Friday, November 22, 2013

കണ്ണും കാതുമുള്ളൊരു കണ്ണാടി


ഒരു പത്രത്താളിന്റെ വലിപ്പത്തില്‍ 
മുട്ടായിത്തെരുവിലെ കണ്ണാടിക്കടയില്‍ നിന്നും
അളന്നു മുറിച്ച് വാങ്ങിയ കണ്ണാടി 
ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ കൊടുത്താണ്
കറുത്ത, വീതിയുള്ള ചതുരത്തിലൊതുക്കി വാങ്ങിയത്.
പൊന്നിന്റെ നിറമുള്ള കൊളുത്തായിരുന്നു അതിന്.
തേച്ചു മിനുക്കാത്ത ചെങ്കല്‍ചുവരില്‍ തറച്ച ഇരുമ്പാണിയുടെ പത്രാസില്‍
കണ്ണാടി എന്നെ കാണാനും  കേള്‍ക്കാനുമായി
പരാതിയൊന്നുമില്ലാതെ തൂങ്ങിയാടി.

മുറിയ്ക്കുള്ളിലെ ചെങ്കല്ല് ചിരിക്കുന്ന ഭിത്തിയില്‍ എന്റെ കണ്ണാടി.
ചിരിവര്‍ത്തമാനങ്ങളും കണ്ണീര്‍വേവുകളും ഉറക്കം മുറിഞ്ഞ രാത്രിയിലെ അറ്റമില്ലാചിന്തകളും അക്കാലങ്ങളില്‍ പങ്കുവെച്ചത് കറുത്ത ചതുരത്തിനുള്ളി ലെ ആ കണ്ണാടിയോടായിരുന്നു.

കൌമാരം ആധിയുടെതായിരുന്നു.
ഏതു കൂട്ടത്തില്‍ ചെന്നാലും തനിച്ചാവുന്നു, അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് എന്നെ തനിച്ചാക്കുന്നു എന്നൊക്കെയുള്ള അനാവശ്യഭീതി.
ഉള്ളില്‍ ഊറിക്കൂടുന്ന ചിന്തകള്‍ മനസ്സു തുറന്ന് ചര്‍ച്ച ചെയ്യാനൊരാള്‍, ആശയവിനിമയങ്ങള്‍ക്ക് വിശ്വസ്തനായ ഒരു കൂട്ടാളി.. അങ്ങനെയൊരാള്‍ എന്തു കൊണ്ടോ അന്നാളില്‍ ഒപ്പമുണ്ടായില്ല.
വായനയെക്കാള്‍ അക്കാലത്ത് ഇഷ്ടവിഷയം സിനിമയായിരുന്നു.
പ്രേംസീറും ജയനും  സുകുമാരനും സോമനും  വിന്‍സെന്റും രവികുമാറും സുധീറുമെല്ലാം കളറിലും ബ്ളാക്ക് ആന്റ് വൈറ്റിലും കണ്ണും മനസ്സും നിറ ഞ്ഞാടി. കണ്ട സിനിമയിലെ ശോകഗാനങ്ങളോടായിരുന്നു ഏറെയിഷ്ടം.
രണ്ടു രൂപയുടെ പാട്ടുപുസ്തകങ്ങള്‍ സ്വന്തമാക്കി,
ദുഃഖഗാനങ്ങള്‍ ശ്രുതിയും സംഗതിയുമൊന്നുമില്ലാതെ മനപ്പാഠമാക്കി. 

‘ദുഃഖങ്ങള്‍ ഏതുവരെ...
ഭൂമിയില്‍ സ്വപ്നങ്ങള്‍ തീരും വരെ...
ഇരുളിനെ  ഞാനറിയും
വെളിച്ചത്തെ ഞാനറിയും
ഇടയില്‍ കടന്നു വരും നിഴലിന്റെ രൂപം
നിര്‍ണ്ണയിക്കാനാര്‍ക്ക് കഴിയും.. അത്,
നിരന്തരം മാറി വരും..’

അന്ന് മനസ്സിനെ  മഥിച്ച ഒരു ഗാനമാണിത്. ഈ സിനിമയുടെ പേര് ഓര്‍മയില്‍ വരുന്നില്ല. പ്രേംസീറും രവികുമാറും ഭവാനിയും വിധുബാലയുമൊക്കെ അഭി നയിച്ച ഒരു സിനിമയാണ്. ഗാനരംഗം മാത്രമേ ഇപ്പോള്‍ മനസ്സില്‍ ബാക്കിയു ള്ളൂ.

‘സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം..
മനം  അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം..’

പിന്നെയുമുണ്ട് ദുഃഖഗാനങ്ങളുടെ ചാകര.

ഈ പാട്ടുകളൊക്കെയും എന്റെ ജീവിതവുമായി അക്കാലത്ത് ചേര്‍ത്തു വെച്ചു. ഇതുപോലുള്ള ഗാനങ്ങള്‍ തനിച്ചു നടക്കുമ്പോഴൊക്കെ എനിക്കുമാത്രം കേള്‍ക്കാനായി ശബ്ദമില്ലാതെ പാടി. ചില നേരങ്ങളില്‍ ചങ്കിടറിക്കരഞ്ഞു.

അന്നത്തെ ദുഃഖങ്ങള്‍ക്ക് കാരണമെന്തൊക്കെയായിരുന്നെന്ന് ഇന്നോര്‍ക്കാന്‍ കഴിയുന്നില്ല.

