Monday, August 16, 2010

ചതുരക്കാഴ്ച

വീട്ടിനടുത്തുള്ള മുതിര്‍ന്ന നാലഞ്ച് സ്ത്രീകള്‍ പുകയുന്ന കുന്തിരിക്കത്തിന്റെ മുമ്പിലിരുന്ന് ഖുര്‍ഃആന്‍ ഓതുകയാണ്.

വിളറിയ മൌനം പെരുംസങ്കടങ്ങളായി ഉരുള്‍പൊട്ടി പരക്കുമ്പോള്‍ മുറിയുടെ മൂലയില്‍ ഈ ദിവസം ഇങ്ങനെയൊക്കെയായി തീര്‍ന്നതില്‍ വേപഥുവോടെ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഗാനതാരകം പ്രോഗ്രാം എലിമിനേഷന്‍ റൌണ്ടിലെ പ്രിയംവദ രമേശന്റെ വേവലാതിയിലേക്ക് മനസ്സെറിഞ്ഞ് സെറീന.

എലിമിനേഷന്‍ റൌണ്ട് ഇന്നലെ കഴിയേണ്ടതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നേക്കത് മാറ്റി വെച്ചതാണ്. പ്രിയംവദയ്ക്ക് ഇതുവരെയുള്ള അവസ്ഥ നോക്കുകയാണെങ്കില്‍ എസ്.എം.എസ്. കുറവാണ്. നന്നായി പാടാന്‍ കഴിവുള്ള സുന്ദരിക്കുട്ടി. ഇന്നലെ അവളണിഞ്ഞ ഇളംചുവപ്പ് നിറമുള്ള ചുരീദാറിന്റെ അഴക് കണ്ണില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല.
ടിവിയുടെ കുഞ്ഞു സ്ക്രീനിന്റെ മുമ്പില്‍ സ്വന്തം പേരിന്റെ സ്പെല്ലിംഗ് പറഞ്ഞ് പിച്ചക്കാരെ പോലെ കെഞ്ചുന്നതിനു പകരം പ്രപഞ്ചത്തിലുള്ള സകലര്‍ക്കും പ്രിയംവദയ്ക്ക് വേണ്ടി എസ്.എം.എസ്. അയച്ചൂടെയെന്ന സെറീനയുടെ സംശയം ഉപ്പയെ പുതപ്പിച്ച വെള്ളത്തുണിക്കു മുകളിലൂടെ പലരുടേയും മുഖത്തേക്ക് നീണ്ടു.
ഇന്നിപ്പോ പ്രിയംവദയ്ക്ക് എസ്.എം.എസ്. നില എങ്ങനെയാവുമെന്നും അവള്‍ എലിമിനേഷന്‍ റൌണ്ടെന്ന കടമ്പ കടക്കു മോയെന്നും ആരോടെങ്കിലും എങ്ങന്യാ ഒന്ന് ചോദിക്ക്യാ..
അല്ലെങ്കീ വേണ്ട.. സ്വന്തം തന്തയെ ഖബറുങ്കാട്ടിലേക്കെടുക്കാന്‍ നേരത്താണോ നിന്റെയൊരു പ്രിയംവദ എന്നാരെങ്കിലും മുഖത്ത് കാര്‍ക്കിച്ച് തുപ്പിയാലോ..?

ഉറങ്ങിക്കെടക്കുമ്പോലെ.. സെറീനാന്റെ ഉപ്പ മരിച്ചൂന്ന് വിശ്വസിക്കാന്‍ തോന്ന്ണില്ല്യ..
അയല്‍ക്കാരി സുശീലാമ്മ താടിക്ക് കൈവെച്ചു.
മിനുസമാര്‍ന്ന തറയില്‍ നനഞ്ഞ കിളിയെപ്പോലെ സെറീന.
അവളെ സുശീലാമ്മ നിര്‍ബന്ധിച്ചെഴുന്നേല്‍പ്പിച്ചു. വെല്ല്യുമ്മയുടെ കട്ടിലിലിരുത്തി.
വല്ലാത്ത ദാഹം... ഉമിനീരില്ലാതെ നാവില്‍ വേനല്‍ വരളുന്നു.
ഇത്തിരി വെള്ളം ആരോടാ ചോദിക്ക്യാ..
മരണവീട്ടില്‍ ജലപാനം പാടില്ലെന്നാ.. എന്നാലും....
ഏതൊക്കൊയോ ചിന്തയില്‍ അവള്‍ ചുമരില്‍ തല ചായ്ച്ച് കണ്ണ് ചിമ്മി.

