Monday, November 10, 2014

ലേബര്‍ക്യാമ്പില്‍ നിന്ന്...





ഇരുട്ട് കത്തുന്ന അതിരുകളാണ്
ഓരോ ഇടനാഴിയുടെ അറ്റത്തും..

വിയര്‍പ്പും കണ്ണീരും
വിരഹവും പ്രതീക്ഷയുമൊക്കെ
പാടുവീഴ്ത്തിയ
നരച്ച ഭിത്തികളില്‍
മുമ്പേ നടന്നു മറഞ്ഞവര്‍
പ്രവാസത്തിന്റെ 
ഓര്‍മപ്പുസ്തകമായി
ഉള്ള് മുറിഞ്ഞു കോറിയിട്ട
വിറച്ച വാക്കുകളുമുണ്ട്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും 
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
വിവിധ ദേശങ്ങളുടെ
അടയാളങ്ങളാണ്
ഓരോ പാത്രങ്ങളിലും 
രുചിക്കൂട്ടുകളായി തിളയ്ക്കുന്നത്.

അന്നൊരിക്കല്‍,
ഉദയശങ്കര്‍ 
മുഖം മിനുക്കിയപ്പോഴാണ്
വിക്രംസിംഗ് സ്വന്തം കണ്ണാടി
ഷാരൂഖ്ഖാന്റെ ചിത്രമൊട്ടിച്ചു 
മറച്ചുവെച്ചത്.

വൈകിയെഴുന്നേറ്റ ജഹാംഗീര്‍
കുളിമുറിയുടെ വരിയറ്റത്ത് നിന്നും
കിതച്ചെത്തി, 
ധൃതിയില്‍ നേരമറിയാന്‍
ശ്യാമപ്രസാദിന്റെ ക്ളോക്കിലേക്ക്
രണ്ടുതവണ നോക്കിയപ്പോഴാണ്
അയാളത് തകരപ്പെട്ടിയുടെ
മറവിലേക്ക് നീക്കി വെച്ചത്.

ജോര്‍ജ്ജിന്റെ ക്ളീനിംഗ് ദിവസമാണ്
ആറുകിലോ തൂക്കമുള്ള കല്ലൊന്ന് 
വേസ്റ്റ്ബക്കറ്റില്‍ അമര്‍ത്തി
സലീം മറഞ്ഞുനിന്ന് ചിരിച്ചത്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും  
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
ഓരോരുത്തരും
ഓരോ ദ്വീപുകള്‍ പണിഞ്ഞ്
വാക്കുകള്‍ ഇരുട്ടിലൊളിപ്പിച്ച്
പ്രവാസമെന്നാല്‍ 
ഇങ്ങനെയൊക്കെയാണെന്ന്
സ്വയം നിരൂപിച്ച്,
ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങനെ..?

                                                                        (മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്‌ 09/11/2014)
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

No comments:

Post a Comment