Saturday, April 4, 2015

കണ്ണാടിവാതില്‍
തുപതുത്ത സോഫയിലമര്‍ന്നിട്ടും കരിങ്കല്‍ചീളുകള്‍ നിറഞ്ഞ കാട്ടുവഴിയില്‍ നഗ്നനായി കിടക്കുന്ന അവസ്ഥയായിരുന്നു അന്നേരമയാള്‍ക്ക്.

ബാല്‍ക്കണിയില്‍ നിന്ന് കയ്യൊന്ന് നീട്ടിയാല്‍ ആകാശം തൊടാനാവുമെന്ന അയാളുടെ ധാര്‍ഷ്ട്യം മഞ്ഞു പോലെ ഉരുകിയത് പ്രൊഫസര്‍ വര്‍മ്മയുടെ ചോദ്യത്തിന്  മുമ്പിലാണ്.

വര്‍മ്മയുടെ കണ്ണിലേക്ക് നോക്കി ഏറെ നേരം ഒന്നും മിണ്ടാതെ ....
കയ്യിലെ ഒഴിഞ്ഞ ഗ്ളാസ്സ് ടീപോയ്ക്കു മേല്‍ വെച്ച് അയാള്‍ ചിറി തുടച്ചു.
ഒരു റൗണ്ട് കൂടി ആകാമെന്ന വര്‍മ്മയുടെ നിര്‍ബന്ധം ഒരു കണ്ണിറുക്കലില്‍ തടഞ്ഞു കൊണ്ടയാള്‍ സോഫയില്‍ അമര്‍ന്നിരുന്നു.

'..എന്താ.. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടോ..'
വര്‍മ്മയുടെ നീരസ സ്വരം.
വിരല്‍ അഞ്ചും നിവര്‍ത്തിക്കൊണ്ട് കൈപ്പത്തി അന്തരീക്ഷത്തില്‍ വീശി നിഷേധാര്‍ത്ഥത്തില്‍ അയാള്‍ തല കുലുക്കി.
പറയൂ.. ഇനിയെന്താണ് തന്റെ പ്ളാന്‍..
വര്‍മ്മയുടെ പരുക്കന്‍ ഭാവം അയാളെ ഞെട്ടിച്ചു.
മറുപടി പറയാന്‍ അയാള്‍ വാക്കുകള്‍ പരതി.

ഭാഷ മറന്നു പോവുന്ന അവസ്ഥകള്‍ പണ്ടെന്നോ വായിച്ച പുസ്തകത്താളിലെ കിറുക്കന്‍ നേരമ്പോക്കുകളായിരുന്നു. അങ്ങനെയല്ല.. അതെല്ലാം ഉറച്ച സത്യങ്ങളാണെന്ന് ജീവിതം സ്വയം പഠിപ്പിച്ചിരിക്കുന്നു.
മനുഷ്യജീവിതത്തിനു അര്‍ത്ഥമുണ്ടാകണമെങ്കില്‍ അവന്‍ മനുഷ്യനായിത്തന്നെ ജീവിക്കണം. അത്രയും പറഞ്ഞ് വര്‍മ്മ കുപ്പി തുറന്ന് ഒരു ഗ്ളാസ്സില്‍ മാത്രം അല്‍പ്പമൊഴിച്ചു.

അയാള്‍ കണ്ണുകള്‍ തുറക്കാതെ വര്‍മ്മയുടെ ചലനങ്ങള്‍ ഉള്ളില്‍ കണ്ടു.
മനുഷ്യജീവിതം ഒറ്റക്കു ജീവിച്ചു തീര്‍ക്കാന്‍ ഭൂമിയിലൊരുത്തനും  പറ്റുമെന്ന് തോന്നുന്നില്ല..
മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവും.. മണ്ണും ചെളിയും.. അങ്ങനെ  ഒന്നുമൊന്നുമില്ലാതെ ഒരാളിങ്ങനെ ..
തനിക്കു മുഴുഭ്രാന്താടോ.. മുഴുഭ്രാന്ത്..
വര്‍മ്മ പറയുന്നതിനൊന്നും എതിര്‍വാക്ക് പറയാതെ അയാള്‍ ശ്വാസമടക്കി കിടന്നു.

