Tuesday, February 25, 2014

മധുരഗീതകങ്ങളുടെ രാജശില്‍പ്പി


              മലയാളത്തിന്റെ പ്രിയകവി പി. ഭാസ്ക്കരന്‍ മാഷിന്റെ വേര്‍പാടിന് ഏഴ് വര്‍ഷം

കാന്തതയുടെ അപാരതീരത്ത് കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്ത, നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവന്ന, മലയാളിയുടെ അന്തരാത്മാവിനെ കുളിരണിയിക്കുന്ന കാവ്യശകലങ്ങളാല്‍, കാതിനിമ്പമൂറുന്ന ചലച്ചിത്രഗാനങ്ങളാലും ആനന്ദത്തിന്റെ കൊടുമുടിയിലേക്കാനയിച്ച കേരളത്തിലെ സാധാരണക്കാരുടെ പ്രിയകവി.

അസാധാരണമായ രചനാ ശൈലിയിലൂടെ തികച്ചും ലളിതമായ രീതിയില്‍ ഗാനങ്ങളെഴുതിയ, അതിലൂടെ മലയാളത്തിന്റെ സകല ഭാവതലങ്ങളും നമ്മെ ബോധ്യപ്പെടുത്തിയ മനുഷ്യ
സ്നേഹിയായ മഹാപ്രതിഭ, ഭാസ്ക്കരന്‍ മാഷ്.

ഏതാനും  നാളുകള്‍ മാത്രം മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുകയും പിന്നീട് മറവിയുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് നിപതിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല മലയാള സിനിമാഗാനങ്ങള്‍
നമുക്ക് മുമ്പില്‍ ജീവിക്കുന്ന ഉദാഹരണങ്ങളാവുമ്പോള്‍ കായലരികത്ത് വലയെറിഞ്ഞപ്പോള്‍.., എല്ലാരും ചൊല്ലണ്.., മാനെന്നുെം വിളിയ്ക്കില്ലാ.. മയിലെന്നും വിളിക്കില്ല.. തുടങ്ങിയ ഒട്ടനേകം  കാവ്യമൂറുന്ന വരികള്‍ പതിറ്റാണ്ടുകളായി മലയാളിയുടെ നെഞ്ചില്‍ തേന്‍ തുളുമ്പി മുഴങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യം ആ പ്രതിഭയുടെ കാവ്യബോധത്തിന്റെ നിറലാവണ്യമാണ് അനുഭവപ്പെടുത്തുന്നത്.

ശാസ്ത്രീയ സംഗീതം, നാടോടിപ്പാട്ടിന്റെ വശ്യതാളം, സിനിമയ്ക്കുള്ളിലെ തനിമയാര്‍ന്ന മാപ്പിളപ്പാട്ടുകള്‍, ഭക്തിയുടെ ആഴങ്ങളിലമര്‍ന്ന രാഗനിര്‍വൃതി, ലാളിത്യമാര്‍ന്ന വരികള്‍ക്കിടയിലും ഗഹനമായ ചിന്തയുടെ പ്രതിബിംബങ്ങള്‍... അങ്ങനെയങ്ങനെ  കോറിയിട്ടാലൊതുങ്ങുന്നില്ല ആ കാവ്യപ്പെരുമഴയുടെ മഹത്വം.
പ്രണയവും വിരഹവും ഹാസ്യവും കാല്‍പ്പനികതയുമെല്ലാം അദ്ദേഹത്തിന്റെ വിരല്‍തുമ്പില്‍ നിന്നും അസൂയാവഹമായ രീതിയില്‍ ഉയില്‍കൊണ്ട ഭാവങ്ങളായി മലയാള സിനിമാഗാന ശാഖിയുടെ ഉത്തുംഗശൃംഗങ്ങളില്‍ നിലകൊള്ളുന്നു.

താമസമെന്തേ വരുവാന്‍.., ആദ്യത്തെ കണ്‍മണി ആണായിരിക്കണം.., കരയുന്നോ പുഴ ചിരിക്കുന്നോ.., നാദബ്രഹ്മ ത്തിന്‍ സാഗരം നീന്തിവരും.., ഏകാന്തതയുടെ അപാരതീരം.., വാസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ് കണ്ടൂ.., ഒരു കൊട്ട പൊന്നുണ്ടല്ലൊ..,
പുള്ളിമാനല്ല.. മയിലല്ല.. മധുരക്കരിമ്പല്ല.., കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളെ.., പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം  പാട്ടുകാരന്‍.., പകല്‍ക്കിനാവിന്‍
സുന്ദരമാകും പാലാഴിക്കരയില്‍.., മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത്.., നഗരം നഗരം മഹാസാഗരം.., വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്.., ഇന്നിനിക്ക് പൊട്ടുകുത്താന്‍.., അഞ്ജന ക്കണ്ണെഴുതി.. ആലിലത്താലി ചാര്‍ത്തി.., ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍.., സ്വപ്ന ങ്ങളൊക്കെയും പങ്കുവെയ്ക്കാം..,  നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്.., കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം.., നല്ല സുറുമ.., നാഴിയൂരി പാലു കൊണ്ട്....
തുടങ്ങി മലയാളി ഉള്ളിടത്തോളം കാലം മായാത്ത, മലയാളത്തിന്റെ തനത് ശൈലി കൈവിട്ടു പോകാതെ മൂവായിരത്തി അഞ്ഞൂറില്‍പ്പരം ഗാന ങ്ങളെഴുതി നമ്മെ പ്രണയിപ്പിക്കുകയും കരയിപ്പിക്കുകയും സ്വപ്നലോകത്തേക്കാനയിക്കുകയും ചെയ്ത, ഇത്തിരിവാക്കുകളിലൂടെ
മനുഷ്യമനസ്സിന്റെ സമസ്ത ഭാവങ്ങളും ആലേഖനം  ചെയ്ത, ഇന്നലെ വരെ സുന്ദരരാഗമായെന്‍ ശ്രവണേന്ദ്രിയങ്ങളെ തഴുകിപ്പെയ്തിറങ്ങിയ കാവ്യശകലങ്ങള്‍ മെനഞ്ഞെടുത്ത, ഇന്നും നാളെയും നാമൊക്കെ കാതോര്‍ക്കുന്ന മധുരഗീതകങ്ങളുടെ രാജശില്‍പ്പി..,
പ്രിയകവി ഭാസ്ക്കരന്‍മാഷ് ഓര്‍മയായിയിട്ട് ഫെബ്രുവരി 25ന്   ഏഴുവര്‍ഷം തികയുന്നു.

****************