മനസ്സിന്റെ സകല പ്രയാസങ്ങളും പറഞ്ഞ്, സങ്കടപ്പെരുമഴ പെയ്തു തീര്‍ത്തത് കണ്ണാടിയുടെ മുമ്പിലാണെന്ന് പറഞ്ഞു തുടങ്ങിയാണ് ഇവിടെ വരെയെത്തി യത്.

ആ കണ്ണാടി എനിക്കു പ്രിയപ്പെട്ടതായിരുന്നു.
ഒരു പത്രത്താളിന്റെ വലിപ്പത്തില്‍ മുട്ടായിത്തെരുവിലെ കണ്ണാടിക്കടയില്‍
നിന്നും അളന്നു മുറിച്ച് വാങ്ങിയ കണ്ണാടി ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ കൊടുത്താണ് കറുത്ത, വീതിയുള്ള ചതുരത്തിലൊതുക്കി വാങ്ങിയത്.
പൊന്നിന്റെ നിറമുള്ള കൊളുത്തായിരുന്നു അതിന്. തേച്ചുമിനുക്കാത്ത ചെങ്കല്‍ചുവരില്‍ തറച്ച ഇരുമ്പാണിയുടെ പത്രാസില്‍ കണ്ണാടി എന്നെ കാണാ നും  കേള്‍ക്കാനുമായി പരാതിയൊന്നുമില്ലാതെ തൂങ്ങിയാടി.

കാലം കലണ്ടറിലെ അക്കങ്ങള്‍ മായ്ച്ചു കൊണ്ടിരുന്നു.

ചെങ്കല്ലുകള്‍ ചിരിച്ച ചുമരുകള്‍ സിമന്റ് പുതഞ്ഞ് മിനുത്തു,
ചായം പുരണ്ട് തെളിഞ്ഞു നിന്നു.
കണ്ണാടിയുടെ ചതുരപ്പലകയിലും കറുത്ത ചായം തേച്ച് മനോഹരമാക്കി ചുമരിന്റെ പകിട്ടിനൊപ്പം വിളങ്ങി നിന്നു.
പിന്നീട്, എന്റെ യാത്രയില്‍ അനിവാര്യതയെന്നോണം എനിക്കു കൂട്ടായി ജീവിതത്തിന്റെ കണ്ണാടിച്ചുവട്ടിലേക്ക് പുതിയ കൂട്ടുകാരിയെത്തി.
പറഞ്ഞു തീരാത്തത്ര കഥനങ്ങളുമായി ഒരുവള്‍.
എന്റെ കവിളില്‍ അവളുടെ കണ്ണീര്‍നനവ് പകര്‍ത്തുമ്പോള്‍ സ്വന്തം വിങ്ങലു കള്‍ കഥയില്ലായ്മയായിരുന്നെന്ന് ചിലപ്പോഴെങ്കിലും ഉള്ളിലോര്‍ത്തുവോ...

എന്നുതൊട്ടാണ് കണ്ണാടിയോട് അകലാന്‍ തുടങ്ങിയതെന്ന് ഓര്‍മയിലെവി ടെയും കോറിയിട്ടിട്ടില്ല. കുളികഴിഞ്ഞ് മുടിയൊന്ന് ഒതുക്കാന്‍ മാത്രം കണ്ണാടി യ്ക്കടുത്തു വന്നു നിന്നു. അന്നേരം കണ്ണാടിയുടെ പരിഭവം നിറഞ്ഞ ഭാവം തിരി ച്ചറിയാന്‍ എനിക്കായില്ല.

ഒരിക്കല്‍,
തൊഴില്‍യാത്രകളുടെ രാപകലുകള്‍ക്കു ശേഷം വീട്ടില്‍ വന്നുകയറുന്നേരം അവളുടെ ചിലമ്പിയ ഒച്ച.
നിങ്ങളുടെ കണ്ണാടി കൊളുത്തിളകി വീണു.
അതിന്റെ ഫ്രെയിമടിച്ച മരച്ചീള് ദ്രവിച്ചിരുന്നു..

അപ്പോള്‍ കണ്ണാടി..?

എന്റെ വാക്കുകള്‍ ചില്ലുപോലെ ചിതറി.
കണ്ണാടിയല്ലെ.. വീണാല്‍ പിന്നെ പറയണോ..?
മുറിയില്‍ തെറിച്ചുവീണ കണ്ണാടിപ്പൊട്ടുകള്‍ കണ്ണില്‍ തെളിഞ്ഞു.
അവ എന്റെ  നെഞ്ചകം  തറഞ്ഞു നോവുണ്ടാക്കുന്നു.
എന്റെ മുഖഭാവം കണ്ടപ്പോള്‍ വേറെയൊരു കണ്ണാടി വാങ്ങാമെന്ന് അവള്‍.
അങ്ങനെയൊരു കണ്ണാടി എവിടുന്ന് കിട്ടുമെന്ന ചോദ്യം ഞാനവളോട് ചോദിച്ചില്ല.
ആ കണ്ണാടിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം അവള്‍ക്കറിയില്ലല്ലോ?

***************************************

Tuesday, November 5, 2013

'കഥയം - 2013' ഏകദിന കഥാക്യാമ്പ്


ഒരിക്കൽ എം .ടി  പറഞ്ഞു:

'ഏതു കരിമ്പാറയിലും  ഒരു നീരുറവ കാണും. അതന്വേഷിക്കുകയാണ് ഞാൻ.'

