സ്ലേറ്റ് എന്ന ബ്ലോഗില്‍ വന്ന പോസ്റ്റ് എന്റെ വായനക്കാര്‍ക്ക് വേണ്ടി പുന പ്രസിദ്ധീകരിക്കുന്നു.
നജിം കൊച്ചുകലുങ്കിന്റെ അനുവാദത്തോടെ..!
നജിം കൊച്ചുകലുങ്കിന്റെ അനുവാദത്തോടെ..!

അതൊരു വേദനാജനകമായ വാര്‍ത്തയായിരുന്നു. മലയാളിയുടെ പ്രിയ ഗായകരിലൊരാളായ കെ.ജി. മാര്‍ക്കോസ് സൌദി പൊലീസിന്റെ പിടിയിലായിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ നിജസ്ഥിതി അന്വേഷിക്കാന്‍ പത്രമാപ്പീസിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ദമ്മാം ബ്യൂറോയില്‍ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി. കലയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടായിട്ടല്ലെങ്കിലും നാലു പുത്തനുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ കലാമാമാങ്കങ്ങള്‍ നടത്തുന്ന മലയാളി സംഘങ്ങളിലാരോ സംഘടിപ്പിച്ച ഒരു ഗാനമേള സ്ഥലത്തുനിന്നാണ് അദ്ദേഹം സൌദി പൊലീസിന്റെയും സദുപദേശ സംഘത്തിന്റേയും പിടിയില്‍ പെട്ടിരിക്കുന്നത്. സൌദി അധികൃതരില്‍നിന്ന് നിയമപരമായ അനുമതിയൊന്നും വാങ്ങാതെ തികച്ചും നിരുത്തരവാദപരമായി സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടിയെ കുറിച്ച് മലയാളികളാരോ ഒറ്റിയാണ് പൊലീസ് നടപടിയുണ്ടായത്. സൌദിയിലെ അല്പം പ്രശ്നബാധിത പ്രദേശമാണ് ഖത്തീഫ്. ഇവിടെ അടുത്ത ദിവസങ്ങളില്‍ പോലും വെടിവെപ്പും മറ്റും സംഭവങ്ങളുണ്ടായിരുന്നു. അത്തരം ഒരു സ്ഥലത്ത് മുന്‍കൂട്ടി ടിക്കറ്റും നോട്ടീസും അടിച്ച് പെരുമ്പറ കൊട്ടി വിളംബരം ചെയ്ത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ വിളിച്ചുകൂട്ടി പരിപാടി നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ പേരിന് ഒരു പൊലീസുകാരന്റെ വാക്കാല്‍ അനുമതി പോലും വാങ്ങിയിരുന്നില്ലത്രെ. നാലാളു കൂടുന്ന ചടങ്ങ് നടത്തണമെങ്കില്‍ പോലും സ്വന്തം പൌരന്മാര് പ്രദേശിക പൊലീസധികൃതരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന കര്‍ശന നിബന്ധനയുള്ള ഒരു ജനാധിപത്യ രാജ്യത്തുനിന്ന് വന്നവരാണ് ഈ തോന്ന്യാസം പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമാനുസാരിയായിരുന്നില്ലെന്നതോ പോട്ടെ, തദ്ദേശ നിയമങ്ങളെയും ആചാര വിശ്വാസങ്ങളേയും വെല്ലുവിളിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ആള്‍ക്കൂട്ട പരിപാടിയിലേക്കാണ്, ഇത്ര ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ചൊന്നും അറിവില്ലാതിരുന്ന ആ നിഷ്കളങ്ക കലാകാരനെ ക്ഷണിച്ചുവരുത്തി കുരുതികൊടുത്തത്. പൊലീസ് നടപടിയുണ്ടായപ്പോള്‍ പരിപാടി നടന്ന ഫാം ഹൌസ് ഓഡിറ്റോറിയത്തില്‍നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍ സംഘാടകരായിരുന്നത്രെ. സംഘാടകരുടെ മാന്യ സുഹൃത്തുക്കളായ 'പാര'കള്‍ മതകാര്യ വകുപ്പിന് കീഴിലുള്ള സദുപദേശ സംഘത്തിനും പൊലീസിനും നല്കിയ വിവരം അത്രമാത്രം ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മദ്യ വിതരണവും ആഭാസ നൃത്തവും നടക്കുന്നു എന്നായിരുന്നത്രെ 'പാര'. സംഘാടകര്‍ സ്ഥലം വിട്ടതിനാല്‍ പരിപാടിയുടെ ഉത്തരവാദികളെ കണ്ടെയ്യാന്‍ പൊലീസിന് സ്ഥലത്തുനിന്ന് കണ്ടെടുത്ത കൂപ്പണിലും നോട്ടീസിലും വേദിയില്‍ പ്രദര്‍ശിപ്പിച്ച ബാനറിലും കണ്ട 'മുഖ'മാരെന്ന് തിരയലേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലായതിനാല്‍ വേദിക്ക് പിറകിലെ മുറിയില്‍ തന്റെ സുഹൃത്തും മലയാള സിനിമാ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ. വിജയിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാര്‍ക്കോസിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയുടെ ഭാഗം. സൌദി പൊലീസിന് അറിയില്ലല്ലോ മലയാളികളുടെ ഈ പ്രിയ ശബ്ദത്തെ.

