Wednesday, April 6, 2016

കടൽദൂരം



എന്റെ
കടൽദൂരം 
എന്ന പുസ്തകത്തെക്കുറിച്ച്
അയിഷ എഴുതിയത്

കടൽദൂരം എന്ന ഈ പുസ്തകത്തിലുള്ളത് 45 കവിതകൾ ആണ്.
എല്ലാം വിശദീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, വളരെ മനസ്സടുത്ത കുറച്ച് കവിതകൾ ഇവിടെ പ്രതിപാദിക്കാം.

ഈ പുസ്തകത്തിലെ  ആദ്യത്തെ കവിത തന്നെ എല്ലാവർക്കും ഇഷ്ടമുള്ള പുഴയെ ആണ് പ്രതിപാദിച്ചിരിക്കുന്നത്.
നമുക്ക് നിശ്ചയമുണ്ട് ഇന്നത്തെ പുഴയുടെ അവസ്ഥ.
സത്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഒന്നാമതായി പുഴ ഇന്ന് കാണാനില്ല. കുട്ടികൾക്ക് പുഴ സൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം.

ഒരു പഴയ കവി പാടിയപോലെ 'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ...' എന്നതുപോലെ നമ്മളൊക്കെ ഒരു കാലത്ത് നമ്മുടെ മുഖം പുഴയുടെ കണ്ണാടിയിൽ കണ്ടവരാണല്ലോ എന്നോർത്തു പോകുന്നു.
ഇന്ന് സകല മാലിന്യങ്ങളും പുഴയിൽ വലിച്ചെറിയുമ്പോൾ  എഴുത്തുകാരന്റെ എഴുത്തുപോലെ തന്നെ ഇനിയുള്ള കാലം പുഴ മണ്ണിനടിയിൽ ശ്വാസംമുട്ടി മരിക്കുകയാവും എന്നതിന് സംശയമില്ല .....

'പച്ചിലകൾ തളിർക്കാതിരിക്കുന്നത്' എന്ന കവിത വായിച്ചാൽ  പക്ഷികൾ ചിലക്കുന്നത് അതവയുടെ തേങ്ങലുകളായി തോന്നാം. പക്ഷികൾക്ക് കൂടും ഇരിപ്പിടങ്ങളും ഇല്ലാതെ അവ തേങ്ങുമ്പോൾ ആണ് അവ ചിലക്കുന്നതായി നമുക്ക് തോന്നുന്നത്. വേട്ടക്കാരുടെ ഒാട്ടപ്പാച്ചിലിൽ  പക്ഷികൾ അങ്കലാപ്പിലാ കുന്നു.
അവയുടെ സ്വരമിടറുമ്പോൾ  നമ്മുടെ കവിതകൾ നിലക്കുന്നു.

ആക്രോശങ്ങളും അധികാര ദുർവിനിയോഗവുമെല്ലാം ഏറ്റുമുട്ടലുകളുടെ പാതയോരത്ത് സദാ ജാഗരൂകമാണ്. അങ്ങനെ വരുമ്പോൾ ആവശ്യമേറുന്നത് മാരകായുധങ്ങൾക്കും. കവിഹൃദയത്തിൽ അത് സ്പഷ്ടവുമാണ്.

'ആൽമരം തണലന്വേഷിക്കുകയാണ്' എന്ന കവിത അതുപോലെ നന്മയും സ്നേഹവും അറിവും ഒക്കെ നമുക്കുണ്ടായിട്ടും അതു നാം മറ്റുള്ളവരിൽ തിരയുകയാണ്ചെയ്യുന്നത്. പലപ്പോഴും ചുറ്റുപാടുകളിൽ, ഞാൻ എന്നഭാവം നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു.

'വിരൽ' പലപ്പോഴും നാം വിരൽതൊടുത്ത് വിലക്കാൻ മടിക്കുന്നു. ഇനി വലിപ്പച്ചെറുപ്പങ്ങളുടെ പട്ടികയിൽ വിരലും, അമ്മയുടെ തുറിച്ച നോട്ടവും,
ആദ്യക്ഷരവേളയിൽ  വളരെയധികം യാഥാർഥ്യങ്ങളിലേക്ക് സങ്കോചമില്ലാതെ കടന്നു വരികയാണ്  എഴുത്തുകാരന്റെ വരികൾ. വായനക്കാർക്ക് അത് ഒാർമ്മകളും ഉണർവ്വും നൽകുന്നു.

