Sunday, July 29, 2012

ഓലമണമുള്ള ഒരു നോമ്പോര്‍മ



നാളെ നോമ്പാ.. കാപ്പാട് കണ്ടൂന്നാ ഖത്തീബ് പറഞ്ഞത്..
ഇശാനമസ്ക്കാരവും കഴിഞ്ഞ് അത്യാവശ്യ സാധനങ്ങളും വാങ്ങി വന്നുകയ റുന്ന ഉപ്പയുടെ കനത്ത ഒച്ച വീട്ടിനുള്ളില്‍ മുഴങ്ങുന്നു .
അധികം വൈകാതെ ആകാശവാണിയിലൂടെ ആ വാര്‍ത്ത നാടുനിറയും.
മുസ്ലിം സമൂഹം നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും രാപ്പകലുകളിലേക്ക്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴി ക്കോട് വലിയഖാസി......
അതു കേള്‍ക്കുമ്പോള്‍ ഞാനും നോമ്പെടുക്കും എന്ന തീരുമാനം അവരെ അറിയിക്കലാണ് കുട്ടികളായ ഓരോരുത്തുടെയും പ്രഥമദൌത്യം.
പെട്ടെന്ന് റേഡിയോ ഓഫ് ചെയ്ത് ഉപ്പ വാങ്ങിക്കൊണ്ടു വന്ന സാധനങ്ങളുടെ പൊതിയഴിച്ച് ഓരോന്നും എന്തൊക്കെയാണെന്ന് ചികയുന്നതിന്‍റെ തിരക്കി ലേക്കമരുമ്പോള്‍ ഉമ്മയുടെ താക്കീത്. ‘..ഇങ്ങനെയാണേല്‍ നീ.. നാളെ നോമ്പെ ടുക്കണ്ട..’ അതു കേട്ടതായി ഭാവിക്കാതെ വേഗം മുറിയിലെവിടെയെങ്കിലും ചെന്നിരുന്ന് നോമ്പനുഷ്ഠിക്കുന്ന അടുത്ത പകലിനെക്കുറിച്ചോര്‍ക്കും.
രണ്ടാംക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പനുഷ്ഠിക്കുന്നത്.
പാതിരാത്രിയിലെഴുന്നേറ്റ് ഭക്ഷണം കഴിച്ച് നാളത്തെ നോമ്പിനെ അല്ലാഹുത്ത ഹാലാക്ക് വേണ്ടി നോറ്റു വീട്ടുവാന്‍ നിയ്യത്ത് ചെയ്ത ശേഷം കിടന്നുറങ്ങി. സ്ക്കൂളില്ലാത്ത ദിവസമായതു കൊണ്ടാണ് നോമ്പനുഷ്ഠിക്കാന്‍ വീട്ടിലുള്ളവര്‍ സമ്മതം മൂളിയത്.
രാവിലെ മുറ്റത്തുനിന്ന് ഉപ്പയുടെയും വേറെ ഒരാളുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടുകൊണ്ടാണ് ഉറക്കമെഴുന്നേറ്റത്. ഞാന്‍ കണ്ണും തിരുമ്മി മുറ്റത്തേക്കിറ ങ്ങി. അപ്പോള്‍ പിന്നെയും ഉപ്പയുടെ ശബ്ദം. കേറിപ്പോടാ അകത്ത്.. അത് എന്നോടുള്ള ആജ്ഞയായിരുന്നു. അതിനു തൊട്ടുമുമ്പ് അനുജത്തി മുറ്റത്തേക്കി റങ്ങിയപ്പോള്‍ ഉപ്പയുടെ വിലക്കായിരുന്നു ഞാന്‍ കേട്ടതെന്ന് മനസ്സി ലായി.
ഉപ്പ മുറ്റത്ത് മുകളിലേക്ക് നോക്കി നില്‍ക്കുന്നു. തെങ്ങില്‍ നിന്നും തേങ്ങയും മടലും ഉണങ്ങിയ ഓലയുമൊക്കെ മുറ്റത്തേക്ക് പല ശബ്ദത്തില്‍ വന്നുവീഴുന്നു. ഓരോ തേങ്ങാക്കുലയും വെട്ടിവീഴ്ത്തുമ്പോള്‍ തെങ്ങുകയറ്റക്കാരന്‍ ചാത്ത പ്പന്‍ ആകാശത്തില്‍ നിന്നാണ് മുക്രയിടുന്നതെന്ന് എനിക്കു തോന്നി. അന്നേരം നോമ്പിന്‍റെ ക്ഷീണമൊന്നും അലട്ടാന്‍ തുടങ്ങിയിരുന്നില്ല.
ഉപ്പക്കും മൂത്ത സഹോദരിക്കുമൊപ്പം മുറ്റത്തിനപ്പുറം ചിതറിക്കിടന്നിരുന്ന തേങ്ങയും ഓലയും മടലും കൊതുമ്പുമെല്ലാം പെറുക്കിക്കൂട്ടി മുറ്റത്ത് കൂട്ടി യിട്ടു. ചാത്തപ്പന്‍ നാലഞ്ചു തേങ്ങയെടുത്ത് ചേര്‍ത്തുകെട്ടി മുളയേണിയില്‍ കൊളുത്തി അയാളുടെ കൂലിയും വാങ്ങി പടിയിറങ്ങിപ്പോയി. നേരം ഉച്ചയോട ടുത്തു. അപ്പോഴേക്കും വിശപ്പും ക്ഷീണവും ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.
സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി.
മുറ്റത്ത് കൂട്ടിയിട്ട ഓലകള്‍ക്ക് മുകളില്‍ ആകാശവും നോക്കിക്കിടന്നു. 
അന്ന്, ആകാശം എത്ര ചെറുതായിരുന്നു. 
ഉമ്മയും സഹോദരിയുമെല്ലാം അടുക്കളയില്‍ നോമ്പുതുറക്കാന്‍ നേരത്തേക്കു ള്ള വിഭവങ്ങളുണ്ടാക്കുന്ന തിരക്കിലാണ്. അവര്‍ തയ്യാറാക്കുന്ന വിഭവങ്ങളു ടെ രുചിയാഹ്ളാദത്തിലേക്ക് ഞാന്‍ വെറുതെ മനസ്സ് പായിച്ചു.





ഉച്ചവെയില്‍ പടിഞ്ഞാറുഭാഗത്തേക്ക് ചാഞ്ഞുതുടങ്ങുന്നു. വിശപ്പും ക്ഷീണ വും കാരണം ഞാന്‍ വാടിയ ചേമ്പില കണക്കെ ഓലകള്‍ക്കു മുകളില്‍ കിടപ്പാ ണ്. കണ്ണില്‍ ഇരുട്ട് കയറുന്നു. വായ്ക്കകത്ത് ഉപ്പുരസം നിറയുന്നു. ശര്‍ദ്ദിക്കണ മെന്ന തോന്നല്‍ കഠിനമാവുന്നു. മുറ്റത്തുനിന്നും എങ്ങനെയെങ്കിലും അടുക്കള യിലെത്താന്‍ വേണ്ടി പതുക്കെ എഴുന്നേറ്റിരുന്നു. ശരീരത്തിന് ശക്തിയില്ലെന്നു തോന്നി. വീടും മുറ്റവുമൊന്നാകെ വട്ടം കറങ്ങുന്നു. പിന്നീടെന്താണ് സംഭവി ച്ചത്..?
ഒന്നും ഓര്‍മ്മയില്ല. 
ചുവപ്പ് നിറഞ്ഞ ആകാശത്തിലേക്ക് കണ്ണുതുറക്കുമ്പോള്‍ ശരീരത്തിനേക്കാള്‍ ഭാരം തലയ്ക്കകത്താണെന്ന് തോന്നി. ആകെയൊരു മരവിപ്പ്. പതുക്കെ എഴു ന്നേറ്റ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ സഹോദരിയുടെ വക ഭീഷണി. നോമ്പെ ടുത്ത് നാടുമുഴുവന്‍ തെണ്ടിനടന്ന് വന്നിരിക്ക്യാ.. ഉപ്പയിങ്ങട്ട് വരട്ടെ.. പറയു ന്നുണ്ട് ഞാന്‍..
ഞാന്‍ ഘടികാരത്തിലേക്ക് നോക്കി. ഇനിയും ഒരുമണിക്കൂറിലധികം ബാക്കി യുണ്ട് പന്നിയങ്കര പള്ളിയില്‍ നിന്നും ബാങ്ക് വിളിയുയരാന്‍.. അടുക്കളയില്‍ ഉമ്മക്കരികിലെത്തി തളര്‍ച്ചയോടെ ഇത്രമാത്രം പറഞ്ഞു.
‘എനിക്ക് വയ്യ.. കുറച്ചു ചായ വേണം..’
സഹോദരി കളിയാക്കി. ഇത്ര നേരമിരുന്നിട്ട് ഇപ്പോ ചായ കുടിച്ച് നോമ്പ് ഇല്ലാ താക്കണോ..
എന്‍റെ മുഖഭാവം പന്തിയല്ലെന്ന് മനസ്സിലായതു കൊണ്ടാവാം ഉമ്മ വേഗം ചായ യൊഴിച്ച് തന്നു. സാരമില്ല പകുതി നോമ്പിന്‍റെ പ്രതിഫലം കിട്ടുമെന്ന് എന്നെ സമാധാനിപ്പിക്കുകയും ചെയ്തു. ഉമ്മയൊഴിച്ചു തന്ന ചായ പെട്ടെന്ന് കുടിച്ച് ഗ്ളാസ് അടുക്കളത്തിണ്ണയില്‍ വെച്ച് ഞാന്‍ കുളിമുറിയില്‍ കയറി ബക്കറ്റിലു ണ്ടായിരുന്ന വെള്ളമെടുത്ത് മുഖവും കൈകാലുകളും കഴുകി.  ദേഹമൊട്ടാകെ ഓലയും കൊതുമ്പും പറമ്പിലെ പച്ചിലകളുമൊക്കെ മണക്കുന്നതായി അന്നേരം ഞാനറിഞ്ഞു.
കാലങ്ങളേറെ കഴിഞ്ഞു. 
ഇന്ന് ചാനലുകളില്‍ വാര്‍ത്തയായി, മൊബൈല്‍ ഫോണിലേക്ക് ഒരു മെസ്സേജ് ആയി റമദാന്‍ മാസപ്പിറവി  അറിയിപ്പെത്തുമ്പോള്‍ ഓലയും കൊതുമ്പും പറ മ്പിലെ പച്ചിലകളുമൊക്കെ മണപ്പിച്ച് കുഞ്ഞുന്നാളിലെ ആദ്യ വ്രതാനുഷ്ഠാന ത്തിന്‍റെ പകല്‍ ഉള്ളിലങ്ങനെ തെളിഞ്ഞു തെളിഞ്ഞ്...

