Tuesday, March 17, 2015

കടല്‍ദൂരമളക്കുന്ന പച്ചിലകള്‍എന്റെ 
കടൽദൂരം 
എന്ന പുസ്തകത്തിന്‌ 
കവി പി.കെ. ഗോപി എഴുതിയ അവതാരിക
മ്മിഞ്ഞപ്പാല്‍, താരാട്ട്, പ്രകൃതി, കടല്‍, പ്രണയം, പേമാരി, അഗ്നി, കൊടുങ്കാറ്റ്, സാന്ത്വനം, ചെറുതെന്നല്‍, കത്തുന്ന ഒരു നോട്ടം , പ്രതിഷേധത്തിന്റെ ഒരടയാളം, സ്നേഹം, സൗഹൃദം, ഓര്‍മ്മപ്പെടുത്തലുകള്‍...... അതെ, ഇവയെല്ലാം റഫീഖ് പന്നിയങ്കര കവിതയെഴുതാന്‍ പോകുന്നതിന്നതിന്റെ മുന്നൊരുക്കങ്ങളാണ്. അല്ലെങ്കില്‍ റഫീഖിന്റെ കവിത വായിച്ച് നമ്മുടെ ഉള്ളില്‍ നിറയുന്ന വാക്കുകളാണ്.

സംസ്കൃതിയുടെ തായ് വേരിൽ  തൊടുകയും അതിന്റെ വികാസപരിണാമങ്ങളുടെ വ്യതിയാനങ്ങളെ നിര്‍വ്വചിക്കുകയും സ്നേഹത്തിന്റെ ഹരിതാഭയില്‍ ആഹ്ളാദിക്കുകയും ഹിംസയുടെ ക്രൂരതകളോട് പ്രതിഷേധിക്കുകയും ചെയ്യുക, കവിയുടെ ഭാവനയിലും പ്രതിഭയിലും സ്വതസിദ്ധമായി അലിഞ്ഞു ചേര്‍ന്ന സ്വഭാവങ്ങളാണ്.
ഒരു പക്ഷെ, ആ സ്വഭാവം ജന്‍മനാ ലഭിച്ച ഒരാളാവാം റഫീഖ്. അതിനാല്‍ റഫീഖിന്  എഴുത്ത് കൃത്രിമമായ അക്കാദമിക് അഭ്യാസമല്ല. അന്യസാഹിത്യദേശങ്ങളില്‍ നിന്ന് അതിസാമര്‍ത്ഥ്യത്തോടെ പകര്‍ത്തി വെച്ച പകര്‍ന്നാട്ട ഭാഷയല്ല. ദുരൂഹത കുത്തി നിറച്ച കുറുക്കുവഴിപ്രയോഗമല്ല. വിശ്വസ്തമായ ഒരാശയത്തെ ഏറ്റവും പരിചിതമായ ഭാഷാപരിചരണത്താല്‍ വ്യക്തവും ശുദ്ധവുമായി അവതരിപ്പിക്കുകയാണ് റഫീഖിന്റെ രീതി.

സാഹിത്യരംഗത്ത് അദ്ദേഹം അപരിചിതനല്ല. മണലാരണ്യത്തിലെ നഗരജീവിതത്തിന്റെ സമയബന്ധിതമായ കാര്‍ക്കശ്യങ്ങള്‍ക്കിടയിലും മലയാളക്കരയിലെ ഒരു നാട്ടുപച്ചയെ കൈവെള്ളയില്‍ പ്രതീക്ഷയോടെ കൊണ്ടു നടക്കുന്ന ഒരാളാണദ്ദേഹം. റഫീഖ് പന്നിയങ്കരയും ജോസഫ് അതിരുങ്കലും നജിം കൊച്ചുകലുങ്കുമൊക്കെ മുന്‍കൈയെടുത്ത് പ്രസിദ്ധീകരിക്കുന്ന ‘ഇല’ എന്ന ചെറുമാസികയുടെ സൗന്ദര്യംഏറെ അഭിമാനത്തോടെ ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് ‘കടല്‍ദൂര’ത്തിന്റെ കൈയെഴുത്തുപ്രതി ശ്രദ്ധയോടെ വായിച്ചത്. ആദ്യവായനയില്‍ത്തന്നെ പുഴയും ഭൂമിയും തമ്മിലുള്ള ബന്ധത്തിലെന്നതു പോലെ കണ്ണീര്‍നനവ് കാവ്യാത്മകമായി പടരുന്നു. ‘വിങ്ങലടക്കി/മണ്ണിന്നടിയിലേക്ക്/ഒതുങ്ങിയൊടുങ്ങുന്ന/പുഴയുടെ കഥ വീണ്ടെടുക്കാന്‍’/കവിക്കേ കഴിയൂ!

