Wednesday, March 20, 2013

ഒറ്റക്കാലന്‍ കാക്ക






കലമാന പ്രാണികളും ചിറകു മുളയ്ക്കാത്ത കൊതുകുകളും പുളയുന്ന ഓടയിലെ കറുത്ത ചെളിയിലേക്ക് മുനിയാണ്ടി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുമ്പോള്‍ പട്ടണം ഉണരുന്നതേയുണ്ടായിരുന്നുള്ളൂ.
ആരോടൊക്കെയോ പക തീര്‍ക്കുന്ന പോലെ ചെളിയിലുയര്‍ന്ന മൂത്രനുരയിലേക്ക് മുനിയാണ്ടി ഊക്കോ ടെ കാര്‍ക്കിച്ചു തുപ്പി. അന്നത്തെ പത്രക്കെട്ടുകളുമായി പയ്യന്‍മാര്‍ സൈക്കിളില്‍ നിന്നു പാഞ്ഞു.
മുനിയാണ്ടി വളര്‍ന്നു നീണ്ട വൃത്തിയില്ലാത്ത താടിരോമങ്ങള്‍ ചൊറിഞ്ഞു. അഴുക്കു പുരണ്ട കുപ്പായ ക്കീശയില്‍ കയ്യിട്ട് പരതി. വിരല്‍ത്തുമ്പില്‍ കട്ടിയുള്ളൊരു നാണയം തടഞ്ഞപ്പോള്‍ അയാളുടെ കണ്ണില്‍ സന്തോഷം തെളിഞ്ഞു. അയ്യപ്പന്റെ പെട്ടിക്കടയ്ക്കു മുമ്പിലെ മൈല്‍ക്കുറ്റിയില്‍ കയറിയിരുന്ന് മഞ്ഞച്ച പല്ലുകള്‍ പുറത്ത് കാട്ടി മുനിയാണ്ടി കാറി.
'..എനക്കൊറ് കട്പ്പമൊള്ള ശായ താടാ..'
അയ്യപ്പന്‍ ആദ്യം കാശ് വാങ്ങി. പിന്നെ പാത്രത്തിലെ തിളക്കുന്ന ചായ ഗ്ളാസിലേക്കൊഴിച്ചു.
പെട്ടിക്കടയ്ക്ക് മുമ്പില്‍ സ്ഥിരമായി കൊത്തിപ്പെറുക്കാന്‍ വരാറുള്ള ഒറ്റക്കാലന്‍ കാക്ക അയാളെ നോക്കി തല ചെരിച്ചു കരഞ്ഞു. മുനിയാണ്ടി ചൂടുചായ ഒറ്റ വലിക്ക് അകത്താക്കി മുകളിലേക്ക് നോക്കി മുരണ്ടു.
'..എടാ.. ഒട്ടക്കാലന്‍ കാക്കേ.. നെന്‍ന്നെ ഒറ് ദെവസം.. എനക്ക് കിട്ടും.. അന്ന് നെന്‍ന്നെ നാന്‍ ചുട്ട് തിന്നും..'
എന്തോ അപശബ്ദം കേട്ട പോലെ ഒറ്റക്കാലന്‍ കാക്ക പെട്ടിക്കടക്കു മുകളില്‍ നിന്നും പാറി മറഞ്ഞു.
മുനിയാണ്ടി പിന്നേയും എന്തൊക്കെയോ പറഞ്ഞു. പട്ടണം തിരക്കിലമരുന്നതിന് മുമ്പ് എല്ലാം ഒരുക്കാനു ള്ള തത്രപ്പാടില്‍ അയ്യപ്പന്‍ അതൊന്നും ശ്രദ്ധിച്ചില്ല.
'..ടാ.. അയ്യപ്പാ.. ഒറ്  ബീഡി താ.. ശായക്കൊള്ള കാശേ കയ്യിലൊള്ള്.. കിട്ടുമ്പം തറാടാ.. ഒറ് ബീഡി താ..'
താടിരോമം നിറഞ്ഞ ഇത്തിരിപ്പോന്ന മുഖത്തിന്റെ യാചന.
അയ്യപ്പന്‍ ബീഡി കൊടുത്തു.. തീപ്പെട്ടിക്കമ്പ് കൊടുത്തു.
'..വേഗം പോയേക്കണം.. ഇവിടെന്ന്.. നാല് പേര് ചായ കുടിക്കാന്‍ വരുന്ന നേരത്ത് തന്റെയീ നെറം കെട്ട കോലം കടേടെ മുമ്പില് വേണ്ട.. പോ.. അപ്പുറത്തെങ്ങാനും പോയി തുലയ്..'
അയ്യപ്പന്‍ പിന്നേയും തന്റെ ജോലിയില്‍ വ്യാപൃതനായി.
മുനിയാണ്ടി നിന്ന് വിറച്ചു.
'..ടേയ്.. ടേയ്.. ഒറ് ബീഡി പിച്ച തന്നെന്നും വെച്ച് ആളെ പ്രാകിയാല്ണ്ടല്ലോ.. നിന്റപ്പന്റേതാണ്ടാ.. ണായേ.. ഇന്ത റോഡ്...' ചുണ്ടത്ത് വെച്ച ബീഡി അയ്യപ്പന്റെ മുമ്പിലേക്ക് തുപ്പിത്തെറിപ്പിച്ചു. മുനിയാണ്ടി കൂശലില്ലാതെ തിരിഞ്ഞ് നടന്നു.

പുലരിമണം അമര്‍ന്നു.
പട്ടണം ഇരമ്പിത്തുടങ്ങുന്നു.
കോപമടങ്ങാതെ മുനിയാണ്ടി ഓവര്‍ബ്രിഡ്ജിന് താഴെ കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി മലര്‍ന്ന് കിടന്ന് അയ്യപ്പന്റെ തന്തക്ക് വിളിച്ചു., തള്ളയെ തെറി പറഞ്ഞു. അയ്യപ്പന്‍ ചത്ത് പുഴുവരിക്കട്ടെയെന്ന് കുറ്റിക്കാട്ടി നപ്പുറത്തെ വള്ളിപ്പടര്‍പ്പുകളിലേക്ക് കല്ലുകള്‍ വാരിയെറിഞ്ഞ് അലറി.
മുനിയാണ്ടിയുടെ അലര്‍ച്ച അടങ്ങുന്നതിനു മുമ്പേ ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ പാഞ്ഞ ജീപ്പില്‍ നിന്ന് ഉച്ചഭാഷിണി എന്തൊക്കൊയോ അന്തരീക്ഷത്തിലേക്ക് ശര്‍ദ്ദിച്ചു. കയ്യിലുണ്ടായിരുന്ന ഉരുളന്‍ കല്ലുകള്‍ താഴെയിട്ട് എഴുന്നേറ്റിരുന്ന് മുനിയാണ്ടി ഉച്ചഭാഷിണിയില്‍ നിന്നും തെറിക്കുന്ന വാക്കുകള്‍ക്ക് കാതോര്‍ ത്തു.    വല്ല ഉത്സവമോ... അന്നദാനമോ.. വീണു കിട്ടിയാല്‍ പിന്നെ ഇന്ന് തെണ്ടേണ്ടല്ലോ.. എന്ന ചിന്ത ഉള്ളിലുരുണ്ടു. ചെവിക്കുള്ളിലേക്ക് കയറിയ വാചകങ്ങളുടെ പൊരുള്‍ മനസ്സിലാവാതെ മുനിയാണ്ടി വാ പൊളിച്ചു നിന്നു.  അവസാനം ഒന്നു മാത്രം മനസ്സിലായി. പ്രതിഷേധം.. പട്ടണത്തില്‍ ഹര്‍ത്താല്‍..?
തുറക്കാന്‍ തുടങ്ങിയ കടകള്‍ ധൃതിയില്‍ അടച്ച് വിഷമത്തോടെ കടയുടമകളും ഓര്‍ക്കാപ്പുറത്ത് വീണു കിട്ടിയ അവധിയില്‍ ആഹ്ളാദിച്ച് തൊഴിലാളികളും അവരവരുടെ പാട്ടിന് പോയി.
പട്ടണം മൌനത്തിലാഴുന്നത് മുനിയാണ്ടിയെ സംബന്ധിച്ചേടത്തോളം അലോസരപ്പെടുത്തുന്ന ഒന്നാണ്. വയറിനകത്ത് വിശപ്പിന്റെ കാറ്റിരമ്പി. ഇന്ന് പട്ടണമുണരില്ല. കടകള്‍ തുറക്കുന്നെങ്കിലേ തെരുവില്‍ ആള നക്കമുണ്ടാകൂ. നാല് നാണയങ്ങള്‍ കൈവെള്ളയില്‍ വീഴണമെങ്കില്‍ നാനൂറ് പേരുടെ തുറിച്ചു നോട്ടം സഹിക്കണം. എന്തു ചെയ്യാം.. മുനിയാണ്ടി ഇങ്ങനെയൊക്കെയായിപ്പോയി.

