Saturday, June 3, 2017

ചില മനുഷ്യര്‍ അങ്ങനെയാണ്



പ്രവാസം തുടങ്ങിയത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു ഡിസംബര്‍ മാസം.
കൊടുംതണുപ്പിലേക്കാണ് വിമാനമിറങ്ങിയത്. തണുപ്പിന് കാഠിന്യമേറ്റാന്‍ വീശിയടിക്കുന്ന കാറ്റും.
കാലങ്ങളോളം ഈ തണുപ്പെങ്ങനെ സഹിക്കുമെന്ന് സങ്കടപ്പെട്ടപ്പോള്‍ അടുത്ത മുറിയിലെ താമസക്കാരനും അമ്മായിയുടെ മകനുമായ റഹിം പറഞ്ഞതിങ്ങനെ.
പേടിക്കേണ്ട.. തണുപ്പ് ഒന്നോ രണ്ടോ മാസമേ കാണൂ. പിന്നെ ചൂട് തുടങ്ങും. അപ്പോ തണുപ്പില്ലേയെന്ന് ചോദിക്കരുത്. മുറിയില്‍ ഒപ്പമുണ്ടായിരുവര്‍ ആ തമാശയില്‍ പങ്കുചേരുമ്പോള്‍ ഞാന്‍ ചിരിക്കാന്‍ കഴിയാതെ കട്ടിയുള്ള ബ്ലാങ്കറ്റിനുള്ളില്‍ ചുരുണ്ടുകൂടി.

ഒരു മാസം കഴിഞ്ഞിട്ടുണ്ടാകും എന്നാണെന്റെ ഓര്‍മ.
തണുപ്പ് ഉള്ള് പൊള്ളിച്ചു കൊണ്ട് ഏറിയും കുറഞ്ഞും നില്‍ക്കുന്നു. പ്രവാസത്തിന്റെ ശൈശവഘട്ടം കാലുറക്കുന്നതിനു മുമ്പേ വിരുന്നെത്തി അപ്രാവശ്യത്തെ റമദാന്‍.
ഇനി ഇതുവരെ കണ്ട രീതികളല്ല കാണാന്‍ പോകുന്നതെന്നും രാത്രി പകലാവുന്ന ജീവിതരീതികള്‍ വന്നു ചേരുകയാണെന്നും റഹിം.
പകലുറങ്ങുകയും രാത്രികാലങ്ങള്‍ സജീവമാകുന്നതിന്റെയും ആഹ്ലാദം റഹിമിന്റെ മുഖത്ത്.
സൗദിഅറേബ്യയിലെ പ്രമുഖ ഡ്രൈക്ലീനിംഗ് കമ്പനിയുടെ നൂറോളം വരുന്ന ബ്രാഞ്ചുകളില്‍ ഒന്നിലെ ഷോപ്പ് കീപ്പര്‍ ജോലിയിലാണ് ഞാന്‍. ഉച്ചക്ക് ജോലിയാരംഭിച്ചാല്‍ മഗ്‌രിബിന്‌ (സന്ധ്യാസമയ പ്രാർഥന) അര മണിക്കൂര്‍ മുമ്പ് അടക്കാം. പിന്നെ ഇശാ നമസ്‌കാരത്തിന് ശേഷം രാത്രി പന്ത്രണ്ടു വരെ തുടരണം. ഇതായിരുന്നു റമദാനിലെ പ്രവൃത്തിനേരം.
ആദ്യദിവസം തന്നെ കഫീല്‍ (സ്പോണ്‍സര്‍) വന്നു. സുഖവിവരങ്ങളന്വേഷിച്ച കൂട്ടത്തില്‍ പതിവിന് വിപരീതമായി ഒരു കാര്യം കൂടി പറഞ്ഞു.
ഇഫ്താറിന് താമസസ്ഥലത്തേക്ക് പോകേണ്ടെും അദ്ദേഹത്തിന്റെ അനുജന്റെ ജോലിക്കാരായ മൂന്നുപേര്‍ താമസിക്കുന്നത് സ്വന്തം തറവാടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തയ്യല്‍കടയുടെ പിറകിലാണെന്നും അവര്‍ക്കൊപ്പം ഇഫ്താറിന് സൗകര്യം ചെയ്യാന്‍ അനുജനോട് പറഞ്ഞിട്ടുണ്ടെന്നുമൊക്കെയാണ് എന്നോട് പറഞ്ഞത്. അടുത്ത നമസ്‌കാര സമയമായപ്പോള്‍ എന്നെ അവിടം വരെ കൊണ്ടുപോയി അവര്‍ക്കെന്നെ പരിചയപ്പെടുത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശുകാരായ നജീര്‍ഷാ, ഹുസൈന്‍ഭായ്, കരിം എന്നിവര്‍ എന്നെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. അന്ന് ഹിന്ദിയും ഉറുദുവുമൊന്നും തീരെ വശപ്പെടാത്ത എനിക്ക് ചില അറബ് വാക്കുകളും മുറിയന്‍ ഇംഗ്ലീഷും കൊണ്ട് അവരുമായി ആശയം പങ്കുവെക്കേണ്ടി വന്നു.
ആദ്യദിവസം ഇഫ്താറിന് ആപ്പിളും ഓറഞ്ചും മോരും കബ്സയും പിന്നെ നജീര്‍ഷാ സ്വന്തമായുണ്ടാക്കിയ ചില ഉത്തരേന്ത്യന്‍ എരിവുവിഭവങ്ങളുമൊക്കെ ചേര്‍ന്ന് അവിയല്‍ പരുവത്തിലെ ഭക്ഷണം മനസ്സും വയറും തീരെ ഉള്‍ക്കൊണ്ടില്ല എന്നു പറയാം.
അന്നു രാത്രി വരെ വല്ലാത്തൊരു അവസ്ഥയിലായിരുന്ന്ു ഞാന്‍. രാത്രി പിന്നെയും കഫീല്‍ വന്നു. ഇഫ്താര്‍ എങ്ങനെയുണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് കൊള്ളാം കുഴപ്പമില്ല എന്ന ഒഴുക്കന്‍ മറുപടിയില്‍ ഞാന്‍ ഒതുങ്ങി.
സന്തോഷത്തോടെ അദ്ദേഹം സലാം പറഞ്ഞ് യാത്രയാവുകയും ചെയ്തു.


