Saturday, November 30, 2013

ഇന്നത്തെ ആഘോഷം മാത്രമാണോ ലോക ജീവിതം?


കഥാകൃത്ത്  ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്  
മലയാളം  ന്യൂസില്‍  സാമൂഹ്യപാഠം കോളത്തില്‍  എഴുതിയ കുറിപ്പ് .
അദ്ദേഹത്തിന്റെ അനുമതിയോടെ എന്റെ ബ്ളോഗ് വായനക്കാര്‍ക്ക് വേണ്ടി...


മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന്,  ദീര്‍ഘകാലം എന്ന സ്വപ്നം 
അണഞ്ഞു കൊണ്ടിരിക്കുന്നു. സ്വപ്നത്തില്‍ നിന്നാണ് എല്ലാ കലകളും പൊട്ടിമുളക്കുന്നത്. എന്നതിനാല്‍ കാലത്തിന്റെ അത്തരം
ഗളച്ഛേദങ്ങളുടെ മേല്‍ നമുക്കൊരു ഉണര്‍ന്നിരുപ്പ് അത്യാവശ്യമല്ലെ?
ഇന്നത്തെ ആഘോഷം മാത്രമായിത്തീരുമ്പോള്‍
കലയിലായാലും രാഷ്ട്രീയ ബോധത്തിലായാലും തത്വചിന്തയിലായാലും
മനുഷ്യര്‍ ഇതുവരെ നേടിയെടുത്തതില്‍ നിന്ന്
ഒരു പിന്‍നടത്തം സംഭവിക്കുന്നില്ലേ?



ഴയ തലമുറയിലെ ഉയര്‍ന്ന കലാകാരന്‍മാരുടെ വേര്‍പാടുകള്‍ വീണ്ടും വീണ്ടും ഒരു സത്യത്തെ കനല്‍ക്കട്ടകള്‍ പോലെ എന്റെ ഹൃദയത്തില്‍ കോരിയിടുന്നു. ഇനി  ആര് ഈ അഭാവത്തില്‍ എന്ന് അത് വേദനയോടെ ചോദിക്കുന്നു. കെ. രാഘവന്‍മാഷിന്റെ മരണമായാലും മന്നാഡെയുടെതാ യാലും ഒക്കെ ഇതുതന്നെ സംഭവിച്ചു. കാലം വീണ്ടുമുരുളുകയും ഓരോ കാലത്തും പുതിയ പുതിയ തളിരുകളും കായ്കളും വരികയും പോവുകയും ചെയ്യും. ഈ യാഥാര്‍ത്ഥ്യം അറിയാത്തതു കൊണ്ടല്ല, ഈ ഉത്കണ്ഠകള്‍. കാലാതീതമായി സംവദിക്കുന്ന കലാകാരന്‍മാര്‍ ഉണ്ടാവുന്നില്ല എന്ന ആധിയി ല്‍ നിന്നാണ് ഈ വേര്‍പാടുകളെ ആര് പൂരിപ്പിക്കും എന്നു മനസ്സ് നിരാശയോ ടെ ചോദിക്കുന്നത്.

നാളേക്ക് കൂടി നമ്മുടെ കൂടെ സഞ്ചരിക്കാന്‍ പ്രാപ്തമായ കലകളല്ല, ഇന്ന് കൂട്ട ത്തോടെ ഉണ്ടാവുന്നത്. ഈ വര്‍ഷം 150ലധികം സിനിമകള്‍ മലയാളത്തിലു ണ്ടായി എന്നു പറയുന്നു. പക്ഷെ, ഓര്‍മയെ പിന്തുടരുന്ന എത്ര പാട്ടുകള്‍, വരികള്‍ ഉണ്ടായി? വീണ്ടും വീണ്ടും നാം  എം.എസ്. ബാബുരാജിലേക്കും ദേവരാജനിലേക്കും കെ. രാഘവനിലേക്കും തിരിച്ചു പോകുന്നു.
ചാനലുകളില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ജൂനി യര്‍ സിംഗേഴ്സ് മത്സരത്തില്‍ പോലും ഇതു സംഭവിക്കുന്നു. നാല്‍പ്പത് കഴി ഞ്ഞ ആളുകള്‍ ഈ പാട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമുക്ക് കുറ്റപ്പെടുത്താം. ഓ, ഇത് വെറും നൊസ്റ്റാൾജിയ! പിന്നെ പറയാവുന്നത് മെലഡിയായത് കൊണ്ടാണ് എന്നാണ്. ഇതൊക്കെ വെറും വാദത്തിനു പറയുന്നു എന്നതല്ലെ ശരി? 

‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടു മടങ്ങുമ്പോള്‍’ എന്ന് പുതിയൊ രു സിനിമയില്‍ വീണ്ടും പാടി. ആ പാട്ട് നില നിന്നത് മെലഡി കൊണ്ടാണോ?
നമ്മള്‍ ഇടപഴകുന്ന വസ്തുക്കളെ പോലെ, ദീര്‍ഘകാലത്തേക്കു കൂടി നില നില്‍ ക്കാനു ള്ള പ്രാപ്തി നമ്മുടെ കലകള്‍ക്കും നഷ്ടപ്പെടുന്നു എന്നതല്ലെ സത്യം?