മുനിയാണ്ടി എന്തൊക്കെയോ ഓര്‍ത്തു.

കാലമെത്രയായി ഈ പട്ടണത്തിലെത്തിയിട്ട്.
ഇത്രയും വളര്‍ന്നിട്ടില്ലാത്ത പട്ടണത്തിന്റെ മുക്കുമൂലകളില്‍ കിട്ടുന്ന ഏത് ജോലിയും ഭംഗിയായി ചെയ്ത് ജീവിച്ചു പോന്ന നാളുകള്‍... ഹോട്ടലുകളില്‍ വിറക് കീറാന്‍.. വെള്ളം കോരാന്‍.. ഹോട്ടല്‍ മുതലാളിമാ രുടെ പുരയിടങ്ങളിലെ ഏത് ജോലിയും ചെയ്യുവാന്‍.. ഇതൊന്നുമില്ലെങ്കില്‍ റോഡ്പണി..
വിയര്‍ക്കാതെ ഉണ്ണുന്നവനെ കാണുന്നതേ അയാള്‍ക്ക് പുച്ഛമായിരുന്നു.
തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ പച്ചക്കറി കൃഷിയുണ്ടായിരുന്നു മുനിയാണ്ടിയുടെ അപ്പ വേലുച്ചാമി ക്ക്. ഒരാണ്ടിലെ ദിവസങ്ങളോളം നീണ്ട പെരുമഴയില്‍ വേലുച്ചാമിയുടെ കൃഷിയിടം വെള്ളത്തിനടിയി ലായി. ജീവിതം വഴിമുട്ടി നിന്ന ദിനരാത്രങ്ങളില്‍ മുനിയാണ്ടിയുടെ അമ്മയുടെ പേരറിയാത്ത രോഗം മൂര്‍ ച്ചിച്ചതും വേലുച്ചാമിയുടെ ഓര്‍മകളില്‍ മുറിവുകളുണ്ടാക്കി. ഗ്രാമത്തിന്റെ പൊടിമണ്‍ പറക്കുന്ന തെരുവി ലും വല്ലപ്പോഴുമൊക്കെ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലുമൊക്കെ എന്തൊക്കെയോ പുലമ്പി ക്കൊണ്ട് അലയുന്ന വേലുച്ചാമി മീശ മുളയ്ക്കാത്ത മുനിയാണ്ടിയുടെ വേദനയായി. ഏതൊക്കൊയോ തോട്ടങ്ങളിലും ജമീന്ദാരുടെ കൊട്ടാരതുല്യമായ വീട്ടിലെ പുറംവേല ചെയ്തും അമ്മയ്ക്ക് മരുന്നും കഞ്ഞി യും മുടങ്ങാതിരിക്കാന്‍ മുനിയാണ്ടി ആ പ്രായത്തിലേ പാടുപെട്ടു. എന്നിട്ടും ഒരുനാള്‍ അമ്മ..?

ഗ്രാമത്തില്‍ നെരച്ചു നടന്ന വേലുച്ചാമിയും പിന്നീടെപ്പൊഴോ കോവിലിന് മുമ്പിലുള്ള തിരുവിഴാ തേരി ന്റെ വലിയ മരച്ചക്രത്തില്‍ ചാരി ശ്വാസമറ്റ് മരവിച്ചിരിക്കുന്നത് കാണാനാവാതെ മുനിയാണ്ടി കരഞ്ഞു കരഞ്ഞ് മുഖം പൊത്തി.
അപ്പാവും അമ്മാവും ഇല്ലാതായതോടെ ലോകത്തില്‍ താനൊറ്റപ്പെട്ട പോലെ തോന്നിയ മുനിയാണ്ടിയെ ബന്ധത്തിലുള്ളവരെല്ലാം ആശ്വസിപ്പിച്ചിട്ടും വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ ലക്ഷ്യമില്ലാത്ത യാത്ര... അവസാനിച്ചത് ഈ പട്ടണത്തിലും.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദീപാവലിക്ക് കൈനിറയെ സമ്മാനങ്ങളുമായി നാട്ടിലുള്ളവരെ കാണാന്‍ പോയ മുനിയാണ്ടി പട്ടണത്തില്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ രത്നമ്മയുമുണ്ടായിരുന്നു.
തന്റെ മുറപ്പെണ്ണ്.. തനിക്ക് വേണ്ടി ചെറുപ്പകാലം മുതല്‍ക്കേ പറഞ്ഞു വെച്ച പെണ്ണ്..
'..ദീപാളിയോടെ മറുനാളിലേ.. കല്ല്യാണം മുടിഞ്ചാച്ച്.. ഇത് യേന്‍ മുറപ്പെണ്ണ് താന്‍...'
മുനിയാണ്ടി ലോഹ്യമുള്ളവരോടൊക്കെ വിരിഞ്ഞ ചിരിയോടെ അറിയിച്ചു.
മുനിയാണ്ടിയുടേയും രത്നമ്മയുടേയും സ്നേഹം പട്ടണത്തേക്കാള്‍ വലിപ്പമേറിയതായിരുന്നു.
എം.ജി.ആറിന്റേയും രജനികാന്തിന്റേയും സിനിമകള്‍ പട്ടണത്തിലെ തിയേറ്ററിലെത്തുന്ന ദിവസം ഇവര്‍ ക്ക് ഉത്സവമാണ്. അന്ന് മുനിയാണ്ടി ജോലിക്ക് പോവില്ല. ആരെങ്കിലും തലേ ദിവസം തന്നെ വല്ല ജോലി യും പറഞ്ഞേല്‍പ്പിച്ചാല്‍ അയാള്‍ തലയെടുപ്പോടെ പറയും.
'..നാളേയ്ക്ക് വേലയും കീലയുമൊന്നും കെടയാത്.. നാനും ഏന്‍ മനൈവിയും തലൈവരോടെയ പടം പാക്ക പോറാങ്കേ...'
അതിരാവിലെ ഉറക്കമുണര്‍ന്ന് രണ്ടുപേരും കുളിച്ച് തൈര്വടയുണ്ടാക്കും.. പിന്നെ ഉച്ചയിലേക്കുള്ള സാപ്പാടിന് ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉണ്ടാക്കും.. എല്ലാം കഴിഞ്ഞ് അണിഞ്ഞൊരുങ്ങി തലൈവ രോടെ പടം റിലീസായ തിയേറ്ററിലേക്ക് നടക്കുമ്പോള്‍ എതിരേ വരുന്ന പരിചയക്കാരോടെല്ലാം മുനിയാ ണ്ടി പറഞ്ഞു കൊണ്ടേയിരിക്കും.
'..നാരായണ സാറേ.. നാന്‍ തലൈവര്‍ പടം പാക്കപ്പോറേന്‍......'
'..ബസീറ് മൊതലാളീ.. നാങ്കെ വന്ത് അണ്ണനോടെയ പടം...'
കേള്‍ക്കുന്നവരെല്ലാം തല കുലുക്കി ചിരിക്കും.
മണ്ണില്‍ ഋതുഭേദങ്ങള്‍ ആവര്‍ത്തിച്ചു.
പട്ടണത്തില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നു.
മുനിയാണ്ടിയും രത്നമ്മയും വാടകവീട്ടിലെ താമസം മാറ്റി, പുറംപോക്കില്‍ ചെറിയൊരു കുടില്‍ വെച്ചു.
സന്ധ്യ മയങ്ങുന്നതോടെ രത്നമ്മ വീട്ടുജോലികളെല്ലാം തീര്‍ത്ത് കുടിലിന് മുമ്പിലെ കയറ്റുകട്ടിലില്‍ റോഡിലേക്ക് കണ്ണയച്ച് മുനിയാണ്ടിയുടെ നിഴലിളകുന്നതും നോക്കിയിരിക്കും. മുനിയാണ്ടി മുറ്റത്തേക്ക് കാലെടുത്ത് വെയ്ക്കേണ്ട നിമിഷം രാമചന്ദ്രവൈദ്യരുടെ പക്കല്‍ നിന്നും പ്രത്യേകം പറഞ്ഞു വാങ്ങിയ തൈലം എടുത്ത് കൊണ്ടുവന്ന് മുനിയാണ്ടിയെ കട്ടിലിലിരുത്തി മേലാകെ പുരട്ടി കൊടുക്കും.
1* '..കാലെയിലിരുന്ത് സായന്തരം വരേയ്ക്കും ഒഴെയ്ച്ചിറുക്കും.. ഒടമ്പെയ് നല്ല പടി പാര്‍ക്കലേനാ....'
മെഴുക്ക് പുരണ്ട തന്റെ ദേഹത്തേക്ക് രത്നമ്മയെ ഒട്ടിച്ചു നിര്‍ത്തി മുനിയാണ്ടി ഒച്ചയില്ലാതെ ചിരിക്കും.
2* '...കടവുള്‍ എനക്ക് കൊടുത്ത പരിശ് താനമ്മാ നീ...'
മുനിയാണ്ടിയുടെ പിടിയില്‍ നിന്നും കുതറിക്കൊണ്ട് നാണത്തില്‍ മുങ്ങിയ ചിരിയുമായി രത്നമ്മ അടു ക്കളയിലേക്കോടും... പിന്നെ, മുനിയാണ്ടിക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കാനുള്ള വെപ്രാളത്തില മരും.  അങ്ങനെയങ്ങനെ മലയാളക്കരയിലെ തിരുവോണവും തിരുവാതിരയ്ക്കുമൊപ്പം ദീപാവലിയും പൊങ്കലും അവര്‍ ആമോദത്തോടെ ആഘോഷിച്ചു.
തിമിര്‍ത്തു പെയ്യുന്ന സ്നേഹമഴയില്‍ അവരുടെ ജീവിതത്തില്‍ പച്ചപ്പ് നിറഞ്ഞു.
തുലാമസവും വൃശ്ചികത്തിലെ തണുപ്പും കഴിഞ്ഞപ്പോള്‍ രത്നമ്മയുടെ കുളി തെറ്റി.
ആയിടക്ക് മുനിയാണ്ടി ഒരുപാട് സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. രാത്രികാലങ്ങളില്‍ രത്നമ്മ യുടെ അടിവയറ്റില്‍ ചെവി ചേര്‍ത്തു വെച്ച് അയാള്‍ പുതിയ ജന്‍മത്തിന്റെ കൈകാലിട്ടടി ചെവിയോ ര്‍ത്തു.
അല്ലലില്ലായ്മയുടെ ആകാശത്തില്‍ നിന്നും ദുരന്തങ്ങളുടെ പെരുമഴ പെയ്തു വീണത് പെട്ടെന്നായിരു ന്നു. രത്നമ്മയുടെ പ്രസവമടുത്തു. സര്‍ക്കാരാശുപത്രിയാണേലും പല കാര്യങ്ങള്‍ക്കായി പണത്തിന്റെ ആവശ്യമൊരുപാടുണ്ട്. മുനിയാണ്ടി ആവുന്നത്ര ജോലി ചെയ്തു....................