രാത്രിയില്‍ റൂമിലെത്തിയപ്പോള്‍ റഹിമും ചോദിച്ചു. ഇഫ്താര്‍ എവിടെയായിരുന്നെന്നും എങ്ങനെയുണ്ടായിരുന്നു എന്നെല്ലാം. എന്റെ ഉള്ളിലെ താല്‍പ്പര്യമില്ലായ്മ വാക്കില്‍ തെളിഞ്ഞപ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെയാണെന്നും നാട്ടിലെ പോലെ ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരാന്‍ ആരുണ്ടെന്നുമൊക്കെ വിഷമത്തോടെ ചോദിച്ചപ്പോള്‍ ഞാനും മനസ്സുകൊണ്ട് ഒന്നുറപ്പിക്കുകയായിരുന്നു.
കൂടുതല്‍ കാര്യങ്ങളോര്‍ത്ത് വിഷമിക്കാതിരിക്കുക. വീണേടം വിഷ്ണുലോകമാക്കുക എന്ന്.
കുറഞ്ഞ ശമ്പളം. ദമ്മാം നഗരത്തില്‍ നിന്നും ഏറെ ദൂരമുള്ള ഒരു ഗ്രാമത്തിലെ ജീവിതം. സ്വപ്നം കണ്ട ഗള്‍ഫിന്റെ ചിത്രത്തിന് വിദൂരസാദൃശ്യം പോലുമില്ലല്ലൊ എന്ന ദുഃഖം വല്ലാതെ അലട്ടാനും തുടങ്ങിയിരുന്നു.

പിറ്റേന്ന് ഇഫ്താറിന്റെ സമയത്ത് കുറച്ച് ഓറഞ്ചും വാങ്ങിയാണ് ഞാനവരുടെ മുറിയിലെത്തിയത്. അതു കണ്ടയുടനെ അവര്‍ മൂവരും ചേര്‍ന്ന് എന്നെ സ്നേഹത്തില്‍ ശാസിച്ചു. മേലില്‍ ഇങ്ങനെ സാധനങ്ങളൊും വാങ്ങി വരരുതെന്നും താങ്കള്‍ ഞങ്ങളുടെ അതിഥിയാണെന്നും അവര്‍ ഒരു വിധത്തില്‍ എന്നെ പറഞ്ഞു മനസ്സിലാക്കി.

വിവിധ തരത്തിലുള്ള അറേബ്യന്‍ വിഭവങ്ങള്‍. ഒപ്പം ഉത്തിരേന്ത്യന്‍ രുചിഭേദങ്ങളുടെ എണ്ണക്കൊഴുപ്പ്. ഒരുമിച്ചിരുന്ന് വലിയൊരു തളികയില്‍ നാലുപേരും കൂടി സ്നേഹവും കൂട്ടിക്കുഴച്ച്…

ചില ദിവസങ്ങളില്‍ അറേബ്യന്‍ വിഭവങ്ങളുണ്ടാവില്ല. പക്ഷെ, പഴവര്‍ഗ്ഗങ്ങളും സര്‍ബ്ബത്തും സബ്ജിയുമൊക്കെയായി മറ്റു വിഭവങ്ങളുടെ അഭാവം മുഴച്ചു നില്‍ക്കാതെ ഇഫ്താറുകള്‍ അവിസ്മരണീയമായി.
റമദാന്‍ പകുതിയായപ്പോഴേക്കും സ്പോസര്‍ ജോലി ആവശ്യാര്‍ത്ഥം ജിദ്ദയിലേക്ക് പോവുകയാണെ് പറഞ്ഞു ഒരു ദിവസം വന്നു. എനിക്ക് പെരുന്നാളിനണിയാന്‍ രണ്ടു പാന്റും രണ്ടു ഷര്‍ട്ടും ഒരു ഷൂവുമൊക്കെ വാങ്ങി തന്നു. വലിയ സന്തോഷത്തോടെയാണ് അദ്ദേഹം യാത്ര പറഞ്ഞ് പിരിഞ്ഞത്.