ഇപ്പോള്‍ പാതിമയക്കത്തിന്റെ ഓരത്തേക്കവള്‍ പതിയെ..

ഒരു മാത്ര അവള്‍ കണ്ണു തുറന്നത് പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ക്ക് താഴെ മനോഹരമായ താഴ്വരയില്‍..
തെളിനീരുമായി വലിയൊരു തടാകം...
അതിലെ സ്ഫടികതുല്യമായ ജലം കൈക്കുമ്പിളില്‍ കോരിയെടുത്ത് ദാഹം തീരുവോളം...
പച്ചപ്പ് നിറഞ്ഞ തടാകക്കരയിലെ മരത്തണലില്‍ ഓണ്‍ ചെയ്തു വെച്ച ടീവിയ്ക്കു മുമ്പിലിരുന്ന് മനസ്സെത്ര നേരം..
സ്ക്രീനില്‍ പ്രിയംവദ രമേശന്റെ പെര്‍ഫോര്‍മെന്‍സ് പൊടിപൊടിക്കുന്നു.
അലങ്കരിച്ച വേദിയ്ക്കു ചുറ്റു നിന്നും മല കുലുങ്ങും രീതിയില്‍ കാണികളുടെ കയ്യടി.
താടി തടവിക്കൊണ്ട് സഗൌരവം വിധികര്‍ത്താക്കള്‍.
അവതാരക കീറിച്ചിരിച്ചു കൊണ്ട് ഫന്റാസ്റ്റിക് പറയുന്നു.
വര്‍ണ്ണശബളമായ വേദിയും പ്രിയംവദ രമേശന്റെ മികച്ച ചടുലതാള ആലാപനത്തിലും മിഴികള്‍..

അങ്ങനെ.. എത്ര നേരം..
സ്വയം മറന്നുള്ള ഒരിരുപ്പില്‍ കൂട്ടക്കരച്ചിലിന്റെ മണ്‍പുറ്റിടിഞ്ഞ് നെഞ്ചത്ത് പതിച്ചപ്പോള്‍ സെറീന എവിടുന്നോ ഞെട്ടിപ്പിട ഞ്ഞ് വല്ല്യുമ്മയുടെ കട്ടിലിലേക്ക് വീണു.
വടകരയിലെ ആയിഷമ്മായിയും ഹസീനയുമാണ്.
അവര്‍ മാറത്തലച്ച് കരഞ്ഞ് പതം പറഞ്ഞു കൊണ്ടേയിരുന്നു.
വന്നു കയറിയ ഉടനെ എങ്ങന്യാ ഇത്ര പെട്ടെന്ന് കരഞ്ഞ് തകരാന്‍ കഴിയുന്നതെന്നോര്‍ത്ത് സെറീന ആശ്ചര്യത്തിന്റെ ആഴ ങ്ങളിലേക്ക് മുങ്ങി. പിന്നെ ഉപ്പയെക്കുറിച്ചുള്ള വിചാരങ്ങളിലേക്ക് നിവര്‍ന്നു.

ഫാത്തിമ വരണം.. അവളും കൂടിയിനി എത്താനുള്ളൂ..
സുല്‍ഫീക്കര്‍ കൊച്ചാപ്പയുടെ ഘനഗംഭീര ശബ്ദം.