മുനിയാണ്ടി പിന്നേയും പിന്നേയും ആരൊക്കെയോ ചീത്ത പറഞ്ഞു. വിശപ്പാല്‍ കത്തിക്കാളുന്ന വയറ് തടവി.. പാറിപ്പറക്കുന്ന താടിരോമങ്ങള്‍ക്കിടയില്‍ വിരല് കുത്തി ചൊറിഞ്ഞു. പീള നിറഞ്ഞ കണ്ണില്‍ ആരോടെന്നില്ലാത്ത ദേഷ്യമിരമ്പി.
തിരിച്ച് അയ്യപ്പന്റെ അരികിലേക്ക് പോകാന്‍ മനസ്സനുവദിച്ചില്ല. അവന്റെയപ്പനെയൊക്കെ ചീത്ത പറഞ്ഞ് പോന്നതല്ലേ.. പക്ഷേ, പോവാണ്ടിരിക്കുന്നതെങ്ങനെ...!
കയ്യില്‍ കാശുണ്ടെങ്കില്‍ തന്നെ പട്ടണത്തിലൊന്നും ഒരു കട പോലും തുറക്കില്ല. അഥവാ തുറന്നാല്‍ തന്നെ ബന്ദ് നടത്തുന്നവര്‍ അടപ്പിക്കുമെന്ന് തീര്‍ച്ച. അല്ലേലും അയ്യപ്പനുമായി ഇങ്ങനെ വഴക്കിടുന്നത് ആദ്യമായല്ലല്ലോ..! വീണ്ടും ചെല്ലുമ്പോള്‍ അല്‍പ്പനേരം മുഖം വീര്‍പ്പിച്ചു നില്‍ക്കും.. അല്ലെങ്കില്‍ കോപം അടങ്ങുവോളം വഴക്ക് പറയും.
സാരമില്ല.. അവന്‍ യേന്‍ തമ്പി മാതിരി..
ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന തെരുവിലേക്കാണ് അയാള്‍ നടന്നു കയറിയത്.
അയ്യപ്പന്റെ കട ആരോ അടിച്ചു തകര്‍ത്തിരിക്കുന്നു. ഭരണിയ്ക്കുള്ളിലെ വില്‍പ്പന സാധനങ്ങളും പാത്രത്തി ല്‍ അടുക്കി വെച്ചിരുന്ന പലഹാരങ്ങളുമെല്ലാം കടക്കു മുന്നില്‍ ചിതറിക്കിടക്കുന്നു.
മുമ്പും പട്ടണത്തില്‍ ബന്ദും ഹര്‍ത്താലുമൊക്കെ നടന്നിട്ടുണ്ട്. എന്നാലിന്നു വരെ അയ്യപ്പന്റെ കടയ്ക്കു നേരെ ആരുടേയും കൈകള്‍ നീണ്ടിട്ടില്ല.
'..അയ്യപ്പനെ യെല്ലാരും കൂടി.. ചവിട്ടി മെതിച്ചെടാ.. മുനിയാണ്ടീ.... ബന്ദുകാരുമായി എന്തോ ഒന്നും രണ്ടും പറഞ്ഞ് ഒടക്കിയതാ.. ഓട്ടോക്കാരെല്ലാം കൂടി അവനെയെടുത്തോണ്ട് ആശൂത്രീലോട്ട് പോയി ട്ടുണ്ട്...'
തെരുവില്‍ ലോട്ടറി വില്‍ക്കുന്ന ഐസക് മാപ്പളയുടെ നെഞ്ചിന്‍ കൂട് വിമ്മിട്ടത്താല്‍ പൊട്ടുമെന്ന് തോന്നി.
തറയില്‍ കാക്കകള്‍ കലപില കൂട്ടുന്നു.
പാത്രത്തിലും തറയിലുമൊക്കെയായി ചിതറിക്കിടന്നിരുന്ന പലഹാരത്തില്‍ ഉറുമ്പരിച്ചു തുടങ്ങി. കാക്ക ക്കൂട്ടത്തിനിടയില്‍ ഒറ്റക്കാലന്‍ കാക്ക അപ്പോഴും അയാളുടെ കാഴ്ചയില്‍ തടഞ്ഞു.
'..നെന്നെ ഒറ് ദെവസം ഞാന്‍ ചുട്ട് തിന്നുമെടാ.. കള്ളക്കാക്കേ...'
തല ചെരിച്ചു പിടിച്ച് മുനിയാണ്ടിയെ കളിയാക്കുന്ന പോലെ ഒന്ന് നോക്കി.., കൊക്കിലൊരു പലഹാര ത്തുണ്ടുമൊതുക്കി സ്വസ്ഥമായൊരിടത്തേക്ക് ഒറ്റക്കാലന്‍ കാക്ക പറന്നു.
താന്‍ നില്‍ക്കുന്ന മണ്ണും മുമ്പിലുള്ള റോഡും കത്തുന്നതായി മുനിയാണ്ടിക്ക് അനുഭവപ്പെട്ടു. അയ്യപ്പന്റെ കടയ്ക്കു മുമ്പില്‍ നിന്നും തിരക്കാറിത്തണുത്ത റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
കരുണ വറ്റിയ ലോകത്തെക്കുറിച്ചോര്‍ത്ത്..
മനുഷ്യരെക്കുറിച്ചോര്‍ത്ത്..
അങ്ങനെ സകലതിനെക്കുറിച്ചോര്‍ത്തും മുനിയാണ്ടി സങ്കടപ്പെട്ടു.
റോഡില്‍ വാഹനത്തിന്റെ ഇരമ്പലും ആരുടെയൊക്കെയോ ബഹളവും കേട്ട് മുനിയാണ്ടി നടത്തം നിര്‍ ത്തി. റോഡിലെ ശ്മശാന മൂകതയ്ക്ക് വിഘ്നം വരുത്തി ചീറി വന്ന കാറിനു മുമ്പില്‍ ബന്ദനുകൂലികളുടെ താണ്ഡവനൃത്തം. കാറിനുള്ളിലുള്ളവരോട് കയര്‍ക്കുകയാണവര്‍.
കാറിനകത്ത് നിന്ന് യാചനയുടെ കൈത്തലങ്ങള്‍.. പേറ്റുനോവിന്റെ കണ്ണീര്‍ക്കീറുകള്‍..!
കാറിനു മുമ്പില്‍ പ്രതിഷേധത്തിന്റേയും ആക്രോശത്തിന്റേയും മനുഷ്യമതില്‍..
മുനിയാണ്ടി കാറിനടുത്തേക്ക് നീങ്ങി. ആക്രോശങ്ങള്‍ക്കിടയിലൂടെ ചെവിയില്‍ വീഴുന്ന വിവശതയില്‍ കുഴഞ്ഞ സ്ത്രീ ശബ്ദം. മുനിയാണ്ടിയുടെ രോമകൂപങ്ങള്‍ എഴുന്നു നിന്നു.
പീള മൂടി മങ്ങിയ കണ്ണില്‍ കണ്ണീര് നിറഞ്ഞു.
വീര്‍ത്ത വയറും താങ്ങി വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബന്ദുദിനത്തില്‍ റോഡില്‍ തളര്‍ന്നിരിക്കുന്ന രത്നമ്മ ഓര്‍മയില്‍ തെളിഞ്ഞു. അവളേയും താങ്ങിയെടുത്ത് ജനറല്‍ ആശുപത്രി വരെ കിതച്ചതോര്‍മ വന്നു. ആശുപത്രിപ്പടിക്കല്‍ കാലിടറിയതും രത്നമ്മ മരണത്തിന്റെ പാതാളത്തിലേക്ക് അമര്‍ന്നതും കണ്ണില്‍ മിന്നി. റോഡരുകില്‍ മണ്ണില്‍ പുതഞ്ഞ കരിങ്കല്‍ ചീളെടുത്ത് അയാള്‍ കാറിനടുത്തേക്ക് കരഞ്ഞു കൊ ണ്ടാഞ്ഞു.
കാറിനു ചുറ്റുമുള്ള കണ്ണുകളില്‍ തീ പാറി.. അവര്‍ കയ്യിലുണ്ടായിരുന്ന കുറുവടികളില്‍ പിടി മുറുക്കി.
കാറിനുള്ളിലെ നനഞ്ഞ കണ്ണുകളില്‍ പ്രത്യാശ തെളിയുന്നത് കണ്ണു നിറയെ കാണുന്നതിനു മുമ്പേ ആ രൊക്കെയോ ചിന്നം വിളിച്ചു.
... മുനിയാണ്ടിക്ക് വട്ടിളകിയേ..... മുനിയാണ്ടിക്ക് പ്രാന്ത്.. മൂത്തേേേയ്.........

