Friday, November 22, 2013

കണ്ണും കാതുമുള്ളൊരു കണ്ണാടി


ഒരു പത്രത്താളിന്റെ വലിപ്പത്തില്‍ 
മുട്ടായിത്തെരുവിലെ കണ്ണാടിക്കടയില്‍ നിന്നും
അളന്നു മുറിച്ച് വാങ്ങിയ കണ്ണാടി 
ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ കൊടുത്താണ്
കറുത്ത, വീതിയുള്ള ചതുരത്തിലൊതുക്കി വാങ്ങിയത്.
പൊന്നിന്റെ നിറമുള്ള കൊളുത്തായിരുന്നു അതിന്.
തേച്ചു മിനുക്കാത്ത ചെങ്കല്‍ചുവരില്‍ തറച്ച ഇരുമ്പാണിയുടെ പത്രാസില്‍
കണ്ണാടി എന്നെ കാണാനും  കേള്‍ക്കാനുമായി
പരാതിയൊന്നുമില്ലാതെ തൂങ്ങിയാടി.

മുറിയ്ക്കുള്ളിലെ ചെങ്കല്ല് ചിരിക്കുന്ന ഭിത്തിയില്‍ എന്റെ കണ്ണാടി.
ചിരിവര്‍ത്തമാനങ്ങളും കണ്ണീര്‍വേവുകളും ഉറക്കം മുറിഞ്ഞ രാത്രിയിലെ അറ്റമില്ലാചിന്തകളും അക്കാലങ്ങളില്‍ പങ്കുവെച്ചത് കറുത്ത ചതുരത്തിനുള്ളി ലെ ആ കണ്ണാടിയോടായിരുന്നു.

കൌമാരം ആധിയുടെതായിരുന്നു.
ഏതു കൂട്ടത്തില്‍ ചെന്നാലും തനിച്ചാവുന്നു, അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് എന്നെ തനിച്ചാക്കുന്നു എന്നൊക്കെയുള്ള അനാവശ്യഭീതി.
ഉള്ളില്‍ ഊറിക്കൂടുന്ന ചിന്തകള്‍ മനസ്സു തുറന്ന് ചര്‍ച്ച ചെയ്യാനൊരാള്‍, ആശയവിനിമയങ്ങള്‍ക്ക് വിശ്വസ്തനായ ഒരു കൂട്ടാളി.. അങ്ങനെയൊരാള്‍ എന്തു കൊണ്ടോ അന്നാളില്‍ ഒപ്പമുണ്ടായില്ല.
വായനയെക്കാള്‍ അക്കാലത്ത് ഇഷ്ടവിഷയം സിനിമയായിരുന്നു.
പ്രേംസീറും ജയനും  സുകുമാരനും സോമനും  വിന്‍സെന്റും രവികുമാറും സുധീറുമെല്ലാം കളറിലും ബ്ളാക്ക് ആന്റ് വൈറ്റിലും കണ്ണും മനസ്സും നിറ ഞ്ഞാടി. കണ്ട സിനിമയിലെ ശോകഗാനങ്ങളോടായിരുന്നു ഏറെയിഷ്ടം.
രണ്ടു രൂപയുടെ പാട്ടുപുസ്തകങ്ങള്‍ സ്വന്തമാക്കി,
ദുഃഖഗാനങ്ങള്‍ ശ്രുതിയും സംഗതിയുമൊന്നുമില്ലാതെ മനപ്പാഠമാക്കി. 

‘ദുഃഖങ്ങള്‍ ഏതുവരെ...
ഭൂമിയില്‍ സ്വപ്നങ്ങള്‍ തീരും വരെ...
ഇരുളിനെ  ഞാനറിയും
വെളിച്ചത്തെ ഞാനറിയും
ഇടയില്‍ കടന്നു വരും നിഴലിന്റെ രൂപം
നിര്‍ണ്ണയിക്കാനാര്‍ക്ക് കഴിയും.. അത്,
നിരന്തരം മാറി വരും..’