താന്‍ കിടക്കുന്ന മുറി ഇരുട്ട് നിറഞ്ഞിരിക്കുന്നു. മേഘമന്ദിരക്കോണില്‍ നിന്നെവിടെ നിന്നോ പ്രത്യക്ഷപ്പെട്ട പുണ്യാളനാണ് തന്റെ മുന്നില്‍ നില്‍ക്കുന്ന വര്‍മ്മയെന്ന് അയാള്‍ അല്‍പ്പമാത്ര അനുമാനിച്ചു.

ആകാശം കറുക്കുന്നതും കാര്‍മുകില്‍ പിളര്‍ന്ന് ഭൂമിയിലേക്ക് മഴ പെയ്തിറങ്ങതും അയാള്‍ തന്റെ ചില്ലുജാലകത്തിലൂടെ മിന്നല്‍ക്കൊടി വെട്ടത്തില്‍ കണ്ടെടുത്തു.

എടോ.. താനൊന്ന് ഭൂമിയിലേക്കിറങ്ങ്.. മണ്ണില്‍ ചവിട്ടി നടക്ക്..
ബുദ്ധി മരവിക്കുന്നതിനും  ശരീരം ജീര്‍ണ്ണിക്കുന്നതിനും  മുമ്പ് പകല്‍വെളിച്ചം ദേഹത്ത് വീഴട്ടെ..

ആകാശത്തില്‍ പിന്നേയും തെളിഞ്ഞ മിന്നല്‍ഞരമ്പുകള്‍.. ആ വെട്ടത്തില്‍ മുറിയില്‍ നിന്നും പുറത്തേക്ക് നീങ്ങുന്ന വര്‍മ്മയുടെ നിഴല്‍.
സ്വന്തം നിഴല്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ അയാള്‍ കണ്ണുകള്‍ പൂട്ടി അനങ്ങാതെ കിടന്നു. വിനാഴികകളുടെ അളവുപാത്രം കൈമോശം വന്നിരിക്കുന്നു.

ഭൂമിയിലെ അനേകായിരം മനുഷ്യര്‍ സ്വപ്നം കണ്ടുറങ്ങുന്ന നേരത്ത് അയാളേതോ ദുഃസ്വപ്നങ്ങളില്‍ ഞെട്ടി വിറച്ചു.
വിഷാദം പെയ്യുന്ന കണ്ണുകളോടെ കുറേ മനുഷ്യരൂപങ്ങള്‍ അയാളുടെ നെറ്റിയില്‍ കയറി നിന്നു മനസ്സിലാവാത്ത ഏതോ പുരാതന ഭാഷയില്‍ അയാളോട് എന്തൊക്കെയോ ആക്രോശിക്കുന്നു.

പുറത്ത് മഴയുടെ സംഗീതവും മിന്നല്‍പിണറുകളുടെ പ്രകമ്പനങ്ങളും ആകാശത്തേക്കുന്തി നില്‍ക്കുന്ന ചില്ലുകൊട്ടാരത്തിന്റെ ഉള്‍ക്കാമ്പില്‍ നിന്നും അയാള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല.

വെളുവെളുങ്ങനെയു ള്ള മേഘക്കൂട്ടങ്ങള്‍ പളുങ്കുജാലകത്തിനപ്പുറം
ചലനമറ്റു നില്‍ക്കുന്ന പതിവു കാഴ്ചയുടെ ഉന്‍മാദത്തിലേക്ക് അയാള്‍ കണ്ണു തുറന്നെങ്കിലും മുന്നില്‍ തെളിഞ്ഞത് വര്‍മ്മയുടെ കുലീനതയാര്‍ന്ന മുഖവും അയാളുടെ ഗാംഭീര്യ ശബ്ദവും.

പളുങ്കുജാലകത്തിനപ്പുറത്തെ മേഘക്കൂട്ടങ്ങള്‍ കാഴ്ചമടുപ്പിലേക്ക് എടുത്തെറിയപ്പെട്ടു. ചില്ലുജാലകത്തിന്റെ സ്വര്‍ണ്ണനിറമുള്ള തിരശ്ശീല അയാള്‍ ഊക്കോടെ വലിച്ചു നീക്കി മുറിയില്‍ നിന്നുള്ള ആകാശക്കാഴ്ച പൊടുന്നനെ മറച്ചു.
അടുത്ത നിമിഷം മുറിയിലെ കോളിംഗ്ബെല്‍… മുത്തുമണികള്‍ ചിതറുന്ന പോലെ…
ചുമരിലെ ബട്ടണ്‍ ഞെക്കിയപ്പോള്‍ വലിയൊരു നീലക്കണ്ണാടി പോലെ തോന്നിക്കുന്ന പുറത്തേക്കുള്ള വാതില്‍ കടലാസുതുണ്ടു പോലെ സ്വയം നീങ്ങി. വാതിലിനപ്പുറത്തെ ഇടനാഴിയില്‍ വര്‍മ്മയെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പണ്ടെങ്ങോ മരിച്ചു പോയ ഒരാള്‍ മുമ്പില്‍ വന്നു നില്‍ക്കുന്ന പോലെ..?

