Friday, July 5, 2013

ഇമ്മിണി ബല്യ ഒരാള്‍


ജൂലൈ 5നു വൈക്കം മുഹമ്മദ് ബഷീറിന്റെ പത്തൊമ്പതാമത് ചരമദിനം


നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി
അവശേഷിക്കാന്‍ പോവുകയാണ്. നീ മാത്രം.
കാലമിത്രയും നീ എന്നെ അപാരമായി സ്നേഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം.
ഇനിയും സൌകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാന്‍.

അനര്‍ഘ നിമിഷം എന്ന കൃതിയിലെ ഒരു വാചകമാണിത്.
ഒരാള്‍ സ്വയം ഒന്നുമല്ലെന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുകയാണ്.
സ്വയം ലഘുഗ്രന്ഥമാണെന്ന് പണ്ടേ പറഞ്ഞ് വെച്ചെങ്കിലും വായിച്ചാലും വായിച്ചാലും തീരാത്ത മഹാഗ്രന്ഥമായി, ജീവിതപ്പുസ്തകമായി ബഷീര്‍ അനുദിനം വളരുകയാണ്. ഈ അണ്ഡകടാഹം മുഴുവന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിശ്വസാഹിത്യകാരനെ കുറിച്ച് വിചാരപ്പെടുകയും ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ബഷീറിന്റെ രചനയുടെ ഏറ്റവും വലിയ ശക്തി ലളിതമായ ഭാഷ തന്നെയാണ്. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു. ജീവിതത്തിന്റെ വലിയ യാഥാര്‍ത്ഥ്യങ്ങള്‍ കുറുകിയ വരികളിലൂടെ അവതരിപ്പിച്ച് അനുവാചകരെ കരയിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മുഷ്യരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അത് കാലത്തെ അതിജീവിക്കുന്നവയായി.
മുച്ചീട്ടുകളിക്കാരും ജയില്‍പ്പുള്ളികളും തേവടിശ്ശികളും, പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും, തെരുവുതെണ്ടികളും ബഷീറിന്റെ രചനകളില്‍ കഥാപാത്രങ്ങളായി. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമില്ലായിരുന്നു.
സമൂഹത്തിനു നേരെയുള്ള വിമര്‍ശനം  നിറഞ്ഞ ചോദ്യങ്ങള്‍ ബഷീര്‍ നര്‍മത്തിലൊളിപ്പിച്ചു വെച്ചു. യാത്രയുടെയും അലച്ചിലിന്റെയുമൊക്കെ ഒടുക്കം കൈവന്ന തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ എഴുത്തിനെ അനശ്വരമാക്കി.

ആ പൂവ് നീ എന്തു ചെയ്തു?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നത് എന്തിന് ?
ചവിട്ടിയരച്ചു കളഞ്ഞോന്നറിയുവാന്‍
കളഞ്ഞുവെങ്കിലെന്ത്?
ഓ, ഒന്നുമില്ല.. എന്റെ ഹൃദയമായിരുന്നു അത്. (ഏകാന്തതയുടെ മഹാതീരം)

എത്ര കാവ്യാത്മകമായാണ് ഈ പ്രണയവചനം  എഴുതിച്ചേര്‍ത്തിരിക്കുന്നത്. ജീവിതത്തോടും പ്രകൃതിയോടും നിതാന്തമായി പ്രണയം ഉള്ളില്‍ സൂക്ഷിച്ചു വെച്ച നിത്യകാമുകന്‍ തന്നെയായിരുന്നു ഉന്‍മാദിയായ ബഷീര്‍ എന്ന മുഷ്യന്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകള്‍ക്ക് സാഹിത്യഭംഗി പോരെന്നുള്ള നിരൂപകരുടെ വിമര്‍ശത്തിനു  മറുപടിയെന്നോണം അദ്ദേഹമെഴുതിയതിങ്ങനെ.

‘പഴയ കാലത്ത്,  എഴുത്തൊന്നുമില്ലാതിരുന്ന കാലത്ത് മരുഭൂമിയില്‍ ആളുകള്‍ ടെന്റും കെട്ടി അതിനു  മുമ്പില്‍ ഒരു പാത്രവും വെച്ച് കഥ പറയാനിരിക്കും. ഞാനും  അത് തന്നെയാണ് ചെയ്യുന്നത്. അല്ലാതെ ആഖ്യയും ആഖ്യാതവും എനിക്കറിയില്ല. ഞാന്‍ കഥ പറയുകയാണ്'

വിപ്ളവകാരിയും ആക്ടിവിസ്റും സൂഫിയും ഉന്‍മാദിയും സാധാരണ മനുഷ്യനും    ഒരാളില്‍ തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനയും വെളിപ്പെടുത്തുന്നു.

പുതിയ കാലത്ത് തന്റെ സുഖം മാത്രം ലക്ഷ്യമാക്കുകയും ലോകം തനിക്കു
മാത്രമായി അവതരിക്കപ്പെട്ടതാണെന്ന ധാര്‍ഷ്ട്യത്തോടെ
നെഞ്ചു വിരിച്ച് നടക്കുകയും ചെയ്യുന്ന മനുഷ്യന് മുമ്പില്‍ മഹത്തായ സന്ദേശം പോലെ,  ഈ ഭൂമി തന്റെ അടുത്തിരിക്കുന്നയാള്‍ക്കു കൂടി - അത് പുല്‍ക്കൊടിയായാലും ഉറുമ്പായാലും മണല്‍തരിയായാലും പഴുതാരയായാലും അവര്‍ക്കെല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് ബഷീര്‍ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
വായിച്ചിട്ടും, വായിച്ചിട്ടും കൊതി തീരാത്ത അദ്ദേഹത്തിന്റെ നിരവധി സര്‍ഗരചനകളിലൂടെ.

* * * * *
തേജസ്‌ ആഴ്ചവട്ടം, 2013 ജൂലൈ 5