*************************************************************

Tuesday, July 3, 2012

ബല്‍ക്കീസിന്‍റെ ഒരു ദിവസം


അനേകം കഥകളൊന്നും ഞാനെഴുതിയിട്ടില്ല.
എഴുതിയവയില്‍ എനിക്കേറെ പ്രിയപ്പെട്ടതും
വായിച്ചവര്‍ നേരിട്ടും അല്ലാതെയും ഇഷ്ടമറിയിച്ചതും
രണ്ടു കഥാസമ്മാനങ്ങള്‍ തരപ്പെട്ടതുമായ
ഈ രചന മുമ്പ് വായിക്കാത്തവര്‍ക്കായി
ഇവിടെ തുറന്നു വെയ്ക്കുന്നു









സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഹൈദ്രോസ്മാമന്‍ കൊടുത്തയച്ച ചെന്തെങ്ങിന്‍ തൈ പറമ്പിന്‍റെ മൂലയില്‍ നടാന്‍ വേണ്ടി കുഴിയെടുക്കുമ്പോള്‍ ഒരു കറുത്ത കുതിരയുടെ അഴുകിയ ജഢം മണ്ണിനു മുകളിലേക്ക് ഉയര്‍ന്നു വരു ന്നത് സ്വപ്നം കണ്ടാണ് സുബ്ഹിക്കു തൊട്ടുമുമ്പ് ബല്‍ക്കീസ് ഞെട്ടിയെഴുന്നേ റ്റത്.
തറയില്‍ വീണു കിടന്ന തട്ടം എടുത്ത് കുടഞ്ഞ് തലയിലിട്ട് പുറത്തിറങ്ങാന്‍ ഭാവിക്കുമ്പോള്‍ മുഹ്സിന ഉണര്‍ന്നു കരഞ്ഞു.
ജമാല്‍ഖാന്‍റെ കൂര്‍ക്കം വലി മുറിഞ്ഞു. അയാളെന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് മലര്‍ന്നു.
മുഹ്സിനയെ തൊട്ടിലില്‍ നിന്നെടുത്ത് മടിയിലിരുത്തി മൂത്രത്തില്‍ കുതിര്‍ന്ന അവളുടെ ഉടുപ്പഴിച്ച് മാറ്റുമ്പോഴാണ് കോട്ടുമ്മലെ ജുമാഅത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളിയുയര്‍ന്നത്. തോളിലേക്ക് വീണ തട്ടം തലയില്‍ നേരെയാക്കി യിട്ടു കൊണ്ട് മേല്‍ക്കൂരയിലേക്ക് നോക്കി ബല്‍ക്കീസ് നെടുവീര്‍പ്പിട്ടു.
കുഞ്ഞിനെ തൊട്ടിലിലിട്ടു നിവര്‍ന്നപ്പോള്‍ നേര്‍ത്ത വെളിച്ചത്തില്‍ ജമാല്‍ ഖാ ന്‍റെ ഉണങ്ങിയ ചുണ്ടിനിടയിലെ ആഭാസച്ചിരി അവളില്‍ വല്ലാതെ വിമ്മിട്ടമു ണ്ടാക്കി.
'..ങ്ങക്ക് ഏത് നേരത്തും ഈയൊരൊറ്റ വിചാര്വല്ലേ ഒള്ളൂ.. ഇപ്പോ പോയില്ലേല് ഇന്ന് വെള്ളം കിട്ടൂല...മോളാണെങ്കീ നല്ല ഒറക്കോം... ങ്ങളെണീറ്റ് മൊഖം കഴ്കീം... ഞാന്‍ ചായക്ക് വെള്ളം.. '
ജമാല്‍ഖാന്‍ മടുപ്പോടെ എഴുന്നേറ്റിരുന്ന് മൂരി നിവര്‍ന്നു. പിന്നെയൊരു സിഗരറ്റെടുത്ത് അറ്റം കത്തിച്ച് പുക വിഴുങ്ങാന്‍ തുടങ്ങി.

റുക്കിയത്താത്തയും സരോജിനിയും വെള്ളപ്പാത്രവും പിടിച്ച് വഴിയോരത്ത് അനങ്ങാതിരിക്കുന്നത് ദൂരെ നിന്നും കണ്ടപ്പോള്‍ ഖബറുങ്കാട്ടിലെ മീശാന്‍കല്ലാ ണ് ബല്‍ക്കീസിനോര്‍മ വന്നത്.
'.. ഇന്നലെ ഈ നേരായപ്പോഴേക്കും വെള്ളം വണ്ടി തിരിച്ച് പോയിരുന്നു.. ഇന്ന് വൈഗോ.. ആവോ...'
അവര്‍ രണ്ടു പേരും അതിനു മറുപടിയൊന്നും പറയാതെ അക്ഷമരാവുന്നത് കണ്ടപ്പോള്‍ ബല്‍ക്കീസ് മൂന്നാമത്തെ മീശാന്‍കല്ലായി മാറി.
'..റുക്കിയത്താത്തക്കോര്‍മയുണ്ടോ.. പണ്ടൊക്കെ കുഞ്ഞമ്മദ് സാഹിബിന്‍റെ വീട്ടുവളപ്പിലെ കെണറ്റീന്ന് എല്ലാവരും കൂടി വെള്ളം കോരുന്നതും ആ ഒച്ചേം.. ബഹളോമൊക്കെ.. ഏത് വേനലിലും വറ്റാത്ത കെണറായിര്ന്ന്..പളുങ്ക് പോലത്തെ വെള്ളോം.. '
അവര്‍ക്കിടയില്‍ മൌനം പെയ്തിറങ്ങുന്നതില്ലാതാക്കാന്‍ വേണ്ടിയാണ് ബല്‍ക്കീസത്രയും പറഞ്ഞത്. അപ്പോഴേക്കും വെള്ളംവണ്ടി ഒരിരമ്പലോടെ അവര്‍ക്കു മുമ്പില്‍ വന്നു നിന്നു.
റുക്കിയത്താത്തയും സരോജിനിയും പെരുംനിശ്വാസത്തോടെ എഴുന്നേറ്റു.

