Friday, July 5, 2013

ഇമ്മിണി ബല്യ ഒരാള്‍


ജൂലൈ 5നു വൈക്കം മുഹമ്മദ് ബഷീറിന്റെ പത്തൊമ്പതാമത് ചരമദിനം


നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി
അവശേഷിക്കാന്‍ പോവുകയാണ്. നീ മാത്രം.
കാലമിത്രയും നീ എന്നെ അപാരമായി സ്നേഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം.
ഇനിയും സൌകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാന്‍.

അനര്‍ഘ നിമിഷം എന്ന കൃതിയിലെ ഒരു വാചകമാണിത്.
ഒരാള്‍ സ്വയം ഒന്നുമല്ലെന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുകയാണ്.
സ്വയം ലഘുഗ്രന്ഥമാണെന്ന് പണ്ടേ പറഞ്ഞ് വെച്ചെങ്കിലും വായിച്ചാലും വായിച്ചാലും തീരാത്ത മഹാഗ്രന്ഥമായി, ജീവിതപ്പുസ്തകമായി ബഷീര്‍ അനുദിനം വളരുകയാണ്. ഈ അണ്ഡകടാഹം മുഴുവന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിശ്വസാഹിത്യകാരനെ കുറിച്ച് വിചാരപ്പെടുകയും ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ബഷീറിന്റെ രചനയുടെ ഏറ്റവും വലിയ ശക്തി ലളിതമായ ഭാഷ തന്നെയാണ്. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു. ജീവിതത്തിന്റെ വലിയ യാഥാര്‍ത്ഥ്യങ്ങള്‍ കുറുകിയ വരികളിലൂടെ അവതരിപ്പിച്ച് അനുവാചകരെ കരയിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മുഷ്യരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അത് കാലത്തെ അതിജീവിക്കുന്നവയായി.
മുച്ചീട്ടുകളിക്കാരും ജയില്‍പ്പുള്ളികളും തേവടിശ്ശികളും, പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും, തെരുവുതെണ്ടികളും ബഷീറിന്റെ രചനകളില്‍ കഥാപാത്രങ്ങളായി. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമില്ലായിരുന്നു.
സമൂഹത്തിനു നേരെയുള്ള വിമര്‍ശനം  നിറഞ്ഞ ചോദ്യങ്ങള്‍ ബഷീര്‍ നര്‍മത്തിലൊളിപ്പിച്ചു വെച്ചു. യാത്രയുടെയും അലച്ചിലിന്റെയുമൊക്കെ ഒടുക്കം കൈവന്ന തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ എഴുത്തിനെ അനശ്വരമാക്കി.

ആ പൂവ് നീ എന്തു ചെയ്തു?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നത് എന്തിന് ?
ചവിട്ടിയരച്ചു കളഞ്ഞോന്നറിയുവാന്‍
കളഞ്ഞുവെങ്കിലെന്ത്?
ഓ, ഒന്നുമില്ല.. എന്റെ ഹൃദയമായിരുന്നു അത്. (ഏകാന്തതയുടെ മഹാതീരം)

എത്ര കാവ്യാത്മകമായാണ് ഈ പ്രണയവചനം  എഴുതിച്ചേര്‍ത്തിരിക്കുന്നത്. ജീവിതത്തോടും പ്രകൃതിയോടും നിതാന്തമായി പ്രണയം ഉള്ളില്‍ സൂക്ഷിച്ചു വെച്ച നിത്യകാമുകന്‍ തന്നെയായിരുന്നു ഉന്‍മാദിയായ ബഷീര്‍ എന്ന മുഷ്യന്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകള്‍ക്ക് സാഹിത്യഭംഗി പോരെന്നുള്ള നിരൂപകരുടെ വിമര്‍ശത്തിനു  മറുപടിയെന്നോണം അദ്ദേഹമെഴുതിയതിങ്ങനെ.

‘പഴയ കാലത്ത്,  എഴുത്തൊന്നുമില്ലാതിരുന്ന കാലത്ത് മരുഭൂമിയില്‍ ആളുകള്‍ ടെന്റും കെട്ടി അതിനു  മുമ്പില്‍ ഒരു പാത്രവും വെച്ച് കഥ പറയാനിരിക്കും. ഞാനും  അത് തന്നെയാണ് ചെയ്യുന്നത്. അല്ലാതെ ആഖ്യയും ആഖ്യാതവും എനിക്കറിയില്ല. ഞാന്‍ കഥ പറയുകയാണ്'

വിപ്ളവകാരിയും ആക്ടിവിസ്റും സൂഫിയും ഉന്‍മാദിയും സാധാരണ മനുഷ്യനും    ഒരാളില്‍ തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനയും വെളിപ്പെടുത്തുന്നു.