സെവന്‍ത് ഫ്ളോറിലെ റെസ്റോറന്റില്‍ നിന്നും..
അയാളുടെ ചിരിയും ചലനവും ശവത്തിന്റെ മുഖസാദൃശ്യം അനുഭവിപ്പിച്ചു.
സര്‍.. ബ്രേക്ക്ഫാസ്റ്റ്
ശവമുഖത്തിന്റെ ചുണ്ടുകള്‍ ചലിക്കുന്നു.
വാക്കുകള്‍ ചങ്കിനുള്ളില്‍ തറച്ചു നിന്നു.
സര്‍.. ബ്രേക്ക്ഫാസ്റ്റ് .. ചിമുംഗാ ബുഹാത്താ.., മിര്‍ശൂണി വിബിംഗ.. ചല്ലൂറ്റ വിസഞ്ചു...
വേണ്ട... ഇതൊന്നും വേണ്ട... മനുഷ്യന്‍ കഴിക്കുന്ന എന്തെങ്കിലും..

അയാളുടെ കിതപ്പില്‍ ശവമുഖം അമ്പരന്നു.
സര്‍... ഈ പറഞ്ഞതൊക്കെ സാറിന്റെ ഫേവറേറ്റ് ഐറ്റംസല്ലേ..
അയാളുടെ കിതപ്പിന്റെ ശബ്ദത്തില്‍ തൊട്ടപ്പുറത്തെ ചില്ലുവാതിലുകളെല്ലാം തുറക്കപ്പെട്ടു. അതിനുള്ളില്‍ നിന്നൊക്കെ വിവിധ നിറങ്ങളുള്ള കണ്ണുകള്‍ ശവമുഖത്തെ തുറിച്ചു നോക്കാന്‍ തുടങ്ങി. ശവമുഖമുള്ള മനുഷ്യന്‍ ഇടനാഴിയുടെ വിസ്താരമില്ലായ്മയിലേക്ക് തിരിയുന്നതിനു മുമ്പ് അയാള്‍
നീലക്കണ്ണാടി വലിച്ചടച്ചു.

മുറിയാകെ ഇരുട്ട് കുമിഞ്ഞിരുന്നു.

മുഖവും ശരീരവും വെടിപ്പാക്കാന്‍ കിടപ്പുമുറിയോടു ചേര്‍ന്നു നില്‍ക്കുന്ന, തറയില്‍ പളുങ്കുപാളികള്‍ പാകിയ പേടകത്തിനുള്ളിലേക്ക് അയാള്‍ നുഴഞ്ഞു. ഏതൊക്കെയോ ബട്ടണുകളില്‍ വിരലമര്‍ത്തുകയും  സ്റ്റീൽ നിര്‍മ്മിത ദണ്ഡുകള്‍ പിടിച്ചു താഴ്ത്തുകയും ചെയ്തതോടെ പേടകത്തിനുള്ളില്‍ മഞ്ഞിന്റെ തണുപ്പ് പുക പോലെ കട്ട പിടിച്ചു.

മുറിയിലേക്ക് കാലെടുത്തു വെച്ചത് അജ്ഞാതഗ്രഹത്തിലേക്ക് പ്രവേശിച്ച പോലെ വിസ്മയത്തോടെയായിരുന്നു.

പളുങ്കുഭിത്തിയിലെ ഏതോ ഒരു ബട്ടണമര്‍ത്തി മുറിയിലെ ഇരുട്ടിലേക്ക് അയാള്‍ വെളിച്ചം കുടഞ്ഞു. കാലങ്ങളോളം തന്നില്‍ നിന്നും മാഞ്ഞിരുന്ന ഒരുന്‍മേഷം അയാളുടെ കണ്ണില്‍ തെളിഞ്ഞത് നീലക്കണ്ണാടിവാതിലില്‍ പ്രതിബിംബിച്ചു. ചില്ലുജാലകത്തിന്റെ സ്വര്‍ണ്ണനിറമുള്ള തിരശ്ശീല അയാള്‍ പതുക്കെ നീക്കി, തെളിഞ്ഞ ആകാശം വല്ലാത്തൊരനുഭൂതിയോടെ പിന്നേയും പിന്നേയും നോക്കി നിന്നു.