ഫാത്തിമ..!
നിസാര്‍മാമയുടെ മകള്‍.
നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പുതുമണവാളനോടൊപ്പം അറബിപ്പൊന്നിന്റെ നാട്ടിലേക്ക് ചിറകടിച്ച് പറന്നവള്‍. അവിടുന്നവള്‍ വിവരമറിഞ്ഞ ഉടനെ പുറപ്പെട്ടിട്ടുണ്ടെന്നാണ് നിസാര്‍മാമ പറയുന്നത് കേട്ടത്. അവള് കൂടി എത്തി ക്കഴിഞ്ഞാല്‍ പിന്നെ... ഉപ്പയെ..?
സെറീനയുടെ ചുണ്ടുകള്‍ വിറച്ചു.

എന്നോട് ഉപ്പക്കെന്ത് സ്നേഹമായിരുന്നു.
ചെറുപ്പത്തില്‍ വയല്‍ക്കിളികളെ..
ചക്കുംകടവ് നേര്‍ച്ചസ്ഥലത്തെ ദഫ്മുട്ട്..
മായമ്പള്ളി ക്ഷേത്രത്തിലെ താലപ്പൊലി.., തിടമ്പേറ്റിയ ആന..
അങ്ങനെ.. എല്ലാ കൌതുകങ്ങള്‍ക്ക് മുമ്പിലും ആ വിരല്‍ത്തുമ്പ് പിടിച്ചല്ലേ ഞാന്‍ വിസ്മയിച്ച് നിന്നിരുന്നത്. എന്നിട്ടും ഉപ്പയു ടെ ചേതനയറ്റ രൂപവും നോക്കിയിരുന്ന് കൊണ്ട് മനസ്സിനെ വേറെയേതൊക്കെയോ ദിക്കുകളിലൂടെ സഞ്ചരിക്കാന്‍ വിടുന്ന തെന്താണ്.
ഉപ്പയുടെ മുഖം അവസാനമായി കണ്ടു മടങ്ങുന്നവര്‍ ഒരു പക്ഷേ പരസ്പ്പരം ഇങ്ങനെ പറയുന്നുണ്ടാവണം.
'ങും.. ആ സെറീനയുടെ ഒരിരുപ്പ് കണ്ടീലേ.. സ്വന്തം ബാപ്പ മരിച്ചിട്ട് ഒന്ന് കരയാന്‍ പോലും...'
അവള്‍ വിയര്‍ത്ത നെറ്റിത്തടം തലയണയിലമര്‍ത്തി കമഴ്ന്നു കിടന്നു.
വെല്ല്യുമ്മ വിതുമ്പലോടെ വിറയ്ക്കുന്ന കൈ അവളുടെ മുടിയിഴകളിലമര്‍ത്തി. ഇപ്പോള്‍ വെല്ല്യുമ്മയുടെ നെറ്റിയിലെ തടിച്ച ഞരമ്പ് കൂടുതല്‍ തെളിഞ്ഞിട്ടുണ്ടാവുമെന്ന് സെറീനയോര്‍ത്തു.
വീടിന്റെ പിന്‍ഭാഗത്ത് മയ്യത്ത് കുളിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാവുന്നു. ആരുടെയൊക്കെയോ നിര്‍ദ്ദേശങ്ങളും മറ്റും പിറുപിറുക്കല്‍ പോലെ ചെവിയില്‍ കുത്തുന്നു.
മൂടിയ തുണി ചുളിയാതെ അല്‍പ്പം ഉയര്‍ത്തി ഉപ്പയുടെ ചോര വറ്റിയ മുഖം വരുന്നവര്‍ക്ക് കാഴ്ചയാവുന്നു.