ഇപ്പോള്‍ നേര്‍ത്ത വെയിലിന് വിങ്ങല്‍. കാറ്റില്ലാത്തിനാല്‍ ഇലകള്‍ പിടയാതെ മരങ്ങളെല്ലാം ചലനമറ്റു നില്‍ക്കുന്നു.
ബല്‍ക്കീസിന്‍റെ കഴുത്തും മാറുമൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു.
അവളുടെ വിയര്‍പ്പിന് വെളുത്തുള്ളിയുടെ മണമാണെന്ന് ജമാല്‍ഖാന്‍ ഇടക്ക് പറയാറുള്ളത് ബല്‍ക്കീസ് ഓര്‍ത്തു. അങ്ങനെ തന്നെയാണോ എന്നറിയാന്‍ വെറുതെ കക്ഷത്തിന് നേരെ മൂക്കടുപ്പിച്ചു. അസഹ്യമായ നാറ്റത്താല്‍ അവളു ടെ മുഖം ചുളിഞ്ഞു.
വെള്ളം നിറച്ച പാത്രവുമായി ഇടര്‍ച്ചയോടെ അടുക്കളയിലേക്ക് കയറി, പാത്രം താഴെ വെച്ച് ചുമരില്‍ ചാരി നിന്നു. ബല്‍ക്കീസ് എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ തട്ടമെടുത്ത് മുഖം തുടച്ച് മുഹ്സിനയുടെ തൊട്ടിലിനരികിലെത്തിയപ്പോള്‍ ഒരു തുണ്ട് മലം കൈവെള്ളയില്‍ മുറുകെ പിടിച്ച് മറുകൈ വിരലു കൊണ്ട് അത് തോണ്ടിക്കളിക്കുന്ന മുഹ്സിന. അവള്‍ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്.
'വൃത്തിയില്ലാത്ത കുഞ്ഞിക്കുട്ട്യേ.. യ്യെ ന്തൊക്കെയാണീ കാണിച്ചു വെച്ചേക്കണേ.. '
അതിന് മറുപടിയായി മുഹ്സിന കൈകാലിട്ടടിച്ചു.

കഴിഞ്ഞ രാത്രിയില്‍ ബാക്കി വന്ന മീന്‍കറി പുട്ടിലൊഴിച്ച് കുഴച്ചുരുളയാക്കി ജമാല്‍ഖാന്‍ വിഴുങ്ങുമ്പോള്‍ ബല്‍ക്കീസ് വിറകെടുത്ത് അടുപ്പിനു മുകളില്‍ പാകി അടുക്കളയുടെ കതകടച്ചു.
'..രാത്രി വല്ലാണ്ട് വൈകര്ത്.. പണി കഴിഞ്ഞാ പിന്നെ പൊരേലേക്ക് വന്നു കേറാന്‍ നോക്കണം.. '
ബല്‍ക്കീസിന്റെ വരണ്ട കണ്ണിലേക്ക് നോക്കി ജമാല്‍ഖാന്‍ പുഞ്ചിരിച്ചു.

ഉച്ചക്ക് തിളക്കുന്ന വെള്ളത്തിലേക്ക് അരി കഴുകിയിടുന്ന നേരത്ത് മുംതാസ് കയറി വന്നതറിഞ്ഞില്ല.
'..ഇത്തയീ ദുനിയാവിലൊന്നുമല്ലേ..' എന്ന ചോദ്യം പിന്നില്‍ നിന്നുയര്‍ന്ന പ്പോഴാണ് തന്‍റെയടുത്തൊരാള്‍ വന്നു നില്‍പ്പുണ്ടെന്ന് ബല്‍ക്കീസറിഞ്ഞത്.
മുംതാസിന് പൂച്ചക്കാല്‍ വെപ്പാണെന്ന് ഇടയ്ക്ക് പറയാറുള്ളത് ഉള്ളിലോര്‍ത്ത് ബല്‍ക്കീസ് ചിരിച്ചു. അല്ലെങ്കിലെങ്ങനെയാണ് ഒച്ചയില്ലാതെ ഇത്രേം അടുത്ത് വന്നു നില്‍ക്കാന്‍ കഴിയുക.
'..നാലഞ്ച് ദെവസ്വായല്ലോ നിന്നെയീ വഴിക്ക് കണ്ടിട്ട്.. എവ്ട്യാര്ന്നു.. '
ചോറിന്‍കലം മൂടിവെച്ച് മുംതാസിനെ സ്റ്റൂളില്‍ പിടിച്ചിരുത്തി ബല്‍ക്കീസ് തറയിലിരുന്നു.
'..ഉപ്പയുടെ ലീവ് തീരാറായില്ലേ.. തിരിച്ചു പോണേയ്ന്‍റെ മുമ്പായിട്ട് പറമ്പില് ഒര് കെണറ് കുഴിക്കണംന്നാ ഉപ്പ പറയണത്.. ഇന്നലേം മിഞ്ഞാന്നുമൊക്കെ യായിട്ട് പൊരേല് പണിക്കാര്ടെ ബഹളായിര്ന്ന്.. ഈ പ്രദേശത്ത് കെണറ് കുഴിച്ചിട്ടും വല്ല്യ കാര്യല്ലാന്നാ.. കുടിക്കാംമ്പറ്റൂലെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് വെള്ള ത്തിന് ബുദ്ധിമുട്ടണ്ടല്ലോ എന്നോര്‍ക്കുമ്പോ.. '
മുംതാസിന്റെ മുഖത്ത് ഗൌരവം മിന്നി.
'..എന്‍റെ ഹൈദ്രോസ്മാമന്‍ താമസിക്കുന്നേടത്ത് വെള്ളം തന്നെ കിട്ടാനില്ല്യാന്നാ അമ്മായി കയിഞ്ഞായ്ച്ച വന്നപ്പോ പറഞ്ഞത്.. '
പുറത്തേക്ക് തെറിച്ചു നിന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളി ബല്‍ക്കീസ് കണ്ണടച്ച് തീയൂതി.
'..ദുനിയാവ് മുയ് വന്‍ വെള്ളംല്ല്യാതെ നരകിക്കുമ്പോ കുടിക്കണ വെള്ളത്തില് തീട്ടം കലക്ക്ണ ആളുക ളും ഒണ്ടെന്ന് കേള്‍ക്കുമ്പഴാ.. '
ആരോടെന്നില്ലാത്ത ഈര്‍ഷ്യയില്‍ മുംതാസിന്‍റെ മുഖം ചുവന്നു.
ബല്‍ക്കീസിനൊന്നും മനസ്സിലായില്ല. അവള്‍ സംശയത്തോടെ തറയില്‍ നിന്നെഴുന്നേറ്റു.
'..ഇത്തയറിഞ്ഞിട്ടുണ്ടാവില്ല്യ.. വടക്കെങ്ങാണ്ട് ഒര് ഗ്രാമത്തിലെ ജനങ്ങള് രണ്ട് ചേര്യായി തമ്മില് തല്ലീന്ന്.. പരസ്പ്പരം സ്നേഹിച്ച് കയിഞ്ഞിര്ന്ന ആള്കള്‍ ക്കിപ്പോ തമ്മില് കാണണതു തന്നെ പേട്യാത്രേ.. ഇതെല്ലാം ഉപ്പ പത്രം വായിച്ച് പറഞ്ഞ് തന്നതാ.. അതിലൊര് ജാതിക്കാരന്‍റെ കെണറ്റില് മറ്റേ കൂട്ടര്..'
മുംതാസ് മുഴുമിക്കാനാവാതെ വായ പൊത്തി ഓക്കാനിച്ചു.
'..ഉപ്പ പോണേയ്ന്‍റെ  മുമ്പായ്ട്ട് നിന്‍റെ നിക്കാഹ്ണ്ടാവുംന്ന് പറഞ്ഞിര്ന്നല്ലോ.. '
ബല്‍ക്കീസ് വിഷയം മാറ്റാന്‍ ശ്രമിച്ചു.
'..ഈ ഇത്താക്ക് ആനക്കാര്യത്തിനെടക്കാ ചേനക്കാര്യം.. ഞാം പോവ്വാ..'
മുംതാസ് ഇറങ്ങി നടക്കുന്നതും നോക്കി നിസ്സംഗതയോടെ ബല്‍ക്കീസ് ചിരിച്ചു.

പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച വെയില്‍ ചായുന്നു.
മുഹ്സിന എന്തിനോ ശാഠ്യം പിടിച്ച് കരയുകയാണ്.
അവളുടെ കരച്ചിലടക്കാന്‍ ബല്‍ക്കീസ് ആവും വിധം ശ്രമിച്ചിട്ടും..
ചില നേരത്ത് അവളങ്ങനെയാണ്.
വെറുതെ കരഞ്ഞ് പൊളിക്കും. അമ്മിഞ്ഞ കൊടുത്താലും തൊട്ടിലിട്ട് വാവാവോ പാടിയാലും അവളടങ്ങില്ല. കട്ടിലില്‍ ചെരിഞ്ഞു കിടന്ന് മുഹ്സി നയുടെ നെറ്റിയിലും കവിളിലുമൊക്കെയായി വിരലോടിച്ച് ഇക്കിളിപ്പെടു ത്തിക്കൊണ്ട് കിടന്നതോര്‍മയുണ്ട്.