പുതിയ കാലത്ത് തന്റെ സുഖം മാത്രം ലക്ഷ്യമാക്കുകയും ലോകം തനിക്കു
മാത്രമായി അവതരിക്കപ്പെട്ടതാണെന്ന ധാര്‍ഷ്ട്യത്തോടെ
നെഞ്ചു വിരിച്ച് നടക്കുകയും ചെയ്യുന്ന മനുഷ്യന് മുമ്പില്‍ മഹത്തായ സന്ദേശം പോലെ,  ഈ ഭൂമി തന്റെ അടുത്തിരിക്കുന്നയാള്‍ക്കു കൂടി - അത് പുല്‍ക്കൊടിയായാലും ഉറുമ്പായാലും മണല്‍തരിയായാലും പഴുതാരയായാലും അവര്‍ക്കെല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് ബഷീര്‍ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
വായിച്ചിട്ടും, വായിച്ചിട്ടും കൊതി തീരാത്ത അദ്ദേഹത്തിന്റെ നിരവധി സര്‍ഗരചനകളിലൂടെ.

* * * * *
തേജസ്‌ ആഴ്ചവട്ടം, 2013 ജൂലൈ 5

Saturday, June 22, 2013

പുഴയുടെ കഥ

ഫേസ്ബുക്ക്  വാസ്തവം ഗ്രൂപ്പ് നടത്തിയ
കവിതാ മത്സരത്തിൽ സമ്മാനാർഹമായ കവിത
പ്രിയപ്പെട്ട വായനക്കാർക്കായി ഇവിടെ ചേർക്കുന്നു
ഒരിക്കൽ പുഴ
കരയോട് ചോദിച്ചു..
നിനക്കെന്റെ കഥ കേൾക്കണോ..

നിനക്ക് തിരക്കല്ലെ..
കര പരിഭവം ഭാവിച്ചു.

കാലം വീണ്ടുമൊഴുകി,
പുഴ പോലെ..

ഒടുവിൽ,
വിങ്ങലടക്കി
മണ്ണിനടിയിൽ പുഴ
ഒതുങ്ങിയൊടുങ്ങു മ്പോൾ
കര കഥ പറയാൻ തുടങ്ങി..

പണ്ടു പണ്ട്.. ഇവിടെയൊരു
പുഴയുണ്ടായിരുന്നു.
 ***********************

https://www.facebook.com/photo.php?fbid=10151657883734658&set=gm.514299878617430&type=1&theater

Tuesday, June 11, 2013

കുട പറഞ്ഞത്..



മഴനനവോടെ ഉമ്മറത്തേക്ക് ഓടിക്കയറി.
അമ്മ മുഖം ചുളിച്ചുകൊണ്ട് തോര്‍ത്ത്മുണ്ട് കയ്യിലേക്കെറിഞ്ഞു.
തല അമര്‍ത്തി തുടക്കുമ്പോള്‍ ജംഗ്ഷനിലെ കടയില്‍ വെച്ച പൊതിയുടെ കാര്യം ഓര്‍മ്മയിലേക്ക് മഴത്തുള്ളിയായി തെറിച്ചു.

‘..അമ്മേ.. കുടയെവിടെ..’
അമ്മ പിന്നെയും പുരികം വളച്ചു.
‘..നീയിപ്പം പുറത്തൂന്ന് വന്നിട്ടല്ലെയുള്ളൂ.. ഇനിയും ഈ മഴയത്ത് എങ്ങോട്ടാ..’
അമ്മയുടെ തോളില്‍ തോര്‍ത്ത് കുടഞ്ഞിട്ടു.
‘..അമ്മയുടെ മരുന്നും വേറെ ചില സാധങ്ങളും ജംഗ്ഷനിലെ കടയില്‍
വെച്ചാ മൈതാനത്തേക്ക് പന്തു കളിക്കാന്‍..'

അമ്മ കുടയെടുക്കാന്‍ അകത്തേക്ക്.
കുട തെരഞ്ഞു മടുത്തപ്പോഴാണ് അമ്മ ഉമ്മറത്തെത്തിയത്.
പിന്നെ, തെരച്ചിലില്‍ ഞാനും  പങ്കാളിയായി.
രാവിലെ മുറിയുടെ മൂലയില്‍ കണ്ടതാണല്ലൊ.. അതെവിടെ പോയി..?
അമ്മ തനിയെ പറഞ്ഞു കൊണ്ടേയിരുന്നു.
നാശം.. ഇനി  മഴ തോരട്ടെ..
മുറ്റത്തേക്ക് കനം  വെച്ചു വീഴുന്ന മഴത്തുള്ളിയിലേക്ക് നോക്കി പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു.

അന്നേരം വീടിനകത്തെ ഇരുട്ട് വീണ മൂലയില്‍ നിന്നും
കുട ഇതെല്ലാം കാണുകയായിരുന്നു.

‘..ങും.. മഴ നെലത്ത് വീഴുമ്പഴേ.. ഇവരൊക്കെ എന്നെ ഓര്‍ക്കൂ.. അതുകഴിഞ്ഞാല്‍ ചുരുട്ടി ഒരേറാ..
എവിടെയാ ചെന്നുവീഴുന്നതെന്ന് പോലും നോക്കാതെ..'