കൈക്കും കാലിനും പരിക്ക് സാരമുള്ളതായിരുന്നില്ല.
നെറ്റി പൊട്ടി ചോര താടിരോമങ്ങള്‍ക്കിടയിലൂടെ പറ്റിപ്പിടിച്ച് ഉണങ്ങി ഈച്ചയാര്‍ത്തു.
തെറി പറയാനും തല്ലാനും വേണ്ടി വന്നാല്‍ മനുഷ്യനെ കൊല്ലാനും അറുപ്പില്ലാത്ത ആളുകളെ മുനിയാ ണ്ടി പ്രാകി. ഈ പാവപ്പെട്ടവനെന്ത് പിഴച്ചെന്ന് ആയിരം സൂചിമുനകള്‍ മണ്ണിലേക്ക് വര്‍ഷിക്കുന്ന സൂര്യ നെ നോക്കി അയാള്‍ പല്ലിളിച്ചു.
'..യെല്ലാത്തുക്കും കടവുള്‍ ശോദിച്ചോളും..'
വയറ് വീണ്ടും എരിയുന്നു.
ഉറുമ്പരിച്ചതാണെങ്കിലും അയ്യപ്പന്റെ കടക്കു മുമ്പില്‍ ചിതറിക്കിടക്കുന്നതു കൊണ്ട് വിശപ്പടക്കാമെന്നോ ര്‍ത്താണ് വീണ്ടുമവിടെ എത്തിയത്. ശരീരത്തിന്റെ പല ഭാഗങ്ങളും വേദനിക്കുന്നു. ആകപ്പാടെ പുകച്ചി ല്‍. കൈ മുട്ടിലെ ചോരപ്പാട് ഉടുതുണിയാല്‍ തുടച്ച്.. നാവ് നീട്ടി വിരല്‍ത്തുമ്പില്‍ തുപ്പല്‍ നനച്ച് മുറിവി ന്റെ നീറ്റലിന് മുകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
അയ്യപ്പന്റെ കടയ്ക്ക് മുമ്പിലെത്തിയപ്പോള്‍ കണ്ണില്‍ വീണ്ടും ഇരുട്ട് കുത്തി.
ശൂന്യമായി കിടക്കുന്ന പാത്രങ്ങളും തറയും..?
വിശപ്പ് പിന്നേയും വളര്‍ന്നു.
വേച്ച് വേച്ച് ഓവര്‍ബ്രിഡ്ജിന് താഴെയുള്ള കുറ്റിക്കാട്ടിലേക്ക് നടന്നു.
മരണമൌനം നീണ്ട റോഡിലൂടെ കത്തുന്ന പകലില്‍ മുനിയാണ്ടി വിറച്ചു.
കലിയിളകുമ്പോള്‍.. വിഷമതയനുഭവിക്കുമ്പോഴുമെല്ലാം സ്ഥിരമായി വന്നു കിടക്കാറുള്ള കുറ്റിക്കാട് ഇരുട്ടിലമര്‍ന്ന പോലെ അപരിചിതമായി തോന്നി.
കുറ്റിക്കാട്ടിനുള്ളില്‍ നിന്നും മുമ്പില്ലാത്ത വിധം കുറുനരികള്‍ കൂട്ടത്തോടെ ഓരിയിടുന്നതും മാളങ്ങളില്‍ നിന്നും ഇഴജന്തുക്കള്‍ സീല്‍ക്കാരം പുറപ്പെടുവിക്കുന്നതുമൊക്കെ മുനിയാണ്ടി കേട്ടു.
കുറ്റിക്കാട്ടിലേക്കിറങ്ങാതെ ഓവര്‍ബ്രിഡ്ജിന്റെ കല്‍ത്തൂണില്‍ ചാരിയിരുന്നു. മുമ്പിലെ ഉരുണ്ട പാറക്ക ല്ലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് കണ്ണടച്ചു കിടന്നു.
നെറ്റിയില്‍ നിന്നും ചോര വീണ്ടും കവിളിലേക്കിറ്റി. താടിരോമങ്ങള്‍ക്കിടയിലത് അപ്രത്യക്ഷമായി.
മുനിയാണ്ടി തിളങ്ങുന്ന വെള്ളിമേഘങ്ങള്‍ക്കിടയിലേക്ക് നോക്കി.
മുമ്പില്‍ രത്നമ്മ വന്ന് ചിരിച്ചു. അയാളുടെ ശോഷിച്ച രൂപവും വികൃതവേഷവും കണ്ട് കരഞ്ഞു..
നെറ്റിയിലേയും കൈത്തണ്ടയിലേയും ചോരപ്പാടുകള്‍ കണ്ട് ഹൃദയം നുറുങ്ങി കണ്ണ് പൊത്തി..
മുനിയാണ്ടിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുഖത്ത് കയ്യമര്‍ത്തി ഉറക്കെയുറക്കെ കരഞ്ഞു. പട്ട ണത്തിന്റെ ആളൊഴിഞ്ഞ കോണിലേക്ക് അയാളുടെ കരച്ചില്‍ നീണ്ടു.

'..കാഹ്.. കാഹ്... കാാ.. '
ശബ്ദം.. മുനിയാണ്ടിയുടെ കണ്ണ് വെള്ളിമേഘക്കെട്ടില്‍ നിന്നും മണ്ണിലേക്കെത്തി.
'..കാഹ്.. കാഹ്... കാഹ്.. കാാ.. ' പാറക്കല്ലില്‍ ഒറ്റക്കാലന്‍ കാക്ക.
മുമ്പില്‍ കുറ്റിക്കാട് തെളിഞ്ഞു. കുറ്റിക്കാടിനു മുകളിലെ വെയില്‍ തെളിഞ്ഞു.
അഴുക്ക് പുരണ്ട കൈലിയില്‍ കണ്ണീര് തുടച്ച് മുനിയാണ്ടി ചിരിക്കാന്‍ ശ്രമിച്ചു.
'..ഇന്നല്ല.. ഒറ് നാള് നെന്‍ന്നെ നാന്‍ ചുട്ട് കറുമുറാ തിന്നുമെടാ.. തിര്ട്ട് കാക്കേ...'
ഒറ്റക്കാലന്‍ കാക്ക കൂസലില്ലാതെ കൊക്ക് വിടര്‍ത്തി. ദൂരേക്ക് നോക്കി ചിറകുകള്‍ കുടഞ്ഞു.
അനന്തരം, മുനിയാണ്ടിയുടെ തലയ്ക്ക് മുകളിലൂടെ വട്ടം ചുറ്റി പറന്നു.
ഞൊടിയിടയില്‍ കാക്കയുടെ തൂവലുകള്‍ വെളുക്കുന്നതും ചുണ്ടുകള്‍ ചെറുതായി മനോഹരമാവു ന്നതും കുറ്റിക്കാടൊരു പൂന്തോട്ടമാവുന്നതും അയാള്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

****************************


1*   രാവിലെ മുതല്‍ വൈകും വരെ അദ്ധ്വാനിച്ചതാ.. ശരീരം നന്നായി നോക്കിയില്ലെങ്കിലേ...
2*   ദൈവം എനിക്ക് തന്ന സമ്മാനമാണ് നീ

Tuesday, February 26, 2013

വിരല്‍




തളികയില്‍ പരത്തിയ 
അരിമണികള്‍ക്കു മുകളില്‍
ആദ്യാക്ഷരം കുറിക്കാന്‍
ഗുരുനാഥനു നീട്ടുമ്പോള്‍
അമ്മ അച്ഛനോട് മുഖം ചുളിച്ചത്
മോതിരമില്ലാത്തതിനാലെന്ന്
പിന്നീട് അമ്മയില്‍ നിന്നറിഞ്ഞത്.

