്യേകിച്ച് മലയാളിയുടെ സന്തോഷത്തിന്റേയും സൌഹൃദത്തിന്റേയും കൂടിച്ചേരലുകളുടേയും നൂറായിരം കഥകള്‍ പറഞ്ഞു തരാനുണ്ട്. അത്തരം കഥകള്‍ക്ക് കാതോ ര്‍ക്കാതെ പോവുന്നത് നാം ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് യാതൊരു വിധ അവബോധ വും വേണ്ടെന്ന ചിന്ത നമ്മിലുണ്ടാവുമ്പോഴാണ്.

മണല്‍നഗരത്തിലെ തിരക്കിനിടയിലെ 'ബത്ഹ'യെന്ന ഈ തുരുത്ത് റിയാദിലേയും പരിസര പ്ര ദേശങ്ങളിലേയും പരദേശീ മനസ്സുകളുടെ സംഗമസ്ഥാനമായി എന്നുമെന്നും മാറാതെ നില്‍ ക്കും. ഏതെങ്കിലുമൊരു കാലത്ത് ഒ.വി. വിജയന്റെ തസറാക്ക് പോലെ, എം. മുകുന്ദന്റെ മയ്യഴി പോലെ ഓരോ മലയാളിയും ചര്‍ച്ച ചെയ്യുന്ന ക്ളാസ്സിക് സാഹിത്യത്തിലെ ബൃഹത്തായ ബിംബ മായി മണല്‍നഗരത്തിലെ പരദേശിത്തെരുവായ ബത്ഹയുടെ മുഖവും അക്ഷരങ്ങളായി നമ്മു ടെ മുമ്പിലെത്തുമെന്ന് നമുക്കാശിക്കാം. മലയാളിയുമായി ഇത്രയേറെ ഉള്ളടുപ്പമുള്ള ഈ തെരു വ് പശ്ചാത്തലമാക്കി ഒരു സര്‍ഗ്ഗസൃഷ്ടി ആരെങ്കിലും നടത്താതിരിക്കുമോ..?




Monday, September 28, 2009

കവിത

ഹോട്ട് ന്യൂസ്

ഇത് നഗരകവാടമാണ്.

ആസനത്തില്‍ ആല്‍മരം പേറുന്നജാടകളുടെ ഘോഷയാത്രയില്

‍മാനവികതയുടെ ശവമഞ്ചവുമായിമുഖമില്ലാത്ത കൂട്ടം.
ആള്‍ക്കൂട്ടം അര്‍ത്ഥമില്ലായ്മയുടെപര്യായമാണെന്ന്,

ഇന്നലെ വന്ന ഇ മെയിലില്‍സുസ്മിതയുടെ കമന്റ്.
മൌസിന്റെ അലസ ചലനത്തില്‍ കണ്ടത്

മോണിട്ടറില്‍ നിന്നും വിളറിയൊരു ചുണ്ട്ചുടുചുംബനത്തിനായി പുറത്തേക്ക് നീളുന്നത്.
വിഷം തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍കേറിയിറങ്ങും നേരം

കുടിവെള്ളം മുതല്‍ ജീവവായു വരെ

വിഷമുക്തമല്ലെന്ന് ടൈ കെട്ടിച്ചിരിക്കുന്ന സില്ലി മാറ്ററുകള്‍.
ഇപ്പോള്‍ നഗരാതിര്‍ത്തിയില്‍സ്വയം മരിക്കാനും

അന്യനെ ഇല്ലായ്മ ചെയ്യാനും

പരിശീലന കോഴ്സുണ്ടത്രേ..!