പണ്ട് നമ്മള്‍ വീടെടുത്തിരുന്നത് എത്രയോ കാലത്തേക്കാണ്. എത്രയോ തലമുറ കള്‍ക്ക് വേണ്ടി. അതിന്  കാലഗണന  തന്നെയില്ല. ഇന്ന് കോണ്‍ക്രീറ്റില്‍ നാം  പണിയുന്ന കൂറ്റന്‍മണിമന്ദിരങ്ങള്‍ക്കു പോലും എഞ്ചിനീയര്‍മാര്‍ കണക്കാക്കു ന്ന കാലം ഇരുപത്തിയഞ്ച് വര്‍ഷമാണ്.
പണ്ട് ഒരു ഫോണ്‍ ഉണ്ടാക്കുന്നത് (അതെ നമ്മുടെ ബ്ളാക്ക് ആന്റ് വൈറ്റ് സിനി മകളില്‍ കടിച്ചു പിടിച്ച് ജോസ്പ്രകാശ് കൊള്ളസംഘത്തില്‍ നിന്ന്  സംസാരി ച്ചിരുന്ന ആ കറുത്ത കനം  കൂടിയ ലാന്റ്ഫോണ്‍ തന്നെ) പോലും അനാ ദികാല ത്തേക്ക്. ഇന്ന് നോക്കിയ ആയാലും സാംസങ് ആയാലും മോട്ടോറോള ആയാല്‍ പോലും ഒരു എഡിഷന്  ആറു മാസത്തിനപ്പുറം നിലനില്‍പ്പില്ല. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും കാര്യമിങ്ങനെ  തന്നെ. കാറുകള്‍ക്കുമില്ല ഫാഷന്‍ സ്ഥായിത്വം.

സൂക്ഷിച്ചു നോക്കിയാലറിയാം, നമുക്കു ചുറ്റുമുള്ള എല്ലാ വസ്തുക്കളും ക്ഷണികകാലത്തേക്ക് ഉണ്ടാക്കുന്നതായിത്തീര്‍ന്നിരിക്കുന്നു. ഫര്‍ണിച്ചര്‍ പോലും (പണ്ട് കിടപ്പറയില്‍ കൊത്തുപണി ചെയ്ത കട്ടിലുകള്‍ എത്ര നൂറ്റാ ണ്ട് കാലത്തേക്കാവും ആ ആശാരി വിഭാവനം  ചെയ്തിരിക്കുക!) കലയും ഒരു ഉപഭോഗ വസ്തുവിന്റെ റോളില്‍ വന്നു കഴിഞ്ഞതു കൊണ്ടാണോ ദീര്‍ഘ കാലത്തേക്ക് ആസ്വദിക്കാവുന്ന കലാരൂപങ്ങള്‍ ഉണ്ടാവാത്തത്?

കലയില്‍ മാത്രമല്ല, സമസ്ത മേഖലയെയും ഈ ‘ക്ഷണിക സാന്നിധ്യം’ ബാധി ച്ചു കഴിഞ്ഞില്ലെ. ലോക പ്രശസ്തരായ ദാര്‍ശനികര്‍ ഇല്ലാതായി. രാഷ്ട്രീയ ചിന്തകര്‍ ഇല്ലാതായി (നോം ചോംസ്കിയെ പേലൊരാളെ വേറെ കാണാനില്ല. ഇറാഖ് ആക്രമിക്കപ്പെട്ടപ്പോള്‍ നിഷ്പക്ഷമതികളും മനുഷ്യ സ്നേഹത്തില്‍ വിശ്വസിക്കുന്നവരുമായ ജനലക്ഷങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളി ല്‍ നിന്നും റസ്സലിനെ  പോലെ, ബര്‍ണാഡ്ഷായെ പ്പോലെ, ചാപ്ളിനെ പോലെ ഒരാളെ പരതി. നിരാശയായിരുന്നു ഫലം) മഹാത്മാക്കളായ മനുഷ്യര്‍ അസ്ത മിച്ച ഈ ലോകത്തെ കാരുണ്യപരമായി നയിക്കുന്നത് സാങ്കേതികോപകരണ ങ്ങള്‍ എന്നു പറയേണ്ടി വരുമോ? ഫെയ്സ്ബുക്കില്‍ കോടിക്കണക്കിന്  മനു ഷ്യരുണ്ടെങ്കിലും അതിന്റെ മുഖം യന്ത്രത്തിന്റെതു തന്നെയല്ലെ?
അത് നല്ലതോ ചീത്തയോ എന്തുമാവട്ടെ.

പ്രശ്നം  ഇതാണ്: മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന്, ദീര്‍ഘകാലം എന്ന സ്വപ്നം  അണഞ്ഞു കൊണ്ടിരിക്കുന്നു. സ്വപ്ത്തില്‍ നിന്നാണ് എല്ലാ കലകളും പൊട്ടിമുളക്കുന്നത്. എന്നതിനാല്‍ കാലത്തിന്റെ അത്തരം ഗളച്ഛേദങ്ങളുടെ മേല്‍ നമുക്കൊരു ഉണര്‍ന്നിരുപ്പ് അത്യാവശ്യമല്ലെ? ഇന്നത്തെ ആഘോഷം മാത്ര മായിത്തീരുമ്പോള്‍ കലയിലായാലും രാഷ്ട്രീയ ബോധത്തിലായാലും തത്വചിന്ത യിലായാലും മനുഷ്യര്‍ ഇതുവരെ നേടിയെടുത്തതില്‍ നി ന്ന് ഒരു പിന്‍നടത്തം സംഭവിക്കുന്നില്ലേ?

**********************************************

മലയാളം ന്യൂ സ് ദിന പത്രം, സൌദിഅറേബ്യ,
2013 നവംബര്‍ 8 വെള്ളിയാഴ്ച.


No comments:

Post a Comment