ഉറക്കെയുറക്കെ കരയണമെന്നവള്‍ ആശിച്ചു.
എങ്ങനെ കരയണമെന്നറിയാതെ ഉഴറിയ നിമിഷത്തിന്റെ അവസാനം..
ആകാശത്തിലെ നക്ഷത്രം കണക്കെ വെളിച്ചത്തിന്റെ ഒരു പൊട്ട് പൊടുന്നനെ മുറിയിലെ ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷ പ്പെട്ടു. അവിടമാകെയപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വെള്ളിവെട്ടം പരന്നു..
അന്നേരം സ്ക്രീനില്‍ തെളിഞ്ഞത് ഗാനതാരകം പ്രോഗ്രാമില്‍ ഫന്റാസ്റ്റിക് പറയുകയും പരിപാടിയില്‍ നിന്ന് ഔട്ടാവുന്ന വര്‍ക്കൊപ്പം വിതുമ്പുകയും ചെയ്യുന്ന അവതാരക. തോളറ്റം വരെ മുറിച്ച അവളുടെ ചെമ്പിച്ച മുടി മനോഹരമായി തോന്നി.
മുറിയിലെ പ്രകാശത്തിലേക്കിറങ്ങി വന്ന് അവള്‍ സെറീനയുടെ കരം കവര്‍ന്നു. അവളൊരു ദേവതയാണെന്നും അവളുടെ തോളോട് ചേര്‍ന്ന് ചിറകുകളുണ്ടോയെന്നും സംശയത്തോടെ സെറീന പുരികം ചുളിച്ചു.
'..സെറീന കരയേണ്ട.. '
വീണാലാപം പോലെ അവതാരകയുടെ ശബ്ദം.
'..ഞാനതിന് കരഞ്ഞില്ലല്ലോ..' സെറീന പറയാന്‍ ചുണ്ടു വളച്ചു.
സെറീനയുടെ കൈ പിടിച്ചു കൊണ്ട് അവള്‍ മുമ്പേ നടന്നു. അനുസരണയോടെ സെറീന അവളുടെ നിഴല്‍ പോലെ ഒഴുകി. മുറിയിലെ വെട്ടത്തില്‍ വെല്ല്യുമ്മയോ മറ്റു ബന്ധുക്കളോ വെള്ളത്തുണിയില്‍ മൂടിയ ഉപ്പയുടെ നിശ്ചലശരീരമോ സെറീന യുടെ കണ്ണില്‍ തടഞ്ഞില്ല.
ടെലിവിഷന്റെ ചില്ലുപാളി ഒരു യവനിക വകഞ്ഞു മാറ്റുന്ന ലാഘവത്തോടെ അവള്‍ കൈ കൊണ്ടൊതുക്കി. അവളുടെ കുപ്പി വളകള്‍ തുടരെ കിലുങ്ങി.
മുറിയിലെ നിശ്ശബ്ദതയ്ക്കു മേല്‍ ഖുര്‍ഃആന്‍ പാരായണത്തിന്റെ ഈണം മഞ്ഞു പോലെ പെയ്തു. ജനലഴികള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന മങ്ങിയ വെളിച്ചം മാത്രം.
ഉപ്പയുടെ നിശ്ചലദേഹവും ദുഃഖാര്‍ത്തരായ ബന്ധുജനങ്ങളും സെറീനയ്ക്ക് ഒരു ജാലകക്കാഴ്ചയായി.

'ഇവിടെ ഇരിയ്ക്കൂ.. ട്ടോ..' എന്നും പറഞ്ഞ് തന്നെ ഒറ്റക്കിവിടെയിരുത്തി ഗാനതാരകം അവതാരകയെ ഒരു പാട് നേരം കാണാതായിട്ടും അവള്‍ എവിടേക്ക് മറഞ്ഞു എന്നൊന്നും ചിന്തിക്കാന്‍ സെറീന മെനക്കെട്ടില്ല.
ഉപ്പയുടെ വെള്ളത്തുണിയില്‍ മൂടിയ നിശ്ചലദേഹം..
ഉമ്മച്ചിയുടെ...
വെല്ല്യുമ്മയുടെ...
ബന്ധുജനങ്ങളുടെയെല്ലാം വിഷാദഭാവം.. !
എല്ലാമവള്‍ പേടകത്തിനുള്ളിലിരുന്ന് നിര്‍വികാരതയോടെ കാണുകയാണ്.
അന്നേരം എന്താണിനിയും ഫാത്തിമ എത്താത്തതെന്ന ചിന്ത കരിവണ്ട് പോലെ അവള്‍ക്കു ചുറ്റും പറന്നു.
ചിന്തയമരുന്നതിനു മുമ്പേ തന്നെ മുറ്റത്ത് നിന്ന് ഏതോ വാഹനത്തിന്റെ ബ്രേക്കുകളമരുന്ന ശബ്ദം.
ഫാത്തിമ വന്നൂ.. നിസാറിക്കാ..
പുറത്തു നിന്നും ആരുടേയോ ശബ്ദം.
പടച്ച തമ്പുരാനേ... യെന്റെ മോളെത്ത്യോ..
വെല്ല്യുമ്മയുടെ ചങ്കിലെ കഫത്തില്‍ തട്ടി വലിഞ്ഞ വാക്കുകള്‍ കുന്തിരിക്കത്തിന്റെ മണത്തിലമര്‍ന്നു.