ചെറുകാറ്റ് ഇളകാത്ത നിശ്ചല നേരം .
ചപ്പുചവറുകളൊന്നും വീഴാത്ത, മണ്‍തരി പോലും സൂക്ഷ്മമായി കാണാന്‍ പാകത്തില്‍ കറുത്ത കണ്ണാടി പോലെ മുമ്പിലുള്ള തെരുവ്.

വല്ലപ്പോഴും ഒരോര്‍മത്തെറ്റു പോലെ നടന്നു നീങ്ങുന്ന മനുഷ്യരൂപം. അവയ്ക്ക് നീലക്കണ്ണാടിയില്‍ കാണുന്ന തന്റെ രൂപവുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ എന്ന് വിമ്മിട്ടപ്പെട്ടു കൊണ്ട് കണ്ണുകളമര്‍ത്തി തിരുമ്മിയ ശേഷം എന്തോ തിരയുമ്പോഴാണ് മുമ്പിലുള്ള വീഥിയുടെ ഇരുവശവുമായി
കനത്ത കരിങ്കല്‍തൂണുകള്‍ തന്റെ സഞ്ചാരത്തിനു  തടസ്സമായി നില്‍ക്കുന്നു.

അന്നേരം ആ വഴി പോയ രൂപത്തിനോട് എന്തോ ചോദിക്കാനാഞ്ഞെങ്കിലും തന്റെ നാവില്‍നിന്നും പൊടിഞ്ഞു വീണ ശബ്ദം കേട്ട് അയാള്‍ സ്തംഭിച്ചു നില്‍ക്കുന്നത് കണ്ട് ആദ്യം കരച്ചില്‍ വന്നു.

പിന്നെ കാണുന്ന രൂപങ്ങളോടെല്ലാം അയാള്‍ എന്തൊക്കെയോ ചോദിച്ചു.
അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കാനോ  അത് മസ്സിലാക്കി ഉചിതമായ മറുപടി നല്‍കുവാനോ ഒരു രൂപവും അയാളുടെ മുമ്പില്‍ നിന്നില്ല.

എന്നെ നിങ്ങള്‍ക്കറിയല്ലേ..
ഞാനാണ് കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മൂന്നാമത്തെ സന്താനം ...
ഈ ആകാശക്കൊട്ടാരം എന്റേതാണ്..

അയാള്‍ തെരുവിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് വിരല്‍ ചൂണ്ടി.
നിങ്ങള്‍ക്കറിയില്ലേ അന്തിപ്പഷ്ണിക്കാരായ  കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മകന്‍ ഈ സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെയാണെന്ന്..
അന്ന് നിങ്ങളുടെ കവലച്ചര്‍ച്ചകളില്‍ എന്റെ ജീവിതത്തിന്റെ കറുത്ത അദ്ധ്യായങ്ങളല്ലേ ഉണ്ടായിരുന്നത്..
ഈ ആകാശക്കൊട്ടാരം സ്ഥിതി ചെയ്യുന്ന വെളിമ്പ്രദേശത്തെ പട്ടിണിപ്പാവങ്ങളെ നഗരത്തിനുമപ്പുറത്തേക്ക് ആട്ടിപ്പായിച്ചത് പുത്തന്‍പണക്കാരനായ എന്റെ ഏറാന്‍മൂളികളായിരുന്നില്ലേ..

ഇനിയും നിങ്ങള്‍ക്കെന്നെ മനസ്സിലാവുന്നില്ലേ..
ഞാനാണ് കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മൂന്നാമത്തെ സന്താനം ...

വെയില്‍ച്ചൂടില്‍ അയാളുടെ രൂപം നരയ്ക്കാന്‍ തുടങ്ങിയിരുന്നു.
മുഖരോമങ്ങളും വിരല്‍നഖങ്ങളും നീളം വെച്ച് ഒരു വിചിത്രജന്തുവിനെ പ്പോലെ പളുങ്കുമാളികകള്‍ നിറഞ്ഞ തെരുവിലൂടെ അയാള്‍ മുക്രയിട്ടു.