ഏതു മരുഭൂമിയിലും ഒരു സഹൃദയപ്പച്ചപ്പുണ്ടാവും. ചിലപ്പോൾ  ഒരിലയായി ,ഒരു ചിരിയായി, ഒരു കണ്ണീർനനവായി. അതന്വേഷിച്ചു ചെന്നാൽ കഥയുടെ എത്രയെങ്കിലും അടരുകൾ ആരെയോ കാത്തിരിക്കുന്നതു കാണാം.

ജീവിതാനുഭവങ്ങളുടെ ചില ഏടുകൾ ചില മനുഷ്യർ മനസ്സിൻറെ മൂശയിലിട്ട് സൗന്ദര്യാത്മകമായി ഉടച്ചു വാർത്ത്, മറ്റുള്ളവർക്ക് ആകാംക്ഷയും രസാനു ഭൂതിയും ഉളവാകത്തക്കതരത്തിൽ പുനരവതരിപ്പിക്കും. അതു ചിലപ്പോൾ മികച്ച കഥയായേക്കും. അത്തരം കഥകൾക്ക് ആധുനികമെന്നോ പുരാതനമെ ന്നോ കാലഭേദമില്ല. 'മണ്ണാങ്കട്ടയും കരിയിലയും ' എനിക്ക് കാലത്തെ അതിജീവി ക്കുന്ന മുത്തശ്ശിക്കഥയാണ്. കഥയുടെ നാൾവഴിചരിത്രത്തിലൂടെ നടക്കാനാഗ്ര ഹിക്കുന്ന പ്രവാസി സുഹൃത്തുക്കളുടെ സർഗ്ഗവാസനയ്ക്ക് ദേശാടനച്ചിറകു മുളയ്ക്കട്ടെ എന്നാശംസിച്ച്  കഥയം ഏകദിന കഥാക്യാമ്പ്  പ്രതീക്ഷകളോടെ ഉദ്ഘാടനം ചെയ്യുന്നു.
     
(ഫോണ്‍ ഇൻ വഴി) പി.കെ ഗോപി

നജീം കൊച്ചുകലുങ്ക് സ്വാഗതം പറഞ്ഞു ആർ മുരളീധരൻ അധ്യക്ഷനായി രുന്നു. പ്രവാസത്തിന്റെ ചരിത്രപരവും  സാമൂഹ്യശാസ്ത്രപരവുമായ അവസ്ഥകൾ  ശരിയായ രീതിയിൽ ആവിഷ്കരിക്കുന്നതിൽ  പ്രവാസി എഴുത്തുകാർക്കും  വായനക്കാർക്കുമുള്ളിൽ നിലനിൽക്കുന്ന  രൂഡമൂല മായ തെറ്റിദ്ധാരണകൾ മാറ്റാൻ ഇത്തരം ക്യാമ്പുകൾ  ഉപകരിക്കുമെന്ന് ആർ മുരളീധരൻ പറഞ്ഞു.

റിയാദ് അൽ-യാസ്മിൻ സ്കൂൾ മുൻ പ്രിൻസിപ്പൽ എം സി സെബാസ്റ്റ്യ ൻ, റിയാദ് മീഡിയ ഫോറം പ്രസിഡന്റ്റ് ബഷീർ പാങ്ങോട്, ഉബൈദ് എടവണ്ണ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് സമകാലീന  ലോകസാഹിത്യത്തെ ക്കുറിച്ചുള്ള പ്രമുഖ കഥാകൃത്തും സാഹിത്യ വിമർശകനു മായ പി ജെ ജെ ആന്റണിയുടെ വിഷയാവതരണം നടന്നു. ഐ. സമീൽ മോഡറെറ്ററായിരുന്നു. ജീവിതത്തിന്റെ ധൈഷണികവും വൈകാരികവുമായ പരിസരങ്ങൾ സദാ മാറ്റത്തിന് വിധേയമാണ്. ഇതിനു അനുസൃതമായി ജീവിതത്തെ ആവിഷ്ക രിക്കുന്ന സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു വിശദാംശങ്ങളിൽ വ്യതിരിക്തത പുലർത്തുമ്പോഴും ഈ പരിണാമവും പരിവർത്തനങ്ങളും ലോകഭാഷകളിൽ പരക്കെ കാണപ്പെടുന്നു. അതിവേഗത്തിൽ മാറിക്കൊണ്ടി രിക്കുന്ന ക്രിയാകാലത്തിൽ പഴയതുപോലെ എഴുത്തിനെ നിർവചിക്കുക യെന്നതും കഠിനമാണ്. ഈ വെല്ലുവിളിയെ നേരിടാൻ പ്രവാസി എഴുത്തു കാരെയും വായനക്കാരെയും സഹായിക്കേണ്ടതാണ്.