‘എന്തുകൊണ്ടാണ്
മേഘക്കീറുകളില്‍ നിന്ന്
കവിതയുടെ മഴ പെയ്യാത്തത്?
എന്തുകൊണ്ടാണ്
കിളി ചിലയ്ക്കുന്ന
മരച്ചില്ലകളില്‍
കവിതയുടെ പച്ചിലകള്‍
തളിര്‍ക്കാത്തത്?

സ്വന്തം വീട്ടുമുറ്റത്തു നിന്ന് കാവ്യനിലാവിന്റെ നേർത്ത വെളിച്ചം അപ്രത്യക്ഷമാകുമ്പോള്‍ നഷ്ടപ്പെടുന്ന സ്നേഹതരംഗങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഒരേകാകിയെ ഞാന്‍ കാണുന്നു. പച്ചിലകളെക്കുറിച്ചോ പൂക്കളെക്കുറിച്ചോ പറഞ്ഞു പോയാല്‍ ‘അയ്യോ കാല്പനികന്‍’ എന്നു പരിഹസിക്കാന്‍ വരട്ടെ. ഇവയൊന്നുമില്ലാത്ത വരണ്ട നിലങ്ങളില്‍ നിന്ന് കവിതയുടെ അസ്ഥിക്കൂടമെടുത്തമ്മാനമാടാന്‍ എന്തായാലും റഫീഖില്ല! ആട്ടക്കൊട്ടുകളും ആരവങ്ങളുമുപേക്ഷിച്ച് ഏകാന്തതയിലൂടെ സഞ്ചരിക്കുമ്പോള്‍...

‘എന്റെ നിഴല്‍
എന്നെക്കാള്‍ മുമ്പില്‍ നടന്ന്
ഭൂമിയില്‍ ഞാനാരുമല്ലെന്ന്
ഇടയ്ക്കോര്‍മ്മപ്പെടുത്തുന്നു’.

ഈ ഓര്‍മ്മയാണ് റഫീഖില്‍ ഒരു സൂഫി ഒളിച്ചു വസിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കാന്‍ കാരണം. ജീവിതത്തെ നിസ്സംഗതയോടെ നിരസിക്കാതെ, നിതാന്തമായ അതിന്റെ വികാരതരംഗങ്ങളില്‍ മുങ്ങിയും പൊങ്ങിയും ചിലപ്പോള്‍ ശ്വാസംമുട്ടിയും മറ്റുചിലപ്പോള്‍ സ്വാതന്ത്യ്രം നേടിയും  സത്യത്തിന്റെ മുഖം ദര്‍ശിക്കാനുള്ള മൂന്നാംകണ്ണ് അന്വേഷിക്കുകയാണ് കവി. അകക്കണ്ണ് തുറന്നിരിക്കുമ്പോള്‍ നിദ്രയിലും ജാഗ്രതയോടെ പുലരാന്‍ റഫീഖിന്  കഴിയുന്നു.

എത്ര തവണ വിരല്‍ത്തുമ്പത്ത് നീലമഷി പുരണ്ടിട്ടും അനീതിയുടെ കൊടുങ്കാടുകള്‍ വെട്ടിമാറ്റാനാവാതെ നട്ടം തിരിയുന്നവര്‍ക്കിടയില്‍ ഒരക്ഷരത്തിന്റെ ഉള്‍ബലമല്ലാതെ മറ്റൊന്നും കവിയുടെ കൈവശമില്ല. ഇല്ലായ്മകളുടെ ആഘോഷങ്ങള്‍ അജ്ഞാതമായി ആത്മാവില്‍ മാത്രം വിലയം പ്രാപിക്കുമ്പോള്‍ ‘എന്നെ ഞാനാക്കുന്ന’ മഹാവിദ്യ തേടി ‘കച്ചവടവിദ്യ’യുടെ തിരുമുമ്പിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്യുകയാണ് കവിയുടെ മനസ്സ്.

ഗ്രാമീണമായ കാഴ്ചകളുടെ ജീവിക്കുന്ന ചിത്രങ്ങള്‍ ത്രസിച്ചു നില്‍ക്കുകയാണ് ഓരോ കവിതയിലും. ‘അടഞ്ഞ വാതിലിനുള്ളില്‍/മുഖമൊളിപ്പിച്ചിരിക്കുന്ന വരെ’/ അധികമാരും കാണാറില്ലല്ലൊ. പക്ഷെ അവരുടെ ഭയാശങ്ക നിറഞ്ഞ ചുടുനിശ്വാസം കൂടി ചേര്‍ന്നതാണ് ഓരോ കൊടുങ്കാറ്റുമെന്ന തിരിച്ചറിവ് റഫീഖിനെ യഥാര്‍ത്ഥ കവിയാക്കുന്നു. ഹൃദയം കീറിയൊഴുകുന്ന പുഴയുടെ കുത്തൊഴുക്കും കുഞ്ഞുങ്ങളുടെ പ്രാണന്‍ പറന്നുപോയ കറുത്ത കാലവും കവിയെ അഗാധമായി വേദനിപ്പിക്കുന്നു. അതിനാല്‍..

