Saturday, January 30, 2016

പള്ളിക്കൽ നാരായണൻ സാങ്കൽപ്പിക കഥാപാത്രമല്ല

പത്തേമാരി എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ സിനിമാ പ്രേമികൾക്കെല്ലാം അറിയുമായിരിക്കും. 
നാരായണൻ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമല്ല.
കുറ്റിയറ്റു പോവാത്ത ഒരു ന്യൂനപക്ഷത്തിന്റെ നമ്മളറിയുന്ന പ്രതിനിധിയാണ് നാരായണൻ.

ദേശവും രൂപവും പേരും മാത്രം വ്യത്യാസമുള്ള ഇത് പോലുള്ള അനേകം മനുഷ്യർ പ്രവാസഭൂമിയിലുണ്ട്. വർഷങ്ങളോളം മരുനഗരത്തിൽ വിയർപ്പൊഴുക്കിയിട്ടും ഇനിയും കര പറ്റാത്ത എത്രയോ സാധാരണക്കാർ കൺമുമ്പിലും കാണാമറയത്തും നിറവേറ്റപ്പെടാത്ത സ്വപ്നങ്ങളിൽ തളച്ചിടപ്പെട്ടു ജീവിക്കുന്നുണ്ട്.


കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കുന്നതിനിടയിൽ സ്വന്തം ജീവിതം മറന്നു പോയവർ, അല്ലെങ്കിൽ ഇതാണ് തന്റെ ജീവിതദൗത്യമെന്നുറപ്പിച്ച് എല്ലാവർക്കും അത്താണിയായവർ.

'ഞാനിവിടെ പണം കായ്ക്കുന്ന മരച്ചുവട്ടിലല്ല ജീവിക്കുന്നത്' എന്നു പറയുമ്പോഴും നാട്ടിലെ ഉറ്റവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവരാണ് പ്രവാസികൾ. 

ലോഞ്ചിലും പത്തേമാരിയിലും പ്രാണൻ കൈയ്യിൽ പിടിച്ച് ആഴക്കടലിലൂടെ അവർ നടത്തിയ യാത്ര സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കടൽ മുറിച്ചു കടന്ന അക്കാലത്തെ യുവത്വങ്ങളിൽ ചിലർ കടലിലെ ഉപ്പുവെള്ളത്തിൽ അലിഞ്ഞൊടുങ്ങി.
മരുമണ്ണിന്റെ പ്രതീക്ഷപ്പച്ചയിലേക്ക് നീന്തിക്കയറിയവർ.. അവരുടെ പിൻഗാമികൾ..
അവർ കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിനു നിറങ്ങൾ ചാർത്തി. 

കടൽ കടന്നവന്റെ കുടുംബം പിന്നീട് ആഡംഭരവും പൊങ്ങച്ചവും ജീവിതാടയാളങ്ങളാക്കി.
അത്തർ പൂശി, പളപളാ മിന്നുന്ന വസ്ത്രങ്ങളണിഞ്ഞു ഗൾഫുകാരൻ നാട്ടിൽ വന്നിറങ്ങി.

യാഥാർഥ്യത്തിനു വിപരീതമായ ഗൾഫ് ഭൂമികയും അവിടുത്തെ തൊഴിലും മലയാള മനസ്സിന്റെ സ്വപ്നമായി. സൗഭാഗ്യക്കരയിലേക്ക് എങ്ങനെയെങ്കിലും കടൽ കടക്കുക എന്നു തീർച്ചപ്പെടുത്തിയ മലയാളി ഭൂരിപക്ഷം ഗൾഫിന്റെ വ്യത്യസ്ത ഭൂമികയിലേക്ക് ഒഴുകി.

ഞൊടിയിടയിൽ പണക്കാരനായി കൊട്ടാരം പണിതവനും വർഷങ്ങളോളം സ്വപ്നം നെയ്തിട്ടും കുഞ്ഞുകൂര പോലും കെട്ടിയുയർത്താൻ കഴിയാത്തവനും മരുജീവിതത്തിന്റെ ബാക്കി പത്ര ങ്ങളായി.