വീടിനു  മുകളില്‍ മഴ പെയ്തുകൊണ്ടേയിരുന്നു.

******************************************

Thursday, May 2, 2013

മുയല്‍ജാതകം



ചടുകുടാ ചടുകുടാ എന്ന ഒച്ചയോടെ വിറച്ചോടുന്ന ഓട്ടോറിക്ഷ..!
വിവാഹപ്രായമായ മകള്‍ക്ക് ആലോചനയുമായി വന്ന ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ജാതകം വാങ്ങാന്‍ പോവുമ്പോള്‍ ഒരാള്‍ക്ക് ഇത്രയും മാനസിക പിരിമുറുക്കമുണ്ടാവുമോ എന്ന് ഓട്ടോയില്‍ ചാരിയിരുന്നു കൊണ്ട് ആലോചിക്കുകയായിരുന്നു.
എന്നാല്‍ ഇത് അല്ലല്ലൊ.. ചത്ത മുയലിനെ ജീവന്‍ വെപ്പിച്ച് അരുമ സന്താനത്തിന്റെ മുമ്പില്‍ വെക്കാനുള്ള നെട്ടോട്ടമാണല്ലോ സ്വയം നടത്തുന്നത്.
എന്തായാലും വേണ്ടില്ല.. ഇറങ്ങിത്തിരിച്ചില്ലെ.. റോഡിലെ തിരക്കുകള്‍ക്ക് ചെവിയോര്‍ക്കാതെ ഞാന്‍ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു.

വീടുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന ഒരു തമിഴനാണ് ആഴ്ചകള്‍ക്കു മുമ്പ് ഒരു വെളുത്ത മുയല്‍ ക്കുഞ്ഞിനെ മുറ്റത്തേക്കിറക്കി വിട്ടത്. മുറ്റത്തു നിന്നും അകത്തേക്കും അവിടുന്ന് കിടപ്പുമുറിയിലേക്കും പരക്കംപാഞ്ഞ മുയല്‍ക്കുഞ്ഞിനെ അഞ്ചു വയസ്സുകാരി മകള്‍ പിന്റുവെന്ന് പേരും നല്‍കി പുറത്തേക്ക് വിടാ തെ വീട്ടിനകത്തു കളിക്കൂട്ടുകാരിയാക്കി.
ഓഫീസിലിരുന്നു തീരാത്ത ചില പേപ്പര്‍ വര്‍കുകളും മറ്റും രാത്രിയുടെ മൌനത്തില്‍ ഏകാഗ്രതയോടെ ചെയ്യു മ്പോള്‍ മകളോടി വരും.
അവള്‍ക്ക് മുയലിന്റെ ജീവിതരീതി അറിയണം. അവയുടെ ഭക്ഷണത്തെപ്പറ്റി അറിയണം. കാലാവസ്ഥ വ്യതിയാനങ്ങളില്‍ അതിനെ എങ്ങനെയൊക്കെ സംരക്ഷിക്കപ്പെടണമെന്ന് അറിയണം.
അവള്‍ക്കറിയാം എന്റെ മുമ്പിലെ കംമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും അനന്ത സാധ്യതകള്‍. പുതിയ ജനറേഷന്‍.. അവരുടെ അറിവുകള്‍ വിരല്‍ത്തുമ്പിലാണ്.
അവളുടെ ഓരോ സംശയങ്ങളും തീര്‍ത്തുകൊണ്ട് സ്വന്തം ജോലിയില്‍ നിന്നും മുഖമുയര്‍ത്താതെ ഞാനിരി ക്കുമ്പോള്‍ തൊട്ടപ്പുറത്തെ കുഷ്യന്‍ചെയറില്‍ മുയല്‍ക്കുഞ്ഞിനേയും മടിയിലിരുത്തി അവള്‍ ഉറക്കം തുടങ്ങി യിട്ടുണ്ടാകും.
വൈകുന്നേരം ഞാന്‍ ഓഫീസില്‍ നിന്നെത്തുന്നതും കാത്ത് സിറ്റൌട്ടില്‍ മോളിരിപ്പുണ്ടാവും. രാവിലെ മുതല്‍ വൈകുന്നേരം വരെ പിന്റുമോള്‍ ചെയ്തു വെച്ച വികൃതിയുടെ കൂമ്പാരങ്ങള്‍ എന്നെ കാണുമ്പോള്‍ തന്നെ അവള്‍ എന്റെ മുമ്പിലേക്ക് കുടയും.
അവള്‍ വിളിച്ചിട്ട് കേള്‍ക്കാതെ ഓടിയതും ഭക്ഷണപാത്രം തട്ടിമറിച്ചിട്ടതും കിടക്കയില്‍ കയറിയിരുന്ന് അപ്പിയി ട്ടതും...
ചിലപ്പോള്‍ ഇതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലാവില്ല ഞാന്‍.
അപ്പോഴവള്‍ക്ക് പിണക്കമായി, പരാതിയായി.
പപ്പക്ക് എന്നോടും പിന്റുമോളോടും തീരെ ഇഷ്ടല്ല്യാണ്ടായിക്കുണുവെന്ന് ചിണുങ്ങിക്കരയും.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതിന്റെ ഫലമായി ലഭിച്ച അറിവില്‍ നിന്നും വാങ്ങിയ റാബിറ്റ് ഫുഡ് പാക്കറ്റ് അവള്‍ക്കു നേരെ നീട്ടുമ്പോള്‍ അവള്‍ പിണക്കം മറന്ന് ഓടിവരും.
കിടപ്പുമുറിയോടു ചേര്‍ന്നുള്ള അധികം ചെറുതല്ലാത്ത ഒരു മുറിയുണ്ട്.
വിരുന്നുകാരോ മറ്റോ വന്നാല്‍ അവര്‍ക്കുറങ്ങാനുള്ള സൌകര്യം ആ മുറിയിലാണ് ചെയ്തു കൊടുക്കാറ്. അതു കൊണ്ടുതന്നെ കൂടുതലും ഉപയോഗിക്കാറില്ല. രാത്രിയില്‍ പിന്റുമോളെ അതിനകത്തേക്ക് കടത്തിവിട്ട് വാതിലടക്കുകയാണ് പതിവ്.
മുയല്‍ക്കുഞ്ഞിന് കൂടുണ്ടാക്കി കൊടുത്തില്ല എന്നതായിരുന്നു അവളുടെ ഏറ്റവും അവസാനത്തെ പരാതി. 
നല്ലൊരു കൂടന്വേഷിക്കുകയാണെന്നും അത് കിട്ടാതിരിക്കുന്നതു കൊണ്ടാണ് ഇത്രയും നാള്‍ വൈകിയതെ ന്നും ഒരാഴ്ചക്കുള്ളില്‍ പിന്റുമോള്‍ മണിയനാശാരി ഉണ്ടാക്കിയ കൂട്ടിലായിരിക്കും ഉറക്കമെന്നും മോള്‍ക്ക് വാക്കു നല്‍കിയാണ് അന്ന് രാവിലെ ഓഫീസിലേക്ക് പടിയിറങ്ങിയത്.
അന്ന് രാത്രിയില്‍ വല്ലാത്തൊരു സംഭവമുണ്ടായി.
ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് പിന്റുമോള്‍ എന്തു ചെയ്യുകയാണെന്ന് ഒന്നുകൂടി അവള്‍ക്കറിയണം. അവള്‍ ശബ്ദമുണ്ടാക്കാതെ ആ മുറിയുടെ വാതില്‍ തുറന്നു. അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. മുറിയില്‍ പെട്ടെന്ന് പടര്‍ന്ന വെട്ടത്തിന്റെ പരിഭ്രമമാവാം. പിന്റുമോള്‍ മുറിയിലാകെ പരക്കം പായാന്‍ തുടങ്ങി. അവളു ടെ കാല്‍പാദത്തിനു മുകളിലൂടെ പിന്റുവിന്റെ മൃദുനഖങ്ങള്‍ പോറിയപ്പോള്‍ അവള്‍ കാലുകള്‍ കുടഞ്ഞ് ഭയത്തോടെ അലമുറയിട്ടു തുള്ളാന്‍ തുടങ്ങി. അതിനിടയില്‍ പിന്റുമോള്‍ വീണ്ടും അവളുടെ സമീപ മെത്തിയിരുന്നു. അവളുടെ കാലുകള്‍ പിന്റുമോളുടെ ശരീരത്തിലമര്‍ന്നു. അവളുടെ കാല്‍ക്കീഴില്‍ കിടന്ന് പിന്റുമോള്‍ പിടഞ്ഞു.
വായില്‍ നിന്നും ചോരയൊലിപ്പിച്ച് പിടയുന്ന പിന്റുമോളുടെ ചലനങ്ങള്‍ കണ്ട് അവള്‍ പേടിച്ച് അലറിക്കര ഞ്ഞു. ഞാനും ഭാര്യയും ഓടിവന്നപ്പോഴേക്കും അവള്‍ കരഞ്ഞ് തളര്‍ന്നിരുന്നു. പിന്റുമോള്‍ ചലനമറ്റ് അവളു ടെ കാല്‍ക്കീഴിലും.
അന്ന് രാത്രി എങ്ങനെയാണ് കഴിച്ചു കൂട്ടിയത്..
എനിക്കറിയില്ല. അവള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന പനി. ഇടയ്ക്കിടക്ക് എന്തൊക്കെയോ പിച്ചും പേയും പറയുന്നു.
നേരം വെളുക്കുന്നതിനു മുമ്പു തന്നെ മകളേയും കൊണ്ടിറങ്ങി. ഡോക്ടര്‍ കേശവറാവുവിനെ കാണിച്ചു. അരുതാത്തതെന്തോ കണ്ടതിന്റെ ഷോക്കാണ്.. പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞു. ഒന്നുരണ്ട് മെഡിസിന്‍ കുറിച്ചു തന്നു.
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടാല്‍ ചില കുട്ടികള്‍ക്ക് ഇങ്ങനെയാ..
ചില കേസില്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്..
ഡോണ്ട് വെറിഡ്.. നമുക്ക് നോക്കാം..
ഡോക്ടര്‍ സമാധാനിപ്പിച്ചു.
വീട്ടിലെത്തി മകളെ അകത്ത് കിടത്തി. പിന്നേയും പുറത്തേക്ക്..
കുളിക്കാനോ ഒരു കപ്പ് കാപ്പി കഴിക്കാനോ നില്‍ക്കാതെ പുറത്തേക്കിറങ്ങുന്ന എന്നോടൊപ്പം ഭാര്യയും ഓടി വന്നു.
നിങ്ങളെങ്ങോട്ടാ..
പെട്ടെന്ന് വരാമെന്ന ആംഗ്യം മാത്രം.

