Monday, May 2, 2011

സ്‌നേഹമഴ പെയ്യിച്ച ഉമ്മ


യാത്രക്കിടയില്‍ മുതിര്‍ന്നവര്‍ക്ക് സീറ്റ് നല്‍കുന്നതുപോയിട്ട്
ഒരിഞ്ച് നീങ്ങിക്കൊടുക്കാന്‍ പോലും മടിക്കുന്ന സ്വാര്‍ഥയുടെ ലോകത്ത്...
ജീവജലത്തിനായ് കേഴുന്ന ഒരു ഗ്രാമത്തിന്, സമൃദ്ധമായി വെള്ളമുള്ള
സ്വന്തം പുരയിടത്തിലെ 3 സെന്റ് സ്ഥലം ദാനം നല്‍കി സര്‍വര്‍ക്കും മാതൃകയായ ഒരു ഉമ്മ

-----------------------
ചിലരങ്ങനെയാണ്.
മറ്റുള്ളവരുടെ ദുരിതങ്ങളില്‍ വേവലാതിപ്പെടും.
അന്യര്‍ക്കു വേണ്ടി മനസ്സ് വേവിക്കുമ്പോള്‍ തന്നെ
അതിനുള്ള പോംവഴികള്‍ക്കായി നെട്ടോട്ടമോടും.
മനസ്സ് കൊണ്ടുപോലും മറ്റുള്ളവരുടെ യാതനകളിലേക്ക് ചേര്‍ന്നു നില്‍ക്കാന്‍
മടിക്കുന്നവരുടെ ലോകത്ത്
ഈ ഉമ്മ വ്യത്യസ്ഥയാകുന്നതും അതുകൊണ്ടു തന്നെയാണ്.
22.04.2011 വെള്ളിയാഴ്ച കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഈ ഫീച്ചര്‍
സാലിം ജി. റോഡ് എഴുതിയതാണ്.
അദ്ദേഹത്തിന്റെ അനുമതിയോടെ സൈബര്‍ വായനയ്ക്ക് സമര്‍പ്പിക്കുന്നു.

---------------------------

ത് തിരുനിലത്ത് ഫാത്തിമത്ത് ഉമ്മ. കൊടിയത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ അറ്റമായ തോട്ടുമുക്കം ജപ്പാന്‍പടി യില്‍ മക്കളോടൊന്നിച്ച് സ്വസ്ഥമായി കഴിയുമ്പോഴും മനസ്സ് വല്ലാതെ വേദനിക്കുകയായിരുന്നു. സ്വന്തത്തെക്കുറിച്ച ആധിയായിരുന്നില്ല, മറിച്ച് തന്റെ കണ്‍മുന്നിലെ, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മാടാമ്പിയിലെ പാവപ്പെട്ട മനുഷ്യര്‍ ഒരിറ്റു ദാഹജലത്തിനായ് കുടവുമായി അലയുന്ന നിത്യ കാഴ്ചയാണ് ഈ ഉമ്മയെ അസ്വസ്തമാക്കിയത്. മാടാമ്പി മലയുടെ താഴ്ഭാഗത്ത് വെള്ളം സമൃദ്ധമായി ലഭിക്കുന്ന സ്ഥലത്താണ് ഉമ്മയുടെ താമസം.