ഉച്ചക്ക്ശേഷം കഥാകൃത്ത് ജോസഫ് അതിരുങ്കൽ "മലയാള ഭാഷയും ഗൾഫിലെ എഴുത്തുകാരും" എന്ന വിഷയം അവതരിപ്പിച്ചു.
ഷക്കീല വഹാബ്  മോഡറെറ്ററായിരുന്നു. മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിനു അരനൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും  നിരവധി ശ്രദ്ധേയമായ രചനകൾ പ്രവാസി എഴുത്തുകാരുടേതായി വന്നിട്ടുണ്ടെങ്കിലും പ്രവാസി കടന്നുപോകുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം ഇനിയും പ്രവാസസാഹിത്യത്തിൽ കടന്നു വന്നിട്ടില്ല. ഇതിന്റെ പ്രധാന കാരണം ഈന്തപ്പനയിൽ നാളീകേരം കാണുന്ന തരത്തിലുള്ള ഗൃഹാതുരയുടെ അതിപ്രസരമാണ്. ഇത്  പുതിയ കാലത്തെ സെൻസി ബിലിറ്റിയുമായി യോജിക്കുന്നതല്ല. എന്നാൽ തങ്ങൾ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ കയ്യൊപ്പുകൾ വായിച്ചെടുക്കാൻ വരും തലമുറക്ക്‌ കഴിയു ന്ന കൃതികൾ രചിക്കുന്നവർ മാത്രമേ യഥാർഥ പ്രവാസി എഴുത്തുകാരാ വുകയുള്ളൂ.



"
കഥയുടെ പുതുവഴികൾ" എന്ന വിഷയത്തിൽ പി ജെ ജെ ആന്റണി തന്റെ രണ്ടാമത്തെ വിഷയാവതരണം നടത്തി. സബീന എം സാലി മോഡറെറ്ററായിരുന്നു.
ലോകനിലവാരത്തോട് ഏറ്റവും അടുത്തുനിൽക്കുന്നത് മലയാളിയുടെ എഴുത്തിൽ കഥയാണെന്ന് കരുതപ്പെടുന്നു. ഏറ്റവും കൂടുതൽ ലോകഭാഷക ളിലേക്ക് മലയാളത്തിൽനിന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും ഒരു കഥയാണ്‌. പൊൻകുന്നം വർക്കിയുടെ
'ശബ്ദിക്കുന്ന കലപ്പ". ദ്രുത വേഗമാർ ന്ന ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന സമകാല മലയാള കഥയുടെ പുതു വഴികൾ ആഖ്യാനഭാഷയിലും പ്രമേയത്തിലും ശിൽപത്തിലും ഇതര ഭാഷ കളെക്കാൾ ഏറെ മുന്നിലാണ്.

അഹമ്മദ് മേലാറ്റൂർ, ഷക്കീല വഹാബ്, റസൂൽ സലാം, രാജു ഫിലിപ്, അംജദ്ഖാൻ, ജയചന്ദ്രൻ നെരുവമ്പ്രം, നൗഷാദ് കോർമത്ത്, ആർ മുരളീധര ൻജാഫർ, നജീം കൊച്ചുകലുങ്ക്, നൂറുദീൻ, ഡാർലി തോമസ്‌, ഉബൈദ് എടവണ്ണ, സിന്ധുപ്രഭ, സുബൈദ, ഷീബ രാജു ഫിലിപ്, സേബ തോമസ്‌, ഐ സമീൽ, എന്നിവർ വിവിധ സെഷനുകളിൽ ചർച്ചയിൽ പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ യു ഇക്ബാൽ എഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ സദസ്സുമായി പങ്കുവച്ചു.

സങ്കീർണ്ണമായ ലോകത്തെ ആവിഷ്കരിക്കാൻ  കേരളത്തിലെ പുതിയ എഴുത്തുകാർ ചെയ്യുന്നതുപോലെ പ്രവാസി സാഹിത്യകാരന്മാർക്കു കഴിയുന്നില്ലന്നു ക്യാമ്പിൽ ലഭിച്ച കഥകളെ വിശകലനം ചെയ്തുകൊണ്ട് കഥാകൃത്ത് എം. ഫൈസൽ ഗുരുവായൂർ പറഞ്ഞു.  ഇത് അവരുടെ വലിയ പരിമിതിയാണെങ്കിലും  ഏകശിലാശാസിതമായ ഒരു സംസ്കാരത്തോടു ഘർഷണം ചെയ്യാൻ വരുന്നത് ബഹുസ്വരമായ ഒരു സമൂഹമായതിനാലാ ണ് ഇങ്ങനെ സംഭവിക്കുന്നതെന്നും  ഫൈസൽ പറഞ്ഞു.  

ക്യാമ്പ്  അവലോകനം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ  ജയചന്ദ്രൻ നെരുവമ്പ്രം  നടത്തി. ക്യാമ്പിൽ പങ്കെടുത്തവരുടെ ശ്രദ്ധയും താൽപര്യവും സജീവമായി ചർച്ചകളിൽ പങ്കെടുത്തതും ക്യാമ്പിനെ സാർഥകമാക്കി.  പുതിയ പുസ്തകങ്ങൾ പരി ചയപ്പെടുത്തുന്നതിനും എഴുത്തിന്റെ മേഖലയിൽ ആഗോളതലത്തിൽ നട ക്കുന്ന സംഭവ വികാസങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമുള്ള സ്ഥിരം വേദിയായി ക്യാമ്പിനെ മാറ്റാൻ സംഘാടകർ തയ്യാറാകണമെന്നും ജയചന്ദ്രൻ പറഞ്ഞു. മാത്രമല്ല എഴുത്തിലും വായനയിലും വ്യത്യസ്ഥമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന എഴുത്തുകാരെ നാട്ടിൽ നിന്നും കൊണ്ടു വരുന്നതിനും ചെരാത്  തയ്യാറാകേണ്ടതാണെന്നും ജയചന്ദ്രൻ പറഞ്ഞു.