അന്ന് മനസ്സിനെ  മഥിച്ച ഒരു ഗാനമാണിത്. ഈ സിനിമയുടെ പേര് ഓര്‍മയില്‍ വരുന്നില്ല. പ്രേംസീറും രവികുമാറും ഭവാനിയും വിധുബാലയുമൊക്കെ അഭി നയിച്ച ഒരു സിനിമയാണ്. ഗാനരംഗം മാത്രമേ ഇപ്പോള്‍ മനസ്സില്‍ ബാക്കിയു ള്ളൂ.

‘സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം..
മനം  അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം..’

പിന്നെയുമുണ്ട് ദുഃഖഗാനങ്ങളുടെ ചാകര.

ഈ പാട്ടുകളൊക്കെയും എന്റെ ജീവിതവുമായി അക്കാലത്ത് ചേര്‍ത്തു വെച്ചു. ഇതുപോലുള്ള ഗാനങ്ങള്‍ തനിച്ചു നടക്കുമ്പോഴൊക്കെ എനിക്കുമാത്രം കേള്‍ക്കാനായി ശബ്ദമില്ലാതെ പാടി. ചില നേരങ്ങളില്‍ ചങ്കിടറിക്കരഞ്ഞു.

അന്നത്തെ ദുഃഖങ്ങള്‍ക്ക് കാരണമെന്തൊക്കെയായിരുന്നെന്ന് ഇന്നോര്‍ക്കാന്‍ കഴിയുന്നില്ല.

മനസ്സിന്റെ സകല പ്രയാസങ്ങളും പറഞ്ഞ്, സങ്കടപ്പെരുമഴ പെയ്തു തീര്‍ത്തത് കണ്ണാടിയുടെ മുമ്പിലാണെന്ന് പറഞ്ഞു തുടങ്ങിയാണ് ഇവിടെ വരെയെത്തി യത്.

ആ കണ്ണാടി എനിക്കു പ്രിയപ്പെട്ടതായിരുന്നു.
ഒരു പത്രത്താളിന്റെ വലിപ്പത്തില്‍ മുട്ടായിത്തെരുവിലെ കണ്ണാടിക്കടയില്‍
നിന്നും അളന്നു മുറിച്ച് വാങ്ങിയ കണ്ണാടി ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ കൊടുത്താണ് കറുത്ത, വീതിയുള്ള ചതുരത്തിലൊതുക്കി വാങ്ങിയത്.
പൊന്നിന്റെ നിറമുള്ള കൊളുത്തായിരുന്നു അതിന്. തേച്ചുമിനുക്കാത്ത ചെങ്കല്‍ചുവരില്‍ തറച്ച ഇരുമ്പാണിയുടെ പത്രാസില്‍ കണ്ണാടി എന്നെ കാണാ നും  കേള്‍ക്കാനുമായി പരാതിയൊന്നുമില്ലാതെ തൂങ്ങിയാടി.

കാലം കലണ്ടറിലെ അക്കങ്ങള്‍ മായ്ച്ചു കൊണ്ടിരുന്നു.

ചെങ്കല്ലുകള്‍ ചിരിച്ച ചുമരുകള്‍ സിമന്റ് പുതഞ്ഞ് മിനുത്തു,
ചായം പുരണ്ട് തെളിഞ്ഞു നിന്നു.
കണ്ണാടിയുടെ ചതുരപ്പലകയിലും കറുത്ത ചായം തേച്ച് മനോഹരമാക്കി ചുമരിന്റെ പകിട്ടിനൊപ്പം വിളങ്ങി നിന്നു.
പിന്നീട്, എന്റെ യാത്രയില്‍ അനിവാര്യതയെന്നോണം എനിക്കു കൂട്ടായി ജീവിതത്തിന്റെ കണ്ണാടിച്ചുവട്ടിലേക്ക് പുതിയ കൂട്ടുകാരിയെത്തി.
പറഞ്ഞു തീരാത്തത്ര കഥനങ്ങളുമായി ഒരുവള്‍.
എന്റെ കവിളില്‍ അവളുടെ കണ്ണീര്‍നനവ് പകര്‍ത്തുമ്പോള്‍ സ്വന്തം വിങ്ങലു കള്‍ കഥയില്ലായ്മയായിരുന്നെന്ന് ചിലപ്പോഴെങ്കിലും ഉള്ളിലോര്‍ത്തുവോ...