*  *  *  *  *  *  *  *  *  *

സെന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ അടുത്ത് ഓട്ടോയില്‍ നിന്നിറങ്ങി. പീറ്ററിന്റെ കടയന്വേഷിച്ചു. ബസ്സ്റോപ്പിന്റെ ഇരുമ്പുതൂണില്‍ ചാരി നിന്നിരുന്ന മനുഷ്യന്‍ അല്‍പ്പമകലേക്ക് വിരല്‍ ചൂണ്ടി അവ്യക്തമായി എന്തോ പറ ഞ്ഞു.
ബസ്സ്റോപ്പിലെ മനുഷ്യന്‍ ചൂണ്ടിക്കാണിച്ച ദിക്കില്‍ നാലോ അഞ്ചോ കടകള്‍ മാത്രമാണുണ്ടായിരുന്നത്. പീറ്ററിന്റെ കട കണ്ടു. ഇനി ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി കാര്യങ്ങള്‍...
നന്നായി ഭക്ഷണം കഴിക്കാന്‍ പാകത്തിലുള്ള ഹോട്ടലൊന്നും പരിസരത്തില്ലെന്നു തോന്നുന്നു. ബസ്സ്റോപ്പി ന്റെ അരികു ചേര്‍ന്ന് ടിന്‍ഷീറ്റു മേഞ്ഞ പെട്ടിക്കടയില്‍ നിന്നും എഫ്.എം റേഡിയോയിലെ പാട്ടുപൂരം റോഡിലേക്ക്.
തൂക്കിയിട്ട ഏത്തപ്പഴക്കുലകള്‍ക്കും നിരത്തി വെച്ച മിഠായിഭരണിക്കുമിടയിലൂടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി തണുത്ത സോഡയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
പീറ്ററിന്റെ കടയ്ക്കു മുന്നിലെത്തുമ്പോള്‍ പിന്നേയും വിയര്‍ത്തിരുന്നു.
ഏതൊക്കെയോ പാര്‍ട്സുകള്‍ നുള്ളിപ്പെറുക്കി മേശപ്പുറത്ത് തുറന്നു വെച്ച കംപ്യൂട്ടര്‍ സിസ്റത്തിന്റെ ഉള്‍വയറ്റില്‍ ഒട്ടിച്ചു വെക്കുന്ന മനുഷ്യന്‍ പീറ്റര്‍ തന്നെയെന്ന് ഉറപ്പിച്ചു.
'പീറ്ററല്ലേ..'
'..അതെ..'
പീറ്ററിന്റെ കറുത്ത മുഖത്ത് വെളുത്ത ചിരി.
'..ഒരു കാര്യത്തിനായി രാവിലെ മുതല്‍ അലയുന്നതാ.. പീറ്ററിനെ കണ്ടാല്‍ മതിയെന്ന് പാളയം റോഡിലെ സൈക്കിളുകടക്കാരന്‍ പറഞ്ഞു..'
'..പീറ്ററ് വിചാരിച്ചിട്ട് എന്തൂട്ട് ചെയ്യാനാ..'
മേശപ്പുറത്തെ കംപ്യൂട്ടറിന്റെ ശരീരഭാഗങ്ങള്‍ മുഷിഞ്ഞൊരു തുണി കൊണ്ട് മൂടി പീറ്റര്‍ ഞെളിഞ്ഞു നിന്നു.
'..എനിക്കൊരു വെളുത്ത മുയല്‍ക്കുഞ്ഞിനെ വേണം..'
എന്റെ കിതപ്പ് വിയര്‍പ്പു മണക്കുന്നുണ്ടായിരുന്നു.
'..വെളുത്ത മുയല്‍ക്കുഞ്ഞ്...'
പീറ്റര്‍ ആകാശത്തേക്ക് നോക്കി എന്തോ കണക്കു കൂട്ടി.
കടയ്ക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന, പീറ്ററിനേക്കാള്‍ കറുത്ത് മുഷിഞ്ഞ ബൈക്ക് സ്റാര്‍ട്ട് ചെയ്ത് എന്നോട് കയറാന്‍ ആംഗ്യം കാണിച്ചു. അടുത്ത കടക്കാരനോട് ഉടനെയെത്താമെന്ന് പറഞ്ഞ് ബൈക്ക് പറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുയല്‍ക്കുഞ്ഞിനെ കിട്ടുമോ എന്ന ആശങ്ക വാക്കുകളായി പുറത്തേക്ക് വന്നു.
'..അപ്പോ.. ഈ പീറ്ററിനെ വിശ്വാസമില്ലെന്ന്..'
'..പൊള്ളുന്ന വെയിലത്ത് ഇത്രേം അന്വേഷിച്ച് വന്നത് വിശ്വാസം കൊണ്ടല്ലേ..'
പീറ്ററിന് സുഖിച്ചെന്ന് തോന്നുന്നു.
.നിരത്തില്‍ നിന്നും ഏതൊക്കെയോ ഊടുവഴികളിലൂടെ ബൈക്കുരുണ്ടു.
റോഡിലെ കുണ്ടും കുഴിയും വക വെയ്ക്കാതെയും പിന്നിലിരിക്കുന്ന ഞാന്‍ അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടയ്ക്കിടെ ചെരിഞ്ഞു നോക്കിയും പീറ്റര്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങി.