സെറീനയുടെ ചതുരനോട്ടത്തിലേക്ക് ഇനിയും ഫാത്തിമ എത്തിയിട്ടില്ല. ഫാത്തിമ അകത്തേക്ക് കടന്നാല്‍ ആകെ ബഹള മാകും.. കൊച്ചാപ്പയുടെ മോളാണെങ്കിലും ഞാനും ഫാത്തിമയും ഉപ്പക്കൊരു പോലെ.
'..എനിക്ക് രണ്ട് പെങ്കുട്ട്യേളാ..'
പരത്തിച്ചിരിച്ചു കൊണ്ട് ഇടയ്ക്കൊക്ക ഉപ്പ.
എന്താവശ്യവും ഉപ്പയോടേ അവള്‍ പറയുമായിരുന്നുള്ളൂ. കുട്ടിക്കാലത്ത് തറവാട്ടുമുറ്റത്തും മറ്റും ഒന്നിച്ച് കളിക്കുന്നതും.. സ്ക്കൂളില്‍ പോകുന്നതുമെല്ലാം സെറീന കണ്ണടച്ച് ഓര്‍ത്തെടുക്കുമ്പോള്‍ മുറിയില്‍ മുന്തിയ അത്തറിന്റെ മണം.
ഫാത്തിമ ഉപ്പയുടെ മയ്യത്തിനരികില്‍...
മണവാളനോടൊപ്പം ബഹ്റൈനിലേക്ക് പറന്നതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് നാട്ടില്‍ വന്നത്. കഴിഞ്ഞ ചെറിയ പെരുന്നാളിന്. ഫാത്തിമ അന്ന് വന്നതിനേക്കാളും ഇത്തിരി തടിച്ചിട്ടുണ്ട്. ഉപ്പയുടെ തണുത്ത നെഞ്ചില്‍ വീണ് അലമുറയി ടുന്ന ഫാത്തിമയെ സെറീന അടുത്ത നിമിഷം പ്രതീക്ഷിച്ചു.
പക്ഷേ, അവള്‍ നഖം കടിച്ചു കൊണ്ട് മുറിയുടെ മൂലയിലേക്കൊതുങ്ങി.
അവളും എന്നെ പോലെ കരയാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായിരിക്കുമോ..!
ശേഷം.. സെറീനയുടെ ചതുരവെട്ടത്തില്‍ ഉമ്മ നിറയുന്നു. തുറന്നിട്ട ജാലകപ്പാളികള്‍ വലിച്ചടച്ച് പെട്ടെന്നൊരു കാറ്റ് വന്ന് കുന്തിരിക്കത്തിന്റെ ധൂമപാളികളെ ഇടറിയുലച്ചു.
ഉമ്മ ചുമരിലേക്ക് മുഖം ചായ്ച്ച് വിതുമ്പിക്കരയുകയാണ്.
ചാറിപ്പെയ്ത ശേഷം ഒന്നടങ്ങുകയും വീണ്ടും ആര്‍ത്തലച്ചു വീഴുകയും ചെയ്യുന്ന പെരുമഴ പോലെ ഉമ്മയുടെ സങ്കടങ്ങള്‍ കരച്ചിലിനിടയില്‍ വാക്കുകളായി പൊടിയുന്നു.
വെല്ല്യുമ്മയുടെ ചുളിഞ്ഞ കവിളില്‍ വേദനയുടെ നീരുറവ.