അച്ഛന്‍റെ കൈത്തുമ്പില്‍
തൂങ്ങി നടക്കുമ്പോള്‍
അറ്റം വിയര്‍പ്പില്‍ നനഞ്ഞത്.
   
വല്ല്യേട്ടനും കൊച്ചേച്ചിയും
കണ്ണുരുട്ടുമായിരുന്നു.
വായിലിട്ട് നുണയുമ്പോള്‍..
               
വിസ്മയങ്ങള്‍
കണ്‍മുമ്പിലാടുമ്പോള്‍
മൂക്കത്ത് വെച്ചത്.

സത്യം കാഴ്ചവെട്ടത്ത് വീണ്
മരിക്കുമ്പോള്‍
നെറികേടിന് നേരെ ചൂണ്ടിയത്.

പ്രണയിനിയുടെ അധരത്തില്‍ തൊട്ടത്.

ഉറക്കമില്ലാത്ത രാത്രികളില്‍
മൂട്ടകളെ കാലപുരിയ്ക്കയച്ചത്.

ഓലമറയിലിരുന്ന് ആരും കാണാതെ
ലഹരിയ്ക്കൊപ്പം നാവില്‍
എരിവ് പുരട്ടാനുപയോഗിച്ചത്.

ജനാധിപത്യത്തിന്‍റെ
കാവലാളാകുമ്പോള്‍
അറ്റം പല തവണ നീലമഷി പുരണ്ടത്.
   
ഇന്ന് ലോകം ഇതിന്‍ തുമ്പത്ത്.

ചുറ്റും ഇരുട്ട് കനക്കുമ്പോള്‍
അനീതിയ്ക്കെതിരെ ഉയരാത്തത്.

ചുണ്ടത്തും
കണ്ണിലും
ചെവിയിലുമമര്‍ത്തി
മൌനത്തിലമരാന്‍ തുണയ്ക്കുന്നത്.

എന്നെ ഞാനാക്കുന്നത്..!


* * * * * * * * * * * *


                                                                                                                                                                                       (ചിത്രം കടപ്പാട് : ഗൂഗിള്‍)

Monday, December 10, 2012

ദ്വീപ്


അന്ന്,
അറിയാമായിരുന്നവര്‍ക്ക്..
എന്‍റെ അടുക്കളയില്‍
വിറകില്ലാതാവുന്നത്..
ഉപ്പില്ലാത്തത്.., മുളകില്ലാത്തത്..
വേലിത്തലപ്പിനു മുകളിലൂടെ
അമ്മയുടെ കൈകള്‍
അപ്പുറത്തെ അടുക്കളയിലേക്ക്
നീളുമ്പോള്‍
വിരിഞ്ഞ ചിരിയോടെ
കൈക്കുമ്പിളില്‍ സ്നേഹം
നിറക്കുമായിരുന്ന നാള്‍..

അന്നാളുകളില്‍
അവിടുത്തെ കണ്ണുകള്‍
നിറയുമ്പോള്‍
അമ്മയുടെ നെഞ്ചിടിപ്പ്
താളം തെറ്റുന്നതറിഞ്ഞാണ്
പ്ളാവിലക്കുമ്പിളില്‍ നിന്നും
കവിള്‍ നിറയെ കഞ്ഞി തിളച്ചത്.

ഇന്ന്,
വേലി പിഴുതെറിഞ്ഞ്
കരിങ്കല്‍മതിലിനപ്പുറത്തെ
ഇത്തിരിത്തണുപ്പില്‍
മുഖം പൂഴ്ത്തി,
രാവിരുളുന്നതും
പകല്‍ പൂക്കുന്നതുമറിയാതെ...,

ഇങ്ങനെയൊക്കെയാണ്
മണ്ണില്‍ ദ്വീപുകളുണ്ടാകുന്നത്..?







****************

Tuesday, October 30, 2012

പുഴക്കര വിശേഷം






പുല്‍നാമ്പുകളില്‍ വെള്ളിവെട്ടം പരത്തിക്കൊണ്ട് കിഴക്കേ മലകള്‍ക്കപ്പുറത്തു നിന്ന് സൂര്യന്‍ കണ്ണു തുറന്നു. മരക്കൊമ്പില്‍ കിളികളുടെ കലപില.
ഏനങ്കാവ് ഗ്രാമം ഉണരുകയാണ്.
ഏനങ്കാവ്..!
നിഷ്ക്കളങ്കരായ കുറേ മനുഷ്യരുടെ ആവാസകേന്ദ്രം.
ഏനങ്കാവിന്‍റെ  മുഖമുദ്ര സ്നേഹമാണ്.
കവലയിലെ തൊഴിലാളികളുടെ പ്രധാന സംഗമകേന്ദ്രമായ അന്ത്രുക്കായുടെ ചായക്കടയില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവരുടെ തിരക്ക്. ചെറുപയറുകറിയും ആവി പറക്കുന്ന പുട്ടും ചിലര്‍ വെട്ടി വിഴുങ്ങുന്നു. ദോശയും ചട്ണിയും കഴിക്കുന്നവരും ഒരു ഗ്ളാസ് ചായയും മുന്നില്‍ വെച്ച് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരും ആടുന്ന ബെഞ്ചില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുന്നു.

ചിലര്‍ വയറു നിറഞ്ഞ സന്തോഷത്തോടെ ഏമ്പക്കവും വിട്ട് ഒരു തെറുപ്പുബീഡിയും ചുണ്ടില്‍ തിരുകി അന്ത്രുക്കയുടെ കണക്കുപുസ്തകത്തില്‍ പറ്റുമെഴുതിച്ച് കവലയിലേക്കിറങ്ങുന്നു.
വെയിലിന് ചൂടേറി വരുന്നു.
അന്ത്രുക്ക പണപ്പെട്ടിയ്ക്കടുത്ത് ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ കളങ്ങളിലൂടെ കണ്ണോടിച്ചും കൈവിരല്‍ മടക്കിയെണ്ണിയും എന്തോ കണക്കു കൂട്ടുകയാണ്.

'..എന്താണിക്കാ.. നിങ്ങളീ കണക്ക് കൂട്ടണേ..'
മേസ്തിരി അപ്പുക്കുട്ടന്‍ കയ്യിലെ ചായക്കപ്പ് ചുണ്ടോടടുപ്പിക്കുന്നതിനിടയില്‍ ചോദിച്ചു.
അന്ത്രുക്കയുടെ മുഖത്ത് സങ്കടഭാവം.
'..ഒന്നൂല്യ.. അപ്പൂട്ടന്‍ മേസ്തിര്യേ.. നമ്മടെ മോന്‍.. ബാപ്പുട്ടീടെ കത്തും പൈസേം.. ഒന്നും കാ ണ് ണില്ല്യ.. ഓന്‍റെ കൂട്ടുകാരനാ.. കഞ്ഞിക്കുഴീലെ തയ്യല്‍ക്കാരന്‍ ഗംഗാധരന്‍.. അയാള് കത്തും മാസത്തില് പൈസേം അയക്ക് ണ്ണ്ട്..  ന്‍റെ.. ബാപ്പുട്ടിക്ക് യെന്ത് പറ്റ്യോ ആവോ..'

'..നിങ്ങള്.. വെഷമിക്കണ്ട.. അന്ത്രുക്കാ.. ബാപ്പുട്ടീടെ കത്തും പൈസേം എല്ലാം അധികം വൈകാതെ തന്നെ എത്തും...'
അപ്പുക്കുട്ടന്‍ മേസ്തിരി അന്ത്രുക്കയെ സമാധാനിപ്പിച്ചു.
അന്ത്രുക്ക കാലിളകിയാടുന്ന കസേരയില്‍ വിഷണ്ണനായി ഇരുന്നു. പിന്നെ അതുവരെയുള്ള വിറ്റുവരവ് എണ്ണിത്തിട്ടപ്പെടുത്തുവാന്‍ തുടങ്ങി. അതിനിടയില്‍ മേശപ്പുറത്ത് ഉറക്കം തൂങ്ങി നിന്നിരുന്ന പഴയ റേഡിയോ പെട്ടിയുടെ ചെവി ഒന്നു പിടിച്ചു തിരിച്ചു.
മനോഹരമായ ഒരു ഗാനം അതിലൂടെ ഒഴുകാന്‍ തുടങ്ങി.
'...പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ...'
അന്ത്രുക്കയുടെ ചായക്കടയും പരിസരവും ആ ഗാനമാധുരിയില്‍ ലയിച്ചിരിക്കവേ അതാ ഓടിക്കിതച്ചു വരുന്നു നമ്മുടെ കൊച്ചു തോമസ്.
ഏത് ചെറിയ വാര്‍ത്തകളൂം നിമിഷമാത്രയില്‍ ഏനങ്കാവ് ഗ്രാമവാസികളില്‍ മുഴുവന്‍ എത്തിക്കാന്‍ കഴി വുള്ള കൊച്ചുതോമസ്.. എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍..!