മാടാമ്പി പാറമുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ നിര്‍മ്മിച്ച വലിയ കോണ്‍ക്രീറ്റ് ടാങ്ക് കണ്ണുനീര്‍ പോലും ചുരത്താതെ നോക്കുകുത്തിയായി നില്‍ക്കുന്നുണ്ട്. പട്ടിണിപ്പാവങ്ങള്‍, വൃദ്ധര്‍, വിധവകള്‍ രോഗികള്‍ എല്ലാമട ങ്ങിയ അറുപതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. കിടപ്പാടത്തിന് പട്ടയമില്ലാത്തവരും, റേഷന്‍ കാര്‍ഡില്ലാത്തവരുമുണ്ട്. പക്ഷേ വോട്ടുചെയ്യാന്‍ എല്ലാവര്‍ക്കും ഐഡന്റിറ്റി കാര്‍ഡുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് നന്ദി പറയാം. കുടിവെള്ളത്തിനായ് വര്‍ഷങ്ങളായുള്ള ഇവരുടെ രോദനം ചെവിക്കൊള്ളാന്‍ മാത്രം ഒരു രാഷ്ട്രീയക്കാര നും സാധിച്ചില്ല.
സ്‌നേഹത്തിന്റെ നീരുറവ വറ്റാത്ത ഉമ്മയ്ക്ക് നിസ്സംഗമായി ഇത് നോക്കി നില്‍ക്കാനായില്ല. വെള്ളം; അത് അമൂല്യമാണ്. ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കുമെന്നപോലെ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഉമ്മയ്ക്ക് ബോധ്യമുണ്ട്.
ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിലാണ് ദൈവം തന്റെ ഒരടിമയ്ക്ക് സ്വര്‍ഗം വാ ഗ്ദാനം ചെയ്തത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും ശ്രേഷ്ഠമായ ദാനം വെള്ളമാണെന്ന പ്രവാചക വചനത്തെ ഉമ്മ അന്വര്‍ഥമാക്കാന്‍ തന്നെ തീരുമാനിച്ചു.
തന്റെ വീട്ടിലെ കിണറില്‍ നിന്ന് പമ്പ്‌സെറ്റ് വഴി അടുത്ത വീട്ടുകാര്‍ക്ക് ഉമ്മ ഇഷ്ടംപോലെ വെള്ളം നല്‍കി. അവര്‍ക്കത് വലിയ ആശ്വാസമായി. പക്ഷേ, ഉമ്മ അപ്പോഴും തൃപ്തയായിരുന്നില്ല. മാടാമ്പി മലയിലെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കുടിനീരിനായി അലയുന്നത് കണ്ട് ആ ഉമ്മയുടെ മനസ്സ് അസ്വസ്ഥമായി.... തന്റെ കൈവശമുള്ള ഭൂമിയില്‍ സുലഭമായി വെള്ളമുണ്ടായിട്ടും ദാഹിക്കുന്നവര്‍ക്ക് അതെത്തിച്ചുകൊടുക്കാന്‍ പറ്റാത്ത തില്‍ ദൈവം തന്നെ ശിക്ഷിക്കുമോയെന്ന ഭയം ഉമ്മയെ തളര്‍ത്തി...
ആ അവസരത്തിലാണ് മാടാമ്പിയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ കുറച്ച് ചെറുപ്പക്കാര്‍ ഉമ്മയുടെ അടുത്തെത്തിയത്...