എണ്ണിത്തീരും പോലെ വ്രതദിനങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു വീണത്. നോമ്പിന്റെ അവസാന ദിവസം.
അന്ന് കുറേ ദിവസത്തിന് ശേഷം അറേബ്യന്‍ ഒട്ടകമന്തിയായിരുന്നു പ്രത്യേക വിഭവം.
റഫീഖ്സാബ്.. എങ്ങനെയുണ്ടായിരുന്നു നമുക്കൊപ്പമുള്ള ഇഫ്താര്‍.
നജീര്‍ഷായുടെ ചോദ്യം.

നന്നായിരുന്നു.
ഒറ്റവാക്കെങ്കിലും എന്റെ സന്തോഷം മുഴുവന്‍ ആ മറുപടിയില്‍ ഉണ്ടായിരുന്നു.

നിങ്ങള്‍ പുതിയ ആളല്ലേ.. ഇവിടുത്തെ രീതികളൊക്കെ പഠിച്ചു വരുന്നതല്ലേയുള്ളൂ. നിങ്ങളുടെ കഫീല്‍ നല്ല മനുഷ്യനാ.. ഞങ്ങള്‍ക്ക് പല സഹായങ്ങളും ആ മനുഷ്യന്‍ ചെയ്തു തന്നിട്ടുണ്ട്. പക്ഷെ, ആദ്യ ദിവസങ്ങളില്‍ മാത്രമേ ഇഫ്താറിന് അവിടുന്ന് ഭക്ഷണം എത്തിയിരുന്നുള്ളൂ. ആ വീട്ടില്‍ ചില ദിവസങ്ങളില്‍ ആരുമുണ്ടാവില്ല. അവര്‍ക്കെവിടെയെങ്കിലും വിരുന്നും മറ്റും കാണും.
ഞാന്‍ എന്തു പറയണമെറിയാതെ നജീര്‍ഷായുടെ കണ്ണിലേക്ക് നോക്കി നിന്നു.
പക്ഷെ താങ്കളുടെ സ്പോസറുടെ വാക്കുകള്‍ ലംഘിക്കുതെങ്ങനെ. ഞങ്ങളുടെ കഫീലിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം അദ്ദേഹത്തെയാണ്. നല്ലൊരു മനുഷ്യനാണയാള്‍.
നജീര്‍ഷായുടെ വാക്കുകള്‍ എറെ സന്തോഷിപ്പിച്ചു. ‘ഹര്‍ഷപുളകിതനായി’ എന്നു വേണമെങ്കില്‍ പറയാം.
കഫീല്‍ പറഞ്ഞേല്‍പ്പിച്ചു എന്ന ഒറ്റക്കാരണത്താല്‍ യാതൊരു വിഷമവുമറിയിക്കാതെ ഒരു നോമ്പുകാലം മുഴുവന്‍ എന്നെ വിരുന്നൂട്ടിയ, മുന്‍പരിചയമൊുമില്ലാത്ത ആ സുഹൃത്തുക്കളെ പിന്നീടുള്ള എല്ലാ ഇഫ്താര്‍ നേരങ്ങളിലും ഞാനോര്‍മിക്കാറുണ്ട്.

അവര്‍ പ്രവാസം മതിയാക്കി സ്വന്തം മണ്ണിലേക്ക് തിരിച്ചു 
പോയിട്ട്  കാലമേറെയായിരിക്കുന്നു.
എന്നാലും എന്റെ ഓര്‍മയില്‍ ആ മുഖങ്ങള്‍ മങ്ങാതെ നില്‍ക്കുന്നു.

ചില മനുഷ്യര്‍ അങ്ങനെയാണ്.
സ്വന്തം കര്‍മ്മകാണ്ഡത്തില്‍ ചിലതൊക്കെ അവശേഷിപ്പിച്ചേ അവര്‍ പ്രവാസത്തില്‍ നിന്നും, അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും മടങ്ങുകയുള്ളൂ.

***************************************

മലയാളിവിഷൻ ഓൺലൈൻ പത്രം 

Published: June 1, 2017
 
http://www.malayaleevision.com/2017/06/01/chila-manushyar-anganeyan/

No comments:

Post a Comment