'ഓലവീട്' സൂചിപ്പിക്കുന്നത് കോൺക്രീറ്റ് ഭിത്തികളുടെ ശ്വാസംമുട്ടലുകളാണ്.
സുരക്ഷിതത്വം പ്രദാനംചെയ്യുമെന്ന് വിശ്വസിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ, മണ്ണുമായും പ്രകൃതിയുമായുമുള്ള നമ്മുടെ ബന്ധത്തെ ഉലയ്ക്കുന്നു എന്നു പറയാതെ വയ്യ. ഒാലവീടുകാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുമ്പോൾ ,
ഏതിരുളിന്റെ മറ നുകർന്നും അന്തസ്സ് ഉയർത്തുന്ന മലയാളിയുടെ ഭാവത്തെ യാണ് ഒാലവീട് നമ്മെ ഓർമ്മിപ്പിക്കുന്നത്.

'ഒരുനാൾ' എന്ന കവിതയിലൂടെ കണ്ണോടുമ്പോൾ ജീവിതത്തിൽ ദൈനംദിനകാഴ്ചകളകന്ന് താഴ്ചയുള്ള കാഴ്ചകളിലേക്ക്
കണ്ണിലെ കൃഷ്ണമണികളെ പൊന്തിച്ച് സൂക്ഷ്മ ദർശനമാണുദ്ദേശിക്കുന്നത്. എല്ലാ ഇടങ്ങളിലും ദാരിദ്ര്യം, ദുരിതം ഇവയെല്ലാം വലിയ വ്യത്യാസമില്ലാതെ കാണാം. അതു കാണാനുള്ള  കണ്ണ് നമുക്കില്ല എന്നതാണ് സത്യം.

'സ്വർഗ്ഗപുഷ്പ'ത്തിൽ തോന്നുന്ന സൂചന, ഏത് യുദ്ധങ്ങളും അതിക്രമങ്ങളും, അന്യായങ്ങളും ഒടുവിൽ ചെന്ന് പതിക്കുന്നത് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അരികിലേക്കാണ്. അവരുടെ ജീവിതത്തിലേക്കാണ് എന്ന സത്യം കവി എഴുത്തിലും നമ്മെ ബോധ്യപ്പെടുത്തുന്നു.

'പ്രണയാർദ്ര'ത്തിൽ അകലങ്ങളിൽ പാർക്കുന്നവരുടെ നൊമ്പരങ്ങളും ഏകാന്തതയും വിരഹവും വേദനകളുമെല്ലാം നിഴലിക്കുന്നതായി കാണാം. ഒാരോ പ്രവാസിയും എവിടെയൊക്കെയോ പ്രാരാബ്ദപ്പാടുകളാലും അല്ലാതെയും ഉരുകുന്ന നിത്യകാഴ്ചകളാണ് മനസ്സിലേക്കോടി വരുന്നത്... കാരണം ഇതിലെ വരികൾ എന്നിലും ഏറെ ആഘാതങ്ങൾ സൃഷ്ടിച്ചവ ആയതു കൊണ്ടാവാം.

'അടുക്കള' എന്ന കവിതയിൽ ഞാനുണ്ട് നിങ്ങളും.
കാലം മുക്കു പണ്ടം പോലും അണിയാനനുവദിക്കാത്ത ഈ കാലത്ത് എരിഞ്ഞു ചുവന്ന കണ്ണുകൾ  കാണാതെ പോകുന്നവരല്ലേ അധികവും. അവരെ കാട്ടി തരികയാണ് ഇവിടെ കവി.

'അനുസരണ'യിൽ കവിയുടെ നേർക്കാഴ്ചകളാണ് നാം ദർശിക്കുന്നത്. ഒടുവി ൽ  പാപങ്ങൾ കാടായിരിക്കുന്ന കാഴ്ച. ചെറിയ ഒരു കവിത അതിൽ കവി ഉൾക്കൊള്ളിച്ചിരിക്കുന്നത് അങ്ങേയറ്റം ചിന്താശേഷി വർദ്ധിപ്പിക്കുന്ന, അല്ലെങ്കിൽ പുനർചിന്തനം നടത്തേണ്ടുന്ന ഒരു നഗ്നസത്യം തന്നെയാണ്.
കവിത ഭംഗിയായും ലളിതമായും സത്യത്തിന്റെ നാവ് കവി മുളപ്പിച്ചിരി ക്കുന്നു.