പിന്നീട്..
ബല്‍ക്കീസിപ്പോള്‍ നില്‍ക്കുന്നത് വിജനമായ മരുഭൂമിയിലാണ്. 
ആ സ്ഥലമൊരു മരുഭൂമിയല്ലെന്നും അതിലൂടെ മുമ്പൊരു നദിയൊഴുകിയിരു ന്നെന്നും തിരിച്ചറിയാന്‍ ഏറെ നേരം വേണ്ടി വന്നില്ല.
അന്യം നിന്നു പോയ മത്സ്യങ്ങളുടെ മുള്ളിന്‍കൂട് മണ്ണിലമര്‍ന്നു കിടക്കുന്നു.
ജലനിരപ്പിന് മുകളിലേക്ക് അഹങ്കാരത്തോടെ പൊങ്ങി വരികയും ചെറുജീവി കളെ വായിലാക്കി അടിത്തട്ടിലെ ചേറിലേക്ക് പുളച്ചു കൊണ്ടൂളിയിടുകയും ചെയ്തിരുന്ന മത്സ്യങ്ങളായിരിക്കാമിത്..
ബല്‍ക്കീസ് മുമ്പോട്ട് നടക്കാനാവാതെ വിയര്‍ത്തു.
എത്രനേരം കഴിഞ്ഞിരിക്കുമെന്നറിയില്ല. 
മത്സ്യങ്ങളുടെ അസ്ഥിപഞ്ജരക്കൂനക്കപ്പുറത്തെ പൊള്ളുന്ന വെയിലിനു ചോട്ടിലിരുന്ന് തങ്ങളുപ്പാപ്പ ഖുഃര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്നു.
വല്ലാത്തൊരു മുഴക്കമായിരുന്നു ആ ശബ്ദത്തിന്.
ബല്‍ക്കീസ് തങ്ങളുപ്പാപ്പാക്ക് അഭിമുഖമായി ഇത്തിരി ദൂരത്തിരുന്നു.
'..അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്.. '
സലാം ചൊല്ലാന്‍ മനസ്സിലുറച്ചെങ്കിലും നാവിന്‍തുമ്പത്തു നിന്നും ശബ്ദം പുറ ത്തേക്ക് വരുന്നില്ല. ബല്‍ക്കീസ് ആ വാക്കുകള്‍ വീണ്ടും ഉള്ളിലുരുവിട്ടു.
പക്ഷേ.. അവളെന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ തങ്ങളുപ്പാപ്പ ദൂരേക്ക് നടന്ന് മറഞ്ഞിരുന്നു.
'..റബ്ബുല്‍ ആലമീനായ തമ്പുരാനേ.. അവിടുന്നീയുള്ളവളോട് പൊറുക്കണേ.. '
പ്രാര്‍ത്ഥനയോടെ ബല്‍ക്കീസ് നെറ്റി മണ്ണിലമര്‍ത്തി.
കത്തുന്ന സൂര്യന്‍റെ ചൂട് നെറ്റി പെള്ളിച്ചപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ബല്‍ക്കീസ് കണ്ണു തുറന്നു.
നേരം ഇരുട്ടിത്തുടങ്ങുന്നു.  കുറേയേറെ ഉറങ്ങിപ്പോയോ..?
മുറ്റത്ത് ജമാല്‍ഖാന്‍റെ  മുരടനക്കം. ഇന്ന് നേരത്തെ എത്തിയിരിക്കുന്നു.
കാപ്പിയുമായി ഉമ്മറത്തേക്ക് ചെന്നപ്പോള്‍ വിയര്‍പ്പു മണത്തു, കുതിരച്ചാണകം പോലെ.
വിചിത്രമായ സ്വപ്നങ്ങളാണ് ഈയിടെയായി കാണുന്നതെന്നും അതിന്‍റെ അര്‍ത്ഥമെന്താണെന്നും അന്ന് രാത്രി ജമാല്‍ഖാനോട് ചോദിച്ചപ്പോള്‍ അയാളുറക്കെ ചിരിച്ചു.
ഏറെ പരിചിതമായിരുന്നിട്ട് കൂടി അരോചകമായി തോന്നി ആ ചിരി.
സിഗരറ്റിന്‍റെ ചൂരുള്ള ചുണ്ട് മുഖത്ത് നിന്നുയര്‍ത്തി, കിതപ്പോടെ അയാള്‍ തന്‍റെ നെഞ്ചില്‍ നിന്നുമടര്‍ന്ന് തലയണക്കീഴിലും മേശപ്പുറത്തും തീപ്പെട്ടി പരതുമ്പോള്‍ സ്വന്തം കഴുത്തും മാറുമൊക്കെ കുതിരച്ചാണകം മണക്കുന്നി ല്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ബല്‍ക്കീസ്.
കണ്ണില്‍ ഉറക്കം വന്നു മൂടിയിട്ടും അനന്തരം തെളിയുന്ന വിഹ്വല സ്വപ്നങ്ങളെ ക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ ഉള്ള് വെന്തു. ഉറങ്ങാതിരിക്കാനുള്ള സൂത്രമൊന്നും മനുഷ്യനിതു വരെ കണ്ടുപിടിച്ചിട്ടില്ലേ..
നാളെ മുംതാസ് വരുമ്പോള്‍ ചോദിക്കണം. അവള്‍ക്കറിയാതിരിക്കില്ല.
അങ്ങനെ ചിന്തിച്ചു തീരുന്നതിന് മുമ്പ് തന്നെ ജമാല്‍ഖാന്‍ ഒരു മലപോലെ സ്വന്തം നെഞ്ചിലമര്‍ന്ന് കത്താന്‍ തുടങ്ങിയവത് അവളറിഞ്ഞു.
അയാളില്‍ കാട്ടുവള്ളി പോലെ പടരുമ്പോള്‍ ഈ മനുഷ്യന് ക്ഷീണോം തളര്‍ച്ചയുമൊന്നുമില്ലേ എന്ന് പല പ്രാവശ്യം ചിന്തിച്ചു കൊണ്ടേയിരുന്നു.
'..വെളുത്തുള്ളിയുടെ മണമാണ് നിന്‍റെ.. നിന്‍റെ... '
മാറത്ത് മുഖമമര്‍ന്നതിനാല്‍ ജമാല്‍ഖാന്‍ പിന്നീടെന്താണ് പറഞ്ഞതെന്ന് ബല്‍ക്കീസ് കേട്ടില്ല.
പക്ഷേ, ഇത് സ്ഥിരം കേള്‍ക്കുന്ന പല്ലവിയായത് കൊണ്ട്..