കുരുത്തമുള്ളവനെന്നും, കഥയില്ലാത്തവനെന്നും രണ്ടു വിഭാഗങ്ങളുണ്ടായി. 

സകല  സൗഭാഗ്യങ്ങളുണ്ടായിട്ടും വിരഹമനുഭവിക്കുന്ന ഭാര്യയെപറ്റി, മിന്നും ജീവിതത്തിനു ള്ളിലെ അനാഥത്വം പേറുന്ന കുഞ്ഞുങ്ങളെപറ്റിയും പൈങ്കിളിപ്പാട്ടുകളുണ്ടായി.
ആ പാട്ടിനു മുകളിൽ ചിലർ 'മാപ്പിളപ്പാട്ടെന്നു' ലേബലൊട്ടിച്ചു.

ഗൾഫ്ദേശത്ത് മലയാളി അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന മരവിപ്പും നെടുവീർപ്പും കടൽ കടക്കാത്തവർക്കും കടൽ കടന്നവരുടെ പ്രിയപ്പെട്ടവർക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ജീവിതമായിരുന്നെന്ന് നമ്മൾ തെറ്റിദ്ധരിച്ചതൊക്കെയും അത്ര ആനന്ദപ്രദമായി രുന്നില്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും യഥാർത്ഥ ഗൾഫ്ജീവിതം ഇനിയും സ്വന്തം ഭാര്യക്ക് മുമ്പിൽ പോലും തുറന്നു വെക്കാത്ത ഒത്തിരി ദുരഭിമാനികളുടെ രാവണൻ കോട്ടയാണ് പ്രവാസ മണ്ണ്.

ജീവിതം എത്ര ദുസ്സഹമായിരുന്നാലും ലഭിക്കുന്ന വരുമാനം എത്ര തുച്ഛമായിരുന്നാലും അതൊന്നും അവരറിയേണ്ട എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നതെന്ന ചിന്തയിൽ സ്വന്തം കുടുംബനാഥൻ പൊന്നും മുത്തും വാരുകയാണെന്ന് ധരിക്കുന്നവരെ, അത് സ്വന്തം ഭാര്യയായാലും കുഞ്ഞുങ്ങളായാലും അവർക്കു മുമ്പിൽ നമ്മുടെ യഥാർത്ഥ ചുറ്റുപാടുകൾ എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് അഭികാമ്യം.

ദുരിതപർവ്വം താണ്ടി സ്വന്തം നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഒരാൾ വിമാനത്താവളത്തിൽ വെച്ച് തന്റെ അടുത്ത സുഹൃത്തിനോട്‌ സ്വകാര്യമായി പറഞ്ഞ കാര്യം സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.

വർഷങ്ങളായി ഗൾഫിൽ കഴിയുന്ന അയാളുടെ കുടുംബം നാട്ടിൽ അപ്പോഴും കഴിയുന്നത്‌ വാടകവീട്ടിൽ. കുറെ കടം വീട്ടിതീർക്കാൻ വേറെയും. അയാൾ പറഞ്ഞതിതാണ്.

എന്റെ ഈ യാത്ര പിരിവെടുത്തും മറ്റുമാണെന്ന് ഭാര്യ അറിയരുതെന്ന്.

കാലങ്ങൾക്ക് ശേഷം മറ്റൊരു വിസയിൽ പ്രവാസക്കുപ്പായമണിയാൻ പിന്നെയും വന്നു അയാൾ

ഒടുങ്ങുന്നില്ല, പൊള്ളുന്ന മരുജീവിതത്തിലെ കയററ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന കുചേലജന്മങ്ങളുടെ മുറിവാഴങ്ങളുടെ കണക്കെടുപ്പ്. അത് തുടർന്ന് കൊണ്ടേയിരിക്കും.


******************************************************************************************

ഗൾഫ് മാധ്യമം, ഇൻബോക്സ്‌ പംക്തി, 2016 ജനുവരി 30 (സൗദി അറേബ്യ)

                                                                                                                              ചിത്രം: കടപ്പാട്. Google