പട്ടണത്തിലെ പേരു കേട്ട കോട്ട് മേക്കറാണ് പീറ്റര്‍. പ്രശസ്തമായ എല്ലാ തയ്യല്‍ക്കടയിലും അയാള്‍ ജോലി ചെയ്തിട്ടുണ്ട്. ജോലിക്കൂടുതലുള്ള സമയങ്ങളില്‍ പീറ്ററിനെ തിരിയിട്ടു നോക്കിയാല്‍ കാണില്ല. ലോകത്തിലെ മികച്ച കൃഷിയേതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കഞ്ചാവുകൃഷിയെന്നേ പീറ്റര്‍ പറയൂ. ആ സാധനവുമായി അയാള്‍ അത്രയേറെ അടുത്തു പോയി. മറ്റു കൊള്ളരുതായ്മകളൊന്നും ഇതുവരെ ആരും പീറ്ററിന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ല.
ഒരിക്കല്‍ തുണിക്കടയോട് ചേര്‍ന്ന് നടത്തിയിരുന്ന തയ്യല്‍ക്കടയില്‍ ഒരാളുടെ പാന്റിന് മൂന്ന് കാല് തയ്ച്ച് ആ മേഖലയോട് വിട പറഞ്ഞതാണത്രേ പീറ്റര്‍.
തുണിയുടെ വിലയും തയ്യല്‍ക്കൂലിയും ചേര്‍ത്ത് വാങ്ങി പാന്റും കോട്ടും തയ്ച്ചു കൊടുക്കുന്ന ആ സ്ഥാപന ത്തിന്റെ മുഖ്യആകര്‍ഷണം പീറ്ററെന്ന തയ്യല്‍ക്കാരനും.
ഒരിക്കല്‍ തന്റെ ഇഷ്ടവസ്തുവിന്റെ ലഹരിയിലായിരുന്ന പീറ്റര്‍ പാന്റിന് മൂന്ന് കാല് തയ്ച്ചു. തയ്യല്‍ പൂര്‍ത്തിയായപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം ബോധ്യമായത്.
പക്ഷേ, കടയുടമ ചിരിച്ചില്ല. പീറ്ററിനെ വഴക്കു പറഞ്ഞില്ല.
അയാള്‍ ചില്ലുകൂട്ടില്‍ മൂന്ന് കാലുള്ള പാന്റ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
മൂന്ന് കാലുകള്‍ പാന്റിന് എങ്ങനെ കൂട്ടി യോജിപ്പിച്ച് തയ്ച്ചതെന്ന ആകാംക്ഷയില്‍ ജില്ലയിലെ പല ഭാഗത്തു നിന്നും പഴയതും പുതിയതുമായ തയ്യല്‍ക്കാര്‍ കടയുടെ മുമ്പില്‍ വന്ന് ചില്ലുകൂട്ടിലേക്ക് നോക്കി മിഴിച്ചു നോക്കുന്ന കാഴ്ച കാണാന്‍ പീറ്റര്‍ അവിടെയുണ്ടായിരുന്നില്ല. ഈ തൊഴില്‍ തനിക്കു ചേര്‍ന്നതല്ലെന്ന് സ്വയം ഉറപ്പിച്ച് തയ്യല്‍ക്കടക്കാരനോട് നമസ്ക്കാരം പറഞ്ഞു പടിയിറങ്ങി.
പിന്നെ പീറ്റര്‍ ചെയ്യാത്ത ജോലികളൊന്നുമില്ല.
'..ദേ.. സ്ഥലമെത്തീട്ടോ.. പീറ്ററിന്റെ കഥ കേട്ട് ബോറഡിക്കണ്ട..'
പ്ളാസ്റിക് ഷീറ്റു കൊണ്ടും ഉപയോഗം കഴിഞ്ഞ ഫ്ളക്സ് ബാനറുകള്‍ കൊണ്ടും കെട്ടി മറച്ച കമ്പൌണ്ടിനക ത്തെ ഓടിട്ടൊരു കെട്ടിടത്തിന്റെ മുമ്പില്‍ പീറ്റര്‍ ബൈക്ക് ഓഫ് ചെയ്തു.
അത് പഴയൊരു വീടായിരുന്നു.
മുറ്റം നിറയെ കിളിക്കൂടുകളും പ്രാവും തത്തയും മുയലും വിവിധ വര്‍ണ്ണത്തിലുള്ള മീനുകളും...
ഞാന്‍ മറ്റേതോ ലോകത്തിലെത്തിപ്പെട്ട പോലെ തോന്നി.
'..ടോ.. ചേട്ടായ്യേ... ഇയ്യാക്കൊരു മുയല്‍ക്കുഞ്ഞിനെ വേണംന്ന്... വെളുത്ത മുയല്‍ക്കുഞ്ഞ്..'
അവിടെ കിളികള്‍ക്ക് തീറ്റയെറിഞ്ഞു കൊടുക്കുന്ന മനുഷ്യനെ നോക്കി പീറ്റര്‍ ഒച്ചവെച്ചു.
'.വെളുത്ത മുയല്‍ക്കുഞ്ഞ്.. വെളുത്ത മുയല്‍ക്കുഞ്ഞ്...'
അങ്ങനെ ഉരുവിട്ടു കൊണ്ട് അയാള്‍ മുറ്റം മുഴുവന്‍ പരതിയ ശേഷം കെട്ടിടത്തിന്റെ പിറകുവശത്തേക്കോടി.
അവനിപ്പോള്‍ വരുമെന്ന് കണ്ണിറുക്കി ആംഗ്യം കാട്ടിയ ശേഷം പീറ്റര്‍ തടിച്ചൊരു ബീഡി കത്തിച്ച് ആകാശ ത്തേക്ക് പറക്കാന്‍ ഒരുങ്ങി.