പിന്നീടെപ്പോഴോ തലയണയ്ക്കു മേല്‍ മുഖം പൂഴ്ത്തി കുതിരച്ചാണകം മണക്കുന്ന ദേഹത്തോടെ ബല്‍ക്കീസ് തളര്‍ന്നുറങ്ങി.
മുന്തിരിച്ചാറ് നിറച്ച സ്ഫടികപ്പാത്രങ്ങളുമായി ആകാശത്തു കൂടി പറക്കുന്ന സ്വര്‍ണ്ണരഥമാണ് അന്നവള്‍ സ്വപ്നം കണ്ടത്.
അപ്പോള്‍ ഭൂമിയിലെ സസ്യങ്ങളെല്ലാം പൂത്തു തളിര്‍ക്കുന്നതും സ്വര്‍ഗ്ഗത്തിലെ ഹൂറിമാര്‍ മണ്ണിലേക്ക് വന്നിറങ്ങുന്നതാവുമോ ഇതെന്ന് സ്വപ്നത്തില്‍ ഞെട്ടുകയും ഭൂമിയിലുള്ളവര്‍ക്ക് ദാഹം തീര്‍ക്കാന്‍ മണ്ണില്‍ തെളിനീരുറവയു ണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ശരീരം മുഴുവന്‍ മത്സ്യത്തിന്‍റെ ചെതുമ്പലുകളുള്ള ഒരു സുന്ദരിയാണ് സ്വര്‍ണ്ണരഥത്തില്‍ സഞ്ചരിച്ചിരു ന്നതെന്ന് മുംതാസ്.
അവളുടെ അന്നേരത്തെ അവസ്ഥ കണ്ട് ബല്‍ക്കീസിന്‍റെ ഹൃദയമിടിപ്പേറി.
സാധാരണ മുംതാസ് ധരിക്കാറുള്ള ഇളംമഞ്ഞ ചൂരിദാറോ തലയിലെ തട്ടമോ ഇല്ലാതെ തന്‍റെയും ജമാല്‍ഖാന്‍റെയും മുമ്പിലിങ്ങനെ വന്നു നില്‍ക്കാന്‍ നാണമില്ലേയെന്ന് ശങ്കിക്കാതിരുന്നില്ല.
മുംതാസ് ചുണ്ടുകള്‍ നനച്ച് കുണുങ്ങിച്ചിരിക്കുന്നു.
ജമാല്‍ഖാന്റെ കണ്ണുകള്‍ തിളങ്ങുന്നതും അയാളുണര്‍ന്നൊരു നീരാളിയായി മുംതാസിനെ ചുറ്റിവരിയുന്നതും തന്നിലമര്‍ഷമുണ്ടാക്കുമെന്നത് അവള്‍ മനസ്സി ലാക്കാത്തതെന്തേ..
മുംതാസിപ്പോള്‍ കുതിരപ്പുറത്ത് കയറുന്ന ലാഘവത്തോടെ ജമാല്‍ഖാന് മുകളിലമര്‍ന്നു.
അവളെ ചവിട്ടിത്തെറിപ്പിക്കാനുള്ള ആവേശം ഉള്ളില്‍ നുരഞ്ഞെങ്കിലും കാലുകള്‍ അനക്കാന്‍ കഴിയാത്ത രീതിയില്‍ മരവിച്ചിരുന്നു.
വിളിച്ചു കൂവി അയല്‍വാസികളെയെല്ലാം ഉണര്‍ത്തിയാലോ എന്നോര്‍ത്തു.
ശബ്ദമുയരുന്നില്ല. ബല്‍ക്കീസ് വല്ലാതെ പരവേശപ്പെട്ടു.
അയാളുടെ ഓരോ ചലനങ്ങളും മുംതാസിനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെന്ന് അവളുടെ ചുണ്ടിലൂറുന്ന ചിരിയില്‍ ബല്‍ക്കീസ് വായിച്ചു.
എത്ര നേരമിങ്ങനെ സഹിക്കും..
കഴിയില്ല..! തനിക്കു ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതു മാത്രമല്ല. വിവാഹപ്രായ മായ പെണ്‍കുട്ടിയാണ് മുംതാസ്. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...?
സകല ശക്തിയും സംഭരിച്ച് വിളിച്ചു കൂവിയാലോ.. 
നാട്ടുകാര് മുഴുവന്‍ ഓടിക്കൂടട്ടെ..!
'..ഹാാആയ്......, കൂഊൌൌൌയ്........, ഓാാായ്...... '

മുഹ്സിന തൊട്ടിലില്‍ നിന്നും ഞെട്ടി.
അവള്‍ കൈകാലിട്ടടിച്ച് കരയാന്‍ തുടങ്ങി.
ജമാല്‍ഖാന്‍ ചന്തിക്കിട്ട് ഒന്ന് പൊട്ടിച്ചപ്പോഴാണ് ബല്‍ക്കീസ് കണ്ണു തുറന്ന് പിടഞ്ഞത്.
പകല്‍വെളിച്ചത്തിലേക്കാണ് കണ്ണു മിഴിച്ചതെങ്കിലും ഇരുട്ടിലെന്ന പോലെ അല്‍പ്പ നേരമിടറി. പിന്നെ, എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവള്‍ നെഞ്ചത്ത് കൈയമര്‍ത്തി.
'..ന്‍റെ.. റബ്ബേ.. നേരം വെള്ത്തല്ലോ.. ഇന്നിനി വെള്ളത്തിനെന്ത് ചെയ്യും.. '
ജമാല്‍ഖാന്‍ അരിശം പൂണ്ടു.
'..ശെയ്ത്താന്‍.. ഒറങ്ങാന്‍ നേരത്ത് ഓരോന്നോര്‍ത്ത് കിടക്കും.. മന്ശനെ സൊയ് ര്യം കെട്ത്താനായിട്ട്.. പോയെന്‍റെ കണ്ണുമുമ്പീന്ന്.. '
ജമാല്‍ഖാന്റെ പുലമ്പല്‍ ശ്രദ്ധിക്കാതെ മുഹ്സിനയെ തൊട്ടിലില്‍ നിന്നെടുത്ത് തോളില്‍ കിടത്തി ബല്‍ക്കീസ് മുറിയില്‍ നിന്നും പുറത്തിറങ്ങി.
പിന്നീട് അടുക്കളയിലേക്ക് കടന്ന് മണ്‍കലത്തില്‍ നിന്നും ഇത്തിരി വെള്ള മെടുത്ത് കുടിക്കുകയും കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ച് അവളുടെ ചുണ്ടുകള്‍ ക്കിടയില്‍ മുലഞെട്ട് തിരുകി കരച്ചിലടക്കാനും വീണ്ടും ഉറക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.
ഉഷ്ണം പെയ്തിറങ്ങാന്‍ തുടങ്ങുന്ന ആകാശത്തിനു താഴെ ഒരു കൊച്ചു പേടകമായി സ്വന്തം വീട് ചുരുങ്ങുകയാണെന്നും മകളിങ്ങനെ നിര്‍ത്താതെ കരയുന്നത് അശുഭ ലക്ഷണമാണെന്നും ചങ്കിടിപ്പോടെ ഓര്‍ത്തു കൊണ്ട് ബല്‍ ക്കീസ് കണ്ണടച്ച് ദീര്‍ഘ നിശ്വാസമുതിര്‍ത്തു.
അതൊരു ചുഴലിക്കാറ്റു കണക്കെ ആ കൂരയ്ക്കുള്ളില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.

--------------------------------------------------------------------------
സംഭാഷണം വാര്‍ഷികപ്പതിപ്പ് 2005




Saturday, June 23, 2012

അതിഥി ദേവോ ഭവ



'സ്വര്‍ണ്ണത്തിന് പിന്നേയും വില കൂടിയിരിക്കുന്നു..'
അയാള്‍ നിര്‍ത്താതെ സംസാരിക്കുകയാണ്.
ഞാന്‍ മറുപടിയൊന്നും പറയാതെ അസ്വസ്ഥത പ്രകടിപ്പിച്ച് വാച്ചിലേക്ക് നോക്കി.
ഉച്ചക്ക് മുമ്പത്തെ സൂപ്പര്‍സ്റ്റാര്‍ ചിത്രം.. പിന്നെ,
ഭാര്യയുടെ ബന്ധത്തിലൊരു വിവാഹനിശ്ചയം..
വൈകുന്നേരം തിരിച്ചു വന്ന ശേഷം രണ്ടുമൂന്ന് സീരിയലും
ഒരു കോമഡി സിനിമയും...
ഇന്നെല്ലാം കൊളമാവും.. തീര്‍ച്ച!
അയാള്‍ സോഫയില്‍ അമര്‍ന്നിരുന്ന് ആദ്യമായി ഭൂമിയില്‍ വരുന്ന അന്യഗ്രഹവാസിയെ പോലെ ചുറ്റും എന്തെല്ലാമോ തിരയുന്നു.
അയാളുടെ കണ്ണില്‍ പെടാതെ അകത്തുനിന്നും ഭാര്യ നേരം പോകുന്നതിന്‍റെ സൂചനകളായി ചില മുദ്രകള്‍..
ആരെങ്കിലും ഫോണ്‍ ചെയ്താല്‍ ഇന്ന് വീട്ടിലുണ്ടാവില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ശീലം..
ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരവതാരം..
മരിച്ചു പോയ അമ്മയുടെ..ഏതോ..
വീട്ടിലൊരാള്‍ കയറി വരിക എന്നത്  വഴിയരികില്‍ ഏതെങ്കിലും
ജീവിയുടെ ചീഞ്ഞു നാറുന്നു ജഡം കാണുന്ന പോലെ..
'..ടീവി ഓണ്‍ ചെയ്യ്..വാര്‍ത്ത..'
മുഖത്ത് ചിരി നിറച്ച് പ്രതീക്ഷയോടെ അയാള്‍.
ഫ്രിഡ്ജ് തുറന്ന് ജ്യൂസ് ഗ്ളാസ്സിലൊഴിച്ച് അയാളുടെ മുമ്പില്‍ വെച്ചു.
'..ഭാര്യയെ കണ്ടില്ലല്ലോ..'
അയാളുടെ നെറ്റിയില്‍ ഏതാനും വരകള്‍..!
ഭാര്യ...!!!
അന്നേരം ഉള്ളിലൊരു മിന്നായം.
'..അവള്‍ അകത്തുണ്ട്.. രണ്ടു ദെവസ്വായി കെടപ്പിലാ..
ഇപ്പോഴത്തെ ഓരോരോ പനികളല്ലേ..  ആശുപത്രീന്ന് എറങ്ങാന്‍ നേരംല്ല്യാണ്ടായി..'
അയാള്‍ ജ്യൂസ് മുഴുവന്‍ കുടിച്ചു തീര്‍ത്തോ എന്നു ഞാന്‍ ശ്രദ്ധിച്ചില്ല.. ഉമ്മറപ്പടിയില്‍ അഴിച്ചു വെച്ച ചെരിപ്പിടുന്നതും കണ്ടില്ല.
ഗേറ്റിന്‍റെ  ഇരുമ്പൊച്ച കാതില്‍ ഉരഞ്ഞപ്പോള്‍ മനസ്സിലായി
അയാള്‍ നടവഴിക്കപ്പുറം മാഞ്ഞു പോയെന്ന്..!
അകത്തു നിന്ന് വെളിച്ചത്തിലേക്ക് വന്ന ഭാര്യയെന്നെ ചുറ്റിപ്പിടിച്ചു.
'..ഇനി റിസ്ക്കെടുക്കേണ്ട.. ഗേറ്റടച്ചേക്കാം...'