ഷൈജു ചെമ്പൂരും രാജു ഫിലിപ്പും കവിതകൾ ആലപിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ  ക്യാമ്പ് ഡയറക്റ്ററായ പി.ജെ.ജെ ആന്റണി വിതരണം ചെയ്തു. പി.ജെ.ജെക്കുള്ള  ഉപഹാരവും പ്രശംസാപത്രവും ആർ. മുരളീധരൻ നൽകി.
  ********************************


ക്യാമ്പംഗങ്ങളുടെ വിലയിരുത്തലുകൾ


സാഹിത്യ സംബന്ധമായ ഗൌരവ ചിന്തകൾ പങ്കിടാനും സമകാല സാഹിത്യത്തിൻറെ പ്രത്യേകിച്ച്, ചെറുകഥയുടെ  ആഗോളവും പ്രാദേശികവുമായ ഭാവുകത്വ സവിശേഷതകൾ മനസിലാക്കാനുമെല്ലാം ഉപയുക്തമാവും വിധം ഫലപ്രദമായൊരു കൂടിച്ചേരൽ ആയി, ചെരാത്   സംഘടിപ്പിച്ച "കഥയം' എന്ന് പേരിട്ട കഥാക്യാമ്പ്.
പ്രമുഖ കഥാകൃത്തും സാഹിത്യ ചിന്തകനും ആയ ശ്രീ. പി.ജെ.ജെ. ആന്റണി വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ ഭാഷണങ്ങൾ റിയാദിലെ അക്ഷരസ്നേഹികളായ
ക്യാമ്പ് അംഗങ്ങൾക്ക് തീര്ച്ചയായും ഒരു നവീന അനുഭവം തന്നെ.
                                    _ജയചന്ദ്രൻ നെരുവമ്പ്രം
ളരെ അപൂര്‍വ്വമായി മാത്രം നടക്കാറുള്ള ഇത്തരത്തിലുള്ള സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. വിഷയാവതരണവും അതിന്‍മേലുള്ള ചര്‍ച്ചയും പ്രതീക്ഷിച്ചത്ര
നിലവാരത്തില്‍ എത്തിയില്ലായെങ്കിലും, ശരാശരിയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. സന്തോഷത്തോടെ
..

                             _നസീര്‍ ഹംസക്കുട്ടി

തുപോലെ തുടര്‍ച്ചയായി ക്യാമ്പ് നടത്തിയാല്‍ എഴുത്ത് അറിയാത്തവര്‍ എഴുത്ത് നിര്‍ത്തുകയും എഴുത്ത് അറിഞ്ഞ് എഴുത്ത് എന്ന
വലിയ വിഷയം, വായനയിലൂടെ വാത്മീകമൌനത്തില്‍ അടയിരുന്ന് അറിവ് വെച്ച് ഒരുനാള്‍ പരുവപ്പെട്ട്, ഉരുവപ്പെട്ട
ഒരു നല്ല എഴുത്തുകാരനായി തിരിച്ചു വരും ഉറപ്പ്.
അവിടെ അവന്റെ രചന  പ്രവാസമുദ്രയടിച്ച് ആരും
ഒഴിവാക്കി നിര്‍ത്തില്ല. ആശംസകള്‍.


                               _ഷൈജു

ദ്യമായി പങ്കെടുത്ത സാഹിത്യവേദിയായിരുന്നു. ചെരാതിന്റെ ഏകദിന കഥാക്യാമ്പ്.
നല്ല അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും  മസ്സിലാക്കാനും  സാധിച്ചു. തുടര്‍ന്നും ഇതുപോലുള്ള പരിപാടികള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു

                                _അന്‍വര്‍ സാദിഖ്

ക്യാമ്പ് നന്നായിരുന്നു. കുറച്ച് കൂടി സമയബന്ധിതമായി ഓരോ സെഷനും  നടത്താമായിരുന്നു. പുതുതായി എന്തെങ്കിലും നല്‍കാന്‍ സാധിച്ചു എന്നു നടത്തുന്നവര്‍ക്കും കിട്ടി എന്നു പങ്കെടുക്കുന്നവര്‍ക്കും സംതൃപ്തിയുണ്ടാകുമ്പോഴെ ഓരോ ക്യാമ്പും സാര്‍ഥകമാവുകയുള്ളൂ. ഞാന്‍ നിരാശല്ല, പൂര്‍ണ്ണ സംതൃപ്തനുമല്ല.

                                _മുഹമ്മദ് ഇഖ്ബാല്‍, ദമ്മാം.

ചെരാത് സാഹിത്യവേദിയുടെ കഥയം കഥാക്യാമ്പ് എന്നെ സംബന്ധിച്ചേടത്തോളം അറിവില്ലാതിരുന്ന പുതുഅറിവുകള്‍ പകര്‍ന്നു തന്നു എന്നാണ് എന്റെ മനസ്സ് പറയുന്നത്.

                                 _എം. സാലി

ന്നായിരിക്കുന്നു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭംഗിയായി പെയ്യാന്‍ സാധിക്കട്ടെ!