****

വിശുദ്ധറമദാനിലെ നട്ടുച്ച നേരം. ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ ഉച്ച സൂര്യനെ കൊത്തിവെച്ച പതാകയുമേന്തി മാടാമ്പിയിലെത്തി. അവര്‍ അവരുടെ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന്റെ ഉപഹാരം നല്‍കാനുള്ള വീടുകള്‍ അന്വേഷിച്ച് എത്തിയതാണ്. പഞ്ചായത്തിലെ വൈദ്യുതി വെളിച്ചമെത്താത്ത മുഴുവന്‍ വീടും സൗജന്യമായി വൈദ്യുതീകരിക്കുമെന്നാണവര്‍ പ്രഖ്യാപിച്ചത്. അവര്‍ അങ്ങനെയാണ് കേരളീയ യുവതക്ക് പുതിയ പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ്, പാലക്കാട് ഒന്നാം സംസ്ഥാന സമ്മേളനം സംഘടി പ്പിച്ചപ്പോള്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്ത പാവങ്ങള്‍ക്ക് ആയിരം വീടുകളാണ് സമ്മേളനോപഹാരമായി അവര്‍ നിര്‍മ്മിച്ചുനല്‍കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതംവിതച്ച കാസര്‍ഗോഡുള്ള അരജീവിതങ്ങള്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹമഴപെയ്യിച്ച് സ്വര്‍ഗം പണിതത് യൗവന കേരളത്തിലെ ഈ മാലാഖമാരായിരുന്നു.
വൈദ്യുതിയെത്താത്ത വീടുകള്‍ അന്വേഷിച്ചിറങ്ങിയ ആ ചെറുപ്പക്കാര്‍ മാടാമ്പിയിലെ കാഴ്ചകള്‍ കണ്ട് ഞെട്ടി. മഴനനയാതെ, വെയിലേല്‍ക്കാതെ തലചായ്ക്കാന്‍ പറ്റിയ വീടില്ലാത്തവര്‍ നിരവധിയാണ്. വൃദ്ധരും രോഗികളുമാ യവര്‍. അന്നാന്നത്തെ അന്നത്തിനായി കൂലിപ്പണിയെ ആശ്രയിക്കുന്നവര്‍. ഇതിനെല്ലാം പുറമെ കുടിവെള്ളമില്ലാത്ത വരും.
കുടിലില്‍ നിന്നും എത്രയോ ദൂരം താഴെ പാറക്കെട്ടുകള്‍ താണ്ടി കുടത്തില്‍ വെള്ളവും ചുമന്നെത്തിയ വൃദ്ധയായ ഏലിക്കുട്ടിയമ്മയോട് അവര്‍ വന്ന കാര്യം ധരിപ്പിച്ചപ്പോള്‍ കിതച്ചുകൊണ്ടവര്‍ പറഞ്ഞു: ''മക്കളേ, ഞങ്ങള്‍ക്ക് വൈദ്യുതിവെളിച്ചമല്ല; ദാഹം തീര്‍ക്കാന്‍ കുടിനീരാണ് ആദ്യം വേണ്ടത്. അത് നല്‍കാന്‍ നിങ്ങള്‍ക്കാവ്വ്വോ?'' നിത്യരോഗിയായ അവരുടെ ഭര്‍ത്താവ് അപ്പച്ചന്‍ ഓലമേഞ്ഞ വീട്ടിലെ കോലായില്‍ കിടന്നുകൊണ്ട് അതിനെ ശരിവെച്ചു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചുമ അതിനനുവദിച്ചില്ല. അവര്‍ നിരവധി വീടുകള്‍ കയറിയിറങ്ങി. എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത് കുടിവെള്ളത്തെക്കുറിച്ചായിരുന്നു. ഈ പാവങ്ങള്‍ക്ക് എങ്ങനെയെങ്കി ലും കുടിവെള്ളമെത്തിക്കാന്‍ തങ്ങളോടാവുന്നത് ചെയ്യുമെന്ന ദൃഢ പ്രതിജ്ഞയെടുത്താണ് അവര്‍ ആ മലയിറങ്ങി യത്.
അധികം താമസിയാതെ വീണ്ടും അവര്‍ ഒത്തുകൂടി. പ്രദേശവാസികളും ചെറുപ്പക്കാരുമടങ്ങുന്ന മുന്നൂറോളം പേര്‍ പങ്കെടുത്ത സമൂഹ നോമ്പുതുറ സംഘടിപ്പിച്ചായിരുന്നു അത്. അപ്പോഴും പാവങ്ങളായ ആ ഗ്രാമക്കാരൊന്നടങ്കം തങ്ങള്‍ക്ക് ജീവജലമെത്തിക്കണമെന്നപേക്ഷിച്ചു. ഒരു വലിയ സാഹസവും സാമ്പത്തിക ബാധ്യതയുമെന്നറിഞ്ഞിട്ടും ആ ചെറുപ്പക്കാര്‍ അവര്‍ക്ക് വാക്കുകൊടുത്തു.
മാടാമ്പിക്കാരുടെ ഭാഗ്യമെന്നോണം സംസ്ഥാനത്തുടനീളം 2000 കുടുംബങ്ങള്‍ക്ക് 50 ഗ്രാമങ്ങളില്‍ ജനകീയ കുടി വെള്ളമെന്ന സോളിഡാരിറ്റിയുടെ പദ്ധതി പ്രഖ്യാപനം വന്നപ്പോള്‍ അതില്‍ ഒരു ഗ്രാമം മാടാമ്പിയായിരുന്നു. ഈ ചെറുപ്പക്കാര്‍ ആവേശത്തോടെയാണ് അത് സ്വീകരിച്ചത്. ആത്മാര്‍ത്ഥമായി അവര്‍ അരയും തലയും മുറുക്കി കര്‍മ രംഗത്തിറങ്ങി.
പക്ഷേ, ഇത്രയും കുടുംബങ്ങള്‍ക്ക് എവിടെനിന്ന് വെള്ളമെത്തിക്കും? കുളംകുഴിക്കാനുള്ള സ്ഥലം എവിടെ? ഒരു വലിയ ചോദ്യചിഹ്നമായി പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുമോയെന്ന് പലരും ഭയപ്പെട്ടു. പക്ഷേ, എന്തു വില നല്‍കിയാലും ശരി നല്ല വെള്ളമുള്ള സ്ഥലം കണ്ടെത്തി വാങ്ങാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