----------------------------------------------------------------------------------------
വാരാദ്യ മാധ്യമം 2010

Thursday, June 14, 2012

രക്ത സാമ്രാജ്യം






ദൈവത്തിന്‍റെ നാട്ടില്‍ ചെകുത്താന്‍ കുടിയേറ്റം നടത്തുന്നു.
പൂവിളിയുടെ നാട്ടില്‍ കൊലവിളിയുടെ ചെമ്പൂക്കള്‍ മാത്രം.
പരസ്പ്പരം സ്നേഹിച്ചിരുന്നവര്‍
ദുര മൂത്ത് ആയുധപ്പനിയില്‍ പൊള്ളി വിറയ്ക്കുന്നു..



ഒരു കാലത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുനീളനേരവും സജീവമായി രുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയാണ് ഇന്ന് നാടിനെ ബാധിച്ച മഹാരോഗം.
സ്വന്തം പൈതലിന് പിതാവും അമ്മയ്ക്ക് മകനും ഭാര്യക്ക് ജീവിത പങ്കാളി യെയും ഇല്ലാതാക്കി പടുത്തുയര്‍ത്തുന്ന രാഷ്ട്രീയ സാമ്രാജ്യം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. 

ഏതു പ്രസ്ഥാനവും വിഭാവനം ചെയ്യുന്നത് പ്രഥമമായി സാധാരണക്കാരന്‍റെ സമാധാനവും ജീവിക്കാനുള്ള അവന്‍റെ സ്വാതന്ത്യ്രവും തന്നെയാണ്. അതുകൊണ്ടു തന്നെ എന്തെന്തു പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും ഒരാള്‍ നടുറോഡില്‍ രക്തം തെറിപ്പിച്ച് പിടഞ്ഞു വീഴുമ്പോള്‍ അനാഥമാക്കപ്പെടു ന്നത് ഒരു കുടുംബമാണെന്ന സത്യം ആരും മറന്നുകൂടാ..
കൊലവാള്‍മിനുപ്പിലെ രക്തക്കറകള്‍ കണ്ട് പുതിയ തലമുറ അരാജകവാദി കളായി വളര്‍ന്നു വരണമോ എന്ന് നാം ഉറക്കെ ചിന്തിക്കേണ്ട സമയമാണ് നമുക്ക് മുമ്പിലുള്ളത്. 
നമ്മുടെ പ്രദേശങ്ങളില്‍ നിന്നും കുറ്റിയറ്റുപോയ നന്‍മയിലധിഷ്ഠിതമായ യുവകൂട്ടായ്മകള്‍ വീണ്ടും സക്രിയമാക്കേണ്ടതിന്‍റെ പ്രാധാന്യം ഗൌരവ പൂര്‍വ്വം പരിഗണിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമെത്തി നില്‍ക്കുന്നത്. സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു ചെറുത്തു നില്‍പ്പിന്‍റെ ആവശ്യകത ഏവരും ബോധ്യപ്പെടേണ്ടതുണ്ട്. 
പരസ്പ്പരം തിരിച്ചറിയാത്തവരായി അയല്‍പ്പക്കബന്ധങ്ങള്‍ പോലും മാറു മ്പോള്‍ ദുരുദ്യേശത്തോടെ നമുക്കിടയിലേക്ക് നുഴഞ്ഞു കയറുന്ന അപരിചിത ന്‍റെ, അത് വാടകക്കൊലയാളിയാവാം.. സ്ത്രീപീഢകനാവാം, അങ്ങനെ ആരുമാ വാം. ആ കൌടില്യം മനസ്സിലാക്കാനും അയാളെ ചോദ്യം ചെയ്യാനും അത്തരം നീചശക്തികളെ നിസ്സങ്കോചം പ്രതിരോധിക്കാനും ചങ്കൂറ്റമുള്ള കാലാള്‍പ്പടയി ല്ലാത്ത നാടും നാട്ടിന്‍പുറവുമാണ് കേരളത്തിന്‍റെ ഇന്നത്തെ ശാപം.  
ഈയൊരു നഷ്ടപ്പെടലിനെ സ്വന്തം നേട്ടങ്ങള്‍ക്കായി ബുദ്ധിപൂര്‍വ്വം ഉപയോഗ പ്പെടുത്തുന്ന രാഷ്ട്രീയ കാപാലികരുടെ വക്രബുദ്ധി തിരിച്ചറിയാത്തിടത്തോളം കാലം കേരളത്തിന്‍റെ മണ്ണ് മനുഷ്യരുടെ ചുടുചോരയും കണ്ണീരും വീണ് നനഞ്ഞു കൊണ്ടേയിരിക്കും.

Tuesday, June 5, 2012

കൃതജ്ഞത തന്നെ, ശ്രേഷ്ഠപ്രതിഫലം


ഏറെ ആഹ്ളാദിക്കുന്ന ഒരു കാര്യം
ലോകത്തിന്റെ ഏതുകോണിലുമുള്ള ചിലരെയെങ്കിലും
ചികിത്സിക്കാനായി എന്നതാണ്.
അവനവന്റെ ജീവിതത്തിലെ വെളിച്ചമായ
കണ്ണിന്റെ സംരക്ഷണത്തിനായി നല്‍കുന്ന
ഉപദേശങ്ങള്‍ ശിരസ്സാവഹിച്ച് പടിയിറങ്ങുന്ന മനുഷ്യന്റെ
അത് അഫ്ഗാനിയാവട്ടെ, സൊമാലിയക്കാരനാവട്ടെ
അവരുടെ മുഖത്ത് വിരിയുന്ന കൃതജ്ഞത
പ്രവാസ ജീവിതകാലത്തെ ആരോഗ്യപ്രവര്‍ത്തനത്തിനുള്ള
ശ്രേഷ്ഠമായ പ്രതിഫലമായാണ് കരുതുന്നത്.


ഡോ. എ.വി. ഭരതന്‍

നാട്ടില്‍ നിന്നും സൌദിഅറേബ്യയിലെത്തുന്ന ഏതൊരു ഇന്ത്യന്‍ ഡോക്ടറെ യും പോലെ ആദ്യകാല ദിനങ്ങള്‍ കുറെയൊക്കെ ആശങ്ക നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും ഇവിടുത്തെ നിയമങ്ങളുടെ കാഠിന്യത്തെക്കുറിച്ചുള്ള പുറം ലോക പ്രചാരണങ്ങള്‍. പുതിയ പോളിക്ളിനിക്കായതിനാല്‍ അവിടുത്തെ അപര്യാപ്തതകളും ക്ളിനിക്കിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ നിറഞ്ഞ അന്തരീക്ഷവും പ്രവാസജീവിതത്തിന്റെ തുടക്കം അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ, അധികം വൈകാതെ ആ അസ്വസ്ഥതകള്‍ ശുഭ ചിന്തകള്‍ക്ക് വഴിമാറി. പ്രവാസിസമൂഹത്തില്‍ നിന്ന് സ്ഥാപനത്തിന് ലഭിച്ച പിന്തുണയും സ്ഥാപന നടത്തിപ്പില്‍ മാനേജ്മെന്റിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണവും എടുത്ത് പറയേണ്ടതായിട്ടുണ്ട്. പ്രവാസി സംഘടനകളും സ്ഥാപനത്തിന് മികച്ച സഹക രണം നല്‍കി. സാമൂഹ്യജീവിതത്തിനുള്ള പരിമിതികള്‍ സ്ഥാപനത്തിലെ ഡോക്ടറുടെയും ജീവനക്കാരുടെയും കൂട്ടായ്മയില്‍ കുറെയൊക്കെ പരിഹരി ക്കപ്പെട്ടു. ഇപ്പോഴും ഈ ഘടകങ്ങളെല്ലാം തന്നെയാണ് സൌദിയിലുള്ള പ്രവാസി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ തന്നെ തുടരാന്‍ പ്രചോദന മാകുന്നത്.

ഇത് പറയുന്നത് റിയാദിലെ പ്രവാസി സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ട നേത്ര രോഗ വിദഗ്ദന്‍ എ.വി. ഭരതന്‍. ക്ളിനിക്കില്‍ തന്നെത്തേടിയെത്തുന്ന രോഗി കള്‍ക്കായി ദിവസത്തിന്റെ ഏറിയ പങ്കും മാറ്റിവെക്കുന്ന ഇദ്ദേഹം കൃത്യ നിഷ്ഠ എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ ചുറ്റുമുള്ളവര്‍ക്ക് വരച്ചു കാട്ടു ന്നു.

1975ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് സഹകരണ ആശുപത്രിയിലായിരുന്നു ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തിന്റെ തുടക്കം. ആറുമാസം കഴിഞ്ഞപ്പോള്‍ സ്വന്തം പ്രദേശത്തിനടു ത്തുള്ള കാലിക്കടവില്‍ ഒരു ക്ളിനിക്ക് തുടങ്ങി. ‘ദയാ’ ക്ളിനിക്ക് എന്നായിരുന്നു പേര്.
അവശരായ രോഗികളെ വീട്ടില്‍ വെച്ച് തന്നെ പരിശോധിക്കാന്‍ ഡോക്ടറെ വിളിച്ചുകൊണ്ടു പോകുന്ന രീതി അന്ന് സര്‍വ്വസാധാരണമായിരുന്നു. യാത്രാസൌകര്യങ്ങള്‍ തീരെ കുറവായതിനാല്‍ മിക്കവാറും കാല്‍നടയായി തന്നെയായിരുന്നു രോഗികളുടെ വീട്ടിലേക്കുള്ള യാത്ര. രാത്രികാലങ്ങളില്‍ പല തവണ വിവിധ ദിക്കുകളിലേക്ക് നാഴികകളോളം നടന്നു പോകേണ്ടിയിരുന്നു. അല്ലെങ്കില്‍ വിവരമറിയിച്ചു വരു ന്ന രോഗിയുടെ ബന്ധുവിന്റെയൊ സുഹൃത്തിന്റെയൊ കൂടെ സൈക്കിളില്‍. മുന്‍വശത്തെ തണ്ടില്‍ ഡോക്ടറും പിറകിലെ സീറ്റില്‍ മരുന്നുപെട്ടിയും വഹിച്ചുള്ള ആ ‘സൈക്കിള്‍ ആംബുല ന്‍സ്’ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞിരിക്കുന്നു. അക്കാലത്തെ ഡോക്ടര്‍മാരുടെ ജനകീയതയ്ക്ക് ഏറ്റവുമധികം കാരണമായിരുന്നത് ‘ഹൌസ് കാള്‍’ എന്ന ഓമനപ്പേരുള്ള ഇത്തരം ദുരിതയാത്രകളായിരുന്നു.

1977ല്‍ കേരള ആരോഗ്യവകുപ്പില്‍ അസി. സര്‍ജനായി ചേര്‍ന്നു. ആദ്യത്തെ നിയമനം കര്‍ണാടക  സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന മലയോര കുടിയേറ്റ കേന്ദ്രമായ പാണത്തൂര്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തില്‍. അക്കാലത്തെ എല്ലാ കുടിയേറ്റ മേഖലയെയും പോലെ തീര്‍ത്തും അടിസ്ഥാനപരമായ യാതൊരു സൌകര്യങ്ങളുമില്ലാത്ത കുഗ്രാമം. ഒരു മെഡിക്കല്‍ഷോപ്പ് കാണണമെങ്കില്‍ 28 കിലോമീറ്റര്‍ അകലെ. എക്സ്റേ, രക്തപരിശോധന തുടങ്ങിയവയ്ക്ക് അമ്പത് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട്ടെത്തണം. ഏകദേശം മുപ്പത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തിന് ആധുനിക ചികിത്സയ്ക്ക് ആശ്രയിക്കാവു ന്ന ഒരേയൊരു കേന്ദ്രം ആയിരുന്നു അത്. ഡിസ്പന്‍സറി സ്ഥാപിച്ച് എട്ടു മാസത്തിനുള്ളില്‍ ആറു ഡോക്ടര്‍മാര്‍ ചാര്‍ജ്ജ് എടുത്തയുടനെ സ്ഥലം വിട്ടി രുന്നു. ഏഴാമനായി എത്തിപ്പെട്ട ഡോക്ടര്‍ അവിടെതന്നെ തുടരുമെന്ന് ജനങ്ങ ള്‍ക്ക് ബോധ്യമായപ്പോള്‍ അവരുടെ നിസ്സംഗത മാറി.

‘നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം’ എന്ന കവിവചനം ബോധ്യമായ ദിനരാത്രങ്ങളായിരുന്നു അത്. അവിടുത്തെ പള്ളിവികാരി ഫാ. ജോസഫ് മേലേ ടത്തിന്റെയും എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സഹകരണ ത്തോടെ സ്വന്തമായ ആശുപത്രികെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗ മായി ആ പഞ്ചായത്തിലെ വീടുകളിലെല്ലാം പണപ്പിരിവിനായി കയറിയിറ ങ്ങിയത് ജനങ്ങളുമായി ആത്മ ബന്ധം അരക്കിട്ടുറപ്പിക്കുവാന്‍ സഹായിച്ചു. മൂന്നര വര്‍ഷത്തിനു ശേഷം സ്ഥലംമാറ്റം ലഭിച്ച് അവിടുന്ന് പോരുമ്പോള്‍ ആ ഗ്രാമം മുഴുവന്‍ ചേര്‍ന്നു നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പ് ഇന്നും ജീവിത ത്തില്‍ മറക്കാനാവാത്ത അനുഭവമായി നിറഞ്ഞു നില്‍ക്കുന്നു.
പിന്നീട് ദീര്‍ഘകാലം ജോലി ചെയ്ത ഉദുമ, കൊയിലാണ്ടി, കാസര്‍കോഡ് എന്നിവിടങ്ങളിലെ ഗവ: ആശുപത്രികളിലെല്ലാം പാണത്തൂരിലെ ആദ്യകാല അനുഭവങ്ങള്‍ ഒരു ജനറല്‍ പ്രാക്ടീഷറെന്ന നിലയ്ക്കും പിന്നീട് നേത്രരോഗ വിദഗ്ദന്‍ എന്ന നിലയ്ക്കും വലിയ പ്രചോദനമായിരുന്നു. രണ്ടു പതിറ്റാണ്ടി ലധിക കാലത്തെ ഗവ: സര്‍വ്വീസിനു ശേഷം മൂന്നുമാസം കണ്ണൂര്‍ ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ ചാര്‍ജ്ജ് കൂടി വഹിച്ച ശേഷമാണ് സ്വയം വിരമിച്ചത്.

മുപ്പത്തിയാറു വര്‍ഷത്തെ ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും വ്യക്തികളും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയില്‍ മങ്ങാത്ത ഓര്‍മയായി ഇന്നും തെളിയുന്നത് ഉദുമ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ഒരു സംഭവമാണ്. പ്രണയ വിവാഹത്തിനു ശേഷം ഉദുമയിലെത്തിയ ബോംബെക്കാരി യുവതി പ്രസവാ നന്തരമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി. ഏതാണ്ട് നാഡിമിടിപ്പു പോലും നിലച്ച നിലയില്‍ ആ യുവതിയെ 20 കിലോമീറ്ററില ധികം ദൂരമുള്ള (ചന്ദ്രഗിരിപ്പാലം പണിയുന്നതിനു മുമ്പ്) കാസര്‍കോഡ് നഴ്സിംഗ് ഹോമിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയ നടത്തി, എട്ടു കുപ്പി രക്തം നല്‍കി രക്ഷപ്പെടുത്തുകയും ചെയ്ത അനുഭവം മറക്കാനാവാത്ത ത്. അവര്‍ക്കു നല്‍കിയ എട്ടു കുപ്പിയിലൊന്ന് സ്വന്തം രക്തമാണെന്നത് ഇന്നും ചാരിതാര്‍ത്ഥ്യം തോന്നുന്നു. പിന്നീട് ആ കുടുംബം കുഞ്ഞിന് പേരിടാനായി ഡോക്ടറുടെ വീട്ടിലെത്തുകയും പ്രിയ എന്നു പേരിട്ടതുമെല്ലാം അദ്ദേഹം ഒരു ചെറുപുഞ്ചിരി യോടെ ഓര്‍മിച്ചെടുക്കുന്നു.