തൊട്ടടുത്തു നിന്നും ആരോ നെടുവീര്‍പ്പുതിര്‍ക്കുന്നു.
സെറീന നേര്‍ത്ത പുഞ്ചിരിയോടെ തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പിറകില്‍ പ്രിയംവദ രമേശന്‍.
ആ മുഖം ഏറെ വിളറിയും കണ്ണുകള്‍ കലങ്ങിയതായും സെറീന അറിഞ്ഞു.
എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ പ്രിയംവദ രമേശന്‍ സെറീനയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് വിതുമ്പി.
'..എന്താ.. എന്തു പറ്റി..'
സെറീനയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവള്‍ ഏറെ നേരം കണ്ണീര്‍ വാര്‍ത്തു.
'..ഈ ചതുരത്തിനുള്ളില്‍ നിന്നും നീ പുറത്തിറങ്ങിക്കൊള്ളുക.. ഞാന്‍ എലിമിനേഷന്‍ റൌണ്ടില്‍..... ഞാന്‍..
എന്റെ അവസ്ഥ കുഴപ്പമില്ല.. പക്ഷേ എന്നോടൊപ്പം പാടിയ മറ്റൊരു കുട്ടി എസ്.എം.എസ്. കുറവായതു കാരണം ജഡ്ജസി ന്റെ മയമില്ലാത്ത പെരുമാറ്റത്തില്‍ ഭൂതവും വര്‍ത്തമാനവുമില്ലാതെ പെരുമാറാന്‍ തുടങ്ങിയിരിക്കുന്നു..'
പ്രിയംവദയുടെ മനോഹരമായ ശബ്ദം ചിതറി അരോചകമായി മാറിയിരുന്നു.
പറയൂ.. ആരൊക്കെയാണ് പിടിച്ചു നിന്നവര്‍.. സെറീന കിതച്ചു.
'ക്ഷമിക്കുക സെറീനാ.. അതെല്ലാം പറയുകയാണെങ്കില്‍.... അത്.. അതിനെ പറ്റി പറയാന്‍.. ഞാന്‍.... '
പ്രിയംവദ വാക്കുകള്‍ മുഴുമിച്ചില്ല.
സംഭവിച്ചതെന്തെന്നറിയണമെന്ന മോഹം സെറീനയില്‍ വല്ലാതെ ഉല്‍ക്കടമായി.
പ്രിയംവദ നിശ്ശബ്ദയായി. പിന്നീടവള്‍ ചതുരത്തിനുള്ളിലെ നിബിഢമായ ഇരുട്ടില്‍ മറഞ്ഞു.

ഞൊടിയിടയില്‍ ചതുരത്തിനുള്ളില്‍ നിന്നും മരണവീടിന്റെ മൌനത്തിലേക്ക് സെറീന നടന്നിറങ്ങി.
ചമ്രം പടിഞ്ഞിരുന്ന് ഖുര്‍ഃആന്‍ ഓതുന്ന സ്ത്രീകള്‍ കുന്തിരിക്കത്തിന്റെ പുകമണമേറ്റ ചടവോടെ കോട്ടുവായിടുന്നു.
ഉപ്പയുടെ മയ്യത്തിനരികിലും പുരയുടെ പല മുറികളിലുമായി മിണ്ടാവ്രതമെടുത്ത് ചടഞ്ഞിരിക്കുന്നവര്‍ തന്നേയും പ്രതീക്ഷി ച്ചിരിക്കുകയാവുമെന്ന് സെറീന വെറുതെ ഊഹിച്ചു.
ഉള്ളില്‍ നിന്നും ആര്‍ത്തിരമ്പാന്‍ തുടങ്ങുന്ന സങ്കടത്തിരമാലകളുടെ മുഴക്കം കാതോര്‍ത്ത്, ചുമരില്‍ മുഖം ചേര്‍ത്ത് കരയു ന്ന ഉമ്മയുടെ മാറില്‍ തല ചായ്ച്ച് കട്ടിലില്‍ അമര്‍ന്നിരുന്ന് സെറീന കണ്ണടച്ച് ജീവിതത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങി.