ഒരിക്കൽ എം .ടി പറഞ്ഞു:
'ഏതു കരിമ്പാറയിലും ഒരു നീരുറവ കാണും. അതന്വേഷിക്കുകയാണ് ഞാൻ.'
ഏതു മരുഭൂമിയിലും ഒരു സഹൃദയപ്പച്ചപ്പുണ്ടാവും. ചിലപ്പോൾ ഒരിലയായി ,ഒരു ചിരിയായി, ഒരു കണ്ണീർനനവായി. അതന്വേഷിച്ചു ചെന്നാൽ കഥയുടെ എത്രയെങ്കിലും അടരുകൾ ആരെയോ കാത്തിരിക്കുന്നതു കാണാം.
ജീവിതാനുഭവങ്ങളുടെ
ചില ഏടുകൾ ചില മനുഷ്യർ മനസ്സിൻറെ മൂശയിലിട്ട് സൗന്ദര്യാത്മകമായി ഉടച്ചു
വാർത്ത്, മറ്റുള്ളവർക്ക് ആകാംക്ഷയും രസാനു ഭൂതിയും ഉളവാകത്തക്കതരത്തിൽ
പുനരവതരിപ്പിക്കും. അതു ചിലപ്പോൾ മികച്ച കഥയായേക്കും. അത്തരം കഥകൾക്ക് ആധുനികമെന്നോ പുരാതനമെ ന്നോ കാലഭേദമില്ല. 'മണ്ണാങ്കട്ടയും കരിയിലയും ' എനിക്ക്
കാലത്തെ അതിജീവി ക്കുന്ന മുത്തശ്ശിക്കഥയാണ്. കഥയുടെ നാൾവഴിചരിത്രത്തിലൂടെ
നടക്കാനാഗ്ര ഹിക്കുന്ന പ്രവാസി സുഹൃത്തുക്കളുടെ സർഗ്ഗവാസനയ്ക്ക്
ദേശാടനച്ചിറകു മുളയ്ക്കട്ടെ എന്നാശംസിച്ച് കഥയം ഏകദിന കഥാക്യാമ്പ് പ്രതീക്ഷകളോടെ
ഉദ്ഘാടനം ചെയ്യുന്നു.
(ഫോണ്‍ ഇൻ വഴി) പി.കെ ഗോപി
നജീം
കൊച്ചുകലുങ്ക്
സ്വാഗതം പറഞ്ഞു ആർ മുരളീധരൻ അധ്യക്ഷനായി രുന്നു. പ്രവാസത്തിന്റെ
ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അവസ്ഥകൾ ശരിയായ രീതിയിൽ ആവിഷ്കരിക്കുന്നതിൽ പ്രവാസി എഴുത്തുകാർക്കും വായനക്കാർക്കുമുള്ളിൽ
നിലനിൽക്കുന്ന രൂഡമൂല മായ തെറ്റിദ്ധാരണകൾ മാറ്റാൻ ഇത്തരം ക്യാമ്പുകൾ
ഉപകരിക്കുമെന്ന് ആർ മുരളീധരൻ പറഞ്ഞു.
റിയാദ് അൽ-യാസ്മിൻ സ്കൂൾ മുൻ പ്രിൻസിപ്പൽ എം സി സെബാസ്റ്റ്യ ൻ, റിയാദ് മീഡിയ ഫോറം പ്രസിഡന്റ്റ് ബഷീർ പാങ്ങോട്, ഉബൈദ് എടവണ്ണ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് സമകാലീന ലോകസാഹിത്യത്തെ ക്കുറിച്ചുള്ള പ്രമുഖ കഥാകൃത്തും
സാഹിത്യ വിമർശകനു മായ പി ജെ ജെ ആന്റണിയുടെ വിഷയാവതരണം നടന്നു. ഐ. സമീൽ മോഡറെറ്ററായിരുന്നു. ജീവിതത്തിന്റെ ധൈഷണികവും വൈകാരികവുമായ പരിസരങ്ങൾ സദാ മാറ്റത്തിന്
വിധേയമാണ്. ഇതിനു അനുസൃതമായി ജീവിതത്തെ ആവിഷ്ക രിക്കുന്ന സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു
വിശദാംശങ്ങളിൽ വ്യതിരിക്തത പുലർത്തുമ്പോഴും ഈ പരിണാമവും പരിവർത്തനങ്ങളും ലോകഭാഷകളിൽ
പരക്കെ കാണപ്പെടുന്നു. അതിവേഗത്തിൽ മാറിക്കൊണ്ടി രിക്കുന്ന ക്രിയാകാലത്തിൽ പഴയതുപോലെ
എഴുത്തിനെ നിർവചിക്കുക യെന്നതും കഠിനമാണ്. ഈ വെല്ലുവിളിയെ നേരിടാൻ പ്രവാസി എഴുത്തു കാരെയും വായനക്കാരെയും സഹായിക്കേണ്ടതാണ്.

ഉച്ചക്ക്ശേഷം കഥാകൃത്ത്
ജോസഫ് അതിരുങ്കൽ "മലയാള ഭാഷയും ഗൾഫിലെ എഴുത്തുകാരും" എന്ന വിഷയം അവതരിപ്പിച്ചു. ഷക്കീല വഹാബ് മോഡറെറ്ററായിരുന്നു. മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിനു അരനൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും നിരവധി ശ്രദ്ധേയമായ രചനകൾ പ്രവാസി എഴുത്തുകാരുടേതായി
വന്നിട്ടുണ്ടെങ്കിലും പ്രവാസി കടന്നുപോകുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം
ഇനിയും പ്രവാസസാഹിത്യത്തിൽ കടന്നു വന്നിട്ടില്ല. ഇതിന്റെ പ്രധാന കാരണം “ഈന്തപ്പനയിൽ നാളീകേരം” കാണുന്ന തരത്തിലുള്ള ഗൃഹാതുരതയുടെ അതിപ്രസരമാണ്. ഇത് പുതിയ കാലത്തെ
സെൻസി ബിലിറ്റിയുമായി യോജിക്കുന്നതല്ല. എന്നാൽ തങ്ങൾ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ
കയ്യൊപ്പുകൾ വായിച്ചെടുക്കാൻ വരും തലമുറക്ക് കഴിയു ന്ന കൃതികൾ രചിക്കുന്നവർ മാത്രമേ
യഥാർഥ പ്രവാസി എഴുത്തുകാരാ വുകയുള്ളൂ.

"കഥയുടെ പുതുവഴികൾ" എന്ന വിഷയത്തിൽ പി ജെ ജെ ആന്റണി തന്റെ രണ്ടാമത്തെ വിഷയാവതരണം
നടത്തി. സബീന എം സാലി മോഡറെറ്ററായിരുന്നു.
ലോകനിലവാരത്തോട് ഏറ്റവും അടുത്തുനിൽക്കുന്നത് മലയാളിയുടെ എഴുത്തിൽ
കഥയാണെന്ന് കരുതപ്പെടുന്നു. ഏറ്റവും കൂടുതൽ ലോകഭാഷക ളിലേക്ക് മലയാളത്തിൽനിന്നും മൊഴിമാറ്റം
ചെയ്യപ്പെട്ടിട്ടുള്ളതും ഒരു കഥയാണ്. പൊൻകുന്നം വർക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ". ദ്രുത വേഗമാർ ന്ന ജീവിതത്തോടൊപ്പം
സഞ്ചരിക്കുന്ന സമകാല മലയാള കഥയുടെ പുതു വഴികൾ ആഖ്യാനഭാഷയിലും പ്രമേയത്തിലും ശിൽപത്തിലും
ഇതര ഭാഷ കളെക്കാൾ ഏറെ മുന്നിലാണ്.