എന്നുതൊട്ടാണ് കണ്ണാടിയോട് അകലാന്‍ തുടങ്ങിയതെന്ന് ഓര്‍മയിലെവി ടെയും കോറിയിട്ടിട്ടില്ല. കുളികഴിഞ്ഞ് മുടിയൊന്ന് ഒതുക്കാന്‍ മാത്രം കണ്ണാടി യ്ക്കടുത്തു വന്നു നിന്നു. അന്നേരം കണ്ണാടിയുടെ പരിഭവം നിറഞ്ഞ ഭാവം തിരി ച്ചറിയാന്‍ എനിക്കായില്ല.

ഒരിക്കല്‍,
തൊഴില്‍യാത്രകളുടെ രാപകലുകള്‍ക്കു ശേഷം വീട്ടില്‍ വന്നുകയറുന്നേരം അവളുടെ ചിലമ്പിയ ഒച്ച.
നിങ്ങളുടെ കണ്ണാടി കൊളുത്തിളകി വീണു.
അതിന്റെ ഫ്രെയിമടിച്ച മരച്ചീള് ദ്രവിച്ചിരുന്നു..

അപ്പോള്‍ കണ്ണാടി..?

എന്റെ വാക്കുകള്‍ ചില്ലുപോലെ ചിതറി.
കണ്ണാടിയല്ലെ.. വീണാല്‍ പിന്നെ പറയണോ..?
മുറിയില്‍ തെറിച്ചുവീണ കണ്ണാടിപ്പൊട്ടുകള്‍ കണ്ണില്‍ തെളിഞ്ഞു.
അവ എന്റെ  നെഞ്ചകം  തറഞ്ഞു നോവുണ്ടാക്കുന്നു.
എന്റെ മുഖഭാവം കണ്ടപ്പോള്‍ വേറെയൊരു കണ്ണാടി വാങ്ങാമെന്ന് അവള്‍.
അങ്ങനെയൊരു കണ്ണാടി എവിടുന്ന് കിട്ടുമെന്ന ചോദ്യം ഞാനവളോട് ചോദിച്ചില്ല.
ആ കണ്ണാടിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം അവള്‍ക്കറിയില്ലല്ലോ?

***************************************

3 comments:

  1. മിഠായിത്തെരുവില്‍ നിന്ന് ഇനിയുമൊരു കണ്ണാടി വാങ്ങാന്‍ കിട്ടുമായിരിക്കും. പക്ഷേ ജീവിതം പകര്‍ത്തിയ അതേ കണ്ണാടി ഇനി എവിടെയും കിട്ടില്ലല്ലോ? വീണു തകര്‍ന്നു പോകുമ്പോഴും അവ അവശേഷിപ്പിച്ച തുണ്ടുകളില്‍ ആ ജീവിതത്തിന്റെ തനിപ്പകര്‍പ്പുണ്ടായിരുന്നിരിക്കും. അതിലൊരു തുണ്ട് സൂക്ഷിക്കായിരുന്നു. ജീവിതത്തിന്റെ ഒരു ആത്മാംശം അതിലൂടെ എപ്പോഴുമെപ്പോഴും കാണാനായി ; പൂര്‍ണ്ണരൂപത്തിലല്ലെങ്കിലും? :)

    ReplyDelete
  2. അനുഭവം വളരെ നന്നായി എഴുതിയല്ലോ.

    ReplyDelete
  3. നല്ല പോസ്റ്റ്‌ , ഈ പന്നിയങ്കരക്കാരനെ വായിക്കാന്‍ വൈകൈയല്ലോ ? വീണ്ടും വരാം .

    ReplyDelete