*  *  *  *  *  *  *  *  *  *

നേരം വെളുക്കും മുമ്പേ വീട്ടില്‍ നിന്നിറങ്ങിപ്പോയ ആളെ ഉച്ച തിരിഞ്ഞിട്ടും കാണാതായപ്പോള്‍ വിഷമത്തോ ടെ സിറ്റൌട്ടില്‍ നില്‍ക്കുന്ന ഭാര്യയുടെ മുമ്പിലേക്ക് കൂട്ടിലടച്ച മുയല്‍ക്കുഞ്ഞിനേയും കൊണ്ട് കയറിച്ചെന്ന പ്പോള്‍ അവളുടെ കണ്ണില്‍ അമ്പരപ്പ്.
മൊബൈല്‍ഫോണ്‍ വീട്ടില്‍ വെച്ച് പുറത്തിറങ്ങിയതിനാല്‍ അവള്‍ക്ക് വിളിക്കാനും കഴിഞ്ഞില്ല.
മകളപ്പോഴും ഉണര്‍ന്നിരുന്നില്ല.
അവളുടെ നെറ്റിയില്‍ കൈ വെച്ചു നോക്കി. പനിയുടെ പൊള്ളലിന് അല്‍പ്പം കുറവുണ്ട്.
ഭാര്യയെ നോക്കിയപ്പോള്‍ രാവിലെയും ഉച്ചക്കും മരുന്ന് കൊടുത്തെന്ന് അവളറിയിച്ചു.
'..കുളിക്കണം.. നന്നായി എന്തെങ്കിലും കഴിക്കണം... ഒന്നുറങ്ങണം'
'..കുളിച്ചു വന്നോളൂ.. ഞാന്‍ ചോറ് വിളമ്പി വെയ്ക്കാം...'
അവള്‍ അടുക്കളയിലേക്ക്.. ഞാന്‍ ബാത്റൂമിലേക്കും.