****

വെള്ളമുള്ള സ്ഥലമന്വേഷിച്ച് ദിവസങ്ങളോളം അലഞ്ഞ ആ ചെറുപ്പക്കാര്‍ ഒടുവില്‍ ബീഫാത്തിമ ഉമ്മയുടെ അടു ത്തെത്തി. കാലങ്ങളായി ഇത്തരമൊരു പദ്ധതിക്കായ് കാത്തുകഴിയുകയായിരുന്ന ഉമ്മക്ക് മറ്റൊന്നും ആലോചിക്കാ നുണ്ടായിരുന്നില്ല. ഈ ചെറുപ്പക്കാരുടെ സദുദ്യമത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഉമ്മ പറഞ്ഞു:
''ഞങ്ങള്‍ക്കിവിടെ രണ്ടേക്കറയോളം സ്ഥലമുണ്ട്. ഇതില്‍ വെള്ളം കിട്ടുന്ന ഏത് സ്ഥലവും നിങ്ങള്‍ക്കെടുക്കാം... അത് ദാനമായി ഞാന്‍ നല്‍കാം...'' ഉമ്മയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ആ ചെറുപ്പക്കാരുടെ കണ്ണുകള്‍ നിറച്ചു. ഈ മഹതിയുടെ മഹാമനസ്‌കതയെ ആ ഗ്രാമവാസികള്‍ ഒന്നടങ്കം പ്രകീര്‍ത്തിച്ചു. ബീഫാത്തിമ ഉമ്മയുടെ മകന്‍ ജപ്പാന്‍ ഹനീഫാക്കയും പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി.
കുടിവെള്ളം നല്‍കുമെന്ന ചെറുപ്പക്കാരുടെ വാക്ക് ആ മാടാമ്പിക്കാര്‍ക്കൊരിക്കലും വിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണം ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഇതിന് മുമ്പ് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി പോയതാണ്. അവര്‍ക്ക് സാധിക്കാത്തത് ഈ ചെറുപ്പക്കാര്‍ക്ക് സാധിക്കുകയോ എന്നവവര്‍ പരസ്പരം അടക്കം പറഞ്ഞെങ്കിലും ഇവരുടെ വാക്കുകളുടെ ആത്മാര്‍ത്ഥതില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
അങ്ങനെ ആ നാട്ടുകാരോടൊപ്പം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്ന അധ്യാപകരും, ഉദ്യോ ഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്ന യുവാക്കളും അണിനിരന്ന് ബീഫാത്തിമ ഉമ്മ നല്‍കിയ സ്ഥലത്ത് കുളം നിര്‍മ്മി ച്ചു. കുളത്തില്‍ സുലഭമായി വെള്ളം കണ്ട് അവര്‍ ആഹ്ലാദിച്ചു. ഇനി വെള്ളം മാടാമ്പിയില്‍ എത്തിക്കണം. പഞ്ചായത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ടാങ്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. അധികൃതരുടെ അനുവാ ദവും കിട്ടിയപ്പോള്‍ 700 മീറ്ററോളം ദൂരത്തില്‍ പൈപ്പിട്ട് വെള്ളം ടാങ്കിലേക്കെത്തിച്ചു.
സ്‌നേഹത്തിന്റെ രണ്ട് കൈവഴികള്‍ സംഗമിച്ച് ഒരു മഹാ നദിയായ് ഒഴുകിയപ്പോള്‍ ഒരുഗ്രാമത്തിന്റെ ജീവിതം തളിര്‍ക്കുകയായിരുന്നു. ഒരു ജനതയുടെ മൗലികാവകാശമായ ജീവജലത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ജനകീയ കൂട്ടായ്മയില്‍ അന്ത്യം കുറിക്കുകയായിരുന്നു.
മാര്‍ച്ച് 27 ഞായറാഴ്ച ബീഫാത്തിമ ഉമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സുദിനമായിരുന്നു. അന്നത്തെ സായാഹ്നത്തിലാണ് ഈ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഒരു കുടം വെള്ളം നല്‍കി പദ്ധതി ഉല്‍ഘാടനം ചെയ്യാനുള്ള സൗഭാഗ്യവും ഈ ഉമ്മയ്ക്കാണുണ്ടായത്. ഒരു ഗ്രാമത്തിന് മുഴുവന്‍ ദാഹജലം പകര്‍ന്നു നല്‍കാന്‍ ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷം ഉമ്മയില്‍ കാണാമായിരുന്നു. ആ ഗ്രാമം മുഴുവന്‍ ബീഫാത്തിമ ഉമ്മയെ യും ആ ചെറുപ്പക്കാരെയും മാടാമ്പിയിലേക്ക് താളമേള വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. അപ്പോഴും ആ ഉമ്മ ആകാശത്ത് കൈയുയര്‍ത്തി ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ കര്‍മം സ്വീകരിക്കേണമേ എന്നു വീനീതമായി പ്രാര്‍ഥിക്കുകയായിരുന്നു.



2 comments:

  1. അസ്സലാമു അലൈക്കും റഫീക്ക്,
    വളരെ അപ്രതീക്ഷിതമായാണ് എനിക്ക് താങ്കളുടെ ബ്ലോഗ്‌ കാണുവാന്‍ കഴിഞ്ഞത്.
    അത് എന്റെയും ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനാല്‍ എനിക്ക് നന്മ നിറഞ്ഞ ഉമ്മയെ കുറിച്ച് വായിക്കുവാന്‍ കഴിഞ്ഞു. അതുപോലെ സമൂഹ നന്മ പ്രതീക്ഷിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ
    ആവേശവും... വളരെ സന്തോഷം തോന്നി റഫീക്ക് ഈ ഫീച്ചര്‍ ഇവിടെ വീണ്ടും കൊണ്ട് വന്നതില്‍..
    അഭിനന്ദനങ്ങള്‍... സസ്നേഹം..ഷൈജു

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. NAMASKARAM.

      LET IT BE AN EYE-OPENER FOR ALL OF US....

      NAMASKARAM.
      BABY

      Delete