                                  _നിബു വര്‍ഗ്ഗീസ്

ചെരാത് സാഹിത്യവേദി ടത്തിയ ഈ ഏകദിന  കഥാക്യാമ്പ്
നല്ല അനുഭവം തന്നെയായിരുന്നു. ഞാനൊരു എഴുത്തുകാരന്‍ അല്ല. വായനക്കാരനാണെന്ന് പറയാം. എങ്കിലും വായന  വളരെ കുറവാണ്. ഫേസ്ബുക്കിലും ബ്ളോഗിലുമാണ് ഇന്നേറെ എഴുത്തുകള്‍
നടക്കുന്നതെങ്കിലും ആ രചനകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം
നിലനില്‍ക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.


                                  _ജാഫര്‍ അലി, തൂത.

ഥയില്ലാത്ത പ്രവാസജീവിതത്തിലെ.., മനസ്സില്‍ എന്നും ഓര്‍മിക്കാന്‍ റിയാദിലെ ‘കഥ’യുള്ള കുറെ എഴുത്തുകാര്‍ക്കിടയില്‍ ഒരു അവധിദിനം. നന്ദി, ചെരാതിന്റെ പ്രവര്‍ത്തകര്‍ക്ക്.

                                   _ലത്തീഫ് എരമംഗലം

ചെരാതിന്റെ കഥയം വിരസമായ പ്രവാസജീവിതത്തിനിടയില്‍ വളരെയധികം നല്ല അനുഭവം തന്നെയായിരുന്നു.
എഴുത്തുകാരനല്ലെങ്കിലും നല്ലൊരു വായക്കാരനായ എനിക്ക് എന്തുകൊണ്ടും പ്രോത്സാഹജനകമായിരുന്നു.


                             _ഹിദായത്ത്, നിലമ്പൂർ 

അടുത്ത കാലത്ത് അല്‍പ്പമെങ്കിലും കേട്ടിരിക്കാന്‍ സുഖം തോന്നിയ ഒരു ക്ളാസ്. അതാണെന്റെ അനുഭവം.
ഒരുവിധം നന്നായി സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും ബോറഡിച്ചില്ല.


                               _അഹമ്മദ് മേലാറ്റൂര്‍

പരിപ്ളവമായ ചില ആശയങ്ങള്‍ തരുന്നതില്‍ അല്ലാതെ,
കഥയുടെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഭാഷയിലെ പ്രത്യേക വിഭാഗങ്ങളിലെ ഒറ്റപ്പെട്ട ആശയങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്.


                                _ഡാര്‍ളി തോമസ്‌

ഷ്ടായി, ഇനിയും നമുക്ക് ഒരുമിക്കാം.

                          _റസൂല്‍സലാം


ഭിനന്ദനങ്ങള്‍..
ഇതിനു  പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പി.ജെ.ജെ.യുടെ ക്ളാസ് വളരെ ഇന്റര്‍സ്റിംഗ് ആന്റ് ഹെല്‍പ്പ്ഫുള്‍.. 

                              _സേബാ തോമസ്

ഷ്ടമായി നൂറുവട്ടം. സഹൃദയരുമായുള്ള സാഹിത്യ പങ്കുവെയ്പ്പ് ഒത്തിരി ബോധ്യമായി. ഇനിയും ഇത്തരം ഒത്തുചേരല്‍ കാംക്ഷിക്കുന്നു.

                             _സബീന, എം. സാലി

നസ്സ് തുറന്ന് ചില സാഹിത്യചിന്തകള്‍ പങ്കുവെയ്ക്കുവാന്‍ അപൂര്‍വ്വമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച ചെരാതിനു നന്ദി.
                                 _ഉബൈദ് എടവണ്ണ

ള്ളുതുറന്ന് ഇത്തരം ഒത്തുചേരലുകള്‍ ചര്‍ച്ചകള്‍ എന്നിവ മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
ഇതിനു  ചുക്കാന്‍ പിടിച്ച ചെരാതിനു  നന്ദി.


                     _പേര് വെളിപ്പെടുത്താതെ ഒരു ക്യാമ്പംഗം

ക്യാമ്പ് നന്നായിട്ടുണ്ട്. തീര്‍ച്ചയായും കുറെ കാലത്തിനു  ശേഷം ഇത്തരമൊരു അനുഭവം പകര്‍ന്നു തന്നതിനു  നന്ദി, അഭിനന്ദനങ്ങള്‍.

                                   _സുലൈഖ റസൂല്‍സലാം.

രു കഥാക്യാമ്പിനെ പറ്റി കേട്ടപ്പോള്‍ വളരെ കൌതുകത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കാന്‍ തോന്നി എന്നാലും ഞാന്‍ ഇതിലധികം എന്തോ പ്രതീക്ഷിച്ചു. ആദ്യഭാഗം കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു പരിമിതിയാകാം. എന്നിരുന്നാലും, ചില കഥകള്‍ പൂര്‍ണ്ണമായി വായിച്ച് അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കാതിരുന്നില്ല. വിഷയത്തില്‍ നിന്നും കുറച്ചു മാറിപ്പോയി ചിലപ്പോള്‍ എന്നും തോന്നി.
എന്തു തന്നെയായാലും ഇത്തരം ഒരനുഭവം ഒരു പ്രതീക്ഷയാണ്.
റഫീഖ് പന്നിയങ്കരയുടെയും നജിമിന്റെയും കഥകളെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു.