എത്ര നേരം ഉറങ്ങിയെന്ന് ഒരോര്‍മ്മയുമില്ല.
മകളുടെ ആര്‍പ്പുവിളിയില്‍ കിനാവ് മുറിഞ്ഞ് ഞാന്‍ കിടക്കയില്‍ പിടഞ്ഞു.
മുറിയില്‍ നിന്നും പുറത്തിറങ്ങി ഡൈനിംഗ് ഹാളിലെത്തിയെത്തിയപ്പോള്‍ മകള്‍ മുയല്‍ക്കൂടിനരികെ നിന്നു ചിരിക്കുന്നു.
മോളെന്റെ അരികിലേക്ക് ഓടി വന്നു.
പപ്പാ.. പപ്പാ.. മണിയനാശാരി ഉണ്ടാക്കിക്കൊണ്ടു വന്നതാണെന്നാ തോന്നുന്നത് പിന്റുമോള്‍ക്ക് നല്ല കൂട്.. ഞാന്‍ അറിയാതെ ചവിട്ട്യേതാണെങ്കിലും പിന്റുമോള്‍ടെ പേടി മാറിയിട്ടില്ല.. ഞാന്‍ പറയുന്നതൊന്നും അവള്‍ അനുസരിക്കുന്നില്ല.
'..ശരിയാ.. പേടി മാറിക്കോട്ടെ.. ഇപ്പോ അവളെ ശല്യം ചെയ്യേണ്ട...'
ഞാനും അതിനെ ശരി വെച്ചു.
'ഇവള്‍ കള്ളിയാ.. ചത്തപോലെ കിടന്ന് എന്നെ കരയിച്ചില്ലെ..'
പരിഭവിച്ചു കൊണ്ട് അവള്‍ കൂട്ടിനരികില്‍ ചെന്നിരുന്നു.
കൂട്ടിനുള്ളില്‍ മുയല്‍ക്കുഞ്ഞ് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദം അവള്‍ക്കിഷ്ടമായെന്ന് തോന്നുന്നു. അവള്‍ മുയല്‍ക്കുഞ്ഞിന്റെ കണ്ണിലേക്ക് നോക്കി നിര്‍ത്താതെ ചിരിച്ചു. അവളുടെ ചിരി കൂട് നിറ ഞ്ഞ് പുറത്തേക്കൊഴുകി.. വീട്ടിനകത്തും മുറ്റത്തും നിറഞ്ഞു.

*******************************************

Sunday, April 14, 2013

കടിഞ്ഞൂല്‍ സന്തതി

                                                                                    (ചിത്രം കടപ്പാട് : ഗൂഗ്ൾ)
                                                 

ഉള്ള് നിറയെ ആധിയായിരുന്നു.
പിറക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന കാര്യത്തില്‍ പോലും ഉത്കണ്ഠ.
ജീവിതത്തിന് പുതിയൊരര്‍ത്ഥം കൈവരാന്‍ പോകുന്നതിന്റെ സന്തോഷം.
അടഞ്ഞ വാതിലിനപ്പുറം അങ്ങേര് വിയര്‍ത്തു നില്‍ക്കുകയാവും.
പച്ച നിറമുള്ള പുതപ്പിനുള്ളില്‍ കിടന്ന് ശരീരം വില്ലു പോലെ വളഞ്ഞു.
മുഖം പാതി മൂടിയ ഡോക്ടറും കൂടെ സിസ്റ്റര്‍മാരും ചുറ്റും നിന്ന് എന്തൊക്കെയോ കുശുകുശുക്കുന്നു.
ദേഹം അടിമുടി ഉരുകുന്ന വേദന.
ലോകം അവസാനിക്കാന്‍ പോവുകയാണോ എന്നൊരു തോന്നല്‍.
ഞൊടിയിടയില്‍ കണ്‍മുമ്പില്‍ ഇരുട്ട് കുമിഞ്ഞു.
പിന്നീടെപ്പൊഴോ പൈതലിന്റെ തൊള്ള കീറിയുള്ള കരച്ചില്‍ പ്രതീക്ഷിച്ച് കണ്ണ് തുറന്നു..
നിറകണ്ണുകളോടെ വാത്സല്യപൂര്‍വ്വം കുഞ്ഞിളം മേനി പരതിയപ്പോള്‍ ..
തന്റെ കണ്ണിലേക്കവന്‍ വിരല്‍ ചൂണ്ടിക്കൊണ്ട് നാഭിയ്ക്കു മേല്‍ ചവിട്ടി നില്‍ക്കുന്നു.
'..ഞാന്‍ പോകുന്നു.. കടപ്പാടിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ ഈ ചിറകിനുള്ളില്‍ ഒതുങ്ങാനെനി ക്കാവില്ല.. ഭൂമിയിലെനിക്ക് പലതും ചെയ്തു തീര്‍ക്കാനുണ്ട്.. അതിനിടയിലൊരിക്കല്‍ വരാം.. എന്നെ പത്ത് മാസം ചുമന്നതിന്റെ വാടക തന്നു തീര്‍ക്കാന്‍...'
പ്രസവമുറിയുടെ വാതിലിന്റെ കൊളുത്ത് നീക്കി ഉറച്ച കാല്‍വെപ്പോടെ അവന്‍ പുറത്തെ തിരക്കിലേക്ക് മറഞ്ഞു.

                                                                                                               
********************************************                        
                                                                               
വാരാദ്യ മാധ്യമം 2008, ജൂലൈ.