സ്വാതന്ത്യ്രത്തിന്റെ അപ്പോസ്തലന്മാരുടേതെന്ന് തരം കിട്ടുമ്പോഴൊക്കെ കൊളോണിയല്‍ വിധേയത്വത്തിന്റെ ഹാങ്ങോവറില്‍ നാം വാഴ്ത്തിപ്പാടാറുള്ള പാശ്ചാത്യരാജ്യങ്ങളില്‍ അന്യരാജ്യക്കാരെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചേ അകത്തേക്ക് കടത്തിവിടൂ എന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ സാധാരണ വാര്‍ത്തകളായി മാറിയ കാലത്തും, സൌദിയില്‍ നിയമ ലംഘനത്തിന് ഒരു കലാകാരന് അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് അടഞ്ഞ സമൂഹത്തിന്റെ 'കൊടിയ അപരാധ'വും 'ആവിഷ്കാര സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവു'മായി ചിത്രീകരിച്ചുകൊണ്ട് ചേന്ദമംഗലൂര്‍ വഴിയും കാരശേരി വഴിയും വന്നെത്താന്‍ സാധ്യതയുള്ള ശകാര ഏറുകളും അത് കൊണ്ടാടാന്‍ ചില മാധ്യമങ്ങളുമുണ്ടായേക്കാം എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഈ കുറിപ്പിന് തുനിഞ്ഞതെന്ന് വൈകിയെങ്കിലും പറയട്ടെ. ലോകം അറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാണെന്ന് ബോധ്യപ്പെട്ടിട്ടും എ.പി.ജെ അബ്ദുല്‍ കലാമിനോട് ആദരവോടെ പെരുമാറാന്‍ അമേരിക്കന്‍ പൊലീസിന് ഭീകരതാ വിരുദ്ധ പരിശോധനയുടെ പേരില്‍ കഴിഞ്ഞിരുന്നില്ലല്ലോ. ഊരാന്‍ തുടങ്ങിയ നിക്കര്‍ ഊരിച്ച് പരിശോധിച്ച് ഭീകരനല്ലെന്ന് ഉറപ്പാക്കിയിട്ടേ പൊലീസ് മാന്യതയുടെ മുഖം മൂടി തിരികെ എടുത്ത് അണിഞ്ഞുള്ളൂ. സമാനമായ രീതിയില്‍ തന്നെയാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും എന്തിന് സംയുക്ത വര്‍മ്മ പോലും അപമാനിക്കപ്പെട്ടത്. അവിടെയാണ്, കലാകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിയമ ലംഘന കുറ്റവാളിയായിട്ടെത്തിയിരിക്കുന്നയാളായിട്ടുകൂടി ഉന്നതമായ മാന്യതയോടെയും ആദരവോടെയും പെരുമാറാന്‍ തയ്യാറായി സൌദി പൊലീസ് വ്യത്യസ്തത പുലര്‍ത്തിയത്.
സ്വയം കുഴി തോണ്ടുന്ന മലയാളി സമൂഹം
മദ്യം നിഷിധമായ, ആണും പെണ്ണും കൂടിച്ചേരുന്നതിനും അതിരുവിട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരു രാജ്യത്ത് തോന്ന്യാസം പ്രവര്‍ത്തിക്കാനുള്ള മലയാളിയുടെ വിപദി ധൈര്യമാണ് ഇവിടെ പ്രതി. രാജ്യത്തുള്ള വിദേശ തൊഴിലാളികള്‍ ആഴ്ചവട്ടത്തില്‍ ഒന്ന് കൂടിയിരിക്കുന്നതും നിരുപദ്രവകരമായ ആഘോഷങ്ങളിലും കലാകായിക പ്രകടനങ്ങളിലും മുഴുകുന്നതും കര്‍ശന നിയന്ത്രണങ്ങളുടെ ചാരക്കണ്ണുകള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് മാനുഷിക പരിഗണന കൊണ്ടാണ്. അങ്ങിനെ കിട്ടുന്ന ആ പരിമിത സ്വാതന്ത്യ്രം പോലും മലയാളിയുടെ സഹജമായ അച്ചടക്കമില്ലായ്മ മൂലം തകര്‍ത്തുകളയുന്ന സംഭവങ്ങളാണ് അടുത്തിടെയായി സൌദിയിലെ മലയാളി സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിയാദില്‍ ഒരു രാഷ്ട്രീയാനുകൂല സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ മദ്യപിച്ച് കൂത്താടിയ മലയാളി യുവാക്കള്‍ കൂട്ടത്തല്ലിന്റെ ഉജ്ജ്വല പ്രകടന പരമ്പരയാണ് കാഴ്ചവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര് തടിച്ചുകൂടിയിരിക്കുന്ന ഒരു കോമ്പൌണ്ടിനുള്ളില്‍ നിന്നുകൊണ്ടാണ് നാട്ടുശീലങ്ങളുടെ ഇത്തരം മെയ് വഴക്കങ്ങള്‍ . വാഹനത്തിലും ഓഡിറ്റോറിയങ്ങളിലുമിരുന്നു മദ്യപിക്കുക, ഗാനമേളകളില്‍ കൂത്താടുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങി എന്തു വൃത്തികേടും നടത്താന്‍ മടിയില്ലാത്തവര്‍ തന്നെ പലപ്പോഴും ഇത്തരം കലാമാമാങ്കങ്ങളുടെ സംഘാടകരുമാകാറുണ്ട്.
നജിം കൊച്ചുകലുങ്ക്