'..എന്താ.. എന്തുണ്ടായി.. എന്തുണ്ടായീന്ന്...'
കൊച്ചുതോമസിന്‍റെ ഓടിവരവും വെപ്രാളവും കണ്ട് ചായക്കടയിലുണ്ടായിരുന്ന സകലരും ഒരേ സ്വരത്തില്‍ ചോദിച്ചു.
കിതപ്പടക്കാന്‍ കൊച്ചുതോമസ് ഒരു നിമിഷം വാ പൊളിച്ചു നിന്നു.
പിന്നെ, ഉയര്‍ന്നു താഴുന്ന നെഞ്ച് തട വിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.
'..എന്താണെന്നറിയില്യ.. നമ്പ്യാര് ചന്തേന്ന് വടക്കോട്ടേക്കോടീക്ക്ണു...'
കൊച്ചുതോമസ് വീണ്ടും കിതച്ചു. തോളത്ത് നിന്ന് തോര്‍ത്തെടുത്ത് നെഞ്ചത്തും നെറ്റിയിലും പറ്റിപ്പിടിച്ച വിയര്‍പ്പുമണികള്‍ ഒപ്പിയെടുത്തു.
'..നമ്പ്യാരെന്തിനാപ്പാ.. വടക്കോട്ടേക്കോടണേ...'
ഇറച്ചിവെട്ടുകാരന്‍ ഹസന്‍ഭായി തന്‍റെ വസൂരിക്കലയുള്ള മുഖം തടവിക്കൊണ്ട് ആശ്ചര്യത്തോടെ ചോ ദിച്ചു.
'..കൊറച്ച് ദെവസ്വായി നമ്പ്യാര്ടെ മൈന്റ് അത്രക്കങ്ങട്ട് ശരിയല്ല...'
പുട്ടും ഏത്തപ്പഴവും കുഴച്ച് ഉരുളയാക്കി വിഴുങ്ങുന്നതിനിടയില്‍ ചാത്തുവാശാരി
തന്‍റെ അഭിപ്രായം തട്ടിവിട്ടു.
'..പടച്ച തമ്പുരാനേ.. വടക്കാണല്ലോ.. ഏനമ്പാട്ട് പുഴ..
നമ്പ്യാര് വല്ല ബുദ്ധിമോശോം കാണിച്ചാല് ഇവിടു ത്തെ പറ്റ്പൈസ വെള്ളത്തിലാവ്വല്ലോ...'
വരവ് ചെലവ് കണക്കുകളെഴുതുന്ന ബുക്കെടുത്ത് നെഞ്ചോട് ചേര്‍ത്ത് അന്ത്രുക്ക അത്രയും പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ചാത്തുവാശാരിയുടെ നാവ് വീണ്ടും ചലിച്ചു.
'..യ്യാള് വേണ്ടാത്ത കാര്യങ്ങള് പറയല്ലാന്ന്..'
അന്ത്രുക്ക പിന്നീടൊന്നും മിണ്ടിയില്ല.
'..എന്നാലും നമ്പ്യാര്ക്ക് എന്താണ് പറ്റ്യേത്..'
മീന്‍കച്ചവടക്കാരന്‍ ഉസ്മാന് സംശയം കൂടി വന്നു.
'..അത് തന്ന്യാണ് ഞാനും ആലോചിക്കണേ.. ഇവിടുന്ന് കാലത്ത് ദോശേം കാപ്പീം കഴിച്ച് പോയതല്ലേ..'
അന്ത്രുക്കയുടെ ശബ്ദത്തില്‍ ഗദ്ഗദം നിറഞ്ഞു നിന്നു.
'..നമുക്കൊന്ന് പോയി നോക്ക്യാലോ.. നമ്പ്യാരെ കണ്ടാല് കയ്യോടെ ങ്ങട്ട് വിളിച്ചോണ്ട് വര്വോം ചെയ്യാം.. ന്താ.. '

പുറത്ത് വെച്ച വലിയ പാത്രത്തില്‍ നിന്നും വെള്ളമെടുത്ത് കയ്യും മുഖവും കഴുകുന്നതിനിടയില്‍ ചാത്തുവാശാരി പറഞ്ഞത് എല്ലാവര്‍ക്കും സ്വീകാര്യമായി. തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്തുമുണ്ടെടുത്ത് ചാത്തുവാശാരി കയ്യും മുഖവും തുടച്ച് വഴിയിലേക്കിറങ്ങി.
പിന്നാലെ മീന്‍കാരന്‍ ഉസ്മാന്‍.. മേസ്തിരി അപ്പുക്കുന്‍.. ഇറച്ചിവെട്ടുകാരന്‍ ഹസന്‍ഭായി.. കല്‍പ്പണിക്കാരന്‍ റഹീം.. കൊച്ചുതോമസ്.. ജീപ്പ് ഡ്രൈവര്‍ മൊയ്തു.. വേറേയും ഒന്നുരണ്ടാളുകള്‍.. എല്ലാവരും കൂടി വടക്കോട്ട് ഏനമ്പാട്ടു പുഴ ലക്ഷ്യമാക്കി നടന്നു.
'..എനിക്കും വരണോന്ന് ആഗ്രഹംണ്ട്.. പക്ഷേ കട അടക്കണല്ലോന്ന് ആലോചിക്കുമ്പോ..'
അന്ത്രുക്ക വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
'..വേണ്ട.. വേണ്ട.. അന്ത്രുക്ക ഞങ്ങളുടെ കൂടെ ഏതായാലും വരേണ്ട.. കടയടച്ച് നാട്ടുകാരെ പട്ടിണിക്കിടാന്‍ ഏതായാലും അന്ത്രുക്ക മെനക്കെടേണ്ട...'
സംഘത്തിന്‍റെ പിന്‍നിരയില്‍ നിന്നും കൊച്ചുതോമസ് അന്ത്രുക്കയോട് പറഞ്ഞു. അതാണ് ശരിയെന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ മൊയ്തുവും കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.

.കവലയുടെ ഇരുവശത്തുമുള്ള സകല കടക്കാരേയും വീടുകളിലുള്ളവരേയും അമ്പരപ്പിച്ചു കൊണ്ട് ചാത്തുവാശാരിയും കൂട്ടരും പുഴക്കരയിലേക്ക് നീങ്ങുകയാണ്.
വായനശാലയുടെ മൂലയില്‍ വിഡ്ഡിപ്പെട്ടിയിലെ ഏകദിന ക്രിക്കറ്റ് മാച്ചിന്‍റെ ലഹരി നുണയുന്ന യുവ നയനങ്ങള്‍ വായനശാലയുടെ ജനലഴികള്‍ക്കിടയിലൂടെ ചാത്തുവാശാരിയും കൂട്ടരും നീങ്ങുന്നത് സാകൂതം വീക്ഷിച്ചു. ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ചാമപ്പറമ്പിലെ ലത്തീഫ് തന്‍റെ വീട്ടുമുറ്റത്ത് നിന്ന് വഴിയിലേക്ക് തല നീട്ടി.
'..എങ്ങോട്ടാ.. ചാത്തുവണ്ണാ.. എല്ലാരും കൂടി..'
അറിയണോങ്കീ വാ.. എന്ന അര്‍ത്ഥത്തില്‍ ചാത്തുവാശാരി ലത്തീഫിനെ മാടി വിളിച്ചു.
മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരുന്ന ഷര്‍ട്ടുമെടുത്തണിഞ്ഞ് ലത്തീഫും അവരോടൊപ്പം ചേര്‍ന്നു. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന് ഗ്രാമത്തില്‍ മിസൈല്‍ അലി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന അലിയാരുകുഞ്ഞിയും മറ്റു പലരും കൂട്ടത്തില്‍ ചേര്‍ന്ന് സംഘത്തിന്‍റെ തലയെണ്ണം വര്‍ദ്ധിപ്പിച്ചു. ഗ്രാമത്തിലെ ശാപ്പാട്ടുരാമന്‍ വയറന്‍ കണ്ണന്‍ നല്ലൊരു സദ്യയും മനസ്സില്‍ കണ്ടുകൊണ്ടാണ് ഇവരോടൊപ്പം ചേര്‍ന്നത്.
ചെമ്മണ്‍പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു മിനി പ്രകടനമായി ചാത്തുവാശാരിയും കൂട്ടരും നീങ്ങുകയാണ്.
നാട്ടുകാരുടെ സര്‍വ്വ കാര്യങ്ങളും ഞാനറിയാതെ നടക്കില്ലെന്ന് സ്വയം വീരവാദം മുഴക്കുന്ന ബാര്‍ബര്‍ സലാമും ചിട്ടി നടത്തുന്ന അന്തോണിയും മുഖത്തോടു മുഖം നോക്കി നിന്നു.

പുഴക്കരയിലെത്തിയ സംഘം അവിടം മുഴുവന്‍ കണ്ണുകളാല്‍ പ്രദക്ഷിണം നടത്തി.
എനമ്പാട്ടു പുഴ ഇളകി മറിഞ്ഞൊഴുകുകയാണ്.
എവിടെ നമ്പ്യാര്‍..?
അന്ത്രുക്ക പറഞ്ഞ പോലെ നമ്പ്യാര് വല്ല അവിവേകോം..
ചാത്തുവാശാരി ആരോടെന്നില്ലാതെ പറഞ്ഞു.

നമ്പ്യാരിപ്പോള്‍ ഒറ്റയാന്‍. മക്കളെല്ലാം വിദേശത്താണ്.
ഭാര്യ കാര്‍ത്ത്യായനി വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു. നമ്പ്യാര്‍ക്ക് മക്കള്‍ വല്ലപ്പോഴും എന്തെങ്കിലും അയച്ചു കൊടുക്കും. മക്കളും നമ്പ്യാരും സ്വത്തിന്‍റെ കാര്യത്തില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കത്തിലും..
'..വീട്.. എന്റെ മക്കള്‍ക്ക് തന്ന്യാ.. പക്ഷെ.. അതെന്റെ കാലശേഷം മതി.. വീട് മക്കള്‍ക്ക് കൊടുത്തിട്ട് ഞാന്‍ തെരുവില്‍ അലയണോ..'
ചില നേരങ്ങളില്‍ നമ്പ്യാര്‍ ഒറ്റക്കിരുന്ന് സംസാരിക്കും. മറ്റു ചിലപ്പോള്‍ ചന്തമുക്കിലെ സര്‍വ്വേക്കല്ലിന് മുകളിലിരുന്ന് ചിരിക്കും. ആരും കാണാതെ വിതുമ്പി കരയും.
നമ്പ്യാര്‍ക്ക് ഭ്രാന്താണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം പോര. എന്നാലും എല്ലാവരുടേയും ഉള്ളിലൊരു സംശയമില്ലാതില്ല. ഇപ്പോഴിതാ ഇങ്ങനെയുമൊരു കാര്യം.
നമ്പ്യാരെന്തിനായിരിക്കും ഇങ്ങോട്ടോടി വന്നത്.. പക്ഷേ.., ആളെ കാണുന്നുമില്ല.
ചിലര്‍ പുഴയുടെ ഓളങ്ങളിലേക്ക് മിഴികള്‍ പായിച്ചു. ചാത്തുവാശാരിയുടേയും കൂട്ടരുടേയും മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അവര്‍ പരസ്പ്പരം നോക്കി.

പുഴക്കര ശാന്തം..
എല്ലാവരും മ്ളാനവദനരായി എന്തു ചെയ്യണമെന്നറിയാതെ നിശ്ചലം നില്‍ക്കവേ..
'..ങാ.. എന്താ.. എല്ലാരും കൂടി...'
പുഴക്കരയിലെ കുറ്റിക്കാട്ടില്‍ നിന്നും എഴുന്നേറ്റു വരുന്ന നമ്പ്യാര്‍..!
'..എന്താ.. എല്ലാരുമിങ്ങനെ മിഴിച്ചു നിക്കണേ.. എന്താ കാര്യം..'
നമ്പ്യാര്‍ ആകാംക്ഷാഭരിതനായി.
'..നമ്പ്യാരെ.. നിങ്ങള്‍ പുഴക്കരയിലേക്കോടി വരുന്നത് കൊച്ചുതോമസ് കണ്ടു.. എന്താണ് കാര്യമെന്നറിയാതെ ഞങ്ങള്‍..'
ചാത്തുവാശാരി മുഴുമിച്ചില്ല.
സ്വതഃസിദ്ധമായ പുഞ്ചിരിയോടെ നമ്പ്യാര്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി.

'..ചന്തയില്‍ നിന്നപ്പോ.. വയറ്റീന്ന് ആകെയൊരു ഉരുണ്ടു കയറ്റം.. രാവിലെ അന്ത്രുക്കായുടെ കടേന്ന് ദോശ കഴിച്ചതാ.. ശരിയായില്ലാന്ന് തോന്ന്ണു.. ശങ്ക കൂട്യേപ്പഴ് പുഴക്കരേല് തന്ന്യാവട്ടേന്ന് കരുതി ഓടി.. അതിന് നിങ്ങളെല്ലാവരും കൂടി.. ഇങ്ങനെ... ങേ...'
നമ്പ്യാര്‍ എല്ലാവരുടേയും മുഖത്തേക്ക് മാറിമാറി നോക്കി.
ചാത്തുവാശാരി ജാള്യതയോടെ മുഖം കുനിച്ചു. ആരും തമ്മില്‍ തമ്മില്‍ നോക്കിയില്ല.
'..കാള പെറ്റൂന്ന് കേട്ടപ്പോ കയറെടുത്തോടിയ ഞങ്ങളെ വേണം പറയാന്‍..'
ചാത്തുവാശാരി സ്വയം പഴിച്ചു. കൊച്ചുതോമസിനെ പിടിച്ചു തിന്നാനുള്ള ദേഷ്യത്തോടെ പല്ലിറുമ്മി ക്കൊണ്ട് അവനെ കൂട്ടത്തില്‍ തിരഞ്ഞു.
അതിനു മുമ്പേ തന്നെ നമ്പ്യാരെ കണ്ടുവെന്ന വാര്‍ത്ത എല്ലാവരേയും അറിയിക്കാന്‍ കൊച്ചുതോമസ് കവലയിലേക്ക് ഓട്ടമാരംഭിച്ചു കഴിഞ്ഞിരുന്നു.
എനമ്പാട്ടു പുഴ ഒരു കള്ളച്ചിരിയോടെ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ...!


**********************************


Monday, September 24, 2012

ഉമ്മുസ്സാഹിഖില്‍ നിന്ന് ഉമ്മയ്ക്കൊരു ഫോണ്‍വിളി


ദിവസങ്ങള്‍ക്കു ശേഷം മുഹമ്മദ് അല്‍ ദോസ്സരി വീണ്ടും വന്നു. 
വാതിലിനു മുമ്പില്‍ കാര്‍ നിര്‍ത്തി എന്നെ പുറത്തേക്ക് വിളിച്ചു.
വളരെ ബഹുമാനത്തോടെ അടുത്തെത്തിയപ്പോള്‍ 
മുഹമ്മദ് അല്‍ ദോസ്സരി പറഞ്ഞു.
എന്‍റെ ടെലഫോണ്‍ ബില്ല് വന്നിട്ടുണ്ട്. 
നീ അന്ന് സംസാരിച്ചതിന്‍റെ  ചാര്‍ജ്ജ് 
ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. നിന്‍റെ കയ്യിലിപ്പോള്‍ പണമുണ്ടോ..?