പരിശോധന സമയം

സൌദിഅറേബ്യയിലെ പ്രവാസികളെ സംബന്ധിച്ചേടത്തോളം ഇവിടുത്തെ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന ‘മനുഷ്യപ്പറ്റ്’ നല്‍കുന്ന സാന്ത്വനം ചെറുതല്ല. റിയാദിലെ, വിശിഷ്യാ ബത്ഹയിലെ  പോളിക്ളിനിക്കുകളിലേക്കുള്ള പ്രവാസികളുടെ പ്രവാഹം (പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളില്‍) ഈ രംഗത്ത് വറ്റാതിരിക്കുന്ന ജീവകാരുണ്യ സ്പര്‍ശത്തിന്റെ തെളിവാണ്. സൌദിയിലെ ആരോഗ്യസേവന രംഗത്തുള്ള കര്‍ശനമായ നിയമനിയന്ത്രണ സംവിധാനങ്ങള്‍, ആതുരാലയങ്ങള്‍ നടത്തുന്നവരുടെ സാമൂഹ്യ പ്രതിബദ്ധത, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ അനേകം സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടലുകള്‍, സംഘടനകളുമായി ഡോക്ടര്‍മാരുടെ സഹവര്‍ത്തിത്വം നിറഞ്ഞ പ്രവര്‍ത്തന രീതി തുടങ്ങിയവയെല്ലാം ഗള്‍ഫ് മേഖലയിലെ ചികിത്സാരംഗത്തെ കൂടുതല്‍ ജനകീയവും നന്‍മ നിറഞ്ഞതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതായി അദ്ദേഹം പറയു മ്പോള്‍ അത് ഒരു യാഥാര്‍ത്ഥ്യമെന്ന് നമുക്കും ബോധ്യപ്പെടും.

പ്രവൃത്തിയാണ് ആരാധന എന്ന ഗാന്ധിവചനം ജീവിതത്തില്‍ പകര്‍ത്തിയവ രാണ് പ്രവാസികള്‍ എന്നാണ് ഡോക്ടറുടെ അഭിപ്രായം. നാടിനും കുടുംബ ത്തിനുമായി സര്‍വ്വതും ത്യജിച്ചുള്ള ജീവിതം. സാധാരണക്കാരുടെ ജീവിതക്ളേ ശങ്ങളെ നാട്ടിലേതിനെക്കാള്‍ നേരിട്ട് അറിയാനാവുന്നു എന്നതാണ് ഗള്‍ഫ് ജീവിതത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ നിതാന്ത ശത്രുക്കളായ രാജ്യ ങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും യാതൊരു കുഴപ്പവുമില്ലാതെ സഹോദര തുല്യമായ സ്നേഹത്തോടെ കഴിയുന്ന അത്ഭുതക്കാഴ്ചയും പ്രവാസജീവിത ത്തില്‍ മാത്രം കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമെന്ന് ഡോക്ടര്‍ അടിവരയിടു ന്നു. ഒപ്പം തന്നെ പ്രവാസജീവിതത്തിന്റെ മറ്റൊരു നേട്ടം സ്ഥിരോത്സാഹത്തി ലൂടെയും കഠിനപ്രയത്നത്തിലൂടെയും ഏതു ദുര്‍ഘട ജീവിത സാഹചര്യങ്ങളെ യും അതിജീവിക്കാനാവും എന്ന പാഠം ഓരോരുത്തരും മനസ്സിലാക്കുമെന്ന താണ്.

അതുപോലെ ഏറെ ആഹ്ളാദിക്കുന്ന ഒരു കാര്യം ലോകത്തിന്റെ ഏതു കോണിലുമുള്ള ചിലരെയെങ്കിലും സ്വന്തം കൈകൊണ്ട് ചികിത്സിക്കാനായി എന്നതാണ്. അവനവന്റെ ജീവിതത്തിലെ വെളിച്ചമായ സ്വന്തം കണ്ണിന്റെ സംരക്ഷണത്തിനായി നല്‍കുന്ന ഉപദേശങ്ങള്‍ ശിരസ്സാവഹിച്ച് പടിയിറങ്ങുന്ന മനുഷ്യന്റെ അത് അഫ്ഗാനിയാവട്ടെ, സൊമാലിയക്കാരനാവട്ടെ അവരുടെ മുഖത്ത് വിരിയുന്ന കൃതജ്ഞത പ്രവാസ ജീവിതകാലത്തെ ആരോഗ്യപ്രവര്‍ ത്തനത്തിനുള്ള ശ്രേഷ്ഠമായ പ്രതിഫലമായാണ് കരുതുന്നത്. കൂടുതല്‍ അനുഭാവം തോന്നിയ സമൂഹം ഇവിടുത്തെ ബംഗ്ളാദേശി പൌരന്‍മാരാണ്. സാംസ്ക്കാരികമായും സാമൂഹികപരമായും ഇനിയുമൊരുപാട് മുന്നേറാനു ണ്ട് ഇവര്‍.

റിയാദില്‍ സഫാമക്ക ഗ്രൂപ്പില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി സേവനം നട ത്തുന്ന ഇദ്ദേഹം ഇപ്പോള്‍ ന്യൂ സഫാമക്ക പോളിക്ളിനിക്കിലെ നേത്രരോഗ വിദഗ്ദ നും മെഡിക്കല്‍ ഡയറക്ടറുമാണ്.
നാട്ടിലും ഇവിടെയുമായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോക്ടര്‍. റെഡ്ക്രോസ് സൊ സൈറ്റി, അന്ധതാ നിവാരണ സമിതി, കാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയ സേവന സംഘടനക ളുമായി മുമ്പ് സജീവമായി സഹകരിച്ചിരുന്നു. റിയാദില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പയ്യ ന്നൂര്‍ സൌഹൃദവേദി തുടങ്ങിയവയിലൂടെ ജനസേവന വഴിയില്‍ ഒഴിവു സമയം സക്രിയമാക്കുന്നു. കൂടാതെ സാംസ്ക്കാരിക സംഘടനകളും വിദ്യാ ഭ്യാസ സ്ഥാപനങ്ങളും വഴി സൌജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘ ടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാരഥികളുടെയും സഹപ്രവര്‍ത്തകരുടെയും നിസ്സീമമായ സഹകരണം തനിക്ക് ഉള്‍ക്കരുത്തേകുന്നുവെന്ന് ഡോക്ടറുടെ കൃതജ്ഞത നിറഞ്ഞ വാക്കു കള്‍.
പ്രൊഫ: എം.പി. മന്‍മഥന്‍ സ്ഥാപിച്ച അക്ഷയ പുസ്തകനിധിയുടെ 2010ലെ ആരോഗ്യ സേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ‘അക്ഷയ ഗ്ളോബല്‍ അവാര്‍ഡ്’ ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ഡോക്ടറെത്തേടിയെത്തിയി ട്ടുണ്ട്.
ജനനം കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരില്‍. പിതാവ് രാമന്‍, മാതാവ് പാട്ടി യമ്മ. ഭാര്യ പ്രമീള. മക്കള്‍ നിമിത (സിവില്‍ എഞ്ചിനീയര്‍), സുമിത (വെല്ലൂര്‍ മെഡിക്കല്‍ കോളേജ്), പ്രമിത (ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ബാംഗ്ളൂര്‍). എറണാകുളം ആംഗിള്‍പ്ളസ് കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡി. സുജേഷ് മരുമകനാണ്.
കക്ഷിരാഷ്ട്രീയവുമായി സജീവമായ ബന്ധമൊന്നുമില്ലെങ്കിലും ഗാന്ധിയന്‍ ആശയങ്ങളോടാണ് പ്രതിപത്തി. ഇന്ത്യ മറക്കുന്നതും ലോകം കൊതിക്കുന്നതും ഗാന്ധിയന്‍ മാര്‍ഗ്ഗമാണെന്നാണ് ഡോക്ടറുടെ അഭി പ്രായം.


ന്യൂ സഫാമക്ക കുടുംബ സംഗമത്തില്‍ ക്ളിനിക്ക് ഡയറക്ടര്‍ 
സാലെഹ് അല്‍ ഖര്‍ണി ഡോ. ഭരതന് മെമെന്റോ സമ്മാനിക്കുന്നു 

---------------------------------------------------------------------------
2012 ജൂണ്‍ 3,  മലയാളം ന്യൂസ്, സണ്‍ഡേ പ്ലസ്  
--------------------------------------------------------------------------------------------