അഹമ്മദ് മേലാറ്റൂർ, ഷക്കീല വഹാബ്, റസൂൽ സലാം, രാജു ഫിലിപ്, അംജദ്ഖാൻ, ജയചന്ദ്രൻ നെരുവമ്പ്രം, നൗഷാദ് കോർമത്ത്, ആർ മുരളീധര ൻ, ജാഫർ, നജീം കൊച്ചുകലുങ്ക്, നൂറുദീൻ, ഡാർലി തോമസ്, ഉബൈദ് എടവണ്ണ, സിന്ധുപ്രഭ, സുബൈദ, ഷീബ രാജു ഫിലിപ്, സേബ തോമസ്, ഐ സമീൽ, എന്നിവർ വിവിധ സെഷനുകളിൽ ചർച്ചയിൽ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത
എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ യു ഇക്ബാൽ എഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ
സദസ്സുമായി പങ്കുവച്ചു.
സങ്കീർണ്ണമായ ലോകത്തെ
ആവിഷ്കരിക്കാൻ കേരളത്തിലെ പുതിയ എഴുത്തുകാർ
ചെയ്യുന്നതുപോലെ പ്രവാസി സാഹിത്യകാരന്മാർക്കു കഴിയുന്നില്ലന്നു ക്യാമ്പിൽ ലഭിച്ച കഥകളെ വിശകലനം ചെയ്തുകൊണ്ട് കഥാകൃത്ത് എം.
ഫൈസൽ ഗുരുവായൂർ പറഞ്ഞു. ഇത് അവരുടെ വലിയ പരിമിതിയാണെങ്കിലും ഏകശിലാശാസിതമായ
ഒരു സംസ്കാരത്തോടു ഘർഷണം ചെയ്യാൻ വരുന്നത് ബഹുസ്വരമായ ഒരു സമൂഹമായതിനാലാ ണ് ഇങ്ങനെ സംഭവിക്കുന്നതെന്നും
ഫൈസൽ പറഞ്ഞു.
ക്യാമ്പ്
അവലോകനം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ
ജയചന്ദ്രൻ നെരുവമ്പ്രം നടത്തി. ക്യാമ്പിൽ പങ്കെടുത്തവരുടെ
ശ്രദ്ധയും താൽപര്യവും സജീവമായി ചർച്ചകളിൽ പങ്കെടുത്തതും ക്യാമ്പിനെ
സാർഥകമാക്കി. പുതിയ പുസ്തകങ്ങൾ പരി ചയപ്പെടുത്തുന്നതിനും എഴുത്തിന്റെ
മേഖലയിൽ ആഗോളതലത്തിൽ നട ക്കുന്ന സംഭവ വികാസങ്ങൾ അറിയുന്നതിനും ചർച്ച
ചെയ്യുന്നതിനുമുള്ള
സ്ഥിരം വേദിയായി ക്യാമ്പിനെ മാറ്റാൻ സംഘാടകർ തയ്യാറാകണമെന്നും ജയചന്ദ്രൻ
പറഞ്ഞു. മാത്രമല്ല
എഴുത്തിലും വായനയിലും വ്യത്യസ്ഥമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന എഴുത്തുകാരെ
നാട്ടിൽ
നിന്നും കൊണ്ടു വരുന്നതിനും ചെരാത് തയ്യാറാകേണ്ടതാണെന്നും
ജയചന്ദ്രൻ പറഞ്ഞു.
ഷൈജു ചെമ്പൂരും രാജു
ഫിലിപ്പും കവിതകൾ ആലപിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള
സർട്ടിഫിക്കറ്റുകൾ ക്യാമ്പ് ഡയറക്റ്ററായ പി.ജെ.ജെ ആന്റണി വിതരണം ചെയ്തു. പി.ജെ.ജെക്കുള്ള ഉപഹാരവും പ്രശംസാപത്രവും ആർ. മുരളീധരൻ നൽകി.
********************************
ക്യാമ്പംഗങ്ങളുടെ വിലയിരുത്തലുകൾ
സാഹിത്യ സംബന്ധമായ ഗൌരവ ചിന്തകൾ പങ്കിടാനും സമകാല സാഹിത്യത്തിൻറെ
പ്രത്യേകിച്ച്, ചെറുകഥയുടെ ആഗോളവും പ്രാദേശികവുമായ ഭാവുകത്വ സവിശേഷതകൾ
മനസിലാക്കാനുമെല്ലാം ഉപയുക്തമാവും വിധം ഫലപ്രദമായൊരു കൂടിച്ചേരൽ ആയി, ചെരാത് സംഘടിപ്പിച്ച "കഥയം' എന്ന് പേരിട്ട കഥാക്യാമ്പ്.
പ്രമുഖ
കഥാകൃത്തും സാഹിത്യ ചിന്തകനും ആയ ശ്രീ. പി.ജെ.ജെ. ആന്റണി വിവിധ വിഷയങ്ങളെ
അധികരിച്ച് നടത്തിയ ഭാഷണങ്ങൾ റിയാദിലെ അക്ഷരസ്നേഹികളായ ക്യാമ്പ് അംഗങ്ങൾക്ക്
തീര്‍ച്ചയായും ഒരു നവീന അനുഭവം തന്നെ.
_ജയചന്ദ്രൻ നെരുവമ്പ്രം
വളരെ അപൂര്‍വ്വമായി മാത്രം നടക്കാറുള്ള ഇത്തരത്തിലുള്ള സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. വിഷയാവതരണവും അതിന്മേലുള്ള ചര്‍ച്ചയും പ്രതീക്ഷിച്ചത്ര
നിലവാരത്തില്‍ എത്തിയില്ലായെങ്കിലും, ശരാശരിയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. സന്തോഷത്തോടെ..
_നസീര്‍ ഹംസക്കുട്ടി
ഇതുപോലെ തുടര്‍ച്ചയായി ക്യാമ്പ് നടത്തിയാല്‍ എഴുത്ത് അറിയാത്തവര്‍ എഴുത്ത് നിര്‍ത്തുകയും എഴുത്ത് അറിഞ്ഞ് എഴുത്ത് എന്ന
വലിയ വിഷയം, വായനയിലൂടെ വാത്മീകമൌനത്തില്‍ അടയിരുന്ന് അറിവ് വെച്ച് ഒരുനാള്‍ പരുവപ്പെട്ട്, ഉരുവപ്പെട്ട
ഒരു നല്ല എഴുത്തുകാരനായി തിരിച്ചു വരും ഉറപ്പ്.
അവിടെ അവന്റെ രചന പ്രവാസമുദ്രയടിച്ച് ആരും
ഒഴിവാക്കി നിര്‍ത്തില്ല. ആശംസകള്‍.
_ഷൈജു
ആദ്യമായി പങ്കെടുത്ത സാഹിത്യവേദിയായിരുന്നു. ചെരാതിന്റെ ഏകദിന കഥാക്യാമ്പ്.
നല്ല അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും മസ്സിലാക്കാനും സാധിച്ചു. തുടര്‍ന്നും ഇതുപോലുള്ള പരിപാടികള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു
_അന്‍വര്‍ സാദിഖ്
ക്യാമ്പ് നന്നായിരുന്നു. കുറച്ച് കൂടി സമയബന്ധിതമായി ഓരോ സെഷനും നടത്താമായിരുന്നു. പുതുതായി എന്തെങ്കിലും നല്കാന് സാധിച്ചു എന്നു നടത്തുന്നവര്‍ക്കും കിട്ടി എന്നു പങ്കെടുക്കുന്നവര്‍ക്കും സംതൃപ്തിയുണ്ടാകുമ്പോഴെ ഓരോ ക്യാമ്പും സാര്‍ഥകമാവുകയുള്ളൂ. ഞാന്‍ നിരാശനല്ല, പൂര്‍ണ്ണ സംതൃപ്തനുമല്ല.
_മുഹമ്മദ് ഇഖ്ബാല്‍, ദമ്മാം.
ചെരാത് സാഹിത്യവേദിയുടെ കഥയം കഥാക്യാമ്പ് എന്നെ സംബന്ധിച്ചേടത്തോളം അറിവില്ലാതിരുന്ന പുതുഅറിവുകള് പകര്‍ന്നു തന്നു എന്നാണ് എന്റെ മനസ്സ് പറയുന്നത്.
_എം. സാലി
നന്നായിരിക്കുന്നു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭംഗിയായി പെയ്യാന്‍ സാധിക്കട്ടെ!
_നിബു വര്‍ഗ്ഗീസ്
ചെരാത് സാഹിത്യവേദി നടത്തിയ ഈ ഏകദിന കഥാക്യാമ്പ്
നല്ല അനുഭവം തന്നെയായിരുന്നു. ഞാനൊരു എഴുത്തുകാരന് അല്ല. വായനക്കാരനാണെന്ന് പറയാം. എങ്കിലും വായന വളരെ കുറവാണ്. ഫേസ്ബുക്കിലും ബ്ളോഗിലുമാണ് ഇന്നേറെ എഴുത്തുകള്‍
നടക്കുന്നതെങ്കിലും ആ രചനകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം
നിലനില്ക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.
_ജാഫര്‍ അലി, തൂത.
കഥയില്ലാത്ത പ്രവാസജീവിതത്തിലെ.., മനസ്സില്‍ എന്നും ഓര്‍മിക്കാന്‍ റിയാദിലെ ‘കഥ’യുള്ള കുറെ എഴുത്തുകാര്‍ക്കിടയില്‍ ഒരു അവധിദിനം. നന്ദി, ചെരാതിന്റെ പ്രവര്‍ത്തകര്‍ക്ക്.
_ലത്തീഫ് എരമംഗലം
ചെരാതിന്റെ കഥയം വിരസമായ പ്രവാസജീവിതത്തിനിടയില്‍ വളരെയധികം നല്ല അനുഭവം തന്നെയായിരുന്നു.
എഴുത്തുകാരനല്ലെങ്കിലും നല്ലൊരു വായക്കാരനായ എനിക്ക് എന്തുകൊണ്ടും പ്രോത്സാഹജനകമായിരുന്നു.
_ഹിദായത്ത്, നിലമ്പൂർ
ഈ അടുത്ത കാലത്ത് അല്‍പ്പമെങ്കിലും കേട്ടിരിക്കാന്‍ സുഖം തോന്നിയ ഒരു ക്ളാസ്. അതാണെന്റെ അനുഭവം.
ഒരുവിധം നന്നായി സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും ബോറഡിച്ചില്ല.
_അഹമ്മദ് മേലാറ്റൂര്‍
ഉപരിപ്ളവമായ ചില ആശയങ്ങള്‍ തരുന്നതില്‍ അല്ലാതെ,
കഥയുടെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഭാഷയിലെ പ്രത്യേക വിഭാഗങ്ങളിലെ ഒറ്റപ്പെട്ട ആശയങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
_ഡാര്‍ളി തോമസ്
ഇഷ്ടായി, ഇനിയും നമുക്ക് ഒരുമിക്കാം.
_റസൂല്‍സലാം
അഭിനന്ദനങ്ങള്‍..
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പി.ജെ.ജെ.യുടെ ക്ളാസ് വളരെ ഇന്റര്‍സ്റിംഗ് ആന്റ് ഹെല്‍പ്പ്ഫുള്‍..
_സേബാ തോമസ്
ഇഷ്ടമായി നൂറുവട്ടം. സഹൃദയരുമായുള്ള സാഹിത്യ പങ്കുവെയ്പ്പ് ഒത്തിരി ബോധ്യമായി. ഇനിയും ഇത്തരം ഒത്തുചേരല്‍ കാംക്ഷിക്കുന്നു.
_സബീന, എം. സാലി
മനസ്സ് തുറന്ന് ചില സാഹിത്യചിന്തകള്‍ പങ്കുവെയ്ക്കുവാന്‍ അപൂര്‍വ്വമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച ചെരാതിനു നന്ദി.
_ഉബൈദ് എടവണ്ണ
ഉള്ളുതുറന്ന് ഇത്തരം ഒത്തുചേരലുകള്‍ ചര്‍ച്ചകള്‍ എന്നിവ മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
ഇതിനു ചുക്കാന്‍ പിടിച്ച ചെരാതിനു നന്ദി.
_പേര് വെളിപ്പെടുത്താതെ ഒരു ക്യാമ്പംഗം
ക്യാമ്പ് നന്നായിട്ടുണ്ട്. തീര്‍ച്ചയായും കുറെ കാലത്തിനു ശേഷം ഇത്തരമൊരു അനുഭവം പകര്‍ന്നു തന്നതിനു നന്ദി, അഭിനന്ദനങ്ങള്‍.
_സുലൈഖ റസൂല്‍സലാം.
ഒരു കഥാക്യാമ്പിനെ പറ്റി കേട്ടപ്പോള്‍ വളരെ കൌതുകത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കാന്‍ തോന്നി എന്നാലും ഞാന്‍ ഇതിലധികം എന്തോ പ്രതീക്ഷിച്ചു. ആദ്യഭാഗം കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു പരിമിതിയാകാം. എന്നിരുന്നാലും, ചില കഥകള്‍ പൂര്‍ണ്ണമായി വായിച്ച് അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കാതിരുന്നില്ല. വിഷയത്തില്‍ നിന്നും കുറച്ചു മാറിപ്പോയി ചിലപ്പോള്‍ എന്നും തോന്നി.
എന്തു തന്നെയായാലും ഇത്തരം ഒരനുഭവം ഒരു പ്രതീക്ഷയാണ്.
റഫീഖ് പന്നിയങ്കരയുടെയും നജിമിന്റെയും കഥകളെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു.
ആധുനികതയോ, ഉത്തരാധുനികതയോ കടന്നു വരാതെ പണ്ടത്തെ വാസനാവികൃതിയില്‍ തന്നെയായിരുന്നു അധികം പേരും നിന്നത് എന്നകാര്യം നിരാശാജകമാണ്. കെ.യു. ഇഖ്ബാല്‍ നന്നായി സംസാരിച്ചു.
ജോസഫ് അതിരുങ്കലിന്റെ ഭാഷ മനോഹരമായിരുന്നു.
മുഖ്യധാരാ സാഹിത്യത്തില്‍ നിന്നും പ്രവാസിസാഹിത്യം മാറ്റി
നിര്‍ത്തപ്പെടുന്നെങ്കില്‍ എങ്ങയൊണ് മരുഭൂമിയുടെ ആത്മകഥക്കും
ഖദീജാ മുംതാസിന്റെ ബര്‍സയ്ക്കും ബെന്യാമിന്റെ ആടുജീവിതത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തന്നെ ലഭിച്ചത്.
എന്തായാലും സന്തോഷ് ഏച്ചിക്കാനത്തെയും സിതാരയെയും മറ്റു ചില പുതുതലമുറയെയും ഓര്‍മിച്ചു എന്നത് ഭാഗ്യം. പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നല്ല സംരംഭങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
തെറ്റുകള്‍ കുറിച്ചു പോയെങ്കില്‍ ക്ഷമിക്കുക.
ആസ്വാദകര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്യ്രമുണ്ടല്ലൊ?
_സിന്ധുപ്രഭ പ്രദീപ്.