‘പഴയ അര്‍ത്ഥങ്ങളില്‍ നിന്ന്
പുതിയ വാക്കുകളുണ്ടാക്കി
അതില്‍ ജീവിതം
ചേര്‍ത്തു വെയ്ക്കുമ്പോഴാണ്
കത്തുന്ന കവിതകള്‍
ജനിക്കുന്നത്’

എന്ന് കവി സ്വയം മനസ്സിലാക്കുന്നു. ഓരോ കവിതയും മനസ്സില്‍ ചേര്‍ത്തു വെക്കുമ്പോള്‍ ജീവിക്കാനുള്ള ഉള്‍പ്രേരണയുണ്ടാകണമെന്നാണ് റഫീഖിന്റെ ബോധ്യം. അതിനാല്‍ ഈ കവിതകള്‍ക്ക് പുതിയൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു.

‘സൂര്യതേജസ്സായ് നീ ...
വേരില്ലാവൃക്ഷമായ്
ഉയരങ്ങള്‍ തൊടുന്നോനെ,
അമ്മയെന്ന ചൈതന്യം
കണ്ണീരില്‍ മുങ്ങുന്നു...
ഈണമാര്‍ന്ന താരാട്ട്
തിരപോലെ ചിതറുന്നു
നുരയായ് മാറുന്നു.’

ശ്രദ്ധയോടെ തെരഞ്ഞെടുത്ത പദങ്ങളുടെ പ്രകാശത്തില്‍ തെളിഞ്ഞുവരുന്ന ആശയത്തിന്റെ ജീവചൈതന്യം, പ്രാരംഭത്തിലെഴുതിയ വാക്കുകളുടെ സാധൂകരണമാണെന്നു തെളിയുന്നില്ലേ? ‘അമ്മയെന്ന ചൈതന്യത്തെ’ കണ്ണീരില്‍ മുക്കുന്ന വര്‍ത്തമാനകാലത്തിന്റെ നുരയും പതയും കൊണ്ടാടുന്ന
നൈമിഷികായുസ്സിനെ മറികടക്കാന്‍ റഫീഖിന്റെ പ്രതിഭ പ്രാപ്തമായിരിക്കു ന്നു.
എടുത്തു പറയാവുന്ന കവിതകളാണ് ഏറെയും. ‘ബ്രോയിലര്‍ ജീവിത’ങ്ങളുടെ കാലത്ത് അതിജീവനമെന്ന വാക്ക് നേരിടുന്ന വെല്ലുവിളി എത്ര ഭീകരമാണെന്ന റിയണം. ഭീകരതയുടെ വ്യാളിപ്പല്ലുകള്‍ക്കിടയില്‍ നിന്ന് ഒരു കാവ്യപ്രതിജ്ഞ ഉയര്‍ന്നു കേള്‍ക്കുന്നു.

‘നന്‍മ വേണം, എങ്കിലേ
തിന്‍മയേതെന്ന് തിരിച്ചറിയൂ.
കറുപ്പില്‍ നിന്ന് പുറത്ത് കടന്നാലേ
ഇരുട്ടേതെന്ന് വ്യക്തമാവൂ.
....................................................
.......................................................
ജീവിതത്തിന്റെ വഴിയിറമ്പുകളില്‍
അഹന്തയുടെ മുള്‍ച്ചെടിയൊന്നുപോലും
നട്ടു വളര്‍ത്തില്ല’.

സൗമ്യവും ധീരവുമായ ഈ പ്രതിജ്ഞയുടെ ആത്മശക്തിയില്‍ റഫീഖ് മുന്നേറു ക. കടല്‍ദൂരമളക്കുന്ന പച്ചിലകളെ ചേര്‍ത്തു പിടിക്കുക. പിഴയ്ക്കുകയില്ല, പരിശ്രമങ്ങള്‍. നവ കവിതയുടെ ക്ളേശങ്ങള്‍ വഴിയിലുടനീളം കൂടെയുണ്ടാ വും, പിന്‍മാറരുത്. സ്വയം തിരുത്തിയും സൂക്ഷ്മാര്‍ത്ഥങ്ങള്‍ അന്വേഷിച്ചും കാവ്യോപാസന തുടരുക.
വിജയാശംസകള്‍, സ്നേഹത്തോടെ...                                                                  പി.കെ. ഗോപി 

********************************************************************************