ആരോ കൈവെള്ളയില്‍ അമര്‍ത്തിയ പുത്തന്‍ കറന്‍സിയുടെ ഉന്‍മാദഗന്ധം അയാളുടെ ദേഹത്തെ അഴുക്കില്‍ അളിഞ്ഞു.

പൊടുന്നനെ  പകലിന്റെ തീക്കൊള്ളിയണഞ്ഞു.
അന്നേരം വര്‍മ്മയുടെ മുഖവും ഗാംഭീര്യശബ്ദവും ഉള്ളില്‍ നക്ഷത്രമായി മിന്നി.

മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവും മണ്ണും ചെളിയും..
അങ്ങനെ  ഒന്നുമൊന്നുമില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ലേ എന്ന് വര്‍മ്മയുടെ കണ്ണിനു നേരെ  വിരല്‍ ചൂണ്ടണം..

മനുഷ്യജീവിതം ഒറ്റക്കു ജീവിച്ചു തീര്‍ക്കാന്‍ ഭൂമിയിലൊരുത്തനെങ്കിലും കഴിയുമെന്ന് വര്‍മ്മയെ വെല്ലുവിളിക്കണം..
മണ്ണില്‍ ചവിട്ടി നടന്ന്.. പകല്‍വെളിച്ചം ദേഹത്ത് വീണ്.. ബുദ്ധി മരവിക്കുന്ന തിനും  ശരീരം ജീര്‍ണ്ണിക്കുന്നതിനും  മുമ്പ് സ്വന്തം പളുങ്കുമാളികയിലെ ഇരുളടഞ്ഞ തണുപ്പിലേക്ക് മുഖം പൂഴ്ത്തണം..
എന്റെ ബാല്‍ക്കണിക്കൈവരിയില്‍ കയ്യമര്‍ത്തി താഴെ പുളയ്ക്കുന്ന പുഴുജന്‍മങ്ങളെ കണ്‍കുളിര്‍ക്കെ കാണാന്‍ ഏതു കവാടത്തിലൂടെയാണ് ഞാന്‍ ആകാശം ചുംബിക്കേണ്ടത്..

കണ്ണാടിവാതിലിന്  മുമ്പില്‍ കാവല്‍ നില്‍ക്കുന്ന തൊപ്പിക്കാരന്റെ ഉണ്ടക്കണ്ണുകള്‍ ഒരു വിചിത്രജീവിയെ കാണുന്ന പോലെ എന്താണിങ്ങനെ  പുറത്തേക്ക് തള്ളി നില്‍ക്കുന്നത്..

കണ്ണാടിമാളികയ്ക്കുള്ളില്‍ നിന്നും തെരുവിലേക്കിറങ്ങുന്ന പഞ്ഞിരോമ ക്കുപ്പായമിട്ട രൂപങ്ങള്‍ എന്നെ നോക്കി മൂക്കു പൊത്തി കടന്നു പോകുന്നതെന്താണ്..?

എന്റെ ആകാശക്കൊട്ടാരത്തിന്റെ നീലക്കണ്ണാടിവാതില്‍ തെരുവിന്റെ ഏതു ദിശയിലേക്കാണ് തുറന്നിട്ടത്...?

ആ കവാടം കണ്ടെത്തി ഭൂമിയില്‍ കാലമര്‍ത്താതെ സകലരുടെയും ആകാശത്തിന്  മുകളില്‍ നിന്നുകൊണ്ട്.. മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവും മണ്ണും ചെളിയും.. അങ്ങനെ  ഒന്നുമൊന്നുമില്ലാതെ ഞാന്‍ വാഴും..
നിങ്ങള്‍ക്കെന്നെ മനസ്സിലാവുന്നില്ലേ..

ഞാനാണ് കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മൂന്നാമത്തെ സന്താനം ...!

എന്റെ ആകാശക്കൊട്ടാരത്തിന്റെ നീലക്കണ്ണാടിവാതില്‍ തെരുവിന്റെ ഏതു ദിശയിലേക്കാണ് തുറന്നിട്ടത്...?
നിങ്ങളെന്നോട് സംസാരിക്കണമെന്നില്ല.. കൈവിരലൊന്നു നീട്ടി ചൂണ്ടിക്കാണിച്ചു തന്നാല്‍ മതി..
ആ കണ്ണാടിവാതിലിന്റെ മുമ്പിലൊന്ന് എത്തിച്ചു തന്നാല്‍ മതി..
അത്ര മാത്രം മതി..!


                                                                                          ________ ചിത്രം കടപ്പാട്:  Google
********************************************************************************