കേരളപ്പിറവി ദിനത്തില്‍ കിട്ടിയ, എനിക്ക് നന്നായി രുചിക്കാന്‍ പറ്റിയ ഒരുഗ്രന്‍ സദ്യ. രാവിലെ മുതല്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ പരിതപിക്കുന്ന മനസ്സിനെ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടാന്‍ ആശ്വസിപ്പിച്ചു കൊണ്ട്,
നിറഞ്ഞ മനസ്സോടെ സംഘാടകര്‍ക്ക് ഭാവുകങ്ങള്‍.
_സുബൈദ കെ.കെ. ഉളിയില്‍
ആഗോളസാഹിത്യത്തിന്റെ സ്പന്ദങ്ങളും അതിന്റെ വികാസപരിണാമ ങ്ങളും പി.ജെ.ജെ. ആന്റണിസര്‍ വിശദീകരിക്കുമ്പോള്‍ മനോഹരമായ വിശ്വലുകളായി അത് അുഭവപ്പെടുകയായിരുന്നു.
രചനാ സങ്കേതത്തിന്റെ പരിണാമങ്ങള്‍ വളരെ കൃത്യമായി വിശദീകരിക്കപ്പെട്ടു.
പ്രവാസഎഴുത്തിന്റെ സങ്കേതങ്ങളെക്കുറിച്ച് ജോസഫ് അതിരുങ്കലിന്റെ പ്രഭാഷണം പരിപാടിയിലെ അലങ്കാരമായി. ഈന്തപ്പനയില്‍ നാളികേരം ദര്‍ശിക്കുന്ന ഗൃഹാതുര എഴുത്തിലെ മുഷിപ്പിനെക്കുറിച്ച് ജോസഫ് വാചാലായി.
_നൗഷാദ് കുനി യില്‍
വായനക്കാരനായ ഒരു എല്‍.കെ.ജി. കുട്ടിയ്ക്ക് ഡിഗ്രി ക്ളാസില്‍ ഇരുന്ന അുഭവം.
കഥ, വായന, ആസ്വാദനം, നിരൂപണം എന്നിവയെപ്പറ്റി ആധികാരികമായുള്ള അറിവിന്റെ ചില തുടക്കങ്ങള്‍ കിട്ടിയ ക്യാമ്പ് ഗംഭീരം.
_അംജത്ഖാന്, എ.കെ
സാഹിത്യക്യാമ്പുകള്‍ എന്തുകൊണ്ടും വ്യത്യസ്ഥമായിരിക്കും.
നല്ല വായനക്കാരും ആസ്വാദനശൈലിയിലൂടെ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇനിയും ഇതുപോലുള്ള സാഹിത്യ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
_ഷക്കീലാ വഹാബ്
ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ഏകദിന കഥാക്യാമ്പ് ‘കഥയം’ നിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. പ്രാസംഗികരുടെ ആവര്‍ത്തന വിരസതയുള്ള ചര്‍ച്ച ക്യാമ്പിന്റെ നിറം കെടുത്തി.
ഉച്ചയൂണിന്റെ ആലസ്യത്തില്‍ ചര്‍ച്ച വികാസം പ്രാപിക്കുന്നതിനു പകരം കുറ്റിയില്‍ കെട്ടിയ കാലിയെപ്പോലെ ചുറ്റുവട്ടത്തില്‍ കറങ്ങുകയാണുണ്ടായത്.
പലരുടെയും നീണ്ട പ്രസംഗങ്ങള്‍ ആസ്വാദകരെ നിരാശരാക്കി. ആര്‍ക്കൊക്കെയോ വാശി പോലെ പ്രവാസലോകത്ത് കഥാകൃത്തുക്കളില്ല എന്നു സമര്‍ത്ഥിക്കാനായിരുന്നു പലര്‍ക്കും താല്‍പ്പര്യം.
_നൂര്‍ദ്ദീന്‍ അഹമ്മദ്, നീലേശ്വരം.
*************************************************************************