ആധുനികതയോ, ഉത്തരാധുനികതയോ കടന്നു വരാതെ പണ്ടത്തെ വാസനാവികൃതിയില്‍ തന്നെയായിരുന്നു അധികം പേരും നിന്നത് എന്നകാര്യം നിരാശാജകമാണ്. കെ.യു. ഇഖ്ബാല്‍ നന്നായി സംസാരിച്ചു.
ജോസഫ് അതിരുങ്കലിന്റെ ഭാഷ മനോഹരമായിരുന്നു.

മുഖ്യധാരാ സാഹിത്യത്തില്‍ നിന്നും പ്രവാസിസാഹിത്യം മാറ്റി
നിര്‍ത്തപ്പെടുന്നെങ്കില്‍ എങ്ങയൊണ് മരുഭൂമിയുടെ ആത്മകഥക്കും
ഖദീജാ മുംതാസിന്റെ ബര്‍സയ്ക്കും ബെന്യാമിന്റെ ആടുജീവിതത്തിനും  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തന്നെ ലഭിച്ചത്.

എന്തായാലും സന്തോഷ് ഏച്ചിക്കാനത്തെയും സിതാരയെയും മറ്റു ചില പുതുതലമുറയെയും ഓര്‍മിച്ചു എന്നത് ഭാഗ്യം. പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നല്ല സംരംഭങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
തെറ്റുകള്‍ കുറിച്ചു പോയെങ്കില്‍ ക്ഷമിക്കുക.
ആസ്വാദകര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്യ്രമുണ്ടല്ലൊ?


                                 _സിന്ധുപ്രഭ പ്രദീപ്.

കേരളപ്പിറവി ദിനത്തില്‍ കിട്ടിയ, എനിക്ക് നന്നായി രുചിക്കാന്‍ പറ്റിയ ഒരുഗ്രന്‍ സദ്യ. രാവിലെ മുതല്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ പരിതപിക്കുന്ന മനസ്സിനെ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടാന്‍ ആശ്വസിപ്പിച്ചു കൊണ്ട്,
നിറഞ്ഞ മനസ്സോടെ സംഘാടകര്‍ക്ക് ഭാവുകങ്ങള്‍.


                                _സുബൈദ കെ.കെ. ഉളിയില്‍

ഗോളസാഹിത്യത്തിന്റെ സ്പന്ദങ്ങളും അതിന്റെ വികാസപരിണാമ ങ്ങളും പി.ജെ.ജെ. ആന്റണിസര്‍ വിശദീകരിക്കുമ്പോള്‍ മനോഹരമായ വിശ്വലുകളായി അത് അുഭവപ്പെടുകയായിരുന്നു.
രചനാ സങ്കേതത്തിന്റെ പരിണാമങ്ങള്‍ വളരെ കൃത്യമായി വിശദീകരിക്കപ്പെട്ടു.

പ്രവാസഎഴുത്തിന്റെ സങ്കേതങ്ങളെക്കുറിച്ച് ജോസഫ് അതിരുങ്കലിന്റെ പ്രഭാഷണം പരിപാടിയിലെ അലങ്കാരമായി. ഈന്തപ്പനയില്‍ നാളികേരം ദര്‍ശിക്കുന്ന ഗൃഹാതുര എഴുത്തിലെ മുഷിപ്പിനെക്കുറിച്ച് ജോസഫ് വാചാലായി.

                                      _നൗഷാദ് കുനി യില്‍

വായനക്കാരനായ ഒരു എല്‍.കെ.ജി. കുട്ടിയ്ക്ക് ഡിഗ്രി ക്ളാസില്‍ ഇരുന്ന അുഭവം.
കഥ, വായന, ആസ്വാദനം, നിരൂപണം എന്നിവയെപ്പറ്റി ആധികാരികമായുള്ള അറിവിന്റെ ചില തുടക്കങ്ങള്‍ കിട്ടിയ ക്യാമ്പ് ഗംഭീരം.

                                      _അംജത്ഖാന്‍, എ.കെ

സാഹിത്യക്യാമ്പുകള്‍ എന്തുകൊണ്ടും വ്യത്യസ്ഥമായിരിക്കും.
നല്ല വായനക്കാരും ആസ്വാദനശൈലിയിലൂടെ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇനിയും ഇതുപോലുള്ള സാഹിത്യ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.


                                      _ഷക്കീലാ വഹാബ്

ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ഏകദിന  കഥാക്യാമ്പ് ‘കഥയം’ നിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. പ്രാസംഗികരുടെ ആവര്‍ത്തന  വിരസതയുള്ള ചര്‍ച്ച ക്യാമ്പിന്റെ  നിറം കെടുത്തി.
ഉച്ചയൂണിന്റെ ആലസ്യത്തില്‍ ചര്‍ച്ച വികാസം പ്രാപിക്കുന്നതിനു  പകരം കുറ്റിയില്‍ കെട്ടിയ കാലിയെപ്പോലെ ചുറ്റുവട്ടത്തില്‍ കറങ്ങുകയാണുണ്ടായത്.
പലരുടെയും നീണ്ട പ്രസംഗങ്ങള്‍ ആസ്വാദകരെ നിരാശരാക്കി. ആര്‍ക്കൊക്കെയോ വാശി പോലെ പ്രവാസലോകത്ത് കഥാകൃത്തുക്കളില്ല എന്നു സമര്‍ത്ഥിക്കാനായിരുന്നു പലര്‍ക്കും താല്‍പ്പര്യം.