1994ല്‍ ഡിസംബറിലെ കൊടുംതണുപ്പിലേക്ക് വിമാനമിറങ്ങുമ്പോള്‍ ഭാവനയിലെ ഗള്‍ഫ് അതിമനോഹരമായിരുന്നു. ദമ്മാം, ജുബൈല്‍റോഡിലെ സഫ് വ എന്ന കൊച്ചു പട്ടണത്തിനടുത്തുള്ള വിശാലമായ ഹസം ഉമ്മുസ്സാഹിഖ് ഗ്രാമത്തിലെ ഖഹ്ത്താനി ഗോത്രത്തില്‍ പെട്ട ഫൈസല്‍ മുഹമ്മദ് ഹസ്സാ അല്‍ ഖഹ്താനി എന്നയാളുടെ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു  ഒത്തിരി സ്വപ്നങ്ങളുമായി വന്നിറങ്ങുന്നത്.
സൌദിഅറേബ്യയിലെ പ്രശസ്ത ഡ്രൈക്ളീനിംഗ് കമ്പനിയുടെ ഈ പ്രദേശത്തെ ബ്രാഞ്ചില്‍ ഷോപ്പ്കീപ്പറായാണ് എന്‍റെ ജോലി. നേരിട്ടല്ലാതെ ബ്രാഞ്ചുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നടത്താന്‍ നല്‍കുന്ന പ്രസ്തുത കമ്പനിയുടെ രീതിയാണ് എന്‍റെ സ്പോണ്‍സര്‍ ഒരു ബ്രാഞ്ച് ഏറ്റെടുക്കാന്‍ ഇടയായതും അവിടുത്തെ കാര്യക്കാരനായി ഞാനെത്തുന്നതും.
നഗരത്തിന്‍റെ ബഹളപ്പെരുമഴയില്‍ ജീവിതം ശീലിച്ച എനിക്ക് മരുദേശത്തെ ഗ്രാമീണത ഏറെ ഇഷ്ടമായി. എന്നാലും അന്നൊക്കെ എന്‍റെ നഗരം സ്വപ്നത്തില്‍ വന്നെന്നെ ഏറെ മോഹിപ്പി ക്കുമായിരുന്നു. ദിവാസ്വപ്നങ്ങളില്‍ നാട്ടിലെ ആഘോഷനിമിഷങ്ങളിലൂടെ എന്നും സവാരി ചെയ്തിരുന്നു.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുമ്പോള്‍ റോഡിന്‍റെ മൌനം വല്ലാതെ വീര്‍പ്പുമുട്ടിച്ചു. അന്നൊക്കെ എന്‍റെ  ചിന്ത ഇനിയെത്ര കാലം ഞാന്‍ ഈ ബഹളമില്ലാത്ത ഗ്രാമത്തില്‍ ജീവിതം നടന്നു തീര്‍ക്കണം എന്നുള്ളതായിരുന്നു.
രാപകലുകള്‍ ഓരോന്നും അടര്‍ന്നു വീഴവെ എല്ലാറ്റിനോടും പൊരുത്തപ്പെടാനുള്ള ഒരു മാനസികാവസ്ഥ കൈവന്നു. പിന്നീട് ഞാനും ഈ ഗ്രാമത്തിന്‍റെ ഭാഗമാണ് എന്ന തോന്നലില്‍ സന്തോഷം കണ്ടെത്തി. ഇവിടുത്തെ ജീവിതം തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. അറബികളാണ് കടയില്‍ കൂടുതലും കസ്റ്റമേഴ്സ്. അറബി ഭാഷയൊക്കെ തട്ടിമുട്ടി സംസാരിക്കാന്‍ പഠിച്ചു വരുന്നു.
ഹസം ഉമ്മുസ്സാഹിഖില്‍ അക്കാലത്ത് വീടുകളിലൊ കടകളിലൊ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലായിരുന്നു. വിരലിലെണ്ണാവുന്ന സ്വദേശികളുടെ കയ്യില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ.
റോഡരികില്‍ സ്ഥാപിച്ച നാണയമിട്ട് സംസാരിക്കാന്‍ സൌകര്യമുള്ള ടെലിഫോണ്‍ കേബിന്‍ മിക്ക ദിവസങ്ങളിലും പ്രവര്‍ത്തനം നിലച്ച്, അനക്കമറ്റ അവസ്ഥയിലായിരിക്കും. അന്ന് നാട്ടിലേ ക്ക് ഒരു നിമിഷനേരം സംസാരിക്കാന്‍ എട്ടു റിയാലാണ്. ഒറ്ററിയാല്‍ നാണയം കിട്ടാനില്ലാത്ത അവസ്ഥ. പത്തുറിയാലിന് ഒമ്പത് നാണയമാണ് കടകളില്‍ നിന്നും ലഭിച്ചിരുന്നത്. കൊയിന്‍ കേബിന്‍ കേടാണെങ്കില്‍ പിന്നെ നാട്ടിലേക്ക് വിളിക്കാന്‍ സഫ് വയിലെത്തണം. ഉമ്മുസ്സാഹിഖില്‍ നിന്നും ഏഴുകിലോമീറ്റര്‍ ദൂരമേയുള്ളൂ സഫ് വയിലേക്ക്. എന്നാലും വാഹനലഭ്യത  കുറവായതി നാല്‍ സമയം ഒട്ടേറെ കവരും സഫ് വ യാത്ര.
ഒരു ദിവസം അത്യാവശ്യമായി ഒന്നു വീട്ടിലേക്ക് ഫോണ്‍ വിളിക്കണം. ജോലിസമയമാണ്.
റോഡരികിലുള്ള ടെലഫോണ്‍കേബിന്‍ കേടായിട്ട് ദിവസങ്ങളായി. ജോലി കഴിയാതെ പുറത്തു പോവാനും പറ്റില്ല. ഒരാളെ ഏല്‍പ്പിച്ചു പോവാന്‍ അങ്ങനെയൊരാളില്ല. കൌണ്ടറില്‍ ഞാന്‍ മാത്രമേ ഉള്ളു..
അന്നേരം ദൈവദൂതനെപ്പോലെ പ്രിയപ്പെട്ട കസ്റ്റമറുകളിലൊരാള്‍ കാറില്‍ വന്നിറങ്ങി. മുഹമ്മദ് അല്‍ ദോസ്സരി.
കയ്യില്‍ കറുത്ത വലിയ മൊബൈല്‍ ഫോണ്‍..
രണ്ടും കല്‍പ്പിച്ച് ഞാനദ്ദേഹത്തോട് മൊബൈല്‍ഫോണ്‍ ചോദിച്ചു. വീട്ടിലേക്ക് അത്യാവശ്യ മായി വിളിക്കാനാണെന്നും എത്രയാണ് പണമാവുകയെന്നു വെച്ചാല്‍ അത് ഞാന്‍ തരാമെന്നും പറഞ്ഞപ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഫോണ്‍ എന്‍റെ കയ്യില്‍ തന്നു.
ഞാന്‍ വീട്ടിലേക്ക് വിളിച്ചു. കുറഞ്ഞ വാക്കുകളില്‍ സംസാരിച്ച് കാര്യം ഭംഗിയാക്കി.
ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ എത്ര കാശാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ബില്ല് വരട്ടെ എന്നിട്ട് മതിയെന്നും പറഞ്ഞ് അയാള്‍ പടിയിറങ്ങി കാറില്‍ കയറി.
ദിവസങ്ങള്‍ക്കു ശേഷം മുഹമ്മദ് അല്‍ ദോസ്സരി വീണ്ടും വന്നു. വാതിലിനു മുമ്പില്‍ കാര്‍ നിര്‍ത്തി എന്നെ പുറത്തേക്ക് വിളിച്ചു.
വളരെ ബഹുമാനത്തോടെ അടുത്തെത്തിയപ്പോള്‍ മുഹമ്മദ് അല്‍ ദോസ്സരി പറഞ്ഞു.
എന്‍റെ ടെലഫോണ്‍ ബില്ല് വന്നിട്ടുണ്ട്. നീ അന്ന് സംസാരിച്ചതിന്‍റെ  ചാര്‍ജ്ജ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. നിന്‍റെ കയ്യിലിപ്പോള്‍ പണമുണ്ടോ..?
പ്രശ്നമില്ല.. എത്ര റിയാലായാലും  ഞാനിപ്പോള്‍ തന്നെ തരാം.. മിനിട്ടൊന്നിന് ഇന്ത്യയിലേക്ക് എട്ടു റിയാലാണ് ചാര്‍ജ്ജ്.. എന്‍റെ വാക്കുകള്‍.
ആകട്ടെ.. നീ ആരുമായാണ് അന്ന് ഫോണില്‍ സംസാരിച്ചത്..
അടുത്ത ചോദ്യം.
എന്‍റെ  ഉമ്മയുമായി..
ഞാന്‍ കാറിനടുത്തേക്ക് ചേര്‍ന്നുനിന്നു.
ഓഹോ.. ഉമ്മയോടാണോ സംസാരിച്ചത്..
അങ്ങനെ ചോദിച്ചുകൊണ്ട് മുഹമ്മദ് അല്‍ ദോസ്സരി അല്‍പ്പനേരം എന്തോ ചിന്തിച്ചു.
എങ്കില്‍ ആ കാശ് നീ തന്നെ വെച്ചോളൂ.. ഞാനെന്‍റെ ഉമ്മയുമായി സംസാരിച്ചതാണെന്ന് കരുതിക്കോളാം..
എത്ര നിര്‍ബന്ധിച്ചിട്ടും എന്‍റെ കയ്യില്‍ നിന്നും അദ്ദേഹം പണം വാങ്ങിയില്ല.
ഹൃദ്യമായ ഒരു ചിരി ആ മുഖത്ത് നിറച്ച് മുഹമ്മദ് അല്‍ ദോസ്സരി                 കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എന്‍റെ നേര്‍ക്ക് കയ്യുയര്‍ത്തി.
'..അസ്സലാമു അലൈക്കും.. '
നീങ്ങിത്തുടങ്ങിയ കാറിനു സമീപം നിശ്ചലനായി നിന്ന ഞാനും അറിയാതെ കൈ ഉയര്‍ത്തി പതുക്കെ ഉരുവിട്ടു..
'വ അലൈക്കും മുസ്സലാം .....................'

*************************************