'ഗർഭപാത്രം ചോദിക്കുന്നത്' എന്ന കവിത ഇന്നത്തെ യഥാർത്ഥ സാഹചര്യങ്ങ ൾ വളരെ പ്രാധാന്യം അർഹിക്കുന്നതും, വായനക്കാർക്ക് മനസ്സിൽ തട്ടിക്കുന്നതു മായ രീതിയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആശയങ്ങൾ  ആശങ്കകൾ എല്ലാം തന്നെ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ അഗാധ പരിശ്രമം നമുക്ക് കാണാം.

'കറുത്തകാലം' എന്ന കവിത നമ്മോട് തുറന്ന് സംവദിക്കുകയാണ്.
എന്തെന്നാൽ നമ്മുടെ പെൺപൂക്കളുടെ സംരക്ഷണം. ഇന്ന് ഈരേഴുലോകത്തും മാതാപിതാക്കളുടെ പരിഭ്രാന്തി തങ്ങളുടെ പെൺപൂക്കളെ എങ്ങനെ
സുരക്ഷിതമായി സൂക്ഷിക്കും എന്നത് തന്നെയാണ്.

കറുത്തപെട്ടിയും തൂക്കി കവി സ്വയം കവിതകളിലൂടെ നമ്മുടെ ഒാരോ വീട്ടിലേക്കും കയറി വരികയാണെന്നു തോന്നുന്നു. തീർച്ചയായും കവിയുടെ ഈ തിരിച്ചറിവും അതു നമുക്ക്‌ പകർന്നു തരുന്നതും അഭിനന്ദനാർഹമാണ്.

'കോഴിക്കോട്' എന്ന കവിത കവി തന്റെ ചുറ്റുപാടുകളെ കാണുന്ന കാഴ്ചയാണ്. സന്തോഷിച്ചും, സങ്കടപ്പെട്ടും സ്വന്തം നഗരത്തെ നോക്കി കാണുകയാണ്. ഒാരോ ഇടങ്ങളിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ വളരെ കൃത്യതയോടെ ഒാർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു പ്രവാസിയാണ് കവി.അതുകൊണ്ട് തന്നെ വ്യക്തമായ പ്രവാസാനുഭവ ങ്ങൾ കവിയുടെ കവിതകളിൽ തെളിഞ്ഞു കാണാം.

'നിഴൽമുഖ'ത്തിലെ നിഴൽ ഉയർത്തെഴുന്നേൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ആണ് ഉദ്ധരിക്കുന്നത്.അതു നിങ്ങളാവാം, ഞാനാവാം...  സാമൂഹ്യ തലങ്ങളിലെ ആരൊക്കെയോ ആവാം.. അപ്പോഴും പ്രതികരണമനോഭാവം സ്ത്രീകൾക്ക് നശിക്കുന്നില്ല.

'ഒാഫർ' പറയുന്നത് എന്തു വാങ്ങിയാലും ഫ്രീകിട്ടുന്ന കേരളം, എന്തിനും തയ്യാറായി വിപണി. അക്രമവും അനാചാരവും ഈ നിലയ്ക്കു തുടർ ന്നാൽ ഇനി ഫ്രീ കിട്ടുന്നത് റിവോൾവർ ആയിരിക്കും. എന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രാധാന്യമേറുന്നു. കവിയുടെ ഈ തുറന്നടിക്കൽ നാം മുഖവിലയിൽ വയ്ക്കണം. അത് അധികവും ഗൗരവതരമത്രേ.

ഒടുവിൽ  കവി പടുവൃദ്ധരായ കല്ലായി പുഴയും പുഴയുടെ നൊമ്പരവും രോദനവുമെല്ലാം കുറേയധികം ശരികളെയാണ് അദ്ദേഹം കുറിച്ചിട്ടിരിക്കു ന്നത്. അതുകൊണ്ട് തന്നെ വായനയ്ക്കൊട്ടും വിഘ്നം അനുഭവപ്പെടുന്നുമില്ല.
ഏറെ ഹൃദ്യമായ വായനാനുഭവം നൽകുന്ന കവിതകൾക്കും  കവിക്കും  ഹൃദയം നിറഞ്ഞ ആശംസകൾ..

*


അയിഷ 

യഥാർത്ഥ പേര് ഹസീന മുഹമ്മദ്‌.
എം.എം. മുഹമ്മദ്‌ കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ.
സ്വദേശം തിരുവനന്തപുരം വിതുര.
എഴുത്തിലും ചിത്രരചനയിലും സംഗീതത്തിലും താൽപ്പര്യം.
ഫ്രീലാൻസ് പത്ര പ്രവർത്തന രംഗത്തും സാംസ്കാരിക രംഗത്തും സജീവം.


********************************************************************************
 

No comments:

Post a Comment