                             _നൂര്‍ദ്ദീന്‍ അഹമ്മദ്, നീലേശ്വരം.

*************************************************************************









Tuesday, October 15, 2013

ഒരു പുഞ്ചിരിദൂരം



മരണം,
വേദനയുടെയോ
ആശ്വാസത്തിന്റെയൊ
രക്ഷപ്പെടലിന്റെയൊ?
നിര്‍വ്വചനം  അസാധ്യം.

ഈ തണല്‍
വെറുമൊരിടത്താവളം.
ഇവിടെയിരുന്നാണ്
ഓരോരുത്തരും
പരസ്പ്പരം കലഹിക്കുന്നത്.
ചിലര്‍
മണ്ണില്‍ നരകം തീര്‍ക്കുന്നത്.

ജീവിതത്തിനും
മരണത്തിനുമിടയ്ക്കുള്ള
അകലം
ഒരു പുഞ്ചിരിദൂരമെന്ന്
തിരിച്ചറിയുന്നവര്‍ക്ക്
ആകാശത്തിന്റെ വെളിച്ചം
മായ്ക്കാനും
മണ്ണില്‍ കറുപ്പ് നിറയ്ക്കാനും
മനസ്സു വരില്ല!


ചന്ദ്രിക ദിനപത്രം 26/01/2013
ചിത്രം കടപ്പാട്: Google
**********************************************************************************

Thursday, August 22, 2013

ഒരു നാള്‍



മണ്ണില്‍,
പുഴ വറ്റി മരിക്കുന്നുവെന്ന്
കവികള്‍ അലറുന്നത്
വെറുതെ...!

കിടപ്പാടം
അറിയാതൊരു നാള്‍
ആരോ പിഴുതെടുക്കുമ്പോള്‍..
വയറൊട്ടി
പൈതങ്ങള്‍
തൊള്ള പൊളിക്കുമ്പോള്‍
കിനാവ് കാണാന്‍
കെല്‍പ്പില്ലാത്ത
കണ്ണീര്‍ക്കോലങ്ങളുടെ
മുറ്റത്ത്
ഹൃദയം കീറിയൊഴുകുന്ന
നനവ്
പുഴയായ്
കുത്തിയൊലിക്കുന്നു.

അന്നേരം..
മണ്ണില്‍, പുഴ വറ്റി
മരിക്കുന്നുവെന്ന്
കവികള്‍ അലറുന്നത്
വെറുതെ...!


**************************
                                                                                                               ചിത്രം കടപ്പാട്: ഗൂഗിൾ.

Saturday, August 3, 2013

ഓലവീട്



ഓല മേഞ്ഞ വീട്..
മഴ പെയ്യുമ്പോള്‍ കാറ്റ് വീശുമ്പോള്‍..
നെഞ്ചിടിപ്പില്ലാതെ
ഉറങ്ങാന്‍ കഴിയാറില്ല.

ഓല മേഞ്ഞ വീട്... ഓലവീട്..
വര്‍ഷത്തില്‍ മേയണം.. ചിതലിനെ ഭയക്കണം..
ചെറ്റ മാന്താന്‍ വരുന്ന തെമ്മാടികളെ തുരത്തണം..
ഉറക്കത്തില്‍ ഞെട്ടുന്നു..

തറയും മൂലയും കല്ലില്‍ പണിയാന്‍ മോഹം..
കല്ലിലുയര്‍ന്നപ്പോള്‍ മുകളില്‍ ഓട് പാകണം..
ഉറങ്ങാതെ മനക്കണക്കുകള്‍..

തേങ്ങ വീണ് ഓട് നുറുങ്ങുന്നു..
ഓടിളക്കിക്കേറുന്ന കള്ളനെ കാതോര്‍ക്കുന്നു..
പട്ടികയ്ക്കും കഴുക്കോലിനും  ഒടിവുകള്‍ വീഴുന്നു..
ഉറക്കം ഭയത്തിനു വഴിമാറുന്നു.

ടെറസിട്ട വീടാണ് താമസയോഗ്യം..
അതിനൊരു പത്രാസ് വേറെ..
എന്നാല്‍..!
എന്തൊരു വിങ്ങലാണ്..
അടഞ്ഞ മുറികള്‍ തുറക്കുമ്പോള്‍
ചുടുകാറ്റ് പെയ്യുന്നു..
പിന്നീട്..
മഴ പെയ്യുമ്പോള്‍
മേല്‍ക്കൂരയുടെ  മൂലകളില്‍ കിനിച്ചില്‍..
അടഞ്ഞ വാതിലിനുള്ളില്‍
മുഖമൊളിപ്പിച്ചിരിക്കുമ്പോള്‍
ഒന്നുമറിയുന്നില്ലൊന്നും..

മഴയുടെ സംഗീതം.. കാറ്റിന്റെ രാഗസുധ..
തണുപ്പിന്റെ രാരീരം..
ഒന്നുമറിയുന്നില്ലൊന്നും..!

ഇതൊന്നുമറിയാതെ
ഇതൊന്നുമില്ലാതെ 
രാവും പകലും ഉറങ്ങാന്‍ കഴിയാതെ..
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്...
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്..?




ഗൾഫ് മാധ്യമം  ചെപ്പ്, 2013 ആഗസ്റ്റ്‌ 2 വെള്ളിയാഴ്ച.